സംഘപ്രവര്‍ത്തനം നടക്കുന്നത് അതിന്റെ ഭരണഘടനയനുസരിച്ചല്ല, മറിച്ച് കീഴ്‌വഴക്കം (Tradition) അനുസരിച്ചാണ്. ചാലകന്‍ എന്നാല്‍ പാലകന്‍ എന്നാണര്‍ത്ഥം. സംഘത്തില്‍ പ്രവര്‍ത്തിക്കാന്‍ ഒരു ടോളിയുണ്ട്. ഓടി നടന്ന് ആവശ്യമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത് ടോളിയിലുള്ളവരായിരിക്കും. പ്രവര്‍ത്തനം ശരിയായ ദിശയിലേക്ക് തന്നെയാണോ പോകുന്നത് എന്ന് നിരീക്ഷിക്കേണ്ട ചുമതല മാനനീയ സംഘചാലകന്റേതാണ്. ടോളിയിലെ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിക്കുമ്പോള്‍ അവരെ സഹായിക്കുക എന്നതാണ് മാനനീയ സംഘചാലക് ചെയ്യേണ്ടത്. കൂടാതെ, കാര്യകര്‍ത്താക്കള്‍ക്കും സ്വയംസേവകര്‍ക്കും ഒരു അത്താണി കൂടിയാണ് മാനനീയ സംഘചാലകന്‍.
മഹാരാഷ്ട്രയില്‍ ഒരു താലൂക്ക് കാര്യവാഹിന് ഹെപ്പിറ്റൈറ്റിസ് ബാധിച്ചു. നാഗപ്പൂരിലെ മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയപ്പോള്‍ രോഗം ഗുരുതരാവസ്ഥയിലാണെന്നും ജീവിതത്തിലേക്ക് തിരിച്ചുവരുക പ്രയാസമാണെന്നുമാണ് ഡോക്ടര്‍ അറിയിച്ചത്!
മകന്‍ എഞ്ചിനീയറിംഗ് ഡിപ്ലോമക്ക് പഠിക്കുന്നു, മകള്‍ വിവാഹപ്രായമായി നില്‍ക്കുന്നു; കടവുമുണ്ട്. എന്തു ചെയ്യണമെന്നറിയാതെ അദ്ദേഹത്തിന്റെ കുടുംബം ദയനീയാവസ്ഥയിലായി. നാലാം ദിവസം മാനനീയ താലൂക്ക് സംഘചാലക് ആ വീട്ടിലെത്തി. സാമ്പത്തിക ബാധ്യതകള്‍ എത്രയുണ്ടെന്ന് കാര്യവാഹിന്റെ സഹധര്‍മ്മിണിയോട് അന്വേഷിച്ചു മനസ്സിലാക്കി ആ തുകയ്ക്കുള്ള ബാങ്ക് ചെക്ക് എഴുതി ഒപ്പിട്ട് അവരെ ഏല്‍പിച്ചു. അതിനുശേഷം അദ്ദേഹം കാര്യവാഹിനോട് പറഞ്ഞു: ”നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമായിട്ടുണ്ട്. നിങ്ങള്‍ ഉടനെ ആശുപത്രിയില്‍ ചെന്ന് അസുഖത്തിന് ചികിത്സ നേടണം. എല്ലാം ശരിയാകും. ആശുപത്രിയില്‍ ചെന്ന് ചികിത്സ തേടിയ കാര്യവാഹ് ആരോഗ്യം വീണ്ടെടുത്ത് വീണ്ടും പ്രവര്‍ത്തനത്തില്‍ സക്രിയനാവുകയും ചെയ്തു.
ഈ സംഭവം വിവരിച്ച ശേഷം പരംപൂജനീയ സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് വ്യക്തമാക്കുന്നു: ”എല്ലാ സംഘചാകന്മാര്‍ക്കും ഇതുപോലെ പണം നല്‍കി സഹായിക്കാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍ കുറഞ്ഞപക്ഷം കാര്യകര്‍ത്താക്കളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അവരെ സാന്ത്വനിപ്പിക്കാനും അവരുടെ ആത്മവിശ്വാസം ചോര്‍ന്നു പോകാതെ സൂക്ഷിക്കുവാനും സംഘചാലകന് കഴിയണം.”