Sunday, July 13, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

നാഗന്മാര്‍ (തമിഴകപൈതൃകവും സനാതനധര്‍മവും 11)

ഡോ.ആര്‍. ഗോപിനാഥന്‍

Print Edition: 27 June 2025

സ്വാംശീകരിക്കപ്പെട്ടവരില്‍ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് നാഗന്മാര്‍. ആര്യ-ദ്രാവിഡരുടേതുമാത്രമല്ല ഗോണ്ഡുകളെപ്പോലെ പല ജനസമൂഹങ്ങളുടെയും പൂര്‍വികരായ, വംശനാശത്തിന്റെ വക്കിലെത്തിയ നാഗന്മാരുടെ സ്വാധീനത സ്ഥലപ്പേരുകളിലും വ്യക്തിനാമങ്ങളിലും കാണാം. സമുദ്രഗുപ്തനാണ് നാഗദത്തന്‍, ഗണപതിനാഗന്‍, നാഗസേനന്‍ എന്നീ നാഗരാജാക്കന്മാരെ പരാജയപ്പെടുത്തിയത്. ചന്ദ്രഗുപ്തന്‍ നാഗരാജകുമാരിയായ കുബേരനാഗയെ വിവാഹം കഴിച്ചു. മധ്യേന്ത്യന്‍ നഗരമായ നാഗ്പൂരും, തെന്നിന്ത്യന്‍ നഗരങ്ങളായ നാഗര്‍കോവിലും നാഗപട്ടണവും നാഗമുദ്ര ചൂടുന്നവയാണ്. ശിവ, വിഷ്ണു, ഗണേശന്മാരുടെ നാഗബന്ധം പ്രസ്പഷ്ടമാണല്ലൊ. നാഗപഞ്ചമി സുപ്രധാനമായ ഒരുത്സവമാണ്. നാഗ്പൂരിലെ മഹറുകളും മറ്റും നാഗപഞ്ചമി ആഘോഷിക്കുന്നു. ഡോ.അംബേദ്കറുടെ ആഹ്വാനമനുസരിച്ച് ഹൈന്ദവാഘോഷങ്ങളെല്ലാം ഉപേക്ഷിച്ചപ്പോഴും നാഗപഞ്ചമി അവര്‍ ഉപേക്ഷിക്കാതിരുന്നത് അത് ദളിതരുടെ ആചാരമായതിനാലാണെന്ന് 168 വസന്ത് മൂണ്‍ ആത്മകഥയില്‍ വിവരിക്കുന്നു. നാഗന്മാര്‍ ഒറ്റയ്ക്കല്ല. ഇപ്പോഴും കുറച്ചുനാഗന്മാര്‍ ആസാം, ബര്‍മ തുടങ്ങിയ പ്രദേശങ്ങളിലുണ്ട്. വേദങ്ങളില്‍ വലിയ പ്രാമുഖ്യമൊന്നുമില്ലാത്ത കശ്യപന്‍ ബുദ്ധസാഹിത്യത്തില്‍ വളരെ പ്രാമുഖ്യമുള്ളവനാണ്. പുരാണേതിഹാസങ്ങളില്‍ അദ്ദേഹം നാഗന്മാരുള്‍പ്പെടെയുള്ള എല്ലാ വംശങ്ങളുടെയും പ്രജാപതിയായി വാഴ്ത്തപ്പെട്ടു. അര്‍ധനാഗനായ ആസ്തികനാകട്ടെ ഭാര്‍ഗവശിഷ്യനായിരുന്നു. എങ്ങനെയോ ചരിത്രഘട്ടം വരെ അതിജീവിച്ച, ഈ രാജ്യത്തെ ആര്യപൂര്‍വ നിവാസികളുടെ അവസാനാവശിഷ്ടങ്ങള്‍ നാഗന്മാരാണെന്ന് 169 മിശ്ര അഭിപ്രായപ്പെടുന്നു. സുപര്‍ണന്മാര്‍ അഥവാ ഗരുഡന്മാര്‍ നാഗന്മാരുടെ ഒരു ശാഖയായിരുന്നു. പിന്നീടവര്‍ പരസ്പരം ശത്രുക്കളായി മാറി. മഹാഭാരതത്തില്‍ സുപര്‍ണന്മാരും നാഗന്മാരും അസുരരുമെല്ലാം പാതാളവാസികളാണ്. നാഗന്മാരെപ്പോലെ മറ്റു പല ഗോത്രങ്ങളും ബംഗാള്‍, ബീഹാര്‍, ഛോട്ടാനാഗപൂര്‍, പശ്ചിമഘട്ടം, നീലഗിരി എന്നീ പ്രദേശങ്ങളിലുണ്ട്. ഗ്രാമീണ കാര്‍ഷികവ്യവസ്ഥ എത്തിച്ചേരാത്ത പ്രദേശങ്ങളാണത്. പുരാതനേന്ത്യയിലെ ചരിത്രപരമായ ഏറ്റവും വലിയമാറ്റം കൂറ്റുവാഴ്ചകള്‍ തമ്മിലുള്ളതായിരുന്നില്ല. മറിച്ച്, ഗോത്രവര്‍ഗഭൂമികളില്‍ നടത്തിയ കാര്‍ഷികഗ്രാമ വാഴ്ചകള്‍, ഗോത്രവര്‍ഗക്കാരെ കൃഷിക്കാരോ, കരകൗശലപ്പണിക്കാരോ, ഇതര തൊഴില്‍ വിഭാഗങ്ങളോ ആക്കി മാറ്റിക്കൊണ്ടുള്ള മുന്നേറ്റമായിരുന്നുവെന്ന് 170 കൊസാംബി വിശദീകരിക്കുന്നു.

ആദ്യമൊക്കെ അംഗിരസ്, കാശ്യപന്‍, വസിഷ്ഠന്‍, ഭൃഗു എന്നീ നാലു ഗോത്രങ്ങള്‍ മാത്രമേയുണ്ടായിരുന്നുള്ളു. മറ്റെല്ലാഗോത്രങ്ങളും ഓരോ വ്യക്തിയുടെയും പ്രവൃത്തിയും തൊഴിലുമനുസരിച്ച് രൂപപ്പെട്ടതാണ്. അമരകോശസൂത്രത്തില്‍കാണുന്ന ഗോത്രങ്ങളുടെകൂട്ടത്തില്‍ ആദിവാസിഗോത്രവര്‍ഗനാമങ്ങളും കാണുന്നുണ്ട്. ഭരദ്വാജന്മാരുടെ കീഴിലുള്ള തിത്തിരി ഒരുദാഹരണം. അവര്‍ പൂര്‍ണമായും ഒരു ഗോത്രവര്‍ഗമായിരുന്നു.171 മഹാഭാരതത്തില്‍ പറയുന്നത്, നല്ല ജനുസ്സിലുള്ള കുതിരകളെ ലഭിക്കുന്ന നാടാണതെന്നാണ്. വിശ്വാമിത്രന്മാരുടെ കീഴിലുള്ള ഉദുംബരര്‍ മറ്റൊരുദാഹരണമാണ്. ആംഗിരസുകളുടെ ഇടയില്‍ കാണുന്ന ഉരുണ്ട, ഭുരുണ്ട എന്നീ പേരുകള്‍ അവര്‍ ആദിവാസി ജനവിഭാഗമാണെന്ന് വ്യക്തമാക്കുന്നുണ്ട്. പല ഗോത്രവര്‍ഗങ്ങളും ബ്രാഹ്മണഗോത്രങ്ങളിലേയ്ക്ക് സ്വാംശീകരിക്കപ്പെട്ടിട്ടുണ്ടെന്നകാര്യം സംശയാതീതമാണ്. സുപര്‍ണനെന്ന ഗരുഡവംശക്കാര്‍ നാഗന്മാരുടെതന്നെ ഒരു ശാഖയായിരുന്നെങ്കിലും, ഗരുഡന്‍ വിഷ്ണുവിന്റെ വാഹനമായെന്ന് പറയുമ്പോള്‍, അവര്‍ ആര്യഗോത്രത്തിലേയ്ക്ക് സ്വീകരിക്കപ്പെട്ടുവെന്നാണ് കരുതേണ്ടത്. യഥാര്‍ത്ഥത്തില്‍ നാഗന്മാരുടെ കീഴടങ്ങല്‍ പ്രാങ്-ചരിത്രത്തില്‍ നിന്ന് ചരിത്രകാലത്തിലേയ്ക്കുള്ള മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. വൈദികാര്യന്മാരുടെ ആചാരങ്ങളെ എതിര്‍ത്തവരെയെല്ലാം അവര്‍ അസുരരെന്ന് വിളിച്ചിരുന്നുവെന്ന് തിരുമാനിക്കാം. രാക്ഷസര്‍, പിശാചര്‍, യക്ഷര്‍, ദാനവര്‍ എന്നിവരെല്ലാം ഇന്ത്യയിലെ പ്രാചീനഗോത്രവര്‍ഗങ്ങളായിരുന്നു. ശാംബര, നമുചി, പുലോമ എന്നിവരും ആദിമ ഗോത്രവര്‍ഗങ്ങളാണ്. അസുരന്മാര്‍ ക്രമേണ ചരിത്രത്തില്‍നിന്ന് അപ്രത്യക്ഷരാകുന്നതായിട്ടാണ് കാണുന്നത്. രാക്ഷസരുടെ രൂപപ്രകൃതം ഒരു ആഫ്രിക്കന്‍ നീഗ്രോയെ ഓര്‍മ്മിപ്പിക്കുന്നതാണ്. ഭീല്‍, ഗോണ്ഡ് അഥവാ കോല്‍ എന്നിവരുമായി അവര്‍ക്ക് സാമ്യമുണ്ട്. വൈദികകാലത്ത് യദു, തുര്‍വസു, ത്രഷ്ടു, ഭലാന, അലിന, പുരു, അനു തുടങ്ങിയ വംശീയനാമങ്ങളായിരുന്നെങ്കില്‍, ഇതിഹാസ-പുരാണങ്ങളില്‍ അവ ഭൂമിശാസ്ത്രപരമായ ബന്ധമാണ് കാണിക്കുന്നത്. ഉദാ-സിന്ധു, പാഞ്ചാലം, മാത്സ്യം, ചേദി, കാശി, കോസലം തുടങ്ങിയവ.

ആരാണ് നാഗന്മാരെന്നും അവരുടെ പൈതൃകമെന്തെന്നും കൊസാംബിയെയും ഡോ. അംബേദ്കറെയും റൊമീല ഥപ്പറെയും അനന്തകൃഷ്ണ അയ്യരെയും പോലെ പലരും ചര്‍ച്ച ചെയ്ത് വിശദീകരിച്ചിട്ടുണ്ട്. 172 ചട്ടമ്പിസ്വാമികള്‍, നാഗന്മാരെന്നു പറയുന്നത് നായന്മാരെ ചൂണ്ടിയായിരിക്കണം എന്ന് പറയുന്നുണ്ട്. നാകന്‍ എന്ന പദത്തെ സംസ്‌കൃതീകരിച്ച് നാഗന്‍ എന്നാക്കിയിരിക്കാം. ‘നാഗന്മാര്‍ക്കുള്ള വെള്ളാണ്മസ്ഥാനവും അവരുടെ കൃഷിത്തൊഴിലും ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നു. സൂര്യാരാധന ചെയ്തുവരുന്നവരെ സൂര്യവംശക്കാര്‍ എന്ന് വിളിക്കുന്നതുപോലെ, നാഗപൂജ ചെയ്തുവന്നതുകൊണ്ട് നാഗന്മാരെന്ന് വിളിച്ചിരുന്നുവെന്നും വരാവുന്നതാണ്. മലയാൡകളുടെ സര്‍പ്പപൂജയും ഇതിനടിസ്ഥാനമാക്കാവുന്നതാണല്ലൊ. ആര്യന്മാര്‍ എഴുത്ത് വിദ്യ (ലിപി കൗശലം) ആദ്യമായി പഠിച്ചത് നാഗന്മാരില്‍ നിന്നായിരുന്നുവെന്നും അന്നുമുതല്‍ ഇപ്പോഴും സംസ്‌കൃതാക്ഷരങ്ങള്‍ ദേവനാഗരിയെന്നറിയപ്പെടുന്നുവെന്നും പറയപ്പെട്ടിരിക്കുന്നു.’ നായന്മാരും നേപ്പാളിലെ നേവര്‍മാരും തമ്മിലുള്ള സാമ്യത്തെപ്പറ്റിയുള്ള ഫെര്‍ഗൂസണിന്റെ അഭിപ്രായവും അദ്ദേഹം ഉദ്ധരിക്കുന്നു. ആധുനിക ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യങ്ങളെ ഇണക്കിച്ചേര്‍ക്കുകയും സമന്വയിക്കുകയും ചെയ്ത നാഗന്മാരുടെ പ്രാധാന്യം കൊസാംബി എടുത്ത് കാട്ടുന്നു. അതിശക്തമായ ഒരു അഗ്നി യജ്ഞംകൊണ്ട് മാത്രം നശിപ്പിക്കാന്‍ കഴിയത്തക്കവണ്ണം ദുഷ്ടരും, അതേസമയം ബ്രാഹ്മണര്‍ക്ക് മാന്യരായ പുത്രരെ നിയമാനുസൃതം നല്‍കാന്‍ കഴിഞ്ഞ സ്ത്രീകളുള്ളതുമായ ഈ വര്‍ഗം ഏതാണെന്ന ചോദ്യമുന്നയിച്ചുകൊണ്ട്, കാട്ടുജാതിക്കാരായ ഒരു ഗോത്രവര്‍ഗമാണെന്ന് മറുപടി പറയുന്നു. ആ നാഗവംശം കുരുവംശത്തോട് ആഭിമുഖ്യം പുലര്‍ത്തുകയും പാണ്ഡവരില്‍നിന്ന് അകലം പാലിക്കുകയും ചെയ്തു. മഹാഭാരതത്തിന്റെ ആദികാണ്ഡത്തില്‍ നാഗരുടെ വംശാവലിയും പുരാവൃത്തങ്ങളും വിസ്തരിച്ചിട്ടുണ്ട്. നാഗം ഭാരതത്തില്‍ പൊതുവേ ആഴത്തില്‍ വേരോടിയിട്ടുള്ള ഒരു ആദിമസങ്കല്‍പ്പംകൂടിയാണ്. ഭൂമിയെ താങ്ങിനിര്‍ത്തുന്നതും മഹാവിഷ്ണുവിന് കുടയൊരുക്കുന്നതുമായ നാഗം മിക്കവാറുമെല്ലാ ഹൈന്ദവക്ഷേത്രങ്ങളിലും പ്രമുഖമായ സ്ഥാനം നേടിയിട്ടുണ്ട്. ശിവന്‍ അതിനെ ആഭരണവും ഗണേശന്‍ ആയുധവുമാക്കിയിട്ടുണ്ട്. പരീക്ഷിത്തിന്റെ അന്തകനാകുന്നതും നാഗമാണ്. ഗോത്രവര്‍ഗങ്ങള്‍ക്കിടയിലും ഇതര സമൂഹങ്ങള്‍ക്കിടയിലും നാഗരുകാവുകളെന്ന സ്വതന്ത്രദൈവങ്ങളുണ്ട്. ആയില്യം നക്ഷത്രം നാഗവുമായി ബന്ധപ്പെട്ടതാണ്. കേരളത്തിലും നാഗാരാധനയ്ക്ക് വളരെയേറെ പ്രാമുഖ്യമുണ്ട്. കൃഷ്ണനും കുരുവംശശാഖയിലെ ഇളയ പാണ്ഡവനും കൂടി നശിപ്പിക്കാന്‍ശ്രമിച്ച നാഗരെ ഇന്ദ്രനാണ് രക്ഷിച്ചത്. ഏതായാലും ആര്യ- പ്രാകൃത സങ്കരം മഹാഭാരതകാലഘട്ടത്തില്‍ വ്യാപകമായിരുന്നെന്നാണ് ഋഗ്വേദത്തില്‍ യദുക്കള്‍ക്കുള്ള അവ്യക്തസ്ഥാനവും കൃഷ്ണവര്‍ണവും പരസ്പരം പൊരുത്തമില്ലാത്ത നാഗകഥകളും സൂചിപ്പിക്കുന്നത്. 173 കര്‍ഷകര്‍ക്ക് ഉചിതനായ ദേവനായ ഹലായുധനിലൂടെ നാഗരെന്നപ്രാകൃതവര്‍ഗത്തെ തങ്ങളില്‍ വിലയിപ്പിക്കുകയാണ് ചെയ്തത്. ആര്യന്മാരുടേതുപോലുള്ള ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടര്‍ന്നവരാണ് നാഗന്മാരെന്നും അവരുടെ പാരമ്പര്യപ്രൗഢികള്‍ മുഴുവന്‍ വെളിപ്പെടുത്തത്തക്ക തരത്തില്‍ വലിയസദ്യകള്‍ അവര്‍ നടത്തിയിരുന്നുവെന്നും വെരിയര്‍ എല്‍വിന്‍ എഴുതിയിട്ടുള്ളത് 174 എല്‍.എന്‍. രേണു ഉദ്ധരിച്ചിട്ടുണ്ട്. അവര്‍ ആര്യനാചാരങ്ങള്‍ സ്വീകരിച്ചിരുന്നവരാണെന്നും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. പുരാണങ്ങളിലും പ്രചാരമേറിയ ഹൈന്ദവ സങ്കല്‍പ്പങ്ങളിലും കാണുന്ന പുരാവൃത്തങ്ങളിലും ഐതിഹ്യങ്ങളിലും ആസ്റ്റ്രിക് ധാരണകള്‍ പ്രബലമാണെന്ന് അനില്‍ സക്‌സേന വ്യക്തമാക്കുന്നു. 175മുട്ടകളില്‍ നിന്നാണ് ലോകമുണ്ടായതെന്ന സങ്കല്‍പ്പം, വിഷ്ണു ആമയുടെ അവതാരമെടുത്തതുപോലുള്ള ദശാവതാരകഥകള്‍, മത്സ്യഗന്ധിയുടെ സങ്കല്‍പ്പം, വെള്ളത്തിലും പാതാളത്തിലും കഴിയുന്ന നാഗന്മാരെക്കുറിച്ചുള്ള സങ്കല്‍പ്പമെന്നിവ ആര്യനോ, ഇന്‍ഡോ-യൂറോപ്യനോ, ദ്രാവിഡമോ ആയ സംസ്‌കാരങ്ങളില്‍ നിന്ന് വന്നവയല്ലെന്നും ആസ്ത്രിക് അല്ലെങ്കില്‍ പ്രോട്ടോ ആസ്ത്രലോയ്ഡ് ലോകത്ത് നിന്ന് വന്നവയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വൈദികകാലത്ത് അനാര്യരില്‍ നിന്ന് ആര്യര്‍ വ്യത്യസ്തരായിരുന്നത് തൊലിയുടെ നിറംകൊണ്ടോ, മറ്റേതെങ്കിലും കാരണത്താലോ ആയിരുന്നില്ല. അതിനടിസ്ഥാനം പുതിയതായി ഒരുവിഭാഗം ഇന്തോ- ആര്യന്‍ഭാഷകരായ ആളുകള്‍ സ്വയം ആര്യരെന്നും, അവരേര്‍പ്പെടുത്തിയ പുതിയതരം അനുഷ്ഠാനങ്ങള്‍ -അതില്‍ പ്രധാനമായി ബലിയും യജ്ഞവും- അനുഷ്ഠിക്കാത്തവരെ അനാര്യരെന്നുംവിളിക്കുകയും ചെയ്തതാണ്. അത് ഗോത്രമോ, കുലമോ, വംശമോ ഒന്നുമായിരുന്നില്ല. ഭാഷപോലും ഈ വേര്‍തിരിവിനാധാരമല്ല. അത് തികച്ചും ആചാരാനുഷ്ഠാനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നൂവെന്ന് മിക്ക വേദപണ്ഡിതരും ആധുനിക ചരിത്രകാരന്മാരും സമ്മതിക്കുന്നു. 176 അനാര്യരെയും പുതിയ ആചാരക്രമങ്ങളെ എതിര്‍ത്തവരെയും നദിയില്‍ അണകെട്ടി കൃഷിയും മറ്റും ചെയ്തിരുന്നവരെയും പുതിയ ആചാരക്രമങ്ങളുടെ വക്താക്കളായ ആര്യന്മാര്‍ എതിര്‍ക്കുകയും അവരെ കൊല്ലാന്‍ ഇന്ദ്രന്റെ സഹായം തേടുകയും ചെയ്തു. യജ്ഞം സാമൂഹികമായ മേല്‍ക്കോയ്മയുടെ ഭാഗമായപ്പോള്‍ അതിനെ എതിര്‍ത്തിരുന്നവര്‍ ഇടിച്ചു താഴ്ത്തപ്പെട്ടു. അങ്ങനെ ദാസന്മാരും ദസ്യുക്കളും പാണികളുമെല്ലാം തരംതാഴ്ത്തപ്പെട്ടവരായി.

നാഗരിക ദ്രാവിഡ സമൂഹങ്ങളുടെ വ്യാപനത്തിന്റെ ഫലമായി, അവര്‍ സംഘര്‍ഷങ്ങളിലൂടെയും സാങ്കര്യങ്ങളിലൂടെയും ക്രി.മു.1500കളില്‍ ആര്യഭാഷാവക്താക്കളും ദ്രാവിഡഭാഷാവക്താക്കളുമായി ബന്ധപ്പെടുകയും, സ്വത്തുടമസ്ഥതയുടെ രാഷ്ട്രീയം അവഗണിച്ച വനഗോത്രങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയുംചെയ്തു. മുണ്ഡരും ദ്രാവിഡരും തമ്മില്‍ തിരിച്ചറിയാനാകാത്ത വിധം സാങ്കര്യംവന്നിട്ടുണ്ട്. ദ്രാവിഡരായ കോലാര്യന്‍ ഭാഷ സംസാരിക്കുന്ന മുണ്ഡകളും സലൂര്‍ പ്രദേശത്തെ ഗദ്ബ വര്‍ഗത്തില്‍പ്പെട്ട പേയകളും പഴയ തമിഴകത്ത് പ്രസിദ്ധമായിരുന്ന ഒലി നാഗന്മാരുടെ ഒരു ശാഖയായിരിക്കണമെന്ന സുധീര്‍ ഭൂഷണ്‍ഭട്ടാചാര്യയുടെ നിഗമനം ഡോ. കെ. എന്‍. എഴുത്തച്ഛന്‍ 177എടുത്ത് കാട്ടുന്നുണ്ട്. അഫ്ഗാനിസ്ഥാന്‍ മുതല്‍ കന്യാകുമാരിവരെയുള്ള പ്രദേശങ്ങളില്‍ ധാരാളം ഗോത്രങ്ങള്‍ നിലനിന്നിരുന്നതില്‍ കുറേയെണ്ണം നശിക്കുകയും, മറ്റുചിലത് ദ്രാവിഡ മുഖ്യധാരയായ ചേര, ചോള, പാണ്ഡ്യരുമായി കൂടിക്കലരുകയും, ചെറിയ കുറേ വിഭാഗങ്ങള്‍ വന മേഖലകളില്‍ തനത് സ്വത്വം സംരക്ഷിച്ചുകൊണ്ട് പാര്‍പ്പ് തുടരുകയും ചെയ്തു. ‘ഡക്കാണ്‍ മേഖലയിലാണ് ദ്രാവിഡരുടെ ഉല്‍പ്പത്തിസ്ഥാനമെന്നും പൂര്‍വകാലങ്ങളില്‍ അവര്‍ വിദേശങ്ങളിലും സഞ്ചരിച്ചിരുന്നു’വെന്നും 178 ‘അവര്‍ തന്നെയല്ലേ ഉത്തരേന്ത്യയിലെ ചരിത്രകാരന്മാരുടെ ആര്യന്മാരായി പരിണമിച്ചതെന്നും സംശയിക്കാന്‍ വയ്യാതില്ല’ എന്നും ചട്ടമ്പിസ്വാമികള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉല്‍പ്പത്തി സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും ആര്യ-ദ്രാവിഡര്‍ വേദപൂര്‍വകാലത്ത് ഒന്നായിരുന്നുവെന്ന അഭിപ്രായം പല ആധുനിക സാമൂഹ്യശാസ്ത്രജ്ഞര്‍ക്കും ചരിത്രരചയിതാക്കള്‍ക്കുമുണ്ട്. 179 ദ്രാവിഡര്‍ തെന്നിന്ത്യയില്‍ പിറന്ന ആദിമനിവാസികളാണെന്ന അഭിപ്രായം വി.ആര്‍. രാമചന്ദ്ര ദീക്ഷിതര്‍ക്കുമുണ്ട്. എന്നാല്‍, ഹാരപ്പന്‍ നാഗരികത വ്യവസ്ഥാപനം ചെയ്യപ്പെടുന്നതിന് മുമ്പ് വിശാലമായ പ്രദേശങ്ങളില്‍ അസംഘടിതരും അത്ര സുദൃഢങ്ങളല്ലാത്തവയുമായ ഗോത്രസമൂഹങ്ങള്‍ തനത് സംസ്‌കാരം നിര്‍മ്മിച്ചിരുന്നുവെന്നും, ഹാരപ്പന്‍ -വൈദിക സംസ്‌കാരങ്ങളെക്കുറിച്ചുള്ള ഒച്ചപ്പാടുകള്‍ക്കിടയില്‍ പ്രാങ്‌മെഡിറ്ററേനിയന്‍ (ഇളമൈറ്റുകള്‍), ആസ്റ്റ്രിക്, നീഗ്രിറ്റോവംശങ്ങളുടെ ചരിത്രം പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണ് ഉണ്ടായതെന്നും, അവര്‍ ഇന്ത്യയില്‍ ആദ്യഘട്ടങ്ങളില്‍ പൊതുവേ നാഗന്മാരെന്നറിയപ്പെട്ടുവെന്നും ശക്തമായ ഒരു വീക്ഷണമുണ്ട്. തുടര്‍ന്ന്, അവര്‍ ഗോണ്ഡുകള്‍ മുതലായ ഇരുപതിലേറെ വര്‍ഗങ്ങളായി പിരിഞ്ഞു. അവരുടെ സമകാലീനരോ, പിന്മുറക്കാരോ ആയ ഗോത്ര സമൂഹങ്ങള്‍ ഇപ്പോഴും ഉപദ്വീപിലുണ്ട്.180 ആദിവാസിഗോത്രങ്ങളെ ദ്രാവിഡരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി അവരുടെ സവിശേഷ വ്യക്തിത്വം നിഷേധിച്ചിരിക്കുകയാണെന്ന് പറയുന്ന 181കൃഷ്ണ ചൈതന്യ, ആര്യരുടെയും ദ്രാവിഡരുടെയും ഉല്‍പ്പത്തി വിവാദഗ്രസ്തമാണെന്നും വ്യക്തമാക്കുന്നുണ്ട്. ആര്യാവര്‍ത്തത്തില്‍ ഇന്‍ഡോ- യൂറോപ്യര്‍ കടന്നുവരുംമുമ്പ് ധാരാളം ഗോത്രവര്‍ഗങ്ങള്‍ വ്യാപിച്ചിരുന്നു. അവര്‍ ക്രമേണ പുറത്താക്കപ്പെട്ടതാകാം. അവരുടെ ബാക്കിപത്രങ്ങളാകാം വിന്ധ്യനിലെ ഭീലുകളും ഡക്കാണ്‍ മേഖലയിലെ ഗോണ്ഡുകളും. 182 ഇന്ത്യയിലെ ഗോത്രവര്‍ഗ വ്യാപനത്തെപ്പറ്റി സൃഷ്ടിയുടെ ചരിത്രമെന്ന കൃതിയില്‍ ഹെക്കല്‍ വിശദീകരിക്കുന്നത് 183 തഴ്സ്റ്റണ്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മനുഷ്യവര്‍ഗത്തിലെ മറ്റ് 11 ജൈവവര്‍ഗങ്ങളില്‍ (സ്പീഷീസ്) നിന്ന് ഭിന്നമായി, ദ്രാവിഡരില്‍പ്പെടുന്ന ഡക്കാണ്‍ സിംഹളക്കാര്‍, നുബിയനുകള്‍, മെഡിറ്ററേനിയനുകളായ കക്കേഷ്യനുകള്‍, ബാസ്‌ക്, സെമൈറ്റുകള്‍, ഇന്‍ഡോ-ജര്‍മാനിയന്‍ ഗോത്രങ്ങള്‍ എന്നിവയ്‌ക്കെല്ലാം പല സ്വഭാവങ്ങളിലും സമാനതകളുണ്ടെന്ന് മാത്രമല്ല, അത് അവതമ്മില്‍ അടുത്തബന്ധം സൃഷ്ടിക്കുകയും മറ്റ് ഗണങ്ങളില്‍ നിന്ന് സ്വയം വേര്‍പെടുകയും ചെയ്യുന്നു. ‘ഇന്ത്യന്‍ പാരമ്പര്യപ്രകാരം ആര്യന്മാരെല്ലാം മാനവന്മാരാണ്. അവര്‍ പ്രാദേശികരായ ആദിവാസികളുമായി മിശ്രണം ചെയ്യപ്പെട്ടപ്പോള്‍, സ്വയം ഉയര്‍ന്നവരെന്നഭിമാനിച്ചിരുന്ന അവര്‍ പ്രാദേശികരായ ആദിവാസികളെ മ്ലേച്ഛന്മാരെന്ന് വിളിച്ചു. ക്രമേണ ബാക്കിയുള്ള ഗോത്രസമുദായങ്ങളെയും അവര്‍ കൈപ്പിടിയിലൊതുക്കി.

ഇന്ത്യയില്‍ കാണുന്ന ജനസമൂഹങ്ങളുടെ വംശീയഘടകങ്ങള്‍ ഇങ്ങനെ വന്നുചേര്‍ന്നവയാണെന്നും ഇന്ത്യയില്‍ കലര്‍പ്പില്ലാത്ത ഒരു വംശീയ മാതൃകയുമില്ലെ’ന്നും 184 കെ.സി. മിശ്ര പ്രസ്താവിക്കുന്നു. ആര്യന്മാരും ദ്രാവിഡന്മാരുമായി കുറേയെല്ലാം വംശസങ്കലനം നടന്നെന്നും ഉത്തരേന്ത്യ ആര്യാവര്‍ത്തമായി പരിണമിച്ചതോടെ ഇന്‍ഡോ-ആര്യന്‍വംശം പൂര്‍ണമായി രൂപാന്തരപ്പെട്ടുവെന്ന് പറയാമെന്നുമാണ് 185 പി.കെ.ഗോപാലകൃഷ്ണന്റെ നിരീക്ഷണം. യഥാര്‍ത്ഥത്തില്‍ ആര്യസംസ്‌കാരം ദ്രാവിഡവും പ്രാദേശികവുമായ സംസ്‌കാരങ്ങളുമായി മിശ്രണം സംഭവിക്കുയോ, അവയില്‍ അലിഞ്ഞു ചേരുകയോ ചെയ്‌തെന്ന വീക്ഷണമാണ് സമീചീനം. ആര്യന്മാരെക്കാള്‍ ദ്രാവിഡര്‍ക്കുണ്ടായിരുന്ന ഔന്നത്യത്തിന് കാരണമായി ബ്രാഹ്മണര്‍ പറയുന്നത് നാഗരികതയെ മുന്‍നിര്‍ത്തിയാണെന്നും അത് തീര്‍ച്ചയായും ഒരു രാജ്യത്തിന്റെ ബൗദ്ധിക പ്രവര്‍ത്തനത്തിന്റെ ഉല്‍പ്പന്നമാണെന്നും 186 തനിനായഗം പറയുന്നു. ബ്രാഹ്മണന്മാര്‍ ഇരുണ്ട തൊലിയുള്ളവരും വെളുത്ത തൊലിയുള്ളവരുമെന്ന് രണ്ട് വിഭാഗമായിരുന്നുവെന്നും അവയില്‍ ഇരുണ്ടതൊലിയുള്ളവരായിരുന്നൂ കൂടുതല്‍ സമര്‍ത്ഥരെന്നുമുള്ള ചാറ്റര്‍ജിയുടെ ഇന്‍ഡോ ആര്യന്‍സ് ആന്റ് ഹിന്ദി എന്ന കൃതിയിലെ പരാമര്‍ശം ഇതിലുദ്ധരിക്കുന്നുണ്ട്. ഇരുണ്ടതൊലിയുള്ള ബ്രാഹ്മണര്‍ തപസ്വികളും വേദജ്ഞാനികളുമല്ലായിരുന്നുവെന്ന് പതഞ്ജലി മഹാഭാഷ്യത്തില്‍ (V.1.15) പറഞ്ഞിട്ടുണ്ട്. അനാര്യബ്രാഹ്മണരായ അവര്‍ ആര്യബ്രാഹ്മണരെക്കാള്‍ കഴിവുള്ളവരായിരുന്നതിനാലാണ് ആര്യരുടെ പ്രാരംഭകാലംതൊട്ട് ആര്യദേശത്തില്‍ മുഴുവന്‍ സ്വാധീനത ചെലുത്താന്‍ അവര്‍ക്ക് കഴിഞ്ഞത്.
(തുടരും)

പരാമൃഷ്ടകൃതികള്‍
68 Growing up Untouchables in India VasanthMoon Translator Gail Omvedt Vistar
Pub.2001
169 Tribes in the Mahabharata, p. 230, K.C. Mishra
170 Combined Methods, p. 312, Kosambi
171 ഇന്ത്യാചരിത്ര പഠനത്തിനൊരു മുഖവുര, പു. 366, ഡി.ഡി. കൊസാംബി
172തമിഴകവും ദ്രാവിഡ മാഹാത്മ്യവും പു.48
173 കേരളത്തനിമ പു. 224 ആര്‍.ഗോപിനാഥന്‍
174 Vedic Records on Early Aryans p. 59 L.N. Renu
175 Prehistoric India p.295 Anil Saxena Ammol pub.2007
176 History, Society And Culture in Ancient India p. 137 Rajkumar Pridhu, Rameswari Devi
Pointer Pub. 2007
177 തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ പു.88, ഡോ.കെ. എന്‍. എഴുത്തച്ഛന്‍. കേ. സാ. അ.
178 തമിഴകവും ദ്രാവിഡമാഹാത്മ്യവും, പു. 53, ചട്ടമ്പി സ്വാമികള്‍. പന്മന ആശ്രമം 2011
179 Prehistoric South India, p.140þ141 VR. R Deekshitar Cosmo pub. 1981
180 കേരളത്തനിമ പു. 19
181 കേരളം കൃഷ്ണചൈതന്യ
182 കേരളത്തിലെ ഗോത്രവര്‍ഗ പൈതൃകം പു. 149 ഡോ.ആര്‍. ഗോപിനാഥന്‍ കേ. ഭാ. ഇന്‍ 2019
183 Castes and Tribes of South India Vol.I Introduction p.19 E.Thurston &Rangachari
184 Tribes in Mahabharatha p. 27 K.C. Mishra National pub. 1987
185 കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം പു.276 പി.കെ. ഗോപാലകൃഷ്ണന്‍
86 Tamil Culture and Civilization p. 203

 

Tags: തമിഴകപൈതൃകവും സനാതനധര്‍മവും
ShareTweetSendShare

Related Posts

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ഗുരുഭക്തി

മഹാഭാരതം- കഥയും ജീവിതവും

പേരുമാറ്റത്തിന്റെ പൊരുള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies