പ്രപഞ്ചത്തിന്റെ ഉത്ഭവത്തിനു മുന്‍പ് പരമമായ ഊര്‍ജ്ജം (Energy) അണ്ഡകടാഹമാകെ നിറഞ്ഞു നിന്നിരുന്നുവെന്ന് ആധുനികശാസ്ത്രം പറയുന്നു. ഈ പരമമായ ഊര്‍ജ്ജത്തെയാണ് ആദിപരാശക്തി എന്ന് മഹര്‍ഷിമാര്‍ വിവക്ഷിച്ചത്. ശക്തിയെന്നാല്‍ ഊര്‍ജ്ജം തന്നെയാണല്ലോ. ‘ഇച്ഛാ ശക്തി, ജ്ഞാന ശക്തി ക്രിയാ ശക്തി സ്വരൂപിണി’ എന്ന് ദേവിയെ ലളിതാസഹസ്രനാമത്തില്‍ വര്‍ണ്ണിക്കുന്നു. ഏതൊരു പ്രവൃത്തിയിലേര്‍പ്പെടാനും ആദ്യം അതിനൊരു ഇച്ഛ (ആഗ്രഹം), പിന്നീട് ആ പ്രവൃത്തിയെക്കുറിച്ചുള്ള അറിവ്, പിന്നീട് അത് നടപ്പാക്കാനുള്ള ക്രിയാത്മകത എന്നിവ ആവശ്യമാണ്. ‘നീ സത്യം ജ്ഞാന, മാനന്ദം’ എന്ന് യുഗപ്രഭാവനായ ശ്രീനാരായഗുരു ദൈവത്തെ ജ്ഞാനമായും കണ്ട് പ്രാര്‍ത്ഥിക്കുന്നു. ഈശ്വരനിലേക്കെത്താനുള്ള പല വഴികളില്‍ പ്രധാനപ്പെട്ട ഒന്നായി ഭഗവദ്ഗീത ‘ജ്ഞാനമാര്‍ഗ്ഗ’ത്തെ ചൂണ്ടിക്കാട്ടുന്നു. സ്വാധ്യായം (Self Study) മോക്ഷപ്രാപ്തിക്കുള്ള ഒരു മാര്‍ഗ്ഗമായി മഹാഭാരതത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ‘വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം’ എന്നൊരു ചൊല്ലുതന്നെയുണ്ട്. എല്ലാറ്റിന്റേയും അടിസ്ഥാനം ജ്ഞാനമാണ്. അറിവിന്റെ ദേവത സരസ്വതിയും.
ആദിപരാശക്തിയെ സ്തുതിക്കുന്ന ധാരാളം ഗാനങ്ങള്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. ‘മറുനാട്ടില്‍ ഒരു മലയാളി’ എന്ന സിനിമയില്‍ ശ്രീകുമാരന്‍ തമ്പി രചിച്ച് ദക്ഷിണാമൂര്‍ത്തി സംഗീതം ചെയ്ത മനോഹരമായ ഒരു രാഗമാലിക പ്രധാന ഉദാഹരണമായി ചൂണ്ടിക്കാട്ടാം. ‘മനസ്സിലൂണരൂ ഉഷ സന്ധ്യയായ്’ എന്ന ഗാനമാണത്. പുലരിപ്രകാശമായി മനസ്സില്‍ നിറയാനാണ് കവി ദേവിയോട് പ്രാര്‍ത്ഥിക്കുന്നത്. മോഹങ്ങള്‍ നിറയുന്ന അന്ധകാര രാത്രിയില്‍, ദേവിയുടെ മന്ദഹാസമായ ബോധനിലാവില്‍ കവിയുടെ മനക്കണ്ണുകള്‍ വിടരണമേയെന്നാണ് പ്രാര്‍ത്ഥന. പുസ്തകരൂപത്തിലും ആയുധരൂപത്തിലും പ്രതീകാത്മകമായി കാണുന്നത് സരസ്വതീ ദേവിയെത്തന്നെയാണ്. അഴകായും വീര്യമായും ആത്മസംതൃപ്തിയായും ദേവി തന്നില്‍ നിറയണമെന്ന് കവി ദേവിയോട് അപേക്ഷിക്കുകയാണ്. കാരുണ്യം നല്‍കാനും കലയുടെ വര്‍ണ്ണങ്ങള്‍ പകരാനും അപേക്ഷിക്കുന്നു.
പൂര്‍വ്വികല്യാണി, സാരംഗ, ശ്രീരഞ്ജിനി, അമൃതവര്‍ഷിണി എന്നീ രാഗങ്ങളിലൂടെ കടന്നുപോകുന്ന ചാരുതയാര്‍ന്ന ഈ ഗാനം അതിമനോഹരമായാണ് ദക്ഷിണാമൂര്‍ത്തി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗാനഗന്ധര്‍വ്വന്റെ ആലാപനമാധുര്യത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി കൂട്ടുകെട്ടില്‍ രൂപപ്പെട്ട ‘ശ്രീപദം വിടര്‍ന്ന സരസീരുഹത്തില്‍’ എന്ന ‘ഏതോ ഒരു സ്വപ്‌നം’ എന്ന ചിത്രത്തിലെ ഗാനം മറ്റൊരു ചാരുതയാര്‍ന്ന ദേവീ സ്തുതിയാണ്. ഹംസധ്വനി രാഗത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ഗാനം ഏതൊരു ദേവീ ഉപാസകനേയും തൃപ്തിപ്പെടുത്തുമെന്നത് തീര്‍ച്ചയാണ്. നിത്യാനന്ദം പകരും ബ്രഹ്മമായും ഈ ജന്മത്തിന്റെ മര്‍മ്മമായ ധര്‍മ്മമായും ദേവിയെ കവി കാണുന്നു.
‘ദേവീ, ഭഗവതീ, മായാ രൂപിണീ..’ എന്ന ഗാനം ഡോ. പവിത്രന്‍ രചിച്ച് എ.ടി ഉമ്മര്‍ സംഗീതം ചെയ്തതാണ്. ‘മണ്ണ്’ എന്ന സിനിമയില്‍ ബ്രഹ്മാനന്ദന്‍, പി. സുശീല, സെല്‍മ ജോര്‍ജ് എന്നിവര്‍ പാടിയിരിക്കുന്ന ഈ ഗാനം യമുന്‍ കല്യാണി എന്ന ഹിന്ദുസ്ഥാനി രാഗത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. മായാരൂപിണിയായ ഭഗവതിയുടെ പദപങ്കജങ്ങളാണ് അഭയമായിട്ടുള്ളതെന്നും അറിവിന്‍ നാളവും പൊരുളിന്‍ സാരവുമായി ദേവിയെന്നും മനസ്സില്‍ തെളിയേണമെന്നും കവി ഭജിക്കുന്നു.
‘നീലക്കടമ്പ്’ എന്ന ചിത്രത്തില്‍ കെ. ജയകുമാര്‍ എഴുതി, രവീന്ദ്രന്‍ രേവതി രാഗത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന ‘കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി’ എന്ന ഗാനം കാവ്യസ്‌നേഹികള്‍ക്കെന്ന പോലെ ദേവ്യുപാസകര്‍ക്കും അങ്ങേയറ്റം പ്രിയപ്പെട്ടതാണ്. ഗുണദായിനിയും സര്‍വ്വവും ശുഭമാക്കുന്നവളുമാണ് ദേവി എന്ന് കവി വര്‍ണ്ണിക്കുന്നു. ഹൃദയമാകുന്ന തടാകത്തിന്റെ നിറുകയില്‍ ഉദയത്തിന്റെ വിരലെഴുത്താകണമേ എന്നു കവി എഴുതുമ്പോള്‍, മൂകാംബികയിലെ സൗപര്‍ണ്ണികയും വിദ്യാരംഭ ചടങ്ങുകളും ഒക്കെ മനസ്സിലേക്കെത്തുന്നു. ഇരുട്ടിനെ കീറി മുറിച്ചാണ് ഉദയമെത്തുന്നത്. ‘തമസോമാ ജ്യോതിര്‍ ഗമയ’ എന്ന പ്രാര്‍ത്ഥനയെ ഓര്‍മ്മിപ്പിക്കുമാറ് ജീവനില്‍ വെളിച്ചം പകരൂവെന്നാണ് കവി പ്രാര്‍ത്ഥിക്കുന്നത്. വേദനയുടെ ഇരുട്ട് നിറയുന്ന കണ്ണില്‍ പ്രകാശം തരേണമേ എന്നാണ് കവിയുടെ അപേക്ഷ. ദുഃഖത്തിന്റെ കടലാകുന്ന ജീവിതത്തില്‍ കരുണപകരാനും ഹൃദയം സൗപര്‍ണ്ണികയാക്കുവാനും കവി പ്രാര്‍ത്ഥിക്കുന്നു. ഈ ഗാനത്തെക്കുറിച്ചുണ്ടായ ചില അപവാദങ്ങള്‍ ശ്രദ്ധേയമാണ്. മൂകാംബികാ ദേവി ശങ്കരാചാര്യര്‍ക്ക് പ്രത്യക്ഷയായ പ്രദേശമാണ് കുടജാദ്രിയെന്നും ദേവി ഇപ്പോള്‍ അവിടെയല്ല, മറിച്ച് കൊല്ലൂര്‍ മൂകാംബികയിലാണ് ഉള്ളതെന്നും അതുകൊണ്ട് മൂകാംബികയില്‍ കുടികൊള്ളും ഭഗവതിയെന്നോ, കൊല്ലൂരില്‍ കുടികൊള്ളും ഭഗവതിയെന്നോ ആണ് പ്രയോഗിക്കേണ്ടത് എന്നും ചില വാദങ്ങളുണ്ടായി. എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്ന ബ്രഹ്മമാണ് അമ്മയെന്നു ചിന്തിച്ചാല്‍ ഈ വാദത്തിനു പ്രസക്തിയില്ലെന്നു ബോദ്ധ്യപ്പെടും. ആലാപനത്തില്‍ വന്ന ഒരു പിശക് കവി എടുത്തു പറയുന്നുണ്ട്. ‘ഒരു ദുഖ സിന്ധുവായ്’ (ദുഃഖത്തിന്റെ സമുദ്രം) എന്നാണ് കവി എഴുതിയിരുന്നത്, ആലാപനത്തില്‍ ‘ഒരു ദുഖ ബിന്ദുവായ്’ എന്ന് തെറ്റായി ആലപിച്ചത് കവി ജയകുമാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ച് രവീന്ദ്രന്‍ കാനഡ രാഗത്തില്‍ ചിട്ടപ്പെടുത്തി, എം.ജി. ശ്രീകുമാര്‍ ആലപിച്ച ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ ‘നാദരൂപിണീ… ശങ്കരീ പാഹിമാം…’ എന്ന ഗാനം ഒരു സംഗീതക്കച്ചേരിയിലെ കീര്‍ത്തനം പോലെ മികവുറ്റതാണ്. എംജി ശ്രീകുമാറിന് ഈ ഗാനത്തിന് മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡു ലഭിച്ചു എന്നത് ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്.
‘കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരീ’ എന്ന ഗാനത്തില്‍ ആകൃഷ്ടനായി പ്രശസ്ത സംവിധായകന്‍ വേണു നാഗവള്ളി തന്റെ ‘കിഴക്കുണരും പക്ഷി’ എന്ന ചിത്രത്തില്‍ ഒരു മൂകാംബികാസ്തുതി വേണമെന്ന് രവീന്ദ്രനോടും കെ.ജയകുമാറിനോടും ആവശ്യപ്പെടുകയും അതിനനുസരിച്ച് ശുദ്ധധന്യാസി രാഗത്തില്‍ രവീന്ദ്രന്‍ ചിട്ടപ്പെടുത്തുകയും ചെയ്ത ഗാനമാണ് ‘സൗപര്‍ണ്ണികാമൃത വീചികള്‍ പാടും’ എന്ന മലയാളികള്‍ക്ക് മറക്കാനാകാത്ത പാട്ട്. ഒരുപക്ഷേ, ‘കുടജാദ്രിയില്‍ കുടികൊള്ളും’ എന്ന ഗാനത്തേക്കാള്‍ ദേവീ ഭക്തമനസ്സുകള്‍ ഏറ്റെടുത്ത ഗാനമാണിതെന്നു തോന്നുന്നു. ആകാശത്തില്‍ ഇരുട്ട് പടര്‍ന്നിരിക്കുന്നുവെന്നും കാനനപാതയില്‍ വഴി കാണാതെയായിരിക്കുന്നുവെന്നും കരിമഷി പടരുമീ കല്‍വിളക്കില്‍ കനകനാളമായ് തെളിയണമെന്നും ഉള്ളിലെ വിളക്കാകണമെന്നും കവി ദേവിയോട് പ്രാര്‍ത്ഥിക്കുന്നു. ആകാശത്തില്‍ നിശ്ശബ്ദത പടര്‍ന്നിരിക്കുന്നുവെന്നും ഗാനങ്ങള്‍ ശബ്ദമില്ലാതെ ചിറകറ്റു വീണിരിക്കുന്നുവെന്നും ഈ മണ്‍വീണയില്‍ ഉച്ചസ്ഥായിയിലുള്ള സ്വരമായി അവിടുന്ന് ഉണര്‍ന്ന് പ്രപഞ്ചമാകെ നിറയണമെന്നുമാണ് കവിയുടെ അപേക്ഷ. ഇവിടെ ആരണ്യകം ജീവിതം തന്നെയാണ്, കല്‍വിളക്കും മണ്‍വീണയും ശരീരവും. ഈ ഗാനം അത്രമേല്‍ ഹൃദ്യമാണെങ്കില്‍ പോലും കെ.ജയകുമാറിന് ഈ ഗാനത്തെക്കുറിച്ച് ഒരു അഭിപ്രായ വ്യത്യാസമുണ്ട്. എഴുതിക്കഴിഞ്ഞ് ട്യൂണ്‍ ചെയ്തതാണ് ഈ ഗാനം. അനുപല്ലവിയില്‍ ‘ആകാശ മിരുളുന്നൊരപരാഹ്നമായി, ആരണ്യകങ്ങളില്‍ കാലിടറി, കരിമഷി പടരുമീ കല്‍വിളക്കില്‍ കനകാംഗുരമായ് വിരിയേണം, നീ അന്തര്‍നാളമായ് തെളിയേണം…’ എന്നും ചരണത്തില്‍ ‘ഗാനങ്ങള്‍ ചിറകറ്റ ശലഭങ്ങളായി, ഗഗനം മഹാമൗന ഗേഹമായി, സ്വര ദളം പൊഴിയുമീ മണ്‍വീണയില്‍ താരസ്വരമായ് ഉണരേണം, നീ താരാപഥങ്ങളില്‍ നിറയേണം..’ എന്നുമാണ് എഴുതി നല്‍കിയിരുന്നത്. കാരണം, മോശപ്പെട്ട അവസ്ഥയില്‍ നിന്ന് ഐശ്വര്യം നിറഞ്ഞ നന്മയിലേക്ക് ഉയര്‍ത്തണമെന്നുള്ള അപേക്ഷയാണ് എല്ലാ പ്രാര്‍ത്ഥനകളിലും അനുവര്‍ത്തിച്ചുപോരുന്ന പരമ്പരാഗതമായ ഒരു രീതി. എന്നാല്‍ ഭംഗിയായി ചിട്ടപ്പെടുത്തുന്നതിനായി സംഗീത സംവിധായകന്‍ അവസാനവരികള്‍ ആദ്യവും ആദ്യവരികള്‍ അവസാനമാക്കിയതിനോടും കവിക്ക് വിയോജിപ്പുണ്ടായിരുന്നു. എന്നാല്‍ മനോഹരമായി സംഗീതം വരികളില്‍ ലയിച്ചു ചേര്‍ന്നതിനാലും ശ്രോതാക്കള്‍ ആ ഗാനം ഏറ്റെടുത്തതിനാലും ആസ്വാദക ലക്ഷങ്ങള്‍ മികച്ച അഭിപ്രായം അറിയിച്ചതിനാലും ആ വിയോജിപ്പ് അലിഞ്ഞു പോയെന്ന് കെ. ജയകുമാര്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. വേണു നാഗവള്ളി ആ ഗാനം ചിത്രീകരിച്ചപ്പോള്‍ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം പ്രകടമാക്കുന്നരീതിയില്‍ മറ്റോരു ചിത്രവ്യാഖ്യാനമാണ് നല്‍കിയത്. യേശുദാസ് ആ ഗാനത്തിനു പകര്‍ന്നു നല്‍കിയ ആലാപനമാധുര്യം എടുത്തുപറയേണ്ടതാണ്. ഫീമെയില്‍ വേര്‍ഷനില്‍ മിന്‍മിനിയുടെ ആലാപനവും വേറിട്ടതായി.
ചന്ദ്രലേഖ എന്ന ചിത്രത്തില്‍ ഗിരീഷ് പുത്തഞ്ചേരി എഴുതി ബേണി ഇഗ്‌നേഷ്യസ് സംഗീതം പകര്‍ന്ന് എം.ജി ശ്രീകുമാര്‍ ആലപിച്ച ”താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ” എന്ന ഗാനം മനോഹരമായ ദേവീ സ്തുതിയാണ്. യഥാര്‍ത്ഥത്തില്‍ ഗാനസന്ദര്‍ഭം സംവിധായകന്‍ വിശദമാക്കിക്കൊടുത്തത് വേറൊരു തലത്തിലേക്ക് ഉയര്‍ത്തുവാനും കഥയോട് നീതിപുലര്‍ത്തുന്നരീതിയില്‍ സാമ്യത ചാലിക്കുവാനും ഗിരീഷ് പുത്തഞ്ചേരിക്കു സാധിച്ചു. യദുകുല കാംബോജി, ശഹാന, ദേശ്, ബാഗേശ്രീ, ഹംസധ്വനി എന്നീ രാഗങ്ങളുടെ മനോഹരമായ സങ്കലനത്തിലൂടെയും പാശ്ചാത്യ സിംഫണി പോലെയുള്ള ചില കലര്‍പ്പുകള്‍ കൊണ്ടും സംഗീതം മനോഹരമാക്കുവാന്‍ ബേണി ഇഗ്‌നേഷ്യസ് സംഗീത സഹോദരന്മാര്‍ക്കു സാധിച്ചു. ദേവിയുടെ തിരുനടയില്‍ നെയ്ത്തിരിക്കതിരായ് ആരുമറിയാതെ എന്നും വീണെരിഞ്ഞീടാമെന്നും ഇരുള്‍ നിറഞ്ഞ രാത്രിയില്‍ ചന്ദ്രികയായ് തെളിയാനും കവി ദേവിയോട് പ്രാര്‍ത്ഥിക്കുന്നു. മൂകാംബികയോട് മൂകമായ തപസില്‍ നിന്നുണര്‍ന്ന് തനിക്ക് മോക്ഷവും മുക്തിയും നല്‍കാന്‍ കവി അപേക്ഷിക്കുന്നു.
പൂര്‍ണ്ണമായും ദേവീ സ്തുതിയല്ലെങ്കിലും ചില ഭാഗങ്ങള്‍ ദേവീസ്തുതിയായി വരുന്ന ഗാനമാണ് ”സമയമിതപൂര്‍വ്വ സായാഹ്നം…. അമൃതം സ്വരമയ സംഗീതം…”. കൈതപ്രം രചന നിര്‍വഹിച്ച് ഔസേപ്പച്ചന്‍ നവരസകന്നഡ, ബാഗഡ, ശഹാന എന്നീ രാഗങ്ങളില്‍ ഇണക്കിയ രാഗമാലികയാണ് ‘ഹരികൃഷ്ണന്‍സ്’ എന്ന ചിത്രത്തിലെ ഈ ഗാനം. പുലരിയിലെ ചുവന്ന വര്‍ണ്ണം ദേവിയുടെ തിരിയുടെ സിന്ദൂരമാണെന്നും ഭഗവതിയുടെ യോഗവൈഭവം ഏഴുസാഗരങ്ങള്‍ പോലെ വൈപുല്യമാര്‍ന്നതാണെന്നും ദേവി നിത്യസുന്ദരിയായ വശ്യമോഹിനിയാണെന്നും കവി വര്‍ണ്ണിക്കുന്നു.
എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥയൊരുക്കി, ബി. കണ്ണന്‍ സംവിധാനം ചെയ്ത ‘തീര്‍ത്ഥാടനം’ എന്ന ചിത്രത്തിലെ ‘സിന്ദൂര തിലകാഞ്ജിതേ….രാഗ കേയൂര ഹാരാന്വിതേ..’ എന്ന കൈതപ്രം രചനയും സംഗീതവും നിര്‍വ്വഹിച്ച ഗാനം മൂകാംബികാ ദേവീ സ്തുതിയാണ്. ഷണ്‍മുഖപ്രിയ രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഈ ഗാനത്തിന്റെ ദൃശ്യങ്ങളില്‍ മൂകാംബികാ ക്ഷേത്രവും പരിസരങ്ങളും കാണാവുന്നതാണ്.
‘സിന്ദൂര തിലകാഞ്ജിതേ’ എന്ന പ്രയോഗം ലളിതാസഹസ്രനാമത്തിലേതാണ്. മനോഹരമായി തിളങ്ങുന്ന കുങ്കുമപ്പൊട്ടണിഞ്ഞവളും രാഗമാകുന്ന കേയൂരമെന്ന തോള്‍ വള അണിഞ്ഞവളുമായ ദേവിയോടുള്ള പ്രാര്‍ത്ഥനാഗാനമാണിത്. ക്ഷേത്രത്തിലെ മതില്‍ക്കെട്ടിനകത്തോ, ശ്രീകോവിലിലോ കൃഷ്ണശിലയിലോ കവിതയിലോ നീയാകുന്ന അറിവിന്റെ മധുരം രുചിച്ച മൂകനായ എന്റെ അന്തരംഗത്തിലോ എവിടെയാണു നീ എന്ന് ഭക്തനായ കവി കാളിദാസനെപ്പോലെ ദേവിയെ തിരയുകയാണ്. വിശ്വത്തിലെല്ലായിടത്തും നിറഞ്ഞിരിക്കുകയാണ് അപരിമിതമായ ദേവീ ചൈതന്യം. കര്‍മ്മകാണ്ഡങ്ങളും സ്വപ്‌നങ്ങളും നിത്യ ചണ്ഡികാഹോമത്തിലെ ദ്രവ്യമാണെന്നും ഹോമശേഷമുള്ള പ്രസാദമായ കുങ്കുമം നെറ്റിയില്‍ തൊടുവിക്കണേ എന്നുമാണ് കവിയുടെ പ്രാര്‍ത്ഥന.
‘മാമാങ്കം’ എന്ന ചിത്രത്തില്‍ പി.ഭാസ്‌കരന്‍ എഴുതി, ‘ശ്യാമ’ രാഗത്തില്‍ കെ. രാഘവന്‍ സംഗീതം പകര്‍ന്ന ‘അടി തൊഴുന്നേന്‍, ദേവീ മുടി തൊഴുന്നേന്‍’ എന്ന ഗാനം, ‘ശ്രീദേവി ദര്‍ശനം’ എന്ന ചിത്രത്തില്‍ കോന്നിയൂര്‍ ഭാസ് എഴുതി ജി. ദേവരാജന്‍ ‘മധ്യമാവതി’ രാഗത്തില്‍ ചിട്ടപ്പെടുത്തിയ ‘ദേവീ… അംബികേ’ എന്ന ഗാനം, ‘സവിധം’ എന്ന ചിത്രത്തില്‍ ജോണ്‍സണ്‍ ‘രസികരഞ്ജിനി’ രാഗത്തില്‍ ഈണമിട്ട് കൈതപ്രം എഴുതിയ ‘ബ്രഹ്മകമലം ശ്രീലകമാകിയ നാദ ബ്രഹ്മസുധാമയീ…’ എന്ന ഗാനം, ‘കുടുംബ സമേതം’ എന്ന ചിത്രത്തില്‍ കൈതപ്രം- ജോണ്‍സണ്‍ ടീമൊരുക്കിയ ‘കീരവാണി’ രാഗത്തിലുള്ള ‘കമലാംബികേ, രക്ഷമാം….’ എന്ന ഗാനം തുടങ്ങി മലയാള സിനിമ സംഭാവന നല്‍കിയ ദേവീ സ്തുതികള്‍ ധാരാളമുണ്ട്.
മേല്‍ പ്രസ്താവിച്ച ഗാനങ്ങളിലൂടെ കടന്നുപോകുന്ന ഏതൊരു ശ്രോതാവിനും ഏതൊരു ദേവീ ഉപാസകനും പുതിയൊരനുഭവവും ദേവീ സാക്ഷാത്കാരത്തിന് വഴികാട്ടുന്ന ഒരു സാമഗ്രി എന്ന നിലയില്‍ അനുഭൂതി പകരുന്ന വെളിച്ചവുമാണെന്ന് ബോധ്യപ്പെടുന്ന രീതിയിലാണ് ഈ ഗാനങ്ങളുടെ രചന സംഭവിച്ചിട്ടുള്ളത്. ഈ ഗാനങ്ങള്‍ മഹത്തായ ദേവീപ്രാര്‍ത്ഥനകളും വര്‍ണ്ണനകളുമാണെന്ന് അവയിലൂടെ കടന്നുപോകുന്ന അനുവാചകന് തീര്‍ച്ചയായും വ്യക്തമാകുന്നതാണ്.