Sunday, July 13, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍

യോഗാചാര്യൻ വി.എസ്. ഭഗത് കുമാർ

Print Edition: 27 June 2025

ഹിമാലയത്തിലെ മഞ്ഞുപുതച്ച ഒരു കൊടുമുടിയുടെ താഴ്വരയില്‍, ഗംഗയുടെ കളകളാരവം മാത്രം കേള്‍ക്കുന്ന ഒരു ഗുഹ. അവിടെ, ബാഹ്യലോകവുമായി ഒരു ബന്ധവുമില്ലാതെ, സ്വന്തം ശ്വാസത്തിലും ചിന്തയിലും മാത്രം ശ്രദ്ധിച്ച് ധ്യാനിക്കുന്ന ഒരു യോഗി. നൂറ്റാണ്ടുകളോളം ഭാരതത്തിന്റെ ആത്മീയതയുടെ പ്രതിരൂപമായിരുന്നു ഈ ചിത്രം.

ഇനി, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലോകത്തേക്ക് വരാം. കാലിഫോര്‍ണിയയിലെ ഒരു സര്‍വകലാശാലയിലെ ന്യൂറോസയന്‍സ് ലാബില്‍, ധ്യാനിക്കുന്ന ഒരു സന്നദ്ധപ്രവര്‍ത്തകന്റെ തലച്ചോറിലെ മാറ്റങ്ങള്‍ എഫ്.എം.ആര്‍.ഐ സ്‌കാനര്‍ ഒപ്പിയെടുക്കുന്നു. ലണ്ടനിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ബോര്‍ഡ് റൂമില്‍, ഒരു പ്രധാന മീറ്റിംഗിന് മുന്‍പ് എക്‌സിക്യൂട്ടീവുകള്‍ കണ്ണുകളടച്ച് ‘മൈന്‍ഡ്ഫുള്‍നെസ്’ പരിശീലിക്കുന്നു. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ആയിരക്കണക്കിന് ആളുകള്‍ ഒരുമിച്ച് യോഗാ മാറ്റുകള്‍ വിരിച്ച് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നു.

ഈ രണ്ട് ദൃശ്യങ്ങള്‍ തമ്മിലുള്ള അകലം കേവലം കാലത്തിന്റെയോ ദൂരത്തിന്റെയോ മാത്രമല്ല, ഒരു പുരാതന ദര്‍ശനത്തിന് സംഭവിച്ച അവിശ്വസനീയമായ പരിണാമത്തിന്റേതാണ്. യോഗയുടെ ഈ ആഗോള പ്രയാണത്തിന് പിന്നിലെ ഏറ്റവും നിര്‍ണായകമായ പ്രേരകശക്തിയും ദാര്‍ശനികമായ അടിത്തറയും ഒരു വ്യക്തിയുടെ ഇടപെടലായിരുന്നു സ്വാമി വിവേകാനന്ദന്‍.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍, യോഗ എന്നത് ഒന്നുകില്‍ സന്യാസിമാരുടെ നിഗൂഢമായ അനുഷ്ഠാനമോ, അല്ലെങ്കില്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായ കായിക അഭ്യാസപ്രകടനമോ ആയി മുദ്രകുത്തപ്പെട്ടിരുന്നു. കൊളോണിയല്‍ ഭരണകൂടവും പാശ്ചാത്യ യുക്തിവാദവും അതിനെ അന്ധവിശ്വാസമെന്ന് പുച്ഛിച്ചുതള്ളി. ഭാരതത്തിലെ വിദ്യാസമ്പന്നര്‍ പോലും സ്വന്തം പൈതൃകത്തെ സംശയത്തോടെ വീക്ഷിച്ചു. ഈ ചരിത്രപരമായ സന്ധിയില്‍, പതഞ്ജലിയുടെ യോഗസൂത്രങ്ങള്‍ക്ക് ഒരു പുതിയ ഭാഷ്യം നല്‍കുക വഴി വിവേകാനന്ദന്‍ നടത്തിയത് കേവലം ഒരു വ്യാഖ്യാന പ്രവര്‍ത്തനമായിരുന്നില്ല. അതൊരു ദാര്‍ശനികമായ പുനരുത്ഥാനവും, ആധുനികതയുടെയും ശാസ്ത്രീയ ഭൗതികവാദത്തിന്റെയും കൊളോണിയലിസത്തിന്റെയും വെല്ലുവിളികള്‍ക്കുള്ള ഒരു നാഗരികമായ മറുപടിയുമായിരുന്നു (A Civilizational response).

യോഗയെ അതിന്റെ രഹസ്യാത്മകമായ പുറംതോടില്‍ നിന്ന് വേര്‍പെടുത്തി, അതിന്റെ ആന്തരിക സത്തയെ മനസ്സിന്റെ നിയന്ത്രണം എന്ന ശാസ്ത്രത്തെ ആധുനിക മനുഷ്യന് മനസ്സിലാകുന്ന ഭാഷയില്‍ അദ്ദേഹം പുനരവതരിപ്പിച്ചു. ഇതൊരു പരിഭാഷയായിരുന്നില്ല, ഒരു പരിവര്‍ത്തനമായിരുന്നു. ഈ ബൃഹത്തായ പഠനം, സ്വാമി വിവേകാനന്ദന്‍ എങ്ങനെയാണ് ആധുനിക യോഗയുടെ ദാര്‍ശനികവും മനഃശാസ്ത്രപരവുമായ ചട്ടക്കൂടിന്റെ ശില്പിയായി മാറിയതെന്ന് സമഗ്രമായി അപഗ്രഥിക്കാനുള്ള ഒരു ശ്രമമാണ്. പതഞ്ജലിയുടെ സൂത്രങ്ങളുടെ ഇരുണ്ട ഇടനാഴികളിലേക്ക് അദ്ദേഹം എങ്ങനെ പ്രവേശിച്ചു, അതിലെ ആശയങ്ങളെ ആധുനിക മനഃശാസ്ത്രവുമായും ശരീരശാസ്ത്രവുമായും എങ്ങനെ ബന്ധിപ്പിക്കാന്‍ ശ്രമിച്ചു, യോഗയെ ഒരു സമഗ്ര ജീവിത പദ്ധതിയായി എങ്ങനെ വികസിപ്പിച്ചു, അദ്ദേഹത്തിന്റെ ഈ ഇടപെടല്‍ ലോകമെമ്പാടും യോഗയുടെ ഗതിയെ എങ്ങനെ എന്നെന്നേക്കുമായി മാറ്റിമറിച്ചു എന്നൊരു കാഴ്ചപ്പാടിലൂടെ നമുക്ക് ഒന്ന് യാത്ര ചെയ്തു നോക്കിയാല്‍ ചില ഉത്തരങ്ങള്‍ ലഭിക്കാതിരിക്കില്ല അത് വിവേകാനന്ദന്റെ ഒരു സംഭാവനയുടെ ചരിത്രമല്ല, മറിച്ച് അദ്ദേഹം ഒരു വിജ്ഞാന ശാഖയ്ക്ക് നല്‍കിയ പുനര്‍ജ്ജന്മത്തിന്റെ ആഴത്തിലുള്ള അപഗ്രഥനമാണ് എന്ന് നമുക്ക് കണ്ടെത്താന്‍ സാധിക്കുന്നു.

വിവേകാനന്ദന്റെ ലോകം: പ്രതിസന്ധിയിലായിരുന്ന ഒരു പൈതൃകം
വിവേകാനന്ദന്റെ ഇടപെടലിന്റെ വിപ്ലവകരമായ സ്വഭാവം പൂര്‍ണ്ണമായി മനസ്സിലാക്കാന്‍, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ യോഗ നേരിട്ടിരുന്ന ബഹുമുഖമായ പ്രതിസന്ധികളെക്കുറിച്ച് ആഴത്തില്‍ അറിയേണ്ടതുണ്ട്. അത് ഒരു ദാര്‍ശനികവും സാമൂഹികവും രാഷ്ട്രീയവുമായ പ്രതിസന്ധിയായിരുന്ന ഗ്രന്ഥങ്ങളുടെ കോട്ടകളില്‍ പാണ്ഡിത്യത്തിന്റെ ദുര്‍ഗ്രാഹ്യതയും സൂത്രശൈലിയുടെ സങ്കീര്‍ണ്ണതയും യോഗദര്‍ശനത്തിന്റെ ആധികാരിക ഗ്രന്ഥം പതഞ്ജലിയുടെ യോഗസൂത്രങ്ങളാണെങ്കിലും, അത് സാധാരണക്കാരനില്‍ നിന്ന് ബഹുദൂരം അകന്നുനിന്നു. പാണിനിയുടെ വ്യാകരണ പാരമ്പര്യത്തില്‍ നിന്ന് രൂപംകൊണ്ട സൂത്രസാഹിത്യം, ഓര്‍മ്മസഹായികളായി വര്‍ത്തിക്കാനാണ് രൂപകല്‍പ്പന ചെയ്തത്. ഒരു സൂത്രം, ഏറ്റവും കുറഞ്ഞ വാക്കുകളില്‍ പരമാവധി ആശയം ഒതുക്കിയ ഒരു ഫോര്‍മുലയാണ്.

ഉദാഹരണത്തിന് ഭക്ലേശമൂലഃ കര്‍മ്മാശയഃ ദൃഷ്ടാദൃഷ്ടജന്മവേദനീയഃഭ (യോഗസൂത്രം 2.12) എന്ന സൂത്രത്തിന്, ‘നമ്മുടെ കര്‍മ്മങ്ങളുടെയെല്ലാം ശേഖരത്തിന് കാരണം അവിദ്യ തുടങ്ങിയ ക്ലേശങ്ങളാണ്, ആ കര്‍മ്മങ്ങള്‍ ഈ ജന്മത്തിലും വരും ജന്മങ്ങളിലും ഫലം തരും’ എന്ന് ലളിതമായി പറയാമെങ്കിലും, ‘ക്ലേശം’, ‘കര്‍മ്മാശയം’, ‘ദൃഷ്ട’, ‘അദൃഷ്ട’ തുടങ്ങിയ ഓരോ വാക്കിനും വിശദമായ വ്യാഖ്യാനം ആവശ്യമാണ്. ഈ വ്യാഖ്യാനമില്ലാതെ സൂത്രങ്ങള്‍ കടങ്കഥകള്‍ പോലെ തോന്നും.

ഭാഷ്യങ്ങളുടെ ബഹുസ്വരത
യോഗസൂത്രങ്ങള്‍ക്ക് നിരവധി വ്യാഖ്യാനങ്ങള്‍ (ഭാഷ്യങ്ങള്‍) ഉണ്ടായിട്ടുണ്ട്. വേദവ്യാസന്റെ ‘യോഗഭാഷ്യം’ ഏറ്റവും പ്രാമാണികമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ അതിനുശേഷവും, വാചസ്പതി മിശ്രന്റെ ‘തത്ത്വവൈശാരദി’, ഭോജരാജന്റെ ‘രാജമാര്‍ത്താണ്ഡം’, വിജ്ഞാനഭിക്ഷുവിന്റെ ‘യോഗവാര്‍ത്തികം’ തുടങ്ങിയ പ്രമുഖ വ്യാഖ്യാനങ്ങള്‍ ഉണ്ടായി. ഇവര്‍ ഓരോരുത്തരും തങ്ങളുടെ സ്വന്തം ദാര്‍ശനിക കാഴ്ചപ്പാടുകള്‍ക്കനുസരിച്ചാണ് (അദ്വൈതം, സാംഖ്യം തുടങ്ങിയവ) സൂത്രങ്ങളെ വ്യാഖ്യാനിച്ചത്. ഇത് യോഗദര്‍ശനത്തില്‍ തന്നെ ഒരു ബഹുസ്വരതയും ചിലപ്പോള്‍ പരസ്പരവിരുദ്ധമെന്ന് തോന്നാവുന്ന വാദങ്ങളും സൃഷ്ടിച്ചു. ഒരു സാധാരണക്കാരന്, എന്തിന്, ഒരു പണ്ഡിതന് പോലും ഈ വ്യാഖ്യാനങ്ങളുടെയെല്ലാം സങ്കീര്‍ണ്ണതയില്‍ വഴിതെറ്റിപ്പോകാന്‍ എളുപ്പമായിരുന്നു. യോഗ, ജീവിക്കേണ്ട ഒരു ദര്‍ശനമെന്നതിലുപരി, ചര്‍ച്ച ചെയ്ത് ജയിക്കേണ്ട ഒരു പാണ്ഡിത്യ വിഷയമായി അധഃപതിച്ചു.

ജനകീയ ധാരണകള്‍: ഹഠയോഗവും സിദ്ധപാരമ്പര്യവും പാണ്ഡിത്യത്തിന്റെ ഉയര്‍ന്ന തലങ്ങളില്‍ യോഗ ഒരു ദാര്‍ശനിക ചര്‍ച്ചയായിരുന്നപ്പോള്‍, ജനകീയ തലത്തില്‍ അതിന്റെ മുഖം മറ്റൊന്നായിരുന്നു.

ഹഠയോഗത്തിന്റെ പ്രാമുഖ്യം:
‘ഹഠയോഗ പ്രദീപിക’ പോലുള്ള ഗ്രന്ഥങ്ങള്‍ രാജയോഗത്തിനുള്ള ഒരു തയ്യാറെടുപ്പായാണ് ഹഠയോഗത്തെ അവതരിപ്പിച്ചതെങ്കിലും, കാലക്രമേണ അതിന്റെ മാര്‍ഗ്ഗങ്ങള്‍ ഒരു ലക്ഷ്യമായി മാറി. അതിലെ ‘ഷഡ്കര്‍മ്മങ്ങള്‍’ (ഉദാഹരണത്തിന്, ‘ധൗതി’ ഒരു നീണ്ട തുണി വിഴുങ്ങി പുറത്തെടുത്ത് ആമാശയം ശുദ്ധീകരിക്കുന്ന ക്രിയ), ‘ബസ്തി’ (വസ്തി ഉപയോഗിച്ച് വന്‍കുടല്‍ ശുദ്ധീകരിക്കുന്നത്) തുടങ്ങിയവ സാധാരണക്കാരന് അചിന്തനീയമായിരുന്നു. ഹഠയോഗത്തിലെ തീവ്രമായ ആസനങ്ങളും, പ്രാണനെ ദീര്‍ഘനേരം അടക്കിവെക്കുന്ന കുംഭകങ്ങളും, വിവിധ മുദ്രകളും ബന്ധങ്ങളും യോഗയെ ഒരു ശാരീരിക പീഡനത്തിന്റെ തലത്തിലേക്ക് കൊണ്ടുപോയി. ഇത് യോഗ എന്നാല്‍ ശരീരത്തെ അതിമാനുഷികമായി കഷ്ടപ്പെടുത്തുന്ന ഒന്നാണെന്ന ധാരണ പരത്തി.

സിദ്ധന്മാരും നിഗൂഢതയും:
ദക്ഷിണേന്ത്യയിലെ സിദ്ധ പാരമ്പര്യവും, ഉത്തരേന്ത്യയിലെ നാഥ് യോഗി പാരമ്പര്യവും യോഗയുടെ ഭാഗമായിരുന്നു. ഇവര്‍ കായകല്‍പ്പം (ശരീരത്തെ പുനരുജ്ജീവിപ്പിക്കല്‍), രസവാദം (ലോഹങ്ങളെ സ്വര്‍ണ്ണമാക്കല്‍), അണിമ, മഹിമ തുടങ്ങിയ അഷ്ടസിദ്ധികള്‍ എന്നിവ നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത് യോഗയെ ഇന്ദ്രജാലവും മന്ത്രവാദവുമായി ബന്ധിപ്പിച്ചു. സാധാരണ മനുഷ്യന്റെ ജീവിതപ്രശ്‌നങ്ങള്‍ക്ക് യോഗയില്‍ പരിഹാരമില്ലെന്നും, അത് സിദ്ധികള്‍ നേടാന്‍ ആഗ്രഹിക്കുന്നവരുടെ മാത്രം മാര്‍ഗ്ഗമാണെന്നും ജനങ്ങള്‍ വിശ്വസിച്ചു.

കൊളോണിയല്‍ കുറ്റപത്രം: അപകര്‍ഷതയുടെ കാലഘട്ടം
ബ്രിട്ടീഷ് ഭരണകാലം ഭാരതീയ സംസ്‌കാരത്തിനുമേല്‍ പതിച്ച കരിനിഴല്‍ യോഗയെയും ആഴത്തില്‍ ബാധിച്ചു. അലക്‌സാണ്ടര്‍ ഡഫ്ഫിനെപ്പോലുള്ള പ്രൊട്ടസ്റ്റന്റ് മിഷണറിമാര്‍ക്ക്, ഹിന്ദുദര്‍ശനങ്ങള്‍ ഒന്നടങ്കം സാത്താന്റെ സൃഷ്ടിയായിരുന്നു. വിഗ്രഹാരാധനയും, ബഹുദൈവ വിശ്വാസവും പോലെ, യോഗയും അവര്‍ക്ക് അപരിഷ്‌കൃതവും യുക്തിഹീനവുമായിരുന്നു. ധ്യാനത്തെ അവര്‍ അലസതയായും, ലോകത്തെ ഉപേക്ഷിക്കാനുള്ള ആഹ്വാനത്തെ ഭൗതിക പുരോഗതിക്ക് എതിരായ തത്വമായും വ്യാഖ്യാനിച്ചു. ഈ പ്രചരണങ്ങള്‍ പാശ്ചാത്യ ലോകത്ത് യോഗയെക്കുറിച്ച് വികലമായ ഒരു ചിത്രം സൃഷ്ടിച്ചു.
ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വീക്ഷണത്തില്‍ നാടുചുറ്റി നടക്കുന്ന സന്യാസിമാരെയും യോഗികളെയും സംശയത്തോടെയാണ് കണ്ടത്. അവരില്‍ പലരെയും അവര്‍ ‘വാഗ്രന്‍സി ആക്ട്’പ്രകാരം കുറ്റവാളികളായും, രാഷ്ട്രീയമായി അപകടകാരികളായും കണക്കാക്കി. ഇത് പാരമ്പര്യമായി യോഗ അഭ്യസിച്ചിരുന്ന പല വിഭാഗങ്ങളെയും സമൂഹത്തിന്റെ പിന്‍നിരയിലേക്ക് തള്ളിമാറ്റി.

ആന്തരികമായ അന്യവല്‍ക്കരണം:
ഈ ബാഹ്യ വിമര്‍ശനങ്ങളുടെ ഏറ്റവും വലിയ പ്രത്യാഘാതം ഭാരതീയരുടെ മനസ്സിലാണ് ഉണ്ടായത്. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ബംഗാളിലെ ‘ഭദ്രാലോക്’ വര്‍ഗ്ഗത്തെപ്പോലുള്ള പുതിയ തലമുറ, തങ്ങളുടെ പാരമ്പര്യത്തെ യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ വെച്ച് അളക്കാന്‍ തുടങ്ങി. സംസ്‌കൃത ഭാഷയിലുള്ള അജ്ഞതയും, യോഗയെക്കുറിച്ചുള്ള കൊളോണിയല്‍ വിവരണങ്ങളും അവരെ സ്വന്തം സംസ്‌കാരത്തില്‍ നിന്ന് അകറ്റി. യോഗ, പുരോഗതിക്ക് തടസ്സമായ ഒരു പഴഞ്ചന്‍ ഏര്‍പ്പാടാണെന്ന് അവര്‍ വിശ്വസിക്കാന്‍ തുടങ്ങി. ഈ ദാര്‍ശനികവും സാമൂഹികവുമായ ശൂന്യതയിലേക്കാണ് വിവേകാനന്ദന്‍ എന്ന കൊടുങ്കാറ്റ് ആഞ്ഞടിച്ചത്.

ഒരു ആധുനിക പ്രവാചകന്റെ ഉദയം
വിവേകാനന്ദന്റെ യോഗാചാര്യനായുള്ള പരിണാമം ഒരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് അദ്ദേഹത്തിന്റെ ഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസരില്‍ നിന്നും ലഭിച്ച ആഴത്തിലുള്ള അനുഭവജ്ഞാനത്തിന്റെയും, ഭാരതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള നേരിട്ടുള്ള ധാരണയുടെയും, ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ ആത്മാവിനെ അവതരിപ്പിക്കാനുള്ള ദൃഢനിശ്ചയത്തിന്റെയും ഫലമാണ്.

ശ്രീരാമകൃഷ്ണന്‍: അനുഭവജ്ഞാനത്തിന്റെ മഹാസമുദ്രം
ശ്രീരാമകൃഷ്ണ പരമഹംസര്‍ ഒരു പുസ്തക പണ്ഡിതനായിരുന്നില്ല; അദ്ദേഹം ആത്മീയ സത്യങ്ങളുടെ ഒരു ജീവിക്കുന്ന സര്‍വകലാശാലയായിരുന്നു. ദക്ഷിണേശ്വരത്തെ കാളീക്ഷേത്രത്തില്‍, അദ്ദേഹം വിവിധ മതങ്ങളുടെയും ദര്‍ശനങ്ങളുടെയും സാധനാ മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിച്ചു. അദ്വൈത വേദാന്തത്തിന്റെ നിര്‍വികല്‍പ്പ സമാധി അദ്ദേഹം തോതാപുരി എന്ന ഗുരുവില്‍ നിന്ന് അനുഭവിച്ചറിഞ്ഞു. താന്ത്രിക സാധനകളുടെ ഉന്നതിയിലെത്തി. വൈഷ്ണവ ഭക്തിയുടെ വിവിധ ഭാവങ്ങളില്‍ ലയിച്ചു. എന്തിന്, ഇസ്ലാം മതത്തിന്റെയും ക്രിസ്തുമതത്തിന്റെയും പാതകളിലൂടെ സഞ്ചരിച്ച് അവയും ഒരേ ഈശ്വരനിലേക്കാണ് നയിക്കുന്നതെന്ന് അദ്ദേഹം സ്വയം ബോധ്യപ്പെട്ടു. ”എല്ലാ മതങ്ങളും സത്യമാണ്, എത്ര മതങ്ങളുണ്ടോ, അത്രയും വഴികളുണ്ട്” (യതോ മത്, തതോ പഥ്) എന്ന അദ്ദേഹത്തിന്റെ ലളിതമായ ഉപദേശം ഈ മഹാസമുദ്രം പോലുള്ള അനുഭവത്തില്‍ നിന്ന് ഉയര്‍ന്നുവന്നതാണ്. ഈ അനുഭവത്തിന്റെ തീവ്രതയും ആധികാരികതയുമാണ് യുക്തിവാദിയായ നരേന്ദ്രനെ വിവേകാനന്ദനാക്കി മാറ്റിയത്. ശ്രീരാമകൃഷ്ണന്‍ അനുഭവിച്ചറിഞ്ഞ സാര്‍വലൗകിക സത്യങ്ങള്‍ക്ക്, ഒരു ആധുനികവും യുക്തിസഹവുമായ ചട്ടക്കൂട് നല്‍കുക എന്നതായിരുന്നു വിവേകാനന്ദന്‍ സ്വയം ഏറ്റെടുത്ത ദൗത്യം

ഭാരതത്തിന്റെ ആത്മാവ് തേടിയുള്ള യാത്ര ശ്രീരാമകൃഷ്ണന്റെ മഹാസമാധിക്ക് ശേഷം, നരേന്ദ്രന്‍ ഒരു പരിവ്രാജകനായി (നാടുചുറ്റി സഞ്ചരിക്കുന്ന സന്യാസി) ഭാരതമാകെ സഞ്ചരിച്ചു. ഇത് ‘ഭാരത് ദര്‍ശന്‍’ ആയിരുന്നു. ഹിമാലയം മുതല്‍ കന്യാകുമാരി വരെ അദ്ദേഹം കാല്‍നടയായി യാത്ര ചെയ്തു. ഈ യാത്രയില്‍ അദ്ദേഹം രാജകൊട്ടാരങ്ങളിലും ദരിദ്രരുടെ കുടിലുകളിലും താമസിച്ചു. പണ്ഡിതന്മാരുമായും സാധാരണക്കാരുമായും സംവദിച്ചു. ഭാരതത്തിന്റെ കൊടിയ ദാരിദ്ര്യവും സാമൂഹികമായ അസമത്വങ്ങളും അദ്ദേഹത്തിന്റെ ഹൃദയത്തില്‍ മുറിപ്പാടുകളുണ്ടാക്കി. അതേസമയം, ഈ എല്ലാ ദുരിതങ്ങള്‍ക്കിടയിലും ഭാരതത്തിന്റെ ആത്മാവില്‍ കെടാതെ കിടക്കുന്ന ആത്മീയതയുടെ കനല്‍ അദ്ദേഹം കണ്ടു. ഈ യാത്രയാണ് അദ്ദേഹത്തിന് തന്റെ ജീവിതദൗത്യം വ്യക്തമാക്കിക്കൊടുത്തത്. ഭാരതത്തിന് വേണ്ടത് കേവലം രാഷ്ട്രീയ മോചനമല്ല, മറിച്ച് ആത്മീയമായ ഒരു പുനരുത്ഥാനമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ജനങ്ങളെ അവരുടെ നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സഹായിക്കണം. അതിന്, അവരുടെ കാലിനടിയിലുള്ള അമൂല്യമായ ദാര്‍ശനിക നിധികളെക്കുറിച്ച് അവരെ ബോധവാന്മാരാക്കണം.

ഒരു പുതിയ ദര്‍ശനത്തിനായുള്ള ദാഹത്തില്‍ ഷിക്കാഗോയും പാശ്ചാത്യലോകവും:
1893-ലെ ഷിക്കാഗോ ലോകമത മഹാസമ്മേളനം ഈ ദൗത്യത്തിനുള്ള ഒരു ലോകവേദിയായി മാറി. പാശ്ചാത്യ വ്യാവസായിക പുരോഗതിയുടെയും ക്രിസ്ത്യന്‍ മതത്തിന്റെ ശ്രേഷ്ഠതയുടെയും ഒരു പ്രദര്‍ശനമായിരുന്നു ആ സമ്മേളനം. അവിടെ, ”അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരെ” എന്ന് സംബോധന ചെയ്തുകൊണ്ട് വിവേകാനന്ദന്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍, അത് ഒരു പുതിയ ശബ്ദമായിരുന്നു. അദ്ദേഹം മതപരിവര്‍ത്തനത്തെക്കുറിച്ചോ, തന്റെ മതത്തിന്റെ മാത്രം മഹത്വത്തെക്കുറിച്ചോ അല്ല സംസാരിച്ചത്. മതസഹിഷ്ണുത, സാര്‍വലൗകിക സ്വീകാര്യത, എല്ലാ മതങ്ങളുടെയും അടിസ്ഥാനത്തിലുള്ള ഏകത്വം എന്നിവയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ”ഒരു കിണറ്റിലിരിക്കുന്ന തവള, ആ കിണറാണ് ലോകത്തിലെ ഏറ്റവും വലിയ ജലാശയം എന്ന് കരുതുന്നതുപോലെയാണ് പല മതങ്ങളും,” എന്നദ്ദേഹം പറഞ്ഞപ്പോള്‍, അത് മതപരമായ സങ്കുചിതത്വത്തിനേറ്റ ഒരു പ്രഹരമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ പാശ്ചാത്യലോകത്ത് ഒരു പുതിയ ചിന്തയ്ക്ക് തിരികൊളുത്തി. ഭാരതമെന്നാല്‍ കേവലം വിഗ്രഹാരാധകരുടെയും ദരിദ്രരുടെയും നാടല്ലെന്നും, ലോകത്തിന് നല്‍കാന്‍ ആഴത്തിലുള്ള ദാര്‍ശനിക സമ്പത്തുള്ള ഒരു നാടാണെന്നും അവര്‍ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവ്, അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ക്കായി ഒരു വലിയ ദാഹം സൃഷ്ടിച്ചു.

‘പ്രായോഗിക വേദാന്തം’ സിദ്ധാന്തവും പ്രയോഗവും
പാശ്ചാത്യലോകത്ത് പ്രഭാഷണങ്ങള്‍ നടത്തുമ്പോള്‍ വിവേകാനന്ദന്‍ നേരിട്ട പ്രധാന ചോദ്യം ഇതായിരുന്നു: ”വേദാന്തത്തിന്റെ ‘സര്‍വം ബ്രഹ്മമയം’ എന്ന ആശയം മഹത്തരമാണ്. എന്നാല്‍ അത് എങ്ങനെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കും?” വേദാന്തം ഒരു ലോകനിഷേധ ദര്‍ശനമാണെന്ന (World-negating philosophy) പാശ്ചാത്യ വിമര്‍ശനത്തിനുള്ള മറുപടിയായാണ് അദ്ദേഹം ‘പ്രായോഗിക വേദാന്തം’ (Practical Vedanta) എന്ന ആശയം മുന്നോട്ടുവെച്ചത്. വേദാന്തം നിങ്ങളെ ലോകത്തില്‍ നിന്ന് ഒളിച്ചോടാന്‍ പഠിപ്പിക്കുന്നില്ല, മറിച്ച് ലോകത്തില്‍ നിന്നുകൊണ്ട് തന്നെ, എല്ലാറ്റിലും ദൈവികതയെ ദര്‍ശിച്ച്, ഭയരഹിതമായും ശക്തനായും ജീവിക്കാന്‍ പഠിപ്പിക്കുന്നു എന്ന് അദ്ദേഹം വാദിച്ചു. ഓരോ വ്യക്തിയിലും അന്തര്‍ലീനമായ ദൈവികതയെ പ്രകടിപ്പിക്കുകയാണ് ജീവിത ലക്ഷ്യം. ഈ ലക്ഷ്യം നേടാനുള്ള ശാസ്ത്രീയമായ, പടിപടിയായുള്ള ഒരു മാര്‍ഗ്ഗമാണ്(Methodology) രാജയോഗമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അങ്ങനെ, വേദാന്തം സിദ്ധാന്തവും (Theory), യോഗ അതിന്റെ പ്രയോഗവുമാണ് (Practice) എന്ന സമവാക്യത്തിന് അദ്ദേഹം രൂപം നല്‍കി.

രാജയോഗത്തിന്റെ വാസ്തുവിദ്യ
ഒരു സമഗ്രമായ അപഗ്രഥനം വിവേകാനന്ദന്റെ ‘രാജയോഗ’ എന്ന ഗ്രന്ഥം ആധുനിക യോഗയുടെ അടിസ്ഥാന ശിലയാണ്. അതിന്റെ ഘടനയും ഉള്ളടക്കവും വ്യാഖ്യാനവും യോഗയെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാടിനെത്തന്നെ മാറ്റിമറിച്ചു.

‘രാജയോഗം’ദര്‍ശനങ്ങളുടെ രാജാവ്
എന്തുകൊണ്ടാണ് അദ്ദേഹം യോഗസൂത്രങ്ങളുടെ വ്യാഖ്യാനത്തിന് ‘രാജയോഗം’ എന്ന് പേര് നല്‍കിയത്? ‘രാജാവ്’ എന്ന് അര്‍ത്ഥം വരുന്ന ‘രാജ’ ശബ്ദം അദ്ദേഹം ബോധപൂര്‍വം തിരഞ്ഞെടുത്തതാണ്. കാരണം, മറ്റ് യോഗമാര്‍ഗ്ഗങ്ങള്‍ ശരീരത്തെയോ, വികാരങ്ങളെയോ, കര്‍മ്മങ്ങളെയോ കൈകാര്യം ചെയ്യുമ്പോള്‍, രാജയോഗം കൈകാര്യം ചെയ്യുന്നത് മനസ്സിനെയാണ്. ശരീരത്തിന്റെയും ഇന്ദ്രിയങ്ങളുടെയും വികാരങ്ങളുടെയും രാജാവാണ് മനസ്സ്. ഈ മനസ്സിനെ നേരിട്ട് നിയന്ത്രിക്കാനും കീഴടക്കാനുമുള്ള മാര്‍ഗ്ഗമായതുകൊണ്ടാണ് രാജയോഗം ‘യോഗങ്ങളുടെ രാജാവ്’ ആകുന്നത് എന്ന് വിവേകാനന്ദന്‍ വിശദീകരിച്ചു.

ലളിതമാക്കപ്പെട്ട സാംഖ്യത്തിന്റെ ദാര്‍ശനികമായ അടിത്തറ
പതഞ്ജലിയുടെ യോഗദര്‍ശനത്തിന്റെ താത്വികമായ അടിത്തറ കപിലന്റെ സാംഖ്യദര്‍ശനമാണ്. എന്നാല്‍ സാംഖ്യദര്‍ശനം അതിന്റെ തനതായ രൂപത്തില്‍ അതീവ സങ്കീര്‍ണ്ണമാണ്. അതില്‍ പ്രപഞ്ചത്തിന്റെ 24 തത്വങ്ങളെക്കുറിച്ചും (തന്മാത്രകള്‍, മഹാഭൂതങ്ങള്‍, ഇന്ദ്രിയങ്ങള്‍ തുടങ്ങിയവ), പുരുഷ-പ്രകൃതി ദ്വൈതത്തെക്കുറിച്ചും വിശദമായ വിവരണങ്ങളുണ്ട്. വിവേകാനന്ദന്‍ ഈ സങ്കീര്‍ണ്ണമായ തത്വങ്ങളെല്ലാം അതേപടി അവതരിപ്പിച്ചില്ല. പകരം, യോഗ മനസ്സിലാക്കാന്‍ ആവശ്യമായ അടിസ്ഥാന സാംഖ്യ ആശയങ്ങളെ മാത്രം എടുത്ത് ലളിതമായി അവതരിപ്പിച്ചു.

പുരുഷന്‍: അനന്തവും, മാറ്റമില്ലാത്തതും, ശുദ്ധവുമായ ബോധം. അതാണ് നമ്മുടെ യഥാര്‍ത്ഥ സ്വത്വം, ആത്മാവ്.
പ്രകൃതി: ജഡവും, നിരന്തരം മാറിക്കൊണ്ടിരിക്കുന്നതും, സത്വം-രജസ്സ്-തമസ്സ് എന്നീ മൂന്ന് ഗുണങ്ങളാല്‍ നിര്‍മ്മിതവുമായ പ്രപഞ്ചം. നമ്മുടെ ശരീരവും മനസ്സും ബുദ്ധിയും ഈ പ്രകൃതിയുടെ ഭാഗമാണ്.

യോഗയുടെ ലക്ഷ്യം, പ്രകൃതിയുടെ ഭാഗമായ മനസ്സുമായി താദാത്മ്യം പ്രാപിച്ച് ദുഃഖിക്കുന്ന പുരുഷനെ (ആത്മാവിനെ), താന്‍ പ്രകൃതിയില്‍ നിന്ന് വിഭനാണെന്ന സത്യം ബോധ്യപ്പെടുത്തി, അതിന്റെ തനതായ ശുദ്ധബോധാവസ്ഥയിലേക്ക് തിരികെ കൊണ്ടുവരിക എന്നതാണ് (കൈവല്യം). ഈ ലളിതമായ വിശദീകരണം, യോഗയുടെ ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം നല്‍കി.

മനസ്സ്, അവസാനത്തെ അതിര്‍വരമ്പ്: ചിത്ത-വൃത്തികളുടെ ആഴത്തിലുള്ള വിശകലനം വിവേകാനന്ദന്‍ രാജയോഗത്തെ ഒരു മനഃശാസ്ത്രമായാണ് പ്രധാനമായും അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ വിശകലനത്തിന്റെ കേന്ദ്രബിന്ദു ‘ചിത്തം’, ‘വൃത്തി’, ‘സംസ്‌കാ ‘ എന്നീ ആശയങ്ങളായിരുന്നു. മനസ്സിന്റെ ഘടന (ചിത്തം) ‘ചിത്തം’ എന്ന വാക്കിന്എ ‘Mind-stuff’ ന്നൊരു പുതിയ ഇംഗ്ലീഷ് വാക്ക് തന്നെ അദ്ദേഹം നല്‍കി. അത് കേവലം ‘മനസ്സ്’ എന്നല്ല, മനസ്സ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന പദാര്‍ത്ഥം എന്നാണ് അര്‍ത്ഥമാക്കുന്നത്. വേദാന്തത്തിലെ ‘അന്തഃകരണം’ (ആന്തരിക ഉപകരണം) എന്ന ആശയവുമായി ഇതിനെ ബന്ധിപ്പിക്കാം. അതിന് നാല് തലങ്ങളുണ്ട്:

മനസ്സ് (Manas): ഇന്ദ്രിയങ്ങളില്‍ നിന്ന് വരുന്ന വിവരങ്ങളെ സ്വീകരിക്കുകയും സംശയിക്കുകയും ചെയ്യുന്ന തലം.
ബുദ്ധി (Buddhi):വിവരങ്ങളെ അപഗ്രഥിച്ച് ഒരു തീരുമാനത്തിലെത്തുന്ന തലം.

3)അഹങ്കാരം (Ahamkara): ‘ഞാന്‍’ എന്ന ബോധം സൃഷ്ടിക്കുന്ന തലം.

4) ചിത്തം (Chitta):എല്ലാ അനുഭവങ്ങളുടെയും ഓര്‍മ്മകളുടെയും വാസനകളുടെയും ഒരു വലിയ സംഭരണിയാണ് (Storehouse) ചിത്തം. ഓരോ അനുഭവവും ചിത്തത്തില്‍ ഒരു ‘സംസ്‌കാരം’ (Impression) അവശേഷിപ്പിക്കുന്നു. ഈ വിശദീകരണം, മനസ്സിനെ ഒരു ഏകീകൃത വസ്തുവായി കാണാതെ, വിവിധ പ്രവര്‍ത്തനങ്ങളുള്ള ഒരു സങ്കീര്‍ണ്ണമായ ഉപകരണമായി മനസ്സിക്കാന്‍ സഹായിച്ചു.

പഞ്ചവൃത്തികള്‍: ഒരു മനഃശാസ്ത്രപരമായ പരിശോധന:
യോഗഃ ചിത്തവൃത്തി നിരോധഃ എന്ന സൂത്രത്തിലെ ‘വൃത്തി’കളെ അദ്ദേഹം ആധുനിക മനഃശാസ്ത്രത്തിന്റെ കണ്ണിലൂടെയാണ് നോക്കിക്കണ്ടത്.
യോഗ ദര്‍ശനത്തില്‍, മനസ്സിന്റെ വ്യത്യസ്തങ്ങളായ അവസ്ഥകളെയും ചലനങ്ങളെയും വിശദീകരിക്കാന്‍ ഉപയോഗിക്കുന്ന ഒരു പ്രധാന ആശയമാണ് പഞ്ചവൃത്തികള്‍ (Pancha Vrittis). പതഞ്ജലിയുടെ യോഗസൂത്രങ്ങളില്‍ ഇത് വിശദമായി പ്രതിപാദിക്കുന്നു. ‘ചിത്തവൃത്തി നിരോധഃ’ എന്നതാണ് യോഗയുടെ കാതല്‍, അതായത് മനസ്സിന്റെ ഈ വൃത്തികളെ നിയന്ത്രിച്ച് ഒരു നിശ്ചലാവസ്ഥയിലെത്തിക്കുക എന്നതാണ് യോഗയുടെ ലക്ഷ്യം.
ഈ പഞ്ചവൃത്തികള്‍ ഏതൊക്കെയാണെന്നും അവയുടെ മനഃശാസ്ത്രപരമായ പ്രാധാന്യം എന്താണെന്നും നോക്കാം:

1. പ്രമാണം (Pramana – Right Cognition/Valid Knowledge)
ശരിയായ അറിവ് നേടുന്ന പ്രക്രിയയാണിത്. ഇത് നേരിട്ടുള്ള അനുഭവം (പ്രത്യക്ഷം), യുക്തി (അനുമാനം), ആധികാരികമായ ഗ്രന്ഥങ്ങള്‍ അല്ലെങ്കില്‍ ഉപദേശങ്ങള്‍ (ആഗമം) എന്നിവയിലൂടെയാകാം. ഇത് നമ്മള്‍ കാര്യങ്ങളെ ശരിയായി മനസ്സിലാക്കുന്നതിനെ സൂചിപ്പിക്കുന്നു.
മനഃശാസ്ത്രപരമായ പ്രാധാന്യം: മാനസികാരോഗ്യത്തിന് ശരിയായ ധാരണകള്‍ അത്യന്താപേക്ഷിതമാണ്. തെറ്റായ വിവരങ്ങള്‍ അല്ലെങ്കില്‍ തെറ്റായ കാഴ്ചപ്പാടുകള്‍ ഉത്കണ്ഠയ്ക്കും ആശയക്കുഴപ്പത്തിനും കാരണമാകും. ശരിയായ പ്രമാണം മനസ്സിന് വ്യക്തതയും സ്ഥിരതയും നല്‍കുന്നു. സത്യത്തെ മനസ്സിലാക്കാനും യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാനും ഇത് സഹായിക്കുന്നു.

2. വിപര്യയം(Viparyaya – Misconception/Incorrect Cognition)
തെറ്റിദ്ധാരണകള്‍, തെറ്റായ ധാരണകള്‍, യാഥാര്‍ത്ഥ്യമല്ലാത്ത വിശ്വാസങ്ങള്‍ എന്നിവയെയാണ് വിപര്യയം കൊണ്ട് സൂചിപ്പിക്കുന്നത്. ഒരു കയറിനെ പാമ്പായി തെറ്റിദ്ധരിക്കുന്നത് ഇതിനുദാഹരണമാണ്.
മനഃശാസ്ത്രപരമായ പ്രാധാന്യം: വിപര്യയം മാനസിക പ്രശ്‌നങ്ങള്‍ക്ക് ഒരു പ്രധാന കാരണമാണ്. ഭയങ്ങള്‍, മുന്‍വിധികളടങ്ങിയ ചിന്തകള്‍, ആത്മവിശ്വാസമില്ലായ്മ എന്നിവയെല്ലാം തെറ്റായ ധാരണകളില്‍ നിന്ന് ഉടലെടുക്കാം. തെറ്റായ ധാരണകളെ തിരിച്ചറിഞ്ഞ് തിരുത്തുന്നത് മാനസിക ശാന്തതയ്ക്കും വളര്‍ച്ചയ്ക്കും അനിവാര്യമാണ്. സൈക്കോതെറാപ്പിയില്‍, ആളുകളുടെ തെറ്റായ ചിന്താരീതികളെയും വിശ്വാസങ്ങളെയും മാറ്റിയെടുക്കുന്നത് ഇതിന്റെ ഭാഗമാണ്.

3. വികല്പം (Vikalpa – Imagination/Fantasy/Verbal Delusion)
വാക്കുകളിലൂടെ മാത്രം നിലനില്‍ക്കുന്ന, യഥാര്‍ത്ഥത്തില്‍ നിലവിലില്ലാത്ത കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് വികല്പം. ഉദാഹരണത്തിന്, ‘ആകാശത്തിലെ പൂക്കള്‍’ അല്ലെങ്കില്‍ ഒരു സിനിമയിലെ സാങ്കല്‍പ്പിക കഥാപാത്രങ്ങള്‍. ഇത് പൂര്‍ണ്ണമായും യഥാര്‍ത്ഥമല്ലാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതാണ്.
മനഃശാസ്ത്രപരമായ പ്രാധാന്യം: വികല്പം നമ്മുടെ സര്‍ഗ്ഗാത്മകതയ്ക്കും ഭാവനയ്ക്കും അത്യാവശ്യമാണെങ്കിലും, അമിതമാകുമ്പോള്‍ യാഥാര്‍ത്ഥ്യബോധം നഷ്ടപ്പെടുത്താന്‍ സാധ്യതയുണ്ട്. അമിതമായ സ്വപ്‌നലോകത്തില്‍ ജീവിക്കുകയോ, ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടുകയോ ചെയ്യുന്നത് മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകും. ഭാവനാത്മകമായ ചിന്തകളെ ക്രിയാത്മകമായി ഉപയോഗിക്കാനും, യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വേര്‍തിരിച്ചറിയാനും മനസ്സിനെ പരിശീലിപ്പിക്കേണ്ടത് പ്രധാനമാണ്.

4. നിദ്ര (Nidra – Deep Sleep)
ഉറക്കത്തെയാണ് നിദ്ര എന്ന് പറയുന്നത്. സ്വപ്‌നങ്ങളില്ലാത്ത, അഗാധമായ ഉറക്കത്തെയാണ് യോഗസൂത്രങ്ങളില്‍ നിദ്രയായി കണക്കാക്കുന്നത്. ഈ അവസ്ഥയില്‍ മനസ്സിന്റെ മറ്റ് വൃത്തികള്‍ താല്‍ക്കാലികമായി നിലയ്ക്കുന്നു.
മനഃശാസ്ത്രപരമായ പ്രാധാന്യം: ശരീരത്തിനും മനസ്സിനും വിശ്രമവും പുനരുജ്ജീവനവും നല്‍കുന്നതിന് അഗാധമായ ഉറക്കം അത്യാവശ്യമാണ്. നല്ല ഉറക്കം മാനസികാരോഗ്യത്തിന് നിര്‍ണായകമാണ്. എന്നാല്‍, ഉറക്കം ഒരുതരം മാനസിക വൃത്തിയായി കണക്കാക്കുന്നത്, ഉറക്കത്തിലും മനസ്സ് പൂര്‍ണ്ണമായി നിശ്ചലമാകുന്നില്ല, ഒരുതരം ‘അറിയായ്മയുടെ’ (absence of content) ബോധം നിലനില്‍ക്കുന്നു എന്ന് കാണിക്കാനാണ്. അമിതമായ ഉറക്കം തമോ ഗുണത്തെ വര്‍ദ്ധിപ്പിക്കാനും മടിക്ക് കാരണമാകാനും സാധ്യതയുണ്ട്.

5. സ്മൃതി (Smriti – Memory)

മുന്‍പ് അനുഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളാണ് സ്മൃതി. കണ്ടതോ കേട്ടതോ അനുഭവിച്ചതോ ആയ കാര്യങ്ങള്‍ മനസ്സില്‍ നിലനിര്‍ത്തുന്നതും ഓര്‍മ്മിക്കുന്നതും ഇതില്‍പ്പെടുന്നു.

മനഃശാസ്ത്രപരമായ പ്രാധാന്യം: സ്മൃതി നമ്മുടെ പഠനത്തിനും വളര്‍ച്ചയ്ക്കും വ്യക്തിത്വ രൂപീകരണത്തിനും അത്യന്താപേക്ഷിതമാണ്. എന്നാല്‍, വേദനാജനകമായ ഓര്‍മ്മകളില്‍ കുടുങ്ങിപ്പോകുകയോ, ഭൂതകാലത്തില്‍ ജീവിക്കുകയോ ചെയ്യുന്നത് മാനസിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. യോഗയില്‍, ഓര്‍മ്മകളെ വെറും ഓര്‍മ്മകളായി മാത്രം കണ്ട് അവയോട് മാനസികമായി ഒട്ടിപ്പിടിക്കാതെയിരിക്കാന്‍ പഠിപ്പിക്കുന്നു. ഇത് ഭൂതകാലത്തിന്റെ സ്വാധീനത്തില്‍ നിന്ന് മനസ്സിനെ മോചിപ്പിക്കാന്‍ സഹായിക്കുന്നു.

പഞ്ചവൃത്തികള്‍ യോഗയിലെ മനഃശാസ്ത്രപരമായ ഒരു പ്രധാന ഉപകരണമാണ്. ഈ അഞ്ച് മാനസിക ചലനങ്ങളെക്കുറിച്ചുള്ള ധാരണ, നമ്മുടെ മനസ്സ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നു. ഈ വൃത്തികളെ നിരീക്ഷിച്ച്, ക്രമേണ അവയെ നിയന്ത്രിക്കാന്‍ പഠിക്കുന്നതിലൂടെ, നമുക്ക് മാനസിക ശാന്തതയും ആന്തരിക സമാധാനവും കൈവരിക്കാന്‍ സാധിക്കും. യോഗാഭ്യാസം ഈ വൃത്തികളെ നിരോധിക്കുന്നതിനും മനസ്സിനെ ശാന്തമാക്കുന്നതിനും സഹായിക്കുന്നു.

(തുടരും)

Tags: യോഗസ്വാമി വിവേകാനന്ദന്‍സ്വാമി വിവേകാനന്ദന്‍ - ആധുനിക യോഗയുടെ പ്രചാരകന്‍
ShareTweetSendShare

Related Posts

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ഗുരുഭക്തി

മഹാഭാരതം- കഥയും ജീവിതവും

പേരുമാറ്റത്തിന്റെ പൊരുള്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies