അയാള്‍ വാദിക്കുന്നില്ല
തര്‍ക്കിപ്പതില്ലാ, വാക്കി-
ന്നരികു പലകുറി
രാകിയും മിനുക്കിയും
മുന കൂര്‍പ്പിക്കുന്നില്ല
ജയിച്ചു തോല്‍ക്കുന്നില്ല.
പെരുക്കാനും, ഗുണിക്കാനും
പഠിക്കുന്നില്ലാ തെല്ലും;
കണക്കു പറഞ്ഞയാള്‍
തിളച്ചു പൊങ്ങുന്നില്ല
ഉണങ്ങി തന്നത്താനേ
മറന്ന പാടങ്ങളില്‍
കളിയൊച്ചകള്‍ മാഞ്ഞ
നിര്‍ജ്ജീവ വഴികളില്‍
വെറുതേ വാക്കിന്‍ വിത്തു
വിതറി നടക്കുന്നോന്‍;
അവയെമ്പാടും പൊട്ടി-
മുളച്ചു തളിരിട്ടു
കതിര്‍ വീശുമ്പോള്‍ കൊയ്യാന്‍
ആ വഴി വരുന്നീല!
കേള്‍ക്കുന്നീലൊന്നും, കാണു
ന്നില്ലയാള്‍ ചുറ്റും ലോക-
ക്കാഴ്ചകള്‍ ശബ്ദങ്ങളും
മത്സരിച്ചുറഞ്ഞാലും.
ഒന്നുമേ തിരയാതെ
ഒന്നിലും പുരളാതെ
അങ്ങനെയയാള്‍ വെറും
നരനായ്പ്പുലരുന്നൂ.
എങ്കിലുമയാളറി-
യുന്നുണ്ട് വിദൂരത്തില്‍
വന്യശാന്തിയില്‍ ഗാഢ-
പുഷ്പങ്ങളുണരുന്ന
സംഗീത, മൊരുകാട്ടു-
പൊയ്ക തന്‍ നൃത്തം, മഴ-
ത്തുള്ളിയും മണ്ണും ചേരും
ജീവന്റെ മഹാകാവ്യം!
നെഞ്ചിലെങ്ങെങ്ങോ വിങ്ങും
അലിവിന്നലയാഴം
അങ്ങനെയയാളത്യ-
ഗാധമായ് ജീവിക്കുന്നൂ!