നാനാജി ദേശ്മുഖുമായുള്ള ബന്ധം എങ്ങനെയായിരുന്നു?
♠അടല്‍ജിയുടെ നിയോജകമണ്ഡലമായിരുന്ന ബാല്‍റാംപൂരില്‍ ഒരു നാടുവാഴി ഉണ്ടായിരുന്നു. അദ്ദേഹം അടല്‍ജിയുടെ മണ്ഡലത്തിലെ ഗ്രാമീണ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാനായി ഒരിക്കല്‍ നാനാജിയെ ക്ഷണിച്ചു. മണ്ഡല വികാസത്തിനും കൂടാതെ ഗ്രാമീണ ഉദ്ധാരണപ്രവര്‍ത്തനങ്ങളുടെ മാതൃക സൃഷ്ടിക്കുവാനുമായാണ് അവിടെ അദ്ദേഹം പോയത്. അങ്ങനെ ബാല്‍റാംപൂര്‍ മണ്ഡലത്തില്‍ ഗ്രാമവികസനത്തിനായി ജലസേചനം, കൃഷി എന്നിവ വികസിപ്പിച്ചെടുത്തു. അങ്ങനെ ഒന്ന് കേരളത്തിലും തുടങ്ങാന്‍ നാനാജിയ്ക്ക് താല്പര്യമുണ്ടായിരുന്നു. താനൂരിനടുത്ത് പൂരപ്പുഴ കടലിലേയ്ക്ക് ചേരുന്നതിന്റെ തെക്കു വശത്ത് ഏതാണ്ട് നൂറേക്കറോളം സ്ഥലം തരിശായി കിടപ്പുണ്ടായിരുന്നു. തൃക്കൈക്കാട്ട് മഠത്തിന്റെയോ മറ്റോ ആയിരുന്നു ആ സ്ഥലം. ആ സ്ഥലത്ത് ഗ്രാമ വികസന പരിപാടി തുടങ്ങാമെന്ന് ആലോചിച്ചു. ഞാനും നാനാജിയും അവിടെയുള്ള ജയചന്ദ്രനും കൂടി സ്ഥലം പോയിക്കണ്ടു. അപ്പോഴാണ് അടിയന്തരാവസ്ഥ വന്നത്. അല്ലെങ്കില്‍ ആ പദ്ധതി നടക്കുമായിരുന്നു. അത് കഴിഞ്ഞപ്പോഴേയ്ക്കും മുസ്ലിങ്ങള്‍ അവിടം കൈക്കലാക്കി. അവിടെ ഒരു മാതൃകാഗ്രാമം സൃഷ്ടിക്കാന്‍ നാനാജിയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ രൂപം കൊള്ളുന്നതിന് മുന്‍പേ അത് അലസിപ്പോയി.
നാനാജി പലപ്പോഴും എനിക്ക് എഴുത്തുകള്‍ അയക്കുമായിരുന്നു. ഒരിക്കല്‍ നാനാജിയ്ക്ക് ആയുര്‍വേദ ചികിത്സ വേണ്ടിവന്നപ്പോള്‍ അതിനു തൃശ്ശൂരില്‍ ഒരു സ്വയംസേവകന്റെ സ്ഥലത്ത് ഏര്‍പ്പാട് ചെയ്തു. ആ സ്ഥലത്ത് വീട് എടുത്തു. ഭക്ഷണമെല്ലാം വ്യവസ്ഥ ചെയ്തു. തൃശ്ശൂരിലെ സ്വയംസേവകര്‍ പലരും അവിടെ വരുമായിരുന്നു. വൈകുന്നേരം പൂരപ്പറമ്പില്‍ പോയി ഇരിക്കും. അങ്ങനെ വലിയൊരു കൂട്ടായ്മ ഉണ്ടായിരുന്നു അവിടെ. പണ്ട് ശാഖയില്‍ വന്നവരും, മാറിനില്‍ക്കുന്നവരുമെല്ലാം നാനാജിയുടെ സൗഹൃദത്തില്‍ ഉണ്ടായിരുന്നു. ഒരു മാസം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും തൃശ്ശൂരിന്റെ സംഘചരിത്രത്തിലെ ഒരു കാലഘട്ടം എന്ന് അതിനെക്കുറിച്ച് പറയാം. അവിടെ മാധവപ്പിഷാരടി എന്ന ഒരാളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീട് പട്ടാമ്പിയില്‍ നിന്ന് വളാഞ്ചേരിയിലേയ്ക്ക് പോകുന്ന വഴിയിലാണ്. മാധവപ്പിഷാരടിയുടെ മകളുടെ തുടര്‍പഠനത്തിന് സഹായം തേടിക്കൊണ്ട് അദ്ദേഹം തൃശ്ശൂരില്‍ വന്ന് നാനാജിയെ കണ്ടു. നാനാജി ഒരു ഫോറം ഫില്‍ ചെയ്യാന്‍ കൊടുത്തു. നിങ്ങള്‍ പാസായി കഴിഞ്ഞാല്‍ മുഴുവന്‍ സമയവും സാമൂഹ്യ സേവനത്തിനായി ഇറങ്ങുമെന്ന് സമ്മതിച്ചാല്‍ ഞാന്‍ വ്യവസ്ഥ ചെയ്തുതരാമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ സുഹൃത്തില്‍ നിന്ന് ആ കുട്ടിയ്ക്ക് പഠിക്കുവാനുള്ള സഹായം ചെയ്തു കൊടുത്തു. പിന്നീട് ആ കുട്ടി സ്റ്റേറ്റില്‍ തന്നെ ഒന്നാമതായി പാസായി. പട്ടാമ്പി കോളേജില്‍ തന്നെ ജോലിയും കിട്ടി. ഇത്തരത്തില്‍ നാനാജിയുടെ ദൃഷ്ടി വളരെ മാതൃകാപരമായിരുന്നു. പിന്നീട് മധ്യപ്രദേശ് സര്‍ക്കാര്‍ ഒരു സര്‍വ്വകലാശാല ഉണ്ടാക്കി അതിന്റെ ചാന്‍സലറായി നാനാജിയെ നിശ്ചയിച്ചു. ചിത്രകൂടില്‍ ഏക്കര്‍കണക്കിനു ഭൂമി വാങ്ങി. അവിടെ ഗ്രാമീണ തലത്തില്‍ നിരവധി സേവാ പ്രകല്പങ്ങള്‍ ആസൂത്രണം ചെയ്തു. അവിടേക്ക് ഒരു വെച്ചൂര്‍ പശുവിനെ വേണമെന്ന് നാനാജിക്ക് ആഗ്രഹമുണ്ടായിരുന്നു. മറ്റെല്ലാ ഇനം പശുക്കളും അവിടെ ഉണ്ടായിരുന്നു. ഏറ്റവും ചെറുതും കൂടുതല്‍ പാല്‍ തരുന്നതുമായ ഇനമാണല്ലോ വെച്ചൂര്‍ പശുക്കള്‍. രാജേട്ടന്‍ എന്തോ ഏര്‍പ്പാട് ചെയ്തു കൊടുത്തു. അങ്ങനെ അവിടെ ഇപ്പോള്‍ വെച്ചൂര്‍ പശുവും ഉണ്ട്. ഇതുപോലെ എല്ലാ കാര്യങ്ങളിലും ദൃഷ്ടി ചെല്ലുന്ന വ്യക്തിയായിരുന്നു നാനാജി ദേശ്മുഖ്.

കേരളത്തിലെ സാമൂഹ്യ നവോത്ഥാനത്തെ കുറിച്ചുള്ള സംഘത്തിന്റെ കാഴ്ചപ്പാട് എന്താണ്?
♠കേരള നവോത്ഥാനത്തിനുള്ള ശക്തമായ ആഹ്വാനം മുഴങ്ങിയത്, ഇന്ന് കന്യാകുമാരി ജില്ലയിലുള്ള നാഗര്‍കോവില്‍ നിന്നാണ്. അവിടെ ചാന്നാര്‍ സമുദായത്തില്‍പ്പെട്ട മുത്തുക്കുട്ടി ചാന്നാര്‍ എന്ന വൈകുണ്ഠനാഥന് ഒരു വെളിപാട് ഉണ്ടായി എന്നാണ് പറയുന്നത്. അദ്ദേഹം നാഗര്‍കോവിലില്‍ നിന്ന് തിരുനല്‍വേലിയിലേക്ക് പോയി. മൂന്ന് ദിവസം കടലില്‍ കിടന്നു. കയറി വരുമ്പോള്‍ വിഷ്ണുവിനെ ദര്‍ശിച്ചു എന്നും, വൈകുണ്ഠനാഥന്‍ എന്ന പേര് സ്വീകരിച്ചു എന്നുമാണ് പറയപ്പെടുന്നത്. അദ്ദേഹം ഹിന്ദുമതത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് പ്രസംഗിക്കാന്‍ തുടങ്ങി. തിരിച്ച് നാഗര്‍കോവിലില്‍ വന്ന് അവിടെ ഒരു കേന്ദ്രം സ്ഥാപിച്ചു. അദ്ദേഹത്തിന് നാല് ശിഷ്യന്മാരും ഉണ്ടായി. അവര്‍ക്ക് ധര്‍മ്മ, ഭീമ, അര്‍ജ്ജുന, നകുല സിദ്ധര്‍ എന്നിങ്ങനെ പേരും ഇട്ടു. അവര്‍ നാല് സ്ഥലത്ത് താമസിച്ചു. തണ്ണീര്‍പന്തലുകള്‍ എന്നാണ് അവരുടെ കേന്ദ്രത്തിന്റെ പേര്. അങ്ങനെ നിരവധി തണ്ണീര്‍ പന്തലുകള്‍ സ്ഥാപിച്ചു. ജാതി ഇല്ലാതാക്കാന്‍ അദ്ദേഹം ആദ്യം ചെയ്തത്, ശുചീന്ദ്രത്തെ രഥം വലിക്കാനുള്ള അവകാശം എല്ലാവര്‍ക്കും നേടിക്കൊടുത്തു എന്നതാണ്. പത്തിരുന്നൂറു ആളുകളെ കൊണ്ടുപോയി ആ രഥം വലിച്ചു. ആ സമയത്ത് മറ്റുള്ളവരെല്ലാം വിട്ടു പോയി. തേര് വലിച്ച് പരിപാടി നടത്തി. ചാന്നാര്‍ വിഭാഗക്കാരുടെ കുലത്തൊഴില്‍ കള്ളു ചെത്തലായിരുന്നു. അവരെ മറ്റൊരു പണി ചെയ്യാനും സമ്മതിച്ചിരുന്നില്ല. പിന്നീട് തോള്‍ ശീല സമരം ഉണ്ടായി. അന്ന് മാറ് മറയ്ക്കാനുള്ള അവകാശം ബ്രാഹ്മണര്‍ക്കു മാത്രമേ അത് ഉണ്ടായിരുന്നുള്ളൂ. അങ്ങനെ തോള്‍ ശീല സമരം നടത്തി. ആ സമരം വളരെ ശക്തമായി. അതും വിജയിച്ചു.
തിരുനല്‍വേലിയിലുള്ള എല്ലാ അവകാശവും ഇവര്‍ക്കും കിട്ടി. വൈകുണ്ഠനാഥന്റെ ഇത്തരം പരിപാടികള്‍ക്കെതിരെ ചിലര്‍ പരാതി കൊടുത്തു. അന്ന് സ്വാതി തിരുനാളാണ് രാജാവ്. രാജാവ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് കൊണ്ടുവന്നു. അവിടെ മണക്കാട് ഒരു മൃഗശാലയുണ്ട്. അവിടുത്തെ കടുവക്കൂട്ടില്‍ കടുവ തിന്നോട്ടെ എന്ന് വിചാരിച്ചുകൊണ്ട് ഇദ്ദേഹത്തെ കൊണ്ടുപോയി ഇട്ടു. പക്ഷെ, വൈകുണ്ഠ സ്വാമികള്‍ ഈ കടുവകളെയെല്ലാം താലോലിച്ചുകൊണ്ട് കഴിഞ്ഞു. കടുവകളെല്ലാം ഇദ്ദേഹത്തിന്റെ മുന്നില്‍ വെറും നായ്ക്കളെ പോലെ പെരുമാറി എന്നാണ് കഥ. അത് കഴിഞ്ഞ്, ഇദ്ദേഹത്തെ വിട്ടുകിട്ടുവാന്‍ നാഗര്‍കോവില്‍ നിന്ന് വലിയൊരു ജാഥ തിരുവനന്തപുരത്ത് വന്നു. സ്വാതിതിരുനാള്‍ ജാഥക്കാരുമായി നേരിട്ട് സംസാരിച്ച് അദ്ദേഹത്തെ വിട്ടയച്ചു എന്നാണ് ജീവചരിത്രത്തില്‍ പറയുന്നത്. ഇവരുടെ കേന്ദ്രങ്ങളായ തണ്ണീര്‍പ്പന്തലുകള്‍ ഒരുകാലത്ത് ചെങ്ങന്നൂര്‍ വരെ ഉണ്ടായിരുന്നു. പാലക്കാട്ടുകാരന്‍ ഒരു സദാനന്ദസ്വാമി അദ്ദേഹത്തെ സഹായിക്കാന്‍ ഉണ്ടായിരുന്നു. കൊട്ടാരക്കരയില്‍ ഇപ്പോഴും സദാനന്ദാശ്രമമുണ്ട്. അവിടെ ഏക്കര്‍ കണക്കിന് സ്ഥലമുണ്ട്. ഭൂപരിഷ്‌കരണം, സമ്പത്തിന്റെ വിതരണം എന്നിവയെക്കുറിച്ചുള്ള ആശയങ്ങള്‍ നോക്കിയാല്‍ കാറല്‍ മാര്‍ക്‌സ് മൂലധനം എഴുതുന്നതിന് മുന്‍പ് തന്നെ ഈ തത്വം വൈകുണ്ഠ സ്വാമികള്‍ നടപ്പാക്കി എന്ന് മനസ്സിലാവും. ശ്രീനാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ഗുരുനാഥനായിരുന്ന തൈക്കാട്ട് അയ്യാസ്വാമികള്‍ വൈകുണ്ഠ സ്വാമികളില്‍ നിന്ന് യോഗ പഠിച്ചിരുന്നു എന്നാണ് പറയുന്നത്. തൈക്കാട്ട് അയ്യാ സ്വാമികള്‍, സര്‍ക്കാര്‍ റെസിഡെന്‍സിന്റെ ചുമതലയില്‍പ്പെട്ട ആളായിരുന്നു. ശ്രീനാരായണഗുരുവും, ചട്ടമ്പിസ്വാമികളും നടത്തിയ പരിഷ്‌കരണങ്ങളെക്കുറിച്ച് പറയുമ്പോഴും അവരുടെയൊക്കെ പ്രചോദകനായി നില്‍ക്കുന്നത് ഈ വൈകുണ്ഠ സ്വാമികളാണ്.
നവോത്ഥാനത്തിലെ സംഘത്തിന്റെ സംഭാവനകള്‍ പറയുമ്പോള്‍ സംഘം സദാ പിന്തുടര്‍ന്നത് ഡോക്ടര്‍ ഹെഡ്‌ഗേവാറിനെയാണ്. സംഘം കൊണ്ടുവന്ന നവോത്ഥാനം പ്രാഥമികമായും ശാഖാ പ്രവര്‍ത്തനം വഴിയാണല്ലോ. സംഘത്തിന്റെ പിന്നിലെ ആശയം ഹിന്ദു സമൂഹം ഒന്നാണെന്ന ചിന്തയാണ്. ഹൈന്ദവ ധര്‍മ്മാചാര്യന്മാരെയെല്ലാം പൂര്‍ണമായും അംഗീകരിച്ചുകൊണ്ടാണ് സംഘം പ്രവര്‍ത്തിക്കുന്നത്. അവരെ എല്ലാവരേയും നമ്മള്‍ ആരാധിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ, നമ്മുടെ ഭാരതഭക്തി സ്‌തോത്രത്തില്‍ ഇവരുടെയെല്ലാം പേര് വന്നത്.
മദിരാശി പ്രാന്തമായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് നിന്ന് ക്രമാനുഗതമായി വളര്‍ന്ന് ഇപ്പോള്‍ കേരളത്തില്‍ സംഘം രണ്ട് പ്രാന്തമായി മാറിയിരിക്കുകയാണല്ലോ? അതേക്കുറിച്ച് എന്ത് തോന്നുന്നു?
♠ഏകനാഥ റാനഡേജി സംഘത്തിന്റെ സര്‍കാര്യവാഹ് ആയിരുന്ന സമയത്താണ് കേരളം പ്രത്യേക പ്രാന്തമായത്. അതുവരെ മദ്രാസ് പ്രാന്തം ആയിരുന്നു. മദ്രാസിന് തെക്ക് സ്ഥലമുണ്ടെന്ന് പോലും അന്ന് പലര്‍ക്കും അറിയുമായിരുന്നില്ല. മലബാര്‍ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നു. ആന്ധ്രയുടെ വിശാഖപട്ടണം മുതല്‍ മദ്രാസ് പ്രസിഡന്‍സി ആയിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനി അവരുടെ സൗകര്യത്തിനുവേണ്ടി ഉണ്ടാക്കിയതാണ് ഈ വിഭജനം. അപ്പോള്‍ അവിടെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളാണ് ഉള്ളത്. സംഘത്തിലും അന്ന് ഇതെല്ലാം കൂടി ഒരൊറ്റ പ്രാന്തമായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ആന്ധ്രയും കര്‍ണ്ണാടകയും വേറെയാക്കി. എന്നിട്ടും തമിഴ്‌നാടും കേരളവും ഒന്നിച്ച് പ്രവര്‍ത്തിച്ചു. ആ സമയത്ത് തമിഴ്‌നാട്ടില്‍ സംഘ പ്രവര്‍ത്തനം കുറവും, കേരളത്തില്‍ കൂടുതലും ആയിരുന്നു. ദ്രാവിഡ പ്രസ്ഥാനം, ഇ.വി.രാമസ്വാമി നായ്ക്കര്‍ എന്നിവരുടെയൊക്കെ പ്രചാരണത്തിന്റെ ഫലമായിട്ടായിരിക്കാം അത്. ദ്രാവിഡ പ്രസ്ഥാനത്തിന് ശക്തി വന്നതോടുകൂടി തുടക്കത്തില്‍ സംഘത്തില്‍ വന്ന കുറച്ചു പേര്‍ തിരിച്ചു പോയി. അവിടെ ബ്രാഹ്മണവിരോധം കൂടുതലായിരുന്നു. പൂണൂല്‍ ഇട്ടവരെ കണ്ടാല്‍ ഉടനെ തല്ലുക എന്ന പരിപാടി ഉണ്ടായിരുന്നു. അതിനെയൊക്കെ അതിജീവിച്ച് വേണമായിരുന്നു സംഘപ്രവര്‍ത്തനം വളരാന്‍. എച്ച്.രാജലു അവിടെ പ്രാന്തകാര്യവാഹായിരുന്നു. പക്ഷെ, അദ്ദേഹത്തിന്റെ മാതൃഭാഷ തെലുങ്ക് ആയിരുന്നു. നഞ്ചപ്പ ചെട്ടിയാര്‍ അവിടെ സംഘചാലകനായിരുന്നു. അഡ്വ. എ. ദക്ഷിണാമൂര്‍ത്തി എന്ന അണ്ണാജി പ്രാന്തകാര്യവാഹായിരുന്നു. ബ്രാഹ്മണരോടുള്ള അബ്രാഹ്മണരുടെ വിരോധം കൊണ്ടുകൂടിയാണ് അവിടെ സംഘത്തിന് വളരാന്‍ ബുദ്ധിമുട്ട് വന്നത്. ആദ്യ കാലങ്ങളില്‍ സംഘത്തിന് വളരെ പ്രചാരമുണ്ടായിരുന്നു. സേലത്തെ ശാഖ ആയിരുന്നു ഏറ്റവും വലിയ ശാഖ. ഏതോ ഒരു ഒടിസിയ്ക്ക് സേലത്ത് നിന്ന് 101 പേരാണ് പോയത്. അത്രയും പേര്‍ ഒന്നിച്ച് ഒടിസിക്ക് പോയ മറ്റൊരു ശാഖയും ഉണ്ടായിട്ടില്ല. മധുരയിലാണ് ആദ്യമായി ശാഖ തുടങ്ങിയത്. അതിനു ശേഷമാണ് ചെന്നൈയില്‍ ശാഖ തുടങ്ങിയത് എന്ന് കേട്ടിട്ടുണ്ട്. ഏതായാലും 1939 ല്‍ തന്നെ മധുരയിലും ചെന്നൈയിലും ശാഖകള്‍ ഉണ്ട്. 1938 ല്‍ മധുരയില്‍ ഹിന്ദു മഹാസഭയുടെ സമ്മേളനം നടന്നു. അന്നത്തെ മദ്രാസ് പ്രവിശ്യയിലെ ധാരാളം പേര്‍ അതില്‍ പങ്കെടുത്തിരുന്നു. ടി.എന്‍. മാര്‍ത്താണ്ഡവര്‍മ്മ, കണ്ണൂരുള്ള എ.സി.കെ. നായര്‍ എന്നിവരൊക്കെ ഈ സമ്മേളനത്തിന് പോയവരാണ്. ഹിന്ദുമഹാസഭയുടെ സമ്മേളനത്തിന് വന്ന ആരോ ആണ് സംഘത്തെ പരിചയപ്പെടുത്തിയത്. അന്ന് തന്നെ അണ്ണാജി സംഘപ്രവര്‍ത്തനത്തിന് താല്പര്യമെടുത്തു. 1939 ല്‍ ദാദാജി പരമാര്‍ത്ഥ് പ്രചാരകനായി വന്നു. ഡോക്ടര്‍ജിയുടെ അവസാനത്തെ പ്രസംഗം കേള്‍ക്കാന്‍ തമിഴ്‌നാട്ടില്‍ നിന്ന് രണ്ടുമൂന്നു പേര് ഉണ്ടായിരുന്നു. അതിലാണ് അദ്ദേഹം ഹിന്ദുരാഷ്ട്രത്തിന്റെ സംക്ഷിപ്ത രൂപം കാണുന്നു എന്ന് പറഞ്ഞത്. പിന്നീട് സംഘപ്രവര്‍ത്തനം വ്യാപിച്ച് ഒരു ഘട്ടം എത്തി. തമിഴ്‌നാട് എന്ന പ്രാന്തത്തിന്റെ ആസ്ഥാനം ചെന്നൈയിലായിരുന്നു. സംഘപ്രവര്‍ത്തനം കൂടുതല്‍ കേരളത്തിലുമാണ്. നാഗര്‍കോവില്‍, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ചങ്ങനാശ്ശേരി, എറണാകുളത്താണെങ്കില്‍, കൊച്ചി, മട്ടാഞ്ചേരി, ആലുവ, തൃശ്ശൂര്‍, മലബാറില്‍ തന്നെ നൂറോളം ശാഖകള്‍ ഉണ്ടായിരുന്നു. ശങ്കര്‍ ശാസ്ത്രിജി പ്രചാരകനായിരുന്നപ്പോള്‍ മലബാറില്‍ ധാരാളം ശാഖകള്‍ ഉണ്ടായിരുന്നു. പിന്നീട് കേരളമൊരു പ്രത്യേക സംസ്ഥാനമായി മാറിയ സമയത്ത് സംഘത്തിലും പൊതുവെ കേരളം പ്രത്യേകം ഒരു പ്രാന്തമാവുകയാണെങ്കില്‍ പ്രവര്‍ത്തനത്തിന് മെച്ചമായിരിക്കും എന്നൊരു ചിന്താഗതി വളര്‍ന്നുവന്നു. പ്രത്യക്ഷമായിട്ടും പരോക്ഷമായിട്ടും പലരും ഇക്കാര്യം അറിയിക്കാറുണ്ടായിരുന്നു. ഏകനാഥ്ജി സര്‍കാര്യവാഹായപ്പോള്‍ സംഘ പ്രവര്‍ത്തനത്തെ മുഴുവന്‍ പുനഃക്രമീകരിക്കാനുള്ള പദ്ധതി അദ്ദേഹം നടപ്പിലാക്കി. അതിനുവേണ്ടി ഇന്‍ഡോറില്‍ 1958 ലോ 59 ലോ ഒരു ബൈഠക്ക് വെച്ചു. അതില്‍ സംഘത്തിന്റെ പ്രവര്‍ത്തനം എങ്ങനെ വളര്‍ന്നു വരണം, എന്ന് ചര്‍ച്ചചെയ്തു. അതിന്റെ ഒരു പദ്ധതി അദ്ദേഹം അവിടെ അവതരിപ്പിച്ചു. ആ ബൈഠക്കിലേക്ക് വിഭാഗ് പ്രചാരകന്മാരാണ് പോയത്. അതിന്റെ തുടര്‍ച്ചയെന്നോണം ഏകനാഥ്ജി പങ്കെടുത്ത ഒരു ബൈഠക്ക് കൊച്ചിയില്‍ നടന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രചാരകന്മാര്‍ ഒരുമിച്ചിരുന്ന് അവരുടെ ആശയങ്ങള്‍ മൂന്ന് ദിവസം അവതരിപ്പിച്ചു. ആകെ നാല് ദിവസത്തെ ബൈഠക്ക് ആയിരുന്നു. സംഘത്തിന്റെ ആശയപരമായ അടിത്തറ, സംഘടനാപരമായ അടിത്തറ, സാമൂഹ്യമായ അടിത്തറ എന്നിവയെല്ലാം വളരെ വിശദമായി അവതരിപ്പിച്ചു. മറ്റു പ്രചാരകന്മാര്‍ക്ക് അഭിപ്രായങ്ങള്‍ പറയുവാനുള്ള അവസരവും കൊടുത്തു. കേരളത്തില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ആശയം അവതരിപ്പിക്കാന്‍ ആര്‍. ഹരിയേട്ടനെ ചുമതലപ്പെടുത്തി. ഹരിയേട്ടനും വളരെ വിശദമായി കാര്യങ്ങള്‍ പറഞ്ഞു. അവസാനം കേരളത്തിലെ പ്രവര്‍ത്തനത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞു. കേരളത്തില്‍ സംഘത്തിന് സാഹിത്യം ഇല്ല. ആകെ ഉള്ളത് ഗാനാഞ്ജലി. പിന്നെ ഒരെണ്ണം ഉള്ളത്, പരമേശ്വര്‍ജി നിയോഗി കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം എഴുതിയ പുസ്തകം. നിരോധന സമയത്ത് ആര്‍എസ്എസ് എന്ത്, എന്തിന് എന്ന തലക്കെട്ടില്‍ പി.വി.കെ. നെടുങ്ങാടി എഴുതിയ പുസ്തകം. ഇങ്ങനെ മൂന്ന് പുസ്തകങ്ങളെ ഉള്ളൂ. അത് പോരാ, കൂടുതല്‍ പുസ്തകങ്ങള്‍ വേണം. ബാക്കി എല്ലാവരും ഇതേ തരത്തില്‍ സംസാരിച്ചു. ഭാസ്‌കര്‍റാവുവും ഇതേ രീതിയില്‍ സംസാരിച്ചു. കേരളത്തില്‍ ജനസംഘത്തിന്റെ പ്രവര്‍ത്തനത്തിന് കൂടി പ്രാധാന്യം കൊടുക്കണം എന്ന് ഹരിയേട്ടന്‍ പറഞ്ഞു. രാഷ്ട്രീയ പ്രബുദ്ധതയുള്ള സംസ്ഥാനമാണ് കേരളം. സംഘ പ്രവര്‍ത്തനത്തിന് അത് കൂടി ഉപകാരപ്പെടുമെന്നുള്ളത് പറഞ്ഞു. ടി.എന്‍.ഭരതേട്ടനും അതില്‍ വന്നിരുന്നു. അദ്ദേഹവും ഇത് പറഞ്ഞു. ഒരു പ്രചാരകനെ ജനസംഘത്തിന്റെ പ്രവര്‍ത്തനത്തിന് നിയോഗിക്കണമെന്നുള്ള ആവശ്യവും അവിടെ ഉയര്‍ന്നുവന്നു. ഏകനാഥ്ജി അദ്ദേഹത്തിന്റെ സമാപന ഭാഷണത്തില്‍ ഇതെല്ലാം പരിഗണിക്കുമെന്നും, പ്രചാരകന്‍ വേണമെന്നുള്ളതെല്ലാം ന്യായമായ ആവശ്യമാണെന്നും അത് എങ്ങനെ വേണം, ആര് വേണം എന്നെല്ലാം ശ്രീഗുരുജിയോടു കൂടി ആലോചിച്ച് അറിയിക്കാമെന്നും പറഞ്ഞു.

പക്ഷെ, ഇതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമായിരുന്നു, ഇത് നടക്കാന്‍ പോകുന്നു. അങ്ങനെ കേരളം ഒരു പ്രത്യേക ഭാഗ് ആയി മാറി. ഭാസ്‌കര്‍റാവുവിനെ ഭാഗ് പ്രചാരകായി നിശ്ചയിച്ചു. മലബാറിലെ പ്രചാരകനായിരുന്ന ശങ്കര്‍ ശാസ്ത്രിജിയെ മധുരയിലേയ്ക്ക് മാറ്റി. മനസ്സുകൊണ്ട് എല്ലാവരും കേരളം ഒരു പ്രത്യേക സംസ്ഥാനമായി എന്ന് തീരുമാനിച്ചു കഴിഞ്ഞു. പരമേശ്വര്‍ജിയെ ജനസംഘത്തിലേയ്ക്ക് വിടും എന്നുറപ്പായി. മാധവ്ജിയെ വിടുമെന്നാണ് എല്ലാവരും കരുതിയത്. മാധവ്ജി ആണ് അന്ന് രാഷ്ട്രീയ കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടുകയും സംസാരിച്ചുകൊണ്ടിരുന്നതും വിശകലനം ചെയ്തിരുന്നതും. പരമേശ്വര്‍ജി രാഷ്ട്രീയ കാര്യങ്ങളില്‍ തീരെ താല്പര്യമില്ലാത്ത മനുഷ്യനായിരുന്നു. എല്ലാവര്‍ക്കും അതറിയാം. അതുകൊണ്ടു തന്നെയാണ് ജനസംഘത്തിലേയ്ക്ക് അദ്ദേഹത്തെ നിശ്ചയിച്ചത് എന്നും അറിഞ്ഞു. രാഷ്ട്രീയത്തിന് താല്‍പര്യമുള്ളവരെ അതിനു വിട്ടു കഴിഞ്ഞാല്‍ അവരുടെ താല്പര്യം കൂടി വരില്ലേ? അങ്ങനെ അടിയന്തരാവസ്ഥ വരെ പരമേശ്വര്‍ജി ജനസംഘത്തിന്റെ ചുമതല വഹിച്ചു.
സംഘം അവഗണനയുടെ കാലത്തു നിന്ന് അംഗീകാരത്തിന്റെ പടവുകള്‍ കയറുകയാണ്. ഈ രണ്ടുകാലവും നേരില്‍ കണ്ട വ്യക്തി എന്ന നിലയില്‍ താങ്കള്‍ക്ക് എന്തുതോന്നുന്നു?
♠ഏതു പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയില്‍ ചില ഘട്ടങ്ങള്‍ ഉണ്ടെന്ന് പരമപൂജനീയ ഗുരുജി ഒരിക്കല്‍ പറഞ്ഞിരുന്നു. ഒന്ന് അവഗണനയുടെ കാലം. അതിനെ കുറിച്ച് ആരും അറിയില്ല. അടുത്തത് ഓപ്പോസിഷന്‍ അഥവാ എതിര്‍പ്പ്, അടുത്തത് അംഗീകാരമാണ്. ആ ഘട്ടത്തിലേക്കാണ് ഇപ്പോള്‍ സംഘം എത്തിയിരിക്കുന്നത്. ഗുരുജി ഇത് പറഞ്ഞത് എല്ലാവരും സംഘത്തെ എതിര്‍ക്കുന്ന കാലത്തായിരുന്നു. സര്‍ക്കാര്‍, പത്രങ്ങള്‍, പൊതുജനം, രാഷ്ട്രീയക്കാര്‍ തുടങ്ങി എല്ലാവരും എതിരായിരുന്നു. അവഗണനയുടെയും എതിര്‍പ്പിന്റെയും കാലം കഴിഞ്ഞു. ഇന്ന് എതിര്‍പ്പിന്റെ മൂര്‍ച്ച കുറഞ്ഞിട്ടുണ്ട്. എന്നാലും വഴിപാട് പോലെ ചിലര്‍ ഇപ്പോഴും സംഘത്തെ എതിര്‍ക്കുന്നുണ്ട്. പക്ഷേ ആ എതിര്‍പ്പ് അവര്‍ക്കുപോലും ഒരു എതിര്‍പ്പായി തോന്നുന്നില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പരസ്യമായിട്ടല്ലെങ്കിലും പൊതുവെ ഇന്ന് എല്ലാവരും സംഘത്തെ സ്വീകരിക്കാന്‍ തയ്യാറാണ്. സംഘത്തിന്റെ സഹായം ആവശ്യമാണെന്ന ധാരണ എല്ലാവര്‍ക്കുമുണ്ട്. ഇതാണ് ഇന്നത്തെ അവസ്ഥ. ഭാരതത്തില്‍ മാത്രമല്ല വിദേശ രാജ്യങ്ങളില്‍ പോലും സംഘത്തെ അംഗീകരിക്കുന്ന കാലഘട്ടം എത്തി എന്നാണ് പറയാനുള്ളത്.
(അവസാനിച്ചു)