Wednesday, July 16, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാരാന്ത്യ വിചാരങ്ങൾ

കഥയും കവിതയുടെ വഴിക്കു നീങ്ങുകയാണോ?

കല്ലറ അജയന്‍

Print Edition: 9 May 2025

ഞാന്‍ കേട്ടിട്ടുള്ള സാംസ്‌കാരിക പ്രഭാഷണങ്ങളില്‍ ഏറ്റവും മനോഹരമായിട്ടുള്ളത് ഓയെന്‍വിയുടേതാണ്. അഴീക്കോട് മാഷിനെ വലിയ പ്രഭാഷകനായി പലരും പറയാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ എന്നെ ആകര്‍ഷിച്ചിട്ടേയില്ല. തന്റെ മികവിനെക്കുറിച്ച് എപ്പോഴും ആവര്‍ത്തിക്കലാണ് അഴിക്കോടിന്റെ ഒരു രീതി. ഒരുതവണ പ്രഭാഷണം കേട്ടുകഴിഞ്ഞാല്‍ പിന്നെ ഒരഞ്ചുകൊല്ലത്തേയ്‌ക്കെങ്കിലും എവിടെക്കേട്ടാലും ആദ്യം കേട്ടതിന്റെ വള്ളിപുള്ളി മാറാതെയുള്ള ആവര്‍ത്തനമായിരിക്കും. അഞ്ചുകൊല്ലമെങ്കിലും കഴിയണം മാഷ് പ്രസംഗമൊന്നു പുതുക്കാന്‍. ഓയെന്‍വിയുടെ ഏറ്റവും വലിയ സവിശേഷത ഭാഷയുടെ കാവ്യാത്മകതയാണ്. അദ്ദേഹത്തിന്റെ കവിത വായിക്കുന്നതിനേക്കാള്‍ പലപ്പോഴും ആസ്വാദ്യമാണ് പ്രസംഗം കേള്‍ക്കുന്നത്.

തിരുവനന്തപുരം നഗരത്തില്‍ ഒരു ദിവസം തന്നെ മൂന്നിടത്ത് ഓയെന്‍വി പ്രസംഗിക്കുന്നത് കേള്‍ക്കാന്‍ ഈ ലേഖകന് അവസരം ലഭിച്ചിട്ടുണ്ട്. മൂന്നും വ്യത്യസ്തമായിരുന്നു; പുതിയ അറിവുകള്‍ കൊണ്ട് സമ്പന്നമായിരുന്നു, സര്‍വ്വോപരി ആഹ്ലാദകരമായ ഭാഷയായിരുന്നു. പ്രഭാഷണം എന്നേ ഓയെന്‍വിയുടെ പ്രസംഗത്തെക്കുറിച്ചു പറയാനാവൂ. കാരണം സാധാരണ പ്രസംഗകരെപ്പോലെ വലിയ ഭാവപ്രകടനങ്ങളോ അംഗവിക്ഷേപങ്ങളോ വികാരം കൊള്ളലോ ഒന്നും ആ പ്രഭാഷണത്തിലുണ്ടാവാറില്ല. വെറുതെ നിന്നങ്ങു പറയുകയേയുള്ളൂ. അതുകൊണ്ടാവണം ഓയെന്‍വിയെ വലിയ പ്രഭാഷകനായി പലരും പരിഗണിക്കാത്തത്. സാംസ്‌കാരിക പ്രഭാഷണത്തിന് മേല്‍പ്പറഞ്ഞ ഗോഷ്ടികള്‍ ഒന്നും ആവശ്യമില്ലതാനും. പ്രസംഗകന്‍ എന്ന വാക്ക് ശബ്ദതാരാവലിയില്‍ ഇല്ല. പ്രസംഗി, പ്രസംഗ കര്‍ത്താവ്, പ്രാസംഗികന്‍ എന്നൊക്കെ മാത്രമേ അതില്‍ കാണുന്നുള്ളൂ. എന്നാല്‍ പ്രാസംഗികന്‍ എന്ന വാക്കിന് ഇടയ്ക്കു കയറി പറയുന്നയാള്‍ എന്നര്‍ത്ഥമുള്ളതിനാല്‍ പ്രസംഗകന്‍ എന്ന വാക്കാണ് ഉചിതം എന്ന് പന്മന രാമചന്ദ്രന്‍ നായര്‍ സാറിനെപ്പോലുള്ള ഭാഷാപണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടതു പ്രകാരമാണ് ഞാനും ആ വാക്ക് ഉപയോഗിച്ചുവരുന്നത്. മുന്‍കാലങ്ങളില്‍ പ്രാസംഗികന്‍ എന്ന വാക്കാണ് സാര്‍വ്വത്രികമായി ഉപയോഗിച്ചു വന്നിരുന്നത്. ശബ്ദതാരാവലി അനുസരിച്ച് അതുതെറ്റല്ല.

പ്രസംഗകല (oratory) എല്ലാവരേയും അനുഗ്രഹിക്കുന്ന ഒന്നല്ല. വലിയ അറിവുള്ളവരെല്ലാം വലിയ പ്രഭാഷകരല്ല. വലിയ പ്രഭാഷകര്‍ വലിയ അറിവുള്ളവരാകണമെന്നുമില്ല. എല്ലാ എഴുത്തുകാര്‍ക്കും പ്രസംഗം നടത്താന്‍ പ്രാപ്തിയില്ല. ചിലരുടെ പ്രസംഗം സദസ്സിനെ ബോറടിപ്പിക്കും. രണ്ടോ മൂന്നോ മണിക്കൂര്‍ നേരം സദസ്സിനെ മടുപ്പിക്കാതെ സംസാരിക്കുന്നവരുമുണ്ട്. ഒരു കാലത്ത് നല്ല പ്രസംഗം വലിയ ഒരു സദ്യയായിരുന്നു. ടെലിവിഷന്‍ രംഗപ്രവേശം ചെയ്തതോടുകൂടിയാണ് പ്രസംഗത്തിന് കേള്‍വിക്കാരെ കിട്ടാതായത്. ഇന്റര്‍നെറ്റിന്റെ വരവോടെ പണ്ഡിതന്മാരെ ആവശ്യമില്ലെന്നു വന്നു. അതും പ്രസംഗകലയെ സാരമായി ബാധിച്ചു. ഞാന്‍ കേട്ടിട്ടുള്ളതില്‍ ഏറ്റവും നല്ല രാഷ്ട്രീയ പ്രസംഗം അന്തരിച്ചുപോയ സിപിഐ നേതാവ് കണിയാപുരം രാമചന്ദ്രന്റേതായിരുന്നു. കേരളകൗമുദി പത്രാധിപരായിരുന്ന കെ.ബാലകൃഷ്ണന്റെ പ്രഭാഷണം മനോഹരമായിരുന്നുവെന്ന് പഴയ തലമുറ പറഞ്ഞു കേട്ടിട്ടുണ്ടെന്നല്ലാതെ അത് നേരിട്ടു കേള്‍ക്കാന്‍ ഭാഗ്യം ലഭിച്ചിട്ടില്ല. സര്‍ഗാത്മക രചനയില്‍ സമര്‍ത്ഥരായ പലരും ഇതര എഴുത്തില്‍ മിടുക്കരായി കണ്ടിട്ടില്ല. തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രതിഭയായിരുന്നു എസ്.കെ. പൊറ്റെക്കാട്. അദ്ദേഹം നോവല്‍, കഥ, കവിത, യാത്രാവിവരണം എന്നിവയെല്ലാം ഒരേ അനായാസതയോടെ എഴുതി. അതുകൊണ്ട് അതെല്ലാം മഹത്തായ സൃഷ്ടികളായി. പൊറ്റെക്കാടിനേക്കാള്‍ യാത്ര ചെയ്തവര്‍ ധാരാളമുണ്ടെങ്കിലും ലോകസാഹിത്യത്തില്‍ ത്തന്നെ ഇത്ര മഹത്തായ യാത്രാവിവരണങ്ങളെഴുതിയ വേറെ ആരുമില്ല. വളരെ പ്രശസ്തങ്ങളായ അനവധി യാത്രവിവരണങ്ങളുണ്ട്. അതൊക്കെ ഒറ്റയൊറ്റ കൃതികളാണ്. ചരിത്ര രചനയെ സ്വാധീനിച്ച പഴയ കാലത്തെ യാത്രാവിവരണങ്ങള്‍ ഏവര്‍ക്കുമറിയാം. ചരിത്രരചനയ്ക്ക് വളരെ പ്രയോജനം ചെയ്ത മാര്‍ക്കോ പോളോ (Marco Polo), അബ്ദുര്‍ റസാക് സമര്‍ഖണ്ഡി (Abdur Razzak Samarqandi), ഇബ്ന്‍ ബത്തൂത്ത (Ibn Batuta),, മെഗസ്തനീസ് (Magasthenes), ഹ്യുയാന്‍ സാങ്ങ് (Hiuen Tsang) എന്നിവരുടെ യാത്രാവിവരണങ്ങളെക്കുറിച്ച് ചരിത്രവിദ്യാര്‍ത്ഥികള്‍ക്കൊക്കെ അറിയാം. മാര്‍ക്ക് ട്വൊയ്ന്‍ (Mark Twain) എഴുതിയThe innocents Abroad. ലോറന്‍സ് സ്റ്റേണ്‍ (Laurence Sterne) എഴുതിയ A sentimental journey through France and Italy John steinbeck sâ Travels with charley in search of America എന്നിവയെല്ലാം ശ്രദ്ധേയങ്ങളായ യാത്രാവിവരണങ്ങളാണ്. എന്നാല്‍ ഇവരാരും തന്നെ പൊറ്റെക്കാടിനെ പോലെ നിരന്തരം യാത്രാവിവരണങ്ങളെഴുതിയില്ല.

കവികള്‍ പലരും ആത്മകഥകള്‍ എഴുതിയെങ്കിലും വൈലോപ്പിളളിയുടെ ‘കാവ്യലോകസ്മരണകളും ‘ പിയുടെ ‘കവിയുടെ കാല്പാടുകളും’ പോലെ മറ്റൊന്നും കാര്യമായി ശ്രദ്ധിക്കപ്പെടുന്നവയായില്ല. ജി.ശങ്കരക്കുറുപ്പിന്റെ കവിത മനോഹരമാണെങ്കിലും ആത്മകഥയായ ‘ഓര്‍മയുടെ ഓളങ്ങളില്‍’ വായനയെ തീരെ ആകര്‍ഷിക്കുന്നതല്ല. ഓയെന്‍വി എഴുതിയ നിരൂപണങ്ങളില്‍ ചിലത് വലിയ മൂല്യമുള്ളവയാണ്, പ്രത്യേകിച്ചും വൈലോപ്പിള്ളിയേയും ചങ്ങമ്പുഴയേയും കുറിച്ചെഴുതിയ ‘കവിതയിലെ സമാന്തര രേഖകള്‍’ സൂക്ഷ്മമായി ഈ കവികളെ തിരിച്ചറിഞ്ഞ് എഴുതിയതാണത്. എന്നിരിക്കിലും അതിലെ ഭാഷയ്ക്കുമേന്മയൊന്നുമില്ല. വെറും 37 വയസ്സുവരെ മാത്രം ജീവിച്ചിരുന്ന ചങ്ങമ്പുഴ അവിശ്വസനീയമാംവിധം 57 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. കവിതയുടെ നിലവാരം തന്നെ അദ്ദേഹത്തിന്റെ ഗദ്യ കൃതികള്‍ക്കുമുണ്ടായിരുന്നു. കവിതപോലെ ഗദ്യം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞ കവികള്‍ നമുക്ക് വളരെ കുറച്ചേയുള്ളൂ. വയലാറിന്റെ ഒന്നു രണ്ടു പ്രഭാഷങ്ങള്‍ യൂട്യൂബില്‍ കേട്ടിട്ടുണ്ടെങ്കിലും അതിനൊന്നും എടുത്തു പറയേണ്ട മേന്മയൊന്നുമില്ല.

വിഷുക്കഥകളെ പരിചയപ്പെടുത്തിക്കൊണ്ട് മാതൃഭൂമിയില്‍ സുഭാഷ് ചന്ദ്രന്‍ എഴുതിയിരിക്കുന്ന ആമുഖത്തിനും അദ്ദേഹത്തിന്റെ മറ്റു രചനകള്‍ പോലെ നിലവാരമുണ്ട്. ചിന്തിക്കുന്നവര്‍ക്കു ദൃഷ്ടാന്തമുണ്ട് എന്ന ഖുറാന്‍ വചനത്തെ പ്രയോജനപ്പെടുത്തി കണിക്കൊന്നയുടെ ദൃഷ്ടാന്തം എന്ന പേരിലെഴുതിയിരിക്കുന്ന ആമുഖം ഒരു നല്ല നോവലിസ്റ്റിന്റെ തൂലികയ്ക്ക് ചേര്‍ന്നതു തന്നെ.

ജീവിതം അതുപോലെ പകര്‍ത്താന്‍ പണ്ട് നാച്ചുറലിസ്റ്റുകള്‍ ശ്രമിച്ചിരുന്നു. പക്ഷേ അവരും ചിലയിടങ്ങളില്‍ ചില നിറംപിടിപ്പിക്കലുകള്‍ നടത്തിയിരുന്നു. ഒരിക്കലും ജീവിതം അപ്പാടെ പകര്‍ത്തിവച്ചാല്‍ സാഹിത്യമാകില്ല. അതിന് മറ്റുള്ളവരുടെ ജീവിതത്തോട് ഒരു പൊരുത്തപ്പെടലൊക്കെ വേണം. ജഫ്രിചോസര്‍, ഷാര്‍ലറ്റ് ബ്രോണ്ടി, ചാള്‍സ് ഡിക്കന്‍സ്, ജോര്‍ജ്ജ് ഇലിയറ്റ് തോമസ് ഹാര്‍ഡി തുടങ്ങിയ പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരെല്ലാം ബ്രിട്ടനിലെ വിവിധ പ്രാദേശിക ഭേദങ്ങളെ സാഹിത്യത്തിലവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഷാര്‍ലറ്റ് ബ്രോണ്ടി (Charlotte Bronte) യോര്‍ ക്ഷയര്‍ (Yorkshire) ഡയലക്ടാണ് മുഖ്യമായും ഉപയോഗിക്കാന്‍ ശ്രമിച്ചത്. ഡിക്കന്‍സ് ലണ്ടന്‍ നഗരത്തിലെ cockney ഡയലക്ടും ജോര്‍ഡി (Geordic) ഡയലക്ടും (നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലേയും ന്യൂകാസിലിലേയും പ്രാദേശിക ഭേദം) ഉപയോഗിക്കാനാണ് ശ്രമിച്ചത്. ജോര്‍ജ്ജ് എലിയറ്റ് വ്യത്യസ്ത നോവലുകളില്‍ വ്യത്യസ്ത ഡയലക്ടുകള്‍ പരീക്ഷിച്ചു.

കേരളത്തില്‍ കുടിക്കുഴഞ്ഞുകിടക്കുന്ന പ്രാദേശിക ഭേദങ്ങളുണ്ട്. പ്രത്യേകസമുദായക്കാര്‍ ഉപയോഗിക്കുന്ന പ്രത്യേക പദപ്രയോഗങ്ങളുണ്ട്. ഇതിനൊക്കെ സാഹിത്യത്തില്‍ ഇടം കൊടുക്കേണ്ടതു തന്നെയാണ്. ഈയടുത്ത കാലത്തായി കാസര്‍കോടന്‍ ഭാഷ മലയാള ചലച്ചിത്രങ്ങളില്‍ സജീവമായി ഉപയോഗിക്കപ്പെടുന്നുണ്ട്. അതൊക്കെ സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെ. എന്നാല്‍ ഏതെങ്കിലും ഒരു പ്രദേശത്തിന്റെയോ സമുദായത്തിന്റെയോ സവിശേഷമായ പ്രാദേശിക ഭേദങ്ങളോ ഭാഷാപ്രയോഗങ്ങളോ സാഹിത്യത്തില്‍ ഉപയോഗിക്കുമ്പോഴും എല്ലാവായനക്കാര്‍ക്കും വായിക്കാനാവുന്ന വിധത്തിലായിരിക്കണം. എന്നാല്‍ അത്തരം ഡയലക്ടുകള്‍ കുത്തിനിറച്ചാല്‍ മെച്ചപ്പെട്ട സാഹിത്യകൃതിയാകും എന്ന ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. അതൊരിക്കലും ആശാസ്യമല്ല.

മാതൃഭൂമിയുടെ ഇത്തവണത്തെ വിഷുക്കഥാമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഷാഫി പൂവത്തിങ്കലിന്റെ ”റഖീബിനും അത്തീതിനുമിടയിലെ നൊണകള്‍” എന്ന കഥ വായിച്ചപ്പോള്‍ ബോധപൂര്‍വ്വം കുത്തിനിറച്ചിരിക്കുന്ന പരിഭാഷാപദങ്ങളും പ്രാദേശികമായ വാങ്മയങ്ങളും കഥ മനസ്സിലാക്കാനാവാത്തവിധം നിബിഡമായിരിക്കുന്നതു കാണാം. അങ്ങ നെ ഏതെങ്കിലും വ്യത്യസ്തത പ്രകടിപ്പിച്ചാല്‍ അതുമെച്ചം രചനയാണെന്നു കരുതിയ വിധികര്‍ത്താക്കളുടെ വിലയിരുത്തലിനോട് യോജിക്കാനാവുന്നില്ല. വിധികര്‍ത്താക്കള്‍ ശരിയായി വായിച്ചതിനുശേഷമാണോ വിധിനിര്‍ണയിച്ചതെന്നു സംശയം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സാഹിത്യമത്സരത്തില്‍ ഒന്നാം സമ്മാനം കിട്ടിയ കഥ ഒരു മനോരോഗി എഴുതിയ പരസ്പരബന്ധമില്ലാത്ത പ്രലപനങ്ങളായിരുന്നു. വിധികര്‍ത്താക്കള്‍ക്ക് ആ മനോരോഗിയെ പരിചയമില്ലായിരുന്നുവെങ്കിലും ഞങ്ങള്‍ക്ക് അയാളെ അടുത്തറിയാമായിരുന്നു. യാതൊരു പരസ്പരബന്ധവുമില്ലാതെ അയാള്‍ എഴുതിവച്ചത് ശരിക്കുവായിച്ചു നോക്കാതെ മലയാളത്തിലെ പ്രശസ്ത കഥാകൃത്തുക്കള്‍ മഹത്തായ കഥയെന്നു പറഞ്ഞ് ഒന്നാം സമ്മാനം നല്‍കിയപ്പോള്‍ ഞങ്ങള്‍ അത്ഭുതപ്പെട്ടുപോയി. അതുപോലെയാണോ ഈ ഒന്നാം സമ്മാനവുമെന്നു സംശയം തോന്നുന്നു.

ഒരു കലാസൃഷ്ടിയെ ബുദ്ധികൊണ്ടു മാത്രം വിലയിരുത്താന്‍ പാടില്ല; ഹൃദയം കൊണ്ടുകൂടിവേണം. പുതിയ കാലഘട്ടത്തിലെ ഒരു കഥയ്ക്ക് ഇന്ന മാനദണ്ഡങ്ങള്‍ വേണം, ഉള്ളടക്കം ഫെമിനിസം, ദളിത് പക്ഷപാതം ഇങ്ങനെ ചിലതൊക്കെ ആയിരിക്കണം, പാഠാന്തരബന്ധം സൂചിപ്പിക്കണം തുടങ്ങിയ ടൂളുകള്‍ ഉപയോഗിച്ച് ഒരു കലാസൃഷ്ടിയും വിലയിരുത്തപ്പെടരുത്. എല്ലാക്കാലത്തും മെച്ചപ്പെട്ടതും മോശപ്പെട്ടതുമായ രചനകളുണ്ട്. പോയ കാലത്തെ ഉന്നതങ്ങളായ കൃതികള്‍ ഇപ്പോഴും നമുക്ക് ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. നല്ല രചനകള്‍ക്കു കാലം പ്രശ്‌നമാകുന്നില്ല. അവ കാലത്തെ കടന്നു നില്‍ക്കുന്നവയാണ്. കഥാകൃത്തും വിധികര്‍ത്താക്കളിലൊരാളായ ഇ. സന്തോഷ്‌കുമാറും തമ്മില്‍ നടത്തുന്ന അഭിമുഖത്തില്‍ നിന്നും ഒരു കാര്യം വ്യക്തമാകുന്നു, മറ്റുള്ളവര്‍ക്കു മനസ്സിലാകാത്ത കുറെ അന്യഭാഷാപദങ്ങള്‍ കുത്തിനിറച്ച വികലമായ ഈ രചന യാദൃച്ഛികമായുണ്ടായതല്ല. ബോധപൂര്‍വ്വം സൃഷ്ടിച്ച ഒരു വികലസൃഷ്ടിയാണ്. ഒരു സര്‍ഗ്ഗാത്മകരചനയില്‍ രാഷ്ട്രീയം, മതം എന്നിവ കടന്നുവരുന്നെങ്കില്‍ അവ പൂമണപ്പിക്കുന്നതുപോലെ അബോധപൂര്‍വ്വമായിരിക്കണം. എന്നാലേ അതുകലാപരമാകൂ! കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ഈ കഥ ഒരു കലാസൃഷ്ടിയേ അല്ല. ഇതിന്റെ വിധികര്‍ത്താക്കള്‍ പരപ്രേരണയാലേ ഒന്നാം സമ്മാനം കൊടുക്കാന്‍ നിര്‍ബ്ബന്ധിതരായതാണെന്നതു വ്യക്തം.

ഒരു കഥയെന്നു പറയാന്‍ ”ആത്മഗതം കൊട്ടത്തളത്തിലെ എച്ചില്‍ പാത്രത്തിനൊപ്പം കൊണ്ടിട്ടു.” ”പെണ്ണൊരുത്തി കുപ്പിക്കകത്തുള്ള കൂറയെപ്പോലെ വട്ടം കറങ്ങി.” ”അങ്ങനൊരു നെണോന്‌ന്റെ ജീവിതം” ”കുഞ്ഞീവിതത്തയുടെ കണ്ണുകളിലേയ്ക്ക് ആദിപ്പൊരുളിന്റെ വേരുതേടുമ്പോലെ നോക്കി.” ഇങ്ങനെ നാലുവാക്യങ്ങളേയുള്ളൂ. ബാക്കിയെല്ലാം അപരിചിത പദങ്ങളുടെ ഒരു അഞ്ചുകളി.

വിഷുമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ കവിത പക്ഷേ മോശം രചനയല്ല. ആതിരാ സദാനന്ദിന്റെ ”ഘമേലവാല” വലിയ മഹത്വമുള്ള രചനയൊന്നുമല്ലെങ്കിലും തീരെ മോശം രചനയല്ലെന്നു പറയാം. വിധികര്‍ത്താക്കള്‍ മുഴുവനും വായിച്ചിട്ടുണ്ടെന്നു വ്യക്തം. തമ്മില്‍ ഭേദം തൊമ്മന്‍ എന്നേ പറയാനാവൂ. രണ്ടാം സമ്മാനം ലഭിച്ച അതുല്‍പൂതാടിയുടെ ഉപ്പിലമുത്തിയും മെച്ചപ്പട്ട രചനയല്ല. മത്സരമാകുമ്പോള്‍ കിട്ടിയതില്‍ ഏറ്റവും ഭേദപ്പെട്ടതിനല്ലേ സമ്മാനം കൊടുക്കാനാവൂ. അതാവും രചനകള്‍ ഇങ്ങനെയായിപ്പോയത്. കഥയാണ് മലയാളത്തില്‍ പ്രതീക്ഷയുള്ള ഒരു മേഖല. കവിതയെ ആരും ഇപ്പോള്‍ പരിഗണിക്കുന്നില്ല. കഥയും കവിതയുടെ വഴിക്കുതന്നെയാണോ എന്നു ഭയം തോന്നുന്നു.

Tags: പ്രഭാഷണംപ്രസംഗം
ShareTweetSendShare

Related Posts

ജാതിസ്പര്‍ദ്ധ വളര്‍ത്തുന്നവരെ ഒറ്റപ്പെടുത്തണം

യാദൃച്ഛികത എന്ന കഥാപാത്രം

ശാസ്ത്രജ്ഞര്‍ രാഷ്ട്രത്തെ സേവിക്കട്ടെ

ചില യുദ്ധങ്ങള്‍ ചെയ്‌തേ മതിയാകൂ

ഒരു മഹാചരിത്രകാരന്റെ വിയോഗം

എഴുത്തിന്റെ ശക്തി

Shopping Cart

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies