ഉച്ചത്തിലാര്‍ക്കൊക്കെയോ വേണ്ടി നിത്യവും
നിര്‍ത്താതെ കൈവിരല്‍ ചൂണ്ടി ശബ്ദിച്ചവന്‍
വാക്കിനാലാഗ്‌നിബാണം തൊടുത്തോനൊരാള്‍
വാക്കിനാല്‍ സ്‌നേഹ മരുന്നായി നിന്നവന്‍..
എന്തേ ക്ഷണം മൗനവല്‍മീകമേറുവാന്‍
എന്തേ നിശബ്ദ നിസംഗനായ് തീരുവാന്‍..
ആദ്യന്തഹീന നിശബ്ദതയ്ക്കുള്ളിലേ-
യ്ക്കാത്മായനം നടത്തുന്നതാമോ
നീതി നിരാസമനീതികള്‍ വാഴുമീ
ലോകത്തെ മാറ്റിമറിക്കുവാനായ്..
കത്തും കെടാക്കനല്‍ കണ്ണിലും, വാക്കിലോ
വെള്ളിടി കാത്തു സൂക്ഷിച്ചിരുന്നോന്‍
എന്തേ നിശബ്ദ നിഷ്‌കര്‍മ്മിയായ് തീരുവാന്‍ –
എന്തിനേകാന്ത വഴികള്‍ തേടി..
തന്‍ നിഴല്‍ പോലെ നടന്നവരമ്പതു
കാശിനായ് ഒറ്റുവോരെന്നറിഞ്ഞോ..
കഷ്ടകാലത്തിന്റെ പേമാരിയൊക്കെയും
ഒന്നായ് നടന്നു നനഞ്ഞിരുന്നോര്‍ ..
ചോര ചാറിച്ചുവന്നോരു വഴികളില്‍
പേടി തീണ്ടാതെ നടന്നിരുന്നോര്‍
പട്ടിണിയില്‍ കണ്ണുനീരു ചാലിച്ചുണ്ടു
തൃപ്തരായ് പോയ സഖാക്കളെല്ലാം..
ഏതോ പഴങ്കഥ പാട്ടായിടുന്നനാള്‍
മൗനമേ നല്ലതെന്നോര്‍ത്തു പോയോ…
സിദ്ധാന്തമുപ്പിലിട്ടച്ചാറു പോലിന്ന്
തൊട്ടു നക്കുന്നവര്‍ വാണിടുമ്പോള്‍
വേര്‍പ്പിന്റെയുപ്പില്‍ നനഞ്ഞ വഴികളില്‍
വിണ്ടു വെടിച്ച പാദങ്ങളൂന്നി
ദണ്ഡിയാത്രയ്ക്കു നാം പോകേണ്ടതില്ലിനി
ഉപ്പു കുറുക്കേണ്ടതില്ല നമ്മള്‍..
ഇല്ല നടന്നുഴലേണ്ട ത്യാഗത്തിന്റെ
ഇന്നലെയെന്നോ മറന്നു പോയോര്‍…
ഇന്നലെയില്ല നാളേയ്ക്കു നേടേണ്ടവ
ഇന്നേ പകുത്തു ഭുജിച്ചിടുമ്പോള്‍ ..
മൗനമേ നന്നെന്നറിഞ്ഞു പിന്‍വാങ്ങുവോര്‍
മണ്‍മറഞ്ഞീടുമൊരിയ്ക്കലെന്നാല്‍
ദുഃഖവെള്ളിയ്ക്കും ശനിക്കുമങ്ങപ്പുറം
നേരിന്നുയിര്‍പ്പു ഞായര്‍ വരുമ്പോള്‍.
ക്രൂശിന്‍ വഴിയില്‍ നടന്ന മൗനം കൊടും-
കാറ്റായി നേരിന്‍ മുഴക്കമാകാം..
വേലിയിറക്കം കഴിഞ്ഞ പെരുങ്കടല്‍
മാതിരി മൗനം മുറിഞ്ഞിടുമ്പോള്‍
ആത്മബോധത്താല്‍ നനഞ്ഞ നിലങ്ങളില്‍
പൂത്തിടാം നേരിന്‍ സുഗന്ധകാലം.