റ്റിമന്‍ ഓഫ് ഏഥന്‍സ് (Timon of Athens) ഷേക്‌സ്പിയറിന്റെ ഒരു നാടകമാണ്. ഷേക്‌സ്പിയറും തോമസ് മിഡില്‍റ്റണും ചേര്‍ന്ന് എഴുതിയതാണ് ഈ നാടകം എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. The life of Timon of Athensഎന്നാണ് മുഴുവന്‍ പേര്. ചുരുക്കി റ്റിമന്‍ ഓഫ് ഏഥന്‍സ് എന്നു പറഞ്ഞുവരുന്നു. വിശ്വനാടകകൃത്തിന്റെ മറ്റുനാടകങ്ങളെപ്പോലെ നമ്മുടെ കേരളത്തില്‍ ഈ നാടകത്തിന് അത്ര പ്രചാരം ഇല്ല. ആ നാടകത്തില്‍ നിന്നുള്ള ഒരു വാക്യമാണ് The moon is an arrant thief and her pale fire she snatches from the sun. ചന്ദ്രന്റെ വെളിച്ചം സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു എന്ന ഭൗതികശാസ്ത്രതത്വത്തെ കാവ്യാത്മകമായി ഷേക്‌സ്പിയര്‍ നാടകത്തിലുപയോഗിച്ചിരിക്കുന്നു.
ഈ വാക്യത്തിലുള്ള pale fire(വിളറിയ തീ) എന്നതിനെ ലോകപ്രശസ്തമായ ഒരു നോവലിന്റെ തലക്കെട്ടാക്കിയിട്ടുണ്ട്. റഷ്യന്‍-അമേരിക്കന്‍ നോവലിസ്റ്റായ വ്‌ളാദിമിര്‍ നബക്കോവിന്റെ (Vladimir Nabakov) ഈ പേരിലുള്ള നോവല്‍ വലിയ പ്രശസ്തി നേടിയ ഒന്നാണ്. അദ്ദേഹത്തിന്റെ ലോലിത (Lolita) എന്ന നോവലിന് മലയാള തര്‍ജ്ജമയുണ്ട്. പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ടതാണ് ലോലിത. കാരണം അതിലെ പ്രധാന ഉള്ളടക്കം ശിശുരതി (pedophilia) അടിസ്ഥാനമാക്കിയുള്ളതാണ്. നായകനായ പ്രൊഫസര്‍ 12 വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയോടു കാണിക്കുന്ന ശാരീരികമായ അഭിനിവേശം എന്ന ഉള്ളടക്കത്തെ പലരും എതിര്‍ത്തു. എന്നാല്‍ കാലാന്തരത്തില്‍ പുസ്തകത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പല രാജ്യങ്ങളും പിന്‍വലിച്ചു. ആദ്യം അമേരിക്കയില്‍ ഇതിന്റെ പ്രസിദ്ധീകരണം തടയപ്പെടും എന്നു ഭയന്ന നബക്കോവ് ഫ്രാന്‍സില്‍ നിന്നാണ് കൃതി പ്രസിദ്ധീകരിച്ചത്.
പെയില്‍ ഫയര്‍ നബക്കോവിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ്. പോരാത്തതിന് ഉത്തരാധുനികരുടെ പ്രിയസാഹിത്യരൂപങ്ങളിലൊന്നായ അതികഥയുടെ (metafiction) ആധുനികകാല ഉദാഹരണങ്ങളിലൊന്നായും ഈ കൃതി കണക്കാക്കപ്പെടുന്നു. മെറ്റാഫിക്ഷന്‍ പണ്ടു മുതല്‍ തന്നെ സാഹിത്യത്തില്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അതിനെ ഉത്തരാധുനികരാണ് കണ്ടെത്തിയതെന്നുമാണ് പാശ്ചാത്യരുടെ ഭാഷ്യം. സെര്‍വാന്റസിന്റെ (Miguel de Cervantes), ഡണ്‍ ക്വിക്ഷറ്റ് (Don Quixote or Don Quijote), ജഫ്രിചോസറുടെ കാന്റര്‍ബറി ടെയില്‍സ്(Geoffrey Chaucer’s Canterbury Tales) എന്നിവയൊക്കെ അതികഥകളായിരുന്നുവെന്ന് പടിഞ്ഞാറന്‍ നിരൂപകര്‍ അഭിപ്രായപ്പെടുന്നു.
മെറ്റാഫിക്ഷന്‍ എങ്ങനെയായിരിക്കണമെന്നതിന് മുന്‍കൂട്ടിത്തന്നെ സാഹിത്യവിശ്ലേഷകര്‍ ചില മാര്‍ഗ്ഗദര്‍ശനങ്ങള്‍ എഴുതിവച്ചിട്ടുണ്ട്. അവ (1) കഥാപാത്രങ്ങള്‍ നേരിട്ട് വായനക്കാരെ അഭിസംബോധന ചെയ്യണം, (2) ഒന്നിലധികം ആഖ്യാനങ്ങള്‍ വേണം. (3) മറ്റുകൃതികളെക്കുറിച്ചുള്ള സൂചനകള്‍ വേണം. (4) സാങ്കല്പിക എഴുത്തുകാരുടെ സാങ്കല്പിക ജീവചരിത്രം അവതരിപ്പിക്കണം (5) ക്രമരഹിതമായ ആഖ്യാനം വേണം തുടങ്ങിയവയാണ്. ഈ ഗുണങ്ങളൊക്കെ ആദ്യം കണ്ടെത്തിയ കൃതിയാണത്രേ സെല്‍ വാന്റസിന്റെ ഡോണ്‍ക്വിക്‌സോട്ട്. ഉത്തരാധുനികതയില്‍ ധാരാളം ഉദാഹരണങ്ങള്‍ പറയുന്നതിലൊന്നാണ് നബക്കോവിന്റെ pale fire. ജോണ്‍ ഷെയ്ഡ് (John Shade) എന്ന സാങ്കല്പിക കവിയുടെ കവിതയെ അവതരിപ്പിച്ചുകൊണ്ടു കവിയുടെ കൃത്രിമമായതും ഭാവനയിലുള്ളതുമായ ജീവചരിത്രം അവതരിപ്പിക്കുകയാണ് ഈ കൃതിയില്‍. കവിയുടെ കൊലപാതകവും കൂട്ടത്തില്‍ അന്‍പതോളം പാശ്ചാത്യ എഴുത്തുകാരേയും നോവലില്‍ അവതരിപ്പിക്കുന്നുണ്ട്. നോവല്‍ വായിച്ചാല്‍ ഒരു സ്വപ്നം കണ്ട അനുഭവമേ നമുക്കുണ്ടാവൂ. ആശാന്‍ പറഞ്ഞതുപോലെ ”ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോ ദശ വന്ന പോലെ പോം” എന്ന സ്ഥിതി. അതുവരെയുള്ള എഴുത്തുകളെ അട്ടിമറിക്കുക എന്ന ഉദ്ദേശ്യമേ നബക്കോവിനുണ്ടായിരുന്നുള്ളൂ.
നബക്കോവ് 1962ല്‍ ഈ കൃതി പ്രസിദ്ധീകരിക്കുമ്പോള്‍ വില്യം എച്ച്.ഗാസ്(William H. Gass) തന്റെ ഫിക്ഷന്‍ ആന്റ് ദ ഫിഗേഴ്‌സ് ഓഫ് ലൈഫ് (Fiction and the Figures of Life) എന്ന കൃതി പ്രസിദ്ധീകരിച്ചിരുന്നില്ല. 1970ല്‍ ഗാസ് പ്രസിദ്ധീകരിച്ച ഈ കൃതിയിലാണ് മെറ്റാഫിക്ഷന്‍ എന്ന പദം ആദ്യം ഉപയോഗിക്കപ്പെടുന്നത്. മെറ്റാഫിക്ഷന്റെ പ്രത്യേകതകളും അവതരിപ്പിക്കപ്പെടുന്നത് പിന്നീടാണ്. അതുകൊണ്ടു തന്നെ താന്‍ മെറ്റാഫിക്ഷനാണ് സൃഷ്ടിക്കാന്‍ പോകുന്നത് എന്ന് മുന്‍കൂട്ടി അറിഞ്ഞു കൊണ്ടല്ല നബക്കോവ് തന്റെ കൃതി എഴുതുന്നത്.
മെറ്റാഫിക്ഷന്‍ എന്ന പാശ്ചാത്യ സാഹിത്യസംജ്ഞയെക്കുറിച്ച് മനസ്സിലാക്കിയ ശേഷം അത്തരത്തിലെഴുതാന്‍ ശ്രമിക്കുന്ന നമ്മള്‍ മലയാളികളായ എഴുത്തുകാര്‍ പലപ്പോഴും കെണിയില്‍പ്പെട്ടുപോവുകയാണു പതിവ്. മഹാകാവ്യം എങ്ങനെയെഴുതണം എന്നതിന് സംസ്‌കൃതാലങ്കാരികര്‍ ”പൂങ്കാവാഴി വിവാഹം, അദ്രിനഗരം, ദൗത്യം കുമാരോദയം, ശൃംഗാരം മൃഗയാവിനോദം….” എന്നിങ്ങനെ നിബന്ധനകള്‍ അവതരിപ്പിച്ചതിനെ ഇവിടെ പലരും പരിഹസിച്ചു. മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് എഴുതുന്നത് എന്തുമാത്രം സര്‍ഗ്ഗാത്മകവിരുദ്ധമാണെന്നായിരുന്നു അവരുടെ അഭിപ്രായം. മെറ്റാഫിക്ഷന്‍ എന്ന് ഒരു പുതിയ കഥാരൂപം അവതരിപ്പിച്ചു ലക്ഷണം നിശ്ചയിച്ചശേഷം അതുപോലെ എഴുതാന്‍ നിര്‍ദ്ദേശിച്ചാല്‍ അത് സര്‍ഗ്ഗാത്മകവിരുദ്ധമല്ലേ?
മലയാളത്തിലിറങ്ങുന്ന നോവലുകളില്‍ ചിലത് ഈ മെറ്റാഫിക്ഷന്‍ പരീക്ഷണങ്ങള്‍ നിറഞ്ഞവയാണ്. അതില്‍ ഏറ്റവും പ്രത്യക്ഷമായി എനിക്ക് അനുഭവപ്പെട്ട കൃതിയാണ് ബന്യാമന്റെ ‘അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി’ മെറ്റാഫിക്ഷന്‍ ചേരുവകളെല്ലാം ഈ കൃതിയില്‍ ചേര്‍ത്തു വയ്ക്കാന്‍ കഥാകൃത്ത് ശ്രമിച്ചിട്ടുണ്ട്. ഒരു സാങ്കല്പിക എഴുത്തുകാരനേയും അയാളുടെ കൃതിയേയും സംബന്ധിച്ച വിവരണം അതികഥയില്‍ ചേര്‍ത്തിരിക്കണം എന്ന നിബന്ധന പ്രാവര്‍ത്തികമാക്കുന്നതിനായി അദ്ദേഹം ഒരു പാകിസ്ഥാനി എഴുത്തുകാരിയെ ഭാവനയില്‍ നിന്നും അവതരിപ്പിച്ചിരിക്കുന്നു. സമീറപര്‍വീണ്‍ എന്ന പാകിസ്ഥാനി എഴുത്തുകാരിയുടെ കൃതിയാണത്രേ “A spring without smell’. Pale fireല്‍ ജോണ്‍ ഷെയ്ഡിന്റെ ജീവിതാനുഭവങ്ങളെ കൃത്രിമമായി അവതരിപ്പിക്കുന്നതുപോലെ തന്നെ എഴുതാന്‍ ബന്യാമനും ശ്രമിക്കുന്നു.
എത്രയൊക്കെ എഴുതിയിട്ടും നബക്കോവും മറ്റു പാശ്ചാത്യ എഴുത്തുകാരും സൃഷ്ടിക്കുന്നതുപോലെയുള്ള ക്രമരഹിതമായ (no-linear) ഭ്രമാത്മകലോകം സൃഷ്ടിച്ചെടുക്കാന്‍ ബന്യാമനാവുന്നില്ല. അത് നോവലിസ്റ്റിന്റെ പോരായ്മയല്ല. അങ്ങനെയൊരു ലോകം നമുക്കുചുറ്റുമില്ല. മലയാളി ഇന്നും കാല്പനിക നന്മകളില്‍ വിശ്വസിക്കുന്ന ഒരു പഴമനസ്സുള്ള സമൂഹമാണ്. ശാസ്ത്ര സാങ്കേതികരംഗങ്ങളില്‍ ഇന്ത്യയില്‍ വലിയ കുതിപ്പ് നടക്കുന്നുണ്ടെങ്കിലും അതൊക്കെ ജനസംഖ്യയില്‍ ഏകദേശം 5% നു മാത്രം പ്രാപ്യമായ കാര്യങ്ങളാണ്. പാശ്ചാത്യസമൂഹത്തില്‍ സ്ഥിതി തിരിച്ചാണ്. 90% ശതമാനമെങ്കിലും ആധുനികവല്‍ക്കരണത്തിനുവിധേയമായ മറ്റൊരു ലോകത്താണ്. അതുകൊണ്ടുതന്നെ അവര്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നകന്ന് ഭ്രമാത്മകമായ ഒരു തലത്തിലാണ് ജീവിക്കുന്നത്. മൂല്യങ്ങള്‍ അവിടെ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞിരിക്കുന്നു. ആ ജനതയുടെ ആത്മീയാവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ പ്രമുഖ മതമായ ക്രിസ്തുമതത്തിനാവുന്നില്ല. ഈ ആത്മീയ ശൂന്യത കൂടിയാണ് പാശ്ചാത്യലോകത്തിന്റെ ഭ്രമാത്മകമനസ്സിനു കാരണം.
പാശ്ചാത്യരെ അനുകരിച്ചുള്ള നമ്മുടെ എഴുത്ത് വിജയം വരിക്കാത്തത് ഇവിടത്തെ വായനാസമൂഹം തികച്ചും വ്യത്യസ്തമാണെന്നതിനാലാണ്. നമ്മള്‍ നമ്മുടെ ചുറ്റുപാടുകളെ പഠിച്ചറിഞ്ഞ് അതിനു ചേര്‍ന്ന രീതിയിലുള്ള ആവിഷ്‌ക്കാരങ്ങള്‍ നടത്തുന്നതാണുത്തമം. നമ്മുടെ സമൂഹം മാറുന്നതിനനുസരിച്ച് നമ്മുടെ രചനകളും മാറിക്കൊണ്ടിരിക്കും. ‘ഒരു മുഴം മുന്‍പേ എറിയുന്നത് എപ്പോഴും ലക്ഷ്യം കണ്ടു എന്നു വരില്ല. മുന്‍കൂട്ടി തയ്യാറാക്കിയ ഉള്ളടക്കങ്ങളെക്കാള്‍ നല്ലത് നിയമങ്ങളെ ലംഘിച്ച് സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങളാണ്. തെളിക്കുന്ന വഴിപോകുന്ന മാടുകളേക്കാള്‍ മുന്‍പേ ലക്ഷ്യത്തിലെത്തുന്നത് കുറുക്കുവഴിതേടിപ്പോകുന്നവയായിരിക്കും. സ്വന്തം വഴി വെട്ടുന്ന എഴുത്തുകാരാണ് ചരിത്രത്തിന്റെ ഭാഗമാകുന്നത്. നമ്മുടെ എഴുത്തുകാര്‍ സ്വന്തംവഴി സൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടത്.
ഭാഷാപോഷിണി മാര്‍ച്ച് ലക്കത്തില്‍ നല്ല കവിതകളുണ്ട്. കൂട്ടത്തില്‍ അബ്ദുള്ള പേരാമ്പ്രയുടെ ‘ഉറുമ്പിന്റെ ഭാഷ’ സൂക്ഷ്മമായ നിരീക്ഷണങ്ങളാല്‍ സമ്പന്നമാണ്. ”തൊടിയിലെ പൂക്കളില്‍ വെയില്‍ ഞൊറിഞ്ഞിടും ഇളം മഞ്ഞ ഉടുപ്പുകളില്‍ പൂമ്പാറ്റകള്‍ ചിറകൊതുക്കുന്നതു കണ്ട നേരം മുതല്‍ ഞാനെന്റെ മൗനങ്ങളെ അഴയില്‍ ഉണങ്ങാനിട്ടു” എന്നു കവിയെഴുതുമ്പോള്‍ പൊതുവെ കവിതകളോട് തോന്നുന്ന വിപ്രതിപത്തി ഇല്ലാതാവുന്നു. ജീവിതത്തിന്റെ സ്ഥൂലമായ ഇടങ്ങളില്‍ നിന്നും അകന്ന് അതിന്റെ സൂക്ഷ്മഭാവങ്ങളെ ചെന്നു സ്പര്‍ശിക്കാനുള്ള ശ്രമം ഈ കവിതയില്‍ കാണുന്നു. കവിയുടെ പരിശ്രമത്തിന് നന്ദി പറയാം. ഒപ്പം അഭിനന്ദനങ്ങളും. “”The Hope is the thing with feathers that perches in the soul
And Sings the tune without the words and never stop at all.”
എമിലിഡിക്കിന്‍സന്റെ(Emily Dickinson) കവിb “Hope is the thing with feathers” ല്‍ നിന്നുള്ള വരികളാണ് മുകളില്‍ കൊടുത്തത്. പ്രതീക്ഷ ആത്മാവില്‍ ചേക്കേറിയിരിക്കുന്ന ഒരു പക്ഷിയാണ്. അത് വാക്കുകളില്ലാത്ത ഒരീണം സദാ പാടിക്കൊണ്ടിരിക്കുന്നു എന്നാണ് അമേരിക്കക്കാരിയായ കവി പറയുന്നത്. സന്ധ്യ ഇ. ഭാഷാപോഷിണിയിലെഴുതിയിരിക്കുന്ന കവിതയും അവസാനിക്കുന്നത് പ്രതീക്ഷയിലാണ് ‘ഒന്നെഴുതാമോ പ്രതീക്ഷയെന്ന വാക്ക് അത്ഭുതം പോലെ കാണാം പുല്‍മേടുകള്‍ പൂക്കള്‍, പൂമ്പാറ്റകള്‍, മേയുന്ന മാനുകള്‍, കുഞ്ഞരുവി, കൊച്ചുവീട്…” ഇങ്ങനെയൊക്കെയാണ് സന്ധ്യയുടെ കവിത പോകുന്നത്. ഡിക്കിന്‍സിനെപ്പോലെ സന്ധ്യയും പ്രതീക്ഷയില്‍ എല്ലാം കാണുന്നു. പക്ഷേ സന്ധ്യ പ്രഭാതം, പ്രണയം എന്നെല്ലാം എഴുതി ആനന്ദിക്കാന്‍ ആഹ്വാനം ചെയ്യുന്നു.
”ഒന്നുമില്ലെന്നതേ സത്യം എങ്കിലും ചിലതുണ്ട്
എന്നു ഭാവിക്കലത്രേ ജീവിതം” എന്ന കവി വചനത്തെ സന്ധ്യ ആവര്‍ത്തിക്കുന്നു. താനറിയാതെ, ഹ്രസ്വമായ ജീവിതത്തെ മനുഷ്യന്‍ പലരീതിയില്‍ മോടിപിടിപ്പിക്കുന്നു. ഒരു പരിശ്രമവും വിജയിക്കാതെ അവന്‍ മരണത്തിനു മുന്നില്‍ നിസ്സഹായനായി മുട്ടുകുത്തുന്നു. ജീവിതത്തിന്റെ സൗന്ദര്യത്തെ പലവിധത്തില്‍ കവികള്‍ ഉദ്‌ഘോഷിക്കുന്നു. നൈമിഷികമായി നമ്മളതില്‍ ആനന്ദം കണ്ടെത്തുന്നു. പക്ഷേ ഭിഷഗ്വരനും മരണത്തിനു കീഴടങ്ങേണ്ടിവരുന്നു.
മാതൃഭൂമിയില്‍ (മാര്‍ച്ച് 2-8) എബ്രഹാം മാത്യു എഴുതിയിരിക്കുന്ന രസകരമായ കഥയാണ് ലൂക്കോസിന്റെ സുവിശേഷം. കഥയിലൂടെ ക്രിസ്തുമതത്തിലെ ആത്മീയ വ്യാപാരത്തെ കഥാകൃത്ത് പ്രതീകാത്മകമായി കളിയാക്കുന്നു. എന്നാല്‍ പ്രത്യക്ഷത്തിലങ്ങനെയല്ല താനും. എന്തും കച്ചവടത്തിനുവിധേയമാക്കാന്‍ തുനിയുന്ന പുതിയ തലമുറയുടെ ഹൃദയശൂന്യമായ മനോഭാവത്തെ കഥാകൃത്ത് ഗുപ്തമായി കളിയാക്കുകയാണ്. ലൂക്കോസ് ആരംഭിക്കുന്ന പുതിയ കച്ചവടം കസ്റ്റമേഴ്‌സിന് കൃത്യമായും പരലോകത്ത് സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യുന്നു. തന്റെ പുതിയ ബിസിനസ്സിന്റെ റിഹേഴ്‌സലിനായി കഥാകൃത്തായ സുഹൃത്തിനെത്തന്നെ കമ്പിക്കൂട്ടില്‍ കയറ്റി നിര്‍ത്തുന്നു. എന്നിട്ട് അയാളുടെ പാപങ്ങളെ ഒന്നൊഴിയാതെ വിളിച്ചു പറയുന്നു. എല്ലാപാപങ്ങളും പൊറുത്ത് സ്വര്‍ഗ്ഗം ലഭ്യമാകുന്ന കച്ചവടം നമ്മളെ അത്ഭുതപ്പെടുത്തുന്നു. തീര്‍ച്ചയായും പുതുമയുള്ള കഥ. നമ്മുടെ വായനയെ ഏതാണ്ടുമത്തുപിടിപ്പിക്കും. വള്ളത്തോളിനെയും പാല നാരായണന്‍ നായരെയും ടോള്‍സ്റ്റോയിയേയും പേരു പറയാതെ ഉദ്ധരിക്കുന്ന കഥ നല്ല സാംസ്‌കാരികദൗത്യവും നിറവേറ്റുന്നു. വായനയെ ദീപ്തമാക്കിയ കഥയെഴുതിയ എബ്രഹാം മാത്യുവിനേയും അഭിനന്ദിക്കാം.