നാള്‍ക്കുനാള്‍ കഴിയുമ്പോള്‍ നമ്മുടെ വിദ്യാഭ്യാസമേഖല താഴോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, മന്ത്രിമാരുടെയും ബന്ധപ്പെട്ടവരുടെയും അഭിപ്രായത്തില്‍ വിദ്യാഭ്യാസരംഗം റോക്കറ്റ് പോലെ മേലോട്ട് കുതിക്കുകയാണ്! വിദ്യാഭ്യാസരംഗം ആഗോള ഹബ്ബ് ആകുവാന്‍ ഇത്തിരി ദൂരം മാത്രം നടന്നാല്‍ മതി എന്നാണ് അവകാശവാദം! അധികം താമസിയാതെ ആ നേട്ടം നമ്മള്‍ നേടിയെടുക്കുക തന്നെ ചെയ്യുമത്രേ. അതിനു നിദാനമായി പറയുന്നത് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നാക് അക്രഡിറ്റേഷനില്‍ എ++ ഗ്രേഡ് കിട്ടി, ആഗോള തലത്തില്‍ മുന്നോട്ടുപോയി എന്നൊക്കെയാണ്. എന്നാല്‍, അതിനര്‍ത്ഥം നമ്മുടെ യൂണിവേഴ്‌സിറ്റി ലോകോത്തര നിലവാരം പുലര്‍ത്തുന്നു എന്നല്ല. യുജിസി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളില്‍ മികവ് പുലര്‍ത്തി എന്നതാണ്. കൂടാതെ, ഇപ്പോഴും യൂജിസി തുടരുന്ന ക്രമരഹിത ഇടപെടല്‍ മൂലവും ചില സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതും ആകാം. മാത്രമല്ല, യുജിസി താഴെ പറയുന്ന കാര്യങ്ങള്‍ മാത്രമാണ് മാനദണ്ഡമാക്കുന്നത്.
♠ അടിസ്ഥാന സൗകര്യങ്ങളും പഠന വിഭവങ്ങളും.
♠ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ലബോറട്ടറി, കളിസ്ഥലം, ലൈബ്രറി തുടങ്ങിയവ.
♠ പഠന കാലയളവില്‍ നല്‍കുന്ന മറ്റു സൗകര്യങ്ങള്‍.
♠ പാഠ്യപദ്ധതി.
♠ ഗവേഷണ സൗകര്യം.
♠ ഭരണ നിര്‍വ്വഹണം.
♠ സ്ഥാപനനിലവാരവും നല്ല പരിശീലനവും.
കാര്യങ്ങള്‍ മുന്‍കൂട്ടി അറിയുന്ന സര്‍വ്വകലാശാലകള്‍ കാലങ്ങളായി യുജിസി ഉദ്യോഗസ്ഥരെ കബളിപ്പിക്കാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ നേരത്തെ ഒരുക്കി വെക്കും. പണ്ടൊക്കെ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ പരിശോധനയ്ക്ക് വരുമ്പോള്‍ സര്‍ക്കാര്‍ സ്‌കൂ ളുകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ വാടകക്കെടുത്ത് കൊണ്ടുവരുമായിരുന്നു. അതേ രീതിയാണ് ഇവിടെയും. അങ്ങനെ അവരുടെ പരിശോധനയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുകയും ചെയ്യും. എന്നാല്‍, ഇത് മാറ്റുരക്കുന്നത് പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലെ സര്‍വ്വകലാശാലകളുമായാണ്. അല്ലാതെ, ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായല്ല. ഇത് സര്‍വ്വകലാശാലകളുടെ മാത്രം കുറ്റമല്ല. പ്രധാനമായും യുജിസിയാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുക. കാരണം 1953ല്‍ നിലവില്‍ വന്ന യുജിസിയുടെ കാഴ്ചപ്പാടിലും, രീതിശാസ്ത്രത്തിലും നാളിതുവരെ കാലോചിതമായ ഒരു മാറ്റവും വന്നിട്ടില്ല. ഗവേഷണ സൗകര്യത്തെ പറ്റി ചോദിക്കുന്നുണ്ട്. എന്നാല്‍, നിങ്ങള്‍ എന്താണ് ഗവേഷണം നടത്തി കണ്ടെത്തിയത് എന്ന് ഇന്നേവരെ ആരും ചോദിച്ചിട്ടില്ല! കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മാത്രം മൂവായിരത്തോളം ഗവേഷണങ്ങള്‍ക്ക് പൊതുജനങ്ങളുടെ നികുതിപ്പണം വാരിവിതറിയിട്ടുണ്ട്. അതില്‍ തൊണ്ണൂറുശതമാനവും എന്തിനോ വേണ്ടി തിളച്ച സാമ്പാറുകള്‍ ആയിരുന്നു! കുറച്ചു പേര്‍ക്ക് യുജിസി നിലവാരത്തില്‍ ശമ്പളവും മറ്റു ആനുകൂല്യങ്ങളും കിട്ടാനുള്ള ഉപാധി. അതുകൊണ്ട് തന്നെ എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ സിപിഎമ്മും, യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുസ്ലീം ലീഗും കുറെയേറെ ഗവേഷണ ബിരുദധാരികളെ പടച്ചു വിടും! ഇത്രയും നികുതിപ്പണം വാരി വിതറി നിങ്ങളെന്തു കണ്ടുപിടിച്ചു എന്ന് ഇന്നേവരെ ഒരു ഗവര്‍ണ്ണറും ചോദിച്ചിട്ടില്ല. അതിനാല്‍, വൈലോപ്പിള്ളിയുടെ വാഴക്കുലയും, വാരിയന്‍ കുന്നന്റെ അഹിംസാ ഖഡ്ഗവും വീണ്ടും വീണ്ടും സൃഷ്ടിക്കപ്പെടുന്നു.
ലോക നിലവാരത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല 106-ാം സ്ഥാനത്താണ്. ഇന്ത്യയില്‍ തന്നെ ചകഞഎ റാങ്കിങ്ങില്‍ എഴുപതാം സ്ഥാനത്താണ്. അങ്ങിനെയുള്ള നമ്മളാണ് കേരളത്തെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കും എന്നു വീമ്പു പറയുന്നത്. ഒരുപക്ഷേ, അറബ് രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ ഒഴുക്ക് കൂടാന്‍ സാധ്യതയുണ്ട്. കാരണം, പെട്രോഡോളര്‍ സമ്പന്നമായ അറബ് രാജ്യങ്ങളില്‍ പോലും ഇല്ലാത്ത വളര്‍ച്ച അറബ്/ഖുറാന്‍/മതപഠന കാര്യങ്ങളില്‍ കേരളം നേടിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളും, സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ മത്സരിക്കുകയാണ്! മുസ്ലീങ്ങള്‍ക്ക് വേണ്ടി മാത്രം മതപരമായ പഠനത്തിനു ഇന്ത്യയില്‍ മറ്റേതൊരു സംസ്ഥാനത്തും കേരളത്തിലെ പോലെ സൗകര്യങ്ങള്‍ ഉണ്ടാകില്ല. മദ്രസകള്‍ക്ക് വരെ സര്‍വ്വകലാശാല പദവികള്‍ നല്കിയിരിക്കുന്നു! തുഞ്ചന്‍ പറമ്പ് മലയാള സര്‍വ്വകലാശാലയില്‍ പോലും അറബിക്കും അറബിമലയാളത്തിനും പ്രത്യേക വകുപ്പുകള്‍ ഉണ്ട്. ബിരുദാനന്തര ബിരുദം ഇല്ലാതെ തന്നെ അവിടെ അറബി മലയാളത്തില്‍ ഗവേഷണ ബിരുദം നേടാനുള്ള സൗകര്യമുണ്ട്! ബിരുദം നേടാതെ ഗവേഷണ ബിരുദം നേടാന്‍ ലോകത്ത് ആദ്യമായി സൗകര്യമുണ്ടെന്ന് കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഇരച്ചെത്തും! സര്‍വ്വകലാശാലകളിലും മറ്റും ഭാരിച്ച ശമ്പളം വാങ്ങി അടുത്തൂണ്‍ പറ്റുന്നവര്‍ അവസാനം ചെന്നെത്തിപ്പെടുന്നത് ഇത്തരം മതപാഠശാലകളില്‍ ആണെന്നതും ലോകത്തെ ആദ്യ സംഭവമാകും. അവരുടെ ചെലവില്‍ ഇത്തരം മതപാഠശാലകള്‍ മതേതര നഴ്‌സറികളായി വാഴ്ത്തപ്പെടുന്നു! സര്‍ക്കാര്‍ എല്ലാവിധ സൗകര്യങ്ങളും ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രമായി മത്സരബുദ്ധിയോടെ വീതിച്ചു നല്‍കുന്നു! ഈയിടെ ചില കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കി. അവിടെയും ഇതേ ഫോര്‍മുലയാണ് പ്രവര്‍ത്തിച്ചത്! കേരളത്തിലെ പൊതുമണ്ഡലത്തില്‍ പിന്തിരിപ്പന്‍ വ്യക്തികളെ മാത്രം ഉല്‍പ്പാദിപ്പിച്ച ചരിത്രമുള്ള കോളേജുകള്‍ക്കാണ് മുന്‍ഗണന കിട്ടിയത്!
ഇത്തരം നയംമാറ്റത്തിന്റെ പരിണിത ഫലമാണ് കഴിഞ്ഞ ദിവസം പാലക്കാട് കണ്ടത്. കണിശമായ വിലക്ക് ലംഘിച്ചുകൊണ്ട് ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ക്ലാസ്സില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നു. സ്വാഭാവികമായും അദ്ധ്യാപകന്‍ ഫോണ്‍ വാങ്ങി വെച്ചു. ഫോണ്‍ വാങ്ങാന്‍ കുട്ടി ഓഫീസ് റൂമില്‍ എത്തി. കുട്ടിയോട് അദ്ധ്യാപകന്‍ വളരെ സ്‌നേഹത്തോടെ വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചു. ഇനി മേലില്‍ ആവര്‍ത്തിക്കില്ല എന്നു രക്ഷിതാവ് വന്നു ഉറപ്പ് നല്‍കിയാല്‍ ഫോണ്‍ തിരിച്ചു തരാം എന്നു പറഞ്ഞു അദ്ധ്യാപകന്‍. അപ്പോള്‍ വിദ്യാര്‍ത്ഥിയുടെ ഭാവം മാറി. കസേര ശക്തിയായി വലിച്ചു നീക്കി ധിക്കാരപരമായി അവന്‍ പറഞ്ഞ മറുപടി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ രംഗം മറ്റൊരു അദ്ധ്യാപകന്‍ ഫോണില്‍ പകര്‍ത്തി. ആരോ അത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. അപ്പോള്‍ തുടങ്ങി ചില കോണുകളില്‍ നിന്നു കലി തുള്ളാന്‍. അദ്ധ്യാപകന്‍ മഹാപരാധമാണ് ചെയ്തത്!. എവിടെയൊക്കെയോ എത്തിപ്പെടേണ്ട കുട്ടിയാണ്. മുളക്ക് നുള്ളുന്ന നടപടി പാതകമായിപ്പോയി. നാളത്തെ ഐന്‍സ്റ്റീനോ, ഷെയ്ക്‌സ്പിയറോ, മഹാത്മാഗാന്ധിയോ, അക്ബര്‍ ചക്രവര്‍ത്തിയോ ആയിപ്പോകേണ്ട ആ കുട്ടിയുടെ ഭാവി ഇനി എന്താകും! മാധ്യമങ്ങള്‍ ഉറഞ്ഞു തുള്ളി. മുഖ്യധാരാ മാധ്യമങ്ങളായ മാതൃഭൂമിയടക്കം മുഖപ്രസംഗം വരെ എഴുതി. അദ്ധ്യാപകനെ ക്രൂശിക്കുക. എന്തിനധികം! മന്ത്രിണി തേങ്ങി കരയാന്‍ തുടങ്ങി. അവരുടെ വാക്കുകള്‍:
”ഒരു കുഞ്ഞിന്റെ വിഹ്വല മുഹൂര്‍ത്തങ്ങള്‍ പങ്കുവെച്ച് അവനെ ക്രിമിനലാക്കി കേരളത്തിലെ കുഞ്ഞുങ്ങളെയാകെ മോശക്കാരായി ചിത്രീകരിക്കുന്ന മുതിര്‍ന്നവരെ, നിങ്ങളുടെ ഉള്ളിലെ സാഡിസ്റ്റിനെ കുടഞ്ഞു കളയാന്‍ സമയമായി. ഉള്ളില്‍ അഗ്‌നിപര്‍വ്വതവും പേറി ജീവിക്കേണ്ടി വരുന്ന എത്രയോ കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ട്. ആരാണ് അതിനു കാരണക്കാര്‍? ആ കുഞ്ഞുങ്ങളാണോ? (തല തിരിഞ്ഞ സര്‍ക്കാര്‍ നയമല്ല!) ഭഗ്‌നഭവനങ്ങളും സ്‌നേരഹിതമായ ചുറ്റുപാടുകളും മനസ്സിലാക്കപ്പെടാത്തതിന്റെ വിങ്ങലുകളും അവഗണിത ബാല്യത്തിന്റെ മുറിപ്പാടുകളും ഒക്കെ അതിനു കാരണമാകാം. മനസ്സിലാക്കലിന്റെ, സാന്ത്വനത്തിന്റെ, ചേര്‍ത്ത് പിടിക്കലിന്റെ ഒരു ആര്‍ദ്രസ്പര്‍ശം മതിയാകും അവനില്‍ മാറ്റമുണ്ടാകാന്‍. അതിനു പകരം, വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നത് തീര്‍ച്ചയായും അദ്ധ്യാപകര്‍ക്ക് ചേര്‍ന്ന കാര്യമല്ല.”
ഇനി മന്ത്രിണി പറഞ്ഞ മനസ്സിലാക്കപ്പെടാത്തതിന്റെ വിങ്ങലുകാരന്‍ ഓഫീസില്‍ വെച്ച് അദ്ധ്യാപകനോട് പറഞ്ഞ മാതൃകാപരമായ വാക്കുകള്‍ കൂടി വായിക്കുക: ”ഇവിടെ ഞാന്‍ നല്ലപോലെയിരിക്കും. സ്‌കൂളിനു പുറത്തിറങ്ങിയാല്‍ പള്ളക്ക് കത്തി കയറ്റിയിട്ടെ ഞാന്‍ പോകൂ. എനിക്ക് അങ്ങിനെയൊരു സ്വഭാവം ഉണ്ട് സാറേ. നിങ്ങള്‍ കുറെ വീഡിയോ എടുക്കുകയോ എന്ത് തേങ്ങയെങ്കിലും കാണിക്ക്. എന്നെ ഇതിന്റെ ഉള്ളിലിട്ട് മെന്റലി ഹറാസ് ചെയ്തു! വീഡിയോ വരെ എടുത്തു. സാറിനെയൊക്കെ പുറത്ത് കിട്ടിയാല്‍ തീര്‍ക്കും ഞാന്‍”.
ആര്‍ദ്രസ്പര്‍ശം കിട്ടാത്ത, മന്ത്രിണി പറഞ്ഞ വിഹ്വല മുഹൂര്‍ത്തക്കാരന്റെ വാക്കുകളാണ് ഇത്! പുറത്തിറങ്ങിയാല്‍ അദ്ധ്യാപകന്റെ പള്ളക്ക് കത്തി കയറ്റും. പെട്ടെന്നുള്ള പ്രകോപനം കൊണ്ട് പറഞ്ഞു പോയതല്ല. എനിക്ക് അങ്ങനെയൊരു സ്വഭാവം ഉണ്ട് സാറേ എന്ന് കുമ്പസാരം നടത്തുന്നു. കഴിഞ്ഞ ദിവസം വേറൊരു വിഹ്വല മുഹൂര്‍ത്തക്കാരന്‍ തിരുവനന്തപുരത്തു സഹപാഠിയുടെ കഴുത്തിലാണ് അവന്റെ മനസ്സിലെ അഗ്‌നിപര്‍വ്വതം ഇറക്കി വെച്ചത്. നിര്‍ഭാഗ്യവശാല്‍, മന്ത്രിണി ഫേസ്ബുക്കില്‍ എഴുതിയത് പോലീസുകാരന്‍ വായിച്ചില്ലെന്നു തോന്നുന്നു. കേസാക്കിയിട്ടുണ്ട്. ഇതേ മന്ത്രിയുടെ പാര്‍ട്ടിക്കാരന്‍ പയ്യന്റെ ദേഹത്ത് മറ്റൊരു കോളേജില്‍ ഡി സോണ്‍ കലോത്സവവേളയില്‍ പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ ഭഗ്‌നഭവന കലാപരിപാടി അരങ്ങേറിയിട്ടുണ്ട്. പക്ഷെ, അവിടെയും വിഹ്വലഹൃദയ ഫാക്ടും, അനാഥബാല്യ തിയറിയും പ്രയോഗിച്ചു കണ്ടില്ല. അതിനും പോലീസ് കേസെടുത്തിട്ടുണ്ട്. ഇതെന്ത് ന്യായമാണു സാറേ? ഇരട്ട നീതിയല്ലേ? ഒരിടത്ത് വിഹ്വലഭവനം തിയറി വര്‍ക്ക് ചെയ്യുന്നു. വേറെ ചിലയിടത്ത് ചോര പൊടിയുമ്പോള്‍ പി.ശശിയുടെ ലോ പോയിന്റ് വര്‍ക്ക് ചെയ്യുന്നു!
അച്ചടക്കം
വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ അച്ചടക്കവും പഠിപ്പിക്കണം. വീട്ടില്‍ നിന്ന് മാത്രമല്ല കുട്ടി അച്ചടക്കം പഠിക്കുന്നത്. വിദ്യാലയത്തില്‍ നിന്ന് കൂടെയാണ്. തുടര്‍ച്ചയായി അവിടെയാണ് കൂടുതല്‍ സമയം കുട്ടി ചെലവഴിക്കുന്നത്. സ്‌കൂളില്‍ കുട്ടി ചുരുങ്ങിയത് ആറു മണിക്കൂര്‍ ഉണ്ട്. രണ്ടു മണിക്കൂര്‍ യാത്രയും മറ്റും. എട്ടു മണിക്കൂര്‍ ഉറക്കം. ബാക്കിയുള്ള എട്ടു മണിക്കൂറില്‍ നാലു മണിക്കൂര്‍ ഭക്ഷണം, ദിനചര്യകള്‍, പഠനം തുടങ്ങിയവക്ക്. കളി, കൂട്ടുകാരൊത്ത് ഇടപഴകല്‍, മൊബൈല്‍ എന്നിവ രണ്ടു മണിക്കൂര്‍. ഇതിന്റെ കൂടെ ട്യൂഷന്‍ തുടങ്ങിയ ഏര്‍പ്പാട് ഉണ്ടെങ്കില്‍ കുട്ടിയെ രക്ഷിതാക്കള്‍ക്ക് കിട്ടുന്നത് നാമമാത്ര സമയങ്ങളില്‍ മാത്രമാണ്.
അതുകൊണ്ട് തന്നെ സ്വഭാവദൂഷ്യമുള്ള കുട്ടികളെ അദ്ധ്യാപകര്‍ ശാസിച്ചെന്നിരിക്കും, താക്കീത് നല്‍കും. ചിലപ്പോള്‍ ശിക്ഷിക്കും. അതൊക്കെ കണ്ടു രക്ഷിതാക്കളുടെ ജാതിയും മതവും രാഷ്ട്രീയവും നോക്കി മന്ത്രിമാരും ഉദ്യോഗസ്ഥരും ഇറങ്ങി പുറപ്പെടുകയല്ല വേണ്ടത്. മന്ത്രി കുട്ടിയുടെ കാര്യം പറഞ്ഞു. അദ്ധ്യാപകനെ കുറിച്ച് ഒരു നിമിഷമെങ്കിലും ചിന്തിച്ചോ? സ്വന്തം പാര്‍ട്ടിക്കാരന്‍ അല്ലെങ്കില്‍ അവനെന്ത് നീതി? മരണം വരെ അദ്ധ്യാപകന്‍ ഈ നാണക്കേടും സഹിച്ചാണ് ജീവിക്കേണ്ടത്. ഓരോ വിദ്യാര്‍ത്ഥിയും സമൂഹവും അദ്ദേഹത്തെ അവജ്ഞയോടെയാണ് നോക്കുക. കുട്ടിയുടെ തെമ്മാടിത്തത്തിന് മുന്നില്‍ തോറ്റു കൊടുക്കേണ്ടി വന്ന പരാജിതന്റെ ഭാവിയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. അദ്ദേഹത്തെ കാണുമ്പോള്‍ ഊറിച്ചിരിക്കുന്ന സമാനചിന്താഗതിക്കാരായ കുട്ടികളെയാണ് അഭിമുഖീകരിക്കേണ്ടി വരിക. മാത്രമല്ല, ഇതുപോലെ സ്വഭാവദൂഷ്യമുള്ള കുട്ടികള്‍ക്ക് മന്ത്രിയുടെ നടപടി പ്രചോദനമാണ്. അദ്ധ്യാപകനെ ശകാരിക്കുകയോ, തെറിപറയുകയോ, ദേഹോദ്രവമേല്‍പ്പിക്കുകയോ ചെയ്താലും തങ്ങള്‍ക്ക് താങ്ങും തണലുമുണ്ട് എന്ന തോന്നലാണ് അവരുടെ മനസ്സില്‍ ഉദിക്കുക. അതിലൂടെ സംസ്‌കാരശൂന്യരായ ഒരു തലമുറയാണ് വളര്‍ന്നു വരിക. മന്ത്രിക്ക് അതൊന്നും പ്രശ്‌നമല്ലല്ലോ. അനുയായികള്‍ വേണം. സിന്ദാബാദ് വിളിക്കാന്‍ അണികള്‍ വേണം. രാജ്യം കുട്ടിച്ചോറായാലെന്ത്!
സാഡിസം കുടഞ്ഞു കളയാനാണ് മന്ത്രി പറയുന്നത്. പിന്നെന്തിനാണ് ദുര്‍ഗുണപരിപാലന കേന്ദ്രങ്ങള്‍? ഭഗ്‌നഭവനങ്ങളും സ്‌നേഹരഹിത ചുറ്റുപാടുകളും ഉള്ളവരാണ് എന്ന് വിധിയെഴുതി അവരെ ആഡംബര സൗകര്യങ്ങള്‍ കൊടുത്ത് കേസെടുത്ത പോലീസുകാരനെ ശിക്ഷിച്ചാല്‍ പോരെ? അതോ, പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് മാത്രം ഉള്ള പ്രത്യേക സൗകര്യമാണോ ഇത്?
അഭിമന്യുമാരാകാനല്ല കുട്ടികളെ പഠിപ്പിക്കേണ്ടത്. നേതാക്കള്‍ ഷര്‍ട്ടില്‍ പൊടിപോലും ഏല്‍ക്കാതെ രക്ഷപ്പെടും. മുതിര്‍ന്ന നേതാക്കള്‍ക്ക് അച്ചാറും മലപ്പുറം ബിരിയാണിയും ആവോലി വരട്ടിയതും ഉണ്ടാക്കി കൊടുക്കുകയും പെട്ടി ചുമക്കുകയും ചെയ്താല്‍ മന്ത്രിയോ, എം.എല്‍.എയോ ആകാം. അതിനുള്ള കൂലി അഭിമന്യുമാര്‍ നല്‍കിക്കൊള്ളും! ഈ നയം തിരുത്തിയേ തീരൂ. സ്‌കോട്ട്‌ലാന്‍ഡിലും ഫിന്‍ലാന്‍ഡിലും പോയി അവിടത്തെ രീതികള്‍ നോക്കിയല്ല നമ്മുടെ വിദ്യാഭ്യാസ ചട്ടക്കൂട് നിര്‍മ്മിക്കേണ്ടത്. ഭാരതീയ കാഴ്ചപ്പാടിനെ നിരാകരിക്കുന്നതിനു കിട്ടുന്ന ശിക്ഷയാണ് ഇത്തരം തലമുറ. ക്ലാസുമുറികളില്‍ തോക്കുമായി വരുന്ന പാശ്ചാത്യ വിദ്യാര്‍ത്ഥികളെ ഇവര്‍ ആരാധിക്കുന്നു. ഇവര്‍ക്ക് തോക്ക് കിട്ടാന്‍ നിയമ തടസ്സം ഉള്ളത് കൊണ്ട് പേനക്കത്തിയുമായി ക്ലാസ്സില്‍ വരുന്നു. ലാബില്‍ തേങ്ങ പൂണ്ടെടുക്കാന്‍ കൊണ്ടുവന്ന കത്തിയെന്നു അദ്ധ്യാപകരില്‍ നിന്ന് ന്യായീകരണം വരുന്നു. സ്വാഭാവികം!
പണ്ടൊരിക്കല്‍, ന്യായമായ കാര്യത്തിന് ഒരദ്ധ്യാപകന്‍ കുട്ടിയെ ശിക്ഷിച്ചതിനു കേരളം മൊത്തം ഇളകുകയും, ആ അദ്ധ്യാപകനെതിരെ നടപടി ഉണ്ടാകുകയും ചെയ്തത് ഓര്‍ക്കുന്നു. പണ്ടത്തെപ്പോലെ, പ്രാകൃത ശിക്ഷാ നടപടികള്‍ മനുഷ്യത്വരഹിതമാണ്. എന്നാല്‍, അച്ചടക്കമുള്ള കുട്ടികളെ എങ്ങനെ വാര്‍ത്തെടുക്കും? ഓരോ രാജ്യത്തും ശിക്ഷണ നടപടികള്‍ സ്വീകരിക്കുമ്പോള്‍ അവിടത്തെ സംസ്‌കാരം, കാലാവസ്ഥ, ജീവിതരീതി, ഭക്ഷണരീതി, മതബോധം, മന:ശാസ്ത്രം, പരിസ്ഥിതി, ഭൂമിശാസ്ത്രം എന്നിവ നോക്കണം. ഒരിക്കല്‍ ഒരു അറബ് രാജ്യത്തെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞ കാര്യം ഓര്‍ക്കുന്നു. ”മലബാറി കുറ്റവാളികളെ ചോദ്യം ചെയ്യാന്‍ എളുപ്പമാണ്. കയ്യില്‍ ഒരു സൂചിയെടുത്ത് നഖത്തിനുള്ളില്‍ കയറ്റും എന്ന് ചുമ്മാ പറഞ്ഞാല്‍ മതി. അവന്‍ സത്യം മണിമണിയായി പറയും. എന്നാല്‍, ചില രാജ്യക്കാര്‍ നഖത്തിനുള്ളില്‍ സൂചി മുഴുവനും കയറിയാലും വാ തുറക്കില്ല”. അതില്‍ നിന്നു എന്താണ് മനസ്സിലാക്കേണ്ടത്? പാദത്തിനൊത്ത ചെരുപ്പാണ് വേണ്ടത്. അല്ലാതെ, ചെരുപ്പിനൊത്തു പാദം മുറിക്കുകയല്ല!
ബോധനശിക്ഷണ രീതികള്‍
നമ്മുടെ ബോധന-ശിക്ഷണ രീതിയില്‍ ശാസ്ത്രീയമായ മാറ്റങ്ങള്‍ അനിവാര്യമാണ്. പഴയ കാലത്തെ പ്രാകൃത ശിക്ഷാനടപടികള്‍ പാടില്ല എന്നത് ശരിയാണ്. പക്ഷേ, ഒന്ന് ശാസിക്കാന്‍ പോലും അധികാരമില്ലാത്ത അദ്ധ്യാപകന്‍ നോക്കുകുത്തിയാണ്! ശിക്ഷയില്ലാതെ ലോകത്ത് ഒരിടത്തും നിയമവാഴ്ച വിജയിച്ചിട്ടില്ല. എങ്ങിനെ, എത്ര എന്നതാണ് തീരുമാനിക്കേണ്ടത്! അല്ലാതെ കുട്ടികളെ കയറൂരി വിടുകയല്ല വേണ്ടത്. അങ്ങിനെ ചെയ്യുമ്പോള്‍ അച്ചടക്കമില്ലാത്ത ഒരു ജനതയാണ് വളര്‍ന്നു വരിക. അവരെക്കൊണ്ടു ഉപയോഗം ഉണ്ടാകുക തീവ്രവാദികള്‍ക്കും അധോലോകത്തിനുമാണ്.
വെള്ളക്കാര്‍ ചവച്ചു തുപ്പിയ കരിമ്പിന്‍ ചണ്ടി വാരി വിഴുങ്ങുകയല്ല വേണ്ടത്. മെക്കാളിസത്തില്‍ നിന്നും ലോകം ഒട്ടേറെ മുന്നോട്ടുപോയി. ദല്‍ഹിയിലെയോ, അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലേയോ വിദ്യാഭ്യാസരീതി പോലും അതേപടി ഇവിടെ അടിച്ചേല്‍പ്പിക്കരുത്. കേരളത്തിനു യോജിച്ച തനതായ രീതികള്‍ സൃഷ്ടിച്ചെടുക്കണം. അതിന്റെ വേരുകള്‍ തിരയേണ്ടത് ഭാരതീയ പാരമ്പര്യങ്ങളിലാണ്. അല്ലാതെ, വിദേശ സര്‍വകലാശാലകളുടെ പത്തായത്തിലും അടുക്കളയിലും അല്ല. അവര്‍ എഴുതി തള്ളിയ രീതികള്‍ ‘തങ്ങളിതാ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്നു’ എന്ന് പറഞ്ഞു പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ് ഒഴിച്ചുകൊടുക്കുകയല്ല വേണ്ടത്. നമുക്ക് വേണ്ടത് അദ്ധ്യാപകരെ, രക്ഷിതാക്കളെ, സമൂഹത്തെ, ബഹുമാനിക്കുന്ന, വിലമതിക്കുന്ന ഒരു തലമുറയാണ്. അവര്‍ പഠിക്കേണ്ടത് നമ്മുടെ സംസ്‌കാരമാണ്. മൂല്യച്യുതിയാണ് ചുറ്റും കാണുന്നത്! നമ്മുടെ കുട്ടികളെ തിരിച്ചു പിടിക്കണം. അവരെ നേര്‍വഴിക്ക് നടത്തണം. അല്ലാതെ, പടിഞ്ഞാറുനോക്കി യന്ത്രങ്ങളെയല്ല നമുക്ക് വേണ്ടത്. അപ്പോള്‍, അതിന്റെ ധാര്‍മ്മികമഹത്വം തിരിച്ചറിഞ്ഞ് വിദേശികള്‍ കേരളം തേടി വരും. പണ്ടും അങ്ങനെ തന്നെ ആയിരുന്നു. നമ്മുടെ സാംസ്‌കാരിക അടിത്തറ അത്രമേല്‍ ഭദ്രമാണ്. അത് മറന്നാണ് ബോധനരീതി നിശ്ചയിക്കുന്നവര്‍ വേഴാമ്പലിനെപ്പോലെ മാനം നോക്കി നടക്കുന്നത്.