ചരിത്രപരവും വിശ്വാസപരവുമായ ഒട്ടേറെ കാരണങ്ങള്‍ കൊണ്ട് കേരളത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ അതിപ്രധാനമായ സ്ഥാനമുള്ള തീര്‍ത്ഥാടന കേന്ദ്രമാണ് ഗുരുവായൂര്‍. അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന തീര്‍ത്ഥാടന കേന്ദ്രമായി കഴിഞ്ഞ നൂറ്റാണ്ടില്‍ ഗുരുവായൂര്‍ ക്ഷേത്രം പരിണമിച്ചിട്ടുണ്ട്. അതിന്റെ ഫലമായെന്നോണം വരുമാനത്തിലും ഭൗതിക സാഹചര്യങ്ങളിലും വലിയ ഉയര്‍ച്ച ക്ഷേത്രത്തിനും ഗുരുവായൂര്‍ ദേവസ്വത്തിനും ഗുരുവായൂര്‍ നഗരത്തിനും സംഭവിച്ചിട്ടുണ്ട്.
കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ജീവിതത്തിന്റെ ഗതി നിര്‍ണ്ണയിച്ച ഗുരുവായൂര്‍ ക്ഷേത്രം ഐതിഹാസികമായ ഒട്ടേറെ ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ജാതീയതയ്ക്കും ഉച്ചനീചത്വത്തിനും എതിരെ നടന്ന ഗുരുവായൂര്‍ സത്യഗ്രഹം പോലെയുള്ള ചരിത്രഗാഥകള്‍ അരങ്ങേറിയത് ഈ മണ്ണിലാണ്. നൂറ്റാണ്ടുകളിലൂടെയുള്ള കേരളത്തിന്റെ സാമൂഹ്യ പരിണാമത്തിന്റെ സൂക്ഷ്മമാപിനികളിലൊന്നാണ് ഗുരുവായൂര്‍ ക്ഷേത്രം.
അടുത്തകാലത്തായി ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന വാര്‍ത്തകള്‍ ഏതൊരാളുടേയും മനസ്സിനെ വേദനിപ്പിക്കുന്നതാണ്. അഴിമതിയും സ്വാര്‍ത്ഥതയും അരങ്ങുവാഴുന്നയിടമായി ഗുരുവായൂര്‍ ദേവസ്വം മാറുന്നത് അങ്ങേയറ്റം വേദനാജനകമാണ്. സാധാരണക്കാരായ ഭക്തരുടെ നാണയത്തുട്ടുകള്‍ മുതല്‍ ശതകോടീശ്വരന്മാര്‍ വഴിപാടായി സമര്‍പ്പിക്കുന്ന കോടികള്‍ വരെ ഗുരുവായൂരപ്പന് മുന്നില്‍ നിത്യേന എത്തുന്നു. ഈ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ നിയുക്തരായ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി ഇന്ന് കേരള സമൂഹത്തിന്റെ മുന്നില്‍ പ്രതിക്കൂട്ടിലാണ്. ഒന്നിന് പിന്നാലെ ഒന്നായി സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച വസ്തുതകള്‍ പുറത്തു വരികയാണ്.
ഏറ്റവും ഒടുവിലായി ഗുരുവായൂരപ്പന്റെ സ്വര്‍ണ-വെള്ളി ലോക്കറ്റുകള്‍ വിറ്റ വകയില്‍ വലിയ ക്രമക്കേട് നടന്നു എന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുള്ളത്. ദേവസ്വത്തിന്റെയും ക്ഷേത്രത്തിലെ വഴിപാടുകളുടേയും വിശ്വാസ്യത തന്നെ തകര്‍ക്കുന്ന തരത്തിലുള്ള ഇത്തരം കണ്ടെത്തലുകള്‍ ഞെട്ടലുളവാക്കുന്നവയാണ്. ലോക്കറ്റ് വില്‍പ്പന കഴിഞ്ഞ് ബാങ്കിലേക്ക് അടയ്ക്കുന്ന തുകയില്‍ 27 ലക്ഷം രൂപയുടെ കുറവാണ് കണ്ടെത്തിയത്. പിന്നീട് നടന്ന അന്വേഷണത്തില്‍ 2020 മുതലുള്ള കാലഘട്ടത്തില്‍ പലപ്പോഴായാണ് ഈ തുക നഷ്ടമായിട്ടുള്ളത് എന്നും വ്യക്തമായി. ഫിനാന്‍സ് വിഭാഗത്തിലും അക്കൗണ്ട്‌സ് വിഭാഗത്തിലുമായി നൂറുകണക്കിനാളുകള്‍ ജോലി ചെയ്യുന്ന ഗുരുവായൂര്‍ ദേവസ്വത്തില്‍ ഇത്രയും വലിയ ഒരു ക്രമക്കേട് എങ്ങനെ ശ്രദ്ധയില്‍പ്പെടാതെ പോകും എന്ന ചോദ്യമാണ് ബാക്കിയാകുന്നത്. അതോ ഈ ക്രമക്കേടിന് എല്ലാവരും കൂട്ടുനില്‍ക്കുകയാണോ?
ഗുരുവായൂര്‍ ദേവസ്വത്തിന്റെ സ്വത്ത് വിവരങ്ങളും വിലപിടിപ്പുള്ള സാധനസാമഗ്രികളെക്കുറിച്ചുള്ള വിവരങ്ങളും എല്ലാവര്‍ഷവും ജൂണ്‍ മാസത്തില്‍ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ ദേവസ്വം കമ്മീഷണര്‍ക്ക് കൈമാറേണ്ടതാണ്. എന്നാല്‍ ഈ ജോലി വര്‍ഷങ്ങളായി കൃത്യമായി നടക്കുന്നില്ല. ഇതിനു പിന്നാലെയാണ് ക്ഷേത്രത്തില്‍ വഴിപാട് ഇനങ്ങളുടെ കണക്കില്‍ പോലും വലിയ വെട്ടിപ്പ് നടക്കുന്നതായി ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. വെണ്ണയില്‍ മാത്രം നാല് ലക്ഷം രൂപയുടെ കുറവാണ് കണ്ടെത്തിയത്.
ക്ഷേത്രത്തിലെ നിത്യോപയോഗത്തിന് കൈമാറുന്ന സ്വര്‍ണ്ണം, വെള്ളി ഉരുപ്പടികള്‍ എന്നിവ തിരികെ ഏല്‍പ്പിക്കുമ്പോള്‍ കാണുന്ന തൂക്കക്കുറവിന് തുടര്‍നടപടികള്‍ സ്വീകരിക്കുന്ന പതിവ് ഇല്ലാതായിട്ട് കാലമേറെയായി. ഇതുമൂലം വലിയ നഷ്ടമാണ് ദേവസ്വത്തിന് സംഭവിച്ചിട്ടുള്ളതെന്ന് കഴിഞ്ഞ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ക്ഷേത്രത്തില്‍ നടവരവായി ലഭിക്കുന്ന ഓട്, ചെമ്പ്, പിച്ചള, പഞ്ചലോഹ ഉരുപ്പടികള്‍ എന്നിവ കൃത്യമായി അക്കൗണ്ട് ചെയ്യപ്പെടുന്നില്ല. ഉദാഹരണമായി 2022 ഫെബ്രുവരി 22ന് പാലക്കാട് കൊടല്‍വള്ളിമന പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രത്തിലേക്ക് വഴിപാടായി 2000 കിലോ ഭാരം ഉള്ള ഉരുളി സമര്‍പ്പിച്ചിരുന്നു. ഏതാണ്ട് 15 ലക്ഷം രൂപ വിലയുള്ളതാണ് ഈ ഉരുളി. എന്നാല്‍ റെക്കോര്‍ഡുകളിലോ സ്റ്റോക്കിലോ ഈ ഉരുളി രേഖപ്പെടുത്തിയിട്ടില്ല. ഇതുപോലെ എത്രയോ വസ്തുക്കള്‍ രേഖപ്പെടുത്താതെയുണ്ട്. ഇക്കാര്യങ്ങളും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തു പറയുന്നു.
പാത്രങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും സമര്‍പ്പിക്കുന്നവര്‍ക്ക് രശീത് നല്‍കാത്തതിനാല്‍ എത്രയാണ് വരവ് എന്നുപോലും ആര്‍ക്കും കണ്ടെത്താനാകില്ല. നടവരവായി ലഭിക്കുന്ന മുഴുവന്‍ സാധനവും അക്കൗണ്ട് ചെയ്യുന്നുണ്ടോ എന്നും ഉറപ്പാക്കാനാവില്ല.
ക്ഷേത്രത്തില്‍ നടവരവായും ഭണ്ഡാരം വകയിലും ലഭിക്കുന്ന സ്വര്‍ണ്ണം, വെള്ളി ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കളുടെ അക്കൗണ്ടിങ്ങും സൂക്ഷിപ്പും ഉത്തരവാദിത്തവും ഗുരുവായൂര്‍ ക്ഷേത്രം ഭരണസമിതിക്കാണെന്ന് 1978-ലെ ഗുരുവായൂര്‍ ദേവസ്വം ആക്ട് സെക്ഷന്‍ 10 -സി, 17- 2 എന്നിവയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ റൂള്‍സ് നിലവില്‍ വന്ന് 47 വര്‍ഷം കഴിഞ്ഞിട്ടും വിലപിടിപ്പുള്ള വസ്തുക്കളുടെ സമഗ്രമായ റെക്കോഡില്ല. സമ്പൂര്‍ണമായ ഒരു ഭൗതിക പരിശോധന പോലും ഇക്കാര്യത്തില്‍ നടന്നിട്ടില്ല.
ഏറ്റവുമൊടുവില്‍ പുറത്തുവന്നതാണ് ലോക്കറ്റ് വില്‍പ്പനയിലെ ക്രമക്കേട്. ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത 2 ഗ്രാം, 3 ഗ്രാം, 5 ഗ്രാം, 10ഗ്രാം സ്വര്‍ണ്ണ ലോക്കറ്റുകളും അഞ്ച്, പത്ത് ഗ്രാം വെള്ളി ലോക്കറ്റുകളുമാണ് വില്പന നടത്തിയത്. ലോക്കറ്റുകളുടെ വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന തുക പഞ്ചാബ് നാഷണല്‍ ബാങ്കിലാണ് നിക്ഷേപിച്ചിരുന്നത്. വില്പനയിലെ കണക്കുകളും ബാങ്കില്‍ നിക്ഷേപിച്ച കണക്കുകളും പൊരുത്തപ്പെടാതെ വന്നപ്പോഴാണ് ഓഡിറ്റ് വിഭാഗം സമഗ്ര പരിശോധന നടത്തിയത്. ഇതോടെയാണ് 2020 മുതലുള്ള ക്രമക്കേട് പുറത്തുവന്നത്.
അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും മറ്റൊരു ഉദാഹരണമാണ് പാഞ്ചജന്യം അനക്‌സ് കെട്ടിട നിര്‍മ്മാണം. 2008 ല്‍ ആരംഭിച്ച നിര്‍മാണം അനന്തമായി നീണ്ടുപോയത് വഴി കോടികളുടെ നഷ്ടമാണ് ദേവസ്വത്തിനുണ്ടായത്. ഭക്തര്‍ക്ക് കുറഞ്ഞ ചെലവില്‍ താമസ സൗകര്യം ഒരുക്കുന്നതിനായി അഞ്ച് നിലകളിലായാണ് 58 മുറികളുള്ള പാഞ്ചജന്യം അനക്‌സ് കെട്ടിടത്തിന്റെ നിര്‍മ്മാണം 2008 ല്‍ ആരംഭിച്ചത്. 18 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കണം എന്നായിരുന്നു കരാറെങ്കിലും അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ അമ്പത് ശതമാനം പണി മാത്രമാണ് പൂര്‍ത്തീകരിച്ചത്. നാല് തവണ എസ്റ്റിമേറ്റ് പുതുക്കി നല്‍കി. 88 ലക്ഷം രൂപയായിരുന്നു ആദ്യ എസ്റ്റിമേറ്റില്‍ വകയിരുത്തിയതെങ്കില്‍ അഞ്ചാമത്തെ എസ്റ്റിമേറ്റില്‍ ഈ തുക 1.77 കോടി ആയി വര്‍ധിപ്പിച്ചു. എന്നിട്ടും കരാറുകാരന് പണിപൂര്‍ത്തിയാക്കാനായില്ല. തുടര്‍ന്ന് ദേവസ്വം ഭരണസമിതി കരാര്‍ റദ്ദാക്കി. കരാറുകാരന്‍ കോടതിയില്‍ പോയെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. എന്നാല്‍ പുതിയ ഭരണസമിതി വന്നതോടെ ഈ കരാറുകാരനെത്തന്നെ കൂടുതല്‍ തുകക്ക് വീണ്ടും നിര്‍മ്മാണം ഏല്‍പ്പിക്കുകയായിരുന്നു. ഇക്കുറിയും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കരാറുകാരനായില്ല. പുതിയ ഭരണസമിതിയും കരാറുകാരനെ പിന്നീട് ഒഴിവാക്കാന്‍ തീരുമാനിച്ചു. ഒരിക്കല്‍ ഭരണസമിതി ഒഴിവാക്കിയ കരാറുകാരനെ പുതിയ ഭരണസമിതി വീണ്ടും നിയോഗിച്ചത് ദുരൂഹത ഉണര്‍ത്തുന്നു.
ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഭൂമി ക്ഷേത്ര ആവശ്യങ്ങള്‍ക്കായല്ലാതെ കൈമാറാന്‍ ദേവസ്വം ഭരണസമിതിക്ക് അധികാരമുണ്ടോ എന്ന വലിയ ചോദ്യവും ഉയരുന്നുണ്ട്. മതേതര ജനാധിപത്യ ഭരണകൂടം നിലനില്‍ക്കുന്ന നാട്ടില്‍ സര്‍ക്കാരും നഗരസഭയും ചെയ്യേണ്ട പലകാര്യങ്ങളും ഗുരുവായൂര്‍ ദേവസ്വമാണ് സ്വന്തം സ്ഥലവും പണവും ഉപയോഗിച്ച് ചെയ്യുന്നത്. പോലീസ് സ്റ്റേഷന്‍, ഫയര്‍ സ്റ്റേഷന്‍, കെഎസ്ഇബി എന്നിവക്കെല്ലാം ഗുരുവായൂര്‍ ദേവസ്വം ഭൂമി വിട്ടു നല്‍കി. എന്നാല്‍ ഇതിന് പ്രതിഫലമായി ദേവസ്വത്തിന് ഒരു രൂപ പോലും ലഭിച്ചില്ല. കെഎസ്ഇബിയുടെ സബ്‌സ്റ്റേഷന് വേണ്ടി സ്ഥലം വിട്ടു നല്‍കിയിട്ടുള്ളത് പ്രതിവര്‍ഷം ആയിരം രൂപ വാടക നിരക്കിലാണ്. എന്നാല്‍ തിരിച്ച് ഈ സൗമനസ്യം ലഭിക്കുന്നില്ല. ദേവസ്വത്തിന്റെ ആവശ്യത്തിനുവേണ്ടി ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതിന് പോലും കെഎസ്ഇബി വലിയ തുകയാണ് ഈടാക്കിയത്. ആരാധനാലയം എന്ന പരിഗണനയില്ലാതെ വൈദ്യുതിക്ക് വലിയ നിരക്കാണ് ഈടാക്കുന്നത്. ഇപ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ ഓഫീസ് പണിയുന്നതിന് സ്ഥലം ആവശ്യപ്പെട്ട് ദേവസ്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്. പ്രതിഫലമായി ദേവസ്വത്തിന് ആവശ്യമായ വെള്ളം സൗജന്യമായോ കുറഞ്ഞ നിരക്കിലോ നല്‍കണമെന്ന അഭ്യര്‍ത്ഥന വാട്ടര്‍ അതോറിറ്റി തള്ളിക്കളഞ്ഞു.
വിവിധ വികസന പദ്ധതികളുടെ പേരിലുള്ള സ്ഥലം ഏറ്റെടുപ്പ് ദേവസ്വം ഭരണസമിതിയിലെ പലര്‍ക്കും അഴിമതിക്കുള്ള ഒരു മറയാണ്. കഴിഞ്ഞ ഇടത് ഭരണസമിതിയുടെ കാലത്താണ് കോണ്‍ഗ്രസ് നേതാവിന്റെ തറവാടും ഭൂമിയും ഏറ്റെടുത്തത്. 87 ലക്ഷം രൂപ മതിപ്പുവില കാണിച്ചാണ് ഈ ഭൂമി ഏറ്റെടുത്തത്. എന്നാല്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായി പണം കൈപ്പറ്റിയ ശേഷം കൂടുതല്‍ തുക ആവശ്യപ്പെട്ട് സ്ഥലമുടമകള്‍ കോടതിയെ സമീപിച്ചു. ദേവസ്വം കാര്യമായ എതിര്‍പ്പൊന്നും ഉയര്‍ത്തിയില്ല. 12 കോടി രൂപ കൂടി നല്‍കാന്‍ കോടതി ഉത്തരവായി. ഇതിനുപിന്നില്‍ അന്നത്തെ ഇടതു ഭരണസമിതിയും കോണ്‍ഗ്രസ് നേതാവും ഉള്‍പ്പെടെയുള്ളവരുടെ ഒത്തുകളിയും അഴിമതി താല്‍പര്യങ്ങളും ഉണ്ടെന്നത് വ്യക്തം. ഇത്തരത്തിലുള്ള നിരവധി സ്ഥലം ഇടപാടുകളാണ് ദേവസ്വം നടത്തുന്നത്. ഇക്കാര്യങ്ങളെല്ലാം വിശദമായ അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ്.