നിലാവുള്ള രാത്രി. മഴപെയ്തു തെളിഞ്ഞ ആകാശത്തില്‍ നിറയെ തിളങ്ങുന്ന നക്ഷത്രക്കുഞ്ഞുങ്ങള്‍. മമ്മയുടെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നു കിടക്കുമ്പോള്‍ ദേവേശിക്ക് വെന്റിലേഷനിലൂടെ ആകാശവും നക്ഷത്രങ്ങളേയുമൊക്കെക്കാണാം.
”മമ്മാ, ചെമ്പരുന്തിന്റെ കാര്യം പറ” അവള്‍ അമ്മയുടെ കാതില്‍ കൊഞ്ചി.
”ങ്ഹാ, ന്റെ ചക്കരമുത്തുറങ്ങീലേ?” മമ്മ വെറുതെ ചോദിച്ചതാണെന്ന് ദേവേശിയോര്‍ത്തു. ഉറങ്ങിയാല്‍പ്പിന്നെ താനെങ്ങനെയാ മമ്മയെ ഇങ്ങനെ കൂടുതല്‍ കൂടുതല്‍ മുറുകെ കെട്ടിപ്പിടിക്കുന്നത്? തമാശക്കാരി മമ്മ!
”കുട്ടാ, ഇവിടുന്ന് കൊറേ… ദൂരെ ഒരു വലിയ മലയും കാടുമൊക്കെയുണ്ട്. പാണ്ഡവന്‍മലാന്നാണാ മലേടെ പേര്. ആ മലേലും അതിന്റെ താഴ്‌വരേലുമൊക്കെയുള്ള വലിയൊരു കാടാണ് പാണ്ഡവന്‍ കാട്…. എല്ലാത്തരം മരങ്ങളും ചെടികളും വള്ളിപ്പടര്‍പ്പുകളും മൃഗങ്ങളും പക്ഷികളും ശലഭങ്ങളുമൊക്കെയുണ്ടാ കാട്ടില്‍… ആ കാട്ടിലെ പൊഴേലും ആറ്റിലുമൊന്നും ഒരിക്കലും വെള്ളം വറ്റുകയേയില്ല… അതുകൊണ്ട് വേനല്‍ക്കാലത്തുപോലും കാട്ടുമൃഗങ്ങള് കാട്ടീന്നെറങ്ങിവന്ന് മനുഷ്യരെ ഉപദ്രവിക്കുകേല… നമ്മളങ്ങോട്ടു ചെന്നാല്‍പ്പോലും മൃഗങ്ങളു നമ്മളെ ആക്രമിയ്ക്കുകേല, കാരണം ഭക്ഷണോം വെള്ളോം സുഖമായിട്ടു കഴിയാനൊള്ള സ്ഥലോമൊക്കെയൊണ്ട് അവര്‍ക്കവിടെ…”
മമ്മ ഇടയ്‌ക്കൊന്നു നിര്‍ത്തി. എന്തോ ആലോചിച്ചിട്ടെന്ന പോലെ…. അതോ മമ്മ ഉറങ്ങിപ്പോയോ?
”മമ്മാ… ബാക്കി പറയ്”
”പാണ്ഡവന്‍കാട്ടില്‍ പണ്ടുമൊതലേ താമസിക്കുന്ന കൊറച്ചു മനുഷ്യരൊണ്ട്. ആദിയന്മാരെന്നാ അവരെ വിളിക്കുന്നത്. ആദ്യം വന്നവരെന്നൊക്കെയാ അര്‍ത്ഥം. ഈ ആദിയമ്മാര്‍ക്ക് മൃഗങ്ങള്‍ടേം പക്ഷികള്‍ടേമൊക്കെ ഭാഷയറിയാം. അതുങ്ങളെ ഇണക്കാനുമറിയാം. കടുവേം പുലീം കരടീം പാമ്പും പരുന്തുമെല്ലാം അവരോടെണങ്ങ്യാ ജീവിക്കുന്നത് കാട്ടില്‍”
മമ്മ വീണ്ടുമെന്തോ ആലോചനയിലാണെന്ന് ദേവൂന് തോന്നി. പണ്ടു മൊതലേ കാടിനോടെണങ്ങി ജീവിക്കുന്ന ആദിയമ്മാര് ആവശ്യമില്ലാതെ മൃഗങ്ങളെ വേട്ടയാടുകില്ല… തേനും കാട്ടുകിഴങ്ങുകളും പലതരം പഴങ്ങളും, പിന്നെ ഇടയ്ക്ക് കാട്ടിറച്ചീമാണവര്‌ടെയാഹാരം… പിന്നെ, ഈ പാണ്ഡവന്‍ മലേം കാടുമൊള്ളത് കൊണ്ടാ നമ്മടെയീ ഗ്രാമത്തില്‍പ്പോലും വല്യചൂടില്ലാത്തതും വെള്ളം വറ്റാത്തതും… ഇപ്പം, ദാ കൊറേ ആളുകള് പാണ്ഡവന്‍മല ഇടിച്ചു നെരത്താന്‍ എറങ്ങീരിക്ക്വാ… കാട് വെട്ടിത്തെളിച്ച് അവ്‌ടെയെല്ലാം ഫ്‌ളാറ്റുകള്‍ പണിയാമ്പോവ്വാത്രേ… ആ വിവരമറിയിക്കാനാ കാട്ടില് താമസിക്കുന്ന ആദിയമ്മാര് പരുന്തിന്റെ കാലില്‍ കെട്ടി ഒരെഴുത്ത് തന്നയച്ചത്…”
ദേവേശിക്ക് അദ്ഭുതം തോന്നി. മമ്മ ചില്ലറക്കാരിയല്ലല്ലോ? വസന്ത് വിഹാറിലെ വീട്ടില്‍വെച്ച് പതിവായി അച്ഛനുമമ്മയും മമ്മയോടു സംസാരിക്കുമ്പോഴും താനും മിണ്ടാറുണ്ടായിരുന്നു. പക്ഷേ, ഇത്രേം കാര്യങ്ങളൊക്കെ അറിയാവുന്ന ഒരാളാണ് തന്റെ മമ്മ എന്ന് ഒരിക്കല്‍പ്പോലുമവള്‍ വിചാരിച്ചിരുന്നില്ല. എന്തൊരു വലിയ കുഴപ്പമാണീ കാട് വെട്ടിത്തെളിച്ച് ഫ്‌ളാറ്റ് പണിയുന്നതും മലയിടിച്ചു നിരത്തുന്നതുമൊക്കെ! പാവം മൃഗങ്ങള്‍, അവരൊക്കെയെന്തു ചെയ്യും? മുന്‍പൊരിക്കല്‍ മൃഗശാല കാണാനായി അച്ഛനുമമ്മയ്ക്കുമൊപ്പം പോയ കാര്യം ദേവേശിയോര്‍ത്തു – കൂട്ടില്‍ കിടക്കുന്ന മൃഗങ്ങളുടെയൊന്നിന്റേയും മുഖത്ത് തീരെ സന്തോഷമില്ലെന്നാണ് അന്നവള്‍ക്ക് തോന്നിയത്. അഴികളില്‍ മുഖമുരച്ചുണ്ടായ മുറിപ്പാടുകളുമായി പുറത്തേയ്ക്കു നോക്കി നില്‍ക്കുന്ന കടുവായേയും പുലിയേയും കണ്ടപ്പോളവള്‍ക്കന്നു പാവം തോന്നി! മൃഗരാജനാണെന്നു പറഞ്ഞിട്ടുകാര്യമില്ല, വിശന്നൊട്ടിയ വയറുമായി കണ്ണടച്ചു കിടക്കുകയായിരുന്നു ആ മൃഗശാലയിലെ സിംഹങ്ങള്‍.
പാണ്ഡവന്‍ കാടില്ലാതെയായാല്‍ അവിടുത്തെ മൃഗങ്ങളേയും ഇരുമ്പഴികള്‍ക്കുള്ളില്‍ അടയ്ക്കുമോ? അവരും പട്ടിണികൊണ്ടു വിഷമിക്കുമോ? കാട്ടില്‍ സന്തോഷമായി ജീവിക്കുന്ന ആദിയമ്മാരെന്തു ചെയ്യും? ഫ്‌ളാറ്റുകള്‍ പണിയുന്നതിനു വേണ്ടി അവരുടെ വീടുകളൊക്കെ നശിപ്പിക്കുമോ? ദേവേശിക്കു വല്ലാത്ത സങ്കടം തോന്നി. അവള്‍ മമ്മയെ മുറുകെ കെട്ടിപ്പിടിച്ചു. മമ്മ അവളുടെ മുടിയിലുമ്മ വെച്ചു.