ഓപ്പറേഷന്‍ സിന്ദൂറില്‍ ഭാരതം നേരിട്ടത് പാകിസ്ഥാനെ ആയിരുന്നെങ്കിലും സത്യത്തില്‍ നാം പോരാടിയത് അമേരിക്കയോടും ചൈനയോടുമായിരുന്നു. കാരണം പാകിസ്ഥാന്റെ ആയുധങ്ങളും അവയ്ക്കു പിന്നിലുള്ള സാങ്കേതിക വിദ്യകളും ലോകത്തിലെ രണ്ടു വന്‍ശക്തികളുടേതായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനുണ്ടായ പരാജയം പരോക്ഷമായി അമേരിക്കയുടെയും ചൈനയുടെയും കൂടിയാണ്. സാങ്കേതിക മേന്മയുള്ള ആയുധങ്ങള്‍ ഭാരതത്തിന് യുദ്ധമേല്‍ക്കോയ്മ ഉണ്ടാക്കി. ബഹിരാകാശ ഗവേഷണത്തിനായി ഭാരതം മുടക്കിയ മുലധനം പല മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് തിരിച്ചു കിട്ടുന്നതിന്റെ ഉദാഹരണമാണ് നമ്മുടെ പ്രതിരോധ മേഖലയുടെ അജയ്യത. വന്‍ ശക്തി രാഷ്ട്രങ്ങള്‍ ബഹിരാകാശദൗത്യങ്ങള്‍ക്കായി കോടികള്‍ ചിലവഴിച്ച് മത്സരിക്കുമ്പോള്‍ ദരിദ്ര രാഷ്ട്രമായിരുന്ന ഭാരതം ആ രംഗത്ത് പണം മുടക്കുന്നതിനെ എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്തവരേറെയാണ്. പ്രത്യേകിച്ച് നമ്മുടെ ചില ബഹിരാകാശ ദൗത്യങ്ങള്‍ പരാജയപ്പെടുമ്പോള്‍ എന്തൊക്കെ പരിഹാസങ്ങളാണ് ഭാരതത്തിലെ ചില രാഷ്ട്രീയ പാര്‍ട്ടികളും ചില വ്യക്തികളും നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ക്കുമേല്‍ ചൊരിഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് ഭാരതം മറ്റ് പല രംഗങ്ങളിലുമെന്നപോലെ ബഹിരാകാശ രംഗത്തും വന്‍ശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ശീതസമരകാലത്ത് അമേരിക്കയും റഷ്യയും ബഹിരാകാശത്ത് ആധിപത്യം സ്ഥാപിക്കാന്‍ നടത്തിയ മത്സരം ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടാക്കിയ വളര്‍ച്ച ചെറുതല്ല. ഭാരതം ബഹിരാകാശ രംഗത്തെ കടുത്ത മത്സരത്തിന്റെ ഭാഗമായിട്ട് അധികം കാലമായിട്ടില്ലെങ്കിലും കുറഞ്ഞ കാലം കൊണ്ട് നമുക്ക് ഈ മേഖലയില്‍ സ്വന്തമായ ഇടം കണ്ടെത്താനായിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം ഭാരതീയ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശു ശുക്ലയെ ആക്‌സിയം-4 ദൗത്യത്തിലെ മൂന്നു സഹയാത്രികര്‍ക്കൊപ്പം ബഹിരാകാശത്തെത്തിക്കാന്‍ കഴിഞ്ഞത് ഭാരതീയ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്ക് പുതിയ മാനം നല്‍കിയിരിക്കുകയാണ്. ഐഎസ്ആര്‍ഒയുടെ കൂടി പങ്കാളിത്തത്തോടെയാണ് ആക്‌സിയം-4 ദൗത്യം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ഭാരതത്തിന്റെ സ്വപ്‌ന പദ്ധതിയായ ഗഗന്‍യാനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാല് ബഹിരാകാശ സഞ്ചാരികളിലൊരാളാണ് ശുഭാംശു ശുക്ല.
നീണ്ട നാല്‍പ്പത്തൊന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഭാരതീയന്‍ ബഹിരാകാശത്തെത്തുന്നത്. ബഹിരാകാശ നിലയത്തിലാകട്ടെ ആദ്യമായും. എന്തുകൊണ്ട് നാമിത്ര വൈകി എന്നു ചോദിച്ചാല്‍ മുമ്പുണ്ടായിരുന്ന ഭരണാധികാരിമാര്‍ ബഹിരാകാശ ഗവേഷണങ്ങള്‍ക്ക് വേണ്ടത്ര പണം ചിലവഴിക്കാന്‍ തയ്യാറാകാത്തതു കൊണ്ട് എന്ന ഒരൊറ്റ ഉത്തരമേ ഉള്ളു. 1984 ല്‍ സോവിയറ്റ് യൂണിയന്റെ സോയൂസ് പേടകത്തില്‍ രാകേഷ് ശര്‍മ്മ ആദ്യമായി നടത്തിയ ബഹിരാകാശയാത്രയുടെ അനുഭവങ്ങള്‍ നമ്മുടെ ഗവേഷണങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവണമായിരുന്നു എങ്കില്‍ തുടര്‍ പദ്ധതികള്‍ ആവശ്യമായിരുന്നു. എന്തായാലും 2035 ല്‍ ഭാരതം ബഹിരാകാശത്ത് സ്വന്തമായി സ്ഥാപിക്കാന്‍ പോകുന്ന ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ എന്ന ബഹിരാകാശ നിലയത്തിന്റെ ലക്ഷ്യപൂര്‍ത്തിക്ക് ശുഭാംശു ശുക്ല നടത്തിയ യാത്ര വലിയ മുതല്‍ക്കൂട്ടുതന്നെയായിരിക്കും. അമേരിക്കയും റഷ്യയും യൂറോപ്യന്‍ യൂണിയനുമെല്ലാം ചേര്‍ന്ന് 1998 ല്‍ സ്ഥാപിച്ച രാജ്യാന്തര ബഹിരാകാശ നിലയത്തിലേയ്ക്ക് ഒരു ഭാരതീയന്‍ എത്തുന്നത് ആദ്യമായിട്ടാണ്. ഭൂമിയില്‍ നിന്ന് ഏതാണ്ട് 400 കിലോമീറ്റര്‍ ഉയരത്തില്‍ മണിക്കൂറില്‍ 28000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ബഹിരാകാശ നിലയം ഓരോ 90 മിനിറ്റിലും ഭൂമിയെ വലം വയ്ക്കുന്നു. സ്‌പെയ്‌സ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ കുതിച്ചുയര്‍ന്ന ഡ്രാഗണ്‍ പേടകം 28 മണിക്കൂര്‍ യാത്രയ്ക്കു ശേഷമാണ് ബഹിരാകാശ പേടകത്തിലെത്തിയത്. അതിവേഗം ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്ന ബഹിരാകാശ പേടകത്തിന്റെ പ്രവേഗത്തിനൊപ്പമെത്തി അതുമായി കൂട്ടിയോജിക്കുക എന്ന സങ്കീര്‍ണ്ണ പ്രക്രിയയില്‍ ഡ്രാഗണ്‍ പേടകം വിജയിച്ചതോടെ യാത്രികര്‍ക്ക് അന്താരാഷ്ട്ര ബഹിരാകാശ പേടകത്തിലേയ്ക്ക് പ്രവേശിക്കാനായി. മൈക്രോ ഗ്രാവിറ്റിയില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തി അനുഭവസമ്പത്താര്‍ജ്ജിക്കുക എന്നതാണ് ശുഭാംശു ശുക്ലയുടെ ദൗത്യം. ഇങ്ങനെ ആര്‍ജ്ജിക്കുന്ന അനുഭവങ്ങള്‍ 20200 കോടി രൂപ മുടക്കി 2027 ല്‍ ഭാരതം നടത്താന്‍ പോകുന്ന ഗഗന്‍യാന്‍ എന്ന ബഹിരാകാശ ദൗത്യത്തിനും 2035 ല്‍ വിക്ഷേപിക്കാന്‍ പോകുന്ന ബഹിരാകാശ നിലയം എന്ന സ്വപ്‌ന പദ്ധതിക്കും ഉണ്ടാക്കാന്‍ പോകുന്ന മുന്നേറ്റം ചെറുതല്ല. 2040 ല്‍ ഭാരതം ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുക എന്ന ലക്ഷ്യവുമായാണ് മുന്നേറുന്നത്.
ഇനിയും ചിലര്‍ക്കെങ്കിലും നാം നടത്തുന്ന ബഹിരാകാശ ദൗത്യങ്ങള്‍ പൊങ്ങച്ച പ്രകടനങ്ങള്‍ ആയി തോന്നുന്നുണ്ടെങ്കില്‍, അവര്‍ അനുഭവിക്കുന്ന പല ആധുനിക ജീവിത സൗകര്യങ്ങളും ഇത്തരം പദ്ധതികളുടെ ഗുണഫലങ്ങളാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. യുദ്ധത്തിലും കാലാവസ്ഥ പ്രവചനത്തിലും വൈദ്യശാസ്ത്രത്തിലും വിവര സാങ്കേതിക വിദ്യയിലുമെല്ലാം വ്യാപിച്ചു നില്‍ക്കുന്ന ഒരു ശാസ്ത്ര മേഖലയാണ് ബഹിരാകാശ ഗവേഷണ രംഗം. അവിടെ മൂലധനമിറക്കുന്നവര്‍ക്ക് അത് പതിന്‍മടങ്ങായി തിരിച്ചു കിട്ടുമോ എന്ന് കൂടി അറിയേണ്ടതുണ്ട്. വരും കാലങ്ങളില്‍ ബഹിരാകാശ യാത്രികര്‍ക്കായുള്ള പരിശീലന കേന്ദ്രങ്ങള്‍ ഭാരതത്തില്‍ നിലവില്‍ വരും. ഭാവിയില്‍ ഇതുണ്ടാക്കുന്ന വാണിജ്യ നേട്ടങ്ങള്‍ ചെറുതായിരിക്കില്ല. ഇപ്പോള്‍ തന്നെ വന്‍ശക്തി രാഷ്ട്രങ്ങള്‍ പോലും അവരുടെ പരീക്ഷണ പേടകങ്ങള്‍ ബഹിരാകാശത്തെത്തിക്കുവാന്‍ ഭാരതത്തിന്റെ വിക്ഷേപിണികളെ ആശ്രയിക്കുന്നുണ്ട്. എന്നുപറഞ്ഞാല്‍ ബഹിരാകാശ ഗവേഷണത്തിനായി നാം മുടക്കുന്ന ഓരോ ചില്ലിത്തുട്ടും പതിന്മടങ്ങായി തിരിച്ചു കിട്ടുമെന്ന് സാരം. ഭാരത ബഹിരാകാശ ചരിത്രത്തില്‍ ബഹുദൂരം താണ്ടുന്ന ഒരു മഹത്തായ ചുവടുവയ്പാണ് ശുഭാംശു ശുക്ലയ്ക്ക് വിജയകരമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്താനായത്.