രാജ്ഭവനില്‍ ഭാരത മാതാവിന്റെ ചിത്രം വച്ചതിനാല്‍ അവിടെ നടന്ന പരിസ്ഥിതി ദിനാചരണം ബഹിഷ്‌കരിച്ച സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദിന്റെ നടപടിയില്‍ ഇടത്-ജിഹാദി സഖ്യത്തിന്റെ ആശയ പൊരുത്തങ്ങളും അന്തര്‍ധാരകളും മനസ്സിലാക്കുന്നവര്‍ക്ക് അത്ഭുതം തോന്നില്ല. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് അണികള്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിക മതമൗലികവാദികളുടെ വോട്ട് നേടിയെടുക്കുകയെന്ന ലക്ഷ്യം ഇതിനുണ്ട്. ഭാരതാംബയെന്ന സങ്കല്പത്തെ നിന്ദിച്ചതിന് സിപിഎമ്മിന്റെയും ജിഹാദി ശക്തികളുടെയും പിന്തുണ ലഭിച്ചതും സ്വാഭാവികം. 1990ലെ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ സദ്ദാം ഹുസൈന്റെ കട്ടൗട്ടുകള്‍ പ്രചാരണത്തിന് ഉപയോഗിച്ച് ഇടതു മുന്നണി ഭൂരിപക്ഷം സീറ്റുകളും നേടുകയുണ്ടായല്ലോ. ഈ ഇടത്-ജിഹാദി വിജയ സമവാക്യം പിന്നീട് മദനിയുമായും ജമാഅത്തെ ഇസ്ലാമിയുമായും പോപ്പുലര്‍ ഫ്രണ്ടുമായും എസ്ഡിപിഐയുമായും സഖ്യമുണ്ടാക്കി സിപിഎമ്മും ഇടതുമുന്നണിയും പരീക്ഷിക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയാണ് സിപിഐ മന്ത്രി പ്രസാദിന്റെ ഭാരത് മാതാ നിന്ദ. ഭാരതത്തെ അമ്മയായി സങ്കല്‍പ്പിച്ചു കൊണ്ടുള്ള വന്ദേമാതര ഗാനത്തെ അംഗീകരിക്കില്ലെന്ന മുസ്ലിംലീഗിന്റെയും ഇസ്ലാമിക മതമൗലികവാദികളുടെയും നിലപാടിനോടാണ് ഇതിന് നേരിട്ട് ബന്ധം.
സംഘപരിവാറിന്റെ ഭാരത് മാതാവിനെ അംഗീകരിക്കില്ലെന്ന സിപിഐയുടെയും സിപിഎമ്മിന്റെയും വാദം പരിഹാസ്യമാണ്. ഭാരത മാതാവ് എന്ന സങ്കല്പം ആര്‍എസ്എസ് രൂപപ്പെടുന്നതിനും ആയിരത്താണ്ടുകള്‍ക്ക് മുന്‍പേയുള്ളതാണ്. ‘മാതാ ഭൂമി: പുത്രോഹം പൃഥിവ്യാ’ എന്ന സങ്കല്പം അഥര്‍വ വേദത്തിലെ പൃഥ്വീ സൂക്തത്തിലുണ്ട്. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ 1992 ല്‍ നടന്ന ഭൗമ ഉച്ചകോടിയുടെ സന്ദേശവാക്യം ഈ വേദമന്ത്രമായിരുന്നു. ഭാരതത്തിന്റെ മഹനീയമായ സംസ്‌കാരത്തിലും ദേശസ്‌നേഹത്തിലും അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സംഘടനയായതിനാല്‍ ആര്‍എസ്എസും ഈ രാഷ്ട്രത്തെ മാതാവായി സങ്കല്‍പ്പിക്കുന്നു. ഈ നാടിന്റെ സംസ്‌കാരത്തില്‍ അഭിമാനിക്കാത്തവര്‍ക്ക് മാത്രമേ ഇതിനോട് വിയോജിപ്പുണ്ടാവുകയുള്ളൂ.
ഭാരത മാതാവ് ഒന്നുമാത്രം
ഭാരത മാതാവ് ഒന്നേയുള്ളൂ. സംഘപരിവാറിന് പ്രത്യേകം ഭാരത മാതാവില്ല. ഭാരത മാതാവിനെ പലതരത്തില്‍ ചിത്രീകരിക്കാറുണ്ട്. അത് കലാകാരന്റെ ഭാവനയാണ്. നിന്ദിക്കുന്നതാവരുത് എന്നുമാത്രം. ഭാരത മാതാവ് എന്ന സങ്കല്പത്തെ ആദരിക്കുന്ന ഏതു ചിത്രവും ദേശസ്‌നേഹികള്‍ക്ക് ഒരുപോലെയാണ്. കാറല്‍ മാര്‍ക്‌സിന്റെ പലതരത്തിലുള്ള ചിത്രങ്ങള്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ അംഗീകരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടല്ലോ. സിപിഎമ്മിന്റെ കാറല്‍ മാര്‍ക്‌സിനെ സിപിഐ അംഗീകരിക്കില്ല എന്നു പറയുന്നതുപോലെയാണ് ആര്‍എസ്എസിന്റെ ഭാരതമാതയെ അംഗീകരിക്കില്ലെന്ന് മറ്റാരെങ്കിലും പറയുന്നതും. ഭാരത് മാതയുടെ ചിത്രത്തിലെ കാവിപതാകയോടുള്ള എതിര്‍പ്പും അര്‍ത്ഥശൂന്യമാണ്. ദേശീയ പതാകയിലും കാവിനിറമുണ്ടല്ലോ. ഈ നിറം ഭാരതത്തിന്റെ ആധ്യാത്മികതയെയും ത്യാഗത്തെയും സന്ന്യാസത്തേയുമൊക്കെ പ്രതിനിധീകരിക്കുന്നതാണ്. ഭരണഘടനാ നിര്‍മാതാക്കള്‍ തന്നെ അംഗീകരിച്ചിട്ടുള്ളതാണിത്. ഭാരതമാതാവിനെ മഹത്വവല്‍ക്കരിക്കുന്ന ഏതു ചിത്രത്തോടും ആര്‍എസ്എസിന് എതിര്‍പ്പില്ല. ഭഗിനി നിവേദിതയുടെ നിര്‍ദ്ദേശ പ്രകാരം രവീന്ദ്രനാഥ ടാഗോറിന്റെ സഹോദരന്‍ അബനീന്ദ്രനാഥ ടാഗോര്‍ വരച്ച ഭാരത മാതാവിന്റെ ചിത്രവും ആര്‍എസ്എസ് ഉപയോഗിക്കാറുണ്ട്. ദേശീയ പതാകയേന്തിയ ഭാരത് മാതയോടും സംഘപരിവാറിന് എതിര്‍പ്പില്ല. ഭാരതത്തിന്റെ ചരിത്രവും സംസ്‌കാരവും പാരമ്പര്യവും മഹത്വവും ശരിയായി പ്രതിഫലിപ്പിക്കുന്നതാണ് കാവിപതാകയേന്തിയ ഭാരതാംബ. ഇത് അംഗീകരിക്കാനാവില്ലെന്ന് ശഠിക്കുന്നവര്‍ ഭാരതമാതാവിനെ അവഹേളിച്ചുകൊണ്ട് എം.എഫ്.ഹുസൈന്‍ വരച്ച ചിത്രത്തെ വാഴ്ത്തിയവരാണ്. ഭാരത മാതാവിനെ നഗ്‌ന യുവതിയായി ചിത്രീകരിക്കുകയാണ് ഹുസൈന്‍ ചെയ്തത്. അപ്പോള്‍ ഇടതുപക്ഷത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നം ഭാരതത്തോടുള്ള എതിര്‍പ്പാണ്, ദേശസ്‌നേഹം ഇല്ലായ്മയാണ്. ഇവിടെ ജിഹാദി ശക്തികളുമായി ഇടതുപാര്‍ട്ടികള്‍ ഐക്യപ്പെടുകയാണ്. അനിസ്ലാമിക രാജ്യമായതിനാല്‍ (ദാറുള്‍ ഹര്‍ബ്) ഭാരതത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജമാഅത്തെ ഇസ്ലാമിയെ പോലുള്ള ഇസ്ലാമിക മതമൗലികവാദികളുടെയും ജിഹാദികളുടെയും മതരാഷ്ട്രവാദത്തെ ഏറ്റെടുക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നത്. ജമാഅത്തെ ഇസ്ലാമി സ്ഥാപിക്കപ്പെട്ട കാലം മുതല്‍ ഉയര്‍ത്തിപ്പിടിക്കുന്ന ദേശവിരുദ്ധ നിലപാടാണിത്.
കാവി ഹറാം കഫിയ ഹലാല്‍
ഒരു മതത്തിന്റെയും പ്രതീകങ്ങള്‍ക്കു മുന്നില്‍ കുമ്പിടാന്‍ തങ്ങളെ കിട്ടില്ലെന്ന് പറയുന്ന ഇടതു പാര്‍ട്ടികളുടെ കാപട്യം പകല്‍ പോലെ വ്യക്തമാണ്. ഇസ്രായേലിനെ മതത്തിന്റെ പേര് പറഞ്ഞ് വിമര്‍ശിക്കുന്ന ഇടതുപക്ഷം പാലസ്തീനോടും ഹമാസ് ഭീകരവാദികളോടും ഐക്യം പ്രഖ്യാപിക്കുന്നു! പാലസ്തീന്‍ വിമോചകനായി കരുതപ്പെടുന്ന യാസര്‍ അറാഫത്ത് തന്നെ ലോകം കണ്ടിട്ടുള്ള വലിയ ഭീകരവാദികളില്‍ ഒരാളായിരുന്നു.
1983-ല്‍ ലോകത്തെ 103 രാജ്യങ്ങള്‍ ഭീകരനായി പ്രഖ്യാപിച്ചയാളാണ് അറാഫത്ത്. എട്ട് വിമാനങ്ങള്‍ ഹൈജാക്ക് ചെയ്യുകയും, 2000 പേരെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരാളെയാണ് ലോക സമാധാനത്തിന്റെ വക്താവായി കോണ്‍ഗ്രസ് ഭരണകൂടം ചിത്രീകരിച്ചത്. ചേരിചേരാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഭാരതത്തിലെത്തിയ അറാഫത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ചുംബിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടുകയുണ്ടായി. 1986-ല്‍ കറാച്ചിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകാനിരുന്ന പാന്‍ ആം വിമാനം നാല് പാലസ്തീന്‍ ഭീകരര്‍ ഹൈജാക്ക് ചെയ്തു. യാത്രക്കാരെ രക്ഷിക്കുന്നതിനിടെ വിമാന ജോലിക്കാരിയായിരുന്ന നീരജ ബാനോട്ടിനെ ഭീകരര്‍ വെടിവെച്ചുകൊന്നു.
1989-ല്‍ ഇന്ദിരാ ഗാന്ധി അറാഫത്തിന് അഞ്ച് കോടി രൂപ പണമായി നല്‍കി. നെഹ്‌റുവിന്റെ പേരിലുള്ള സമാധാന പുരസ്‌കാരവും ഈ ഭീകരവാദ നേതാവിന് സമ്മാനിച്ചു. ഒരു പടികൂടി കടന്ന് പ്രധാനമന്ത്രി രാജീവ് ഗാന്ധി അറാഫത്തിന് ലോകമാകെ യാത്ര ചെയ്യാന്‍ ഒരു ബോയിങ് 747 വിമാനവും സമ്മാനിച്ചു. 1992-ല്‍ അന്താരാഷ്ട്ര നീതിക്കും ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ഇന്ദിരാഗാന്ധി അവാര്‍ഡും നല്‍കപ്പെട്ടു. മുസ്ലിം വോട്ടുബാങ്കിനെ സ്വാധീനിക്കാന്‍ ഏതറ്റം വരെയുംപോകുന്ന കോണ്‍ഗ്രസിന്റെ നയമായിരുന്നു ഇതിനു കാരണം. എന്നാല്‍ പാലസ്തീന്‍ എല്ലായ്‌പ്പോഴും ഭാരതത്തിനെതിരെ പാകിസ്ഥാനെ അനുകൂലിച്ചുകൊണ്ടിരുന്നു. ഈ പശ്ചാത്തലമാണ് ഇടതുപക്ഷം സമര്‍ത്ഥമായി മുതലെടുത്തത്. കോണ്‍ഗ്രസിനെ കടത്തിവെട്ടുന്ന നിലപാടാണ് ഇടതു പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചത്. ഹമാസ് ഭീകരവാദികളുടെ ആക്രമണത്തില്‍ മലയാളിയായ നഴ്‌സ് കൊല്ലപ്പെട്ടപ്പോള്‍ ഭീകരവാദികള്‍ക്ക് അനുകൂലമായി അനുശോചനക്കുറിപ്പില്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ മാറ്റം വരുത്തുകയുണ്ടായല്ലോ. ഈ ഭീകര പക്ഷപാതത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു മധുരയില്‍ നടന്ന സിപിഎമ്മിന്റെ ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ നേതാക്കള്‍ പാലസ്തീന്റെയും ഹമാസിന്റെയും പ്രതീകമായ ‘കഫിയ’ ധരിച്ച് പ്രത്യക്ഷപ്പെട്ടത്. ഇതിനു മുന്‍പ് 2024 നടന്ന ലോക കേരളസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ‘കഫിയ’ സമ്മാനിക്കപ്പെട്ടു. പാലസ്തീന്റെ പതാക നിയമസഭാ സ്പീക്കര്‍ എ. എന്‍.ഷംസീറും ഏറ്റുവാങ്ങി. മതപരമായ പ്രതീകങ്ങളെ അംഗീകരിക്കില്ലെന്ന് പറയുന്ന ഇടതുപക്ഷം മതത്തെ മാത്രമല്ല മതഭീകരവാദത്തെയും അംഗീകരിക്കുന്ന കാഴ്ചയാണിത്. ഭാരതീയ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന കാവി അവര്‍ക്ക് ഹറാമാണ്! ഇസ്ലാമിക ഭീകരതയുടെ പ്രതീകമായ ‘കഫിയ’ ഹലാല്‍! ഭാരതത്തിന്റെ ദേശീയതയെ വര്‍ഗീയതയായി കാണുന്ന ഇടതുപക്ഷം ആഗോള വിപത്തായ ഇസ്ലാമിക ഭീകരവാദത്തെ മാനവികതയായി ഉദ്‌ഘോഷിക്കുന്നു!
കമ്മ്യൂണിസവും ജിഹാദിസവും
ഇസ്ലാമിക മതമൗലികവാദികളെ പ്രീണിപ്പിച്ച് മുന്‍കാലത്ത് സിപിഎം രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയിട്ടുള്ളത് സിപിഐക്ക് അറിയാം. അന്നൊക്കെ ഈ മതരാഷ്ട്രീയത്തോട് സിപിഐ അകലം പാലിക്കുന്നതായാണ് തോന്നിയിട്ടുള്ളത്. ഇത് നഷ്ടക്കച്ചവടമാണെന്ന് മനസ്സിലാക്കി സിപിഎമ്മിനെ കടത്തിവെട്ടുകയാണ് സിപിഐയുടെ ലക്ഷ്യം. 2025 അവസാനം നടക്കാന്‍ പോകുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇസ്ലാമിക മതമൗലികവാദികളുടെ പ്രീതി പിടിച്ചു പറ്റാനായാല്‍ ഇപ്പോള്‍ തന്നെ വലിയതോതില്‍ ജനകീയാടിത്തറ ശോഷിച്ചുപോയ പാര്‍ട്ടിക്ക് നേട്ടമാകുമെന്നും സിപിഐ കണക്കുകൂട്ടുന്നുണ്ട്. ഇതിനു കണ്ടുപിടിച്ച കുറുക്കുവഴിയാണ് രാജ്ഭവനിലെ ഭാരത് മാതാ ചിത്രത്തെ എതിര്‍ക്കുകയെന്നുള്ളത്. 2023ല്‍ ദേശീയ പദവി നഷ്ടമായ സിപിഐക്ക് കേരളത്തിലാണല്ലോ നാല് വോട്ട് കിട്ടാന്‍ സാധ്യതയുള്ളത്. ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഒരൊറ്റ സീറ്റില്‍ പോലും ജയിക്കാന്‍ സാധ്യതയില്ലാത്ത പാര്‍ട്ടിയാണ് സിപിഐ. മുന്നണിസംവിധാനത്തിന്റെ തോളില്‍ കയറി നിന്നാണ് ബിനോയ് വിശ്വത്തെ പോലുള്ള നേതാക്കള്‍ ആളുകളിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുബാങ്കിന്റെ തിരിച്ചടി ഭയന്ന് ജമാഅത്തെ ഇസ്ലാമിയെയും മറ്റും ‘തള്ളിപ്പറയുന്ന’ സിപിഎമ്മിന്റെ സമീപകാലത്തെ അടവുനയം തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് സിപിഐ കണക്കുകൂട്ടുന്നുണ്ടാവും. ഭാരതം ഒരു രാഷ്ട്രമല്ല, 16 രാഷ്ട്രങ്ങളുടെ സമുച്ചയമാണെന്നു പ്രഖ്യാപിക്കുകയും, സ്വാതന്ത്ര്യ സമരത്തെ എതിര്‍ക്കുകയും ഒറ്റുകൊടുക്കുകയും, സ്വാതന്ത്ര്യ ദിനത്തെ കരിദിനമായി ആചരിക്കുകയുമൊക്കെ ചെയ്തിട്ടുള്ള അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാരമ്പര്യവുമായി ചേര്‍ന്നു പോകുന്നതാണ് സിപിഐയുടെ ഈ നിലപാട്. പാര്‍ട്ടിയുടെ ഉപബോധമനസ്സില്‍ ഇപ്പോഴും ദേശവിരുദ്ധ മനോഭാവം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവു കൂടിയാണിത്. രാജ്ഭവനിലെ ആര്‍എസ്എസ് ചിത്രത്തില്‍ വിളക്ക് കൊളുത്താന്‍ കഴിയില്ലെന്നും മറ്റുമുള്ള സിപിഐ നേതാക്കളുടെ പ്രസ്താവനകള്‍ ഒരു മറയാണ്. അവരുടെ എതിര്‍പ്പ് ഭാരതത്തോട് തന്നെയാണ്. സിപിഐയുടെ ഈ ജിഹാദി പ്രേമം തങ്ങള്‍ക്ക് നഷ്ടമുണ്ടാക്കുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്. അതുകൊണ്ടാണ് ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം വിളിച്ച് ദേശീയ പതാക ഉയര്‍ത്തിയ സിപിഐയുടെ നടപടിയെ സിപിഎം തള്ളിപ്പറയുന്നത്. ആര്‍എസ്എസിന്റെ ഭാരതമാതാവിനോടാണല്ലോ സിപിഐക്ക് എതിര്‍പ്പുള്ളത്. എന്നാല്‍ ഭാരതമാതാവിനെ പോലും തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത്. പ്രീണന രാഷ്ട്രീയത്തിന്റെ ഗുണഭോക്താവാകാനുള്ള വ്യഗ്രതയാണിത്.
സിപിഐയുടെ ഭാരത മാതാ വിമര്‍ശനം ജിഹാദി സംഘടനകളുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ളതാണ്. വിമര്‍ശനം ഉന്നയിച്ച സാഹചര്യം അത് വ്യക്തമാക്കുന്നുണ്ട്. പഹല്‍ഗാമിലെ ഭീകരാക്രമണത്തെ പതിവിനു വിപരീതമായി പല രാഷ്ട്രീയ പാര്‍ട്ടികളും അപലിപ്പിക്കുകയുണ്ടായി. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഭാരതം പാകിസ്ഥാന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതും, അമേരിക്കയെയും ചൈനയെയുമൊക്കെ അമ്പരപ്പിക്കുന്നതുമായ കനത്ത തിരിച്ചടി നല്‍കിയപ്പോള്‍ ഈ പാര്‍ട്ടികളില്‍ പലതും നിശബ്ദത പാലിച്ചു. ജമ്മു കശ്മീരിലെ ഭരണകകക്ഷികളുടെയും പ്രതിപക്ഷത്തെ പിഡിപിയുടെയുമൊക്കെ നിശബ്ദത ശ്രദ്ധേയമായിരുന്നു. യുദ്ധം ഒന്നിനും ആത്യന്തികമായ പരിഹാരമല്ലെന്ന് ഇവര്‍ക്ക് വെളിപാടുണ്ടായി. ആണവശക്തിയാണെന്ന പാകിസ്ഥാന്റെ വെല്ലുവിളിയും വീമ്പു പറച്ചിലും അവഗണിച്ച് ഭാരതം കനത്ത പ്രഹരം നല്‍കിയതില്‍ വലിയ അമര്‍ഷവും രോഷവുമാണ് ജമാഅത്തെ ഇസ്ലാമിയെ പോലുള്ള മതമൗലികവാദ സംഘടനകള്‍ക്കുള്ളത്. എന്നാല്‍ ഇത് നേരിട്ട് പ്രകടിപ്പിക്കാന്‍ കഴിയാതെ ധര്‍മ്മസങ്കടത്തിലായ ഇക്കൂട്ടര്‍ അതിന് മറ്റു വഴികള്‍ തേടുകയായിരുന്നു. ഇങ്ങനെയാണ് ടാറ്റയുടെ വസ്ത്രവില്പന ശൃംഖലയായ സുഡിയോ ബഹിഷ്‌കരിക്കാന്‍ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്‌ഐഒ നല്‍കിയ ആഹ്വാനം ചെയ്തത്. ഗാസ ആക്രമിക്കാന്‍ ഇസ്രായേല്‍ ടാറ്റയുടെ സഹായം ഉപയോഗിക്കുന്നു എന്നു പറഞ്ഞാണ് ഈ ബഹിഷ്‌കരണം. ഇതിനോടകം പലരും ചൂണ്ടിക്കാട്ടിയതു പോലെ ഇത് തികഞ്ഞ രാജ്യദ്രോഹമാണ്. ഇസ്രായേലുമായി ഭാരതത്തിന് പ്രതിരോധ സഹകരണമുണ്ട്. ഇതിന്റെ പേരില്‍ നാളെ ഭാരതത്തെയും ഇക്കൂട്ടര്‍ ബഹിഷ്‌കരിക്കുമോയെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന് ഇസ്രായേലിന്റെ സഹകരണം ലഭിച്ചിട്ടുണ്ടെന്ന ധാരണയിലാണ് ടാറ്റയെ ബഹിഷ്‌കരിക്കാനുള്ള ജിഹാദി ശക്തികളുടെ ആഹ്വാനം. നേരത്തെ മുംബൈയില്‍ ആക്രമണം നടത്തിയ പാക് ഭീകരവാദികള്‍ ടാറ്റയുടെ ഹോട്ടലും ആക്രമിച്ചിരുന്നല്ലോ.
ഈ ബഹിഷ്‌കരണം ദേശവിരുദ്ധത
പാലസ്തീന്‍-ഹമാസ് അനുകൂല ഇസ്ലാമിക സംഘടനകളാണ് ടാറ്റാ ഗ്രൂപ്പിനെതിരെ ഭാരതത്തിലുടനീളം പ്രതിഷേധം സംഘടിപ്പിക്കുന്നത്. മുദ്രാവാക്യം മുഴക്കിയും കഫിയ ധരിച്ചുമാണ് സുഡിയോ ഷോപ്പുകള്‍ക്കുമുന്നിലെ പ്രതിഷേധം. ഈദ് പെരുന്നാളിനു മുന്‍പ് ടാറ്റ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നായിരുന്നു ആഹ്വാനം. ദല്‍ഹി, പൂനെ, മുംബൈ, വിശാഖപട്ടണം, ചണ്ഡിഗഡ്, രോഹ്തക്, വിജയവാഡ തുടങ്ങിയ സ്ഥലങ്ങളിലെ ടാറ്റ ബ്രാന്‍ഡുകളുടെ സ്റ്റോറുകള്‍ക്കുമുന്നില്‍ എസ്‌ഐഒ, ഐപിഎസ്പി എന്നീ സംഘടനകളാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്.
ടാറ്റ ഗ്രൂപ്പ് ഇസ്രായേലിനൊപ്പം ഗാസയിലെ ജനഹത്യക്ക് പിന്തുണ നല്‍കുന്നു എന്നിവര്‍ ആരോപണം ഉന്നയിക്കുന്നത് വളരെ ആസൂത്രിതമാണ്. ടാറ്റ ഇസ്രായേലിനു ആയുധങ്ങള്‍ നല്‍കുന്നുവെന്നും, കയ്യേറിയ കശ്മീരില്‍ അവരുടെ വാഹനങ്ങള്‍ ഉപയോഗിക്കുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.
ഗാസയില്‍ ഉപയോഗിച്ച മിസൈലുകള്‍ ടാറ്റ ഫാക്ടറികളില്‍ നിര്‍മ്മിച്ചതാണത്രേ. ഒരു ഭാരത ബ്രാന്‍ഡായിട്ടും ടാറ്റ ജനഹത്യക്ക് കൂട്ടുനില്‍ക്കുകയാണത്രേ. എസ്‌ഐഒ രാജ്യാതിര്‍ത്തികളെ അതിജീവിച്ച് നീതി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സംഘടനയാണെന്നും, ഗാസ മുതല്‍ അമേരിക്കയിലെ കറുത്തവരെ വരെ, തങ്ങള്‍ എവിടെയായാലും നീതിക്കായി പോരാടുന്നുവെന്നാണ് എസ്‌ഐഒയുടെ അവകാശവാദം.
പാക് പിന്തുണയുള്ള ഭീകരര്‍ പഹല്‍ഗാമില്‍ 26 നിരപരാധികളായ ഹിന്ദുക്കളെ മതം നോക്കി കൊന്നൊടുക്കിയപ്പോള്‍ ഈ സംഘടന പ്രതിഷേധിച്ചില്ല. ഇത് ഇക്കൂട്ടരുടെ മനസ്സ് ആര്‍ക്കൊപ്പണെന്ന് തെളിയിക്കുന്നുണ്ട്. ഭീകരവാദികള്‍ക്കെതിരെയോ പാകിസ്ഥാനെ തിരെയോ ഒരക്ഷരം പോലും ഇവര്‍ ശബ്ദിച്ചില്ല. പാകിസ്ഥാനെ പിന്തുണയ്ക്കുന്ന തുര്‍ക്കിയെയും ഖത്തറിനെയും വിമര്‍ശിച്ചതുമില്ല. ഇവരാണ് ഭാരതത്തിലെ സ്ഥാപനങ്ങള്‍ക്കെതിരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. ഇസ്രായേലിനെ ചാരി ഭാരതത്തെ എതിര്‍ക്കുകയുമാണ് ഇവര്‍ ചെയ്യുന്നതെന്ന് വ്യക്തമാണല്ലോ.
ഇസ്രായേലിനെതിരായ ആഗോള ബഹിഷ്‌കരണ പ്രചാരണമാണ് ബിഡിഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബോയ്‌കോട്ട്, ഡിവെസ്റ്റ്‌മെന്റ്, ആന്‍ഡ് സാങ്ഷന്‍സ്. ഖത്തറില്‍ ജനിച്ച പാലസ്തീനിക്കാരന്‍ ഒമര്‍ ബര്‍ഗോതി 2005-ല്‍ ആരംഭിച്ച ഈ പ്രസ്ഥാനം, നൂറിലധികം സംഘടനകളെ ഉള്‍ക്കൊള്ളുന്ന ആഗോള ഇസ്ലാമിക ഭീകര പ്രചാരണ സംവിധാനമാണ്.
ഈ പ്രസ്ഥാനം ഇസ്രായേലിനെ ബഹിഷ്‌കരിക്കാനും നിക്ഷേപങ്ങള്‍ പിന്‍വലിക്കാനും ആഗോള തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. പല ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നും ഇവര്‍ക്ക് പണം ലഭിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പരാജയപ്പെടേണ്ട ജിഹാദി അജണ്ട
കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്ന് ഖത്തര്‍, തുര്‍ക്കി, പാകിസ്ഥാന്‍ തുടങ്ങി പല ഇസ്ലാമിക രാജ്യങ്ങളും സംഘടനകളും ഭാരതത്തിനെതിരായ പ്രചാരണം ശക്തിപ്പെടുത്താന്‍ ബിഡിഎസിനെ സഹായിക്കുകയുണ്ടായി. ഭാരതത്തെ രാജ്യാന്തര വ്യാപാരത്തില്‍ നിന്ന് ഒറ്റപ്പെടുത്താനുള്ള പദ്ധതി രൂപപ്പെടുത്തുകയും ചെയ്തു.
2022-ല്‍ കശ്മീരി സിവിറ്റാസ് ട്രിബ്യൂണല്‍ എന്ന സംഘടന പുറത്തിറക്കിയ ടൂള്‍കിറ്റില്‍ ഭാരതത്തിലെ കായിക, സാംസ്‌കാരിക, വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്യുകയുണ്ടായി. ഭാരതത്തിലെ വിദേശ നിക്ഷേപങ്ങള്‍ പിന്‍വലിപ്പിക്കല്‍, ഭാരതത്തിനെതിരെ ആഗോള തലത്തില്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തല്‍ തുടങ്ങി നിരവധി തന്ത്രങ്ങളും ഈ സംഘടന ആവിഷ്‌കരിച്ചിരുന്നു.
ഇതാണ് ഇപ്പോള്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ടാറ്റ ഗ്രൂപ്പിനെതിരെ തിരിഞ്ഞിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിലും ഭാരതത്തിന്റെ തിരിച്ചടിയിലും മതരാഷ്ട്രീയവും ഭീകരവാദവും ഉയര്‍ത്തിപ്പിടിച്ച് പാകിസ്ഥാനൊപ്പം നിന്ന തുര്‍ക്കിയുടെ ഉല്‍പ്പന്നങ്ങള്‍ ദേശസ്‌നേഹികളായ ഭാരതീയര്‍ ബഹിഷ്‌കരിക്കുകയുണ്ടായി. തുര്‍ക്കിയിലേക്കുള്ള വിനോദസഞ്ചാരവും ഒഴിവാക്കി. വലിയ സാമ്പത്തിക തിരിച്ചടിയാണ് ഇതുവഴി തുര്‍ക്കിക്ക് ഉണ്ടായത്. ഇസ്ലാമിക ഭീകരവാദത്തിനെതിരെ ശക്തമായ നടപടികള്‍ എടുക്കുന്ന ഭാരതത്തെ ഏതുവിധത്തിലും ദുര്‍ബ്ബലപ്പെടുത്തുക എന്നതാണ് ഇക്കൂട്ടരുടെ ലക്ഷ്യം.
ബംഗ്ലാദേശില്‍ നിന്നുള്ള വസ്ത്ര ഉല്‍പ്പന്നങ്ങള്‍ ഭാരതത്തിലെ വ്യാപാരികള്‍ വാങ്ങാതിരിക്കുന്നതാണ് ടാറ്റയുടെ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ഇസ്ലാമിക മതമൗലികവാദികള്‍ തിരിയാനുള്ള മറ്റൊരു കാരണം. ആഗോള ബ്രാന്‍ഡുകള്‍ നല്‍കുന്നതിലും വളരെക്കുറച്ച് വിലയ്ക്ക് വസ്ത്രങ്ങളും മറ്റും ടാറ്റ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതില്‍ ഈ രംഗം കുത്തകയാക്കാന്‍ ശ്രമിക്കുന്ന ചില വ്യാപാരികള്‍ക്ക് രോഷമുണ്ട്. ഇവരും ജിഹാദി ശക്തികളുടെ സുഡിയോ ബഹിഷ്‌ക്കരണത്തിന് പിന്നിലുള്ളതായി സംശയിക്കണം.
ഇടത്-ജിഹാദി സഖ്യം പ്രതിനിധീകരിക്കുന്ന മതാധിപത്യ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി കേരളം മാറിയിട്ട് വളരെ കാലമായി. ദേശവിരുദ്ധമായ അജണ്ടയാണ് ഇവര്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. ഇതിന്റെ ഭാഗമാണ് ഇടതു പാര്‍ട്ടികളുടെ ഭാരതമാതാ വിരോധവും, ഇസ്ലാമിക മതമൗലികവാദികളുടെ ടാറ്റാ ഉല്പന്ന ബഹിഷ്‌കരണവും. ഈ അജണ്ട വിജയിക്കാതിരിക്കേണ്ടത് ദേശീയ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് ആവശ്യമാണ്.