‘സമാധാനകാലത്ത് മക്കള്‍ മാതാപിതാക്കളെ സംസ്‌ക്കരിക്കും. യുദ്ധകാലത്ത് മാതാപിതാക്കള്‍ മക്കളെ സംസ്‌ക്കരിക്കും’ എന്നു രണ്ടാംലോകമഹായുദ്ധകാലത്ത് രാഷ്ട്രത്തോടുള്ള ഒരു പ്രക്ഷേപണത്തില്‍ പറഞ്ഞത് അന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലാണ്. മുതിര്‍ന്നവര്‍ പ്രായം കുറഞ്ഞവരെ യാത്രയാക്കേണ്ടി വരുന്നതിനെ പണ്ടുള്ളവര്‍ പറഞ്ഞിരുന്നത് കാലദോഷമെന്നു തന്നെയാണ്. ജീവിതത്തിന്റെ ഉച്ചവെയിലില്‍ ജ്വലിച്ചു നില്ക്കുമ്പോള്‍ ജീവിതം അസ്തമിച്ചു പോകുന്നത് കാണേണ്ടി വരുന്നതിനോളം സങ്കടകരമായ കാര്യവുമില്ല.
മദ്ധ്യപൂര്‍വ്വ പ്രദേശം വീണ്ടും യുദ്ധത്തില്‍ അമര്‍ന്നിരിക്കുകയാണ്. ഇറാനും ഇസ്രായേലും യുദ്ധം തുടങ്ങിയിരിക്കുന്നു. ഗാസയിലെ യുദ്ധം തുടരുന്നതിനിടെ പലതവണ ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഇറാന്‍ പ്രത്യാക്രമണവും നടത്തിയിരുന്നു. അതില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ തുടങ്ങിയിരിക്കുന്ന യുദ്ധം ഇടവേളയില്ലാതെ തുടരാനും പശ്ചിമേഷ്യ മുഴുവന്‍ സംഘര്‍ഷ ഭീതിയില്‍ കഴിയാനും ഇടയാക്കുകയാണ്. ഇറാന്റെ ആണവശേഷിയാണ് ഇസ്രായേലിന്റെ ഉറക്കം കെടുത്തുന്നത്. എന്നാല്‍ ഭീഷണിയുടെയും യുദ്ധത്തിന്റെയും മുന്നില്‍ അത്ര പെട്ടെന്ന് കീഴടങ്ങുന്ന രാജ്യമല്ല ഇറാന്‍. റഷ്യയുമായി നല്ല ബന്ധം പുലര്‍ത്തുന്ന രാജ്യം കൂടിയാണത്. ഇസ്രായേലാകട്ടെ അമേരിക്കന്‍ പക്ഷത്ത് ഉറച്ച് നില്‍ക്കുന്ന രാജ്യവും. വന്‍ശക്തികളുടെ ഇടപെടലിലൂടെ ഈ യുദ്ധങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ലോകം ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് വഴുതി വീഴാന്‍ അധികം സമയം വേണ്ടിവരില്ല. യുദ്ധം എവിടെ നടന്നാലും അത് ഭൂമിയില്‍ വസിക്കുന്ന ജനങ്ങളെ പല രീതിയില്‍ ബാധിക്കാം. എണ്ണയുടെയും ഗ്യാസിന്റെയും വില കൂടുന്നതിനൊപ്പം അവശ്യ വസ്തുക്കളുടെ ക്ഷാമവും പ്രതീക്ഷിക്കാം. കപ്പല്‍ ഗതാഗതങ്ങള്‍ താറുമാറാകുമെന്നതിനാല്‍ ചരക്കു നീക്കം തടയപ്പെടും. ഇത് ഭാരതം ഉള്‍പ്പെടെ പല ഏഷ്യന്‍ രാജ്യങ്ങളിലുംസാധനസാമഗ്രികളുടെ വില കുതിച്ചുയരാനും സാധാരണ ജനജീവിതം ദുസ്സഹമാകാനും ഇടയാക്കും. യുദ്ധം തുടങ്ങിക്കഴിഞ്ഞാല്‍ ആരുടെ ഭാഗത്താണ് ന്യായം എന്നതില്‍ ചര്‍ച്ച നടത്തിയിട്ട് കാര്യമില്ല. അത് അവസാനിപ്പിക്കാനുള്ള വഴികളാണ് സമാധാന കാംക്ഷികളായ ഭാരതം ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആരായേണ്ടത്.
ആണവപരിശോധനയ്ക്ക് ഇറാനില്‍ നിന്ന് വേണ്ടത്ര സഹകരണമില്ലെന്ന് ആരോപിച്ചും ഇറാന്റെ പദ്ധതികളില്‍ നിഗൂഢത സംശയിച്ചും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) തലവന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് ആക്രമണം. ഇസ്രായേല്‍ കെട്ടിച്ചമച്ച രേഖകളെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ട് അസന്തുലിതമാണെന്ന് ഇറാന്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ അവതരിപ്പിച്ച പ്രമേയം ഐഎഇഎ 35 അംഗ ഗവേണിംഗ് ബോര്‍ഡ് 19 വോട്ടോടെ പാസാക്കിയതിനു പിന്നാലെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. പൂര്‍ണമായും അമേരിക്കയുടെ നിയന്ത്രണത്തിലുള്ള രാജ്യങ്ങളാണ് പാശ്ചാത്യ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതെന്ന് കാണാം. ചൈനയും റഷ്യയും ആഫ്രിക്കയിലെ കൊച്ചുരാജ്യമായ ബുര്‍കിനാ ഫാസോയും എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ ഭാരതവും പാകിസ്ഥാനുമടക്കം 11 രാജ്യങ്ങള്‍ വിട്ടുനിന്നു. വെനസ്വേലയും പരാഗ്വേയും വോട്ടിംഗ് ബഹിഷ്‌കരിച്ചു.
രണ്ട് പതിറ്റാണ്ടുമുമ്പ് ആണവതര്‍ക്കം ആരംഭിച്ചപ്പോള്‍ മിതവാദിയും പരിഷ്‌കരണേച്ഛുവുമായ മുഹമ്മദ് ഖതമിയായിരുന്നു ഇറാന്‍ പ്രസിഡന്റ്. പിന്നീട് അതേ വിഭാഗത്തില്‍പ്പെട്ട ഹസന്‍ റൂഹാനി പ്രസിഡന്റായപ്പോഴും ഇസ്രായേലും പാശ്ചാത്യരാജ്യങ്ങളും ഇറാന് നേരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. 2015ല്‍ റൂഹാനിയുടെ കാലത്താണ് യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും ജര്‍മനിയുള്‍പ്പെട്ട വന്‍ശക്തികളുമായി (പി5+1) ആണവക്കരാറുണ്ടാക്കിയത്. അന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയായിരുന്നു. 2018ല്‍ ട്രംപ് പാശ്ചാത്യ കൂട്ടാളികളെപ്പോലും അനുസരിക്കാതെ അമേരിക്കയെ കരാറില്‍നിന്ന് പിന്‍വലിച്ചത് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ താല്‍പ്പര്യപ്രകാരമായിരുന്നു. നെതന്യാഹു തുടക്കം മുതല്‍ എതിര്‍ത്ത കരാറില്‍നിന്ന് അമേരിക്ക പിന്‍വാങ്ങിയതോടെ അതനുസരിക്കാന്‍ ഇറാനും ബാധ്യതയില്ലാതായി എന്നും പറയപ്പെടുന്നു. ട്രംപ് പുതിയ കരാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ മിതവാദിയായ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ തള്ളിയില്ല. തുടര്‍ന്ന് ആരംഭിച്ച ചര്‍ച്ചകള്‍ ആറാംവട്ടത്തിലേക്ക് കടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയായിരുന്നു ഇസ്രായേല്‍ ആക്രമണം. ഇറാനെതിരെ ഇസ്രായേല്‍ തിടുക്കത്തില്‍ ആക്രമണം ആരംഭിച്ചത് ഇറാനും അമേരിക്കയും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാവാതിരിക്കാനാണ്. മേഖലയില്‍ തങ്ങള്‍ക്ക് ഏക വെല്ലുവിളിയായ ഇറാന്‍ സാമ്പത്തികശക്തിയാകുന്നത് എങ്ങനെയും തടയുകയാണ് ലക്ഷ്യം എന്ന വാദവും ഉണ്ട്.
ഇറാന്‍- ഇസ്രായേല്‍ യുദ്ധം കണ്ടുനില്‍ക്കുന്ന ഓരോ രാജ്യങ്ങള്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട്. ചിലര്‍ക്ക് വാണിജ്യ താല്‍പര്യങ്ങള്‍ ആണെങ്കില്‍ മറ്റു ചിലര്‍ക്ക് മത താല്‍പര്യങ്ങളാണ്. പശ്ചിമേഷ്യയില്‍ ഷിയാ ഇറാന്റെ പതനം ആഗ്രഹിക്കുന്നവരാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള സുന്നി ഇസ്ലാമിക് രാജ്യങ്ങള്‍. പരസ്യമായി ആക്രമണത്തെ അപലപിച്ചെങ്കിലും മറ്റൊന്നും സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുണ്ടായില്ല. കേരളത്തിലെ ഇസ്ലാമിക തീവ്രവാദികള്‍ ഇസ്രായേലിനെതിരെ സംസാരിക്കുന്നത് ഷിയാക്കളോടു താല്പര്യമുണ്ടായിട്ടല്ല, ആഗോള ഇസ്ലാമിക ഉമ്മത്തിന് വേണ്ടി മാത്രമാണ്. യെമനിലെ ഹൂതി വിമതരെ സൗദിക്കെതിരേ വളര്‍ത്തിയത് ഇറാനായിരുന്നു. ഇസ്ലാമിക രാജ്യങ്ങളുടെ നേതൃത്വത്തിലേക്ക് വരാനും ഇറാന്‍ കാലങ്ങളായി ശ്രമിക്കുന്നുണ്ട്. ഇതെല്ലാം സൗദി ഉള്‍പ്പെടെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ താല്പര്യത്തിന് എതിരാണ്. ഇസ്രായേലിന്റെ ആക്രമണവിവരം ഖത്തര്‍ ഉള്‍പ്പെടെ ചില രാജ്യങ്ങളെ മുന്‍കൂട്ടി അറിയിച്ചിരുന്നതായി ഡൊണള്‍ഡ് ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. ഇതും ഇറാനെ പ്രകോപിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ് സൂചന. ഇറാനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയെന്നത് ഇസ്രായേലിന്റെ ആവശ്യമായിരുന്നു. ഇറാന്‍ മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതോടെ ഇസ്രായേല്‍ ആഗ്രഹിച്ചത് സംഭവിച്ചു. ഇനി പരമാവധി ഇറാനെ പൊള്ളലേല്പിക്കുകയെന്നതാകും നെതന്യാഹുവിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ഇറാനുമായി സൗഹൃദമുള്ള റഷ്യയും ചൈനയും പ്രതികരണം പ്രസ്താവനകളില്‍ ഒതുക്കിയതോടെ ഒറ്റയ്ക്ക് പൊരുതേണ്ട അവസ്ഥയിലാണ് ഇറാന്‍. എണ്ണ, വാതക, അണു സംവിധാനങ്ങള്‍ എല്ലാം തകര്‍ന്ന ഇറാന് ഇപ്പോഴുള്ള ദയനീയ സാമ്പത്തിക സ്ഥിതിയില്‍ നിന്ന് കയറാനുള്ള സാധ്യത പോലും മങ്ങിയിരിക്കുകയാണ്. ഇസ്രായേലിനാകട്ടെ യുഎസിന്റെ പരസ്യ സഹായവും ഗള്‍ഫ് രാജ്യങ്ങളുടെ മൗനസമ്മതവും ഉണ്ട്. ലോക പോലീസും സാമ്പത്തിക ശക്തിയുമായ അമേരിക്കയുടെ പിന്തുണയുള്ള ഇസ്രയേലിന് തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ സാധിക്കും. എന്തായാലും പശ്ചിമേഷ്യയുടെ രാഷ്ട്രീയ ഭൂപടം അധികം വൈകാതെ മാറുമെന്നത് ഉറപ്പാണ്. ഏതു തരത്തിലാകുമെന്നത് കണ്ടറിയണമെന്ന് മാത്രം. മതഭീകരവാദികള്‍ അധികാരം കൈയാളുന്ന ജനാധിപത്യവും മതേതരത്വവും സ്ത്രീ സ്വാതന്ത്ര്യവും ഇല്ലാത്ത പ്രാകൃതമായ മത രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ ഇല്ലാതാവേണ്ടതാണ് എന്ന് മാത്രമാണ് പറയാനുള്ളത്. ഇറാന്‍ തോറ്റാല്‍ അവിടെയുള്ള ഷിയാ മുസ്ലിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. അവിടെ ഒരു മതേതര ജനാധിപത്യ പുരോഗമന ഭരണകൂടം വരാന്‍ സാധ്യതയുണ്ട്. അതോടെ ഷിയാ മുസ്ലിങ്ങള്‍ക്ക് സ്വാതന്ത്ര്യവും ജനാധിപത്യവും സമത്വവും നല്ലൊരു ഭാവിയും കിട്ടും എന്നും വാദമുണ്ട്. ആണവകേന്ദ്ര ആക്രമണത്തോടെ അമേരിക്കയുടെ ലക്ഷ്യം കണ്ടു കഴിഞ്ഞു. അണുബോംബ് ഉണ്ടാക്കുന്നത് വൈകിപ്പിക്കുക, സൈനിക ശക്തി തകര്‍ക്കുക എന്നീ ലക്ഷ്യങ്ങള്‍ നേടി കഴിഞ്ഞു. ഇസ്രായേലില്‍ ഉണ്ടായ നാശ നഷ്ടങ്ങള്‍ ഇറാനെ ഇനിയും ആക്രമിക്കാനുള്ള വടിയായി ഇസ്രായേലിനും കിട്ടി. അമേരിക്കന്‍ ആയുധങ്ങള്‍ കൂടുതല്‍ വില്‍ക്കാന്‍ അവസരം തുറന്നു കിട്ടി. ഒരു വെടിക്ക് എത്ര ഡീല്‍. ഇറാനും ഇസ്രായേലിനും ഇടയിലുള്ള യുദ്ധം കൈവിട്ട് പോകുമെന്ന് ലോകത്തുള്ള സകല രാജ്യതലവന്മാരും കരുതി ഡിപ്ലോമാറ്റിക് ചര്‍ച്ചകള്‍ നടത്താന്‍ ഓടി നടക്കുമ്പോള്‍ ട്രംപിന്റെ ട്വീറ്റ് വന്നു: ഇറാനെ ഒന്ന് വിരട്ടുന്നു, കൂടെ പറയുന്നു നമുക്കൊരു ഡീല്‍ നടത്താം. ലോകത്തിലെ ഏറ്റവും വലിയ നാച്ചുറല്‍ ഗ്യാസ് പ്രൊഡ്യൂസര്‍, വലിയ ധാതു സമ്പത്തുള്ള രാജ്യം-ഇതൊക്കെയാണ് ഇറാന്‍.
അമേരിക്കയോടും ബ്രിട്ടനോടും ഫ്രാന്‍സിനോടും നേരിട്ട് മുട്ടാന്‍ കെല്‍പ്പുള്ള ഒരു സൈനിക ശക്തി യാണ് ഇറാന്‍ എന്ന് ഖൊമേനി ചിന്തിക്കുന്നത് മഠയത്തരം തന്നെയാണ്. ഇസ്രായേലിനെ പോലെ ഒരു ചെറിയ രാജ്യമൊന്നുമല്ല അമേരിക്ക. ലോകത്തെ മുഴുവന്‍ പത്ത് തവണ ചുട്ടു ചാമ്പലാക്കാന്‍ ആവശ്യമായതിന്റെ ഇരട്ടി ആയുധങ്ങളുമായി ട്രംപ് ഭരിക്കുന്ന രാജ്യമാണത്. ഫ്രാന്‍സിന്റെ കാര്യമെടുത്താല്‍ ലിബിയയിലെ ഗദ്ദാഫിയുടെ പുകഴ്‌പെറ്റ സൈന്യത്തെ ചുരുട്ടി കൂട്ടി അദ്ദേഹത്തെ വെടിവെച്ച് കൊന്ന് ഓടയില്‍ തള്ളിയ സംഭവം നാമെല്ലാം കണ്ടതാണ്. ബ്രിട്ടന്‍ ഇപ്പോള്‍ നേരിട്ട് യുദ്ധങ്ങള്‍ നടത്താറില്ലെങ്കിലും അവരുടെ ചാര പ്രവൃത്തികളും ലോക മാധ്യമങ്ങളുടെ മേലുള്ള സ്വാധീനവുമെല്ലാം എടുത്താല്‍ ഇന്നും അവര്‍ യുദ്ധകാര്യങ്ങളില്‍ മുത്തച്ഛന്‍ ആണ്. അമേരിക്കയ്ക്ക് ഖത്തറില്‍ ഉള്ള സൈനിക താവളത്തില്‍ പതിനായിരക്കണക്കിന് സൈനികരുണ്ട്. തൊട്ടടുത്തുള്ള ബഹറൈനിലാണ് അമേരിക്കയുടെ പുകഴ്‌പെറ്റ നേവിയുടെ ഫിഫ്ത്ത് ഫ്‌ളീറ്റ്. കൂടാതെ ഇറാന്റെ ബദ്ധശത്രുവായ സൗദിയില്‍ നിന്നും ഇറാനെ തകര്‍ക്കാം. അലഞ്ഞു നടക്കുന്ന ഹൂതി വിമതര്‍ അല്ലാതെ ഇസ്ലാമിക – അറബ് രാജ്യങ്ങളില്‍ നിന്ന് പിന്തുണ കിട്ടാത്ത ഒരു രാജ്യം കൂടിയാണ് ഇറാന്‍. അപ്പോഴാണ് ഖൊമേനിയുടെ യാഥാര്‍ത്ഥ്യം മറന്നുകൊണ്ടുള്ള ഗോഗ്വാ വിളി. ഇപ്പോള്‍ നടക്കുന്ന ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം കാണുന്ന ആര്‍ക്കും അതില്‍ ട്രംപിന്റെ കൂര്‍മ്മ ബുദ്ധി കാണാനാകും. എങ്ങനെയെങ്കിലും ഈ യുദ്ധത്തില്‍ പങ്കാളികളായി ഇറാനിലെ ഭരണകൂടത്തെ തകര്‍ത്തെറിഞ്ഞു കൊണ്ട് ഇറാഖില്‍ സദ്ദാമിനെ തൂത്തെറിഞ്ഞ് മറ്റൊരു ഭരണകൂടം ഉണ്ടാക്കിയ പഴയ മോഡല്‍ പ്രവൃത്തിയാണ് ട്രംപിന്റെ വിശാല പദ്ധതി. ഇറാനില്‍ നുഴഞ്ഞു കയറിയ ചൈന എന്ന സ്ട്രാറ്റജിക് എതിരാളിയെ കാലുറപ്പിക്കുന്നതിന് മുന്‍പ് കാലൊടിക്കാന്‍ ഉള്ള പദ്ധതിയും മനസ്സിലുണ്ട്. അതിനുള്ള ശ്രമം തുടരുമ്പോഴാണ് ഖെേമനിക്ക് സാത്താന്റെ ഉള്‍വിളി ഉണ്ടാകുന്നത്. ചൈനയുടെ പിന്തുണ മനസ്സില്‍ കണ്ടാകും ഖൊമേനിയുടെ ഈ പ്രകോപനം. പക്ഷേ ചൈനയെ അറിയുന്നവര്‍ക്കറിയാം അവര്‍ കുതന്ത്ര മന്ത്രങ്ങളുടെ ഉപാസകരാണ്. മിക്കവാറും ഇപ്പോള്‍ ഈ യുദ്ധം കണ്ട് അവര്‍ ശവപ്പെട്ടി നിര്‍മാണം തുടങ്ങിയിരിക്കാന്‍ സാധ്യതയുണ്ട്!
രണ്ടാം ലോകയുദ്ധ കാലത്തെ പേള്‍ ഹാര്‍ബര്‍ ആക്രമണമാണ് ഓര്‍മ വരുന്നത്. ജാപ്പനീസ് ചക്രവര്‍ത്തിക്ക് ജെനെറല്‍ ടോജോ കൊടുത്ത ഒരു ഊള ഉപദേശമാണ് ലോകത്തിലെ ചിരപുരാതനമായ ഒരു രാജവംശത്തെയും സംസ്‌കാരത്തെയും യാങ്കികളുടെ അടിമകളാക്കി മാറ്റിയത്. യുദ്ധം അങ്ങനെയാണ്. അങ്കക്കലി മൂത്ത് നില്‍ക്കുമ്പോള്‍ സാമാന്യ ബുദ്ധി അല്ലെങ്കില്‍ വിവേകം വീരസ്യമെന്ന ചോദനയ്ക്ക് കീഴ്‌പ്പെടും. അത് ചരിത്രത്തില്‍ മുഴുവന്‍ കാണാനാകും. ഖൊമേനിക്ക് ഇംഗ്ലീഷ് അറിയാമെങ്കില്‍ പേള്‍ ഹാര്‍ബര്‍ ആക്രമണ സമയത്ത് എക്കാലത്തെയും മികച്ച അമേരിക്കന്‍ പ്രസിഡന്റ് ആയ ഫ്രാക്ലിന്‍ ഡി. റൂസ്‌വെല്‍റ്റ് പറഞ്ഞത് ഒരു തുണ്ട് കടലാസ്സില്‍ എഴുതി കൊടുക്കണം. ‘അറമലേ ംവശരവ ംശഹഹ ഹശ്‌ല ശി ശിളമാ്യ’. പേള്‍ ഹാര്‍ബര്‍ അറ്റാക്ക് ദിവസത്തെ ഫ്രാക്ലിന്‍ ഡി. റൂസ്‌വെല്‍റ്റ് വിശേഷിപ്പിച്ചത് അങ്ങനെയാണ്.
ട്രമ്പിന്റെ സ്‌ട്രോങ്ങ് ബേസ് – മാഗാക്കാര്‍ – ഒട്ടും ദീര്‍ഘവീക്ഷണമില്ലാത്തവരാണ്. അവര്‍ പ്രത്യക്ഷത്തില്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ സഹായിക്കാത്ത യുദ്ധങ്ങള്‍ക്കൊന്നും പിന്തുണ നല്‍കിയില്ല. ഇറാനുള്‍പ്പെടെയുള്ള മദ്ധ്യേഷ്യയില്‍ കൂടുതല്‍ ഇടപെട്ടാല്‍ അത് ദശകങ്ങളുടെ യുദ്ധം ആയിരിക്കും എന്നതുകൊണ്ട് എണ്ണയ്ക്കും ഹെവി വാട്ടറിനും (ലോകത്തെ ഏറ്റവും വലിയ ഹെവി വാട്ടര്‍ ഉല്‍പ്പാദകരില്‍ ഒന്നാണ് ഇറാന്‍) പകരം ഊര്‍ജ്ജാവശ്യങ്ങള്‍ക്കുള്ള ന്യൂക്ലിയര്‍ പ്രോഗ്രാം എന്ന ഒരു ഡീലിലേക്ക് ഇറാനെ നിര്‍ബന്ധിച്ചിറക്കാനാണ് യുഎസ് ശ്രമിക്കാന്‍ സാധ്യത. പിന്നെ ഇതില്‍ വലിയൊരു ഘടകമാണ് ചൈന. ലോകത്തെ ഒട്ടുമിക്ക ഇലക്ട്രോണിക്‌സ് ഉപഭോക്താക്കളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ചൈനയിലെ റെയര്‍ എര്‍ത്ത് മെറ്റീരിയലുകളുടെ ആശ്രിതരാണ്. ഇതുകൊണ്ടാണ് ട്രംപ് യുക്രെയിന്‍/ഗ്രീന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ ധാതുനിക്ഷേപങ്ങളില്‍ ഇത്രയും ആക്രാന്തം കാണിക്കുന്നത്. എന്തിനേറെ – അമേരിക്കന്‍ ക്രൂയിസ് മിസൈലുകളുടെ എഞ്ചിന്റെ വലിയ ഭാഗങ്ങള്‍ വരുന്നത് ചൈനയില്‍ നിന്നാണ്. റെയര്‍ എര്‍ത്ത് മെറ്റലുകളുടെ തൊണ്ണൂറ് ശതമാനം നിയന്ത്രണം ചൈനയ്ക്കാണ്, മിക്ക ആയുധങ്ങളുടെയും കോര്‍ അതാണ്, ഭാരതത്തിന് അമേരിക്ക സപ്ലൈ ചെയ്യുന്ന ജിഇ എഞ്ചിന്‍ ഡെലിവറി പോലും പറഞ്ഞ സമയത്ത് സാധിക്കാത്തത് ചൈന പിന്നില്‍ നിന്ന് കളിക്കുന്നത് കൊണ്ടാണ് എന്ന് പറയപ്പെടുന്നു. ചൈനക്കാരുടെ യുദ്ധ ശാസ്ത്രം അനുസരിച്ച് യുദ്ധം ചെയ്യാതെ ജയിക്കുന്നവനാണ് യഥാര്‍ത്ഥ വിജയി. ചുരുക്കത്തില്‍, ചൈന യുദ്ധത്തിനിറങ്ങില്ല. കുത്തിത്തിരുപ്പുണ്ടാക്കി രാജ്യങ്ങളെ കൊണ്ട് യുദ്ധം ചെയ്യിക്കുകയാണ് അവരുടെ രീതി.
അമേരിക്ക ഇതുവരെ പഠിക്കാത്ത ഒരു കാര്യം, ഇസ്ലാമിക രാജ്യങ്ങളില്‍ ഏകാധിപത്യ ഭരണത്തേക്കാള്‍, മറ്റു രാജ്യക്കാര്‍ക്ക് അപകടം ജനാധിപത്യമാണ്. പാകിസ്ഥാന്‍ തന്നെ ഉദാഹരണം. മാത്രമല്ല, ഇറാനെ പൂര്‍ണമായി തകര്‍ക്കുന്നതോടെ സുന്നിരാജ്യങ്ങള്‍ക്ക് അമേരിക്കയുടെ ആവശ്യമില്ല. സംസ്‌കാരങ്ങളുടെ കളിത്തൊട്ടില്‍ ആയിരുന്ന ഇറാഖിനെ പൂര്‍ണമായി നശിപ്പിച്ച ദുര്‍ഗതി ഇറാനും വരുന്നത് ദുഃഖകരമാണ്. ഇറാനിലെ ഭ്രാന്തന്മാര്‍ മാറി മതതീവ്രവാദമില്ലാത്ത പട്ടാള മേധാവി ഭരിക്കുന്നതാണ് നല്ലത്. എഴുപതുകളില്‍, ഷായുടെ ഭരണകാലത്ത് വെറും ആറ് പൈസക്ക്, വയറുനിറയെ മട്ടന്‍ കറിയും നാനും സബ്‌സിഡിയോടെ കിട്ടിയിരുന്ന ഒരു രാജ്യമായിരുന്നു ഇറാന്‍. വെറുതെയിരുന്ന് തിന്നപ്പോള്‍ ജനങ്ങള്‍ മത ഗ്രന്ഥങ്ങള്‍ വായിച്ചു നോക്കി. അതാണ് ഇസ്ലാമിക വിപ്ലവത്തിലേക്ക് നയിച്ചത്. ഇസ്ലാം മതഗ്രന്ഥത്തിലുള്ള ചില തിരുവചനങ്ങള്‍ ജീവിത ചിന്തകളില്‍ നിന്നും ഒഴിവാക്കാന്‍ ആ മതത്തിലെ വിശ്വാസികള്‍ തീരുമാനിച്ചാല്‍ തീരുന്ന പ്രശ്‌നം മാത്രമേയുള്ളു. ഇവിടെ കേരളത്തിലുള്ള ഇസ്ലാം മത വിശ്വാസികളില്‍ ഒരു വലിയ പങ്കും മേല്‍പ്പറഞ്ഞ ചിന്തയില്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗം പണിയുകയാണ്. ബൈബിള്‍ പഴയ നിയമത്തിലും മേല്‍പ്പറഞ്ഞ തിരുവചനങ്ങളുണ്ട്. പക്ഷേ ക്രിസ്ത്യാനി അതെന്നേ തള്ളിക്കളഞ്ഞു. മത ബോധത്തിന്റെ തടവറയില്‍ നിന്നും ജനങ്ങള്‍ പുറത്തുകടക്കുകയും ഭൂത കാലത്തിനു പ്രതികാരം ചെയ്യേണ്ട ബാധ്യതയൊന്നും തങ്ങള്‍ക്കില്ലെന്നു തിരിച്ചറിയുന്ന ഒരു സമൂഹം പശ്ചിമേഷ്യയില്‍ ഉടലെടുക്കുകയും ചെയ്യുന്ന കാലത്തേ സമാധാനം വരൂ.
റഷ്യയുടെ പക്കല്‍ 6255ഉം അമേരിക്കക്ക് 5550ഉം ആണവായുധങ്ങളുണ്ടെന്നാണ് കണക്ക്. ചൈന (350), ഫ്രാന്‍സ് (290), ബ്രിട്ടന്‍ (225), ഭാരതം (150), പാകിസ്താന്‍ (165), ഉത്തര കൊറിയ (50), ഇസ്രായേല്‍ (90) എന്നിങ്ങനെ മറ്റുരാജ്യങ്ങള്‍ക്കുമുണ്ട് ഓങ്ങിനില്‍ക്കുന്ന അണുബോംബുകള്‍.ആണവ നിര്‍വ്യാപനക്കരാര്‍ (എന്‍.പി.ടി) 1968ല്‍ തയ്യാറായെങ്കിലും ഭാരതം, പാകിസ്ഥാന്‍, ഇസ്രായേല്‍ ആണവശക്തികള്‍ അതില്‍ ഒപ്പിട്ടിട്ടില്ല.ഉത്തര കൊറിയ ഒപ്പിട്ടശേഷം പിന്മാറ്റം പ്രഖ്യാപിച്ചു. ആണവ പരീക്ഷണം വിലക്കുന്ന കരാര്‍ (സി.ടി.ബി.ടി) 1996ല്‍ തയാറായി; പക്ഷേ, ഇനിയും 44 രാജ്യങ്ങള്‍കൂടി ഒപ്പിട്ടാലേ അത് പ്രാബല്യത്തില്‍ ആകുകയുള്ളു.ഒപ്പിടാന്‍ ബാക്കിയുള്ളവരില്‍ ഭാരതം, പാകിസ്ഥാന്‍, യു.എസ്, ചൈന എന്നിവയുണ്ട്. 77 വര്‍ഷങ്ങള്‍ക്കിപ്പുറവും ലോകം ആണവയുദ്ധത്തിന്റെ നിഴലിലാണ് കഴിയുന്നത്.
യുദ്ധങ്ങള്‍ ജനങ്ങള്‍ക്ക് നാശവും ദുരിതവും മാത്രമാണ് ഉണ്ടാക്കുന്നതെങ്കിലും ചില രാഷ്ട്രങ്ങളും ഭരണാധികാരികളും അതില്‍നിന്ന് നേട്ടമുണ്ടാക്കാറുണ്ട്. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍മാത്രം ഒതുങ്ങിനിന്ന അമേരിക്കയുടെ സാമ്രാജ്യത്വമോഹങ്ങള്‍ രണ്ടാംലോകയുദ്ധാനന്തരം ലോകമെങ്ങും വ്യാപിച്ചത് ഈ ലാഭക്കണ്ണ് മൂലമാണ്. കഴിഞ്ഞ എട്ടുപതിറ്റാണ്ടിനിടെ ലക്ഷക്കണക്കിന് സാധാരണ അമേരിക്കന്‍ പൗരരാണ് ലോകത്തിന്റെ വിവിധ ഭാഗത്ത് തങ്ങളുടെ ഭരണാധികാരികളുടെ യുദ്ധഭ്രാന്ത് മൂലം മരിച്ചത്. ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും മറ്റും അമേരിക്ക അടിച്ചേല്‍പ്പിച്ച ആ യുദ്ധങ്ങളില്‍ അവിടങ്ങളിലെ ദശലക്ഷക്കണക്കിന് മനുഷ്യരും കൊല്ലപ്പെട്ടു. എന്നാല്‍, അതില്‍നിന്നെല്ലാം അമേരിക്കന്‍ സൈനിക വ്യവസായ സമുച്ചയം വന്‍ലാഭമുണ്ടാക്കിയപ്പോള്‍ ആ രാഷ്ട്രം ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി വളര്‍ന്നു. ഇപ്പോള്‍ ലോകമെങ്ങും വിശേഷിച്ച് പശ്ചിമേഷ്യയില്‍ സ്വന്തംതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അമേരിക്ക അറബ് മേഖലയിലേക്ക് കൂടുതല്‍ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും അയക്കുന്നത് ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തുകയാണ്.
‘വസുധൈവ കുടുംബകം’എന്നതാണ് ഭാരതത്തിന്റെ വിദേശനയത്തിന്റെ അടിസ്ഥാനതത്ത്വം. ലോകത്തിനു ദിശകാട്ടുന്നതില്‍ നാം എപ്പോഴും മുന്‍പന്തിയില്‍ നിന്നിട്ടുണ്ട്. ഭാരതത്തിന്റെ ശബ്ദത്തിന് അന്താരാഷ്ട്രസമൂഹം എക്കാലവും വിലകല്‍പിച്ചിട്ടുമുണ്ട്. ശീതയുദ്ധാനന്തരം നാം യുഎസുമായി തന്ത്രപരമായ അടുപ്പം സ്ഥാപിച്ചെങ്കിലും ആഗോളപ്രശ്‌നങ്ങളില്‍ സ്വതന്ത്രനിലപാടെടുക്കാന്‍ അതു തടസ്സമായിരുന്നില്ല. സമീപകാലത്തായി ചൈനയുടെ വളര്‍ച്ചയിലുള്ള ആശങ്കകാരണം പാശ്ചാത്യലോകം ഭാരതത്തോട് കൂടുതല്‍ ശ്രദ്ധയും കരുതലും കാണിച്ചുവരുകയാണ്. കൂടാതെ, നമ്മുടെ രാജ്യത്തിന്റെ വലിയ വിപണിയും മൂല്യവത്തും വിപുലവുമായ മനുഷ്യവിഭവശേഷിയും ലോകത്തെ ആകര്‍ഷിക്കുന്നുണ്ട്. വികസ്വര-അവികസിതരാജ്യങ്ങളുടെ നേതൃസ്ഥാനത്തുള്ള രാജ്യമായും ലോകം ഭാരതത്തെ വീക്ഷിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദംപിന്നിടുന്ന ഈ വേളയില്‍ ഭാരതം ഒരു ഗണനീയശക്തിയായി നിലയുറപ്പിച്ചിരിക്കുകയാണെന്നതില്‍ നമുക്കേവര്‍ക്കും അഭിമാനിക്കാം. ഇറാനുനേരേയുള്ള ഇസ്രായേലിന്റെ ആക്രമണം മേഖലയില്‍ യുദ്ധസാഹചര്യം സൃഷ്ടിച്ചിരിക്കേ, ഭാരതത്തിന്റെ നീക്കങ്ങള്‍ വീക്ഷിക്കുകയാണ് ലോകസമൂഹം. അന്താരാഷ്ട്രസംഘടനയായ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഇറാനിലെ ഇസ്രായേല്‍ ആക്രമണത്തെ ശക്തമായി അപലപിക്കുന്ന പ്രസ്താവന പുറപ്പെടുവിച്ചപ്പോള്‍ അംഗരാജ്യമായ ഭാരതം അതില്‍നിന്നു വിട്ടുനില്‍ക്കുകയാണുചെയ്തത്. ഇതിനു കാരണം ‘സംഘര്‍ഷം പരിഹരിക്കുന്നതിന് സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാതതേടണ’മെന്ന മോദി സര്‍ക്കാരിന്റെ നയം തന്നെയാണ്. പശ്ചിമേഷ്യ സംഘര്‍ഷമുക്തമായിരിക്കേണ്ടത് ഭാരതത്തിന്റെ പരമപ്രധാനമായ താത്പര്യങ്ങളിലൊന്നാണ്. ആ മേഖലയിലെ ഇറാനുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നു നാം എണ്ണ ധാരാളമായി ഇറക്കുമതിചെയ്യുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന ദശലക്ഷക്കണക്കിന് ഭാരതീയരുണ്ട്. അവിടെനിന്നുള്ള വിദേശനാണ്യവരവ് നമ്മുടെ സമ്പദ്ഘടനയുടെ സവിശേഷശക്തിയുമാണ്. ഇസ്രായേലുമായും നമുക്ക് ഒട്ടേറെ മേഖലകളില്‍ സഹകരണമുണ്ട്. അതുകൊണ്ടുതന്നെ, ആ മേഖലയിലെ പ്രശ്‌നങ്ങളില്‍ ഭാരതംകൂടുതല്‍ സക്രിയമായി ഇടപെടണമെന്ന് ലോകം ആഗ്രഹിക്കുന്നുണ്ട്. ‘യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല’ എന്ന് പറഞ്ഞുവെച്ചത് രണ്ടു ലോകമഹായുദ്ധങ്ങളില്‍ അമേരിക്കയ്ക്കുവേണ്ടി പോരാടിയ, പില്‍ക്കാലത്ത് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഐസന്‍ഹോവര്‍ തന്നെയാണ്.
അതിജീവനത്തിന്റെ അത്ഭുതകഥ
വാഗ്ദത്ത ഭൂമിയില്‍ നിന്ന് സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് പുറത്താക്കപ്പെട്ട യഹൂദര്‍ തങ്ങളുടെ മാതൃഭൂമിയിലേക്ക് തിരിച്ചെത്തി രാജ്യം രൂപവല്കരിച്ചതിന്റെ എഴുപത്തി ഏഴാം വാര്‍ഷികമാണ്. 1948ല്‍ ആണ് ഇസ്രായേല്‍ എന്ന രാജ്യം രൂപീകൃതമാകുന്നത്. അതിനു ശേഷം നിരവധി യുദ്ധങ്ങളെ അതിജീവിച്ചാണ് കേരളത്തിന്റെ പകുതി മാത്രം വലിപ്പം ഉളള ആ രാജ്യം നിലനിന്നത്. ഭാരതവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം ഭാരതത്തിന്റെ 150ല്‍ ഒരു ഭാഗം മാത്രം ഉള്ള ഒരു കൊച്ചു രാജ്യം. ലോകത്തില്‍ നോക്കിയാല്‍ കോസ്റ്റാറിക്കയുടെയോ വെയില്‍സിന്റെയോ വലിപ്പം മാത്രം ഉള്ള ഒരു കൊച്ചു രാജ്യം. ആ ജനതക്ക് അതിജീവിക്കാന്‍ ഒരേ ഒരു വഴി മാത്രം ആയിരുന്നു ഉണ്ടായിരുന്നത്, ശാസ്ത്രത്തെ ഫലപ്രദമായി ഉപയോഗിക്കുക. അവര്‍ അതില്‍ വിജയിച്ചു എന്നു തന്നെ പറയാന്‍ കഴിയും. 1916 മെയ് 16 നു സഖ്യശക്തികൂട്ടുകെട്ടില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ എന്നിവര്‍ ചേര്‍ന്നു തീര്‍ത്ത സൈക്- പിക്കോട് ഉടമ്പടിയില്‍ മധ്യ പൂര്‍വ ദേശം അവശേഷിക്കുന്ന രാജ്യങ്ങള്‍ പങ്കിട്ട് എടുക്കാന്‍ തീരുമാനമായി. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദ് ഉള്‍പ്പടെ മെസപ്പൊട്ടീമിയയുടെയും ദക്ഷിണ ഭാഗം ഒന്നടങ്കം അധീനതയില്‍ ആക്കുവാന്‍ ബ്രിട്ടനു വളരെ വേഗം സാധിച്ചു. പാലസ്തീന്‍ പ്രദേശങ്ങള്‍ ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ആയതോടുകൂടി ലോകത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ജൂത കുടിയേറ്റം വേഗത ആര്‍ജിക്കുകയും ചെയ്തു.1948 ല്‍ ഇസ്രായേല്‍ എന്ന രാജ്യം ഉണ്ടായപ്പോള്‍ ഇന്ന് കാണുന്ന രീതിയില്‍ ഉള്ള ഒരു രാജ്യം ആയിരുന്നില്ല. എല്ലാം അവര്‍ പടിപടിയായി നേടിയെടുത്തതാണ്. രാജ്യം ഉണ്ടായ കാലം മുതല്‍ ജലക്ഷാമം നേരിടുന്ന ഒരു രാജ്യം തന്നെ ആണ് ഇസ്രായേല്‍. ഇപ്പോള്‍ മലിനജലം പുനരുപയോഗം ചെയ്യുന്നതില്‍ അവര്‍ ലോകത്തിന്റെ തന്നെ രാജാവാണ് എന്ന് പറയാം. ആഭ്യന്തര മലിനജലത്തിന്റെ 85 ശതമാനവും പുനരുപയോഗിക്കുകയും കാര്‍ഷിക മേഖലയ്ക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. രണ്ടാം സ്ഥാനത്ത് നില്ക്കുന്ന സ്‌പെയിന്‍ 19 ശതമാനമാണ് ജലം പുനരുപയോഗം നടത്തുന്നത്!
1948ല്‍ ഇസ്രായേല്‍ രൂപീകൃതമായതിന് ശേഷം അനേകം യുദ്ധങ്ങളും കുടിയേറ്റ പ്രശ്‌നങ്ങളും ഒക്കെ ആയി നല്ല രീതിയില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട രാജ്യം ആയിരുന്നു. ബെന്‍ഗൂറിയന്റെ കാലഘട്ടത്തില്‍ ദാരിദ്ര്യം വളരെ കൂടുതല്‍ ആയിരുന്നു. അതേ സമയം ഇസ്രായേല്‍ ഒരു സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ പിന്തുടര്‍ന്ന് പോന്ന രാജ്യവും ആയിരുന്നു. 1970കളുടെ അവസാനമാണ് മൂലധനസമ്പത്ത് വ്യവസ്ഥയിലേക്ക് ചുവടു മാറ്റിയത്. 18-ാം നൂറ്റാണ്ടില്‍ ജൂത വിദ്യാഭ്യാസ മേഖലയില്‍ ഹസ്‌കല വരുത്തിയ വിപ്ലവകരമായ മാറ്റം പോലെ ഒന്നായിരുന്നു യോസ്മ പദ്ധതി സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയത്. 1990-കളിലെ ഗവണ്‍മെന്റ് വെഞ്ച്വര്‍ ക്യാപിറ്റല്‍ പ്രോഗ്രാമിന് രൂപം നല്‍കി. ഇതിന്റെ ഫലമായി ഉണ്ടായ ഗവേഷണ വികസന ഫണ്ടിംഗില്‍ ഇസ്രായേല്‍ ലോകത്തിലെ തന്നെ രാജാവായി മാറി എന്ന് കാണാം.
1800 വര്‍ഷം രാജ്യമില്ലാതെ പ്രവാസികളായി കഴിഞ്ഞപ്പോഴും തങ്ങളുടെ രാജ്യം തിരിച്ചു ലഭിക്കും എന്ന പ്രത്യാശ അവര്‍ പ്രകടിപ്പിച്ചു. രണ്ട് ലോക മഹായുദ്ധങ്ങള്‍ കൊണ്ട് ആത്യന്തികമായി സംഭവിച്ചത് 1300 ഓളം വര്‍ഷം നീണ്ടു നിന്ന ഒട്ടോമന്‍ ഖിലാഫത്തിന്റെ പതനവും ജൂത രാഷ്ട്രമായ ഇസ്രായേലിന്റെ ഉദയവുമാണ്. ലോകത്തിലെ 42% ജൂതന്മാരും ഇസ്രായേലിലാണ് ഇന്ന് ജീവിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജൂത സമൂഹമാണ് ഇന്ന് ഇസ്രായേല്‍. ആയിരക്കണക്കിന് കൊല്ലങ്ങളായി വേട്ടയാടപ്പെട്ട് ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിതറിപ്പോയ ജൂത വംശജര്‍ സ്ഥാപിച്ച രാജ്യമായിരുന്നു ഇസ്രായേല്‍. ഇസ്രായേലിന്റെ 1948-ലെ രൂപീകരണത്തോടെ അതുവരെ സ്വന്തമായിരുന്ന ദേശത്ത് പാലസ്തീന്‍ അറബ് വംശജര്‍ അന്യരായി മാറി. അവിടെ തുടങ്ങി ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള കുടിപ്പക.
അറബ് രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇസ്രായേലിന്റെ അസ്തിത്വം തന്നെ ഒരു അത്ഭുതമാണ്. ഇതിന് അവരെ സഹായിച്ചത് ജൂതവംശ വികാരം തന്നെയാണ് എന്നുള്ളതില്‍ സംശയമില്ല. മറ്റു രാജ്യങ്ങളില്‍ കാലാകാലങ്ങളായി ചിതറിക്കിടന്ന ജൂതവംശജരെ ഇസ്രായേലില്‍ എത്തിച്ച രക്ഷാ ദൗത്യങ്ങള്‍ ഉദാഹരണം. മറ്റു രാജ്യങ്ങളില്‍ നല്ല നിലയില്‍ ജീവിച്ചിരുന്ന ജൂതന്മാര്‍ ദേശീയതയേക്കാള്‍ ഇസ്രായേലിനെയും ജൂതവംശത്തെയും സ്‌നേഹിച്ചപ്പോള്‍ ഇസ്രേയേലി ചാര സംഘടനയായ മൊസ്സാദിന് ഇത്തരം പ്രവൃത്തികള്‍ക്കാവശ്യമായ പണവും ആള്‍ബലവും കണ്ടെത്താന്‍ പ്രയാസമുണ്ടായില്ല. 1967ല്‍ നടന്ന ആറ് ദിവസത്തെ യുദ്ധത്തില്‍ ഒരു വശത്തു പോരാടിയ സിറിയ, ഈജിപ്ത്, ജോര്‍ദാന്‍, ഇറാഖ് തുടങ്ങിയ അറബ് രാഷ്ട്രങ്ങളെ ആറ് ദിവസങ്ങള്‍ക്കുള്ളില്‍ ഇസ്രായേല്‍ മുട്ടുകുത്തിക്കുമ്പോള്‍ എരിഞ്ഞു വീണത് 200-ലേറെ മിഗ് യുദ്ധവിമാനങ്ങള്‍ ആയിരുന്നു. വാസ്തവത്തില്‍ യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഇസ്രായേല്‍ യുദ്ധം ജയിച്ചിരുന്നു. ആറു ദിവസത്തെ യുദ്ധഫലമായി ഈജിപ്തിന് സീനായ് മരുഭൂമിയും, ഗാസാ മുനമ്പും നഷ്ടപ്പെട്ടു, സിറിയയ്ക്ക് ഗോലാന്‍ കുന്നുകള്‍ അടിയറ വയ്‌ക്കേണ്ടി വന്നു. ജോര്‍ദ്ദാന് വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറുസലേമും നഷ്ടപ്പെട്ടു.
ഒന്നാം വ്യാവസായിക വിപ്ലവത്തിന് അരങ്ങുണര്‍ന്നത് ബ്രിട്ടനിലും മൂന്നാം വ്യാവസായിക വിപ്ലവം ആരംഭിച്ചത് അമേരിക്കയിലും ആയിരുന്നെങ്കില്‍ വരാനിരിക്കുന്ന അഞ്ചാം വ്യാവസായിക വിപ്ലവത്തിന് ഏറ്റവുമനുയോജ്യമായ മണ്ണ് നിലവില്‍ ഇസ്രായേലാണ്. ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ ശാസ്ത്ര, സാങ്കേതിക വിദഗ്ദര്‍ ഉള്ളതും ഏറ്റവും നൂതനമായ സാങ്കേതികവിദ്യ സ്വന്തമായുള്ളതും ഇസ്രായേലിനാണെന്നതാണ് പ്രധാന കാരണം. 29 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് ഇസ്രായേല്‍ പണിയാനൊരുങ്ങുന്ന ക്വാണ്ടം റിസര്‍ച്ച് സെന്റര്‍ അടക്കം നിരവധി സ്റ്റാര്‍ട്ട് അപ്പ് കമ്പനികളാണ് ക്വാണ്ടം കമ്പ്യൂട്ടറുകള്‍ വികസിപ്പിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്നത്. സൂപ്പര്‍ കമ്പ്യൂട്ടറിനേക്കാള്‍ ലക്ഷക്കണക്കിന് മടങ്ങു വേഗതയുള്ള ക്വാണ്ടം കമ്പ്യൂട്ടറുകളുകളാണ് ഭാവിയിലെ യന്ത്രമനുഷ്യന്റെ തലച്ചോര്‍. പ്രൊജക്റ്റ് നിംബസ് എന്ന പേരിലറിയപ്പെടുന്ന 1.2 ബില്യണ്‍ ഡോളര്‍ മൂല്യംവരുന്ന കരാറിലൂടെ ഗൂഗിള്‍ തങ്ങളുടെ ഏറ്റവും നൂതനമായ മെഷീന്‍ ലേണിംഗ് സാങ്കേതികവിദ്യ ഇസ്രായേല്‍ ഗവണ്‍മെന്റിന് കൈമാറാനുള്ള തീരുമാനം വന്നിരിക്കയാണ്. ബിഗ് ഡാറ്റ എന്ന നവ കൊളോണിയല്‍ ആയുധത്തിന്റെ ഉടമസ്ഥരായ ടെക് കമ്പനികളുടെ തലപ്പത്തുള്ളവരുടെ ജൂത പാരമ്പര്യം ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.
77 വര്‍ഷം കൊണ്ട് ആ രാജ്യം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒരു ജനാധിപത്യരാജ്യമായി മാറി എന്ന് മാത്രമല്ല സാങ്കേതികവിദ്യ, വൈദ്യം, ശാസ്ത്രം, സംഗീതം, കല, സംസ്‌കാരം എന്നിവയില്‍ ലോകത്തിന് അവര്‍ നല്‍കിയ പ്രധാന സംഭാവനകളെ ഒട്ടും ചെറുതായി കാണാന്‍ കഴിയില്ല. ലോകത്തിലെതന്നെ ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യം ഉള്ള രാജ്യമാണ് ഇസ്രായേല്‍. ജനതയുടെ ശരാശരി ആയുസ്സ് 82 വര്‍ഷം ആണ്. നൊബേല്‍ സമ്മാന ജേതാക്കളുടെ പ്രതിശീര്‍ഷ കണക്ക് എടുത്താല്‍ അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയേക്കാള്‍ കൂടുതല്‍ ആണ്. ഇസ്രായേലിയിലെ 93 ശതമാനം വീടുകളും വെള്ളം ചൂടാക്കാന്‍ സൗരോര്‍ജ്ജം ഉപയോഗിക്കുന്നു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശതമാനമാണ് ഇത്. അലിഖിത ഭരണഘടന ഉളള ലോകത്തിലെ മൂന്ന് ജനാധിപത്യ രാജ്യങ്ങളില്‍ ഒന്നാണ് ഇസ്രായേല്‍.
ഇസ്രായേല്‍ രൂപവത്കരണത്തിന്റെ നാള്‍വഴികള്‍
1882- ഒന്നാം ജൂത കുടിയേറ്റം (ഒന്നാം അലിയ).
1890-തിയോഡര്‍ ഹെര്‍സി സയണിസത്തിന് ആശയാടിത്തറ നല്‍കി.
1897-ഒന്നാം സയണിസ്റ്റ് കോണ്‍ഗ്രസ്സ് സ്വിറ്റ്‌സര്‍ലണ്ടിലെ ബാസലില്‍ നടന്നു. ആ സമ്മേളനത്തില്‍ World Zionist Organization
(WZO) രൂപീകരിച്ചു.
1917-ഒന്നാം ലോക യുദ്ധാവസാനം തുര്‍ക്കിയുടെ നിയന്ത്രണം അവസാനിച്ചു.
1917- 1948: പലസ്തീന്‍ ബ്രിട്ടീഷ് മാന്‍ഡേറ്റിന്റെ കീഴില്‍.
1921- സോവിയറ്റ് യൂണിയനില്‍ നിന്ന് പോളണ്ടിലേക്ക് ഒഴുക്ക്.
1929-39-അഞ്ചാം അലിയാ (രണ്ടര ലക്ഷം ജൂതര്‍ കുടിയേറി).
1938-45- ജര്‍മനിയില്‍ ജൂത പീഡനം, ലക്ഷങ്ങള്‍ കൊല്ലപ്പെട്ടു.
1948-പലസ്തീനെ യുഎന്‍ പ്രമേയം മൂന്നായി തിരിച്ചു.
1948 – ഇസ്രായേല്‍ രാജ്യം സ്ഥാപിച്ചു.ഖുദ്‌സ് സേന
ഇറാന്‍ സൈന്യത്തിന്റെ ഏറ്റവും കരുത്തേറിയ സേനാവിഭാഗമായ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോറിന്റെ (ഐആര്‍ജിസി) രഹസ്യാന്വേഷണവിഭാഗമായ ഖുദ്‌സ് സേനയുടെ 10 കമാന്‍ഡ് സെന്ററുകളാണ് ജൂണ്‍ പതിനാറിന് ഇസ്രായേല്‍ ആക്രമിച്ചത്. 1980-കളില്‍ ഇറാന്‍-ഇറാഖ് യുദ്ധാനന്തരം സ്ഥാപിച്ച ഖുദ്‌സ് സേനയ്ക്കാണ് വിദേശകാര്യങ്ങളിലെ ഇറാന്റെ ദൗത്യത്തിന്റെ ചുമതല. ഇറാനെക്കൂടാതെ സിറിയ, ലെബനന്‍, ഗാസ, യെമെന്‍, ഇറാഖ് തുടങ്ങിയ പശ്ചിമേഷ്യയിലെ മിക്കരാജ്യങ്ങളിലും ഇവര്‍ക്ക് സേനാതാവളമുണ്ട്. യൂറോപ്പിലും ലാറ്റിനമേരിക്കയിലും രഹസ്യദൗത്യങ്ങള്‍ നടത്തുന്നു. പരമോന്നത നേതാവ് അയത്തുള്ള അലി ഖൊമേനിക്ക് നേരിട്ടാണ് ഖുദ്‌സ് സേന റിപ്പോര്‍ട്ട് ചെയ്യേണ്ടത്. അറബിയില്‍ ‘ജറുസേലം’ എന്നാണ് ഖുദ്‌സിനര്‍ഥം. ‘ഇസ്രായേല്‍വിരുദ്ധ ദൗത്യം’ എന്നതിന്റെ പ്രതീകമാണ് ഖുദ്‌സ് സേന. പശ്ചിമേഷ്യയിലെ ഇറാന്‍ അനുകൂല സായുധസംഘങ്ങളെയെല്ലാം പിന്തുണയ്ക്കുന്നതും ഖുദ്‌സ് സേനയാണ്. അവര്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുനല്‍കുന്നതും അവരാണ്. രണ്ടുപതിറ്റാണ്ടുകാലം ഖുദ്‌സ് സേനയെ നയിച്ചത് ഇറാനിലെ ഏറ്റവും കരുത്തുറ്റ സൈനികോദ്യോഗസ്ഥന്‍ എന്ന വിശേഷണമുള്ള ഖാസിം സുലൈമാനിയാണ്. 2020-ല്‍ ബാഗ്ദാദ് വിമാനത്താവളത്തില്‍വെച്ച് അദ്ദേഹത്തെ യുഎസ് ഡ്രോണാക്രമണത്തില്‍ വധിച്ചു.ഹോര്‍മൂസ് കടലിടുക്ക്
അടുത്ത കാലത്തായി ഏറ്റവും ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് ഹോര്‍മൂസ് കടലിടുക്കിന്റേത്. അതിനുള്ള പ്രധാന കാരണം അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധസമാനമായ അന്തരീക്ഷമാണ്. തെക്ക് കിഴക്കന്‍ ഒമാന്‍ ഗള്‍ഫിന്റെയും പേര്‍ഷ്യന്‍ ഗള്‍ഫിന്റെയും ഇടയില്‍ വരുന്ന ഇടുങ്ങിയതും തന്ത്രപ്രധാനവുമായ ജലപാതയാണ് ഹോര്‍മൂസ് കടലിടുക്ക്. 167 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടലിടുക്കിന്റെ ഏറ്റവും വീതിയുള്ള ഭാഗത്തിന് 96 കിലോമീറ്ററും ഏറ്റവും ഇടുങ്ങിയ ഭാഗത്തിന് 39 കിലോമീറ്റര്‍ വീതിയുമാണ് ഉള്ളത്. ഇരുഭാഗത്ത് നിന്ന് നോക്കുമ്പോള്‍ ഷിപ്പിംഗ് പാതകള്‍ തമ്മില്‍ മൂന്ന് കിലോമീറ്റര്‍ വീതി മാത്രമാണ് ഉള്ളതെന്ന് കാണാന്‍ കഴിയും. ഹോര്‍മൂസിന്റെ വടക്കന്‍ തീരത്ത് ഇറാനും തെക്കന്‍ തീരത്ത് ഐക്യ അറബ് എമിറേറ്റും, ഒമാന്റെ ഭാഗമായ മുസന്ധവുമാണ്. ഗള്‍ഫ് രാജ്യങ്ങളിലെ (ഇറാഖ്, കുവൈറ്റ്, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, യു.എ.ഇ) കടല്‍ത്തീരത്തെ അറബിക്കടലുമായി ബന്ധിപ്പിക്കുന്നത് ഹോര്‍മൂസ് കടലിടുക്കാണ് എന്നത് അറബ് രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം ഈ ജലപാതയ്ക്ക് വളരെയധികം പ്രാധാന്യം കൈവരുന്നു. ലോകത്തിലെ തന്നെ ഏറ്റവും തന്ത്രപ്രധാന സ്ഥലമായി ഹോര്‍മൂസ് കടലിടുക്കിനെ മാറ്റുന്നത്, ലോകത്തിലെ കടല്‍ മാര്‍ഗമുള്ള എണ്ണ ചരക്കുനീക്കത്തിന്റെ ആറിലൊന്നും ദ്രവീകൃത പ്രകൃതി വാതകത്തിന്റെ മൂന്നിലൊന്നും നടക്കുന്നത് ഈ ജലപാതയിലൂടെയാണ് എന്നതാണ്. ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം സ്‌പോര്‍ട്ടിങ് കണ്‍ട്രിസ് (ഒപെക്) അംഗങ്ങളായ സൗദി അറേബ്യ, ഇറാന്‍, യു.എ.ഇ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയുടെ ഭൂരിഭാഗവും ഇതുവഴിയാണ് കടന്നുപോകുന്നത്. 2017-ലെ കണക്കനുസരിച്ച് ഏകദേശം 17.2 മില്ല്യണ്‍ ബാരലോളം ക്രൂഡ് ഓയിലാണ് ഇത് വഴി കൊണ്ടുപോയത്. ലോകത്തെ ഏറ്റവും വലിയ എല്‍.എന്‍.ജി കയറ്റുമതി നടത്തുന്ന ഖത്തറും ഈ ജലപാത തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ടതും നിര്‍ണ്ണായകവുമാണ് ചോക്ക് പോയിന്റായി വിലയിരുത്തപ്പെടുന്ന ഹോര്‍മൂസ് കടലിടുക്കിന്റേത്. 2012-ലാണ് ഇറാന്റെ എണ്ണകയറ്റുമതിക്ക് അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും ഉപരോധം ഏര്‍പ്പെടുത്തി തുടങ്ങിയത്. ആണവായുധം വികസിപ്പിക്കുന്നതില്‍ നിന്നും ടെഹ്‌റാനെ തടയുന്നതിനുള്ള പാശ്ചാത്യ ശക്തികളുടെ സംയോജിത പരിപാടിയുടെ ഭാഗമായിരുന്നു ആ ഉപരോധം. എണ്ണ കയറ്റുമതി തടയുന്നതിലൂടെ ഇറാന്റെ സമ്പദ്‌വ്യവസ്ഥ നിര്‍വീര്യമാക്കാമെന്നുള്ള കണക്കുകൂട്ടലാണ് ഉണ്ടായിരുന്നത്. അന്ന് തന്നെ ഹോര്‍മൂസ് കടല്‍ പാതയിലൂടെ പോകുന്ന എണ്ണ ടാങ്കറുകള്‍ക്ക് പ്രശനമുണ്ടാക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയിരുന്നു. മധ്യപൗരസ്ത്യ രാജ്യങ്ങള്‍, യൂറോപ്പ്, ദക്ഷിണേഷ്യ രാജ്യങ്ങളിലേക്കെല്ലാമുള്ള ക്രൂഡ് ഓയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കടന്നുപോകുന്നത് ഹോര്‍മൂസ് കടലിടുക്ക് വഴിയാണ്.