അസഹ്യം കുംഭച്ചൂട്!
ഉണങ്ങിവരളുന്നൂ
വസുന്ധര; യെങ്കിലും
തൊടിയില്‍ കണിക്കൊന്ന
സ്വര്‍ണ്ണത്താലവുമേന്തി
ഋതുലക്ഷ്മിയെപ്പോലെ
മധുരസ്‌മേരത്തോടെ
സലജ്ജം നില്‍ക്കുന്നല്ലോ.
എത്രമേല്‍ പണിത്തരം
തങ്കവള, മോതിരം
പൂത്താലി, പാദസരം
വിലയേറുമിക്കാലം
പേടിയാവില്ലേ, നിന-
ക്കൊറ്റയ്ക്കു, രാപ്പകലീ
വഴിവക്കിലിങ്ങനെ
രത്നഗര്‍ഭയായ് നില്‍ക്കാന്‍?
കല്ലും കരിക്കട്ടയും
കനകവും വെള്ളിയും
ഒന്നുപോല്‍ സമസ്വച്ഛം
നീ പഠിച്ചതാം പാഠം.
കാലം തെറ്റി നീ പൂത്തു
നില്‍പതുകാണ്‍കെ, വിഷു-
ക്കാലസ്മൃതികള്‍ നിര
നിരയായുണരുന്നൂ
സമൃദ്ധം (സമ്പന്നവും)
ഭൂതകാലം, ഭാവിയും
ഭവല്‍ക്കാലവും ശപ്തം
സംഘര്‍ഷസമന്വിതം.
*** ***
ഞാനുമവളും മാത്ര-
മീനാലുകെട്ടില്‍, മക്കള്‍
മറുഭൂഖണ്ഡങ്ങളില്‍
ജീവിതമുരുട്ടുന്നൂ.
‘കണിയൊരുക്കണോ ഞാ-
നിക്കുറി?’ അവള്‍ ചോദ്യം
ആവര്‍ത്തിക്കുന്നതു ഞാന്‍
കേള്‍ക്കാതെയിരിപ്പായി.
അവശയാണിന്നവള്‍
(നടക്കാന്‍ പാടില്ലാത്ത
കിടപ്പ്, കാലം തട്ടി-
യിട്ടില്ലേ ദയാഹീനം)
സഖി, ചേര്‍ന്നിരിക്കട്ടെ
ഞാനൊരിത്തിരി നേരം
നമുക്കു പരസ്പരം
കണികണ്ടുണര്‍ന്നീടാം.
വിശ്വമംഗളപ്രദം
വിഷു, ചൈത്രോത്സവം, ഹാ
ശുഭകാമനകള്‍ക്കോ വൈശാഖനീലാകാശം.
‘ആമസോണില്‍’നിന്നാവാ-
മീ മേടപ്പുലരിയില്‍
കണിയും പടക്കവും
മറ്റെല്ലാ വിഭവവും.
മക്കളയച്ചതാണീ
മെസ്സേജ്! വായിക്കട്ടെ:
‘ഗൂഗിള്‍പേയായ് കൈനീട്ടം
അച്ഛന്നയച്ചിട്ടുണ്ട്’.
ടി.വി.യില്‍ തെളിയുന്നു
പാടിപ്പാടിപ്പതിഞ്ഞ
പണ്ടത്തെ പാട്ടിന്‍ ചിത്ര
ദര്‍ശനം വിഷുക്കണി:
‘കണികാണുന്നേരം കമലനേത്രന്റെ…..’