227 ദിവസം!! വെറും 227 ദിവസം മാത്രമാണ് ബലൂചികള്‍ക്കു സ്വാതന്ത്ര്യം അനുഭവിക്കാന്‍ സാധിച്ചത്. 1947 ആഗസ്റ്റ് 14, 15 തീയതികളില്‍ പാകിസ്ഥാനും ഇന്ത്യക്കും സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ബലൂചിസ്ഥാന്‍ എന്ന സ്വതന്ത്ര രാഷ്ട്രവും അതിനോടൊപ്പം പിറവി കൊണ്ടിരുന്നു. പക്ഷെ പിന്നീട് ബ്രിട്ടീഷുകാരും ജിന്നയും ചേര്‍ന്ന് നടത്തിയ ചതിയിലൂടെ ബലൂചിസ്ഥാനെ പാകിസ്ഥാന്റെ ഭാഗമാക്കി ചേര്‍ത്തു. അന്നുമുതല്‍ ബലൂചികള്‍ അവരുടെ മോചനത്തിനായി നിരന്തരം പാകിസ്ഥാനുമായി സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ടു വരികയാണ്. പുരാതന കാലം മുതല്‍ക്കേ സിന്ധു നദീതടസംസ്‌കാരത്തിന്റെ തെക്കു പടിഞ്ഞാറന്‍ ഭാഗങ്ങള്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നു ഇന്നത്തെ ബലൂചിസ്ഥാന്‍. പിന്നീട് ഏഴാം നൂറ്റാണ്ടില്‍ ഇസ്ലാമിക അധിനിവേശത്തിനു മുന്‍പ് വരെ ബലൂചിന്റെ കലാത്ത് പ്രദേശം ഹിന്ദു സേവാ രാജവംശവും സിന്ധ് ഉള്‍പ്പെടെയുള്ള മറ്റു പ്രദേശങ്ങള്‍ ഭരിച്ചിരുന്ന ഹിന്ദു റായ് രാജവംശവുമായിരുന്നു ഭരിച്ചിരുന്നത്. ഇന്നത്തെ ബലൂചി ജനതയുടെ ഉദ്ഭവത്തെക്കുറിച്ചു പല അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പലരും വിശ്വസിക്കുന്നത് പത്താം നൂറ്റാണ്ടില്‍ വടക്കു പടിഞ്ഞാറന്‍ ഇറാനില്‍ നിന്ന് പതിയെ പതിയെ കുടിയേറി തെക്കന്‍ ഇറാനിലേക്കും ഇന്നത്തെ പാകിസ്ഥാന്റെ തെക്കന്‍ പടിഞ്ഞാറന്‍ ഭാഗത്തും സ്ഥിരതാമസമാക്കിയവരാകാം ബലൂചികള്‍ എന്നാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ബ്രിട്ടീഷ് കോളനി അധിനിവേശം ആരംഭിച്ചപ്പോള്‍, 19-ാം നൂറ്റാണ്ടില്‍, കൃത്യമായി പറഞ്ഞാല്‍ 1876 ലെ കലാത്ത് ഉടമ്പടിയോടെയാണ് ബലൂചിസ്ഥാന്‍ ബ്രിട്ടീഷ് അധീനതയിലാകാന്‍ തുടങ്ങിയത്.
കലാത്ത് എന്നത് അന്നത്തെ ബലൂച് പ്രദേശത്തെ ഏറ്റവും വലിയ നാട്ടുരാജ്യമായിരുന്നു. 1880 കളില്‍ റഷ്യ, ബ്രിട്ടീഷ് താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി തങ്ങളുടെ സ്വാധീനം മധ്യേഷ്യയിലേക്കും അഫ്ഗാനിലേക്കും വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. സ്വാഭാവികമായും ബ്രിട്ടീഷ് ഇന്ത്യയിലേക്കും അറേബ്യന്‍ തീരത്തേക്കുമുള്ള റഷ്യയുടെ മുന്നേറ്റം തടയാന്‍ ബലൂചിസ്ഥാന്‍ പ്രദേശത്തു സ്വാധീനം ചെലുത്തേണ്ടത് ബ്രിട്ടന്റെ ആവശ്യമായിരുന്നു. അല്ലെങ്കില്‍ ഭാരതം പോലുള്ള രാജ്യങ്ങളിലെ അവരുടെ കോളനി താത്പര്യങ്ങള്‍ക്കു മങ്ങലേല്‍ക്കും. അതുകൊണ്ടാണ് ഈ പ്രദേശങ്ങള്‍ ബ്രിട്ടീഷ് നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കലാത്തുമായി കരാറില്‍ ഏര്‍പ്പെട്ടത്. എന്നിരുന്നാലും ബലൂച്ചിലെ നാല് നാട്ടുരാജ്യങ്ങളായ കലാത്ത്, ഖരന്‍, ലാസ്‌ബെല, മക്രാന്‍ എന്നിവയ്ക്കു സ്വയംഭരണാവകാശം നിലനിര്‍ത്തിക്കൊണ്ടുള്ളതായിരുന്നു കരാര്‍. കലാത്ത് എന്ന ബലൂച്ചിന്റെ വലിയ നാട്ടുരാജ്യത്തിനു കീഴില്‍ വരുന്ന പ്രദേശങ്ങളായാണ് ബ്രിട്ടീഷുകാര്‍ മറ്റു മൂന്ന് നാട്ടുരാജ്യങ്ങളെ അടയാളപ്പെടുത്തിയിരുന്നത്. എന്നിരുന്നാലും കലാത്ത് രാജാവിന്റെ കീഴില്‍ തന്നെ ആ പ്രദേശങ്ങള്‍ ഓരോന്നായി മറ്റു നാട്ടു രാജാക്കന്മാരും ഭരിച്ചിരുന്നു. അങ്ങനെ പൂര്‍ണ്ണമായും ബ്രിട്ടീഷുകാര്‍ നേരിട്ട് ഭരിച്ചിരുന്ന പ്രദേശമായിരുന്നില്ല അന്നത്തെ ബലൂചിസ്ഥാന്‍. എന്നാല്‍ വിദേശകാര്യം മുതലായ പ്രധാനപ്പെട്ട കാര്യങ്ങള്‍ ബ്രിട്ടീഷുകാരുടെ കീഴിലായിരുന്നു. അതുകൊണ്ട് തന്നെ റഷ്യയുടെ സ്വാധീനത്തെ ചെറുക്കാനുള്ള വഴി എന്ന നിലയില്‍ മാത്രമായിരുന്നു ബ്രിട്ടീഷുകാര്‍ ഈ പ്രദേശത്തെ തങ്ങളുടെ സ്വാധീനത്തെ കണ്ടിരുന്നത്. ഒരിക്കലും പൂര്‍ണമായും ബ്രിട്ടീഷുകാര്‍ നേരിട്ട് ഈ പ്രദേശങ്ങള്‍ ഭരിച്ചിരുന്നില്ല.
1947ല്‍ ഭാരതവും പാകിസ്ഥാനും സ്വതന്ത്ര രാഷ്ട്രമാകുമ്പോള്‍ ബലൂചികള്‍ക്ക് മുന്നില്‍ മൂന്ന് വഴികളാണുണ്ടായത്. ഒന്നുകില്‍ ഭാരതത്തിന്റെ ഭാഗമാകുക, അല്ലെങ്കില്‍ പാകിസ്ഥാനില്‍ ചേരുക, അതുമല്ലെങ്കില്‍ സ്വതന്ത്ര രാഷ്ട്രമായി നിലനില്‍ക്കുക. എന്നാല്‍ ബലൂചികള്‍ പ്രധാനമായും കലാത്ത് എന്ന നാട്ടുരാജ്യം ഒരിക്കലൂം ഭാരതത്തിലോ പാകിസ്ഥാനിലോ ചേരണമെന്ന് ആഗ്രഹിച്ചില്ല. അവര്‍ക്കു സ്വതന്ത്ര രാജ്യമായി നിലനില്‍ക്കണമെന്നായിരുന്നു ആഗ്രഹം.
അതിനൊക്കെ മുന്‍പ് 1946-ല്‍ സ്വതന്ത്ര ബലൂചിസ്ഥാന്‍ എന്ന ആശയത്തെ പിന്തുണക്കണമെന്ന ആവശ്യവുമായി കലാത്ത് നാട്ടുരാജ്യത്തിന്റെ രാജാവ് മിര്‍ അഹമ്മദ് യാര്‍ ഖാന്റെ പ്രതിനിധികള്‍ അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്നു മൗലാന അബ്ദുല്‍ കലാം ആസാദിനെ കണ്ടിരുന്നു. അവരുടെ ആവശ്യം നേപ്പാളിനെ പോലെ ബലൂചിനെയും കാണണമെന്നും സ്വതന്ത്രമായി നിലനില്‍ക്കണമെന്ന ആവശ്യത്തിന് ഭാരതം പിന്തുണ നല്കണമെന്നതും ആയിരുന്നു. എന്നാല്‍ അദ്ദേഹം സ്വാതന്ത്ര ബലൂചിസ്ഥാന്‍ എന്ന ആശയത്തെ ഭാരതം പിന്തുണക്കുന്നില്ല എന്നറിയിച്ചു. കാരണം ബലൂചിസ്ഥാന്‍ ബ്രിട്ടീഷ് വിധേയത്വത്തോടെ ഒരു സ്വതന്ത്ര രാഷ്ട്രമായാല്‍ വീണ്ടും ഭാരതം ഉപഭൂഖണ്ഡത്തിന്റെ സ്വാതന്ത്ര്യത്തിനു അത് ഭീഷണിയാകുമെന്ന് അദ്ദേഹം കരുതി.
പിന്നീട് കലാത്ത് രാജാവ് മിര്‍ അഹമ്മദ് യാര്‍ ഖാന്‍ തന്റെ രാജ്യം സ്വതന്ത്രമായി നിലനില്‍ക്കണമെന്നുള്ള ആവശ്യവുമായി ബ്രിട്ടീഷുകാരുമായി മധ്യസ്ഥതയ്ക്കു ശ്രമിച്ചുകൊണ്ടിരുന്നു. അതിനുള്ള നിയമോപദേശങ്ങള്‍ക്കായി സമീപിച്ചതോ, മുഹമ്മദ് അലി ജിന്നയെ. എന്നാല്‍ ആ തീരുമാനത്തിന് ഭാവിയില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് അദ്ദേഹം അന്ന് ചിന്തിച്ചിട്ടുണ്ടാവില്ല. 1947 ഓഗസ്റ്റ് 4 നു ദല്‍ഹിയില്‍ വച്ച് ഒരു മീറ്റിങ്ങ് നടക്കുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയി മൗണ്ട്ബാറ്റണ്‍, രാജാവ് മിര്‍ അഹമ്മദ് യാര്‍ ഖാന്‍, മുഹമ്മദലി ജിന്ന, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരെല്ലാം അതില്‍ പങ്കെടുക്കുന്നുണ്ട്. അന്ന് ജിന്നയുടെ കൂടി സമ്മതത്താല്‍ കലാത്ത്, ഖരന്‍, ലാസ്‌ബെല, മക്രാന്‍ എന്നീ നാട്ടുരാജ്യങ്ങള്‍ ചേര്‍ന്ന് ബലൂചിസ്ഥാന്‍ എന്ന സ്വതന്ത്ര രാഷ്ട്രമായി മാറുന്നു. ആ സമയം തന്നെ ജിന്നയുടെ മുസ്ലിം ലീഗും കലാത്ത് നാട്ടുരാജ്യവും തമ്മില്‍ ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തെ മാനിക്കുമെന്നുള്ള കരാറില്‍ ഏര്‍പ്പെടുന്നുമുണ്ട്. അങ്ങനെ ഭാരതം സ്വതന്ത്രമായ ആ നാളില്‍ തന്നെ ബലൂചിസ്ഥാനും ഒരു സ്വതന്ത്ര രാഷ്ട്രമായി.
ഇതേസമയം 1876-ല്‍ ബ്രിട്ടീഷുകാരുമായി ഒപ്പിട്ട കരാറും റദ്ദാക്കേണ്ടതുണ്ട്. കാരണം ആ കരാര്‍ ബ്രിട്ടീഷുകാര്‍ക്ക് നാല് നാട്ടുരാജ്യങ്ങള്‍ക്കുമേല്‍ ഭാഗികമായി നിയന്ത്രണം നല്‍കുന്ന കരാര്‍ ആയിരുന്നു. ബലൂചിസ്ഥാന്‍ സ്വതന്ത്ര രാഷ്ട്രമാകുമ്പോള്‍ ആ കരാര്‍ കൂടി അസാധുവാകേണ്ടതാണ്. പക്ഷെ അപ്രതീക്ഷിതമായി 1947 സപ്തംബറില്‍ കലാത്ത് രാജാവിനു സ്വതന്ത്ര ബലൂചിസ്ഥാന്റെ നേതൃനിര്‍വഹണത്തിനുള്ള അധികാരം ഇല്ലെന്നുള്ള മെമ്മോറാണ്ടം ബ്രിട്ടീഷ് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നു. വൈദ്യന്‍ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാല് എന്ന് പറഞ്ഞപോലെ പാകിസ്ഥാന്‍ ഈയൊരവസരത്തിനായി കാത്തിരിക്കുകയായിരുന്നു. ബ്രിട്ടീഷുകാര്‍ 1876 ലെ കലാത്ത് കരാറിന്റെ രേഖകള്‍ പാകിസ്ഥാന് കൈമാറുന്നു. അതായത് ഇനി കലാത്തിനു മേലുള്ള അധികാരം പാകിസ്ഥാന്റേതാണ് എന്നുള്ള പോലെ. പിന്നീട് ജിന്നയും കലാത്ത് രാജാവ് മിര്‍ അഹമ്മദ് ഖാനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ബലൂചിസ്ഥാന്‍ പാകിസ്ഥാനുമായി കൂട്ടിച്ചേര്‍ക്കണമെന്നുള്ള ആവശ്യം ജിന്ന മുന്നോട്ടു വയ്ക്കുന്നുണ്ട്. മുന്‍പ് 1876 ലെ കരാര്‍ പ്രകാരം ഭാഗികമായി മാത്രമേ ബലൂച്ചിന്റെ അധികാരം അവരുടെ രാജാവിന്റെ പക്കല്‍ ഉണ്ടായിരുന്നുള്ളു. വിദേശകാര്യം മുതലായ പ്രധാനപ്പെട്ട കാര്യങ്ങള്‍ ബ്രിട്ടീഷുകാരുടെ കീഴിലായിരുന്നു. അതുകൊണ്ട് ബ്രിട്ടീഷുകാര്‍ പിന്മാറുമ്പോള്‍ ആ സ്ഥാനത്തു നിന്ന് മറ്റു പ്രദേശനങ്ങളെ പോലെ തന്നെ ഭരിക്കാന്‍ പാകിസ്ഥാന് അവകാശമുണ്ടെന്നായിരുന്നു അവരുടെ വാദം. അതുകൊണ്ട് തന്നെ ഈ കാര്യങ്ങളിലെല്ലാം ബ്രിട്ടന്‍ മൗനം പാലിക്കുകയും തന്മൂലം ഒരു തരത്തിലുള്ള അന്താരാഷ്ട്ര എതിര്‍പ്പുകളും ഇല്ലാതെ പാകിസ്ഥാന് ബലൂച്ചിനെ ബലമായി കൂട്ടിച്ചേര്‍ക്കാനുള്ള അവസരം കൈവന്നു. കാരണം ബ്രിട്ടനും റഷ്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആ സമയത്തും അവസാനിച്ചിരുന്നില്ല. ആ സമയത്തു തന്നെ സോവിയറ്റ് യൂണിയനും അമേരിക്ക, യൂറോപ്പ് ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ ശക്തികളും സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് സ്വാധീനം മറ്റു രാജ്യങ്ങളിലേക്ക് പടരുന്നതിനു എതിരായിരുന്നു. പല ഗോത്രങ്ങളായി കിടന്നിരുന്ന ബലൂചിസ്ഥാന്‍ സ്വതന്ത്രമാകുന്നതിനേക്കാള്‍ ബ്രിട്ടനും മറ്റു പടിഞ്ഞാറന്‍ ശക്തികള്‍ക്കുമൊപ്പം നില്‍ക്കുന്ന പാകിസ്ഥാനോട് ചേരുന്നതാണ് നല്ലതെന്നു ബ്രിട്ടന് തോന്നി. കാരണം അടിമുടി ഒരു മുസ്ലിം രാജ്യമായ പാകിസ്ഥാന് സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസത്തെ കൂടുതല്‍ പ്രതിരോധിക്കാന്‍ കഴിയുമെന്ന് അവര്‍ക്കു തോന്നി. അത് ആ പ്രദേശത്തെ സോവിയറ്റ് സ്വാധീനത്തില്‍ നിന്ന് എന്നന്നേക്കുമായി ചെറുക്കുമെന്നുള്ള ധാരണയും ബ്രിട്ടനുണ്ടായിരുന്നു.
പക്ഷെ അതിനിടയ്ക്ക് ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം ഇന്ത്യ അംഗീകരിക്കണമെന്നും അതിനു സഹായിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു എന്ന് അന്ന് നാട്ടുരാജ്യങ്ങളുടെ ഏകീകരണത്തിനായി രൂപംകൊണ്ട ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ്‌സിന്റെ തലവനായിരുന്ന വി.പി.മേനോന്‍ ഒരു പത്രസമ്മേളനത്തില്‍ സൂചിപ്പിക്കുന്നു. ആ വാര്‍ത്ത 1948, ഒക്ടോബര്‍ 27 നു ആള്‍ ഇന്ത്യ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. പക്ഷെ ബലൂചിസ്ഥാന്റെ പ്രശ്‌നവുമായി ഇന്ത്യക്കു ഒരു ബന്ധവുമില്ലെന്നായിരുന്നു മേനോന്‍ അന്ന് പ്രതികരിച്ചത്. പിന്നീട് വി.പി. മേനോന്റെ പ്രസ്താവനയ്ക്കു വിരുദ്ധമായി സര്‍ദാര്‍ പട്ടേലും നെഹ്രുവും ബലൂചിസ്ഥാന്‍ അത്തരത്തില്‍ ഭാരതം ആവശ്യപ്പെട്ടില്ലെന്നുള്ള പ്രസ്താവനയും ഇറക്കി. കലാത്ത് രാജാവും അത്തരം റിപ്പോര്‍ട്ടിനെ ആ അവസരത്തില്‍ തള്ളിപ്പറഞ്ഞിരുന്നു.
ഇങ്ങനെ ഭാരത നേതാക്കള്‍ വിരുദ്ധ പ്രസ്താവനകള്‍ ഇറക്കിക്കൊണ്ടിരിക്കുമ്പോള്‍ പാകിസ്ഥാന്‍ ശരിക്കും ഒരു ആക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നു. പാകിസ്ഥാന്റെ ബലൂചിന് മേലുള്ള സമ്മര്‍ദ്ദം മുന്നില്‍ കണ്ടുകൊണ്ട് അവര്‍ മുന്നേ, അതായത് 1947 ഡിസംബറില്‍ തന്നെ ബ്രിട്ടന്റെ സഹായത്തിനായി അഭ്യര്‍ത്ഥിച്ചിരുന്നു. പക്ഷെ പാകിസ്ഥാന്‍ അനുമതി നല്‍കാതെ ബലൂചിസ്ഥാന് ആയുധങ്ങള്‍ നല്‍കാനാകില്ലെന്ന് ബ്രിട്ടന്‍ അറിയിച്ചു. ബലൂചിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും കാര്യമുണ്ടായില്ല. അങ്ങനെ ബലൂചികള്‍ ഒരു തരത്തിലും മറ്റു രാഷ്ട്രങ്ങളുടെ സഹായം ലഭിക്കാതെ ഒറ്റപ്പെട്ടു.
1948 മാര്‍ച്ച് 26 നു പാകിസ്ഥാന്‍ ആര്‍മി ബലൂചിന്റെ തീരപ്രദേശങ്ങളായ പാസ്‌നി, ജീവാനി, ടര്‍ബത്ത് തുടങ്ങിയ പ്രദേശനങ്ങളിലേക്കു മുന്നേറാന്‍ തുടങ്ങി. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് മനസ്സിലാക്കിയപ്പോള്‍ തന്നെ ഖരന്‍, ലാസ്‌ബെല, മക്രാന്‍ എന്നീ നാട്ടുരാജ്യങ്ങള്‍ മുന്നേ പാകിസ്ഥാനില്‍ ചേരാന്‍ തയ്യാറായിരുന്നു. അങ്ങനെ തീര്‍ത്തും ഒറ്റപ്പെട്ട കലാത്ത് നാട്ടുരാജ്യത്തിനും രാജാവിനും ജിന്നയുടെ ആവശ്യം അംഗീകരിക്കേണ്ടി വന്നു. അവസാനം രാജാവ് മിര്‍ അഹമ്മദ് ഖാന്‍ ബലൂചിസ്ഥാന്‍ പാകിസ്ഥാനുമായി ലയിപ്പിക്കുന്ന കരാര്‍ മനസില്ലാ മനസ്സോടെ ഒപ്പിട്ടു.
പക്ഷെ ബലൂചിലെ ജനങ്ങള്‍ ഈ കൂടിച്ചേരല്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അവര്‍ക്കിടയില്‍ ഇതിനെതിരായ പ്രതിഷേധം ആളിക്കത്താന്‍ തുടങ്ങി. രാജാവ് മിര്‍ അഹമ്മദ് ഖാന്റെ സഹോദരന്‍ അബ്ദുല്‍ കരീമിന്റെ നേതൃത്വത്തില്‍ ഈ പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങി. പക്ഷെ പാകിസ്ഥാന്‍ ആര്‍മി ഈ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി കരീമിനെ അറസ്റ്റു ചെയ്തു.
എന്നാല്‍ പാകിസ്ഥാനും ബലൂചികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വരും വര്‍ഷങ്ങളിലും തുടര്‍ന്നു. 1947 നു ശേഷം പാകിസ്ഥാന്‍ തന്നെ രണ്ടു ഭാഗമായാണ് അറിയപ്പെട്ടിരുന്നത്.വെസ്റ്റ് പാകിസ്ഥാന്‍ (പടിഞ്ഞാറന്‍ പാകിസ്ഥാന്‍) എന്നും ഈസ്റ്റ് പാകിസ്ഥാന്‍ (കിഴക്കന്‍ പാകിസ്ഥാന്‍) എന്നും. ഇന്നത്തെ ബംഗ്ലാദേശ് എന്നറിയപ്പെടുന്ന ഈസ്റ്റ് പാകിസ്ഥാനിലായിരുന്നു കൂടുതല്‍ ജനസംഖ്യ. അതുകൊണ്ട് കൂടുതല്‍ ആനുകൂല്യങ്ങളും അവര്‍ക്കു നല്‍കേണ്ടി വരുമെന്നുള്ള കാരണത്താല്‍ വിഭജിച്ചു കിടക്കുന്ന ഈ രണ്ടു പ്രദേശങ്ങളെ കൂടുതല്‍ ഒരുമിപ്പിക്കാനും അതുവഴി ഭരണം സുഗമമാക്കാനും 1955ല്‍ പാകിസ്ഥാന്‍ ഭരണകൂടം തീരുമാനിക്കുകയാണ്. പക്ഷെ പിന്നീട് 1958 ല്‍ അയൂബ് ഖാന്‍ സൈനിക അട്ടിമറിയിലൂടെ ഭരണത്തിലേറി. പിന്നീട് സൈനിക ഏകാധിപതിയായിരുന്ന അയൂബ് ഖാന്റെ നേതൃത്വത്തില്‍ പാകിസ്ഥാന്‍ ഭരണകൂടം ഇത്തരം തീരുമാനങ്ങള്‍ പെട്ടെന്ന് തന്നെ നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്. ബലൂചികള്‍, പഷ്ത്തൂണ്‍ വിഭാഗക്കാര്‍, സിന്ധികള്‍ തുടങ്ങിയ വംശീയ വിഭാഗങ്ങള്‍ക്കു അവരുടെ സ്വത്വം നിലനിര്‍ത്താനുള്ള അവകാശങ്ങള്‍ പോലും ഹനിക്കുന്ന രീതിയിലുള്ള നടപടികള്‍ പാകിസ്ഥാന്‍ ഭരണകൂടം തുടങ്ങി. ഇതിനെതിരെ ബലൂചികള്‍ പ്രതികരിച്ചു. ഇത്തരത്തിലുള്ള അടിച്ചേല്‍പ്പിക്കലുകളാണ് പിന്നീട് ബംഗ്ലാദേശ് വിമോചനത്തില്‍ വരെ എത്തിയത്. കാരണം ഈസ്റ്റ് ബംഗാളിലെ ജനങ്ങള്‍ക്ക് അവര്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നു എന്നും അവഗണിക്കപ്പെടുന്നു എന്നും തോന്നലുണ്ടായി തുടങ്ങി. ബലൂചികളുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഇതിനെതിരെ അവര്‍ വീണ്ടും സംഘടിച്ചു പ്രക്ഷോഭത്തിനിറങ്ങി. പക്ഷെ ആ പ്രതിഷേധവും പാകിസ്ഥാന്‍ ആര്‍മി അടിച്ചമര്‍ത്തി, ആയിരക്കണക്കിന് ബലൂചികള്‍ കൊല്ലപ്പെട്ടു, നേതാക്കളെ അറസ്റ്റു ചെയ്തു.
ബലൂചികള്‍ പാകിസ്ഥാനില്‍ മാത്രമല്ല ഇറാനിലെ തെക്കു കിഴക്കു സ്ഥിതി ചെയ്യുന്ന സിസ്റ്റാന്‍ – ബലൂചെസ്താന്‍ പ്രവിശ്യകളിലും ഭൂരിപക്ഷം ബലൂചി വിഭാഗത്തില്‍ പെട്ടവരാണ്. അവര്‍ പാകിസ്ഥാനിലെപോലെ തന്നെ ഇറാനിയന്‍ ഭരണകൂടത്തിനും എതിരായിരുന്നു. ആ പ്രവിശ്യയുടെ മോചനത്തിനായി 1964ല്‍ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് (ബിഎല്‍എഫ്) എന്ന സംഘടനയും ഇറാനില്‍ രൂപീകരിക്കപ്പെട്ടിരുന്നു. ഇറാന്‍ ഭരണകൂടത്തിനെതിരെ ആയുധമുള്‍പ്പെടെയുള്ള സഹായങ്ങള്‍ അവര്‍ക്കു നല്‍കിയത് ഇറാക്ക് ആയിരുന്നു, കാരണം ഇറാഖിലെ കുര്‍ദിഷ് കലാപകാരികള്‍ക്കു ഇറാനും ആ സമയം പിന്തുണ കൊടുത്തിരുന്നു. എന്ത് തന്നെയായാലും 1968 – 1973 വര്‍ഷങ്ങളില്‍ ഇറാനിയന്‍ ഭരണകൂടത്തിനെതിരെ നിരന്തരം ഈ ബിഎല്‍എഫ് എന്ന സംഘടന പ്രതിഷേധങ്ങളും കലാപങ്ങളും നടത്തി. ഇറാന്‍ ഈ മുന്നേറ്റം അടിച്ചമര്‍ത്തിയെങ്കിലും. ഇത്തരം സംഘടന പാകിസ്ഥാനിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചുവെന്നും അവര്‍ ബലൂചിസ്ഥാനിലെ തിരഞ്ഞെടുക്കപ്പെട്ട നാഷണല്‍ അവാമി പാര്‍ട്ടിയുമായി ചേര്‍ന്ന് പാകിസ്ഥാനിലും അത്തരം കലാപങ്ങള്‍ക്കു ശ്രമിക്കുന്നുണ്ടെന്നും പാകിസ്ഥാന്‍ ആരോപിച്ചു. അതിനുശേഷം ബലൂചിസ്ഥാന്‍ പ്രവിശ്യ സര്‍ക്കാരിനെ പാകിസ്ഥാന്‍ പിരിച്ചു വിട്ടു. അതിനെതിരെ ബലൂചിലെ ജനങ്ങള്‍ വീണ്ടും പ്രതിഷേധത്തിന് തെരുവിലിറങ്ങി. 1971 ആകുമ്പോഴേക്കും ബംഗ്ലാദേശ് പാകിസ്ഥാനില്‍ നിന്ന് സ്വതന്ത്രമാകുന്നുണ്ട്. ബലൂചിസ്ഥാന്‍ കൂടി നഷ്ടപ്പെടുന്നത് പാകിസ്ഥാന് ചിന്തിക്കുന്നതില്‍ അപ്പുറമായിരുന്നു. ബംഗ്ലാദേശ് മോചന സമയത്തു ലക്ഷക്കണക്കിന് ജനങ്ങളെ കൊലപ്പെടുത്തിയ പാകിസ്ഥാന്‍ ആര്‍മി ജനറല്‍ ടിക്കാ ഖാനായിരുന്നു ഇത്തവണ ബലൂചി മുന്നേറ്റങ്ങളെ ചെറുക്കാനുള്ള ചുമതല. അയാളുടെ നേതൃത്വത്തില്‍ പതിനായിരങ്ങളെ കൊലപ്പെടുത്തി ഇറാന്റെ സഹായത്തോടെ 1973-1978 കാലഘട്ടത്തില്‍ പാകിസ്ഥാന്‍ ഈ മുന്നേറ്റത്തെ അടിച്ചമര്‍ത്തി.
രണ്ടായിരത്തിന്റെ തുടക്കത്തില്‍ ഇറാനില്‍ ഉണ്ടായ പോലെ ബലൂചിസ്ഥാന്റെ വിമോചനത്തിനായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) രൂപീകരിക്കപ്പെട്ടു. പാകിസ്ഥാന്‍ ഭരണകൂടം ഈ സംഘടനയുടെ രൂപീകരണത്തിനും പ്രവര്‍ത്തനത്തിനും പിന്നില്‍ ബലൂച് നേതാവും മുന്‍പ് ബലൂചിലെ ഗവര്‍ണറുമായ നവാബ് അക്ബര്‍ ഖാന്‍ ബുഗ്തി ആണെന്ന് ആരോപിച്ചു. വളരെയധികം ധാതുക്കളുടെയും പ്രകൃതിവാതകങ്ങളുടെയും കലവറ കൂടിയാണ് ബലൂചിസ്ഥാന്‍. ഈ പ്രകൃതി വിഭവങ്ങള്‍ക്ക് മേല്‍ ബലൂചികള്‍ക്കു കൂടുതല്‍ അധികാരം വേണമെന്നും പാകിസ്ഥാന്‍ ബലൂചിലടക്കം നിര്‍മിക്കുന്ന സൈനിക താവളങ്ങളില്‍ പരിധി വേണമെന്നും അദ്ദേഹം അധികാരികളോട് ആവശപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന്റെ എല്ലാ ആവശ്യങ്ങളും നിരസിക്കപ്പെട്ടു. 2005ല്‍ ബലൂചിസ്ഥാനിലെ ഗ്യാസ് ഫീല്‍ഡില്‍ വച്ച് ഒരു വനിതാ ഡോക്ടര്‍ ലൈംഗിക പീഡനത്തിനിരയായി. പാകിസ്ഥാന്‍ ആര്‍മി ഓഫീസര്‍ ആണ് അവരെ പീഡനത്തിനിരയാക്കിയതെന്നു ആരോപിച്ച് ബലൂച് പോരാളികള്‍ ആയുധങ്ങളുമായി നവാബ് അക്ബര്‍ ഖാന്‍ ബുഗ്തിയുടെ നേതൃത്വത്തില്‍ പോരാട്ടത്തിനിറങ്ങി. 2006ല്‍ അദ്ദേഹം കൊല്ലപ്പെട്ടു. പാകിസ്ഥാന്‍ ജനറലും പ്രസിഡന്റുമായിരുന്നു പര്‍വേശ് മുഷറഫ് ആണ് ഇതിനു പിന്നിലെന്നാണ് പലരും വിശ്വസിക്കുന്നത്. അങ്ങനെ 1948 നു ശേഷം ബലൂചികള്‍ നിരന്തരം പാകിസ്ഥാനെതിരെ അവരുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയാണ്.
ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ഭാരതം സ്വന്തം സൈനികരെ പോലും ബലി നല്‍കിക്കൊണ്ട് അവര്‍ക്കൊപ്പം നിന്നു. പക്ഷെ ബലൂചിസ്ഥാന്റെ വിഷയത്തില്‍ ഭാരതം പലപ്പോഴും നിസ്സംഗ നിലപാടാണ് സ്വീകരിച്ചിരുന്നത്. 2016ല്‍ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ബലൂചിസ്ഥാന്‍ വിഷയത്തെക്കുറിച്ചു പരാമര്‍ശിക്കുകയുണ്ടായി. പാകിസ്ഥാന്‍ ഭരണകൂടത്തില്‍ നിന്ന് ബലൂചികള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു മോദി ചൂണ്ടിക്കാട്ടി. ബലൂചിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടുകള്‍ക്കു ഭാവിയില്‍ വലിയ മാറ്റമുണ്ടാകുമെന്നുള്ള സൂചന കൂടിയായിരുന്നു അത്.
ബലൂചിസ്ഥാന്റെ വിമോചനം ഭാരതത്തിന്റെ ശത്രുവായ പാകിസ്ഥാനെ ദുര്‍ബലപ്പെടുത്തുമെന്നു മാത്രമല്ല, ഭാരതത്തെ സംബന്ധിച്ചിടത്തോളം വളരെ തന്ത്രപ്രധാനമായ പ്രദേശം കൂടിയാണിത്. ബലൂചിസ്ഥാനും സിന്ധും നഷ്ടമായാല്‍ പാകിസ്ഥാന്‍ പിന്നെ തുര്‍ക്ക്‌മെനിസ്ഥാന്‍ പോലെയുള്ള മധ്യേഷ്യന്‍ രാജ്യങ്ങളെപ്പോലെ തീരപ്രദേശങ്ങള്‍ ഇല്ലാത്ത ഒരു രാജ്യമാകും. ചൈന ഭാരതത്തിനെതിരെ നാവിക പ്രതിരോധം തീര്‍ക്കുന്നതില്‍ ബലൂചിസ്ഥാനിലെ ഗ്വാദര്‍ പോര്‍ട്ടും ഉപയോഗിക്കുന്നുണ്ട്. ഗ്വാദര്‍ പോര്‍ട്ട് ഉള്‍പ്പടെ ചൈന-പാകിസ്ഥാന്‍ ഇക്കണോമിക് കോറിഡോര്‍ (സിപിഇസി) എന്ന പദ്ധതി വഴി ചൈന പാകിസ്ഥാനില്‍ വലിയ രീതിയില്‍ അടിസ്ഥാന വികസന പദ്ധതികള്‍ നടത്തിപ്പോരുന്നുണ്ട്. പോര്‍ട്ടുകള്‍ വ്യാപാരാവശ്യങ്ങള്‍ക്കു മാത്രമല്ല മിലിറ്ററി ആവശ്യങ്ങള്‍ക്കും ചൈന ഉപയോഗിച്ചേക്കാം. കൂടാതെ ഗ്വാദറില്‍ ചൈനയുടെ സഹായത്തോടെ ഒരു സൈനിക താവളം നിര്‍മ്മിക്കാനും പാകിസ്ഥാന്‍ പദ്ധതിയിടുന്നുണ്ട്.
ഇതിനെതിരായ നീക്കമെന്നോണം ഇറാനിലെ ചബഹാര്‍ പോര്‍ട്ടിന്റെ വികസനത്തിനായി പത്ത് വര്‍ഷത്തേക്ക് കരാര്‍ ഇന്ത്യ ഒപ്പിട്ടിട്ടുണ്ട്. പക്ഷെ ഈ പോര്‍ട്ട് പാകിസ്ഥാനോ ചൈനക്കോ എതിരായി സൈനിക ആവശ്യങ്ങള്‍ക്കു ഉപയോഗിക്കാന്‍ ഇറാന്‍ ഇന്ത്യയെ അനുവദിക്കുമോ എന്നത് സംശയമാണ്. അതുകൊണ്ട് തന്നെ ബലൂചിസ്ഥാന്‍ ഒരു സ്വതന്ത്ര രാഷ്ട്രമായാല്‍ ഇന്ത്യയ്ക്ക് അവരുമായി നല്ല ബന്ധം സ്ഥാപിച്ചു ഈ പോര്‍ട്ട് ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ മേഖലയില്‍ സ്വാധീനം ഉറപ്പിക്കാം. ചൈനയെയും പാകിസ്ഥാനെയും ഒരുമിച്ചു പ്രതിരോധിക്കാം. നേരത്തെ പറഞ്ഞ പോലെ കോപ്പര്‍, സ്വര്‍ണ്ണം തുടങ്ങിയ ധാതുക്കളുടെ കലവറ കൂടിയാണ് ബലൂചിസ്ഥാന്‍. അതുകൂടാതെ പ്രകൃതി വാതകവും എണ്ണയും പോലുള്ള വിഭവങ്ങളും സുലഭമാണ് ഇവിടെ. ഇപ്പോള്‍ ചൈനയാണ് ഇവിടെ ഖനനവും റിഫൈനറിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തങ്ങള്‍ നടത്തുന്നതും അതില്‍ നിന്ന് സാമ്പത്തിക ലാഭമുണ്ടാകുന്നതും. ബലൂചിസ്ഥാന്‍ പാകിസ്ഥാനില്‍ നിന്ന് മോചിതമായാല്‍ ഭാരതത്തിന് ഇവിടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കും. ഇങ്ങനെ ബലൂചിസ്ഥാന്‍ എന്നൊരു സൗഹൃദ രാഷ്ട്രം രൂപം കൊണ്ടാല്‍ ഭാരതത്തിന് ഈ മേഖലയില്‍ ചൈനയെയും പാകിസ്ഥാനെയും ഒരുപോലെ നേരിടാനുള്ള ഒരു കച്ചിത്തുരുമ്പു കൂടിയാകുമത്. സ്വതന്ത്ര ബലൂചിസ്ഥാന്‍ എന്നുള്ളത് ബലൂചികളുടെ മാത്രമല്ല ഇന്ത്യക്കാരുടെയും കൂടി സ്വപ്‌നമാകുന്നത് ഈ കാരണങ്ങള്‍ എല്ലാം കൊണ്ടാണ്.