കോഴിക്കോട്: ഇന്ത്യന്‍ സിനിമ സ്വാന്ത്ര്യസമ്പാദനത്തിന് മുമ്പ് ഭാരതീയമായ കാഴ്ചപ്പെട് വച്ചുപുലര്‍ത്തിയിരുന്ന ഇന്ത്യന്‍ സിനമയ്ക്ക് സ്വാതന്ത്ര്യാനന്തരം അത് നഷ്ടമായെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ഇന്ത്യന്‍ സിനിമയുടെ പിതാവെന്നറിയപ്പെടുന്ന ദാദാ ഫാല്‍കെയുടെ സിനിമകള്‍ ഉള്‍പ്പെടെ 1947ന് മുമ്പ് നിര്‍മ്മിക്കപ്പെട്ട ചിത്രങ്ങള്‍ വിദേശ ചിത്രങ്ങളോട് കടപ്പെട്ടിരിക്കുന്നുവെങ്കിലും ഭാരതീയതയിലേക്ക് പരിവര്‍ത്തനം ചെയ്താണ് ആ ചിത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. നിരവധി സിനിമകള്‍ ഉദാഹരണായി ചൂണ്ടിക്കാണിക്കാന്‍ കഴിയും.
സിനിമയില്‍ ഭാരതീയതയെ എങ്ങനെ മാനിഫെസ്റ്റ് ചെയ്യാം എന്നാണ് ഫാല്‍കെ ഉള്‍പ്പെടെയുള്ളവര്‍ ചിന്തിച്ചത്. ഇന്ന് ഭാരതീയതയെ ഉള്‍ക്കൊണ്ട സിനിമകളാണ് ലോകസിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നതും സാമ്പത്തികമായി വിജയിക്കുന്നതും. ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ ഹെയ്മര്‍, മാട്രിക്‌സ് ട്രിലോജി, അവതാര്‍ തുടങ്ങിയ ആഗോള വിജയം നേടിയ ചിത്രങ്ങള്‍ ഇതിന് ഉദാഹരണമാണ്. എന്നാല്‍, ഭാരതീയതയെ ഉയര്‍ത്തിക്കാട്ടുന്ന ചിത്രങ്ങള്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന നിര്‍ദ്ദേശവും പ്രദര്‍ശിപ്പിച്ചാല്‍ തീയേറ്റര്‍ നശിപ്പിക്കുമെന്നുള്ള ഭീഷണിയും കേരളത്തിലുണ്ടാകുന്നു.
ഭാരതീയത എന്നത് സങ്കുചിതമാണെന്ന തെറ്റായ ധാരണ ചിലര്‍ പരത്തുകയാണ്. ഭാരതീയത എന്നാല്‍ എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നതാണ്. ലോകത്തിന്റെ എല്ലാ നന്മകളും കടന്നുവരട്ടെ എന്നാണ് ഭാരതീയര്‍ ചിന്തിച്ചത്. വേദങ്ങള്‍ ഉദ്‌ഘോഷിച്ചത് ഈ മണ്ണ് അമ്മയാണ് എന്നാണ്. ആ അമ്മയാണ് ഭാരതാംബ. ആ ഭാരതാംബയെ പൂജിക്കരുതെന്നാണ് ചിലര്‍ പറയുന്നത്, നന്ദകുമാര്‍ പറഞ്ഞു.