2018 നവംബര്‍ 17 -ാം തിയ്യതി ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമായ അന്തമാന്‍ – നിക്കോബാര്‍ ദ്വീപ് സമൂഹത്തില്‍ ഒരു കൊലപാതകം നടന്നു. 27 വയസ്സുള്ള അമേരിക്കക്കാരന്‍ ജോണ്‍ അലന്‍ ചൗ എന്ന ക്രിസ്ത്യന്‍ മിഷനറിയെ അന്തമാനിലെ സെന്റിനല്‍ ദ്വീപ് സമൂഹത്തിലെ നിഗ്രിത്തോ എന്ന ഗോത്രജനത അമ്പ് എയ്ത് കൊല്ലുകയും അവിടെ തന്നെ കുഴിച്ച് മൂടുകയും ചെയ്തു. തലമുറകളായി കിട്ടിയ ആചാരങ്ങളും വിശ്വാസങ്ങളും അനുസരിച്ച് പുറം ലോകവുമായി കാര്യമായ ബന്ധങ്ങളില്ലാതെ ബാഹ്യലോകത്തിന് ഒരു ദ്രോഹവും ചെയ്യാത്ത, ഭൂമിയില്‍ വെറും 100ല്‍ താഴെ അംഗങ്ങളുമായി ജീവിച്ചിരുന്ന നിഗ്രിത്തോ ഗോത്ര വംശത്തെ മതംമാറ്റി ക്രിസ്ത്യാനിയാക്കുവാന്‍ വേണ്ടി ദ്വീപില്‍ ചെന്ന് കയറിയ ജോണിനെ അവര്‍ അമ്പ് എയ്ത് കൊല്ലുകയായിരുന്നു. ലോകത്തെ മുഴുവന്‍ സുവിശേഷവല്‍ക്കരിക്കാന്‍ യൂറോപ്യന്‍ അധിനിവേശ ശക്തികള്‍ കഴിഞ്ഞ 15 നൂറ്റാണ്ടായി നടത്തിക്കൊണ്ടിരിക്കുന്ന ഇനിയും അവസാനിക്കാത്ത ലക്ഷക്കണക്കിന് ശ്രമങ്ങളില്‍ ഒന്ന് മാത്രമായി ഇതിനെ കണ്ടാല്‍ മതി.

ഭൂമിയില്‍ 125 കോടിയോളം ക്രൈസ്തവ വിശ്വാസികള്‍ ഉണ്ടായിട്ടും ലോകത്തിലുള്ള നിരവധി വിശ്വാസങ്ങളെയും സംസ്‌കാരങ്ങളെയും തച്ചുതകര്‍ത്തിട്ടും 100ല്‍ താഴെ മാത്രം അംഗങ്ങളുള്ള ഒരു ഗോത്ര ജനതയേയും അവരുടെ വിശ്വാസത്തെയും കൂടി ഈ ഭൂമുഖത്തു നിന്ന് ഉന്മൂലനം ചെയ്യുവാന്‍ ശ്രമിക്കുന്ന മതപരിവര്‍ത്തനത്തെ ഒരു മാനസിക രോഗമായി തന്നെ കാണേണ്ടതാണ്. ആ രീതിയില്‍ തന്നെയാണ് അതിനെ വിശകലനം ചെയ്യേണ്ടതും. ഭാരതം കഴിഞ്ഞ ആറു നൂറ്റാണ്ടായി ആഗോള സഭകളുടെ തികച്ചും ആസൂത്രിതമായ മതപരിവര്‍ത്തന ഭീഷണി നേരിടുന്ന മേഖലയാണ്.
ഭാരതത്തിലെ ക്രൈസ്തവ സഭകള്‍ അതിന്റെ സമ്പത്തുകൊണ്ടും സാമൂഹിക പശ്ചാത്തലം കൊണ്ടും സമ്പന്നമാണ്. എ ഡി 52 ല്‍ ക്രിസ്തുശിഷ്യനായ സെന്റ് തോമാസ് കേരളത്തില്‍ കൊടുങ്ങല്ലൂരില്‍ കപ്പല്‍ ഇറങ്ങുകയും ഇവിടത്തെ ജാതിവ്യവസ്ഥയിലെ ഏറ്റവും ഉന്നതകുലജാതരായ നമ്പുതിരിമാരെ അദ്ഭുതങ്ങള്‍ കാട്ടിയും വേദം ഉപദേശിച്ചും മതം മാറ്റി ക്രിസ്ത്യാനികളാക്കുകയും ചെയ്തുവെന്ന കഥയില്‍ നിന്നാണ് ഭാരതസഭാ ചരിത്രം തുടങ്ങുന്നത്. ഇത് ചരിത്രമല്ല കഥയാണെന്നൊക്കെ സഭാതലവനായ മാര്‍പാപ്പയും ഭാരത സഭാ ചരിത്രകാരന്മാരും നൂറ്റൊന്നുവട്ടം തല കുലുക്കി സമ്മതിച്ചിട്ടുണ്ടെങ്കിലും നമ്പൂതിരി കഥയെ വിട്ടിട്ട് ഭാരത സഭക്ക് നിലനില്‍ക്കാന്‍ കഴിയില്ലെന്നുള്ളതാണ് സത്യം
മറ്റൊരു സെന്റ് തോമാസ് കഥ ഇങ്ങനെയാണ്: തോമാസ് കേരളത്തിലേക്ക് വരുന്നത് യഹുദരോടൊപ്പമാണ്. യഹുദ സംസ്‌കാരത്തിലാണ് ക്രിസ്തുമതം ജന്മം കൊള്ളുന്നത്. ക്രിസ്തുമതത്തെ യഹൂദ മതത്തിന്റെ ഭാഗമായിട്ടാണ് ആദ്യകാലങ്ങളില്‍ കണക്കാക്കിയിരുന്നത്.’ യഹൂദര്‍ക്ക് അക്കാലത്ത് ദക്ഷിണേന്ത്യയുമായി കച്ചവട ബന്ധം ഉണ്ടായിരുന്നു. വേമ്പനാട്ടു കായലിലൂടെ ഒററ തടിവെള്ളത്തില്‍ തോമാസ് കൊല്ലത്തെത്തി. അവിടന്ന് കിഴക്കോട്ട് തമിഴ്‌നാട്ടിലേക്ക്. ചെങ്കോട്ട വഴി മധുരയിലേക്ക് ഒരു കാളവണ്ടി പാത ഉണ്ടായിരുന്നു. സെന്റ് തോമാസ് മധുരയിലും മൈലാപുരുമൊക്കെ എത്തുന്നത് ഈ വഴിയാണത്രെ. ഈ കാളവണ്ടി പാതയിലുള്ള ഈ കച്ചവട കേന്ദ്രവും ഇടത്താവളവുമായിരുന്നത്രെ ശബരിമലക്കടുത്ത നിലക്കല്‍. പോകുന്ന വഴിക്ക് നിലക്കലും കയറി സെന്റ് തോമാസ് ഒരു പള്ളി സ്ഥാപിച്ചുവത്രെ. ചരിത്രനിര്‍മിതിയില്‍ വിശ്വാസ്യത കിട്ടുന്നതിനായി സംഭവങ്ങള്‍ ഉണ്ടാക്കുന്നതിലും അവ ഘടിപ്പിക്കുന്നതിലും അതിനായി വഴിവെട്ടുന്നതിലും കാളവണ്ടി ഓടിക്കുന്നതിലും പാത തുരക്കുന്നതിലുമൊക്കെയുള്ള പ്രാവീണ്യം ഈ കഥയിലും കാണാം.
ഇന്ത്യയിലെ ക്രൈസ്തവ സഭയെ ഭാരത സഭയെന്നൊക്കെ പേരിട്ട് വിളിക്കാമെങ്കിലും ഭാരത സഭയുടെ നില്‍പ്പ് കേരള സഭയുടെ മുകളിലാണ്. കേരളത്തില്‍ നിന്നാണ് ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലേക്കും സഭാ പ്രവര്‍ത്തനത്തിന് വേണ്ട ആളും അര്‍ത്ഥവും കയറ്റിയയക്കുന്നത്. ഇന്ന് നിരവധി സഭകള്‍ കേരളത്തില്‍ കാല്‍ ഉറപ്പിച്ചു കൊണ്ട് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു.
ക്രൈസ്തവ സഭ രൂപംകൊള്ളുന്നത് അന്നത്തെ റോമന്‍ സാമ്രാജ്യത്തില്‍പ്പെട്ട പലസ്തീനിലാണ്. യരുശലേം ആയിരുന്നു തലസ്ഥാനം. അക്കാലത്ത് രാജാവിന്റെ മതം തന്നെയായിരുന്നു പ്രജകളുടെയും മതം. യഹുദ മതമായിരുന്നു ഔദ്യോഗിക മതം. യേശുക്രിസ്തുവും ശിഷ്യന്മാരുമെല്ലാം യഹുദരായിരുന്നു. യഹുദമതത്തില്‍ നിന്നാണ് ക്രൈസ്തവ ചിന്തകള്‍ രൂപം കൊള്ളുന്നത്. ഇങ്ങനെ രൂപം കൊണ്ട ക്രൈസ്തവ ചിന്തകള്‍ വികസിച്ച് മറ്റൊരു മതമായി മാറുകയും അത് യഹൂദമതത്തിന് തന്നെ ഭീഷണിയാകുകയും ചെയ്തു. യഹുദ മതത്തില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ ക്രിസ്തുമതം സ്വീകരിക്കുവാന്‍ തുടങ്ങി.ഇതേ തുടര്‍ന്ന് യഹുദര്‍ ക്രൈസ്തവ മത പീഡനം ആരംഭിച്ചു. റോമില്‍ സംഘടിതമായി ക്രൈസ്തവ വിശ്വാസങ്ങളെ അടിച്ചമര്‍ത്തി. മൂന്ന് നൂററാണ്ട് കാലം ഇത് തുടര്‍ന്നു. എ.ഡി 313 ല്‍ കോണ്‍സ്റ്റന്റെയിന്‍ ദേശത്തെ കുസ്തന്തീനോസ് ചക്രവര്‍ത്തി ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും ക്രിസ്തുമതത്തെ ഔദ്യോഗിക രാജകീയ മതമായി പ്രഖ്യാപിക്കുകയും ചെയ്തതോടെ ക്രൈസ്തവ സമൂഹം പീഡനങ്ങളില്‍ നിന്ന് സ്വതന്ത്രമായി.ഈ തീരുമാനത്തെ മിലാന്‍ വിളംബരം എന്നാണ് വിളിക്കുന്നത്.
ലോകം മുഴുവന്‍ സുവിശേഷവല്‍ക്കരിക്കുക എന്ന പ്രഖ്യാപനത്തോടെ ഇവര്‍ രംഗത്തിറങ്ങിയതോടെ കാണുന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ വളര്‍ച്ചയാണ്. ആളുകളുടെ എണ്ണം കൂടിയപ്പോള്‍ സഭകളുടെ എണ്ണവുംകൂടി. ഭാരതത്തിലെ ഹിന്ദു സമൂഹത്തിലെ ജാതിക്ക് സമാനമാണ് ക്രൈസ്തവ സമൂഹത്തിലെ സഭകള്‍ ”ഒരേ ദൈവത്തില്‍ വിശ്വസിച്ചിട്ടും വിഘടിച്ച് നില്‍ക്കുന്ന അവസ്ഥ. ഇന്ന് ലോകത്തിലാകെ നിരവധി സഭകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ഇതില്‍ 200 ദശലക്ഷം വിശ്വാസികളുള്ള റോമന്‍ കത്തോലിക്ക സഭയാണ് മുമ്പില്‍, പിന്നാലെ പേര്‍ഷ്യന്‍ സഭകളെന്നറിയപ്പെടുന്ന പൗരസ്ത്യസഭകള്‍, ഓര്‍ത്തഡോക്‌സ് സഭകള്‍, പെന്തക്കോസ്ത് സഭകള്‍ തുടങ്ങി ഏകാംഗ വ്യക്തികളുടെ സഭകള്‍ വരെ നൂറായിരം സഭകള്‍.’ ആളുകളെ മതംമാറ്റി ക്രിസ്ത്യാനിയാക്കുവാന്‍ കഴിവുള്ള ആര്‍ക്കും സ്വന്തമായി സഭയും പ്രാര്‍ത്ഥനയും ദൈവ വ്യാഖ്യാനങ്ങളും ഉണ്ടാക്കാമെന്നുള്ളതാണ് ഇപ്പോഴത്തെപ്പോലെ അന്നത്തെയും അവസ്ഥ. ഒരേ ക്രിസ്തുസഭയില്‍ വിശ്വസിക്കുന്നവരെ തന്നെ അതില്‍ നിന്ന് അടര്‍ത്തി തങ്ങളുടെ സഭയിലേക്ക് കൊണ്ടുവരുന്നതും മിഷനറി പ്രവര്‍ത്തനത്തിന്റെ ഭാഗമായി അന്നും കണ്ടിരുന്നു.
ഒരേ സമയം പല ക്രിസ്തീയ ഗ്രൂപ്പുകള്‍
പൗരസ്ത്യ ക്രൈസ്തവ സഭകള്‍ ഒരു ആമുഖം എന്ന പുസ്തകത്തില്‍ ഡീക്കന്‍ ഗ്രീഗര്‍ ആര്‍ കൊള്ളന്നൂര്‍ സഭകളെ കുറിച്ച് ഇങ്ങനെ എഴുതുന്നു.” ഇറാന്‍, ഇറാഖ്, സിറിയ, ലബനന്‍, വടക്കേ അമേരിക്ക, ആസ്‌ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ വിശ്വാസ സമൂഹമുള്ള പൗരസ്ത്യ കല്‍ദായ സുറിയാനി സഭ, കല്‍ദായ സഭ, അസീറിയന്‍ സഭ, നെസ്‌തോറിയന്‍ സഭ, പേര്‍ഷ്യന്‍ സഭ, കിഴക്കിന്റെ കല്‍ദായ സഭ, സുറായി സഭ, ബാബിലോണിയന്‍ സഭ, സെലൂക്കന്‍ സഭ എന്നീ പേരുകളില്‍ ഈ സഭ അറിയപ്പെടുന്നു. ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ ആകട്ടെ ഈജിപ്ത്, യൂറോപ്പ്, ആഫ്രിക്ക, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ വിശ്വാസി സമൂഹമുള്ള ഈ സഭ അലക്‌സാന്ത്രിയന്‍ സഭ, ഈഗുപ്തായ സഭ, മര്‍ക്കോസിന്റെ സഭ, കോപ്റ്റിക് സഭ, ഈജിപ്ഷ്യന്‍ സഭ എന്നീ പേരുകളില്‍ അറിയപ്പെടുന്നു.
മറ്റൊരു സഭയായ അന്ത്യോഖ്യന്‍ സഭ, സിറിയ, ലബനന്‍, ടര്‍ക്കി, ഇസ്‌റായേല്‍, ഇന്ത്യ, അമേരിക്ക, ആസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലായി പരന്നു കിടക്കുന്നു. യാക്കോബായ സഭ, സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ, സത്യസുറിയാനി സഭ എന്നീ പേരുകളും ഈ സഭയ്ക്കുണ്ട്.
ക്രിസ്തുമതം ഔദ്യോഗിക മതമായി സ്വീകരിച്ച ആദ്യ രാഷ്ട്രമായ അര്‍മേനിയന്‍ സഭ അര്‍മേനിയന്‍ അപോസ്‌തോലിക സഭ എന്ന പേരിലും അറിയപ്പെടുന്നു. കൂടാതെ വിവിധ വിഭാഗങ്ങളില്‍ പെട്ട നിരവധി സഭകളുടെ പേരുകളും താഴെ കുറിക്കുന്നു. എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭ അഥവാ അബിസീനിയന്‍ സഭ, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ (ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ), എറിത്രിയന്‍ ഓര്‍ത്തഡോക്‌സ് സഭ.
സ്വയം ശീര്‍ഷകത്വമുള്ള കിഴക്കന്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ എന്ന പേരില്‍ കുസ്തന്തിനോപ്പോലീസ് പാട്രിയര്‍ക്കേറ്റ്, അക്‌സാന്ദ്രിയയുടെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാട്രിയാര്‍ക്കേറ്റ്, അന്ത്യോഖ്യായുടെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാര്‍ട്രിയര്‍ക്കേറ്റ്, റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ, സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സ് സഭ, റുമേനിയന്‍ ഓര്‍ത്തഡോക്‌സ് സഭ, ബള്‍ഗേറിയന്‍ ഓര്‍ത്തഡോക്‌സ് സഭ, ജോര്‍ജിയന്‍ ഓര്‍ത്തഡോക്‌സ് സഭ, സൈപ്രസ് ഓര്‍ത്തഡോക്‌സ് സഭ, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ, പോളണ്ടിലെ ഓര്‍ത്തഡോക്‌സ് സഭ, അല്‍ബേനിയയിലെ ഓര്‍ത്തഡോക്‌സ് സഭ, ചെക്ക്‌സ്ലോവാക്യയിലെ ഓര്‍ത്തഡോക്‌സ് സഭ, അമേരിക്കന്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ എന്നിവയും സ്വയം ഭരണാവകാശമുള്ള ഓര്‍ത്തഡോക്‌സ് സഭകള്‍ എന്ന വിഭാഗത്തില്‍ മൗണ്ട് സിനായിലെ (സിനായ് മലയിലെ) ഓര്‍ത്തഡോക്‌സ് സഭ, ഫിന്‍ലാന്റ് ഓര്‍ത്തഡോക്‌സ് സഭ, ജപ്പാനീസ് ഓര്‍ത്തഡോക്‌സ് സഭ, ചൈനീസ് ഓര്‍ത്തഡോക്‌സ് സഭ, എസ്‌തോണിയന്‍ അപ്പോസ്‌തോലിക്ക ഓര്‍ത്തഡോക്‌സ് സഭ എന്നിങ്ങനെ പോകുന്നു. ഇനിയുമുണ്ട് ചെറുതും വലുതുമായ പല സഭകളും. ഇത്രയും സൂചിപ്പിച്ചത് ആഗോള ക്രൈസ്തവ വിഭാഗം എത്രതരം ക്രൈസ്തവ സഭകളായി അഥവാ ക്രൈസ്തവ ജാതികളായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്ന് സൂചിപ്പിക്കാന്‍ വേണ്ടി മാത്രമാണ്.
ക്രൈസ്തവ മതം സഭാ ജാതിയാല്‍ വിഘടിക്കപ്പെടുകയും പരസ്പരം പോരടിക്കുകയും പരസ്പരം വിഴുങ്ങുകയും ചെയ്യുന്ന സഭാചരിത്രത്തിന് ക്രിസ്തുമതത്തോളം തന്നെ പഴക്കമുണ്ട്. വിവിധ മതപുരോഹിതന്മാര്‍ മതഗ്രന്ഥങ്ങളില്‍ നിന്നു കൊണ്ട് ദൈവത്തെ വ്യാഖ്യാനിക്കുകയും പരസ്പരം ഏറ്റുമുട്ടുന്നതും അക്കാലത്ത് പതിവായിരുന്നു’ ഈ അവസ്ഥ എന്തുകൊണ്ടെന്ന് കോണ്‍സ്റ്ററ്റയിന്‍ ചക്രവര്‍ത്തിക്ക് മനസ്സിലായില്ല.’ താന്‍ ക്രിസ്ത്യാനിയാകുകയും തന്റെ രാജ്യം ഔദ്യോഗിക ക്രിസ്തുരാജ്യമാകുകയും ചെയ്തിട്ടും സഭാ വഴക്ക് രൂക്ഷം’ ഇത് രാജ്യത്തിന്റെ ക്രമസമാധാനത്തെ ബാധിക്കുന്ന ഒന്നാണെന്ന് മനസ്സിലാക്കിയ ചക്രവര്‍ത്തി പ്രശ്‌ന പരിഹാരത്തിനായി എല്ലാ സഭാ ജാതികളുടെയും ഒരു യോഗം വിളിച്ചു കൂട്ടി.”നിഖ്യാ എന്ന സ്ഥലത്ത് വിളിച്ച് കൂട്ടപ്പെട്ട ഈ മത സമ്മേളനം ക്രൈസ്തവ ചരിത്രത്തില്‍ നിഖ്യാ സുന്നഹദോസ് എന്ന് അറിയപ്പെടുന്നു. സഭാധികാരികളുടെ കൂട്ടം, സമ്മേളനം എന്നൊക്കെയാണ് സുന്നഹദോസിന് അര്‍ത്ഥം” 318 സഭാതലവന്മാര്‍ ഈ യോഗത്തില്‍ പങ്കെടുത്തു.’കോണ്‍സ്റ്ററ്റയിന്‍ ചക്രവര്‍ത്തിയായിരുന്നു ഈ യോഗത്തിന്റെ അദ്ധ്യക്ഷന്‍ എന്നും അതല്ല അന്ത്യോഖ്യസഭയിലെ ഒസ്താനിയോസായിരുന്നു അദ്ധ്യക്ഷനെന്ന വാദവും ഉണ്ട്. എന്തായാലും ചക്രവര്‍ത്തി ആദ്യാവസാനം ഉണ്ടായിരുന്നു’
അലക്‌സാട്രിയന്‍ പുരോഹിതനായിരുന്ന അറിയൂസിന്റെ ‘യേശുക്രിസ്തു പിതാവാം ദൈവത്തിന്റെ ഒരു സൃഷ്ടി ‘എന്ന വാദത്തില്‍ ഊന്നി നിന്നുകൊണ്ടായിരുന്നു പ്രധാന ചര്‍ച്ച. അറിയോനിസം എന്ന് ചരിത്രത്തില്‍ പിന്നീട് അറിയപ്പെട്ട ഇതിലെ വാദങ്ങള്‍ ഇങ്ങനെയാണ്’ദൈവം എന്നാല്‍ പിതാവായ ദൈവം. അവന്‍ ഏകനാണ്, നിത്യനാണ്, അതുല്യനാണ് ‘അവന്‍ സ്വയം ജനകനാണ്’ അതിനാല്‍ പിതാവായ ദൈവത്തെ പങ്കുവെക്കുവാനോ മറ്റൊന്നിലേക്ക് പകര്‍ത്തി കൊടുക്കുവാനോ സാധ്യമല്ല. അതിനാല്‍ പിതാവിന് പങ്കാളിയായി ആരുമില്ല.പുത്രനില്ലാത്ത ഒരു കാലമുണ്ടായിരുന്നു. ക്രൈസ്തവ വിശ്വാസമനുസരിച്ച് ക്രിസ്തുവാണ് പുത്രന്‍’ – പുത്രനില്ലാത്ത ഒരു കാലമുണ്ടായിരുന്നു എന്ന് വരുമ്പോള്‍ ക്രിസ്തു നിത്യനല്ലെന്ന് വരുന്നു. അതിനാല്‍ ദൈവസങ്കല്പത്തെ മുഴുവനായി പുത്രനായ ക്രിസ്തുവില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുന്നു. ഇവരുടെ കാഴ്ചപ്പാടില്‍ ക്രിസ്തു ഒരു അര്‍ദ്ധദൈവമായിരുന്നു.
ഇതിനെതിരെ അലക്‌സാണ്ട്രിയയിലെ തന്നെ മെത്രാന്‍ അത്തനാഷ്യസ് രംഗത്ത് വന്നു. ഇതെപ്പറ്റി ഇങ്ങനെ വലിയ വലിയ ചര്‍ച്ചകള്‍ നടന്നു ഈ ചര്‍ച്ചകള്‍ വഴി തെളിയിച്ചത് ത്രിത്വം എന്ന് പിന്നിട് അറിയപ്പെട്ട ഒരു ദര്‍ശനത്തിലേക്കാണ്. പുത്രന്‍ പിതാവില്‍ നിന്ന് ഉല്‍ഭവിച്ചവനാണെങ്കില്‍ക്കൂടി പുത്രനില്ലാതെ പിതാവ് മാത്രമായ ഒരു അവസ്ഥ ഉണ്ടായിരുന്നില്ല. പിതാവും പുത്രനും ഉണ്ടായതു മുതല്‍ പരിശുദ്ധാത്മാവുമുണ്ട്. പരിശുദ്ധാത്മാവ് ഇല്ലാതെ പിതാവിനോ പുത്രനോ ഉണ്ടാകുവാന്‍ സാദ്ധ്യമല്ല. അതിനാല്‍ പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്ന് വത്യസ്ത വ്യക്തികളാണെങ്കിലും മൂന്ന് പേരും ചേര്‍ന്ന് ഒന്നാണ്. ഇതാന്ന് ത്രിത്വം. ഈ സിദ്ധാന്തത്തിന് യുക്തിഭദ്രതയില്ലെങ്കിലും വിശ്വാസപരമായി ഇത് അംഗീകരിക്കപ്പെട്ടു.
ക്രൈസ്ത മതത്തിന് ഒരു ഏകീകൃത വിശ്വാസ ആചാര ഘടന ഉണ്ടാക്കുകയെന്നത് മാത്രമായിരുന്നു ചക്രവര്‍ത്തിയുടെ ലക്ഷ്യം. ചക്രവര്‍ത്തിയെ സംബന്ധിച്ചേടത്തോളം തീരുമാനം എന്തായാലും കുഴപ്പമില്ല. തമ്മില്‍ തല്ല് ഇല്ലാതെ പോകണം. ഭിന്നതകള്‍ കാര്യമായി പരിഹരിക്കപ്പെട്ടില്ല. അറിയൂസിന്റെ വിശ്വാസ പ്രമാണം തള്ളിക്കളയുകയും ഏകസാരാംശം എന്ന വിശ്വാസ പ്രമാണത്തിന് രൂപം കൊടുക്കുകയും ചെയ്തു. ഒടുവില്‍ ചക്രവര്‍ത്തി ചില നിര്‍ദ്ദേശങ്ങള്‍ വെച്ചു.അത് സുന്നഹദോസിന്റെ നിര്‍ദ്ദേശങ്ങളായി അംഗീകരിക്കപ്പെട്ടു.ഇത് അംഗീകരിക്കാത്ത അറിയോസിന്‍ പക്ഷക്കാരെ ചക്രവര്‍ത്തി നാടുകടത്തി. അറിയുസിന്റെ ഈ ചിന്താഗതികള്‍ പിന്നിട് ഉയര്‍ത്തിക്കൊണ്ടുവന്നത് യഹോവ സാക്ഷികളാണ്.
ഈ സുന്നഹദോസിന്റെ തീരുമാനപ്രകാരം ക്രൈസ്തവ സഭയെ ഭരണ സൗകാര്യര്‍ത്ഥം നാലായി തിരിച്ചു. റോം, അന്ത്യോക്യാ, അലക്‌സാഡ്രീയ, കോണ്‍സ്റ്റാറ്റിനോപ്പിള്‍ എന്നിങ്ങനെയായിരുന്നു ഇത്. ഈ സ്ഥലങ്ങളിലെല്ലാം ഭരണ തലവന്മാരായി അതാത് ഭാഗത്തെ ഗോത്രവര്‍ഗ തലവന്മാരെ (പേട്രിയാര്‍ക്ക്)നിയമിച്ചു. പേട്രിയാര്‍ക്ക് പിന്നിട് സഭാതലവന്റെ സ്ഥാനപ്പേരായി മാറി. ഈ പേട്രിയാര്‍ക്കിസ് പരിഷ്‌ക്കരിച്ച് പരിഷ്‌ക്കരിച്ചാണ് പിന്നീട് നാം പലപ്പോഴും കേള്‍ക്കുന്ന പാത്രിയാര്‍ക്കിസായിമാറിയത്. പിന്നീട് മെത്രാപ്പൊലീത്ത എന്ന പേരിലും സഭാ അധികാര ശ്രേണിയില്‍ നിയമനങ്ങളുണ്ടായി. മെത്രാപ്പോലിത്ത എന്നാല്‍ തലസ്ഥാന നഗരിയിലെ ഭരണാധികാരി എന്നര്‍ത്ഥം.
(തുടരും)