കോട്ടയം: അരവിന്ദനോര്‍മ്മകളുടെ തമ്പായി മാറിയ അരവിന്ദം നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് 3 ദിവസങ്ങളിലായി സിഎംഎസ് കോളജ് കാമ്പസ് തീയറ്ററില്‍ നടന്നു. രാഷ്ട്രീയ വിശകലനങ്ങളോടെ സമൂഹത്തെ സമീപിച്ച ഉത്തരായനത്തോടെയാണ് അരവിന്ദന്‍ ലോക സിനിമയുടെ അരങ്ങിലേക്ക് മലയാളത്തെ ചേര്‍ത്തു നിര്‍ത്തിയതെന്ന് അരവിന്ദം ഉദ്ഘാടനം ചെയ്ത് പ്രശസ്ത സംവിധായകന്‍ ബ്ലെസി പറഞ്ഞു. മദ്യം വാങ്ങിത്തരുന്നവര്‍ക്ക് മുന്നില്‍ സംഗീതത്തെ വില്‍ക്കേണ്ടി വരുന്ന ഒരു സാഹചര്യം അതിലൂടെ അവതരിപ്പിക്കുന്നു. ഹൃദയത്തിന്‍ രോമാഞ്ചം സ്വരരാഗ ഗംഗയായ് പകരുന്ന മണിവീണ മൂകമായ് എന്ന മധുരഗാനം പകരുന്നത് ഇത്തരത്തിലുള്ള സാമൂഹ്യ സാഹചര്യങ്ങളെയാണ് മുന്നോട്ടു വയ്ക്കുന്നത്. സാമൂഹ്യ വിമര്‍ശനം മുഖമുദ്രയാക്കിയ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന വിപുലമായ കാര്‍ട്ടൂണ്‍ പരമ്പര അരവിന്ദന്‍ സിനിമകളുടെ ദിശാസൂചകമാണെന്ന് ബ്ലെസി ചൂണ്ടിക്കാട്ടി. തിരുവല്ലയിലെ സുദൃശ്യ എന്ന ഫിലിം സൊസൈറ്റിയില്‍ നിന്നാണ് എന്റെ തുടക്കം. വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവല്ലയില്‍ അരവിന്ദന്‍ ചലച്ചിത്രോത്സവം സംഘടിപ്പിച്ചത് എന്റെ അനുഭവമാണ്. തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ നിന്ന് ദീപ തീയറ്ററിലേക്ക് തലച്ചുമടായി കൊണ്ടുപോയതാണ് എന്റെ തുടക്കത്തിലെ സിനിമാപ്രവര്‍ത്തണം. എന്റെ ഗുരുനാഥന്‍ പദ്മരാജന്‍ ഗുരുജിയെന്നാണ് അരവിന്ദനെ വിളിച്ചിരുന്നത്. ഇതെല്ലാം കൊണ്ട് അരവിന്ദം ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ആര്‍ദ്രമായ അനുഭവമാണ് പകരുന്നത്, ബ്ലെസി പറഞ്ഞു. തമ്പ് ഫിലിം സൊസൈറ്റി പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. ഫെസ്റ്റിവല്‍ ഡയറക്ടര്‍ വിജയകൃഷ്ണന്‍, തമ്പ് സെക്രട്ടറി അഡ്വ. അനില്‍ ഐക്കര, ട്രഷറര്‍ മനു മറ്റക്കര എന്നിവര്‍ സംസാരിച്ചു.