2025 ജൂണ്‍ 13-ന് രാത്രി, മദ്ധ്യപൂര്‍വ മേഖലയിലെ സമതുലിതാവസ്ഥ തകര്‍ത്തുകൊണ്ട്, ഇസ്രായേല്‍ ഒരു യുദ്ധനീക്കം നടത്തി. ഇറാന്റെ തന്ത്രപ്രധാനമായ മേഖലകളിലേക്ക് കടന്നുകയറിയാണ് ഇസ്രായേല്‍ വ്യാപകമായ വ്യോമാക്രമണങ്ങള്‍ നടത്തിയത്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍, സൈനിക ആസ്ഥാനങ്ങള്‍, മിസൈല്‍ താവളങ്ങള്‍, സാങ്കേതിക കേന്ദ്രങ്ങള്‍ എന്നിവയും പ്രമുഖ നേതാക്കളേയും ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം. ‘ഓപ്പറേഷന്‍ റൈസിംഗ് ലൈണ്‍’ എന്ന് പേരില്‍ നടത്തിയ ആക്രമണം ഇറാനെ ഞെട്ടിക്കുന്നതായിരുന്നു. ഇതുവരെ ഇസ്രായേല്‍ ഇറാന് നേരെ നടത്തിയതില്‍ ഏറ്റവും വലുതും നേരിട്ടുള്ളതുമായിരുന്നു ഈ ആക്രമണങ്ങള്‍.
തങ്ങളുടെ രാജ്യത്തെ തന്ത്രപരമായ കേന്ദ്രങ്ങള്‍ ഇസ്രായേല്‍ സേനയ്ക്ക് ഇത്രയും കൃത്യമായി അറിയാം എന്ന തിരിച്ചറിവ് ഉണ്ടായതോടെ ഇറാനും ശക്തമായ തിരച്ചടിക്ക് നീക്കം തുടങ്ങി. ‘ഓപ്പറേഷന്‍ ട്രൂ പ്രോമിസ് III’ എന്ന പേരില്‍ സൈനിക നടപടി ആരംഭിച്ചു. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച്, ഇസ്രായേലിന്റെ സൈനിക-സിവിലിയന്‍ കേന്ദ്രങ്ങള്‍ ഇറാന്‍ ആക്രമിച്ചു. ഇതില്‍ ചിലത് ഇസ്രായേല്‍ പ്രതിരോധ സംവിധാനം തകര്‍ത്തു. ചിലത് ലക്ഷ്യസ്ഥാനത്ത് പതിക്കുകയും ചെയ്തു. ഇതുവരെ നൂറിലധികം പേര്‍ ഇരുരാജ്യങ്ങളിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രമുഖരുടെ പേരുകളുടെ കാര്യത്തില്‍ മാത്രമാണ് സ്ഥിരീകരണമുളളത്.
കാലങ്ങളായി വീണ വിത്തുകള്‍
ഇസ്രായേലും ഇറാനും തമ്മിലുള്ള ഇപ്പോഴത്തെ സംഘര്‍ഷത്തിന്റെ കാരണങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇറാന്റെ ആണവ പദ്ധതികള്‍, ഹിസ്ബുള്ള – ഹമാസ് പോലുള്ള സേനകള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണ, ഇസ്രായേലിനെതിരെ നടക്കുന്ന പ്രതികാര നീക്കങ്ങള്‍ക്കുള്ള സഹായം തുടങ്ങി കാരണങ്ങള്‍ പലതാണ്. തങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്ന രാജ്യമായാണ് ഇരുകൂട്ടരും പരസ്പരം നോക്കിക്കാണുന്നത്.
2024 ഏപ്രിലിലും ഒക്ടോബറിലും ഇരു രാജ്യങ്ങളും പരസ്പരം ആക്രമണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ആക്രമണം വളരെ ഗൗരവമേറിയതാണ്. ഇതിന്റെ ആഘാതങ്ങള്‍ വലുതായിരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇറാന്‍ അടുത്ത മാസങ്ങളില്‍ ആണവായുധ ശേഷിയിലേക്കെത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്് തിരക്കിട്ട നീക്കത്തിന് ഇസ്രായേല്‍ നല്‍കുന്ന ന്യായീകരണം. ”ഇത് ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള നടപടി മാത്രമാണ്. ഇറാന്‍ ആണവായുധം നേടുന്നത് അനുവദിക്കില്ല.” ആക്രമണം സംബന്ധിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത് ഇതാണ്.
ഇസ്രായേലിന്റെ കയ്യൊപ്പ് പതിഞ്ഞ ആക്രമണം
ജൂണ്‍ 13ന് പുലര്‍ച്ചെ, ഇസ്രായേലി യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, സൈബര്‍ യൂണിറ്റുകള്‍ എന്നിവയുടെ സംയുക്തമായ ആക്രമണമാണ് ഇറാന് നേരെ നടന്നത്. കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച് തന്ത്രപ്രധാന കേന്ദ്രങ്ങള്‍ കൃത്യതയോടെ തകര്‍ക്കുന്ന ഇസ്രായേല്‍ ടച്ച് ഈ ആക്രമങ്ങളില്‍ പ്രകടമായിരുന്നു.
ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം നാട്ടന്‍സ് ആണവ സമൃദ്ധി പ്ലാന്റ് പൂര്‍ണമായും തകര്‍ത്തതായാണ് റിപ്പോര്‍ട്ട്. കൂടാതെ ഇസ്ഫഹാന്‍ യുറേനിയം പരിവര്‍ത്തന പ്ലാന്റ് ഭൂരിഭാഗവും നശിച്ചു. ഫോര്‍ഡോ ഇന്റ്രിഞ്ച്മെന്റ് പ്ലാന്റ് ഭൂഗര്‍ഭ സംവിധാനമായതിനാല്‍ ആക്രമണം ഭാഗികമായി മാത്രമേ വിജയിച്ചുള്ളു. ടബ്രിസിലുള്ള മിസൈല്‍ ശേഖരണകേന്ദ്രവും, കെര്‍മാന്‍ഷായിലെ കഞഏഇ താവളവും. കഞഏഇയുടെ സങ്കേതിക ബുദ്ധിവിവര ആസ്ഥാനങ്ങള്‍, നൂതന ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങള്‍ – തെഹ്‌റാനും പിറാന്‍ഷഹറും ഉള്‍പ്പെടെ ഇസ്രായേലി ആക്രമണങ്ങള്‍ കേവലം തന്ത്രപ്രധാന കേന്ദ്രങ്ങള്‍ തകര്‍ക്കല്‍ മാത്രമായിരുന്നില്ല. സൈനിക മേധാവികള്‍ ഉള്‍പ്പെടെ പ്രധാന നേതാക്കളെ കൂടിയായാണ് അവര്‍ ലക്ഷ്യമിട്ടത്.
ഇറാന്‍ സേനാ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് ബാഘേരി, കഞഏഇ കമാന്‍ഡര്‍ ഹൊസൈന്‍ സലാമി, എയര്‍സ്പേസ് മേധാവി അമീര്‍ അലി ഹാജി സാദെ, സൈനിക തന്ത്രജ്ഞന്‍ ഘുലാം അലി റാഷിദ്, എയര്‍ ഡിഫന്‍സ് കമാന്‍ഡര്‍ ഡ്രോണ്‍ യൂണിറ്റ് തലവന്‍ ദാവൂദ് ഷൈഖിയാന്‍, കഞഏഇ ഇന്റലിജന്‍സ് ചീഫ് താഹിര്‍ പൂര്‍ , മൊഹമ്മദ് കാസിമി – ഡെപ്യൂട്ടി ചീഫ്, ഹസ്സന്‍ മൊഹഖിഖ് എന്നിവരെല്ലാം വധിക്കപ്പെട്ടു.
ജൂണ്‍ 15-ന് അലി ഷാദിമാനിനെ ഇസ്രായേല്‍ വധിച്ചു. ഗോളാം അലി റാഷിദിന് പകരം ‘വാര്‍ ചീഫ് ഓഫ് സ്റ്റാഫ്’ ആയി നിയമിക്കപ്പെട്ട അദ്ദേഹം, കഞഏഇയും ഇറാന്‍ സേനയ്ക്കും സംയുക്തമായി നേതൃത്വം നല്‍കിയിരുന്നു. ‘ഇറാന്റെ തീവ്രവാദ തന്ത്രജ്ഞരുടെ താടിമുറിക്കപ്പെട്ടിരിക്കുന്നു’. പ്രധാന നേതാക്കളെ വധിച്ചതിന് പിന്നാലെ നെതന്യാഹു പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു.
ഓപ്പറേഷന്‍ ട്രൂ പ്രോമിസ് III, ഇറാന്റെ പ്രതികാരം
വലിയ ആക്രമണത്തില്‍ ആദ്യം അമ്പരന്ന് പോയെങ്കിലും ഇറാനും തിരിച്ചടി ശക്തമാക്കിയിട്ടുണ്ട്. ജൂണ്‍ 13-ന് വൈകിട്ട് തുടങ്ങി, ഇറാന്‍ 150-ലധികം ബാലിസ്റ്റിക് മിസൈലുകളും 100-ലധികം ഡ്രോണുകളും ഇസ്രായേല്‍ നഗരങ്ങള്‍ ലക്ഷ്യമാക്കി തൊടുത്തു. നെഗെവ്, ഹെയ്ഫ, യെരൂശലേം എന്നിവയിലെ ഐഡിഎഫ് താവളങ്ങള്‍, ടെല്‍ അവീവിലെ പ്രതിരോധ മന്ത്രാലയ സമുച്ചയം, ഇസ്രായേലിന്റെ സിവില്‍ പ്രദേശങ്ങള്‍ ഇവയായിരുന്നു ലക്ഷ്യങ്ങള്‍.
ഐണ്‍ ഡോം, ഡേവിഡ്‌സ് സ്ലിംഗ് തുടങ്ങി പ്രതിരോധ സംവിധാനങ്ങള്‍ പല ആക്രമണങ്ങളും തടഞ്ഞുവെങ്കിലും ചിലത് ലക്ഷ്യസ്ഥാനത്ത് തന്നെ പതിച്ചു. സിവിലിയന്‍ മരണം രണ്ട് ഡസനിലേറെ, ഏഴ് സൈനികര്‍ക്കു പരിക്കേറ്റതായും ഇസ്രായേല്‍ അറിയിച്ചു. ഇസ്രായേലിന്റെ യുദ്ധവിമാനം വെടിവെച്ചിട്ടതായും രഹസ്യന്വേഷണ വിഭാഗമായ മൊസാദിന്റെ ആസ്ഥാനം ആക്രമിച്ചതായും ഇറാന്‍ അവകാശപ്പെടുന്നുണ്ട്.
ഇരു രാജ്യങ്ങളും യുദ്ധത്തിലേക്ക് കടക്കുമ്പോള്‍ സ്വഭാവികമായും ദുരിതത്തിലാവുക അവിടങ്ങളിലെ ജനങ്ങളാണ്. അതുതന്നെയാണ് ഇറാനിലും ഇസ്രായേലിലും സംഭവിക്കുന്നത്. ഇറാന്റെ ആരോഗ്യ മന്ത്രാലയം 224 മരണം സ്ഥിരീകരിച്ചു. എന്നാല്‍ ഒഞഅചഅ 408 മരണം റിപ്പോര്‍ട്ട് ചെയ്തു: അതില്‍ 92 സൈനികര്‍, 199 സിവിലിയന്മാര്‍, 117 അജ്ഞാതര്‍ എന്നിങ്ങനെയാണ് കണക്ക്. തെഹ്‌റാനിലെ താജ്രിഷ് മേഖലയില്‍ വന്‍തോതില്‍ സ്ത്രീകളും കുട്ടികളും പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഇറാനിയന്‍ റെഡ് ക്രസന്റും രക്ഷാപ്രവര്‍ത്തനം നടത്തി.
മുറുകുന്ന സൈബര്‍ യുദ്ധം
2020-ല്‍ കൊല്ലപ്പെട്ട മോഹ്‌സന്‍ ഫഖ്രിസാദെയുടെ പിന്‍ഗാമികളായി സേവനം നടത്തിയ 14 ആണവ ശാസ്ത്രജ്ഞര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതില്‍ ഫരെയ്ദൂണ്‍ അബ്ബാസി, മൊഹമ്മദ് മെഹ്ദി തെഹ്റാഞ്ചി എന്നിവരും ഉള്‍പ്പെടും. ഷിറാസിലും യാസ്ദിലും കാര്‍ ബോംബ് ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതൊക്കെ മൊസ്സാദിന്റെ നീക്കമാണെന്ന് ഇറാന്‍ ആരോപിക്കുന്നു. ബാങ്ക് സെപാഹ്, കഞഏഇ അനുബന്ധ സ്ഥാപനമായ ബാങ്ക് എന്നിവ വലിയൊരു സൈബര്‍ ആക്രമണത്തിന് ഇരയായി. Predatory Sparrow എന്ന ഗ്രൂപ്പ് ഉത്തരവാദിത്തം ഏറ്റെടുത്തു. ഇത് വലയൊരു യുദ്ധത്തിന്റെ തുടക്കമായി തന്നെ കണക്കാക്കാം. അമേരിക്ക അടക്കമുള്ള വന്‍ശക്തികള്‍ കൂടി പിന്തുണച്ച് രംഗത്ത് എത്തിയതോടെ വലിയ രക്തരൂഷിതമായ പോരാട്ടങ്ങള്‍ക്കും സാധ്യത കാണുന്നു.