പ്രചാരകനായിരിക്കുമ്പോള്‍ തന്നെയാണോ സംഘശിക്ഷാവര്‍ഗ്ഗുകള്‍ പൂര്‍ത്തിയാക്കിയത്?
♠തൊടുപുഴയില്‍ ഉള്ളപ്പോള്‍ തന്നെ ഞാന്‍ പ്രഥമവര്‍ഷ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. 1956 ലാണത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടകം, കേരളം എന്നീ നാല് സംസ്ഥാനങ്ങളിലെ സ്വയംസേവകര്‍ ഒരുമിച്ചായിരുന്നു അതില്‍ പങ്കെടുത്തിരുന്നത്. തമിഴ്‌നാടും കേരളവും അന്ന് ഒറ്റ പ്രൊവിന്‍സ് ആണ്. ആ ശിബിരത്തില്‍ ശ്രീഗുരുജി ഏഴു ദിവസം താമസിച്ചു. അദ്ദേഹത്തിന്റെ ഏതാണ്ട് അഞ്ചോ ആറോ ബൗദ്ധിക്കുകള്‍ അതില്‍ ഉണ്ടായിരുന്നു. പിന്നെ സംഘനിരോധനത്തെക്കുറിച്ചും, അതിനെതിരെ സ്വയംസേവകര്‍ നടത്തിയ ഐതിഹാസികമായ സമരത്തെക്കുറിച്ചും യാദവറാവു ജോഷിയുടെ മൂന്ന് ബൗദ്ധിക്കുകള്‍ ഉണ്ടായിരുന്നു. ആ മൂന്ന് ബൗദ്ധിക്കുകള്‍ എന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്ന തരത്തിലുള്ളതായിരുന്നു. തികച്ചും വികാരനിര്‍ഭരമായ പ്രഭാഷണമായിരുന്നു അത്. ശ്രീഗുരുജിയെ ശ്രീകൃഷ്ണനായും, നെഹ്‌റുവിനെ ദുര്യോധനനായുമൊക്കെ സങ്കല്പിച്ചുകൊണ്ടുള്ള വളരെ ഗംഭീരമായ പ്രസംഗം. അവിടെ ബാബാസാഹേബ് ആപ്‌തെജിയുടെയും ദീനദയാല്‍ജിയുടെയും പ്രഭാഷണങ്ങളും ഉണ്ടായിരുന്നു. വി. കൃഷ്ണശര്‍മ്മ പഴശ്ശിരാജാവിനെ കുറിച്ച് സംസ്‌കൃതത്തില്‍ സംസാരിച്ചു. സംസ്‌കൃതത്തില്‍ ഇങ്ങനെ ഒരു പ്രഭാഷണം ഞാന്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു. അതുമാത്രമല്ല, ശര്‍മ്മാജി സംസ്‌കൃതത്തില്‍ പറയുന്നത് നമുക്ക് മലയാളം പോലെ മനസ്സിലാകുമായിരുന്നു. അത് എല്ലാവര്‍ക്കും അത്ഭുതമായിരുന്നു, അവിടെ പരമേശ്വര്‍ജി ശിവാജിയെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

ദ്വിതീയവര്‍ഷ പരിശീലനം എവിടെയായിരുന്നു?
♠പല്ലാവരത്തായിരുന്നു. ട്രിച്ചി റോഡില്‍ ഏതാണ്ട് ഏഴെട്ട് കിലോമീറ്റര്‍ പോയാല്‍ അവിടെയെത്താം. ഒരു പഴയ മിലിറ്ററി സ്റ്റേഷനാണത്. മിലിട്ടറിക്കാരുടെ ബാരക്കുകളിലായിരുന്നു സ്വയംസേവകരുടെ താമസം. വിമാനത്തിന്റെയും ട്രെയിനിന്റെയും ശബ്ദം കൊണ്ട് ആകപ്പാടെ ബഹളം നിറഞ്ഞ ഒരു അന്തരീക്ഷമായിരുന്നു. അതിനുമുന്‍പ് നടന്ന ശിബിരത്തില്‍ മുന്നൂറിന് താഴെ സ്വയംസേവകരേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഈ ക്യാമ്പില്‍ അറുന്നൂറോളം സ്വയംസേവകരുണ്ടായി. ശ്രീഗുരുജിയുടെ സാന്നിധ്യമുണ്ടായിരുന്നു. അവിടെ ഏകനാഥ്ജിയുടെ വ്യവസ്ഥാ പ്രിയതാ എന്നൊരു ബൗദ്ധിക് ഉണ്ടായിരുന്നു. 1857-ലെ സ്വാതന്ത്ര്യസമരത്തിന്റെ നൂറാം വാര്‍ഷികമായിരുന്നതിനാല്‍ ബാല്‍ശാസ്ത്രി ഹര്‍ദാസ് ആ വിഷയത്തെക്കുറിച്ച് മൂന്ന് പ്രഭാഷണങ്ങള്‍ നടത്തുകയുണ്ടായി. ഏഷ്യന്‍ ഫ്‌ളൂ എന്നൊരു രോഗം പടര്‍ന്നു പിടിച്ചതു കാരണം ശിബിരത്തില്‍ പൊതുപരിപാടി നടന്നില്ല. അങ്ങനെ ഒരുദിവസം നേരത്തെ ശിബിരം അവസാനിപ്പിച്ചു. എല്ലാവര്‍ക്കും ഭക്ഷണം കൊടുത്തു വിട്ടു. ആരും വഴിയില്‍ നില്‍ക്കരുതെന്നും പുറത്തുനിന്ന് ഭക്ഷണം കഴിക്കരുതെന്നും നിര്‍ദ്ദേശം നല്‍കി. ആദ്യം കിട്ടുന്ന വാഹനത്തില്‍ കയറി നാട്ടിലേക്ക് പോകുവാനുള്ള അറിയിപ്പ് ലഭിച്ചതനുസരിച്ച് ഞങ്ങള്‍ ട്രെയിനില്‍ എറണാകുളത്തെത്തി. ഞാന്‍ നേരെ വീട്ടിലേക്കും വന്നു. ഒരാഴ്ച അവിടെ നിന്ന ശേഷം നേരെ തലശ്ശേരിയിലേയ്ക്ക് പോയി. ആ സമയത്ത് പരമേശ്വര്‍ജിയ്ക്കടക്കം എറണാകുളം കാര്യാലയത്തില്‍ കുറേപേര്‍ക്ക് പനി പിടിപെട്ടു. പരമേശ്വര്‍ജിയെ ആ സമയമാവുമ്പോഴേയ്ക്കും ജനസംഘത്തിലേയ്ക്ക് മാറ്റിയിരുന്നു. പക്ഷെ, അവിടെ ചുമതല ഏറ്റെടുത്തിരുന്നില്ല. ഫ്‌ളൂ പടരാന്‍ കാരണം ആര്‍എസ്എസുകാരാണ് എന്നെല്ലാം പറഞ്ഞുകൊണ്ട് അന്ന് മലയാള പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നത് ഓര്‍ക്കുന്നു.
തലശ്ശേരിയിലെ പ്രചാരക കാലത്തിന്റെ ഓര്‍മ്മകള്‍ എന്തൊക്കെയാണ്?
♠അക്കാലത്ത് മലബാറില്‍ വിദ്യാഭ്യാസ നിലവാരം കൂടുതലുള്ള പ്രദേശം തലശ്ശേരിയും ഒറ്റപ്പാലവുമായിരുന്നു. അന്ന് കോഴിക്കോടിനേക്കാള്‍ പ്രാധാന്യം തലശ്ശേരിക്കായിരുന്നു. കോഴിക്കോട് ജില്ലാ ആസ്ഥാനം എന്നു മാത്രമേ ഉള്ളൂ. ഹൈക്കോടതി ജഡ്ജിമാരും സുപ്രീംകോടതി ജഡ്ജിമാരും ഒക്കെ തലശ്ശേരിയില്‍ നിന്ന് ഉണ്ടായിരുന്നു. തലശ്ശേരിയിലെ ബ്രണ്ണന്‍ കോളേജായിരുന്നു ഒരുകാലത്ത് മലബാറിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം. തലശ്ശേരി ടൗണില്‍ തന്നെ ഒരു അരസ്‌ക്വയറിന്റെ ഉള്ളില്‍ അഞ്ചു സ്‌കൂളുകള്‍ ഉണ്ട്. അതോടൊപ്പം ഒരു ട്രെയിനിംഗ് സ്‌കൂളും. ഇത്രയധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ഒരു നഗരം വേറെയില്ല. സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും പെരുമയുള്ള പ്രദേശമാണ് തലശ്ശേരി. ബ്രിട്ടീഷുകാരുടെ ആദ്യത്തെ കേന്ദ്രം തലശ്ശേരിയിലായിരുന്നു. തലശ്ശേരിയിലെ കോട്ടയാണ് ബ്രിട്ടീഷുകാര്‍ പണിത ആദ്യത്തെ കോട്ട. അതിനുശേഷമാണ് അവര്‍ക്ക് ബോംബെ കിട്ടുന്നത്. അക്കാലത്ത് തലശ്ശേരിയിലാണ് ഹൈക്കോടതി. ബോംബയിലെ കേസുപോലും തലശ്ശേരിക്കോടതിയിലാണ് അപ്പീല്‍ വരേണ്ടത്. കളരിപ്പയറ്റിന്റെ ആസ്ഥാനവും തലശ്ശേരിയായിരുന്നു. കണ്ണൂര്‍ വിഭാഗ് സംഘചാലകനായിരുന്ന ചന്ദ്രേട്ടന്റെ കുടുംബത്തിനും ഒരു കളരി ഉണ്ടായിരുന്നു. അതുപോലെ സി.വി. നാരായണന്‍ നായരുടെ കളരിയുമുണ്ടായിരുന്നു. ഇത്തരത്തില്‍ വളരെ പാരമ്പര്യമുള്ള സ്ഥലമാണ് തലശ്ശേരി. അവിടെ ടിപ്പുസുല്‍ത്താന്‍ ആക്രമിച്ചു തകര്‍ത്ത വലിയൊരു ക്ഷേത്രമുണ്ട്. തിരുവങ്ങാട് ക്ഷേത്രം. അന്ന് തകര്‍ത്ത നാല് ഗോപുരങ്ങളുടെ തറ ഇന്നും അങ്ങനെ കിടക്കുകയാണ്. അവിടെ കിഴക്കേ ഗോപുരത്തിന്റെ കുറച്ചു മുന്നില്‍ ഒരു കുന്നുണ്ട്. അവിടെ നിന്ന് ടിപ്പു പീരങ്കി വെച്ചു തകര്‍ത്തതാണത്. അങ്ങനെ തകര്‍ത്ത കിഴക്കേ ഗോപുരം അതുപോലെ തന്നെ നില്‍ക്കുന്നു. ആ ക്ഷേത്രത്തിന്റെ ആദ്യത്തെ സ്വരൂപമല്ല ഇന്നുള്ളത്. വലിയൊരു ചിറ അവിടെയുണ്ട്. ആയിരത്തോളം പേര്‍ വന്നാലും കുളിക്കാനുള്ള കടവുകളുമുണ്ട്.
പ്രചാരകനായി ചെന്നപ്പോള്‍ ഞാന്‍ രാവിലെ അഞ്ചുമണിക്ക് ട്രെയിന്‍ ഇറങ്ങി. വി.പി. ജനേട്ടനും ചില സ്വയംസേവകരും സ്റ്റേഷനില്‍ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി. അഡ്വ. അടിയോടി വക്കീലിന്റെ വീട്ടില്‍ താമസമാക്കി. ഞാന്‍ അവിടെ ചെന്നതിന്റെ പിറ്റേ ദിവസമാണ് ബ്രണ്ണന്‍ കോളേജ് ധര്‍മ്മടത്തെ പുതിയ ക്യാമ്പസിലേയ്ക്ക് മാറിയത്. അവിടെ സ്വയംസേവകരെ കാണാന്‍ പോയി. ഇന്ന് സംഘത്തിന്റെ തലശ്ശേരി ഖണ്ഡ് സംഘചാലകനായ എം.കെ. ശ്രീകുമാരന്‍ മാസ്റ്റര്‍ അന്ന് അവിടെ വിദ്യാര്‍ത്ഥിയാണ്. ധര്‍മ്മടത്താണ് ആഗമാനന്ദ സ്വാമികളുടെ ആശ്രമം തുടങ്ങിയത്. ഇപ്പോഴും അവിടെ ആശ്രമം സ്‌കൂളും ബസ് സ്റ്റോപ്പുമുണ്ട്. ഞാന്‍ അവിടെ പ്രവര്‍ത്തിക്കുന്ന കാലത്ത് രാഷ്ട്രീയ സംഘര്‍ഷമൊന്നും ഉണ്ടായിരുന്നില്ല. ശാന്തമായ അന്തരീക്ഷമായിരുന്നു. അടിയോടി വക്കീലിന്റെ വീട്ടില്‍ താമസമാക്കിയതുകൊണ്ട് എനിക്കുനേരെ എതിര്‍പ്പുകള്‍ ഒന്നും ഉണ്ടായില്ല. ദൈവം പോലത്തെ മനുഷ്യന്‍ എന്നായിരുന്നു അവിടെയുള്ള ആളുകള്‍ അടിയോടി വക്കീലിനെ വിളിച്ചിരുന്നത്. അദ്ദേഹം എല്ലാ ദിവസവും ശാഖയില്‍ വരുമായിരുന്നു. വടകര കോടതിയിലായിരുന്നു അന്ന് പ്രാക്ടീസ് ചെയ്തിരുന്നത്. ജില്ല രൂപീകരിച്ച സമയത്ത് വടകരയിലെ കേസുകളെല്ലാം കോഴിക്കോട്ടേയ്ക്ക് മാറി. രാവിലെ പാസഞ്ചര്‍ ട്രെയിനില്‍ കോടതിയില്‍ പോയി വൈകീട്ട് ബസ്സില്‍ അദ്ദേഹം തിരിച്ചുവരും. അദ്ദേഹത്തിന്റെ മക്കള്‍ എല്ലാവരും സ്വയംസേവകരായിരുന്നെങ്കിലും അവരാരും പിന്നീട് കാര്യകര്‍ത്താക്കന്മാരായില്ല. അദ്ദേഹത്തിന്റെ മകന്‍ രാമകൃഷ്ണന്‍ ഏറ്റവും പ്രഗത്ഭനായ ഡോക്ടറായി. ഞാന്‍ തലശ്ശേരിയില്‍ നിന്ന് പോന്നതിനുശേഷമാണ് അദ്ദേഹം ഡോക്ടര്‍ ആയത്. ഒരു സഹോദരിയും ഉണ്ടായിരുന്നു. അവരും അന്ന് പഠിക്കുകയായിരുന്നു. രാമകൃഷ്ണന്‍ തിരുവന്തപുരത്തായിരുന്നു. പിന്നീട് കോഴിക്കോട്ടേയ്ക്ക് മാറി എന്ന് തോന്നുന്നു.
തലശ്ശേരിയിലുള്ളപ്പോഴാണോ തൃതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗ്ഗിനു പോയത്?
♠അതെ. 1959 ലായിരുന്നു എന്റെ തൃതീയ വര്‍ഷ ശിബിരം. കേരളത്തില്‍ നിന്ന് എം.എ. സാറും ഞാനും, പിന്നീട് പ്രാന്ത കാര്യാലയപ്രമുഖായ മോഹന്‍ജിയും, അങ്ങാടിപ്പുറത്തുനിന്നു സി.പി.ജനാര്‍ദ്ദനനും, തമിഴ്‌നാട്ടില്‍ നിന്ന് ബാലന്‍ എന്ന ആളും ഉണ്ടായിരുന്നു. നാഗ്പൂരില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ട വര്‍ഷമായിരുന്നു അത്. മേലുമുഴുവന്‍ തടിച്ചു പൊങ്ങി. ആ സമയത്ത് തൃശ്ശിനാപ്പള്ളിയില്‍ ഒടിസി ക്യാമ്പ് ഉണ്ടായിരുന്നു. എം.എ.സാറും മറ്റു ചിലരും അവിടെ ഒരാഴ്ച താമസിച്ചതിനുശേഷമാണ് നാഗ്പൂരില്‍ വന്നത്. തൃശ്ശിനാപ്പള്ളിയില്‍ നിന്ന് ചെന്നൈയിലേക്ക് വന്നു. ആ സമയത്ത് തന്നെ എം.എ. സാറിന് പനി വന്നു. അദ്ദേഹത്തിന്റേത് ശരിക്കും മെഡിക്കല്‍ ഒടിസി ആയിരുന്നു. ഏതാണ്ട് നാലോ അഞ്ചോ ദിവസങ്ങള്‍പ്പുറം അദ്ദേഹം ഒടിസിയില്‍ ഉണ്ടായിരുന്നില്ല. മുപ്പത് ദിവസമായിരുന്നു ക്യാമ്പ്. 17 ദിവസം ശ്രീഗുരുജിയുടെ ബൗദ്ധിക്ക് ഉണ്ടായി. അതിനുമുന്‍പൊക്കെ തൃതീയ വര്‍ഷ ശിബിരത്തില്‍ മുഴുവന്‍ ദിവസവും അദ്ദേഹം ഉണ്ടാകുമെന്നായിരുന്നു കേട്ടത്. ഈ ക്യാമ്പില്‍ പത്തു ദിവസം കഴിഞ്ഞാണ് അദ്ദേഹം വന്നത്. വന്ന അന്നുമുതല്‍ അവസാനത്തെ ദിവസം വരെ അദ്ദേഹത്തിന്റെ ബൗദ്ധിക്ക് ഉണ്ടായിരുന്നു. ഏതെല്ലാം വിഷയങ്ങളെ കുറിച്ച് എന്തെല്ലാം കാര്യങ്ങള്‍. ബാലാസാഹേബ് ദേവറസ്ജിയെ ഞാന്‍ ആദ്യമായി കണ്ടത് അവിടെ വെച്ചാണ്. ഭാവുറാവു ദേവറസ്ജിയെ തിരുവനന്തപുരത്തു വെച്ചു നേരത്തെ തന്നെ കണ്ടിട്ടുണ്ട്. ഒരിക്കല്‍ പ്രവാസ സമയത്ത് കോഴിക്കോട് നിന്ന് വടകര, തലശ്ശേരി, കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളില്‍ ഞാനാണ് അദ്ദേഹത്തെ അനുഗമിച്ചത്. ഭയ്യാജിയെ നേരിട്ട് പരിചയപ്പെടുന്നതും തൃതീയ വര്‍ഷത്തില്‍ വെച്ചാണ്. പിന്നെ, ഡോക്ടര്‍ജിയുടെ സുഹൃത്തുക്കളായ ധാരാളം മുതിര്‍ന്ന സ്വയംസേവകരുമായി പരിചയപ്പെടാന്‍ അവസരമുണ്ടായി.

ആ സമയത്ത് ഡോക്ടര്‍ജിയുടെ സ്മൃതി മന്ദിരം നിര്‍മ്മിച്ചിരുന്നില്ല. അവിടെയൊരു വള്ളിക്കുടിലായിരുന്നു. ചെടികളാല്‍ നിറഞ്ഞ സ്ഥലം. അതിന്റെ ഇടയിലൂടെ ഒരു വഴി. അതിലൂടെ പോയി നമുക്ക് പുഷ്പാര്‍ച്ചന നടത്താം. ആ സമയത്ത് തന്നെ വള്ളിക്കുടില്‍ മാറ്റി സ്മാരകം പണിയാനുള്ള തീരുമാനം എടുത്തിരുന്നു. അതിന്റെ ഒരു ചിത്രം അവിടെ ഉണ്ടാക്കി പ്രദര്‍ശിപ്പിച്ചിരുന്നു. സംഘസ്ഥാനായി ഉപയോഗിച്ചിരുന്ന സ്ഥലം ഏതോ ഒരു കോളേജിന്റെ പ്ലേ ഗ്രൗണ്ട് ആയിരുന്നു. സംഘസ്ഥാന് ആ സ്ഥലം പോരാ. വിണ്ടുകീറിക്കിടക്കുന്ന ഒരു സ്ഥലം. ആ നാട്ടുകാരുടെ മുഴുവന്‍ വെളിമ്പറമ്പാണത്. നമ്മള്‍ നാലേമുക്കാല്‍ മണിക്ക് ശാരീരിക് തുടങ്ങിയാല്‍ ഏഴേമുക്കാല്‍ വരെ അവിടെയാണ്. രാവിലത്തെ സംഘസ്ഥാന്‍ കഴിഞ്ഞാല്‍ അവിടെ തന്നെയാണ് നമുക്ക് ലഘുഭക്ഷണം തരുക. മുളപ്പിച്ച കടലയും ചായയും. അവിടെ ഒരു കാന്റീന്‍ ഉണ്ട്. ക്യാന്റീനില്‍ നിന്ന് ഭക്ഷണം വാങ്ങി കഴിക്കാം. എന്നാല്‍ ചായ കുടിക്കാന്‍ പണം ഉണ്ടായിരുന്നില്ല, എണ്ണിച്ചുട്ട അപ്പം പോലെയേ പൈസ ചിലവാക്കാവൂ എന്നുണ്ട്. അങ്ങനെ മുളപ്പിച്ച കടല കഴിച്ചു ദിവസങ്ങള്‍ പോയി. പിന്നെ, കഞ്ഞി ഉണ്ടാക്കിത്തന്നു. തൈര് തന്നു. അതില്‍ മസാലപോലെ എന്തോ ചേര്‍ക്കും. അതിന്റെ സ്വാദ് നമുക്ക് പിടിക്കില്ല. അങ്ങനെ വന്നപ്പോള്‍ വെറും തൈര് കിട്ടുവാനുള്ള വ്യവസ്ഥ ചെയ്തു തന്നു. കറിയൊന്നും നമുക്ക് ഇഷ്ടപ്പെടില്ല. അത് കഴിഞ്ഞ് അവിടെ തന്നെ കുളിക്കണം. വാട്ടര്‍ ടാങ്ക് ഉണ്ടാക്കിവെച്ചിട്ടുണ്ട്. അവിടുന്ന് ഏകദേശം അരകിലോമീറ്റര്‍ നടന്നു താമസിക്കുന്ന കോളേജ് ഹോസ്റ്റലില്‍ വരും. ചൂടുകാരണം പുറത്ത് വല കെട്ടി താമസിക്കും. രാവിലെ നാലേമുക്കാലിന് എഴുന്നേറ്റ് വീണ്ടും ഗ്രൗണ്ടില്‍ പോകും. ശരിക്കും കഷ്ടപ്പെട്ട് പരിശീലനം നേടുക എന്നതാണ് അതിന്റെ തത്വം എന്നാണ് എനിക്ക് തോന്നിയത്. ഇന്ന് സൗകര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് അറിവ്. അവിടെ എനിക്കും സിപിക്കും ചെരിപ്പില്ലായിരുന്നു, മോഹന്‍ജിയ്ക്ക് ചെരിപ്പുണ്ടായിരുന്നു. ചെരിപ്പില്ലാതെ നടക്കുന്നവര്‍ കേരളത്തില്‍ നിന്നുള്ളവരാണ് എന്നായിരുന്നു അവിടെയുള്ളവരുടെ ധാരണ. ചൂടുകാരണം എനിക്കും ഹോസ്പിറ്റലില്‍ കിടക്കേണ്ടി വന്നു. ദേഹം തടിച്ചു പൊങ്ങി. എല്ലാ ദിവസവും മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വന്നു ശ്രീഗുരുജി എല്ലാവരെയും കാണുമായിരുന്നു. ദേഹത്തെ പാട് കണ്ടപ്പോള്‍ അവിടുത്തെ ഡോക്ടര്‍മാരുമായി സംസാരിച്ചു. നാലുദിവസം അവിടെ കിടത്തി. എന്നിട്ട് ഒരു ഇഞ്ചക്ഷന്‍ തന്നു. നാല് ദിവസത്തെ ശാരീരിക്കും ബൗദ്ധിക്കും നഷ്ടപ്പെട്ടു. അന്നത്തെ വലിയ നഷ്ടം അതായിരുന്നു.
അപ്പോഴേക്കും കേരളം ഒരു പ്രത്യേക പ്രാന്തമായി മാറിയിരുന്നോ?
♠ഇല്ല. ഏകനാഥ്ജി സര്‍കാര്യവാഹ് ആയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ തീരുമാനമനുസരിച്ച് സംഘത്തിന്റെ സംഘടനാ രംഗത്ത് പുതിയൊരു ക്രമീകരണം കൊണ്ടുവന്നു. അതനുസരിച്ച് കേരളം തമിഴ്‌നാടിന്റെ ഭാഗമായിരിക്കെ തന്നെ ഒരു പ്രത്യേക സംഭാഗായി മാറി. ഭാസ്‌കര്‍റാവു സംഭാഗ് പ്രചാരകനായി. അതിനെ പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് വിഭാഗുകളാക്കി. മാധവ്ജി പാലക്കാട്ടും ഹരിയേട്ടന്‍ എറണാകുളത്തും ഭാസ്‌കര്‍ ഷേണായ് തിരുവനന്തപുരത്തും വിഭാഗ് പ്രചാരകന്മാരായി.

സംഘത്തിന്റെ ക്രമീകരണങ്ങള്‍ ഓരോ കാലത്തും മാറിവന്നു. ആ സമയത്ത് കാസറഗോഡ് ജില്ല രൂപീകരിച്ചിട്ടില്ല. തൃക്കരിപ്പൂരിന് വടക്കുള്ള പ്രദേശങ്ങള്‍ എല്ലാം കര്‍ണാടക ഭാഗത്തിന്റെ ഭാഗമായി തുടരുകയായിരുന്നു. പ്രത്യേക പരിപാടികള്‍ വരുമ്പോള്‍ മലയാളത്തില്‍ സംസാരിക്കാന്‍ ആളുകള്‍ വേണമെന്ന് പറയും. ആരെയെങ്കിലും അയക്കും. സാധാരണ ഹരിയേട്ടനാണ് അവിടെ പോവുക. ഹരിയേട്ടന്‍ പോയാല്‍ മലയാളത്തിലും അവിടെയുള്ള മറ്റു ആളുകളോട് കൊങ്കിണി ഭാഷയിലും സംസാരിക്കും. കന്നഡയും കുറേശ്ശേ കൈകാര്യം ചെയ്യും. അവിടെയുള്ള ഏകദേശം എല്ലാവര്‍ക്കും കൊങ്കിണി ഭാഷ അറിയാവുന്നതുകൊണ്ട് കാര്യങ്ങള്‍ നടന്നുപോകും. ഇംഗ്ലീഷും ഉപയോഗിക്കുമായിരുന്നു. അതായിരുന്നു സ്ഥിതി.

കണ്ണൂരിലെ മറ്റ് അനുഭവങ്ങള്‍ എന്തൊക്കെയാണ്?
♠അക്കാലത്ത് കണ്ണൂര്‍ ജില്ലയില്‍ പി.ആര്‍.കുറുപ്പിന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് ശക്തി വളര്‍ന്നു വന്നു. അതുപോലെ ഇ.കെ.നായനാരുടെ നേതൃത്വത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഉണ്ടായിരുന്നു. അവര്‍ തമ്മില്‍ പല സ്ഥലത്തും രൂക്ഷമായ സംഘര്‍ഷമുണ്ടായി. ഈ സംഘര്‍ഷം നടക്കുന്ന സമയത്ത് ആര്‍എസ്എസ് തുടങ്ങിയാല്‍ കൊള്ളാമെന്നുള്ള ചര്‍ച്ചകള്‍ പലരുടെയും ഇടയില്‍ വന്നു. ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന ചില വിദ്യാര്‍ത്ഥികളും, കണ്ണൂര്‍ പോളിടെക്‌നിക്കില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും എനിക്ക് ഇക്കാര്യം എഴുതാറുണ്ടായിരുന്നു. അങ്ങനെ അവിടെ പോകുവാനുള്ള അവസരം വന്നു. പാനൂര്‍, പത്തായക്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ സമ്പര്‍ക്കം തുടങ്ങി. പത്തായക്കുന്നില്‍ ശാഖ നടത്താനും അത് തുടര്‍ന്നു കൊണ്ടുപോകുവാനും സാധിച്ചു. പാനൂരില്‍ ശ്രീകുമാരന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ പറഞ്ഞയച്ചു. ചാലിയത്തെരുവില്‍ കുറച്ചു പേര് അനുഭാവികളായി ഉണ്ടായിരുന്നു. അവിടെ പത്തു പതിനഞ്ചു മിനിറ്റ് സംഘത്തെക്കുറിച്ചു സംസാരിക്കുകയും എന്താണ് പ്രവര്‍ത്തനം എന്നെല്ലാം പ്രതിപാദിക്കുകയും ചെയ്തു. ഒരിക്കല്‍ അവിടുന്ന് തിരിച്ചു വരുമ്പോള്‍ പി.ആര്‍. കുറുപ്പും സംഘവും വന്ന് അവരെ തടഞ്ഞു. ‘ആര്‍എസ്എസ് എന്നൊന്നും പറഞ്ഞ് ഇവിടേയ്ക്ക് വരരുത്, വന്നാല്‍ ഇങ്ങനെയൊന്നും ആയിരിക്കില്ല’ എന്ന് പറഞ്ഞു. ശ്രീകുമാരന്‍ മാഷുടെ ചേട്ടന്‍ അവിടെ അടുത്തുള്ള ഒരു സ്‌കൂളില്‍ അധ്യാപകനായിരുന്നു. ശ്രീകുമാരന്‍ മാഷ് സാഹിത്യകാരന്‍ സഞ്ജയന്റെ കുടുംബത്തിലെ അംഗമാണല്ലോ, അതെല്ലാം കൊണ്ടാണ് മാഷിനെ ഒന്നും ചെയ്യാതെ വിട്ടത്. അവിടെ നേരത്തെ തന്നെ നാലഞ്ചുപേര്‍ കേസരി വരുത്തുന്നുണ്ടായിരുന്നു. അവരെല്ലാം ഭയം കാരണം കേസരി നിര്‍ത്തി. പോസ്റ്റുമാന്‍ അത് കൊണ്ടുപോയി കൊടുക്കുവാന്‍ പോലും തയ്യാറായില്ല. പക്ഷെ, പത്തായക്കുന്നില്‍ ശാഖ തുടര്‍ന്ന് നടന്നു. പിന്നീട് അവിടുന്ന് പ്രചാരകന്മാരും ഉണ്ടായി.
അക്കാലത്ത് സോഷ്യലിസ്റ്റുകളുമായി ഒരു സംവാദം ഉണ്ടായി. ആ സംവാദത്തില്‍ കുറച്ചുപേര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉണ്ട് എന്ന് പറഞ്ഞു. വള്ള്യായി എന്ന സ്ഥലത്താണ് ശാഖ. അവിടുന്ന് നടന്നു വരുമ്പോഴാണ് പിടിച്ചു നിര്‍ത്തിയത്. ഞങ്ങള്‍ക്ക് പല കാര്യങ്ങളും ചോദിക്കാനും അറിയാനുമുണ്ട് എന്ന് അവര്‍ പറഞ്ഞു. അടുത്ത ഞായറാഴ്ച ആവാം എന്ന് ഞാന്‍ പറഞ്ഞു. അവര്‍ സമ്മതിച്ചു. മാധവ്ജി അന്ന് അവിടെയുണ്ട്. മാധവ്ജിയും കൂടെ വരാമെന്നേറ്റു. പി.ആര്‍.കുറുപ്പിന്റെ ആളുകള്‍ ആയതുകൊണ്ട് തല്ലു കിട്ടുമോ എന്ന തോന്നലുണ്ട്. അപ്പോള്‍ മാധവ്ജി പറഞ്ഞു, ഏതായാലും നമുക്ക് ട്രൗസര്‍ ഇട്ടു തന്നെ പോകാം. അങ്ങനെ പോയി. ഖാദര്‍ എന്ന ഒരാള്‍ അവിടുത്തെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്നു. അവരുടെ ഓഫീസില്‍ തന്നെ ആവാം പരിപാടി എന്ന് പറഞ്ഞു. അവിടെ വാഗ്ഭടാനന്ദ ഗുരു വായനശാലയുണ്ട്. അവിടെ ഇരുന്ന് സംസാരിക്കാം എന്നാണ് ആദ്യം വിചാരിച്ചത്. അതുവേണ്ട, ഓഫീസില്‍ സൗകര്യമുണ്ട് എന്നെല്ലാം അവര്‍ പറഞ്ഞു. ഏതായാലും ശാഖയില്‍ പോയ ശേഷം വരാം എന്ന് ഞങ്ങള്‍ പറഞ്ഞു. അങ്ങനെ ശാഖയില്‍ പോയി തിരിച്ചു വരുമ്പോള്‍ അവരുടെ ഓഫീസില്‍ കയറി. സോഷ്യലിസ്റ്റ് നേതാവ് ഒരു കുഞ്ഞിരാമന്‍ ഉണ്ടായിരുന്നു. അയാള്‍ക്ക് മദ്രാസില്‍ ചായക്കടയാണ്. ഞങ്ങളോട് സംസാരിക്കാന്‍ അയാളെ അവര്‍ എഴുത്തയച്ച് വരുത്തി. രണ്ടു രണ്ടര മണിക്കൂറുകളോളം ചോദ്യങ്ങള്‍ ചോദിച്ചു. മാധവ്ജി മറുപടി പറഞ്ഞു. രണ്ടര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പറഞ്ഞു, നിങ്ങള്‍ സമര്‍ത്ഥനാണ്. ഞങ്ങളെ ഉത്തരം മുട്ടിച്ചു. കൂടുതല്‍ സംസാരം മറ്റൊരു അവസരത്തിലാവാം എന്നു പറഞ്ഞ് പിരിഞ്ഞു. പിന്നീട് കുഞ്ഞിരാമന്റെ വീട്ടില്‍ കൊണ്ടുപോയി ചായ തന്നു. പിന്നീട് ഒരിക്കല്‍ ചെന്നൈയില്‍ ഒരു ബൈഠക്കില്‍ പോയപ്പോള്‍ സൈദാര്‍ പേട്ടയിലോ മറ്റോ ഒരു ശാഖയില്‍ പോവുകയുണ്ടായി. ശാഖയില്‍ പോകുന്നതിനു മുന്‍പ് ഒരു ചായ കുടിക്കാം എന്നു പറഞ്ഞു കടയില്‍ കയറിയപ്പോള്‍ അവിടെ ഇരിക്കുന്നു ഈ കുഞ്ഞിരാമന്‍. അയാളുടെ അമ്മാവന്റെ കടയാണെന്നു തോന്നുന്നു. സ്ഥിരം അവിടെയുണ്ടാകും. ഓര്‍മ്മ പുതുക്കി പരിചയപ്പെട്ടു. നമ്മളുമായിട്ടുള്ള സംഭാഷണം കഴിഞ്ഞ് മദ്രാസില്‍ പോയി കഴിഞ്ഞപ്പോള്‍ ശാഖ കഴിഞ്ഞു വരുന്നവര്‍ ഇയാളുടെ കടയില്‍ ചായ കുടിക്കാന്‍ കയറാന്‍ തുടങ്ങി. അവരുമായി സംസാരിക്കുകയും മറ്റും ചെയ്ത് അയാള്‍ക്ക് സംഘത്തോടുള്ള വെറുപ്പില്ലാതായി. ഞങ്ങളെ വിളിച്ചു ചായ തരുകയും, പൈസ വാങ്ങിക്കാതിരിക്കുകയും ഒക്കെ ചെയ്തു.
പിന്നീട് ഇത്തരം സംവാദം നടന്നിരുന്നോ?
♠അതുപോലെ മറ്റൊരു സംഭവം കൂടിയുണ്ട്. അത്, തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ആണ്. ബ്രണ്ണന്‍ കോളേജില്‍ ചില ഇടവേളകള്‍ കിട്ടുന്ന സമയത്ത് സ്വയംസേവകരുടെ ബൈഠക്ക് നടത്തണം എന്നു തീരുമാനിച്ചു. ധര്‍മ്മടത്ത് കാര്യാലയമായി ഉപയോഗിച്ചിരുന്ന സ്ഥലമുണ്ട്. ചിന്നേട്ടന്‍ എന്ന സ്വയംസേവകന്റെ മുറിയായിരുന്നു അത്. ഒരിക്കല്‍ അവിടെ ഇരിക്കുമ്പോള്‍ അവിടുത്തെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് സംഘവുമായി സംവാദം വേണമെന്ന് പറയുകയുണ്ടായി. ശ്രീകുമാരന്‍ മാഷ്, മാധവന്‍ എന്നിവര്‍ ഉണ്ടായിരുന്നു. ഇവര്‍ ആളുകളെ സംഘടിപ്പിച്ചു. അവരുടെ ഭാഗത്ത് നിന്നു വന്നത് പാട്യം ഗോപാലന്‍ ആണ്. പാട്യം ഗോപാലന്‍ അന്ന് പഠിപ്പു കഴിഞ്ഞിട്ടില്ല. മാധവ്ജിയുമായി സംസാരിച്ചു. വിഷയം ഇവിടുന്നെല്ലാം മാറി ചെക്കോസ്ലാവാക്യയിലേയ്ക്കും മോസ്‌കോയിലേയ്ക്കും ഒക്കെ പോയി. അവസാനം ഇനി ഒരു ചര്‍ച്ച വെച്ച് തയ്യാറായി വരാം എന്ന് പറഞ്ഞു. പിന്നീട് ഒരിക്കലും അവര്‍ നമ്മളോട് സംവാദത്തിന് വന്നിട്ടില്ല. ഊരിപ്പിടിച്ച വാളിനിടയിലൂടെ നടന്നു എന്നു പറയുന്ന പിണറായി വിജയന്‍ ഒന്നും അന്ന് അവിടെ ചേര്‍ന്നിട്ടില്ല. പാട്യം ഗോപാലന്‍ അന്ന് അവിടെ പഠിച്ചിരുന്നു.
പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം അടിയന്തരാവസ്ഥ സമയത്ത് പാട്യം ഗോപാലനെ വീണ്ടും കാണാന്‍ എനിക്ക് അവസരമുണ്ടായി. അന്ന് അദ്ദേഹം പാര്‍ലമെന്റ് മെമ്പറാണ്. താമസിച്ചിരുന്നത് പാട്യത്താണ്. കെ.കുഞ്ഞിക്കണ്ണന്‍ അന്ന് ജനസംഘം പ്രവര്‍ത്തകനാണ്. പാട്യത്തുള്ള ഒരാള്‍ക്ക് ആര്‍എസ്എസുകാരെ കാണണമെന്ന് താല്പര്യമുണ്ടെന്ന് കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. അങ്ങനെ അവിടേയ്ക്ക് ഞങ്ങള്‍ രണ്ടുപേരും കൂടി പോയി. സുബ്രഹ്മണ്യന്‍ സ്വാമി പാര്‍ലമെന്റില്‍ സാഹസികമായി വന്ന കാര്യമെല്ലാം അദ്ദേഹം സൂചിപ്പിച്ചു. ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റുന്നില്ല എല്ലാം നിങ്ങളാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സൗഹാര്‍ദ്ദപരമായിരുന്നു സംസാരം. ഈ അടുത്ത കാലത്ത് അദ്ദേഹത്തിന്റെ മകന്‍ എന്‍.പി. ഉല്ലേഖ് കണ്ണൂര്‍ രാഷ്ട്രീയത്തെക്കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട്. എന്റെ മകന്‍ അനു ദല്‍ഹിയില്‍ അമൃത ടിവിയുടെ ലേഖകനായി ഇരിക്കുമ്പോള്‍ ഇദ്ദേഹവുമായി നല്ല പരിചയമായിരുന്നു. ആ ഗ്രന്ഥരചനയുമായി ബന്ധപ്പെട്ട് എന്റെ കണ്ണൂരുമായുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞ് അദ്ദേഹം കാണാന്‍ വന്നു. ഒരുപാട് സമയം സംസാരിച്ചു. അദ്ദേഹം കുമ്മനത്തേയും ഹരിയേട്ടനെയും ജെ. നന്ദകുമാറിനെയുമെല്ലാം ഇതുപോലെ കണ്ടിട്ടുണ്ട്. അയാളുടെ പുസ്തകത്തില്‍ നമ്മുടെ അഭിപ്രായത്തെക്കുറിച്ചെല്ലാം പറഞ്ഞിട്ടുണ്ട്. അവതാരിക പിണറായി വിജയനാണ് എഴുതിയിട്ടുള്ളത്. ആ പുസ്തകം മലയാളത്തിലും ഇറങ്ങിയിട്ടുണ്ട്.
(തുടരും)