കഥകളും ഉപകഥകളും ദര്‍ശനങ്ങളും തത്വചിന്തകളും ലയിച്ചടങ്ങിയിരിക്കുന്ന മഹാഭാരതത്തില്‍ മാനവജീവിതത്തിന്റെ സകലസമസ്യകളും പ്രതിനിധാനം ചെയ്യപ്പെടുന്നു.
ആധുനിക മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്‌നം അവന്‍ ഈ യാന്ത്രികലോകത്തിന്റെ സങ്കീര്‍ണ്ണതകളില്‍ കുടുങ്ങി ശാന്തിയും ഏകാഗ്രതയും നഷ്ടപ്പെട്ട് ഒന്നിനും ഏതിനും സമയം തികയാതെ ഓടുന്നു എന്നതാണ്. പുതുമനുഷ്യന്‍ പ്രശ്‌നങ്ങളില്‍ നിന്ന് പ്രശ്‌നങ്ങളിലേക്ക് ഊളിയിടുന്നു. ജന്മം അങ്ങനെ ഒടുങ്ങുന്നു. കാലാന്തരത്തില്‍ ജീവിതം ഇതിലും ഇടുങ്ങാനാണ് സാധ്യത. ആയതിനാല്‍ മഹാഭാരതസത്ത ലളിതമായി സോദോഹാരണം ഔഷധരൂപത്തിലുള്ള ചില കുഞ്ഞു കുറിപ്പുകളാക്കി അവതരിപ്പിക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. വര്‍ത്തമാനകാല ആധികളെ വിശദീകരിക്കാനും അതിജീവനശേഷി നേടാനും ഉതകുന്ന അടരുകളെ കണ്ടെത്തി പുനരാഖ്യാനം നടത്തുകയാണ് ചെയ്തിരിക്കുന്നത്.
പ്രശസ്തി
പ്രശസ്തി ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? അങ്ങനെ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ പ്രശസ്തിക്കുവേണ്ടി എന്ത് കൊള്ളരുതായ്മയും ചെയ്യുന്നത് ശരിയാണോ? ആ പ്രശസ്തി നിലനില്‍ക്കുമോ? ഇല്ല, അത് താല്‍ക്കാലികം മാത്രമായിരിക്കും. അധാര്‍മ്മികതയിലൂടെയും അരുതായ്മയിലൂടെയും നേടിയ പ്രശസ്തി കാലാന്തരത്തില്‍ ശോഭ മങ്ങി അപ്രത്യക്ഷമാകും.
മുമ്പൊക്കെ ഭൗതികാസക്തര്‍ക്ക് ധനമുണ്ടാക്കുക, സുന്ദരരൂപം ആര്‍ജ്ജിക്കുക എന്നീ കാര്യങ്ങളിലായിരുന്നു ശ്രദ്ധ. അതിന് വേണ്ടിയായിരുന്നു മത്സരം ഏറെയും. എന്നാല്‍ പുതുകാലത്ത് ഇതിനൊപ്പമോ ഇതിനേക്കാളൊക്കെയോ പ്രിയം പ്രശസ്തി നേടുക എന്ന കാര്യത്തിലാണ്. കഴിവുണ്ടോ അര്‍ഹതയുണ്ടോ എന്നൊന്നും നോക്കാതെ അതിസാധാരണക്കാരുടെ വരെ മനോഭാവം ഇപ്രകാരമായി തീര്‍ന്നിരിക്കുന്നു. ഇതൊരു വിലക്ഷണ അവസ്ഥാവിശേഷമാണ്. എവിടേയും തള്ളിക്കയറി ഉയരത്തിലേക്ക് ഏന്തിവലിയുന്നവരോടാണ് ഇക്കാലത്തുള്ളവര്‍ക്ക് താല്പര്യം. ബൗദ്ധികമായും സാംസ്‌കാരികമായും സമൂഹം അത്രയും അധ:പതിച്ചിരിക്കുന്നു. പക്ഷെ കഴിവിനൊപ്പം അഹന്ത ഉപേക്ഷിക്കാന്‍ തയ്യാറുള്ളവരിലാണ് കാലം പ്രഭ ചൊരിയുക എന്ന സത്യം മിക്കവരും മറന്നുപോകുന്നു. കുപ്രസിദ്ധി ആയാലും കുഴപ്പമില്ല, സമൂഹത്തില്‍ അറിയപ്പെട്ടാല്‍ മതി എന്നുവരെ ശഠിക്കുന്ന ‘പുംഗവന്മാര്‍’ ഇക്കാലത്തേറെയാണ്. ശ്രദ്ധ കിട്ടാന്‍ വേണ്ടി ഗിമ്മിക്കുകള്‍ കാണിക്കാന്‍ ഉരുത്തിരിഞ്ഞുവരുന്ന സാഹചര്യങ്ങളേയും മറ്റും ഇക്കൂട്ടര്‍ കണ്ണിമ വെട്ടാതെ നിരീക്ഷിക്കുന്നു.
പ്രശസ്തി പ്രതിഭാവിലാസത്തിന്റെ ഉപോല്പന്നം മാത്രമാണ്. തീര്‍ത്തും സ്വാഭാവികമായ പരിണതി. കൃത്രിമമായി നേടിയെടുക്കുന്ന പ്രശസ്തി നിലനില്‍ക്കില്ല എന്നുമാത്രമല്ല കഴിവുള്ള എല്ലാവര്‍ക്കും ഒരേ പ്രശസ്തി കിട്ടിയെന്നും വരില്ല. പ്രകൃതിയുടെ വിധാനം അപ്രകാരമാണ്! ഒരേയൊരു പുണ്യപ്രവൃത്തികൊണ്ട് ഉയര്‍ന്ന പ്രശസ്തി ആര്‍ജ്ജിച്ച വ്യക്തികള്‍ ലോകത്തുണ്ടായിട്ടുണ്ട്. സമകാലികതയിലും ചരിത്രത്തിലുമൊക്കെ ഉദാഹരണങ്ങള്‍ ധാരാളം. ഒറ്റ കലാസൃഷ്ടികൊണ്ടും ഒരു പോരാട്ടം കൊണ്ടും തങ്കലിപികളാല്‍ ലിഖിതം ചെയ്യപ്പെട്ട വ്യക്തിപ്രഭാവങ്ങളുണ്ട്. എന്നാല്‍ ജീവിതകാലം മുഴുവന്‍ അര്‍പ്പിച്ചും യത്‌നിച്ചും സാഫല്യം നേടിയ പലരും രണ്ടാംപന്തിയിലേക്ക് തള്ളിനീക്കപ്പെട്ട കാലത്തിന്റെ വികൃതികള്‍ക്കും ദൃഷ്ടാന്തങ്ങള്‍ ഏറെ. ഇതിനെയൊന്നും മൂലകാരണങ്ങള്‍ നിരത്തി കൃത്യമായി നിര്‍ദ്ധാരണം ചെയ്യാനാവില്ല. അനിശ്ചിതത്വവും അസമത്വവും ലോകത്തിന്റെ മുഖമുദ്രയാണ്.
മഹാഭാരതത്തില്‍ ഏറ്റവും പ്രസിദ്ധന്‍ ആരാണ്? അര്‍ജ്ജുനനോ, ശ്രീകൃഷ്ണനോ, യുധിഷ്ഠിരനോ, ഭീഷ്മരോ……?!
പ്രതിനായകചേരിയില്‍ നില്‍ക്കുന്ന സൂതപുത്രനായ കര്‍ണ്ണന് ജ്ഞാനത്തിന്റെ ഗിരിശൃംഗങ്ങളേറിയ, ധര്‍മ്മാധര്‍മ്മത്തിന്റെ ചിരപ്പൊരുള്‍ തിരിഞ്ഞ യുധിഷ്ഠിരനേക്കാള്‍ പ്രസിദ്ധിയുണ്ട്. ത്യാഗത്തിനും ദാനത്തിനും ചിലപ്പോള്‍ ജ്ഞാനത്തേക്കാള്‍ വില കൈവരുന്ന സാഹചര്യമുണ്ടാകും. അതിമാനുഷനായ ഭീഷ്മരേയും വിശ്വവില്ലാളിവീരനായ അര്‍ജ്ജുനനേയും മറികടക്കുന്നുണ്ട് ചില സന്ദര്‍ഭങ്ങളില്‍ കര്‍ണ്ണന്‍. ഏകലവ്യന്‍ താരതമ്യേന മഹാഭാരതത്തിലെ അപ്രധാന കഥാപാത്രമാണ്. പക്ഷേ അസ്ത്രകലകളില്‍ മാത്രം വിരുതുള്ള ഈ കാട്ടാളന്, ആളുടെ മാനസഗുരുവായ സകല അസ്ത്രശസ്ത്രങ്ങളിലും വേദങ്ങളിലും വ്യുല്‍പത്തിയുള്ള സമൂഹം മുഴുവന്‍ ബഹുമാനിക്കുന്ന ദ്രോണാചാര്യരോളം പ്രസിദ്ധിയുണ്ട്. ഏകലവ്യനോട് ദ്രോണര്‍ കാണിച്ച കുടിലതയും ക്രൂരതയും നിമിത്തം ദ്രോണരുടെ യശസ്സ് ഒരുപാട് താഴുകയാണുണ്ടായത്. അതിശക്തരായ നൂറ്റൊന്ന് കൗരവരിലെ മൂന്നുപേരെ മാത്രമേ മിക്കവാറും ലോകരറിയുകയുള്ളൂ. എന്നാല്‍ വനവാസി ഏകലവ്യനെ എല്ലാവരുമറിയും.
അര്‍ഹിക്കുന്ന പ്രശസ്തി വേണ്ടത്ര കിട്ടാതെ പോയ കഥാപാത്രങ്ങളും മഹാഭാരതത്തില്‍ ഏറെയുണ്ട്. കാലത്തിന്റെ ആ തീരുമാനം നിരാര്‍ദ്രമായ് തോന്നിയേക്കാം. പക്ഷെ അംഗീകരിക്കാതെ തരമില്ല. പ്രകൃതിയുടെ ഗണിതം ആര്‍ക്കും പിടി കിട്ടില്ല. വൃതാസുരനെ വധിക്കാന്‍ ലോകത്ത് തന്റെ അസ്ഥികള്‍ കൊണ്ടുണ്ടാക്കിയ ആയുധത്തിനെ കഴിയൂ എന്ന സാഹചര്യം വന്നപ്പോള്‍ അതിന് വേണ്ടി പ്രാണത്യാഗം ചെയ്ത് ഇന്ദ്രന് അസ്ഥികള്‍ നല്‍കിയ ദധീചിമഹര്‍ഷിക്ക് അര്‍ഹിക്കുന്ന പ്രസിദ്ധി കിട്ടിയിട്ടുണ്ടോ? പെരുവിരല്‍ അറുത്ത് ദക്ഷിണ നല്‍കിയ ഏകലവ്യനേക്കാള്‍ കുറവാണത്. കശ്യപഋഷിയുടെ പുത്രനായ ഗരുഡന്‍ പ്രശസ്തനാണ്. പക്ഷെ മാതാവിന്റെ സമനില വിട്ടൊരു പ്രവൃത്തിയാല്‍ വികലാംഗനും അര്‍ദ്ധശരീരനുമായി, ജീവിക്കുന്ന രക്തസാക്ഷിയായി തീര്‍ന്ന ഗരുഡന്റെ സഹോദരന്‍, സൂര്യദേവന്റെ തേരാളി അരുണനെ എത്രപേര്‍ അറിയും! പരോക്ഷമായി ഗരുഡന് വേണ്ടിയുള്ള ബലിയായിരുന്നു അരുണന്റെ ജീവിതമെന്ന് പറയാം.
ഇഹജീവിതം പോലെ തന്നെ വൈചിത്ര്യങ്ങള്‍ നിറഞ്ഞ അനവധി സമസ്യയുടെ പൂരണമാണ് മഹാഭാരതേതിഹാസം. കുറുക്കുവഴികള്‍ തേടി നൈമിഷികമായി അടയാളപ്പെടാന്‍ കഴിഞ്ഞേക്കും. പക്ഷെ അനശ്വരനാകാന്‍ പറ്റില്ല.
പോര്
നാട്ടില്‍ പ്രധാനമായ ഒരു സഭ നടക്കുന്നു. വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളേയും പ്രതിനിധികളേയും അവിടേക്ക് ഔപചാരികമായി ക്ഷണിച്ചിട്ടുണ്ട്. പക്ഷേ അവരേക്കാളൊക്കെ അര്‍ഹതയുണ്ടായിട്ടും അയാളെ മാത്രം ആ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. അബദ്ധത്തില്‍ വിട്ടുപോയതല്ല. മനഃപൂര്‍വ്വമാണ്. സ്വാഭാവികമായും ആ വ്യക്തിക്ക് അസ്വസ്ഥതയും വേദനയും ഉളവാകും. ചിലപ്പോള്‍ ചടങ്ങ് സംഘടിപ്പിച്ചതു തന്നെ പ്രസ്തുത വ്യക്തിയെ അപമാനിക്കാനും ഒതുക്കാനുമാകാം.
മറ്റൊന്ന്: നിരീക്ഷിച്ചാലറിയാം. ചിലര്‍ താന്‍ വിവാഹം കഴിച്ച ബന്ധുവീടുമായി സമരസപ്പെടുകയില്ല. എങ്ങനെ ശ്രമിച്ചാലും ആ ബന്ധം ഊഷ്മളമാകാത്ത വിധം പ്രശ്‌നബന്ധിതമായി പോകുന്നു. ഇരുകൂട്ടരും വിട്ടുവീഴ്ച ചെയ്യുകയില്ല.
മേല്‍ സൂചിപ്പിച്ച രണ്ട് സംഗതികളും ആധുനിക സമൂഹത്തില്‍ സ്വന്തം അനുഭവമായോ, തൊട്ടരുകിലെ ദൃഷ്ടാന്തമായോ ഏവര്‍ക്കും ചിരപരിചിതമാകും. ഇത് ഇന്നത്തെ ലോകത്തിന്റെ മാത്രം പ്രശ്‌നമല്ല. എന്നും ഇതൊക്കെ തന്നെ സ്ഥിതി.
മഹാഭാരതത്തിലും സമാനമായ വിവരണങ്ങളുണ്ട്. നിസ്സാര കഥാപാത്രങ്ങള്‍ക്കല്ല മഹാദേവനും പ്രപഞ്ചാധിപനുമായ ശിവനുപോലും ഇത്തരം അവമതിപ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.
പ്രപഞ്ചത്തിന്റെ സുഗമമായ നടത്തിപ്പിനായി ബ്രഹ്മാവ് സൃഷ്ടിച്ച പ്രജാപതികളിലെ പ്രഥമനാണ് ദക്ഷന്‍. ശിവനോ പ്രപഞ്ച പരിപാലകരായ ത്രിമൂര്‍ത്തികളിലെ സംഹാര ദേവന്‍. ശിവലീലയില്ലെങ്കില്‍ പ്രപഞ്ചമില്ല. ശിവന്‍ വിവാഹം കഴിച്ചിരിക്കുന്നത് ദക്ഷന്റെ പുത്രി സതീദേവിയെയാണ്. അതൊരു പ്രണയ വിവാഹമായിരുന്നു. നല്ല ഭര്‍ത്താവാണെങ്കിലും ശിവന്‍ തികഞ്ഞ ജാമാതാവല്ലായിരുന്നു. അദ്ദേഹം പത്‌നീഗൃഹത്തില്‍ സംബന്ധിക്കുക പതിവില്ല. ആയതുകൊണ്ട് ദക്ഷന് മരുമകനോട് പഥ്യം പോരാ.
ഒരിക്കല്‍ പ്രജാപതികള്‍ ഒരു യാഗം നടത്തി. അവിടെ ബ്രഹ്മാവും ശിവനും ദേവന്മാരുമെല്ലാം സന്നിഹിതരായിരുന്നു. ദക്ഷന്‍ ആ വേദിയിലേക്ക് കടന്നു വന്നപ്പോള്‍ എല്ലാവരും ബഹുമാന പുരസ്സരം എഴുന്നേറ്റു നിന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ബ്രഹ്മദേവനും ശിവനും എഴുന്നേറ്റില്ല. ബ്രഹ്മാവ് ദക്ഷന്റെ പിതാവാണ്. അദ്ദേഹം എഴുന്നേല്‍ക്കേണ്ടതില്ല. പക്ഷെ ശിവന്‍ മരുമകനാണ്. എഴുന്നേല്‍ക്കാത്തത് അനാദരവ് തന്നെ. ദക്ഷനങ്ങനെ കരുതി ഈര്‍ഷ്യ പൂണ്ടു. ശിവനോ ദക്ഷനോ മുകളില്‍ എന്ന് ചോദിച്ചാല്‍ ആര്‍ക്കും രണ്ടഭിപ്രായമുണ്ടാകില്ല. ശിവന്‍ തന്നെ. അതൊക്കെ ശരി. ബന്ധുത്വത്തില്‍ താനാണ് ശിവനേക്കാള്‍ മീതെ. ശ്വശ്വരന് പിതാവിന്റെ സ്ഥാനമാണ്. ഇതാണ് ദക്ഷന്റെ മനോഭാവം.
പിന്നീട് ഈ ഈര്‍ഷ്യ മനസ്സില്‍ വെച്ച് തന്റെ അപകര്‍ഷത്തിന് പകരം വീട്ടാന്‍ ദക്ഷന്‍ സ്വന്തം മേല്‍നോട്ടത്തില്‍ മുമ്പത്തേക്കാളും ഗംഭീരമായൊരു യാഗം ഒരുക്കി. സകല ദേവന്മാരേയും ഗന്ധര്‍വ്വരേയും അസുര പ്രധാനികളേയും എന്തിന് ശ്രേഷ്ഠമാനുഷരെ പോലും വിളിച്ച ആ യാഗത്തിലേക്ക് ശിവനെ മാത്രം ദക്ഷന്‍ ക്ഷണിച്ചില്ല.
തന്റെ ഭര്‍ത്താവിനെ മാത്രം യാഗത്തിന് വിളിക്കാത്തതില്‍ സതീദേവിക്ക് വിഷമമായി. യാഗത്തിന്റെ തലേ ദിനം വരെ അവര്‍ പിതാവിന്റെ ക്ഷണം പ്രതീക്ഷിച്ചിരുന്നു. യാഗം നടത്തുന്നത് അന്യനല്ല, സ്വന്തം പിതാവാണ്. അവിടേക്ക് പോകാന്‍ നമുക്ക് പ്രത്യേക ക്ഷണം വേണ്ട. ഇങ്ങനെയൊരു നിലപാട് സതീദേവി പുലര്‍ത്തിയെങ്കിലും വിളിക്കാത്തിടത്തേക്ക് പോകേണ്ടതില്ല എന്നതിലുറച്ചു നിന്നു പരമശിവന്‍. എന്നാലും യാഗം കാണാനും ബന്ധുമിത്രാദികളോട് ഇടപഴകാനുളള കൊതി മൂലവും സതി പിതാവിനരുകിലേക്ക് പോകുക തന്നെ ചെയ്തു. പക്ഷേ ദക്ഷന്‍ മകളെ കണ്ട ഭാവം നടിച്ചില്ല. ഒടുവില്‍ ശിവന് യജ്ഞാംശം കൊടുക്കാത്ത യാഗം അപൂര്‍ണ്ണമാണെന്നും ഈ ചെയ്യുന്നത് മര്യാദയല്ലെന്നും സതിക്ക് പിതാവിനോട് തുറന്നടിക്കേണ്ടിവന്നു. ക്ഷണിക്കാത്തിടത്ത് വലിഞ്ഞ് കേറി വരാന്‍ നാണമില്ലേയെന്ന് പറഞ്ഞ് മകളെ സഭയില്‍ വെച്ചു തന്നെ ദക്ഷന്‍ അധിക്ഷേപിച്ചു. ‘നിന്റെ ഭര്‍ത്താവും ശരിയല്ല, നീയും ശരിയല്ല. എനിക്കിങ്ങനെയൊരു മകളോ മരുമകനോ ഇല്ല.’ പിതാവില്‍ നിന്നേറ്റ കൊടിയ അപമാനത്തില്‍ മനംനൊന്ത് സതി അവിടെവെച്ചു തന്നെ ആത്മഹത്യ ചെയ്യുകയുണ്ടായി. ദക്ഷന്‍ അത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇതറിഞ്ഞ പരമശിവന്റെ ക്രോധത്തില്‍ നിന്ന് ഭദ്രകാളിയും വീരഭദ്രനും ആവിര്‍ഭവിച്ചു. അവര്‍ യജ്ഞശാലയിലേക്കെത്തി സകലതും നശിപ്പിച്ച് യജ്ഞം മുടക്കുകയും ദക്ഷന്റെ തല പറിച്ചെടുത്ത് ഹോമാഗ്‌നിയിലേക്കെറിയുകയുമുണ്ടായി. തന്റെ കണ്‍മുമ്പില്‍ പോലും കൈവിട്ട സ്ഥിതി ശാന്തമാക്കാന്‍ ബ്രഹ്മാവ് ശിവനെ യജ്ഞശാലയിലേക്കാവാഹിച്ചു വരുത്തുകയും അദ്ദേഹത്തെ സ്തുതിക്കുകയും ചെയ്തു. ബ്രഹ്മദേവന്റെ അഭ്യര്‍ത്ഥന മാനിച്ച് പിന്നീട് പരമശിവന്‍ ഒരാടിന്റെ തല ഘടിപ്പിച്ച് ദക്ഷനെ പുനരുജ്ജീവിപ്പിച്ചു. ദക്ഷന് തന്റെ പൗരുഷമാര്‍ന്ന മുഖം എന്നെന്നേക്കുമായി നഷ്ടമായി.
ദക്ഷന്‍ പറ്റിപ്പോയ തെറ്റിനും തന്റെ അഹങ്കാരത്തിനും ക്ഷമായാചനം നടത്തി. ശിവന് യജ്ഞാംശം നല്കി പിന്നെ ചടങ്ങ് സമാപ്തമാക്കുകയുമുണ്ടായി. സതി പാര്‍വതീദേവിയായി പുനര്‍ജ്ജനിച്ച് വീണ്ടും ശിവപത്‌നിയായി.
പോരും അഹംഭാവവും അപകര്‍ഷവും മത്സരവുമൊക്കെ മര്‍ത്ത്യരില്‍ മാത്രമല്ല വിശിഷ്ട ജന്മങ്ങളായ ദേവന്മാരിലും ഉന്നതരിലും നടമാടിയിട്ടുണ്ട് എന്ന് ഈ കഥ സമര്‍ത്ഥിക്കുന്നു. നോക്കൂ, ഇവിടെ ബ്രഹ്മാവ് സംയമനം പാലിച്ചില്ലായിരുന്നെങ്കില്‍ യജ്ഞവേദി രണ്ട് മഹാശക്തികള്‍ (ശിവനും ബ്രഹ്മാവും) തമ്മിലുള്ള ഘോര പോരാട്ടമായി മാറുമായിരുന്നു. തുല്യശക്തികള്‍ തമ്മില്‍ പോരാടിയാല്‍ അത് പ്രകൃതിക്ക് കൂടി വിനാശകരമായാണ് ഭവിക്കുക എന്നൊരു സാരാംശം കൂടി ഇക്കഥയില്‍ ഉണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരാള്‍ സൗമ്യഭാവം സ്വീകരിക്കണം. ആപത്ത് തടുക്കുന്ന ആ വ്യക്തിയിലാണ് പുണ്യഫലവും യശസ്സും സന്നിവേശിക്കുക. തന്നോട് കോപിക്കുന്നവരോട് സൗമ്യത പുലര്‍ത്തുന്നവന്‍ കോപിക്കുന്നവന്റെ പുണ്യം കൂടി ആര്‍ജ്ജിക്കുന്നു.
ഒരാളുടെ വീട്ടകത്തേയും ബന്ധുത്വത്തിലേയും സ്ഥാനമാനങ്ങളും സമൂഹത്തിലെ ശ്രേണീബന്ധവും തമ്മില്‍ അന്തരമുണ്ട്. രണ്ടാമത്തേതിനാണ് ആദ്യത്തേക്കാള്‍ പ്രാധാന്യം.
കലിയുഗം/ സത്യാനന്തരകാലം
മഹാഭാരതേതിഹാസത്തില്‍ പ്രപഞ്ച കാലഗണന നാല് യുഗങ്ങളായാണ് നിജപ്പെട്ടിരിക്കുന്നത്. ആദ്യം സത്യയുഗം. അത് നാലായിരത്തിയെണ്ണൂറ് ദിവ്യവര്‍ഷങ്ങളാണ് (360 മനുഷ്യവര്‍ഷം= ഒരു ദിവ്യ വര്‍ഷം). മുവ്വായിരത്തി അറുനൂറ് ദിവ്യവര്‍ഷങ്ങള്‍ തേത്രായുഗം. രണ്ടായിരത്തി നാനൂറ് ദിവ്യവര്‍ഷങ്ങള്‍ ദ്വാപരയുഗം. കലിയുഗം ആയിരത്തി ഇരുനൂറ് ദിവ്യവര്‍ഷങ്ങളാണ്. ഏറ്റവും ശ്രേഷ്ഠവും ജീവികള്‍ക്ക് സുഖദായകവുമായ കാലം സത്യയുഗമാണ്. സത്യമാണായുഗത്തിന്റെ നാഥന്‍. പിന്നീട് ഓരോ യുഗത്തിലെത്തുമ്പോഴും സത്യവും ധര്‍മ്മവും നേര്‍ത്തു വരുന്നു. കലിയുഗത്തിലെത്തുമ്പോള്‍ ധര്‍മ്മം കാല്‍ പങ്കും അധര്‍മ്മം മുക്കാല്‍ പങ്കുമാകുന്നു.
ഇതിഹാസമാനത്തില്‍ നിന്ന് വിട്ട് ഭൗതികവും കാലികവുമായി കലിയുഗത്തെ നിര്‍വചിക്കണമെങ്കില്‍ അങ്ങനെയുമാകാം. അപ്പോള്‍ അതിന്റെ പേര് സത്യാനന്തരകാലം എന്നാണ്. സൗരയൂഥം ഏവര്‍ക്കും സുപരിചിതമാണല്ലോ. സൂര്യന്‍ നാഥനായ സൗരയൂഥത്തിലെ ഒരു ഗ്രഹം മാത്രമാണ് ഭൂമി. സൂര്യനാണ് ഓരോ ഗ്രഹത്തിന്റേയും ഊര്‍ജ്ജ ദാതാവ്. ഇങ്ങനെ അസംഖ്യം സൗരയൂഥങ്ങള്‍ പ്രപഞ്ചത്തില്‍ വേറേയുമുണ്ട്; കോടിക്കണക്കിന്. ഓര്‍ക്കുക, സംഖ്യകള്‍ക്ക് അവസാനമില്ല! ഈ അനന്തമായ സൗരയൂഥങ്ങള്‍ക്കും മീതെ ഒരു മഹാസുര്യനുണ്ട് (ൗെുലൃ ൗെി) മഹാസൂര്യന്‍ മാത്രമല്ല ഇപ്രകാരം മഹാസമുദ്രവുമുണ്ട് (ൗെുലൃ ീരലമി). ഭൂമി സമുദ്രത്തില്‍ താഴുകയും മഹാവിഷ്ണു വരാഹാവതാരമെടുത്ത് ഭൂമിയെ ഉയര്‍ത്തി പൂര്‍വ്വ നിലയിലാക്കി എന്നും കഥ കേള്‍ക്കുമ്പോള്‍, ഭൂമിയിലെ സമുദ്രത്തിലെങ്ങനെ ഭൂമി വീഴും എന്ന് സന്ദേഹിക്കുന്നവര്‍ ഓര്‍ക്കുക, ഭൂമി വീണത് ‘മഹാസമുദ്ര’ത്തിലാണ്! സൗരയൂഥത്തിലെ പ്രദക്ഷിണ രീതിയിലുള്ള ഗ്രഹങ്ങളുടെ ചലനത്തിലൂടെയാണ് കേന്ദ്രബിന്ദുവായ സൂര്യനില്‍ നിന്ന് അവ ഊര്‍ജ്ജം സ്വീകരിക്കുന്നതും പ്രാദേശികമായി ഋതുഭേദങ്ങളുണ്ടാകുന്നതും. ഇതുപോലെ ഈ സൗരയൂഥങ്ങള്‍ മൊത്തം മഹാസൂര്യനില്‍ നിന്ന് അകലുകയും അടുക്കുകയും ചെയ്യുന്നുണ്ട്. ദീര്‍ഘവൃത്താകൃതിയിലുള്ള വലം വെക്കല്‍ തന്നെ. എല്ലാ സൗരയൂഥങ്ങള്‍ക്കും എല്ലാ ഗ്രഹങ്ങള്‍ക്കും നില പ്രകാരം ഒരുപോലെയുള്ള ഊര്‍ജ്ജമല്ല അപ്പോള്‍ മഹാസൂര്യനില്‍ നിന്നും ലഭ്യമാകുക. ഇങ്ങനെ സൂപ്പര്‍ സൂര്യനില്‍ നിന്ന് സൗരയൂഥം/ഭൂമി ഏറ്റവും അടുപ്പമുള്ള കാലത്ത് പ്രഭാവശേഷി കൂടുതലായിരിക്കും. അതാണ് സത്യയുഗം. പിന്നെപ്പിന്നെ അകന്ന് ഏറ്റവും ദൂരെ പ്രഭാവം കുറഞ്ഞ രീതിയിലെത്തുന്നതാണ് കലിയുഗം. കറക്കമായതുകൊണ്ട് വീണ്ടും ഇതേ ക്രമത്തിലൂടെ കാലം കടന്നുപോകുന്നു.
മേല്‍ പ്രസ്താവിച്ച പ്രകാരം കലിയുഗം അവസാനിക്കുമ്പോള്‍ വീണ്ടും സത്യയുഗം ആരംഭിക്കുന്നു. ഇങ്ങനെ പന്തീരായിരം ദിവ്യവര്‍ഷങ്ങള്‍ ചേര്‍ന്നതാണ് ഒരു ചതുര്‍യുഗം. ഇത്തരം ആയിരം ചതുര്‍യുഗങ്ങള്‍ ആകുമ്പോള്‍ ബ്രഹ്മാവിന്റെ ഒരു പകല്‍ ഒടുങ്ങുന്നു. പിന്നെ ബ്രഹ്മാവിന്റെ നിദ്രയാണ്; രാത്രി. അപ്പോള്‍ മഹാപ്രളയം വന്ന് പ്രപഞ്ചമാകെ നശിക്കുന്നു. പിന്നീട് മൂലതത്വത്തില്‍ നിന്ന് ഇന്ദ്രജാലം കൊണ്ടെന്ന പോലെ വീണ്ടും എല്ലാം പുതുതായി ജനിക്കുന്നു. അതായത് ബ്രഹ്മാവിന്റെ രാത്രി കഴിഞ്ഞ് പകല്‍ പുലരുന്നു. ഇത് ഉള്‍ക്കൊള്ളലാണ് അതിജ്ഞാനം.
ഇപ്പോള്‍ ലോകത്തിന്റെ ഗതി കലിയുഗത്തിലാണ്. ഇതിഹാസകല്പനയില്‍ കലിയുഗത്തിന്റെ അവസാനമെത്തുമ്പോള്‍ സ്ഥിതി ഇപ്രകാരമായിരിക്കുമത്രെ: മനുഷ്യരില്‍ ഭൂരിഭാഗവും മിഥ്യാവാദികളായി തീരുന്നു. വാക്കും പ്രവൃത്തിയും തമ്മില്‍ വലിയ വ്യതിയാനം സംഭവിക്കും. സദാചാരങ്ങള്‍ അപ്രസക്തമായി ദുരാചാരങ്ങള്‍ പെരുകും. അരുത് എന്ന് വിലക്കിയതെല്ലാം ‘ആവാം’ എന്ന രീതിയിലേക്ക് പരിവര്‍ത്തനപ്പെടും. നുണയുടേയും അധര്‍മ്മത്തിന്റേയും മീതെ പണിത പളുങ്കുകൊട്ടാരമായിരിക്കും അപ്പോള്‍ ജീവിതം. വായു, ജലം, പ്രകാശം തുടങ്ങിയവ അത്യന്തം വിഷമയമാകുകയും ഇവ മനുഷ്യന് നേരിട്ട് സ്വാംശീകരിക്കാനാകാതാവുകയും വരും. പണ്ഡിതര്‍ ജ്ഞാനം വിറ്റ് ധനം സ്വരൂപിക്കും. സ്ത്രീകള്‍ക്ക് ആസക്തി ശമിക്കാതാകും. പക്ഷികള്‍ അപ്രത്യക്ഷമായി അവയില്‍ കാക്കകള്‍ മാത്രം പെരുകും. കപട പുരോഹിതര്‍ ധാരാളമുണ്ടാകും. ഭൂമിയില്‍ തട്ടിപ്പുകാരുടേയും അധാര്‍മ്മികരുടേയും ഭരണമുണ്ടാകും. പാപികളായ ഭരണാധികാരികളെ നിലനിര്‍ത്താന്‍ പണ്ഡിതര്‍ സംഹിതകളേയും മഹാഗ്രന്ഥങ്ങളേയും വക്രീകരിച്ചും തെറ്റിച്ച് വ്യാഖ്യാനിച്ചും അവരുടെ കുഴലൂത്തുകാരാകും. അവസാനം സമൂഹം ഇരുകൂട്ടരേയും വിലവെക്കാതാകും. ബലവാന്മാരായ ആളുകളിലായിരിക്കും ഏറിയ സമ്പത്തിന്റേയും ഉടമസ്ഥാവകാശം. പണമുണ്ടാക്കലും പ്രശസ്തിയും മാത്രം ആളുകളുടെ ജീവിത ലക്ഷ്യമാകുകയും സമ്പാദ്യമെല്ലാം പൊങ്ങച്ചം പ്രദര്‍ശിപ്പിക്കാന്‍ മുതല്‍മുടക്കുകയും ചെയ്യും. മനുഷ്യന് നിയന്ത്രിക്കാനാകാത്ത പുതിയ തരം രോഗങ്ങള്‍ ഉടലെടുക്കും. മഴ ഘട്ടം ഘട്ടമായി കുറയുകയും സമ്പത്തുണ്ടായിരിക്കെ ജീവികള്‍ക്ക് പട്ടിണി കിടക്കേണ്ടി വരികയും ചെയ്യും. ചൂട് ക്രമാതീതമായി കൂടും. ചെടികളും മരങ്ങളുമെല്ലാം അപ്രത്യക്ഷമാകും. ഒടുക്കം വായുവും ജലവും തീ പിടിക്കുന്ന അന്തരീക്ഷം സംജാതമാകും. അങ്ങനെ രൂപപ്പെടുന്ന അഗ്‌നി സര്‍വ്വവും ദഹിപ്പിക്കും. ശേഷം അനാദികാലം നീണ്ടുനില്ക്കുന്ന മഴ… പ്രളയം! ചൂട് കൂടുന്നതിനനുസരിച്ച് മഴക്ക് പെയ്‌തേ പറ്റൂ.
ഇരുളില്‍ പുഷ്പിക്കുന്ന പൂങ്കാവുകള്‍
ഭര്‍ത്താവ് നിരാസക്തനോ, ബലഹീനനോ അല്ലെങ്കില്‍ ദുരൂഹമായതരം സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലോ ആയാല്‍ ഭര്‍ത്താവിന്റേയോ രക്ഷിതാവിന്റേയോ സമ്മതത്തോടെ അന്യപുരുഷന്മാരില്‍ നിന്നും സന്താനപ്രാപ്തി നേടുന്ന പല മുഹൂര്‍ത്തങ്ങളും മഹാഭാരതത്തില്‍ ഉണ്ട്. ദാമ്പത്യജീവിതത്തില്‍ ഇതുപോലെയുള്ള ചില സമാന്തര ജീവിതങ്ങളും സംഭവിക്കാറുണ്ട്. അതുമുഴുവന്‍ അധമവികാരത്തിന്റെയോ അവിശുദ്ധാനുരാഗത്തിന്റെയോ അധോതലങ്ങളല്ല. ഒറ്റനോട്ടത്തില്‍ അനുവാചകന് ജുഗുപ്‌സാവഹമായി തോന്നുമെങ്കിലും നിയതി വിലാസത്തിന്റെ പൂര്‍ണ്ണതയ്ക്ക് ഈ വക കാര്യങ്ങള്‍ അനിവാര്യമായി ഭവിക്കുകയാണ്. അവിടെ അധാര്‍മ്മികതയുടെയോ ചാരിത്ര്യച്യുതിയുടേയോ പ്രശ്‌നമുദിക്കുന്നില്ല. നിറഞ്ഞുകവിഞ്ഞും സ്ഫടികവര്‍ണ്ണം പോലുള്ള തെളിനീരായും ഒഴുകുന്ന സ്വച്ഛമായ നദി ചിലയിടങ്ങളിലെത്തുമ്പോള്‍ ചേര്‍ച്ചയില്ലാത്തതും നുരയ്ക്കുന്നതും ചെളിക്കലക്കത്തോട് കൂടിയതുമായ കൈവഴികള്‍ സ്വീകരിക്കുന്നത് കാണാം. അംഗീകൃതമായ പുഴയുടെ അസ്തിത്വത്തിന് അപവാദമായ സംഗതിയാണത്. ആ ഘട്ടം കഴിഞ്ഞാല്‍ കലക്കവും ചെളിയും മാറി പുഴ പൂര്‍വ്വാധികം തെളിച്ചവും കാന്തിയും കൈവരിക്കുന്നു.
ശന്തനുരാജാവിന് സത്യവതിയിലുണ്ടായ പുത്രന്മാരാണ് ചിത്രാംഗദനും വിചിത്രവീര്യനും. രണ്ടുപേരും അമിതമായ പരിലാളനയാല്‍ വഷളായാണ് വളര്‍ന്നത്. ചിത്രാംഗദന്‍ വളരെ നേരത്തേ മരണപ്പെട്ടു. ഭീഷ്മരുടെ തണലില്‍ വിചിത്രവീര്യന്‍ രാജാവായി. ഭീഷ്മരെപ്പോലെ യുദ്ധവീരനൊന്നുമല്ല വിചിത്രവീര്യന്‍. സ്വയംവരമണ്ഡപത്തില്‍ നിന്ന് ഭീഷ്മര്‍ തട്ടിക്കൊണ്ടുവന്ന കന്യകകളെയാണ് (അംബികയും അംബാലികയും) വിചിത്രവീര്യന്‍ ഭാര്യമാരാക്കിയത്. അധികമായ വിഷയാസക്തിയില്‍ മുഴുകിയതുകൊണ്ടും മറ്റും ക്ഷയം വന്ന് അകാലത്തില്‍ വിചിത്രവീര്യനും മരിച്ചു. പത്‌നിമാര്‍ക്ക് മക്കളുണ്ടായിരുന്നില്ല. അടുത്ത രാജാവായ് ആരെ വാഴിക്കും? ഭീഷ്മര്‍ക്ക് ശപഥമുള്ളതിനാല്‍ രാജാവാകാനോ, വിവാഹിതനാകാനോ പറ്റില്ല.
ആ സന്ദിഗ്ദ്ധതയില്‍ സത്യവതി ഭീഷ്മരോടാലോചിച്ച് ഒരു തീരുമാനമെടുത്തു. നിയോഗം! അവര്‍, വിവാഹത്തിന് മുമ്പ് തനിക്ക് പരാശരമുനിയിലുണ്ടായ ആദ്യപുത്രനെ (സാക്ഷാല്‍ വേദവ്യാസനെ) വിളിച്ചുവരുത്തുകയും അനന്തരാവകാശികളുണ്ടാകാന്‍ വിചിത്രവീര്യന്റെ വിധവകളും യൗവ്വനം തെറ്റാത്തവരുമായ അംബികയേയും അംബാലികയേയും പ്രാപിച്ച് പുത്രോല്‍പ്പാദനം നടത്താന്‍ കല്പിക്കുകയും ചെയ്യുന്നു. അപ്രകാരം അംബികക്കുണ്ടായ പുത്രനാണ് കൗരവരുടെ പിതാവായ അന്ധനായ ധൃതരാഷ്ട്രര്‍. അംബാലികക്കുണ്ടായ പുത്രന്‍ പാണ്ഡവരുടെ പിതാവായ പാണ്ഡു. വിചിത്രവീര്യന്റെ മക്കളായി തന്നെയാണ് സമൂഹത്തില്‍ ധൃതരാഷ്ട്രരും പാണ്ഡുവും അറിയപ്പെട്ടത്. ശരിക്കുള്ള പിതൃത്വം രഹസ്യമാക്കി വെച്ചു. വേദവ്യാസന്റെ ജനനവും അരുതാത്ത ബന്ധത്തിലൂടെ സംഭവിച്ചതെന്ന് മനസ്സിലാക്കുക. സത്യവതി പരാശരമുനിയെ കടത്തുതോണിയില്‍ കാളിന്ദീനദി മുറിച്ചുകടത്തുമ്പോള്‍, പരാശരന്‍ സത്യവതിയുടെ സൗന്ദര്യത്തില്‍ നിലതെറ്റി കന്യകയെ സ്വന്തം ഇംഗിതത്തിന് വിധേയമാക്കുകയായിരുന്നു. ആ ബന്ധത്തില്‍ ഭൂജാതനായി വ്യാസന്‍. പിന്നീട് പരാശരമുനിതന്നെ തപോഫലത്താല്‍ കന്യകാത്വം നല്‍കി സത്യവതിയെ അനുഗ്രഹിക്കുന്നുണ്ട്.
വിചിത്രവീര്യന്റെ ദുര്‍വ്വിധി ‘മകനാ’യ പാണ്ഡുവില്‍ ആവര്‍ത്തിക്കുന്നു. പാണ്ഡുവിന് രണ്ട് പത്‌നിമാരായിരുന്നു. കുന്തിയും മാദ്രിയും. ഒരിക്കല്‍ നായാട്ടിന് പോയ പാണ്ഡു രണ്ട് മാനുകള്‍ ഇണചേരുന്നത് കണ്ടു. ജിജ്ഞാസ ഉണര്‍ന്ന പാണ്ഡു ഇരുമാനുകളേയും അമ്പെയ്തു വീഴ്ത്തി. പെട്ടെന്നവ നൂല്‍ബന്ധമില്ലാത്ത രണ്ട് മനുഷ്യരായി മാറി. കിന്ദമമഹര്‍ഷിയും പത്‌നിയും. മനുഷ്യരൂപത്തില്‍ സംഭോഗം ചെയ്യുന്നതില്‍ നാണക്കേട് തോന്നിയതുകൊണ്ട് മഹര്‍ഷിയും പത്‌നിയും മൃഗരൂപത്തിലേക്ക് മാറിയതാണ്. ഇരുവരും അവിടെവെച്ചുതന്നെ മരിച്ചു. മരിക്കുന്നതിന് മുമ്പ് കിന്ദമമഹര്‍ഷി പാണ്ഡുവിനെ ശപിച്ചു: ‘ക്രൂരാ, ഇനി എപ്പോഴെങ്കിലും നീ നിന്റെ പത്‌നിമാരെ ക്രീഡിക്കാനൊരുമ്പെട്ടാല്‍ ഇതുപോലെ നിനക്കും മരണം സംഭവിക്കും.’ ഘോരശാപം! പാണ്ഡുവിനും പത്‌നിമാര്‍ക്കും അതിയുവത്വം. അതുവരെ മക്കളായിട്ടില്ല. കുറേക്കാലം പാണ്ഡു കാമമോഹങ്ങള്‍ അടക്കി വനത്തില്‍ പത്‌നിമാരോടൊത്ത് വാനപ്രസ്ഥം അനുഷ്ഠിച്ച് ജീവിച്ചു. പക്ഷേ വിലക്കപ്പെട്ടതാകുമ്പോള്‍ അതിനോടുള്ള ആസക്തി ഏറുകയാണുണ്ടാകുക. ഒരു ദുര്‍ബല നിമിഷത്തില്‍ ശാപം മറന്ന് പാണ്ഡു മാദ്രിയെ പ്രാപിക്കാന്‍ ശ്രമിച്ചു. മരണം അനന്തരഫലം. പക്ഷേ മരണത്തിന് മുമ്പേ പാണ്ഡു ദീര്‍ഘവീക്ഷണത്തോടെ ചില കാര്യങ്ങള്‍ നടപ്പാക്കിയിരുന്നു. തന്റെ വംശം നിലനില്‍ക്കാന്‍ അദ്ദേഹത്തിന്റെ സമ്മതപ്രകാരം പത്‌നിമാര്‍ അതിപ്രഭാവശാലികളായ ദേവന്മാരില്‍ നിന്ന് പുത്രഭാഗ്യം നേടി. അങ്ങനെ കുന്തിക്കും മാദ്രിക്കും കരുത്തരും ദേവാംശമുള്ളവരുമായ സന്തതികളുണ്ടായി. അവരാണ് പഞ്ചപാണ്ഡവര്‍. പാണ്ഡുവിന്റെ മക്കളായി തന്നെയാണ് അവരും സമൂഹത്തില്‍ അറിയപ്പെട്ടത്.
ജീവിതം ഒരിക്കലും നേര്‍രേഖ പോലുള്ള സുഗമപാതയല്ല. വംശാവലികളുടെ പൈതൃകം ചികഞ്ഞാല്‍ കൈവഴി തെറ്റുന്ന അമ്പരപ്പിക്കുന്ന അതിരഹസ്യങ്ങള്‍ പലതും വെളിപ്പെട്ടെന്നുവരാം.
ജീവിത നിര്‍ദ്ധാരണം
വനവാസക്കാലത്ത് സരസ്വതീ നദീതീരത്ത് പര്‍ണ്ണശാലകെട്ടി താമസിക്കവെ പാണ്ഡവരെ കാണാന്‍ മാര്‍ക്കണ്ഡേയ മഹര്‍ഷിയെത്തുന്നു. യുധിഷ്ഠിരന്‍ മഹര്‍ഷിയെ യഥാവിധി പൂജിച്ചിരുത്തി. പിന്നെ എത്രയൊക്കെ തത്വജ്ഞാനം നേടിയിട്ടും പൂര്‍ണ്ണഗ്രാഹ്യവും സംതൃപ്തിയും തരാത്ത ഗഹനമായൊരു വിഷയനിവാരണത്തെ കുറിച്ച് യുധിഷ്ഠിരന്‍ തിരക്കുന്നു:
‘മഹര്‍ഷേ, ധര്‍മ്മങ്ങള്‍ മുറ തെറ്റാതെ പാലിച്ചിട്ടും എനിക്ക് സുഖം കിട്ടാതെ ദു:ഖം മാത്രം. സകല അധര്‍മ്മങ്ങളിലും വിരാജിക്കുന്ന ദുര്യോധനാദികള്‍ ഇതാ ഐശ്വര്യശാലികളും. അതുകാണുമ്പോഴുള്ള വേദനകൊണ്ട് ചോദിച്ചുപോകുകയാണ്. ഇതെന്തുകൊണ്ട്? കര്‍മ്മഫലങ്ങളെ ഈശ്വരന്‍ എങ്ങനെ നിര്‍വ്വചിക്കുന്നു?’
ഇതിന്മേല്‍ മാര്‍ക്കണ്ഡേയ മഹര്‍ഷി യുധിഷ്ഠിരന് നല്‍കിയ മറുപടി ശരിയാംവിധം ഗ്രഹിച്ചാല്‍ ആ ആള്‍ക്ക് ജീവിതം പിടികിട്ടും. സമ്മര്‍ദ്ദത്തില്‍ നിന്നയവുണ്ടാകും.
‘ധാരാളം ദുഷ്‌ചെയ്തികള്‍ പ്രവര്‍ത്തിക്കുന്ന ഒരുവന്‍ സുഖിമാനായും സല്‍പ്രവര്‍ത്തികള്‍ ചെയ്യുന്നയാള്‍ ദുരിതക്കയങ്ങളില്‍പ്പെട്ടുഴലുകയും ദാരുണപീഡകളേല്‍ക്കുന്നതും നീ കാണുന്നുവോ? ഇതാണതിന്റെ സാരം: ഒരാള്‍ക്ക് ആ ജന്മത്തില്‍ തന്നെ മുഴുവന്‍ കര്‍മ്മഫലങ്ങള്‍ അനുഭവിക്കാന്‍ പറ്റിയെന്ന് വരില്ല. ചിലപ്പോഴത് സാധ്യമാവുകയുമാവാം. നല്ലതും ദുഷിച്ചതുമായ കര്‍മ്മങ്ങളുടെ ഫലം പൂര്‍ത്തിയാകാത്തവര്‍ അടുത്ത ജന്മം തേടുമ്പോള്‍ പ്രാണന്‍ കര്‍മ്മഫലവാഹകനാകുന്നു. നന്മകള്‍, ശാപങ്ങള്‍, ഇച്ഛകള്‍, അനുഗ്രഹം ഒക്കെ ഇങ്ങനെ വ്യവഹരിക്കപ്പെടുന്നു. ജീവിതം അനിശ്ചിതമാകുന്നതും, വൈവിദ്ധ്യാത്മകമാവുന്നതും മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഭാഗ്യനിര്‍ഭാഗ്യങ്ങളുണ്ടാകുന്നതും ഇപ്രകാരമാണ്. ഈ അനിശ്ചിതത്വം തന്നെയാണ് ജീവിതത്തെ പ്രഹേളികയാക്കുന്നത്. അതില്‍ മനുഷ്യന് ഇടപെടാനോ, തിരുത്താനോ കഴിയില്ല. പ്രകൃതി അത്തരത്തില്‍ ഒരുക്കപ്പെട്ടതാണ്. അതിന് ഒരുകാലത്തും മാറ്റമില്ല. നിനക്ക് സന്ദേഹം തോന്നുന്നത് നീ ക്ഷണികമായ ഈ ജന്മത്തെ മാത്രം മുന്നില്‍ കാണുന്നതുകൊണ്ടാണ്. നിരാശനാകേണ്ടതില്ല. നിന്റെ എല്ലാ പ്രവൃത്തിക്കും ഫലം സുനിശ്ചിതം. ദുര്യോധനന്‍ ഏതെങ്കിലും തരത്തില്‍ ഇപ്പോഴും സൗഖ്യമനുഭവിക്കുന്നുവെങ്കില്‍ അതയാള്‍ മുജ്ജന്മത്തില്‍ ചെയ്തുപോയി, അനുഭവിക്കാനാകാത്ത സുകൃതമാണ്. അത് തീര്‍ന്നാല്‍ അയാള്‍ക്ക് നിന്നോട് ചെയ്ത അധാര്‍മ്മികതയുടെ ഫലമനുഭവിക്കേണ്ടിവരും. അതുപോലെതന്നെയാണ് നിങ്ങളുടെ ദുരിതത്തിന്റെ കഥയും. ഈ അനുഭവിക്കുന്ന യാതനകളുടെ കാലം കഴിഞ്ഞ് ഐശ്വര്യപൂര്‍ണ്ണമായൊരു കാലം നിനക്കും സംജാതമാകും.’
കയറ്റവും ഇറക്കവും പ്രകൃതി പ്രതിഭാസമാണ്. അങ്ങനെതന്നെ മനുഷ്യജീവിതവും വിധാതാവ് നിജപ്പെടുത്തിയിരിക്കുന്നു. എന്നും സുഖത്തിന്റേയോ, ദു:ഖത്തിന്റേയോ ഒരേ അവസ്ഥ ആരുടെ ജീവിതത്തിലും സാധ്യമല്ല. തട്ടുമുട്ടുകളൊന്നുമില്ലാതെ ഹിതകരമായ കാര്യങ്ങള്‍ മാത്രം ഒരാളുടെ ജീവിതത്തില്‍ പുലരുന്നുവെങ്കില്‍ സൂക്ഷിക്കുക, വലിയ പരീക്ഷണങ്ങള്‍ ഇനി ആ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നു!
ലോകത്ത് ആരും എന്നും ഒരുപോലിരിക്കില്ല. ഉല്‍ക്കര്‍ഷവും അപകര്‍ഷവും ഉണ്ടാകും. അല്ലാത്ത ഇഹജീവിതം അസ്വാഭാവികമാണ്.
കര്‍ണ്ണന്‍
ഒരേ ഭൂമികയില്‍ തുല്യ ശക്തിശാലികളായ രണ്ടുപേരെ അവതരിപ്പിക്കല്‍ പ്രകൃതിയുടെ കുസൃതിയാണ്. മലയാളസിനിമയില്‍ രണ്ട് സൂപ്പര്‍താരങ്ങള്‍ വാഴുന്നു. കാഴ്ചപ്പാടുകള്‍ ആപേക്ഷികമാണ്. അതുകൊണ്ട് ഇവരില്‍ ആരാണ് കേമന്‍ എന്ന് ചോദിച്ചാല്‍ തീര്‍പ്പ് പ്രയാസമാണ്. അതുപോലെ തന്നെയാണ് ഇതിഹാസത്തിലെ അര്‍ജ്ജുനനും കര്‍ണ്ണനും. വാസ്തവത്തില്‍ മുന്‍തൂക്കം കൂടുതല്‍ അര്‍ജ്ജുനന് തന്നെ. പക്ഷെ ജന്മസിദ്ധമായി കര്‍ണ്ണന് ലഭിച്ച കവചകുണ്ഡലങ്ങളും, എന്തും ദാനം നല്‍കി അര്‍ത്ഥിയെ തൃപ്തിപ്പെടുത്തുന്ന മഹാമനസ്‌കതയും ആ മുന്‍തൂക്കത്തെ നേര്‍പ്പിക്കുന്നു. ശത്രുവിന്റെ പ്രഹരം പ്രതിരോധിക്കാനായില്ലെങ്കിലും കര്‍ണ്ണനിലെ സ്വാഭാവികകവചം സ്വയം പ്രവര്‍ത്തനനിരതമായി അതിനെ തടുക്കും. ഒരായുധത്തിനും കര്‍ണ്ണനെ മുറിവേല്പിക്കാനാവില്ല! വരാന്‍പോകുന്ന ജീവിതപരീക്ഷണങ്ങളെ മുന്‍കണ്ട് സൂര്യദേവന്‍ മകന് കനിഞ്ഞ വരപ്രസാദം. ഇങ്ങനെയൊരു പരിച തനിക്കുണ്ട് എന്ന തിരിച്ചറിവ് കര്‍ണ്ണനെ നിര്‍ഭയനും അതിവീരനുമാക്കി. കര്‍ണ്ണനും അര്‍ജ്ജുനനും ദേവാംശം പേറുന്നവരും ഒരേ മാതാവിന്റെ പുത്രരുമാണെങ്കിലും കര്‍ണ്ണന്‍ വളര്‍ന്നത് ധൃതരാഷ്ട്രരുടെ തേരാളിയായ അതിരഥന്റെ മകനായാണ്. അതിനാല്‍ മുതിര്‍ന്നപ്പോള്‍ സൂതപുത്രന്‍ എന്ന അപകര്‍ഷതാബോധം അദ്ദേഹത്തെ സദാ വേട്ടയാടിക്കൊണ്ടിരുന്നു. അതുകൊണ്ടൊരിക്കലും ആയുധപാടവത്തിലൊഴികെ അര്‍ജ്ജുനന്റെ ഔന്നത്യത്തിനരുകിലെത്താന്‍ കര്‍ണ്ണന് കഴിഞ്ഞില്ല. ഏകലവ്യനെപോലെ ധനുര്‍വിദ്യയോടുള്ള അടക്കാനാവാത്ത അഭിനിവേശം തന്നെയാണ് കര്‍ണ്ണനെ സൂതപുത്രനായിട്ടും വ്യവസ്ഥിതിയുടെ പ്രതികൂലതയേറെയുണ്ടായിട്ടും ശ്രദ്ധേയനാക്കിയത്. ഏകലവ്യനെ നിര്‍വീര്യനാക്കിയതുപോലെ ദ്രോണര്‍ക്ക് കര്‍ണ്ണനെ ഒതുക്കാനായില്ല. ആദ്യമായി കര്‍ണ്ണനും അര്‍ജ്ജുനനും ആയുധമേന്തി മുഖാമുഖം വരുന്നത് രാജകുമാരന്മാരുടെ അഭ്യാസകാഴ്ചയുടെ വേദിയിലാണ്. ക്ഷണിക്കപ്പെടാതെ അവിടെയെത്തിയ കര്‍ണ്ണന്‍ അര്‍ജ്ജുനനെ വെല്ലുവിളിക്കുന്നു. അന്നത്തെ കാലത്ത് ഒരു രാജകുമാരനെ സൂതന്‍ വെല്ലുവിളിക്കുക എന്നത് സങ്കല്‍പ്പിക്കാവുന്നതിലുമപ്പുറമുള്ള താന്‍പോരിമയാണ്. അതില്‍ നിന്നുതന്നെ കര്‍ണ്ണന്റെ ആയുധവിദ്യയിലെ ആത്മവിശ്വാസം ഊഹിച്ചെടുക്കാം. അവിടെ വെച്ച് ഇരുവരും അഭ്യാസം കാണിച്ച് ശക്തിപ്രകടനം നടത്തി എന്നല്ലാതെ യുദ്ധം ചെയ്യാനുള്ള അവസരം ആചാര്യരുടെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ ഒഴിവായി. യുദ്ധം ഉണ്ടായാല്‍ കര്‍ണ്ണന്‍, താന്‍ വളര്‍ത്തിയെടുത്ത അരുമശിഷ്യനായ അര്‍ജ്ജുനനെ തോല്പിക്കുമോ എന്ന സന്ദേഹം ദ്രോണരിലുളവായിരുന്നു. എങ്കില്‍ ഗുരു എന്ന നിലയിലുള്ള തന്റെ മതിപ്പ് കുറയുമെന്നും ദ്രോണര്‍ കണക്ക്കൂട്ടി. പിന്നീടങ്ങോട്ട് കര്‍ണ്ണനെ തേജോവധം ചെയ്യുന്നതില്‍ ആ ബ്രാഹ്മണന്‍ രസം കണ്ടെത്തി. തുടര്‍ന്ന് ജീവിതകാലം മുഴുവന്‍ ബദ്ധവൈരികളായി തന്നെ കര്‍ണ്ണനും അര്‍ജ്ജുനനും നിലകൊണ്ടു. അനവധി തവണ അവര്‍ നേര്‍ക്കുനേര്‍ മുട്ടുന്നു.
അനന്തരം കുരുക്ഷേത്രയുദ്ധത്തില്‍ ആരാണ് കേമന്‍ എന്നതിന് അറുതിയായി. പക്ഷെ കര്‍ണ്ണന്റേത് പ്രകാശമാനമായ തോല്‍വിയാണ്. വിജയത്തേക്കാള്‍ ലഹരിയുള്ള തോല്‍വി! കൊടിയ യുദ്ധം തന്നെ അന്നു നടന്നു. അവസാനം ശത്രുവിനാല്‍ പരാജിതനായ കര്‍ണ്ണന്റെ ശിരസ്സ് മുറിഞ്ഞുവീഴാന്‍ അര്‍ജ്ജുനന്റെ ആയുധബലം മാത്രമല്ല വേറേയും അനവധി ഘടകങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ദ്രന്‍ ചതിയാല്‍ കര്‍ണ്ണന്റെ കവചകുണ്ഡലങ്ങള്‍ ഇരന്നുവാങ്ങിയിരുന്നു. പിന്നെ ശ്രീകൃഷ്ണന്‍ എന്ന അതിശക്തനായ മഹാപുരുഷന്റെ രാഷ്ട്രീയം. കൃഷ്ണനായിരുന്നു എന്നും അര്‍ജ്ജുനന്റെ ബലം. അതുപോലൊരു ഉപോല്‍ബലകശക്തി കര്‍ണ്ണനുണ്ടായിരുന്നില്ല. ധാര്‍മ്മികബോധം കൂടുതല്‍ അര്‍ജ്ജുനനായിരുന്നു. ദുര്യോധനന്‍, ശകുനി പോലുള്ള ദുഷ്ടന്മാരുടെ കൂട്ടുകെട്ടിനാല്‍ ജന്മനാ ഉണ്ടായിരുന്ന ചില ഗുണങ്ങള്‍ കര്‍ണ്ണന് നഷ്ടപ്പെടുകയും ചെയ്തു. മാത്രമല്ല അര്‍ജ്ജുനന്‍ തികഞ്ഞ പ്രായോഗികമതിയായിരുന്നു. കര്‍ണ്ണന്‍ വൈകാരികമായാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നത്. ദാനശീലം, വാക്ക് മാറ്റിപറയാനുള്ള പ്രയാസം തുടങ്ങിയ കര്‍ണ്ണന്റെ ഗുണങ്ങള്‍ ശത്രുക്കള്‍ നന്നായുപയോഗിച്ചു. ഏറ്റ ശാപങ്ങളും കര്‍ണ്ണന് വിലങ്ങുതടിയായി. കര്‍ണ്ണന്‍ ശാപങ്ങള്‍ വാരിക്കൂട്ടുന്നതിന് സമാന്തരമായി അര്‍ജ്ജുനന്‍ മഹാത്മാക്കളില്‍ നിന്നും ദേവന്മാരില്‍ നിന്നും അനുഗ്രഹം ഏറ്റുവാങ്ങുകയായിരുന്നു. ദിവ്യാസ്ത്രങ്ങളും കൂടുതല്‍ അര്‍ജ്ജുനനായിരുന്നു. മഹാദേവന്‍ പരമേശ്വരന്‍ വരെ നേരിട്ട് അര്‍ജ്ജുനന് ദിവ്യായുധം നല്‍കിയിട്ടുണ്ട്. പരശുരാമനില്‍ നിന്ന് ബ്രഹ്മാസ്ത്രമെന്ന പ്രപഞ്ചത്തിലെ ഏറ്റവും വിനാശകരമായ ആയുധം കര്‍ണ്ണന്‍ വര്‍ഷങ്ങളുടെ കഷ്ടപ്പാടുകള്‍ സഹിച്ച് നേടിയെടുക്കുന്നുണ്ടെങ്കിലും അതേസമയം ബ്രഹ്മാസ്ത്രം ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഉപകാരപ്പെടാതെ പോകട്ടെ എന്ന ശാപവും ഗുരുവില്‍ നിന്ന് കിട്ടുന്നു.
ഈ പ്രതികൂലഘടകങ്ങള്‍ ഒന്നും ഇല്ലാതെ കര്‍ണ്ണനും അര്‍ജ്ജുനനും നേര്‍യുദ്ധം ചെയ്താല്‍….! ആരു ജയിക്കുമായിരുന്നു?!
കാലത്തിന്റെ വ്യാകരണം തെറ്റിക്കാന്‍ ആര്‍ക്കു കഴിയും?
മനുഷ്യന്‍ ഇഹജീവിതചക്രത്തിലെ ഒരു കരു മാത്രമാണ്. അര്‍ജ്ജുനന്‍ ഒന്നാമനാകേണ്ടത് അല്ലെങ്കില്‍ ജയിക്കേണ്ടത് ധര്‍മ്മത്തിന്റെ പരിപാലനത്തിന് അനിവാര്യമായിരുന്നു. അതറിഞ്ഞിട്ടും ചില സന്ദര്‍ഭങ്ങളില്‍ കര്‍ണ്ണന്‍ ജയിച്ചിരുന്നെങ്കില്‍ എന്ന് നമ്മള്‍ ഉള്ളാലെ വ്യാമോഹിച്ചിട്ടും പ്രാര്‍ത്ഥിച്ചിട്ടും ഇല്ലേ? മനുഷ്യപ്രകൃതം അങ്ങനെയാണ്. അത് ഉള്ളിലെ തിന്മയുടെ മേധാവിത്വമല്ല. അര്‍ഹതയുണ്ടായിട്ടും വിധിവിലാസങ്ങളാല്‍ പരാജയപ്പെടുന്നവനോടുള്ള മമതയും അനുകമ്പയും ആരാധനയും മാത്രം. കര്‍ണ്ണന്‍ നിര്‍ഭാഗ്യവാനായിരുന്നു. പ്രതിഭാവിശേഷമേറെയുണ്ടായിട്ടും തന്റേതല്ലാത്ത കാരണങ്ങളാല്‍ അംഗീകരിക്കപ്പെടാതെ പോയ നോവിന്റെ പ്രതിരൂപം. ഏതുകാലത്തെ സമൂഹത്തിലും ഏതു മേഖലയിലേയും തിരസ്‌കൃതന്റെ പ്രതിനിധി.
ഒരുവന് പലവട്ടം ശ്രമിച്ചിട്ടും ഫലം ലഭിക്കാത്തതിന് മാനുഷേതരമായ കാരണങ്ങളുണ്ടാകുമെന്ന് ആചാര്യമതം.