ശ്രീഗുരുജിയുടെ ജീവിതദര്‍ശനത്തിന്റെ ഏറ്റവും വലിയ വൈശിഷ്ട്യം അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും തമ്മിലുള്ള സമന്വയമായിരുന്നു. താത്വികമായി ജാതിവ്യത്യാസത്തെയും അസ്പൃശ്യതയെയും എതിര്‍ക്കുകയും വ്യവഹാരത്തില്‍ ഇവ ആചരിക്കുകയും ചെയ്യുന്ന രീതി അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരിക്കലും ഉണ്ടായിരുന്നില്ല. ഒരു ഉദാഹരണം പറയാം. 1950ല്‍ പൂണെയിലെ സംഘശിക്ഷാവര്‍ഗ്ഗിലാണ് ഈ സംഭവം നടന്നത്. ഏറെക്കുറെ 1300 സ്വയംസേവകര്‍ വര്‍ഗ്ഗില്‍ ശിക്ഷാര്‍ത്ഥികളായി പങ്കെടുത്തിരുന്നു. ഉച്ചഭക്ഷണ സമയത്ത് ജിലേബിയും ഉണ്ടായിരുന്നു. അത് വിതരണം ചെയ്യുന്നതിന് അധികാരികള്‍ വ്യവസ്ഥ ചെയ്തു. വിതരണത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്നത് മാന്യ. മോറോപന്ത് പിംഗ്ലേജി, മാന്യ.സീതാറാംപന്ത് അഭ്യംകര്‍ മുതലായ അധികാരികളായിരുന്നു. ശ്രീഗുരുജി അവരുടെ പിന്നില്‍ നടക്കുകയായിരുന്നു. പല സ്വയംസേവകരെയും പേര് വിളിച്ച് ജിലേബി കഴിക്കാന്‍ അദ്ദേഹം പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
അടുത്ത പന്തിയില്‍ അധികാരികള്‍ ഭക്ഷണം കഴിക്കാനിരുന്നു. അഞ്ചെട്ട് സ്വയംസേവകര്‍ നിര്‍ദ്ദേശമനുസരിച്ച് അവിടെ വിതരണം തുടങ്ങി. ഒരു സ്വയംസേവകന്‍ വിതരണം ചെയ്യാന്‍ മുതിരാതെ ഇരിക്കുന്നത് ശ്രീഗുരുജിയുടെ ശ്രദ്ധയില്‍പെട്ടു. ഭക്ഷണം കഴിക്കാന്‍ ആരംഭിക്കുന്നതിന് മുമ്പ് ശ്രീഗുരുജി ആ സ്വയംസേവകന്റെ അടുത്തെത്തി ”നിങ്ങള്‍ എന്താണ് വിളമ്പാതെ ഇവിടെ വെറുതേ ഇരിക്കുന്നത്” എന്ന് ചോദിച്ചു.
ആ സ്വയംസേവകന് ലജ്ജ തോന്നി. നാരായണ്‍ ‘ചര്‍മകാര്‍’ (അസ്പൃശ്യ ജാതിക്കാരന്‍) ആയതിനാലാണ് വിതരണം ചെയ്യാന്‍ മടിക്കുന്നതെന്ന് ആ സ്വയംസേവകന്‍ ശ്രീഗുരുജിയോട് സങ്കോചത്തോടെ പറഞ്ഞു. ഇതുകേട്ടപ്പോള്‍ ശ്രീഗുരുജിക്ക് വളരെ വിഷമം തോന്നി. ശ്രീഗുരുജി അയാളുടെ കൈകള്‍ പിടിച്ച് ജിലേബിക്കൊട്ട കൊടുത്തു. ആദ്യം തന്റെ പ്ലേറ്റില്‍ വിളമ്പിയശേഷം മറ്റ് സ്വയംസേവകര്‍ക്ക് വിതരണം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. ഇത് ചെറിയൊരു സംഭവമാണ് എങ്കിലും ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കാന്‍ പോന്നതായിരുന്നു. അതായത്, അത്യന്തം കഠിനമായ ഒരു പ്രശ്‌നത്തിനുള്ള സരളമായ ഉത്തരമാണ് തന്റെ ആചരണത്തിലൂടെ ശ്രീഗുരുജി നല്‍കിയത് (ശ്രീഗുരുജി ജീവന്‍-പ്രസംഗ്: വാല്യം 2, പുറം 160-161).
അസ്പൃശ്യരെന്ന് വിളിക്കപ്പടുന്ന നമ്മുടെ സഹോദരങ്ങള്‍ തങ്ങള്‍ അസ്പൃശ്യരോ ഹീനരോ ആണെന്ന് സ്വയം കരുതരുത് എന്നായിരുന്നു ശ്രീഗുരുജിയുടെ നിലപാട് ഒരിക്കല്‍ ഒരു സ്വയംസേവകന്‍ ശ്രീഗുരുജിയോട് ഒരു ചോദ്യം ഉന്നയിച്ചു: ”ഞാന്‍ പിന്നാക്ക ജാതിക്കാരനാണ്. സംഘത്തില്‍ കേവലം സവര്‍ണരെയാണ് കാണാനാവുന്നത്. പിന്നാക്ക വിഭാഗത്തിലും പട്ടികജാതിയിലും പെട്ടവരുടെ പ്രാതിനിധ്യം വേണ്ടത്ര കാണുന്നില്ല. ഇത്തരം വിവേചനപരമായ സാഹചര്യം എന്തുകൊണ്ടാണ് നിലനില്‍ക്കുന്നത്?
ശ്രീഗുരുജിയുടെ മറുപടി ഇതായിരുന്നു. ഏതെങ്കിലും ജാതിയുടെയോ അവര്‍ണ-സവര്‍ണ എന്നീ പരിഗണനയുടെ പേരിലോ ഉള്ള വിവേചനം എനിക്ക് സംഘത്തില്‍ ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. പിന്നാക്ക ജാതിയിലും പട്ടികജാതിയിലും പെട്ട ആളുകള്‍ തങ്ങളെ പിന്നാക്കക്കാരെന്നും പട്ടികജാതിക്കാരെന്നും സ്വയം എന്തിനു കരുതുന്നു എന്ന് മനസ്സിലാക്കാന്‍ പ്രയാസമാണ്. അവരുടെ ജാതി, വിഭാഗം എന്നിവയെക്കുറിച്ചുള്ള ചിന്ത അവരുടെ മനസ്സില്‍ കയറിപ്പറ്റുന്നത് ശരിയല്ല. മനസ്സിനെയും മസ്തിഷ്‌കത്തെയും ബാധിച്ചിരിക്കുന്ന ഈ ചിന്ത ഇപ്പോഴും നിലനിന്നുപോരുന്നത് ചില ആളുകള്‍ ഇത് മുതലാക്കാന്‍ ശ്രമിക്കുകയും രാജനീതിയില്‍ കരുക്കള്‍ നീക്കുന്ന നേതാക്കന്മാര്‍ ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നതു കൊണ്ടാണ്.
ഇത്തരം വികലമായ ചിന്തകളില്‍ നിന്ന് സംഘം അകന്നാണ് നില്‍ക്കുന്നത്. ജാതി, ഭാഷ അഥവാ മറ്റേതെങ്കിലും തരത്തില്‍ നിലനില്‍ക്കുന്നതായി പറയപ്പെടുന്ന വ്യത്യാസങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചിന്ത ഉപേക്ഷിച്ച് നമ്മുടെ ഹിന്ദു സമാജത്തെ സംഘടിപ്പിക്കുന്നതിനാണ് നാം പരിശ്രമിക്കുന്നത്. ഓരോ സ്ഥലത്തും സംഘപ്രവര്‍ത്തനം സാഹോദര്യഭാവവും പരസ്പര സ്‌നേഹവും വര്‍ദ്ധിച്ചു വരുന്നതിന്റെ അടിസ്ഥാനത്തിലാണ് നടന്നു വരുന്നത്. ഏതെങ്കിലും ഒരു ജാതിക്ക് അല്ലെങ്കില്‍ മറ്റൊരു ജാതിക്ക് വേണ്ടിയല്ല, മറിച്ച് സമ്പൂര്‍ണ സമാജ ജീവിതത്തെയും സുസംഘടിതമാക്കിത്തീര്‍ക്കാനാണ് നാം ശ്രമിക്കുന്നത്.
അസ്പൃശ്യതയെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സമാജത്തില്‍ സംഘര്‍ഷം നടത്തേണ്ടത് ആവശ്യമാണ്, പ്രക്ഷോഭം നടത്തേണ്ടതാവശ്യമാണ്. ശക്തമായ എന്തെങ്കിലും പരിപാടി ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ടത് ആവശ്യമാണ് എന്ന് ചിന്തിക്കുന്ന പല ആളുകളും ഉണ്ട്. സംഘര്‍ഷം കൊണ്ടും പ്രക്ഷോഭത്തിലൂടെയും അസ്പൃശ്യത ഇല്ലാതാകും എന്ന് ശ്രീഗുരുജി വിശ്വസിച്ചിരുന്നില്ല. പ്രക്ഷോഭവും സംഘര്‍ഷവും കൊണ്ട് കേവലം അകല്‍ച്ച വര്‍ദ്ധിക്കുമെന്നല്ലാതെ, ഏകാത്മതയും സമരസതയും കൈവരിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം.
(1972ല്‍ ഠാണെയില്‍ നടന്ന അഖില ഭാരതീയ വര്‍ഗില്‍ നടന്ന സംശയനിവാരിണിയില്‍ ഉന്നയിക്കപ്പെട്ട ചോദ്യവും മറുപടിയും)
ചോദ്യം: സംഘം അസ്പൃശ്യതയില്‍ വിശ്വസിക്കുന്നില്ലെങ്കിലും, സമാജത്തില്‍ അതില്ലാതാക്കാന്‍ എന്തെങ്കിലും പരിപാടി നടത്തുന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാനാകുമോ?
ഉത്തരം: ”അതിനുവേണ്ടി എന്തെങ്കിലും പരിപാടി നടത്തിയതുകൊണ്ട് ഫലമുണ്ടാകുമോ? മഹാത്മാഗാന്ധിജി അസ്പൃശ്യതയുടെ നിര്‍മ്മാര്‍ജ്ജനം കോണ്‍ഗ്രസ്സിന്റെ പരിപാടിയുടെ ഭാഗമാക്കുകയും അതിനുവേണ്ടി വലിയ തോതില്‍ പ്രയത്‌നിക്കുകയും ചെയ്തു. അതിന്റെ പരിണതിയാണ് ഹരിജനങ്ങള്‍ അകന്നു പോയത്. പ്രത്യേകമായി ഒരു പേര് നല്‍കിയതിന്റെ ഫലമായി വേറിടല്‍ മനോഭാവം വര്‍ദ്ധിച്ചു. പഴയ പേരുകള്‍ ഉച്ചരിക്കുമ്പോള്‍ അതോടൊപ്പം മനസ്സില്‍ ഉണരുന്ന ഭാവം, ‘ഹരിജന്‍’ എന്ന പേരിനോടൊപ്പം ഉണരില്ല എന്ന് ചിന്തിച്ചാണ് ഗാന്ധിജി ഈ പേര് നല്‍കിയത്. അദ്ദേഹത്തിന്റെ ചിന്ത ശരിയായിരുന്നെങ്കിലും ആ ഭാവം മാറിയില്ല.”
”ഒരു ഹരിജന്‍ നേതാവിനു ഡോക്ടര്‍ ഹെഡ്‌ഗേവാറുമായും ഞാനുമായും ബന്ധമുണ്ടായിരുന്നു. സംഘകാര്യം വളരെ നല്ലതുതന്നെ എങ്കിലും സംഘമാണ് ഞങ്ങളുടെ യഥാര്‍ത്ഥ ശത്രു. കാരണം, മറ്റെല്ലാവരും ഞങ്ങളുടെ പ്രത്യേക അസ്തിത്വം അംഗീകരിക്കുന്നു; ഞങ്ങളുടെ സവിശേഷ അധികാരങ്ങളെക്കുറിച്ച് പറയുന്നു. എന്നാല്‍ സംഘത്തില്‍ വന്നാല്‍ ഞങ്ങളുടെ തനിമ നഷ്ടപ്പെട്ട് ഞങ്ങള്‍ കേവലം ഹിന്ദുക്കള്‍ ആയിത്തീരും. പിന്നെ വിശേഷാധികാരം എങ്ങനെ ലഭിക്കും! വേറിടല്‍ മനോഭാവം അദ്ദേഹത്തിന്റെ കാര്യത്തില്‍ പാരുഷ്യമായി മാറിയിട്ടുണ്ട്. ഈ വേറിടല്‍ മനോഭാവവും പാരുഷ്യവും കാരണമാണ് ഹിന്ദുസമാജത്തില്‍ ലയിച്ചു ചേര്‍ന്നാല്‍ തങ്ങള്‍ക്ക് എന്ത് സംഭവിക്കും എന്ന ചിന്ത അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായത്.”
”1941ല്‍ മഹാര്‍ ജാതിക്കാരനായ ഒരു കുട്ടി എന്നെ കാണാന്‍ വന്നു. സംഘത്തില്‍ വന്നാല്‍ ഞങ്ങള്‍ക്ക് എന്ത് കിട്ടും?” എന്നവന്‍ ചോദിച്ചു. ”നിങ്ങള്‍ സ്വയം നിങ്ങളെ മറ്റുള്ളവരില്‍ നിന്ന് അന്യനായി കാണുന്നു. അതോടൊപ്പം അവരേയും അന്യരായി കാണുന്നു. വിഭജനത്തിന്റെ ഈ മതില്‍ക്കെട്ട് തകര്‍ന്നു പോകും. അതൊരു നേട്ടം തന്നെയല്ലേ?” ഞാന്‍ പറഞ്ഞു.
വേറിടല്‍ ചിന്തയെ പ്രോത്സാഹിപ്പിക്കാതെ അവരുടെ വ്യഥകളെ പരിഹരിക്കുന്നതിനെക്കുറിച്ച് ആര്‍ക്കെങ്കിലും ചിന്തിക്കാനാവുമെങ്കില്‍, അത്തരം ചിന്തയാണ് നന്നാവുക. അല്ലാത്തപക്ഷം പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരിക്കും ഫലം.
അസ്പൃശ്യതയുടെ ചിന്ത ആഴത്തില്‍ ഇറങ്ങിച്ചെന്നിട്ടുണ്ട്. ബ്രാഹ്മണര്‍ക്കിടയിലും ചെറുതും വലുതുമായ ജാതികളുണ്ട്. അതുകാരണം അവര്‍ പരസ്പരം ഒരാള്‍ തൊട്ട വെള്ളം മറ്റേയാള്‍ കുടിക്കില്ല. ഇപ്പോള്‍ അതെല്ലാം ഇല്ലാതായിട്ടുണ്ട്. പക്ഷേ, ഈ അസ്പൃശ്യതയുടെ ഭാവം മുമ്പ് ഉണ്ടായിരുന്നു. ഹരിജനങ്ങള്‍ക്കിടയിലും ഒരാളുടെ നിഴല്‍പോലും മറ്റൊരാളുടെ മേല്‍ പതിയുന്നത് സഹിക്കാത്ത ആളുകള്‍ ഉണ്ടായിരുന്നു. പ്രശ്‌നം അത്രമാത്രം ഭീമമാണ്. അസ്പൃശ്യത കേവലം ബ്രാഹ്മണര്‍ മുതലായവര്‍ പാലിച്ചിരുന്നു എന്നു മാത്രം പറഞ്ഞതുകൊണ്ടു കാര്യമില്ല. അതില്ലാതാകുന്നതിന് തീവ്രമായ പരിശ്രമം വേണ്ടിവരും, വളരെയധികം ശിക്ഷണം നല്‍കേണ്ടിവരും. പഴയ സംസ്‌കാരം കഴുകിക്കളഞ്ഞ് പുതിയ സംസ്‌കാരം നല്‍കേണ്ടിവരും. അനേകം വര്‍ഷങ്ങളായി അകത്ത് കുടികൊള്ളുന്ന വിചിത്രമായ ഈ ഭാവനകളെ ബലാല്‍ക്കാരേണ അകറ്റിയതുകൊണ്ട് കാര്യം നടക്കില്ല. അതുകൊണ്ട് അകല്‍ച്ച വര്‍ദ്ധിക്കും. ഇതിനെക്കുറിച്ച് വളരെയധികം ചിന്തിക്കേണ്ടിവരും. അസ്പൃശ്യരെന്ന് വിളിക്കപ്പെടുന്നവരെക്കുറിച്ച് ശ്രീഗുരുജിയുടെ പെരുമാറ്റത്തില്‍ ലവലേശം പോലും ഹീനഭാവം ഉണ്ടായിരുന്നില്ല. തന്റെ ഈ സഹോദരങ്ങളെ കുറിച്ച് അദ്ദേഹം അത്യന്തം ആദരവാര്‍ന്ന വാക്കുകളില്‍ പറയുന്നു: ”അസ്പൃശ്യര്‍ക്ക് ബുദ്ധിപരവും വൈകാരികവുമായ ഗുണങ്ങള്‍ കുറവാണെന്നും ഇനിയും വളരെ കാലത്തോളം അവര്‍ക്ക് സമൂഹത്തിന്റെ മറ്റ് വിഭാഗങ്ങള്‍ക്കൊപ്പമെത്താന്‍ സാധ്യമല്ലെന്നും പറയുന്നത് അവര്‍ക്ക് അപമാനകരമാണെന്ന് മാത്രമല്ല, വസ്തുതകള്‍ക്ക് നിരക്കാത്തതു കൂടിയാണ്. കഴിഞ്ഞ ഒരു സഹസ്രാബ്ദമായി അസ്പൃശ്യരെന്ന് പറയപ്പെടുന്നവര്‍ ദേശീയ വിമോചന സമരത്തിന്റെ മുന്നണിയില്‍ തന്നെയുണ്ടായിരുന്നെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. റാണാപ്രതാപന്റെയും ഗുരു ഗോവിന്ദസിംഹന്റേയും ശിവാജിയുടെയും സൈന്യങ്ങളിലുള്ള ധീരന്മാരും വീരന്മാരുമായ പടയാളികള്‍ക്കിടയില്‍ ഇവര്‍ ഉണ്ടായിരുന്നു. ദല്‍ഹിയിലേയും ബീജാപ്പൂരിലേയും വിദ്രോഹ ശക്തികള്‍ക്കെതിരെ ശിവാജി നടത്തിയ നിര്‍ണായക സമരങ്ങളില്‍ പലതും നയിച്ചതും നടത്തിയതും ഈ വിഭാഗത്തില്‍പ്പെട്ട പരാക്രമികളായ സഹോദരന്മാരാണ്” (ശ്രീഗുരുജി സമഗ്ര: വാല്യം 2. പുറം 341).
നമ്മുടെ ആദ്ധ്യാത്മിക ലോകത്തും നമ്മുടെ ഈ ബന്ധുക്കള്‍ നല്‍കിയ സംഭാവന അത്യന്തം ശ്രേഷ്ഠമാണ്. വടക്ക് രൈദാസ്, മഹാരാഷ്ട്രയില്‍ ചോഖാമേള എന്നു മാത്രമല്ല, രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും രചയിതാക്കളും ഉന്നത ജാതിക്കാരായിരുന്നില്ല. ഇത്തരം മഹാപുരുഷന്മാരെ സൃഷ്ടിച്ച ഇത്തരം ജാതികളെ അവഹേളിക്കുന്നത് പാപമാണ് എന്ന ശ്രേഷ്ഠമായ ചിന്തയാണ് ശ്രീഗുരുജി പുലര്‍ത്തിയിരുന്നത്. അദ്ദേഹം പറയുന്നു: ”നമ്മുടെ സമാജത്തിലെ എല്ലാ വിഭാഗങ്ങളുടേയും കലവറ കൂടാതെയുള്ള വിശ്വാസാദരങ്ങള്‍ പിടിച്ചുപറ്റിയ അസംഖ്യം സാധുക്കളും സന്ന്യാസിമാരും ഈ ജാതികളില്‍ പിറന്നിട്ടുണ്ട്. നമ്മുടെ ധര്‍മ്മത്തില്‍ ഈ സഹോദരന്മാര്‍ക്കുള്ള ഉറച്ച വിശ്വാസം വാസ്തവത്തില്‍ ആവേശം പകര്‍ന്നുനല്‍കുന്നതാണ്. കാലമിത്രയും ധര്‍മ്മത്തിന്റെ പേരില്‍ സമാജത്തിന്റെ മറ്റ് വിഭാഗങ്ങളില്‍ നിന്ന് അപമാനങ്ങളും പീഡനങ്ങളും അനുഭവിക്കേണ്ടി വന്നിട്ടും അവരുടെ മതവിശ്വാസത്തെ ഉപേക്ഷിച്ച് വിദേശ മതത്തില്‍ ചേരാനുള്ള എല്ലാ പ്രലോഭനങ്ങളെയും അവര്‍ വീറോടുകൂടി എതിര്‍ത്തിട്ടുണ്ട്. വിഭജനകാലത്ത് ഇസ്ലാംമതത്തിലേക്ക് പരിവര്‍ത്തനത്തിന് തയ്യാറായി തങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍, കൊടിയ കഷ്ടപ്പാടുകള്‍ സഹിച്ചും ഹിന്ദുധര്‍മ്മത്തില്‍ തന്നെ നിലനില്‍ക്കാനായി ബംഗാളിലെ ലക്ഷക്കണക്കിന് അസ്പൃശ്യര്‍ക്ക് (നാമശൂദ്രന്മാര്‍) ഭാരതത്തിന്റെ അതിര്‍ത്തിക്കകത്ത് കുടിയേറിപ്പാര്‍ക്കേണ്ടിവന്നു” (ശ്രീഗുരുജി സമഗ്ര: വാല്യം 2, പുറം 341)
ഇന്ന് ചാതുര്‍വര്‍ണ്യം, ജാതിവ്യവസ്ഥ, അസ്പൃശ്യത എന്നിവയുമായി ബന്ധപ്പെട്ട് സമാജത്തില്‍ കാണുന്ന ചിത്രം, സാമാജിക സമരസതക്ക് വലിയ തോതില്‍ വിഘാതം സൃഷ്ടിക്കുന്ന ഒന്നാണ്. ഈ സാമാജിക രോഗത്തെ വേരോടെ പിഴുതെറിയുക എന്നതായിരുന്നു ശ്രീഗുരുജിയുടെ ലക്ഷ്യം. ഈ വിഷയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്ത ഒരിക്കലും ഉപരിപ്ലവമായിരുന്നില്ല. ‘ശസ്ത്രക്രിയ വിജയകരം, രോഗി മരണപ്പെട്ടു’ എന്നതരത്തിലുള്ള പ്രതിവിധി അദ്ദേഹം ആഗ്രഹിച്ചില്ല. അതുകൊണ്ട്, ചാതുര്‍വര്‍ണ്യം എന്താണ്, ജാതിവ്യവസ്ഥ എന്തായിരുന്നു എന്നത് കണക്കിലെടുത്ത് ശാസ്ത്രീയമായ ചികിത്സയാണ് അദ്ദേഹം നടത്തിയത്. ഇപ്പോള്‍ ഈ ചിന്തകള്‍കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇപ്പോഴത്തെ പ്രാഥമികമായ ആവശ്യം സമാജത്തില്‍ ഏകാത്മഭാവം ഉണര്‍ത്തുക എന്നതാണ്. ഈ ഭാവം ഉണര്‍ത്തിയുള്ള യാത്ര മാത്രമേ സമാജത്തില്‍ സമരസത സാധ്യമാക്കൂ എന്നദ്ദേഹം വിശ്വസിച്ചു. ശ്രീഗുരുജിയുടെ മാര്‍ഗ്ഗം മറ്റെല്ലാ മാര്‍ഗ്ഗങ്ങളില്‍ നിന്നും ഭിന്നമായിരുന്നു. സാമൂഹിക സംഘര്‍ഷത്തിന്റെ പാതയില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് അല്ലെങ്കില്‍ ഹരിജനങ്ങളുടെ ഉദ്ധാരണത്തിന്റെ പാത അവലംബിച്ചവര്‍ക്ക് ഒന്നുകില്‍ ശ്രീഗുരുജിയെ മനസ്സിലാക്കാനായില്ല, അല്ലെങ്കില്‍ ബോധപൂര്‍വ്വം തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ് എന്ന് പറയേണ്ടിവരും. ഇതുകൊണ്ട് ശ്രീഗുരുജി എന്ന വ്യക്തിക്ക് നഷ്ടമൊന്നും സംഭവിച്ചില്ലെങ്കിലും, സാമൂഹ്യപ്രശ്‌നങ്ങള്‍ കൂടുതല്‍ ഭീഷണമായി തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ചരിത്രം നിഷ്പക്ഷമായി ജാതി നിര്‍മ്മാര്‍ജ്ജനത്തിനുവേണ്ടിയുള്ള സംരംഭങ്ങളെ വിലയിരുത്തിയാല്‍, ശ്രീഗുരുജിയുടെ പങ്ക് സമാജത്തിന്റെ സാര്‍വത്രികവും സര്‍വകാലീനവുമായ ക്ഷേമത്തിനു വേണ്ടിയായിരുന്നു എന്ന് ആര്‍ക്കും സമ്മതിക്കേണ്ടിവരും.
(അവസാനിച്ചു)