ലോകമേ തറവാട്-വസുധൈവ കുടുംബകം എന്ന സങ്കല്‍പ്പങ്ങളില്‍ മനസ് എത്തിച്ചേരണമെങ്കില്‍ വലിയ തപസ്യതന്നെ വേണം. സര്‍വസംഗപരിത്യാഗം എന്നൊക്കെയുള്ള വിഭാവനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധനകള്‍ ഏറെ വേണം. അധ്യാത്മ രാമായണത്തില്‍ എഴുത്തച്ഛന്‍ സരസ്വതീ വിളയാട്ടം നാവിലുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ പറയുന്നുണ്ട്, ‘നാവിന്മേല്‍ നടനംചെയ്‌കേണാങ്കാനനേ യഥാ കാനനേ ദിഗംബരന്‍’ എന്ന്. ദിക്കുകള്‍ അംബരമാക്കിയവന്‍ ദിഗംബരന്‍. ആ ദിക്കുകള്‍ പോലും വേദാന്തപ്പൊരുള്‍ തേടിപ്പോകുമ്പോള്‍ മിഥ്യയാകുന്നു. പക്ഷേ, വേദാന്തചിന്തയ്ക്കു പ്രാപ്തരായവരും ഒരു ഇടം കണ്ടെത്തി അവിടം ആധാരമാക്കിയാണ് ചിന്തകളുറപ്പിച്ചതും പ്രവഹിപ്പിച്ചതും. ദേഹിക്ക് ദേഹംപോലെ ഏതു കര്‍മസാധനയ്ക്കും വേണം ഒരു ഇടം.
അയോധ്യയില്‍ രാമക്ഷേത്രം എന്തിന് നിര്‍ബന്ധിക്കുന്നു, ഈശ്വരന്‍ സര്‍വ വ്യാപിയല്ലേ എന്ന ചോദ്യത്തിന് ഒരു ആചാര്യന്റെ മറുപടി, രാമന്‍ ജനിച്ചിടത്ത് രാമക്ഷേത്രം എന്നതുപോലൊരു യുക്തി വേറേ ഒന്നിനും കിട്ടില്ല എന്നായിരുന്നു. ലളിതമായ മറുപടി. രാമന്‍ അയോധ്യവിട്ട് കാട്ടില്‍ അലഞ്ഞപ്പോള്‍ മഹാമുനി വാല്‍മീകിയോട് ചോദിക്കുന്നുണ്ട്, എനിക്ക് വസിക്കാന്‍ ഈ ആശ്രമത്തില്‍ ഒരിടം പറഞ്ഞുതന്നാലും എന്ന്. പുരാണ-ഇതിഹാസങ്ങളുടെ അപാരമായ, വിശാലമായ സങ്കല്‍പ്പ കലയ്ക്ക് മുമ്പില്‍ നാം നമിച്ചു പോകും. രാമകഥയായ രാമായണം എഴുതിയ വാല്‍മീകിയോട് അതിലെ മുഖ്യ കഥാപാത്രം ചോദിക്കുകയാണ് തനിക്ക് താമസിക്കാന്‍ പറ്റിയ ഒരിടം അദ്ദേഹത്തിന്റെ ആശ്രമത്തില്‍ എവിടെയാണെന്ന് പറഞ്ഞുതരാമോ എന്ന്. ലോക സാഹിത്യത്തില്‍, ആധുനികതയുടെ സര്‍റിയലിസ്റ്റിക് സാഹിത്യത്തില്‍ ഇങ്ങനെയൊന്ന് സങ്കല്‍പ്പിച്ചു കണ്ടിട്ടുണ്ടോ. അധ്യാത്മ രാമായണത്തില്‍, ഈശ്വരനായ രാമന്‍ അങ്ങനെ ചോദിച്ചതിന് വാല്‍മീകി നല്‍കുന്ന വിശദീകരണമിങ്ങനെ: അല്ലയോ രാമ അങ്ങേയ്ക്ക് സുഖവാസകരമായ മന്ദിരം ഇവിടെയെല്ലാമാണ്, എന്നു പറയുകയാണ്. ‘സന്തുഷ്ടരായി, തുല്യമായി ഏവരേയും കാണുന്ന, ജന്തുക്കളോടൊന്നുംതന്നെ വിദ്വേഷമില്ലാത്ത, ശാന്തമായി നിന്നെ (ഈശ്വരനെ) ഭജിക്കുന്നരുടെ ഹൃദയത്തില്‍ നിനക്ക് താമസിക്കാം. ധര്‍മ്മാധര്‍മ്മങ്ങളെല്ലാം ഉപേക്ഷിച്ച് ഭക്തി മാത്രമായി ഭഗവാനെ ഭജിക്കുന്നവരുടെ ഹൃദയ പങ്കജം അങ്ങേക്ക് മന്ദിരമാക്കാം. ഒന്നിലും ആസക്തിയില്ലാതെ, ഭേദവിചാരമില്ലാത്ത, അസൂയയില്ലാത്തവരുടെ മനസില്‍ താമസിക്കാം. ഇരുമ്പും സ്വര്‍ണവും എന്നുവേണ്ട എല്ലാറ്റിനേയും ഒരേ വികാരത്തോടെ സ്വീകരിക്കാനും തള്ളാനും കഴിയുന്നവരുടെ ഷഡ്‌വികാരങ്ങളെല്ലാം അടക്കി, സര്‍വവും മായയാണ് എന്ന് ചിന്തിക്കുന്നവരുടെ മനസ് നിനക്ക് മന്ദിരമാക്കാം…. എന്നിങ്ങനെ വിവരിച്ച്, രാമന്റെ വാസസ്ഥലം വിശദീകരിക്കുന്നു. അങ്ങനെയുള്ള രാമന്‍ പിറന്ന സ്ഥലത്ത് രാമക്ഷേത്രം എന്ന ആരാധനാ സംവിധാനമാണ് രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിലെ അയോദ്ധ്യയുടെ പ്രത്യേകത.
തൂണിലും തുരുമ്പിലും ദൈവം എന്ന വിശ്വാസക്കാര്‍ക്ക് എപ്പോഴും എവിടെയും എങ്ങനെയും ആര്‍ക്കും ആരാധനയ്ക്ക് തടസ്സമില്ല. അതുകൊണ്ടാണല്ലോ ഹരിനാമ കീര്‍ത്തനം പാടുന്നത്, ഋതുവായ പെണ്ണിനും ഇരപ്പന്നും ദാഹകനും പതിതനും അഗ്‌നിയജനം ചെയ്ത ഭൂസുരനും ഹരിനാമം എന്നും എപ്പോഴും പാടാമെന്ന്. എന്നാല്‍ ബഹുദൈവാരാധനയും വിഗ്രഹാരാധനയും നിഷിദ്ധമായ ഇസ്ലാമിക മത സങ്കല്‍പ്പത്തില്‍ വിശ്വാസങ്ങള്‍ക്കും ആരാധകള്‍ക്കും വ്യത്യസ്തമായ മുറയും സമ്പ്രദായവുമുണ്ട്.
ഇസ്ലാമിക വിശ്വാസക്രമത്തില്‍ വ്യത്യസ്ത ചിന്താധാരകള്‍ ഉണ്ടെങ്കിലും അവര്‍ക്കിടയില്‍ ഫിഖ്ഹുകള്‍ എന്ന് പരാമര്‍ശിക്കപ്പെടുന്ന കര്‍മ്മാരാധനാ പദ്ധതികള്‍ ഏറെക്കുറേ ഒന്നാണ്. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ഫത്വ എന്നിങ്ങനെയുള്ള ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളില്‍ ഏതാണ്ട് എല്ലാ സരണികളും അംഗീകരിക്കുന്നതാണ് ഫിഖ്ഹുകള്‍. ഫത്വകള്‍ ആനുകാലിക വിഷയങ്ങളില്‍ ഓരോരോ സരണികള്‍ നല്‍കുന്ന വ്യാഖ്യാനമാണ്. എന്നാല്‍, ഫിഖ്ഹുകള്‍ ഖുര്‍ആനും ഹദീസുകള്‍ക്കും എതിരാണെന്ന് വാദിക്കുന്നവരുമില്ലാതില്ല. കേരളത്തില്‍ വഹാബിസക്കാരാണ് ഫിഖ്ഹിനെ കൂടുതലായും എതിര്‍ക്കുന്നത്.
പൊതുവെ അംഗീകരിക്കപ്പെട്ട അത്തരം ചില ഫിഖ്ഹുകളില്‍ പ്രധാനമാണ് നിസ്‌കാരം, എന്ന ദൈവാരാധന മുറ. ഈ മുറ മുസ്ലിങ്ങളിലെ സുന്നികള്‍ക്കും ഷിയാകള്‍ക്കും ഷാഫികള്‍ക്കും മാലിക്കുകള്‍ക്കും ദേവ്ബന്ധികള്‍ക്കും എന്നല്ല, സകല വിഭാഗങ്ങള്‍ക്കും സ്വീകാര്യമായതും പ്രമാണമായതുമാണ്. ഇസ്ലാമിക കര്‍മ്മമാര്‍ഗ്ഗ പ്രകാരം അനധികൃതമായും അവിഹിതമായും സമ്പാദിക്കപ്പെട്ടതൊന്നും ദൈവികമല്ല. അതായത് അവയുടെ ഉപയോഗത്തിലൂടെ ദൈവാരാധന നടത്തിയാല്‍ അത് ദൈവത്തിന് സ്വീകാര്യമല്ല എന്നു മാത്രമല്ല, ഹറാമാണ്, ദൈവ വിരുദ്ധമാണ് എന്ന് ഫിഖ്ഹ് വിവരിക്കുന്നു.
‘പിടിച്ചു പറിക്കപ്പെട്ടത്, അനധികൃതമായി വന്നുചേര്‍ന്നത്, അന്യന് അവകാശപ്പെട്ടത്, അവിഹിതമായി ലഭിച്ചത്, കൈവശപ്പെടുത്തിയത്… ഇങ്ങനെയുള്ള വസ്തുക്കള്‍ക്ക് സംബന്ധമുള്ള ഒരു പ്രാര്‍ഥനയും അര്‍പ്പണവും ദൈവം സ്വീകരിക്കില്ല’ എന്നാണ് ഫിഖ്ഹുകള്‍ വിശദീകരിക്കുന്നതെന്ന് വിവിധ വ്യാഖ്യാനങ്ങള്‍ പറയുന്നു.
അയോദ്ധ്യ ഭൂമി തര്‍ക്കക്കേസ്സില്‍ അവിടം രാമജന്മഭൂമിയാണെന്നും ക്ഷേത്ര നിര്‍മാണമാണ് അവിടെ വേണ്ടതെന്നും വാദിച്ചവരെ ന്യായീകരിച്ചിരുന്നു ഉത്തര്‍പ്രദേശിലെ ഷിയ മുസ്ലിങ്ങള്‍. അവര്‍ പറഞ്ഞ ന്യായവും ഇതായിരുന്നു, അവിടെ ഒരു ഇസ്ലാം ആരാധനാലയം പണിയാന്‍ ഇസ്ലാമിക വിശ്വാസം അനുവദിക്കുന്നില്ല; കാരണം തര്‍ക്കഭൂമിയില്‍ പണിത പള്ളിയിലെ നിസ്‌കാരം അള്ളാഹു സ്വീകരിക്കില്ല എന്ന് അവര്‍ ഫിഖ്ഹുകള്‍ നിരത്തി സ്ഥാപിക്കുകയും ചെയ്തിരുന്നു.
അന്ന്, ഷിയാക്കളുടേത് വേറിട്ട ശബ്ദമെന്നും അവര്‍ ഇസ്ലാമിക വിശ്വാസങ്ങളെയും അയോദ്ധ്യക്കേസിലെ എതിര്‍പക്ഷക്കാരോടൊപ്പമെന്നും മറ്റ് ഇസ്ലാമിക വിഭാഗങ്ങള്‍ വിമര്‍ശിച്ചു. പക്ഷേ, ഫിഖ്ഹുകളുടെ വ്യാഖ്യാന പ്രകാരം ആ വാദമാണ് ശരി. തര്‍ക്കത്തിലുള്ള സ്ഥലം കേസുമുഖേനയോ അല്ലാതെയോ സമ്പാദിച്ച് അവിടെ പണിയുന്ന ആരാധനാലയത്തിലെ നിസ്‌കാരംകൊണ്ട് ഗുണത്തേക്കാര്‍ ദോഷമേ ഭവിക്കൂ. കടുത്ത നിര്‍ദ്ദേശങ്ങളും വ്യവസ്ഥകളുമാണ് ആരാധനക്കാര്യങ്ങളില്‍. ഉദാഹരണത്തിന് കൃത്യമായ ദിക്കു നോക്കി ദിശ നിര്‍ണയിച്ചല്ലാതെ നടത്തുന്ന നിസ്‌കാരത്തിന് ഫലമില്ല എന്നാണ് ഫിഖ്ഹ് പ്രമാണം. നിസ്‌കാരത്തില്‍ വ്യക്തിശരീര ശുദ്ധിയില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാന്‍ പാടില്ലെന്ന് ഫിഖ്ഹ് നിഷ്‌കര്‍ഷിക്കുന്നു. വസ്ത്ര ധാരണത്തില്‍ പോലുമുണ്ട് കടുത്ത വ്യവസ്ഥ. ശരീരത്തിന്റെ നഗ്‌നത പൂര്‍ണമായും മറച്ചേ നിസ്‌കാരം പാടുള്ളു. ഇനി നിസ്‌കാരത്തിലുള്ള നിര്‍ബന്ധബുദ്ധിമൂലം, വസ്ത്രമില്ലാത്ത ഒരാള്‍ നഗ്‌നത മറയ്ക്കാന്‍ ശേഖരിച്ച വസ്ത്രം ‘അനര്‍ഹ മാര്‍ഗത്തില്‍’ ആണെങ്കില്‍ അതും ഹറാമാണ്. ദൈവം ആ പ്രാര്‍ത്ഥന സ്വീകരിക്കില്ല. ആ പ്രാര്‍ത്ഥന സാധുവല്ല. മാത്രല്ല, കുറ്റക്കാരനാകും, ഫിഖ്ഹുകളുടെ വ്യാഖ്യാനങ്ങള്‍ നിരത്തി പണ്ഡിതര്‍ പറയുന്നു.
ഈ സാഹചര്യത്തിലാണ് ഷിയാ മുസ്ലിങ്ങള്‍ ആദ്യം ഉയര്‍ത്തിയ വാദം സാധുവാകുന്നത്. അയോദ്ധ്യയില്‍ ക്ഷേത്രം തകര്‍ത്ത് പണിത പള്ളിയില്‍ നിസ്‌കാരമേ പാടില്ലെന്ന വിശ്വാസം പോലും ആദ്യകാലത്തുയര്‍ന്നിരുന്നു. പിന്നീട് അത് തര്‍ക്കഭൂമിയും വ്യവഹാര ഭൂമിയും ആയതോടെ അവിടത്തെ ആരാധന ഹറാം പോലുമായി. വിശ്വാസ ചര്‍ച്ചകളുടെ പക്ഷത്തുവരുമ്പോള്‍ ഈ കാഴ്ചപ്പാട് വിശ്വാസികള്‍ സമ്മതിക്കുന്നുമുണ്ട്. എന്നാല്‍, അയോദ്ധ്യയിലെ ഭൂമി അവകാശത്തര്‍ക്കമെന്ന കേസ് വരുമ്പോള്‍ അത് ബാധകമല്ല, ആരാധനാലയത്തിലല്ല വ്യവഹാരം എന്ന വാദമാണ് പണ്ഡിതര്‍ ന്യായമായി പറയുന്നതും.
ഇപ്പോള്‍, സുപ്രീം കോടതി വിധി വന്ന്, ഇസ്ലാമിക പക്ഷത്തിന് അഞ്ചേക്കര്‍ ഭൂമി പകരം നല്‍കണമെന്ന വ്യവസ്ഥ വന്നപ്പോഴും അവിടെ ആരാധനാലയം നിര്‍മ്മിക്കാമോ, അവിടത്തെ ആരാധന ഫിഖ്ഹ്് പ്രകാരം സാധുവാണോ തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുകയാണ്.