സംസ്ഥാന സര്‍ക്കാരിലും പാര്‍ട്ടിയിലും ഒരു ഏകാധിപതി മാത്രം മതി എന്ന ആഹ്വാനത്തോടെ സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ചു. പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ലെന്ന പ്രസ്താവന വന്നെങ്കിലും അച്യുതാനന്ദന്‍ ഗ്രൂപ്പുമായി പുലബന്ധമുള്ള മുഴുവന്‍ പേരെയും വെട്ടിനിരത്തി എന്നുമാത്രമല്ല, മരുമകനെതിരെ ശബ്ദമുയര്‍ത്തിയവരെ നേതൃത്വത്തിലേക്ക് അടുപ്പിക്കാതെ ഒഴിവാക്കുകയും ചെയ്തു. ഇതോടെ സര്‍ക്കാരിലും പാര്‍ട്ടിയിലും പിണറായി എന്താണ് ഉദ്ദേശിക്കുന്നത് എന്ന് കാസര്‍ഗോഡ് മുതല്‍ പാറശാല വരെയുള്ളവര്‍ക്ക് മനസ്സിലാക്കി കൊടുക്കാനും കഴിഞ്ഞു. പിണറായിക്ക് താല്പര്യമുള്ളവരെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്താന്‍ ഉപയോഗിച്ച അതേ മാനദണ്ഡങ്ങള്‍ താല്പര്യമില്ലാത്തവരെ വെട്ടിനിരത്താനും ഉപയോഗിച്ചു എന്നത് ശ്രദ്ധേയമാണ്.
1980 കള്‍ മുതല്‍ സിപിഎം എന്ന പ്രസ്ഥാനത്തെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ എല്ലാ അടവുകളും പയറ്റിയ ഒരു വന്‍ നേതൃനിര പിണറായി വിജയന്റെ കണ്ണില്‍ കരടായി മാറിയതോടെ ഒഴിവാക്കപ്പെട്ടു എന്നത് ശ്രദ്ധേയം. പിണറായി വിജയന്റെ താല്‍പര്യങ്ങള്‍ക്കും ഇംഗിതങ്ങള്‍ക്കും അനുസരിച്ച് അഹോരാത്രം പണിയെടുത്ത എ.കെ.ബാലനും പി.കെ. ശ്രീമതിയും ഒഴിവായത് തമാശയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകരും രാഷ്ട്രീയ വിദ്യാര്‍ത്ഥികളും കണ്ടത്. തീവ്രത പരിശോധിക്കുവാനും പിണറായിയുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് തീവ്രതയുടെ നിലവാരം താഴ്ത്താനും ഉയര്‍ത്താനും പണിപ്പെട്ടിട്ടും അവര്‍ക്ക് ഇളവ് കൊടുക്കാന്‍ തയ്യാറായില്ല. അതുകൊണ്ടുതന്നെ സംസ്ഥാന സെക്രട്ടറിയേറ്റില്‍നിന്ന് ഇരുവരും ഒഴിവായി. പിണറായി വിജയന് കാരണഭൂതന്‍ എന്ന പേര് സമ്മാനിച്ച് മണിയടിക്ക് രാഷ്ട്രീയത്തിലും ഉദാത്ത മാതൃക സൃഷ്ടിച്ച ആനാവൂര്‍ നാഗപ്പനും സെക്രട്ടറിയേറ്റില്‍ നിന്ന് പുറത്തുപോയി. പുറത്തുപോയവര്‍ക്ക് പകരം പുതിയതായി ആളെ എടുത്തപ്പോഴാണ് പിണറായി തന്റെ കണക്കുകള്‍ തീര്‍ത്തത്. വനിതാ പ്രാതിനിധ്യം കാരണം ഒഴിവാക്കാന്‍ കഴിയാത്തതുകൊണ്ട് കെ.കെ. ശൈലജ പുതിയതായി സെക്രട്ടറിയേറ്റില്‍ എത്തി. കണ്ണൂരിലാണ് പിണറായി ഏറ്റവും മികച്ച കളി നടത്തിയത്. പി.ജയരാജന്‍ സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കപ്പെട്ടില്ല. ജയരാജന് ശേഷം സംസ്ഥാന സമിതിയില്‍ എത്തിയ ചിലര്‍ പരിഗണിക്കപ്പെട്ടു. ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനും പുതുതായി സെക്രട്ടറിയേറ്റില്‍ എത്തി. സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന പി.ജയരാജന്‍ യാതൊരു കാരണവും പറയാതെ ഒഴിവാക്കപ്പെട്ടു.
തിരുവനന്തപുരം ജില്ലയില്‍ നിന്നാകട്ടെ ആനാവൂര്‍ അടക്കം സെക്രട്ടറിയേറ്റില്‍നിന്ന് പോയിട്ടും പകരക്കാരായി ആരെയും പരിഗണിച്ചില്ല. 1980 കളില്‍ തന്നെ സംസ്ഥാന സമിതിയില്‍ എത്തിയ ഏറ്റവും മുതിര്‍ന്ന അംഗമായ എം. വിജയകുമാറും മുന്‍മന്ത്രിയും മുന്‍ ജില്ലാ സെക്രട്ടറിയുമായ കടകംപള്ളി സുരേന്ദ്രനും പരിഗണിക്കപ്പെട്ടില്ല. മരുമകന്‍ മന്ത്രിക്കെതിരെ പൊതുവേദിയിലും പാര്‍ട്ടിയിലും പലതവണ അതിശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയ കടകംപള്ളി സുരേന്ദ്രനെ പരിഗണിക്കാതിരുന്നതിലൂടെ മരുമകനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ സര്‍ക്കാരില്‍ മാത്രമല്ല, പാര്‍ട്ടി സംവിധാനത്തിലും ഉണ്ടാവില്ല എന്ന മുന്നറിയിപ്പ് സംസ്ഥാനത്തുടനീളം കൊടുക്കാന്‍ ഈ ഒറ്റത്തീരുമാനത്തിലൂടെ കഴിഞ്ഞു. കരുനാഗപ്പള്ളി ഏരിയ സമ്മേളനത്തിലെ പൂട്ടിയിടല്‍ നാടകം അടക്കമുള്ള പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ സൂസന്‍ കോടിയെ സംസ്ഥാന സമിതിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. വിഭാഗീയതയുടെ പേരില്‍ തന്നെയാണ് ഒഴിവാക്കല്‍ എന്നുപറഞ്ഞ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മൂന്ന് പതിറ്റാണ്ടിന് മുമ്പ് ആരംഭിച്ച വിഭാഗീയ പ്രശ്‌നങ്ങള്‍ പൂര്‍ണമായും അവസാനിച്ചുവെന്ന് മാധ്യമപ്രവര്‍ത്തകരോട് പറയുകയും ചെയ്തു. സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണത്തിനുശേഷം മിനിറ്റുകള്‍ക്കകം തന്നെ സംസ്ഥാന സമിതി തിരഞ്ഞെടുപ്പിനെതിരെ പുതിയ വിഭാഗീയ നീക്കവുമായി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പത്തനംതിട്ടയില്‍ നിന്നുള്ള നേതാവുമായ എ.പത്മകുമാര്‍ രംഗത്തെത്തി. ആരോഗ്യമന്ത്രിയും വെറും ഒന്‍പതുവര്‍ഷത്തെ മാത്രം പാര്‍ട്ടി പരിചയവുമുള്ള വീണാ ജോര്‍ജിനെ സംസ്ഥാനസമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കി. ഇതില്‍ പ്രതിഷേധിച്ചാണ് പത്മകുമാര്‍ പരസ്യമായി രംഗത്തെത്തിയത്. സീനിയോറിറ്റിയും പാര്‍ട്ടി പരിചയവും കണക്കാക്കാതെ മറ്റു പരിചയങ്ങളുടെ അടിസ്ഥാനത്തില്‍ വീണ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ല എന്ന് പിന്നീട് ഫേയ്സ്ബുക്ക് പോസ്റ്റിലും മാധ്യമപ്രവര്‍ത്തകരോടും ഒക്കെ പത്മകുമാര്‍ ആവര്‍ത്തിച്ചു.
ഭിന്നത മറനീക്കി പുറത്തുവന്നതോടെ അനുനയശ്രമവുമായി ജില്ലാ സെക്രട്ടറി രാജു എബ്രഹാം തന്നെ നേരിട്ടെത്തി. ഇതിനിടെ തന്നെ ബിജെപിയിലേക്ക് ക്ഷണിക്കുന്നു എന്ന് വരുത്താനും വിപണി മൂല്യം ഉറപ്പിക്കാനും പത്മകുമാര്‍ ശ്രമം നടത്തിയെങ്കിലും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആ ശ്രമം മുളയിലേ നുള്ളി. എസ്ഡിപിഐയില്‍ പോയാലും ബിജെപിയിലേക്ക് ഇല്ല എന്നായിരുന്നു പത്മകുമാറിന്റെ പ്രസ്താവന. പത്മകുമാറിന് പറ്റിയ പാര്‍ട്ടി എസ്ഡിപിഐ തന്നെയാണെന്നും അതില്‍ ചേര്‍ന്നാല്‍ മതിയെന്നും കെ. സുരേന്ദ്രന്‍ തിരിച്ചടിച്ചു. പത്മകുമാറിനെതിരെ നടപടി വേണം എന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടുകഴിഞ്ഞു. രാഷ്ട്രീയ മാന്യത പുലര്‍ത്താത്ത ഒരു ഇടനില കരാറുകാരന്റെ മാത്രം നിലവാരം കാത്തുസൂക്ഷിക്കുന്ന പത്മകുമാറിനെ ഉള്‍ക്കൊള്ളാന്‍ ബിജെപിക്ക് കഴിയില്ല എന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയതോടെ പത്മകുമാറിന്റെ വിപണി മൂല്യം ഇടിഞ്ഞു. സംസ്ഥാന സമിതിയില്‍ ഇല്ല എന്ന് വന്നതോടെ സാമൂഹിക മാധ്യമത്തിലെ കുറിപ്പില്‍ പത്മകുമാര്‍ പറഞ്ഞത് ‘ചതിവ്……. വഞ്ചന …….അവഹേളനം ….. 52 വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ബാക്കിപത്രം ലാല്‍സലാം’ എന്നാണ്. സംസ്ഥാന കമ്മറ്റിയെ തിരഞ്ഞെടുക്കുമ്പോള്‍ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ പരിഗണിക്കണമായിരുന്നു എന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് തിരുത്തല്‍ വരുത്തേണ്ടി വരുമെന്നും പിന്നീട് മാധ്യമങ്ങളെ പ്രതികരിക്കുകയും ചെയ്തു. പാര്‍ട്ടി നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഫേസ്ബുക്ക് പോസ്റ്റ് പിന്നീട് അദ്ദേഹം ഒഴിവാക്കിയത്.
പി.ജയരാജനെ സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കാത്തതിനെതിരെ മകനാണ് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ടത്. ഈയൊരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്ന് സാമൂഹ്യമാധ്യമ പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി. പി.ജെ.ആര്‍മിയുടെ യും സ്തുതിപാഠകരുടെയും വാഴ്ത്തുപാട്ടുകാരുടെയും രാജകീയ സംഘങ്ങളെ കൊണ്ട് ഉന്മാദനൃത്തം ചെയ്യിക്കുന്ന പി.ജയരാജനെ ഒഴിവാക്കിയതിലൂടെ പിണറായി വിജയന്‍ കണ്ണൂരിലും പാര്‍ട്ടി സംവിധാനം തന്റെ കൈകളില്‍ ഭദ്രമാണെന്നും മറ്റൊരു എതിരാളിയും ഇനി ഉയരാന്‍ ഇടവരില്ലെന്നും കൂടി ഉറപ്പാക്കി. എല്ലാകാലത്തും പിണറായിക്കൊപ്പം ഉറച്ചുനിന്ന എം.വി. ജയരാജനെ സെക്രട്ടറിയേറ്റിലേക്ക് കൊണ്ടുവന്നത് കൂറിനും വിശ്വസ്തതക്കും ഉള്ള പ്രതിഫലം ആണെന്ന് മുഴുവന്‍ പാര്‍ട്ടി അണികളെയും ബോധ്യപ്പെടുത്തി. മാത്രമല്ല, പി.ജയരാജന് പാര്‍ട്ടി സെക്രട്ടറിയേറ്റിലേക്ക് വരാനോ നേതൃനിരയിലേക്ക് ഉയരാനോ ഇനി അവസരം ഇല്ലാത്ത രീതിയില്‍ വഴിയടയ്ക്കുകയും ചെയ്തു. ഇപ്പോള്‍ 73 വയസ്സുള്ള പി.ജയരാജന് അടുത്ത സംസ്ഥാന സമ്മേളനം ആകുമ്പോഴേക്കും പ്രായപരിധി ആവുകയും ചെയ്യും. വനിതാപ്രാതിനിധ്യത്തിന്റെ കാര്യത്തിലും വിഭാഗീയത മറനീക്കി പുറത്തുവന്നു. വര്‍ഷങ്ങളായി സംസ്ഥാനസമിതിയിലും സിഐടിയു അഖിലേന്ത്യാ നേതൃത്വത്തിലും പ്രവര്‍ത്തിക്കുന്ന മേഴ്‌സിക്കുട്ടിയമ്മയെ സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കുമെന്ന് കേട്ടിരുന്നെങ്കിലും അതുണ്ടായില്ല. പാര്‍ട്ടി നിലപാടിനും വനിതാ പങ്കാളിത്തത്തിലുണ്ടായ വീഴ്ചയിലും അവര്‍ പരസ്യമായി തന്നെ പ്രതികരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് കൂടിയായ എന്‍.സുകന്യയും സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റുമായി രംഗത്ത് വന്നു. ഇതിനിടെ പാവം ചിറ്റപ്പന്‍ മന്ത്രി വീണ്ടും ക്യാപ്റ്റന്‍ പിണറായിയോടുള്ള കൂറ് പരസ്യമാക്കി രക്ഷപ്പെട്ടു.
പിണറായി വിജയന്‍ ഭരണസംവിധാനവും പാര്‍ട്ടി സംവിധാനവും മുഴുവന്‍ അടക്കിപ്പിടിച്ചിട്ടും ഒറ്റപ്പെട്ട പ്രതികരണങ്ങള്‍ സംസ്ഥാനത്തുടനീളം ഉണ്ടായത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കടകംപള്ളിയും കൊല്ലത്ത് മേഴ്‌സിക്കുട്ടിയമ്മയും പത്തനംതിട്ടയില്‍ പത്മകുമാറും എറണാകുളത്ത് സെബാസ്റ്റ്യന്‍ പോളും കണ്ണൂരില്‍ പി.ജയരാജന്റെ ബന്ധുക്കളും എന്‍.സുകന്യയും ഒക്കെ രംഗത്ത് വന്നതോടെ പാര്‍ട്ടിയിലെ വിമതസ്വരം ഒറ്റപ്പെട്ട സംഭവമല്ല എന്ന് വ്യക്തമാണ്. സുരേഷ് കുറുപ്പും കെ. ചന്ദ്രന്‍പിള്ളയും കെ. എന്‍.രവീന്ദ്രനാഥും എസ്.ശര്‍മയും ജി.സുധാകരനും അടക്കമുള്ളവരെ വെട്ടിനിരത്തി ഒഴിവാക്കി വിട്ടത് കേരളം സാകൂതം വീക്ഷിക്കുകയാണ്. എന്തായാലും ഒരുകാര്യം ഉറപ്പാണ്, പിണറായി വിജയിച്ചത് ഭീഷണിയുടെയും ഭയപ്പെടുത്തലിന്റെയും മാത്രം ബലത്തിലാണ്. കഴിഞ്ഞ കുറേക്കാലമായി ഇത്തരം ഒരു ഭയം പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും ഒരു നീരാളിയെപ്പോലെ ആഴ്ന്നിറങ്ങിയിരിക്കുന്നു. സംഘടനാ റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ഇക്കാര്യം വളരെ വ്യക്തമായി ഉയരുകയും ചെയ്തു. നേതാക്കള്‍ക്കടക്കം ജനങ്ങളുമായുള്ള ബന്ധം കുറയുന്നുവെന്ന് സംഘടനാ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷ്മതയും ശുദ്ധിയും സുതാര്യതയും ഉറപ്പാക്കണമെന്ന പാര്‍ട്ടി നിര്‍ദേശം പല നേതാക്കളും പാലിക്കുന്നില്ല എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സംഘപരിവാറിന് സ്വാധീനം ഉണ്ടാക്കുന്നവിധത്തില്‍ ദേശീയരാഷ്ട്രീയ സാഹചര്യം കേരളത്തിലേക്കും പടരുന്നുണ്ട് എന്ന് സംഘടനാ റിപ്പോര്‍ട്ട് അടിവരയിട്ടു പറയുന്നു. സിപിഎമ്മിനെ ഇല്ലാതാക്കാന്‍ സംഘപരിവാറിന് ദീര്‍ഘകാല പദ്ധതിയും ഹ്രസ്വകാല പദ്ധതിയും ഉണ്ടെന്ന് സംഘടനാ റിപ്പോര്‍ട്ട് പറഞ്ഞു. പാര്‍ട്ടിയില്‍ അംഗബലം കൂടുകയും തുടര്‍ഭരണം ജനസ്വാധീനം ഉള്ളതായി മാറുകയും ചെയ്തിട്ടുണ്ടെങ്കിലും ചില ദൗര്‍ബല്യങ്ങള്‍ ഇപ്പോഴും അലട്ടുന്നുണ്ടെന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പാര്‍ട്ടി ശക്തികേന്ദ്രങ്ങളിലടക്കം ബിജെപിയിലേക്ക് വോട്ട് ചോരുന്നു. കാലാകാലമായി പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്ന ജനവിഭാഗങ്ങളില്‍ കടന്നു കയറാനും സ്വാധീനം ചെലുത്താനും ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ഗൗരവമായ പ്രശ്‌നമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സിപിഎമ്മിന്റെ ജനകീയ അടിത്തറ ദുര്‍ബലമാക്കാനുള്ള ദീര്‍ഘകാല പദ്ധതികളും ഹ്രസ്വകാല ഇടപെടലുകളും ബിജെപി ആസൂത്രണം ചെയ്തിട്ടുണ്ട്. സംഘപരിവാറിന് പരവതാനി വിരിക്കുന്ന സാമുദായിക നേതൃത്വങ്ങളെ തുറന്നുകാട്ടി മുന്നോട്ടു പോകണമെന്നും സംഘടനാ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സ്ത്രീകളെ ലക്ഷ്യമിട്ടിട്ടുള്ള സംഘപരിവാര്‍ ശക്തികളുടെ പ്രവര്‍ത്തനം ശ്രദ്ധിക്കേണ്ടതാണ്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള വനിതാകൂട്ടായ്മകള്‍ ആ തരത്തിലുള്ളതാണ്. സ്ത്രീകളിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ സേവനങ്ങള്‍ എത്തിക്കാനും അതിലൂടെ രാഷ്ട്രീയം നേട്ടങ്ങള്‍ ഉണ്ടാക്കാനും ബിജെപി ശ്രമിക്കുന്നുവെന്നും സംഘടനാ റിപ്പോര്‍ട്ട് ആരോപിച്ചു. ഫണ്ട് സമാഹരണത്തിലും ചില സഖാക്കളുടെ ദൗര്‍ബല്യങ്ങള്‍ റിപ്പോര്‍ട്ട് എടുത്തു കാട്ടി. രസീത് പോലും നല്‍കാതെ ചിലര്‍ സ്ഥാപനങ്ങളില്‍ നിന്ന് വലിയ തുക വാങ്ങുന്ന രീതിയുണ്ട്. ചിലര്‍ സാമ്പത്തിക ഇടപാടുകളുടെ ഒത്തുതീര്‍പ്പ് നടത്തുന്നു, അതിന് പണം വാങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
പിണറായി വിജയന്‍ എതിരാളികളെ മുഴുവന്‍ വെട്ടിനിരത്തി പാര്‍ട്ടി സംവിധാനം പൂര്‍ണമായും കൈകളില്‍ ഒതുക്കി എന്ന് ആശ്വസിക്കുമ്പോഴും സിപിഎമ്മിലെ വിഭാഗീയത അവസാനിച്ചിട്ടില്ല എന്ന് വ്യക്തമാണ്. മാത്രമല്ല, ചാരം മൂടിയ കനല്‍പോലെ പാര്‍ട്ടിയില്‍ വിഭാഗീയത നിലനില്‍ക്കുന്നു എന്നതാണ് സത്യം. കടകംപള്ളിയും പി.ജയരാജനും അടക്കമുള്ള മരുമകന്റെ വിമര്‍ശകരെ ഇല്ലാതാക്കി എന്നാണ് പിണറായി കരുതുന്നത്. പക്ഷേ, അവസരം കിട്ടിയാല്‍ കൊടുങ്കാറ്റ് വന്നപ്പോള്‍ താഴേക്ക് ചാഞ്ഞു ജീവന്‍ രക്ഷിച്ച പുല്‍ക്കൊടികളെപ്പോലെ അവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കും എന്നകാര്യത്തില്‍ സംശയം വേണ്ട. പ്രായം വെറും അക്കം മാത്രമാണ് എന്ന് ഓര്‍മിപ്പിക്കുന്ന ജി.സുധാകരന്‍, ആലപ്പുഴയില്‍ പാര്‍ട്ടി സംവിധാനത്തിനും പിണറായി ഗ്രൂപ്പിനും ഏല്‍പ്പിക്കുന്ന ആഘാതം കനത്തത് തന്നെയാണ്. അവഗണന തുടര്‍ന്നാല്‍ തന്റെ കഴിവ് തെളിയിക്കാന്‍ ഈ 75-ാം വയസ്സിലും ഒരു പോരാട്ടത്തിനുള്ള ബാല്യം ജി. സുധാകരനുണ്ട്. പിണറായി കറിവേപ്പിലയാക്കി വലിച്ചെറിഞ്ഞു എന്ന് ആശ്വസിക്കുന്ന വി.എസ്. പോലും അവശതയുടെ കിടക്കയില്‍നിന്ന് ഒരു പുതിയ കൊടുങ്കാറ്റായി രൂപപ്പെട്ടു വരാനുള്ള സാധ്യത തള്ളാനാവില്ല. അതുകൊണ്ടുതന്നെയാണ് വി.എസ്. അച്യുതാനന്ദനെ ഒഴിവാക്കിയിട്ടില്ലെന്നും സംസ്ഥാന സമിതിയില്‍ അദ്ദേഹം ക്ഷണിതാവാണ് എന്നും രണ്ടാമത് എം.വി.ഗോവിന്ദന് പ്രസ്താവന ഇറക്കേണ്ടി വന്നത്. സിപിഎമ്മില്‍ പ്രതീക്ഷിക്കുന്നത് പോലെ എല്ലാം ശോഭനവും മംഗളവും ആണെന്ന ഒരു ധാരണയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും വേണ്ട എന്ന സന്ദേശമാണ് കൊല്ലം സമ്മേളനത്തിന്റെ ശേഷിപ്പ്.