കേരള രാജ്ഭവനിലെ സഭാഹാളില്‍ ഭാരതമാതാ ചിത്രം കണ്ടതോടെ മന്ത്രി പി. പ്രസാദിന് അസഹിഷ്ണതയും വെറുപ്പും ഉണ്ടായിരിക്കുന്നു. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതു വര്‍ഗീയ മുന്നണിയും വി.ഡി. സതീശന്‍ നേതൃത്വം നല്‍കുന്ന വലതു വര്‍ഗീയ മുന്നണിയും മന്ത്രി പ്രസാദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു! മദനിക്കു വേണ്ടിയും പൗരത്വ ഭേദഗതി ബില്ലിനെതിരെയും പാലസ്തീനുവേണ്ടിയുമൊക്കെ ഒന്നിച്ച് നിന്ന് ന്യൂനപക്ഷ വര്‍ഗീയതയുടെ സ്ഥാപിത താത്പര്യ സംരക്ഷകരാകാന്‍ ആവേശം കാണിച്ച രണ്ടു കൂട്ടരും ഇക്കാര്യത്തില്‍ ഒന്നിക്കുന്നത് ആരിലും അത്ഭുതം ഉളവാക്കുന്നില്ല. പക്ഷേ പൊതുസമൂഹം സ്വാഭാവികമായി ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയേ തീരൂ. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പുഷ്പഹാരം അണിയിച്ചാദരിക്കുന്ന ആ ഭാരത മാതാവിന്റെ ചിത്രത്തിന് പശ്ചാത്തലമായി നല്‍കിയ ഭൂപടം വിഭജിച്ചു മാറിയ പാകിസ്ഥാന്‍കൂടി ഉള്‍പ്പെടുന്നതാണ് എന്നതാണോ പ്രശ്‌നം. മൂന്ന് ദശാബ്ദങ്ങളിലധികം റംസാന്‍ നോമ്പ് നോറ്റും മറ്റും മാര്‍ക്‌സിസത്തോടകന്ന് മൗലവിയുടെ മുഖംമൂടി അണിയാന്‍ വെമ്പല്‍ കാട്ടുന്ന വ്യക്തിയാണ് മന്ത്രി പ്രസാദ്. ഭാരതഭൂമിയെ മാതാവായി ആരാധിക്കുന്നതും ‘വന്ദേമാതരം’ ചൊല്ലുന്നതും ‘ഭാരത് മാതാ കീ ജയ്’ എന്ന് ഉദ്‌ഘോഷിക്കുന്നതുമൊക്കെ അനിസ്ലാമികമാണെന്ന് കരുതുന്ന മതമൗലികാവാദികളോടൊപ്പമാണ് മന്ത്രി സഖാവെന്നല്ലേ ഇതൊക്കെ വ്യക്തമാക്കുന്നത്? മുമ്പ് സോവിയറ്റ് യൂണിയനും ഇപ്പോള്‍ ചൈനയും ഒക്കെ ലക്ഷ്യമിടുന്ന സാമ്രാജ്യത്വവികാസം സാധ്യമാക്കുന്നതിന്ഭാരതത്തില്‍ സ്വാഭാവികമായും വളരുന്ന ദേശീയബോധം തടസ്സമാകുമെന്ന് ഭയക്കുന്നതുകൊണ്ടാണോ ചൈനീസ് ചാരന്മാരുടെ രാഷ്ട്രീയപക്ഷം ഭാരതമാതാവിനെതിരെ പടയ്ക്കിറങ്ങുന്നതും പാകിസ്ഥാന്‍ വളര്‍ത്തുന്ന ഇസ്ലാമിക ഭീകരതയ്‌ക്കൊപ്പം നില്‍ക്കുന്നതും.
പാലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെന്ന പേരില്‍, ഭാരതീയ വ്യവസായികള്‍ നിര്‍മ്മിക്കുന്ന വസ്ത്രങ്ങള്‍ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട്, സാര്‍വദേശീയ ഇസ്ലാമിക ഭീരവാദത്തിന്റെ വക്താക്കള്‍ പ്രകടനം നടത്തുന്നു. അവിടെ ഉയരുന്നത് ഇസ്ലാമിക രാഷ്ടീയത്തിന്റെ വിധ്വംസക ശബ്ദമാണ്. അതേ സന്ദര്‍ഭത്തിലാണ്, സമാന്തരമായി, തിരുവനന്തപുരത്ത്, കേരള സംസ്ഥാന മന്ത്രി പി.പ്രസാദ്, രാജ് ഭവനിലെ ഭാരത മാതാ ചിത്രത്തോട് അസഹിഷ്ണുത കാണിച്ചുകൊണ്ട് ഹിന്ദുവിരുദ്ധ വര്‍ഗീയതയുടെ മുന്നണിപ്പോരാളിയാണ് താനെന്ന് അവകാശപ്പെടാന്‍അവസരം നേടുന്നത്. ഇസ്ലാമിക വര്‍ഗീയതയും ഹിന്ദുവിരുദ്ധ വര്‍ഗീയതയും സമന്വയിപ്പിച്ചുകൊണ്ടുള്ള അടവുനയങ്ങളിലൂടെ അവസരവാദ രാഷ്ട്രീയത്തിന്റെ പുതുവഴികള്‍ തേടി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും 2026ലെ സംസ്ഥാന തിരഞ്ഞെടുപ്പും ജയിച്ചു കയറാന്‍ കഴിയും എന്ന കണക്കുകൂട്ടലിലായിരിക്കാം ഇടതുവര്‍ഗീയ മുന്നണിയിലെ രണ്ടാം കക്ഷിയുടെ നേതാവ്!
ഭാരതഭൂമിയെ മാതൃഭാവത്തില്‍ കാണുന്ന ഉദാത്തമായ ദര്‍ശനത്തെയും ഭാരതമാതാ ചിത്രത്തെയും ഉള്‍ക്കൊള്ളാനാകാത്ത മന്ത്രി പ്രസാദിന്റെ നിലപാട് വിശകലനം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ചില മുന്‍ നടപടികളും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. മൂന്ന് ദശാബ്ദങ്ങളിലധികം റംസാന്‍ നോയമ്പ് നോറ്റുകൊണ്ട് മൗലികമായി താന്‍ ഇസ്ലാമിക മതവിശ്വാസത്തോടൊപ്പമാണെന്ന പ്രചാരണത്തിന് വഴി തേടിയ വ്യക്തിയാണ് അദ്ദേഹം. അങ്ങനെയുള്ള ഒരാള്‍ മതേതരത്വത്തിന്റെ രാഷ്ട്രീയ മുഖംമൂടി അണിയുന്നതെന്തിനെന്നതാണ് പൊതുസമൂഹത്തിന് മനസ്സിലാക്കാന്‍ കഴിയാത്തത്. അദ്ദേഹം, കോട്ടയം ജില്ലയിലെ പ്രശസ്തമായ മണര്‍കാട് മാതാവിന്റെ വിശ്വാസികളായ ക്രിസ്ത്യാനികള്‍ ആചരിക്കുന്ന എട്ട് നോമ്പ് നോക്കാറുള്ളതായി അറിവില്ല. മാതൃപൂജാ സങ്കല്പത്തോടെ ഹിന്ദുമതവിശ്വാസികള്‍ നവരാത്രി വേളയില്‍ അനുഷ്ഠിക്കാറുള്ള വ്രതമോ ശബരിമല വിശ്വാസികള്‍ അനുഷ്ഠിക്കുന്ന വൃശ്ചിക വ്രതമോ അദ്ദേഹം അനുഷ്ഠിക്കുന്നതിന്റെ വാര്‍ത്തകളൊന്നും കണ്ടിട്ടില്ല. ആ വ്രതങ്ങളൊന്നും ‘മതേതരവാദിയായ’ ഒരു കമ്യൂണിസ്റ്റ് നേതാവിനോട് ആചരിക്കാന്‍ ആവശ്യപ്പെടാനാകില്ല. പക്ഷേ ‘ദേശീയ ഗീതത്തോടും’ ‘ഭാരതമാതാ കീ ജയ്’ എന്ന മുദ്രാവാക്യത്തോടും വെറുപ്പു പ്രകടിപ്പിക്കുന്നവരോടൊപ്പം നിന്ന് അവരുടെ മതാചാരങ്ങളെ പിന്തുടരുന്ന മന്ത്രി പ്രസാദ് മാര്‍ക്‌സിസ്റ്റാണോ മൗലവിയാണോയെന്ന് സംശയിക്കുതില്‍ കുറ്റം പറയാനാകുമോ?
മന്ത്രി പ്രസാദിന്റെ നടപടി, വര്‍ഗസമരം വഴിയിലുപേക്ഷിച്ച്, വര്‍ഗീയ പ്രീണനം പാര്‍ട്ടി പരിപാടിയായി സ്വീകരിച്ച കമ്യൂണിസ്റ്റ് അവസരവാദരാഷ്ട്രീയത്തിന്റെ അടവുനയമാണെന്നത് പൊതു സമൂഹത്തിന് ബോദ്ധ്യമാകും. പക്ഷേ അതിന് ആ മനോഹരമായ ചിത്രം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ തനതടയാളമാണെന്ന് പറയുന്നത് ഭാരതീയ ദേശീയതയെ സംബന്ധിച്ചുള്ള ചരിത്ര ബോധം ഇല്ലാത്തതുകൊണ്ടാണെന്ന് പറയാതിരിക്കാനാകില്ല. രാഷ്ട്രീയ സ്വയംസേവക സംഘം ആരംഭിക്കുന്നത് 1925 ലാണ്. ജന്മഭൂമിയെ ജനനിയായി കാണുന്ന ഉദാത്തമായ സങ്കല്പം ശ്രീരാമചന്ദ്രന്റെ യുഗത്തില്‍ പോലും പ്രകടമായിരുന്നു. ഭാരത മാതാവിനെ ദേവതയായി സങ്കല്‍പ്പിച്ച് വൈദേശിക സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ സ്വാതന്ത്ര്യത്തിനായി പോരിനിറങ്ങിയ വീര ബലിദാനികളുടെ ചോര വീണു നനഞ്ഞ ചരിത്രം ഉറങ്ങുന്ന മണ്ണാണിത്. ബങ്കിം ചന്ദ്രന്റെ ‘ആനന്ദമഠം’ എന്ന സര്‍ഗ സൃഷ്ടിയിലൂടെ ‘വന്ദേമാതരഗാനം’ പിറന്നപ്പോള്‍ അത് ഈ രാജ്യത്തെ ജനങ്ങള്‍ ജാതിക്കും മതത്തിനും അതീതമായി ഹൃദയത്തിലേക്ക് ആവാഹിക്കുകയായിരുന്നു. ബങ്കിം ചന്ദ്രന്‍ ആ രചനയില്‍ ഉയര്‍ത്തിക്കാട്ടിയ ഭാരതമാതാ സങ്കല്പത്തിന് 1905ല്‍ ബംഗാള്‍ വിഭജന പശ്ചാത്തലത്തില്‍ അബനീന്ദ്രനാഥ ടാഗോറാണ് ചിത്രരൂപം നല്‍കിയത്. സാധ്വിയെപോലെ കാവി നിറമുള്ള സാരിയണിഞ്ഞ്, നാലു കൈകളിലായി ഒരുപിടി നെല്‍ക്കതിര്‍, ഒരു കഷണം വെള്ള വസ്ത്രം, ഒരു ഗ്രന്ഥം, ഒരു രുദ്രാക്ഷമാല, എന്നിവ ധരിച്ച, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലത്തെ ഭാരതത്തിന്റെ പ്രതീകാത്മകമായ ദിവ്യരൂപം പിന്നീടു വന്ന തലമുറകളുടെ പൂജാ വിഗ്രഹമായി മാറുകയായിരുന്നു. സ്വന്തം മക്കളിലൂടെ സ്വാതന്ത്ര്യത്തിനു വേണ്ടി മോഹിക്കുകയും ആ പരിശ്രമത്തിന് സ്വയം സമര്‍പ്പിക്കുന്നവരെ അനുഗ്രഹിക്കുകയും ചെയ്യുന്ന ഭാരതമാതാവിന്റെ ദിവ്യരൂപം! ആ കാലഘട്ടത്തില്‍ തന്നെ വിവേകാനന്ദനും ശ്രീ അരബിന്ദോയും വീര വിനായക ദാമോദര്‍ സാവര്‍ക്കറും ഡോ.കേശവ് ബലിറാം ഹെഡ്‌ഗേവാറും മഹാത്മാ ഗാന്ധിയും, സ്വാതന്ത്ര്യം ജന്മാവകാശമായി കരുതിയുറച്ച ഒരു ജന സമൂഹത്തിന്റെ ചരിത്രപരമായ മുന്നേറ്റത്തിന് വഴികാട്ടിയായി മുന്നില്‍ വെച്ചു. വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ അധിനിവേശ ശക്തികള്‍ക്കെതിരെ ഭാരതമാതാവിന്റെ മോചനത്തിന് പോരാട്ടങ്ങളില്‍ ബലിദാനികളായ യുവകേസരികളും ആ കാലഘട്ടത്തിന്റെ ദീപ്തസ്മരണകളില്‍ നിറഞ്ഞു.
അത്തരത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ഉണര്‍ന്നു വളര്‍ന്ന ഭാരതമാതാ സങ്കല്പത്തില്‍ നിന്ന് ഊര്‍ജ്ജംഉള്‍ക്കൊണ്ടാണ് ഡോ. ഹെഡ്‌ഗേവാര്‍ 1925ല്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന് ആരംഭം കുറിച്ചത്. അതേ 1925ല്‍ കാണ്‍പൂരില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിക്കാന്‍ നടത്തിയ സമ്മേളനത്തില്‍ പങ്കെടുത്ത മുന്നൂറ് സഖാക്കളില്‍ സത്യഭക്തനെന്ന ഒരാള്‍ മാത്രം സാര്‍വദേശീയതയെന്ന കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര നിലപാടിനോടൊപ്പം ഭാരതീയദേശീയതക്കും ഇടം നല്‍കണമെന്ന അഭിപ്രായം പറഞ്ഞതിന് പാര്‍ട്ടിക്കൂട്ടായ്മയില്‍ നിന്ന് പിടിച്ചു പുറത്താക്കിയതാണ് ചരിത്രം. ”കമ്യൂണിസത്തിന്റെ അടിസ്ഥാന ലക്ഷ്യം ഭൂമിയില്‍ രാമരാജ്യം സ്ഥാപിക്കുകയാണെന്ന്” (“The basic purpose of communism is to establish Ram Rajya on earth”) പറഞ്ഞതായിരുന്നു സത്യഭക്തന്‍ ചെയ്ത തെറ്റ്! അത്തരത്തില്‍ ഭാരതത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ തന്നെ ദേശീയതാ വിരുദ്ധ നിലപാടെടുത്ത കമ്മ്യൂണിസ്റ്റ് ചരിത്രം വായിക്കുമ്പോള്‍ ഇന്ന് ഭാരതാമാതാ ചിത്രത്തോട് മന്ത്രി പ്രസാദിനുള്ള വെറുപ്പിന്റെ വേര് തെളിഞ്ഞു നില്‍ക്കുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിക്കൊടുക്കുകയും സ്വതന്ത്ര ഭാരതത്തെ സോവിയറ്റ് യൂണിയന്റെയോ ചൈനയുടെയോ ഫാസിസ്റ്റ് സാമ്രാജ്യത്വ ഭരണകൂടത്തിന്റെയോ പിടിയിലൊതുക്കുക വഴി ഭാരതത്തില്‍ കമ്യൂണിസം കൊണ്ടു വരാന്‍ നോക്കി, പരാജയപ്പെട്ടവര്‍ ഇന്ന് ചൈനയുടെയും പാകിസ്ഥാന്റെയും വിനീതവിധേയരായി നിന്നുകൊണ്ട് അവസരവാദത്തിലൂടെ ഹിന്ദു വിരുദ്ധ വര്‍ഗീയതയുടെയും ദേശവിരുദ്ധരാഷ്ട്രീത്തിന്റെയും അജണ്ട നടപ്പാക്കുകയാണ്. ഭാരതമാതാ ചിത്രത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ തനതടയാളം കണ്ട് വെറുപ്പ് കാണിക്കുന്നവര്‍ ഭാരതത്തെ ആക്രമിച്ച ചൈനയുടെ സ്വന്തം ചോരച്ചെങ്കൊടിയെ നെഞ്ചിലേറ്റുന്നത് കാണുമ്പോള്‍ പൊതുസമൂഹത്തിന് അവരിലെ രാജ്യദ്രോഹ മനോഭാവത്തെ തിരിച്ചറിയാന്‍ വിശേഷിച്ചൊരു പരിശ്രമവും വേണ്ട.
ഭൂമിമാതാവെന്നും പ്രകൃതിമാതാവെന്നും കടലമ്മയെന്നും വിളിക്കുന്ന ഭാരതീയ സംസ്‌കൃതിയുടെ പാരമ്പര്യം പേറുന്ന ജനസമൂഹം ജനിച്ചനാടിനെ മാതൃഭൂമിയായി മനസ്സില്‍ പ്രതിഷ്ഠിച്ചിരിക്കുന്നവരാണ്. കേരളത്തിന്റെ രാജ്ഭവനിലെ സഭാഗൃഹത്തെ അലങ്കരിക്കുന്ന ഭാരതമാതാവിന്റെ ചിത്രം ഒരു സംസ്ഥാനമന്ത്രി തനിക്കത് ഹറാമാണെന്നു പറഞ്ഞുകൊണ്ട്, പ്രകൃതി സംരക്ഷണദിന പരിപാടിക്കു വേദി ഒരുക്കാന്‍ വേണ്ടി മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സാധ്യമല്ലെന്ന നിലപാടെടുത്ത കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഭാരതത്തിന്റെ അഭിമാനമാണ്.