ചെറുകോല്‍പ്പുഴ (പത്തനംതിട്ട): ആത്മവിസ്മൃതിയില്‍ നിന്ന് ഉണര്‍ന്ന് സ്വന്തം കരുത്ത് തിരിച്ചറിയുകയാണ് വിജയശാലിയായ ഹിന്ദുസമാജത്തിന് വേണ്ടതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘടിത സമാജം വിജയം വരിക്കുമെന്നത് ലോക നീതിയാണ്. ധര്‍മ്മമാണ് ഹിന്ദു സമാജത്തിന്റെ പ്രാണന്‍. ധര്‍മ്മത്തിന്റെ ചട്ടക്കൂടിന് പുറത്തുള്ള ജാതി വിവേചനവും തൊട്ടു കൂടായ്മയും അടക്കമുള്ള എല്ലാറ്റിനെയും ഉപേക്ഷിച്ച് ഒന്നെന്ന ഭാവത്തില്‍ ഉയരാന്‍ കഴിയണം, സര്‍സംഘചാലക് പറഞ്ഞു. ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഭാഗമായി നടന്ന ഹിന്ദു ഏകതാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധര്‍മ്മത്തിന്റെ നാല് തൂണുകള്‍ സത്യവും കരുണയും ശുചിത്വവും തപസുമാണ്. ഈ നാലിലും അസ്പൃശ്യതയ്‌ക്കോ ഉച്ചനീചഭാവനയ്‌ക്കോ ഇടമില്ല. ശ്രീനാരായണഗുരുദേവന്‍ മുന്നോട്ടു വച്ച ദര്‍ശനം ഇതാണ്. ധര്‍മ്മാചരണം അവനവനില്‍ നിന്ന് ആരംഭിക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ഏകതയുടെ അമൃതവര്‍ഷം ചൊരിയുന്ന മേളകളുടെ കാലമാണിത്. സമദൃഷ്ടിയുടെ ധര്‍മ്മമാണ് നമ്മുടേത്. കാല്‍ക്കീഴിന് ചുവട്ടിലെ മണല്‍ത്തരി മുതല്‍ ഗ്രഹങ്ങള്‍ വരെ, കൃമികീടങ്ങള്‍ മുതല്‍ മഹാമനീഷികള്‍ വരെ എല്ലാവരിലുമുള്ളത് ഒരേ ചേതനയാണ്. ഏകതയുടെ പ്രാണനായ ഈ ധര്‍മ്മാചരണം അവരവരുടെ സമ്പ്രദായങ്ങളില്‍ നിന്നു കൊണ്ട് ശ്രദ്ധാപൂര്‍വം നിര്‍വഹിക്കണം, സര്‍സംഘചാലക് പറഞ്ഞു. അധര്‍മ്മം പെരുകുന്നു എന്ന മുറവിളി കൊണ്ട് കാര്യമില്ല. വീടുകളില്‍ ആഴ്ചയിലൊരിക്കലെങ്കിലും ഒരുമിച്ചിരുന്ന് നമ്മുടെ സംസ്‌കാരത്തെകുറിച്ച് ചര്‍ച്ച ചെയ്യണം. ഭാഷ, ഭൂഷ (വേഷം), ഭജന, ഭോജനം, ഭവനം, ഭ്രമണം (യാത്രകള്‍) എന്നീ ആറ് ‘ഭ’കാരങ്ങള്‍ ധര്‍മ്മരക്ഷയുടെ ഉപായങ്ങളാകണം. സ്‌നേഹസംഭാഷണത്തിലൂടെ, ചര്‍ച്ചയിലൂടെ സംസ്‌കാരത്തെ അടുത്ത തലമുറയിലേക്ക് പകരാന്‍ കഴിയണം. നമുക്ക് വേണ്ടി മാത്രമല്ല സമാജത്തിന് വേണ്ടിയും സമയം കണ്ടെത്തണം. എന്റെ വീട് എല്ലാവരുടെയും വീട് എന്ന ഭാവം വളരണം. ജലം സംരക്ഷിച്ച്, വൃക്ഷത്തൈ നട്ട്, പ്ലാസ്റ്റിക് ഉപേക്ഷിച്ച് പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കണം, സര്‍സംഘചാലക് ആഹ്വാനം ചെയ്തു. ആത്മവിസ്മൃതിയെ ദൂരെയകറ്റിയ ഹനുമാന്‍ ഒറ്റയ്ക്ക് സമുദ്രം കടന്ന് രാമന്റെ കരുത്ത് രാവണന് ബോധ്യപ്പെടും വിധം ലങ്കാദഹനം നടത്തി. ഇതുപോലെ സ്വന്തം കരുത്ത് തിരിച്ചറിഞ്ഞ് ഹിന്ദുസമാജം സംഘടിക്കണം. സത്യവും കരുണയും ധീരതയും പരാക്രമവുമാണ് നമ്മുടെ പാരമ്പര്യം. നമുക്ക് ഈശ്വരന്മാരുടെ പേരില്‍ തര്‍ക്കമില്ല. നമുക്കെല്ലാം ഈശ്വരനാണ്. എല്ലാവരിലും ഈശ്വരനാണ്. പശുവിനെ നമ്മള്‍ അമ്മയായി കാണും. പര്‍വതങ്ങളെ പ്രദക്ഷിണം ചെയ്യും. ഓരോ കണത്തിലും ഈശ്വരനാണ്. വസുധൈവ കുടുംബകം എന്ന ഈ ദര്‍ശനമാണ് ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്, മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി. ഹിന്ദു സമാജത്തെ സംഘടിപ്പിക്കാനാണ് നൂറ് വര്‍ഷമായി സംഘം പ്രവര്‍ത്തിക്കുന്നത്. 113 വര്‍ഷമായി ഇതിനായി പ്രവര്‍ത്തിക്കുന്ന ഹിന്ദുമതപരിഷത്തിന്റെ വേദിയില്‍ പങ്കെടുക്കുന്നത് അഭിമാനത്തോടെയാണെന്ന് സര്‍സംഘചാലക് പറഞ്ഞു. ജീവന്‍ നിലനിര്‍ത്തുന്നത് ശക്തിയാണ്. ശക്തിയുടെ ആധാരം ഏകതയാണ്. സ്വാര്‍ത്ഥവും ഭേദവിചാരവുമാണ് ലോകമെങ്ങുമുള്ള എല്ലാ സംഘര്‍ഷത്തിന്റെയും അടിസ്ഥാനം. ഹിന്ദു ജീവിതം മുന്നോട്ടു വയ്ക്കുന്ന സമദൃഷ്ടി ദര്‍ശനമാണ് ഇതിന് പരിഹാരമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു മഹാമണ്ഡലം അധ്യക്ഷന്‍ പി.എസ്. നായര്‍ അധ്യക്ഷത വഹിച്ചു. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സര്‍സംഘചാലകന്റെ പ്രസംഗം തര്‍ജമ ചെയ്തു. ഹിന്ദു മഹാമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ കെ.ഹരിദാസ് സ്വാഗതവും സെക്രട്ടറി പി. രാജഗോപാല്‍ നന്ദിയും പറഞ്ഞു.
ശ്രീനാരായണ സ്മൃതി വ്യാഖ്യാനം പ്രകാശനം ചെയ്തു
ചെറുകോല്‍പ്പുഴ: ശ്രീനാരായണ ഗുരുദേവന്‍ രചിച്ച ശ്രീനാരായണ സ്മൃതിക്ക് ആചാര്യ ഡോ.ജി.ആനന്ദരാജ് നിര്‍വഹിച്ച വിവര്‍ത്തനവും വ്യാഖ്യാനവും ഹിന്ദു ഏകതാ സമ്മേളനത്തില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്തു. ശ്രീനാരായണ സ്മൃതി വേദ ജ്യോതി എന്ന പുസ്തകം കുരുക്ഷേത്ര പ്രകാശനാണ് പ്രസിദ്ധീകരിച്ചത്. സദാനന്ദപുരം അവധൂതാശ്രമം മഠാധിപതി ചിദാനന്ദ ഭാരതി സ്വാമികള്‍ പുസ്തകം ഏറ്റുവാങ്ങി. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, ഹിന്ദുമഹാമണ്ഡലം അധ്യക്ഷന്‍ പി.എസ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.