ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഓരോ വിദേശയാത്രയും ലോകം അങ്ങേയറ്റം ആകാംക്ഷയോടെയാണ് ശ്രദ്ധിക്കുന്നത്. കാരണം ലോക ശാക്തിക നയതന്ത്ര സാമ്പത്തിക രംഗങ്ങളില്‍ വന്‍ചലനം സൃഷ്ടിക്കാന്‍ പോന്നതാണ് അവയൊക്കെ. ഒരു വികസ്വര രാഷ്ട്രത്തിന്റെ പ്രതിനിധി എന്ന പ്രതിച്ഛായയില്‍ നിന്ന് ഒരു വികസിത വന്‍ശക്തി രാഷ്ട്രത്തിന്റെ തലവന്‍ എന്ന നിലയിലേക്ക് ഭാരത പ്രധാനമന്ത്രി പദം മാറിയിരിക്കുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തില്‍ അവരോധിതനായ ആദ്യകാലത്ത് അദ്ദേഹം നടത്തിയ ചെറുതും വലുതുമായ നിരവധി വിദേശയാത്രകളെ വിനോദ സഞ്ചാരമെന്നു പരിഹസിച്ച പ്രതിപക്ഷവും ഭാരത മാധ്യമങ്ങളും ഇനിയെങ്കിലും അദ്ദേഹം വെട്ടിത്തുറന്ന പുതുവഴികളുടെ മഹത്വവും പ്രാധാന്യവും തിരിച്ചറിയണം. ലോകത്തിലെ ചെറുതും വലുതും ശക്തവും ദുര്‍ബലവുമായ അനേകം രാജ്യങ്ങള്‍ ഇന്ന് ഭാരതത്തിന്റെ സൗഹൃദം ആഗ്രഹിക്കുന്ന കാലം വന്നിരിക്കുന്നു. ഇത് നരേന്ദ്ര ഭാരതത്തിന്റെ നയതന്ത്ര ദിഗ്വിജയങ്ങളുടെ പരിണതിയാണ്. ഇക്കഴിഞ്ഞ ദിവസം നരേന്ദ്ര മോദി ഫ്രാന്‍സിലും അമേരിക്കയിലും നടത്തിയ സന്ദര്‍ശനങ്ങളെ ലോകം ഉറ്റുനോക്കിയിരുന്നു എന്നു മാത്രമല്ല, ആ വന്‍ശക്തി രാജ്യങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണ് മോദിജിയെ വരവേറ്റത് എന്നും കാണാം. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് രണ്ടാമത് അധികാരത്തില്‍ വന്നതിനു ശേഷമുള്ള ആദ്യ സന്ദര്‍ശനമായിരുന്നു മോദിയുടേത്. സൈനിക സാമ്പത്തിക നയതന്ത്ര രംഗങ്ങളില്‍ ഇരു രാഷ്ട്രത്തലവന്മാരും ചേര്‍ന്നെടുത്ത തീരുമാനങ്ങള്‍ വന്‍ അനുരണനങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നവയാണ്. പ്രത്യേകിച്ച് ചൈന നടത്തുന്ന ആഗോള ഇടപെടലുകള്‍ വര്‍ദ്ധിച്ചു വരുകയും ചെറുതും വലുതുമായ പല രാഷ്ട്രങ്ങള്‍ക്കും അത് അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ അമേരിക്കയും ഭാരതവും ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.
മോദിയുടെ ഇപ്രാവശ്യത്തെ യാത്രകള്‍പ്രധാനമായും പ്രതിരോധം, വാണിജ്യം എന്നീ മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു. ഭാരതത്തെ സൈനികമായും സാമ്പത്തികമായും ശക്തമാക്കുക എന്ന ദീര്‍ഘകാല പദ്ധതിയുടെ പ്രായോഗിക നയതന്ത്ര നീക്കങ്ങളായിരുന്നു ലക്ഷ്യം. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. പ്രതിരോധരംഗത്ത് ഭാരതത്തിന്റെ മുഖ്യ പങ്കാളിയെന്ന പദവിയിലേക്ക് അമേരിക്ക കടന്നിരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമായിരുന്നു അവരുടെ എഫ് 35 യുദ്ധവിമാനങ്ങള്‍ ഭാരതത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നു എന്നത്. ഫ്രാന്‍സിന്റെ റാഫേലിനൊപ്പം എഫ് 35 കുടി ചേരുമ്പോള്‍ ഭാരത വ്യോമസേനയുടെ പ്രഹര ശേഷി പതിന്മടങ്ങായി വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഇക്കാലമത്രയും നമ്മുടെ ആയുധപ്പുരയെ സമ്പന്നമാക്കിയിരുന്നത് റഷ്യന്‍ ആയുധങ്ങളായിരുന്നു. മിഗ് പോലുള്ള അവരുടെ യുദ്ധവിമാനങ്ങള്‍ കാലഹരണപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ അവര്‍ തന്ന ആയുധങ്ങളുടെ പല ഘടകങ്ങള്‍ക്കും ദൗര്‍ലഭ്യം വരെ നേരിട്ടിരുന്നു. പുടിന്റെ നേതൃത്വത്തില്‍ റഷ്യ വീണ്ടും ശക്തമായി വരുന്നതിനിടയിലാണ് ഉക്രൈന്‍ യുദ്ധത്തില്‍ അവര്‍ കുടുങ്ങിയത്. നീണ്ടുപോകുന്ന ഉക്രൈന്‍ യുദ്ധം റഷ്യയെ സാമ്പത്തികമായും സൈനികമായും ക്ഷീണിപ്പിക്കുന്നുണ്ട്. ഏഷ്യാ വന്‍കരയിലെ ഏകാധിപതിയായി വളരുന്ന ചൈന ഉയര്‍ത്തുന്ന ആഗോള ഭീഷണികളെ നേരിടാന്‍ അമേരിക്കക്ക് ആശ്രയിക്കാവുന്ന ഒരു രാഷ്ട്രം ഭാരതമാണെന്ന് അവര്‍ ഇന്ന് തിരിച്ചറിയുന്നുണ്ട്. ഭാരതത്തിലെ ശക്തമായ ഭരണകൂടവും സുസ്ഥിരമായ ജനാധിപത്യവും വളരുന്ന സാമ്പത്തിക രംഗവുമെല്ലാം അമേരിക്കയെപ്പോലൊരുവന്‍ശക്തി രാഷ്ട്രത്തിന് ഭാരതത്തിന്റെ സൗഹൃദം കാംക്ഷിക്കാന്‍ മതിയായ കാരണങ്ങളാണ്. ലോകത്തിലെ ഏറ്റവും വലുതും സമ്പന്നവുമായ ഭാരതത്തിന്റെ കമ്പോളവും അമേരിക്കയെപ്പോലൊരു രാജ്യത്തിന് പ്രലോഭനമുണ്ടാക്കുന്നുണ്ടാവാം. ഇതൊക്കെ മനസിലാക്കുന്ന നരേന്ദ്ര മോദി സാധ്യതകളെ നന്നായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഭാരത, യു.എസ് വാര്‍ഷികവ്യാപാരം നാലു മടങ്ങായി വര്‍ദ്ധിപ്പിച്ച് 2030 ആകുമ്പോഴേയ്ക്ക് അമ്പതിനായിരം കോടി ഡോളറാക്കാന്‍ ധാരണയായത്. എന്നുമാത്രമല്ല ഇരു രാഷ്ട്രങ്ങളും ചേര്‍ന്നുള്ള പത്തു വര്‍ഷത്തേയ്ക്കുള്ള പ്രതിരോധ കരാറിനും ധാരണയായിരിക്കുന്നു. ഭാരത-അമേരിക്കന്‍ സിവില്‍ ആണവ കരാറിന്റെ തുടര്‍ച്ചയായി യുഎസ് രൂപകല്‍പ്പന ചെയ്ത ചെറു ആണവ റിയാക്ടറുകള്‍ ഭാരതത്തില്‍ നിര്‍മ്മിക്കാനും ഉടമ്പടിയായിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലും ഭാരത-അമേരിക്കന്‍ സഹകരണത്തിന് ധാരണയായിട്ടുണ്ട്. അതിന്റെ ഭാഗമായി അമേരിക്കയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓഫ് ക്യാംപസ് കേന്ദ്രങ്ങള്‍ ഭാരതത്തില്‍ ആരംഭിക്കും. മൂന്നു ലക്ഷത്തിലേറെ ഭാരത വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ തന്നെ അമേരിക്കയില്‍ പഠിക്കുന്നുണ്ട്.
അനധികൃത കുടിയേറ്റവും ഭീകരപ്രവര്‍ത്തനവും എല്ലാ രാജ്യങ്ങള്‍ക്കും ഇന്ന് ഭീഷണിയാണ്. ഭാരതവും അമേരിക്കയും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായക്കാരാണ്. അമേരിക്കയിലുള്ള അനധികൃത കുടിയേറ്റക്കാരായ ഭാരതീയ പൗരന്മാരെ ഏറ്റെടുക്കാനുള്ള സന്നദ്ധത ഭാരതം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ആഗോള ഭീകരതയ്‌ക്കെതിരെ ഒന്നിച്ചു നിന്നു പോരാടാന്‍ ഇരു രാജ്യങ്ങളും എടുത്ത തീരുമാനത്തിന്റെ ആദ്യ ഗുണഭോക്താവാകാനും ഭാരതത്തിന് കഴിഞ്ഞിരിക്കയാണ്. മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ ഹുസൈന്‍ റാണയെ ഭാരതത്തിന് കൈമാറാനുള്ള തീരുമാനം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. പാക്ക് വംശജനും കനേഡിയന്‍ വ്യവസായിയുമായ റാണയ്ക്ക് ലഷ്‌ക്കറെ തോയ്ബയും ഐഎസ്‌ഐയുമായും അടുത്ത ബന്ധമാണുണ്ടായിരുന്നത്. 2008 ലെ മുംബൈ ഭീകരാക്രമണത്തിലെയും പഠാന്‍ കോട്ട് ഭീകരാക്രമണത്തിലെയും പ്രതികളെ പാകിസ്ഥാന്‍ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നു കൂടി സംയുക്ത പ്രസ്താവനയില്‍ ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നു.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് അമേരിക്കയുടെ ഇടപെടലിന്റെ ഭാഗമായി ബംഗ്ലാദേശില്‍ ഭരണകൂടത്തെ അട്ടിമറിക്കുകയും അവിടം ഭാരതവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കി മാറ്റുകയും ചെയ്‌തെങ്കില്‍ ട്രംപ് അതിനെല്ലാം പ്രായശ്ചിത്തം ചെയ്തിരിക്കുകയാണ്. ബംഗ്ലാദേശില്‍ ഉചിതമായ എന്തു തീരുമാനവും എടുക്കാന്‍ മോദിക്ക് സര്‍വ്വ സ്വാതന്ത്ര്യവും പിന്‍തുണയും കൊടുത്തിരിക്കുകയാണ് ഇപ്പോള്‍. ഇത് ഭാരത നയതന്ത്രത്തിന്റെ ഉജ്ജ്വല വിജയമാണ്. അതുകൊണ്ടുകൂടിയാണ് ഈ യാത്ര അങ്ങേയറ്റം ഫലപ്രദമായിരുന്നു എന്ന് മോദി പ്രഖ്യാപിച്ചത്.