‘കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
‘മധ്യേയിങ്ങനെ’ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ.’ ഇത് പൂന്താനത്തിന്റെ ജ്ഞാനപ്പാനയില്‍ നിന്നുള്ള വരികളാണ്. ഇതില്‍ നിന്നുള്ള ‘മധ്യേയിങ്ങനെ’ എന്ന ഭാഗം മാത്രമെടുത്ത് സുധാകരന്‍ രാമന്തളി താന്‍ വിവര്‍ത്തനം ചെയ്ത കന്നട കഥയുടെ തലക്കെട്ടാക്കിയിരിക്കുന്നു (മാതൃഭൂമി ഫെബ്രുവരി 02-08). ഇങ്ങനെയൊരു തലക്കെട്ട് കന്നട കഥയ്ക്ക് ഒരിക്കലുമുണ്ടാകാനിടയില്ലല്ലോ. ഇന്ദ്രകുമാര്‍ പി.ബി. എന്ന കന്നട കഥാകൃത്തിന് മലയാള കവിതയില്‍ നല്ല പാണ്ഡിത്യമുണ്ടെങ്കിലല്ലേ പൂന്താനത്തിന്റെ വരികള്‍ കടമെടുക്കാന്‍ പറ്റൂകയുള്ളൂ. വിവര്‍ത്തകന്റെ സ്വാതന്ത്ര്യം ഇത്രത്തോളമാകാമോ?
ചെറുകഥയുടെ വികാസഘട്ടത്തില്‍ മിക്കവാറും ഭാഷകളിലും എഴുതപ്പെട്ട കഥകളുടെയൊക്കെ പ്രമേയം ദാരിദ്ര്യമായിരുന്നു. നിക്കോളായ് ഗോഗോളിന്റെ ഓവര്‍കോട്ട്, ഒ.ഹെന്റിയുടെ ഗിഫ്റ്റ് ഓഫ് മാഗി, മോപ്പസാങ്ങിന്റെ മൈ അങ്കിള്‍ ജൂള്‍സ്, ചെക്കോവിന്റെ ദ ബെഗര്‍, ടോള്‍സ്റ്റോയിയുടെ ദ പൂവര്‍ പ്യൂപ്പിള്‍ (ഹ്യൂഗോയുടെ കഥയുടെ റഷ്യന്‍ രൂപാന്തരണം) തുടങ്ങി എത്രയോ ചെറുകഥകളില്‍ ദാരിദ്ര്യമായിരുന്നു വിഷയം. ഹ്യൂഗോയുടെ പാവങ്ങള്‍ തുടങ്ങി അക്കാലത്തെഴുതപ്പെട്ട ഒട്ടുമിക്ക നോവലുകളിലും ദാരിദ്ര്യം മുഖ്യവിഷയമായിരുന്നു. മലയാളത്തില്‍ ദേവിന്റെയും കാരൂരിന്റെയും കഥകളിലുമെല്ലാം ആവര്‍ത്തിച്ചുവന്ന പ്രമേയം ദാരിദ്ര്യം തന്നെ. എന്നാലിപ്പോള്‍ പാശ്ചാത്യ ലോകത്ത് ദാരിദ്ര്യം ഇതിവൃത്തമായി വരുന്ന കഥകളേയില്ല. മലയാളത്തിലും അത്തരം കഥകളൊന്നും കാണാനില്ല. പടിഞ്ഞാറുനോക്കിയന്ത്രങ്ങളായ നമ്മള്‍ എന്തും സായിപ്പിനെ അനുകരിച്ചാണല്ലോ ചെയ്യാറുള്ളത്. പാശ്ചാത്യ ലോകത്ത് ഇപ്പോള്‍ ദാരിദ്ര്യം എന്നത് ഒരു ചെറു ന്യൂനപക്ഷത്തിന്റെ മാത്രം വിഷയമാണ്. അതും ഭക്ഷണ ദാരിദ്ര്യമൊന്നും ആര്‍ക്കും ഇല്ലെന്ന് പറയാം. കേരളത്തിലും ഏകദേശം അതൊക്കെത്തന്നെയാണ് സ്ഥിതി. അതുകൊണ്ടുതന്നെ ദാരിദ്ര്യത്തെക്കുറിച്ചെഴുതിയാല്‍ വായിക്കാന്‍ ആളുണ്ടാവില്ല.
ഏതൊരു ജനതയുടെയും സാഹിത്യം അവരുടെ സാമ്പത്തിക സാമൂഹ്യ അവസ്ഥകളെ പ്രതിഫലിപ്പിക്കുന്നതായിരിക്കും. ഒരു പത്തുവര്‍ഷം മുന്‍പുവരെ കണ്ടിട്ടുള്ള തമിഴ് സാഹിത്യകൃതികളെല്ലാം ദാരിദ്ര്യത്തിന്റെ പ്രശ്‌നങ്ങളാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാലിപ്പോള്‍ സ്ഥിതിമാറിയിരിക്കുന്നു. വ്യക്തിബോധത്തിന്റെ ശിഥിലീകരണം, സ്ത്രീകളുടെ അവകാശബോധം, നഗരഗ്രാമസംഘര്‍ഷം തുടങ്ങിയ പുതുപ്രശ്‌നങ്ങള്‍ തമിഴ്‌സാഹിത്യത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്നു. അതില്‍ നിന്നും അനുമാനിക്കാവുന്ന വസ്തുത തമിഴ്‌നാടിന്റെ സാമൂഹ്യ സാമ്പത്തിക സ്ഥിതിഗതികളില്‍ വലിയമാറ്റം വന്നിരിക്കുന്നുവെന്നാണ്. പഴയതുപോലെ തൊഴില്‍തേടി കേരളത്തിലെത്തുന്ന തമിഴരുടെ എണ്ണം ഇപ്പോള്‍ തീരെ കുറഞ്ഞിരിക്കുന്നു. മിക്കവാറും ഇല്ല എന്നുതന്നെ പറയാം.
എന്നാല്‍ ബംഗാള്‍, അസം, ഒഡീഷ, യുപി, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് തൊഴിലന്വേഷിച്ച് കേരളത്തിലേയ്ക്ക് ആളുകള്‍ വരുന്നു. കര്‍ണ്ണാടകത്തില്‍ നിന്നും തൊഴില്‍ തിരക്കി കേരളത്തിലേക്ക് ആരും വരുന്നതു കാണാനില്ലെങ്കിലും ദാരിദ്ര്യം തുടച്ചു നീക്കുന്ന കാര്യത്തില്‍ അവര്‍ വേണ്ടത്ര വിജയിച്ചുവെന്നു പറയാനാവില്ല. കര്‍ണാടകത്തിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ കാണുന്ന ചിത്രം ബീഹാര്‍ പോലെ അത്ര ദയനീയമല്ലെങ്കിലും ഇപ്പോഴും ദാരിദ്ര്യം അവിടെ കുറച്ചൊക്കെ നിലനില്‍ക്കുന്നുണ്ടെന്നത് വ്യക്തം. എങ്കിലും ഒരു മുപ്പതുവര്‍ഷം മുന്‍പുളള കന്നടനാടില്‍ നിന്ന് എത്രയോ അവര്‍ മാറിക്കഴിഞ്ഞു.
ഇന്ദ്രകുമാര്‍ എച്ച്.ബിയുടെ ‘മധ്യേയിങ്ങനെ’ എന്ന കഥയുടെ ഇതിവൃത്തം ദാരിദ്ര്യമല്ലെങ്കിലും അത്യന്തം ദരിദ്രമായ ഒരു ചുറ്റുപാടിലാണ് അതിലെ പ്രധാന കഥാപാത്രങ്ങളായ രാമിയും ഭര്‍ത്താവ് സിദ്ധലിംഗനും കഴിയുന്നത്. അതിദരിദ്രമായ അവസ്ഥയില്‍ത്തന്നെയാണ് അവരുടെ ജീവിതം. ഏഴായിരം രൂപ ശമ്പളത്തിന് ജീവിതം കണ്ടെത്തേണ്ട സ്ഥിതിയാണ് അവരുടെ കുടുംബത്തിനുള്ളത്. ചിത്രങ്ങള്‍ വരച്ചിരിക്കുന്ന ഗിരീഷ്‌കുമാര്‍ കര്‍ണ്ണാടകത്തിലെ ജീവിതം നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നു തോന്നുന്നു. രാമി പണിയെടുക്കുന്ന വന്ധ്യതാനിവാരണ നഴ്‌സിങ്ങ് ഹോമിന്റെ ചിത്രവും മറ്റു ചിത്രങ്ങളുമൊക്കെ കഥയെ നന്നായി അനുഭവിപ്പിക്കുന്നതാണ്. രാമിയുടെ അനപത്യതാദുഃഖവും അവിഹിത ബന്ധവുമൊക്കെയാണ് വിഷയമെങ്കിലും തര്‍ജ്ജമയുടെ തകരാറുകൊണ്ടോ കന്നട എഴുത്തുകാരന്റെ ആവിഷ്‌ക്കാര രീതികൊണ്ടോ കഥയ്ക്ക് ചില ദുരൂഹതകളുണ്ട്.
ഇടശ്ശേരി മരിച്ചത് 1974 ഒക്ടോബര്‍ 16നാണ്. 50 വര്‍ഷം കഴിഞ്ഞിരിക്കുന്നു ആ മഹാ കവീശ്വരന്‍ നമ്മെ വിട്ടുപോയിട്ട്. അദ്ദേഹത്തിന്റെ ‘കല്യാണപ്പുടവ’ എന്ന കവിതയില്‍ പെണ്ണുകാണാന്‍ വരുന്ന ചെറുക്കനു മുന്‍പില്‍ ഉടുത്തിറങ്ങാന്‍ ഒരു തുണിയില്ലാത്തതിന്റെ പേരില്‍ തല മാത്രം പുറത്തുനീട്ടി ചെക്കനെ ഇഷ്ടമായില്ല എന്നു പറയേണ്ടിവന്ന ഒരു പെണ്ണിനെ അവതരിപ്പിക്കുന്നുണ്ട്. പെണ്‍കുട്ടിയെ കീറത്തുണിചുറ്റി അകത്തിരുത്തിയിട്ട് അയല്‍പക്കത്തെ വീടുകളിലെല്ലാം ഒരു പുടവ തെണ്ടാന്‍ പോയതായിരുന്നു അച്ഛന്‍. അക്ഷമനായ പയ്യനും സുഹൃത്തും പെണ്‍കുട്ടി എന്താ വരാത്തതെന്ന് പലവട്ടം ചോദിക്കുന്നുണ്ട്. വളരെനേരം പെണ്‍കുട്ടി കാത്തിരുന്നു. പക്ഷേ എവിടെ നിന്നും ഒരു പുടവ കടം വാങ്ങിക്കാന്‍ അച്ഛനുകഴിയുന്നില്ല. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് പെണ്‍കുട്ടി ചെക്കനെ ഇഷ്ടമായില്ല എന്നു കള്ളം പറയുന്നത്. തന്റെ അര്‍ദ്ധനഗ്നമായ രൂപം പുറത്തു കാണിക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് തല മാത്രം പുറത്തേയ്ക്ക് നീട്ടിയാണ് പെണ്‍കുട്ടി അതുപറഞ്ഞൊപ്പിക്കുന്നത്. അക്കാലത്തെ ദാരിദ്ര്യത്തിന്റെ ഭീകരരൂപം ഇടശ്ശേരി വരച്ചിടുകയാണ് ഈ കവിതയിലൂടെ. ”ഇന്ത്യ നിന്റെ വയറ്റില്‍ പിറന്നുപോയതിന്റെ നാണം മറയ്ക്കാന്‍ ഒരു ദേശീയപതാകപോലുമില്ലാതെ ഞാന്‍ ചൂളിയുറഞ്ഞുപോകുന്നു” എന്ന് പഴയകാലത്തെ നക്‌സലൈറ്റ് കവികളില്‍ ഒരാള്‍ പാടിയത് ഓര്‍മവരുന്നു.
ഒഡിഷയിലെ കഥാകാരി ഗായത്രി സരാഫ് എഴുതിയിരിക്കുന്ന കഥ ‘രാജ്യസ്‌നേഹം’ സഹോദരിയുടെ നഗ്നത മറയ്ക്കാന്‍ ദേശീയ പതാകമോഷ്ടിക്കുന്ന കുട്ടിയുടെ കഥയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പട്ടിണി മരണങ്ങള്‍ നടന്നിരുന്നത് ഒരു കാലത്ത് ബീഹാറിലും ഒഡിഷയിലുമായിരുന്നു. ഒഡിഷയിലെ ‘കലഹണ്ടി’ ഇന്നു പലരും മറന്നുപോയിട്ടുണ്ടാവും. 1980കളില്‍ കലഹണ്ടി ജില്ല പട്ടിണി മരണങ്ങളാല്‍ കുപ്രസിദ്ധമായിരുന്നു. പക്ഷേ ഇന്ന് പട്ടിണി മരണങ്ങളുള്ളതായി കേള്‍ക്കുന്നില്ല. എന്നാല്‍ ബംഗാള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ കേരളത്തിലേയ്ക്കു വരുന്നത് ഒഡിഷയില്‍ നിന്നാണ്. അതു കാണിക്കുന്നത് അവിടെ കാര്യങ്ങള്‍ അത്ര ഭദ്രമല്ലെന്നാണ്. എന്നാല്‍ ഇപ്പോള്‍ അവിടെയുണ്ടായിരിക്കുന്ന ഭരണമാറ്റം ചില ശുഭസൂചനകള്‍ നല്‍കുന്നതായി പത്രവാര്‍ത്തകളില്‍ കാണാനിടയായിട്ടുണ്ട്.
സാഹിത്യഅക്കാദമി പുരസ്‌കാര ജേതാവായ ഗായത്രി സരാഫ് അരുന്ധതി റോയിയെപ്പോലെ ഇന്ത്യയെ ബോധപൂര്‍വ്വം താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്ന എഴുത്തുകാരിയാണോ എന്നറിയില്ല. കഥയില്‍ നിയമവ്യവസ്ഥയെ ഒട്ടും ബഹുമാനിക്കാത്ത ഒരു പോലീസ് ഓഫീസറെയാണ് കഥാകൃത്ത് അവതരിപ്പിക്കുന്നത്. പഴയകാലത്തെ ഒഡിഷ ഏകദേശം അങ്ങനെയൊക്കെത്തന്നെയായിരുന്നു. ഇനി കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് നമുക്കു പ്രത്യാശിക്കാം. ഇന്ത്യയില്‍ ഭരണപരമായ ചിലവുകളില്‍ ഏറ്റവും മിതവ്യയം നടപ്പാക്കിയ സംസ്ഥാനമായി പുതിയകാല ഒഡിഷയെ തിരഞ്ഞെടുത്തതായി ഒരു വാര്‍ത്തയുണ്ടായിരുന്നു. അതൊക്കെ ശുഭസൂചനകളാണ്. കലഹണ്ടിയിലെ കര്‍ഷകര്‍ ഇപ്പോള്‍ തങ്ങളുടെ ഇടയില്‍ പട്ടിണിയില്ലെന്നും മികച്ച വിളവുകിട്ടുന്നുണ്ടെന്നും പറയുന്ന ഒരു വീഡിയോ യൂട്യൂബില്‍ കാണാനിടയായി. വൈകാതെ ഒഡിഷ്യയില്‍ നിന്നു ഈതൊഴിലാളികള്‍ ജന്മനാട്ടിലേയ്ക്ക് മടങ്ങും എന്നു നമുക്ക് പ്രതീക്ഷിക്കാം.
എഴുത്തുകാരന്റെ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തെ ബഹുമാനിക്കണം. എങ്കിലും ചില മൂല്യങ്ങള്‍ സൂക്ഷിക്കുന്നതു സമൂഹത്തിന്റെ കെട്ടുറപ്പിനും നിലനില്പിനും അനിവാര്യമാണ്. രാഷ്ട്രം എന്ന സങ്കല്പം പഴഞ്ചനാണെന്നും അതിരുകളില്ലാത്ത ലോകമാണ് വേണ്ടതെന്നും ടാഗൂര്‍ തുടങ്ങി ലോകത്തിലെ പ്രമുഖ എഴുത്തുകാരെല്ലാവരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ മനുഷ്യ പ്രകൃതി സ്വാര്‍ത്ഥതയിലധിഷ്ഠിതമാകയാല്‍ പ്രായോഗികതലത്തില്‍ അതൊരിക്കലും വിജയിക്കാനിടയില്ല. എത്ര ഒരുമിപ്പിച്ചു നിര്‍ത്തിയിട്ടും യൂറോപ്യന്‍ യൂണിയന്റെ മുഖ്യസൂത്രധാരനായിരുന്ന ഗ്രേറ്റ് ബ്രിട്ടന്‍ തന്നെ അതില്‍നിന്നും പിരിഞ്ഞുപോയി. അമേരിക്ക ഫസ്റ്റ് എന്ന് വിളിച്ചു കൂവിയാണ് ട്രമ്പ് ഇപ്പോള്‍ വിജയം നേടിയത്. രാഷ്ട്രങ്ങള്‍ എല്ലാക്കാലത്തുമുണ്ടാവും. നിലവിലുള്ള അതിര്‍ത്തികള്‍ ചുരുങ്ങുകയോ വികസിക്കുകയോ ചെയ്യാം എന്നല്ലാതെ രാജ്യങ്ങള്‍ ഒരുമിച്ചു നില്‍ക്കുന്ന ഒരു കാലം ഉണ്ടാകില്ല. അഥവാ ഉണ്ടായാല്‍ അതൊരു വലിയ പൊട്ടിത്തെറിയിലൂടെ വീണ്ടും ഭിന്നിക്കും. യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊണ്ട് നമ്മുടെ രാജ്യത്തെ നെഞ്ചോടുചേര്‍ക്കുന്നതാണ് ഏറ്റവും ബുദ്ധിപൂര്‍വ്വമായ പ്രവൃത്തി. രാഷ്ട്രം എന്ന സങ്കല്പത്തിന്റെ ഏറ്റവും നല്ല പ്രാതിനിധ്യം അതിന്റെ പതാക, ഭൂപടം, ഭരണഘടന എന്നിവയിലാണ്. അവയെയൊന്നും ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ അപമാനിക്കാനിടയാക്കാതിരിക്കുക എന്നത് എല്ലാ പൗരന്മാരുടേയും കര്‍ത്തവ്യമായി കണക്കാക്കപ്പെടേണ്ടതാണ്. എന്നാലതില്‍ നിന്നും വ്യതിചലിക്കുന്നവര്‍ക്ക് കടുത്തശിക്ഷകള്‍ കൊടുക്കുന്നത് ആശാസ്യമല്ല. പൗരന്റെ കടമകള്‍ സ്വയം തിരിച്ചറിയേണ്ടതാണ്. തന്റെ സംസ്ഥാനത്തിലെ അല്ലെങ്കില്‍ രാജ്യത്തിലെ പട്ടിണി യാഥാര്‍ത്ഥ്യമാണെങ്കില്‍ അതിനെ ആവിഷ്‌ക്കരിക്കാന്‍ ദേശീയ പതാകയല്ലാതെ മറ്റൊരുപാധി കണ്ടെത്താമായിരുന്നു ഗായത്രി സരാഫിന്.
ദാമോദര്‍ മൗസോ ജ്ഞാനപീഠം നേടിയ കൊങ്ങിണി സാഹിത്യകാരനാണ്. അദ്ദേഹത്തിന്റെ കര്‍മലിന്‍ എന്ന നോവല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും നേടിയിട്ടുണ്ട്. ഇംഗ്ലീഷിലേയ്ക്കും ഇന്ത്യയിലെ പല ഭാഷകളിലേക്കും മൗസോയുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇതൊക്കെയാണെങ്കിലും ‘മരണമെത്താത്തതുകൊണ്ട്’ എന്ന മാതൃഭൂമിക്കഥ ഒരു ബാലസാഹിത്യ കൃതിപോലെ മാത്രമേ തോന്നുന്നുള്ളൂ. പാമ്പും ഒരു ബിബോമരവും തമ്മിലുള്ള സംഭാഷണത്തിലൂടെ വലിയ ഗഹനമായ ആശയങ്ങളൊന്നും കഥാകൃത്ത് പങ്കു വയ്ക്കുന്നില്ല. പാരിസ്ഥിതികമായ ഉല്‍ക്കണ്ഠകളും മനുഷ്യന്‍ പാമ്പ് ഉള്‍പ്പെടെയുള്ള സഹജീവികളോടു കാണിക്കുന്ന ക്രൂരതയുമാണ് കഥയിലുള്ളത്. അതൊക്കെ ഏതൊരു കുട്ടിക്കും മനസ്സിലാകുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ കഥാകൃത്തിനു കഴിയുന്നു എന്നല്ലാതെ വലിയ സന്ദേശമൊന്നും ഈ കഥ പകരുന്നില്ല.
രൂപ്‌സിങ് ചന്ദേലിന്റെ ഹിന്ദികഥ ‘അച്ഛന്റെ ധര്‍മ്മസങ്കട’ത്തിനും വലിയ ആവിഷ്‌ക്കാര ഭംഗിയൊന്നുമില്ല. ധാരാളം കേട്ടുകഴിഞ്ഞതും കണ്ടു കഴിഞ്ഞതുമായ ഒരു അനുഭവത്തിന്റെ പതിവുരീതിയിലുള്ള ആവിഷ്‌ക്കാരം. മക്കളുപേക്ഷിച്ച അച്ഛനമ്മമാരുടെ ദുഃഖവും ആ ദുഃഖത്തിനിടയിലും മക്കളുടെ ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുന്ന പിതൃഹൃദയവും; ഒക്കെ സ്ഥിരം കേള്‍ക്കാറുള്ളതുതന്നെ. എങ്കിലും ആവര്‍ത്തനവിരസത തോന്നാതെ ഒരുവിധം നന്നായി അവസാനിപ്പിച്ചുവെന്നുപറയാം.
കഥകള്‍ മാത്രമല്ല ബഹുഭാഷാ കവിതകളും റിപ്പബ്ലിക് പതിപ്പിലുള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ കവിത തെലുഗുകവിയായ അഫ്‌സര്‍ മുഹമ്മദിന്റേതാണ്, തര്‍ജമ ഇ.വി.രാമകൃഷ്ണന്റേതും. തെലുഗു അറിയാമായിരുന്നുവെങ്കില്‍ ആ ഭാഷയില്‍ത്തന്നെ വായിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇതൊരു നല്ല കവിതയായി തോന്നാനിടയുണ്ട്. എന്നാല്‍ തര്‍ജ്ജമ വായിക്കുമ്പോള്‍ ഇതൊരു കവിതയാണെന്നുപോലും പറയാന്‍ പറ്റുന്നില്ല. നോമ്പുതുറക്കാനായി വാങ്കുവിളിക്കുന്ന അച്ഛന്റെ ദാരിദ്ര്യത്തെക്കുറിച്ച് കുറെ പ്രസ്താവനകള്‍ മാത്രം. കവിതയാകാന്‍ ഇതുപോര. റിപ്പബ്ലിക് പതിപ്പില്‍ ഇനിയും കഥകളും കവിതകളുമുണ്ട്. എല്ലാത്തിനെക്കുറിച്ചും എഴുതാനിടമില്ല. മാതൃഭൂമിയുടെ സംരംഭം പ്രശംസ അര്‍ഹിക്കുന്നു.