ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയും സാമൂഹ്യനീതിയും ജനക്ഷേമവും ഉറപ്പുവരുത്തുന്ന ബജറ്റാണ് കേന്ദ്രധനകാര്യമന്ത്രി 2025 ഫെബ്രുവരി 1-ാം തീയതി തന്റെ 8-ാമത് ബജറ്റായി അവതരിപ്പിച്ചിട്ടുള്ളത്. അമൃത കാലത്തേക്കുള്ള പ്രയാണത്തില്‍ ദരിദ്രര്‍, യുവജനങ്ങള്‍, അന്നദാതാക്കള്‍, സ്ത്രീകള്‍ എന്നീ നാലു വിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള വികസനമാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിതനയം. ഇതിനനുസരണമായ നിര്‍ദ്ദേശങ്ങളാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. അതോടൊപ്പം വനവാസികള്‍, കുഞ്ഞുങ്ങള്‍, വിദ്യാര്‍ത്ഥികള്‍, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളുടെ ക്ഷേമപദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2047ല്‍ വികസിതഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിനുള്ള ദിശാബോധമാണ് ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ പ്രകടമായിട്ടുള്ളത്. കാര്‍ഷിക ഉല്പാദനക്ഷമതയും കാര്‍ഷിക സമൃദ്ധിയും കൈവരിക്കാനും, മെയ്ക്ക് ഇന്‍ ഇന്ത്യ മെയ്ക് ഫോര്‍ ദി വേള്‍ഡ് എന്ന ലക്ഷ്യത്തിനായി ചെറുകിടവ്യവസായ മേഖലയുടെ സമഗ്രവികസനത്തിനും ആദായനികുതി ഇളവുകളിലൂടെ ഉപഭോക്തൃമേഖലയെ ഉത്തേജിപ്പിക്കാനും കയറ്റുമതി പ്രോത്സാഹിപ്പിക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ആദായനികുതി ഇളവുകളിലൂടെ ഒരു ലക്ഷം കോടി രൂപ മദ്ധ്യവര്‍ഗ്ഗത്തിന്റെ ക്രിയാശേഷി വര്‍ദ്ധിപ്പിച്ച് ഉപഭോക്തൃ മേഖലകളുടെ ഉത്തേജനത്തിലൂടെ തൊഴിലും വരുമാനവും വര്‍ദ്ധിപ്പിക്കാനുള്ള തന്ത്രമാണ് സ്വീകരിച്ചിട്ടുള്ളത്.
പത്ത് പ്രധാനമേഖലകള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ബജറ്റ് നിര്‍ദ്ദേശങ്ങളാണ് ധനകാര്യമന്ത്രി അവതരിപ്പിച്ചിട്ടുള്ളത്. കാര്‍ഷിക ഉല്പാദനവര്‍ദ്ധനവും കാര്‍ഷികസമൃദ്ധിയും ഗ്രാമീണസമൃദ്ധി, എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വികസനം, മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയിലൂടെ വ്യാവസായിക ഉല്പാദന വളര്‍ച്ച ചെറുകിട വ്യവസായങ്ങളുടെ (എം.എസ്.എം.ഇ) വളര്‍ച്ച, കയറ്റുമതി വര്‍ദ്ധന, തൊഴില്‍ വികസനം, ഊര്‍ജ്ജവികസനം, മൂലധന മുതല്‍മുടക്ക് വര്‍ദ്ധിപ്പിക്കുക, ഇന്നോവേഷന്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ മേഖലകളെയാണ് വികസനത്തിന്റെ എന്‍ജിനുകളായി ബജറ്റില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഇവയോടൊപ്പം നികുതി സമ്പ്രദായം പരിഷ്‌കരിക്കല്‍, ഈസ് ഓഫ് ബിസിനസ്സിനനുകൂലമായി റഗുലേറ്ററി സംവിധാനങ്ങള്‍ ലഘൂകരിക്കല്‍, വിദ്യാഭ്യാസ-ഗവേഷണ പ്രോത്സാഹന പരിപാടികള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍വര്‍ഷങ്ങളിലെ ബജറ്റ് നിര്‍ദ്ദേശങ്ങളുടെ ഭാഗമായി നടപ്പാക്കിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വലിയ സാമൂഹ്യ-സാമ്പത്തിക മാറ്റമാണ് സൃഷ്ടിച്ചിട്ടുള്ളത്. കഴിഞ്ഞ 10 വര്‍ഷത്തിനകം 25 കോടി ഭാരതീയര്‍ ദാരിദ്ര്യത്തില്‍ നിന്നും മുക്തരായി. 11.7 കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ശുചിമുറികളും 10.22 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ ഗ്യാസ്‌കണക്ഷനും 11.8 കോടി കുടുംബങ്ങള്‍ക്ക് ജല്‍ജീവന്‍ മിഷന്റെ ഭാഗമായി പൈപ്പ് വെള്ളവും 10.74 കോടി ദരിദ്രകുടുംബങ്ങള്‍ക്ക് 5 ലക്ഷം കോടിയുടെ ആരോഗ്യപരിരക്ഷയും 4 കോടിയിലധികം കുടുംബങ്ങള്‍ക്ക് പാര്‍പ്പിടവും നല്‍കി അവരെ സാമൂഹ്യമായും സാമ്പത്തികമായും ശാക്തീകരിച്ചത് വലിയ നേട്ടം തന്നെയാണ്. ഇതിനോടൊപ്പം പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനയുടേയും അന്ത്യോദയ അന്നയോജനയുടേയും ഭാഗമായി 81.35 കോടി ജനങ്ങള്‍ക്ക് 5 കിലോഗ്രാം വീതം സൗജന്യമായി ഭക്ഷ്യധാന്യങ്ങളും കോവിഡ് കാലം മുതല്‍ വിതരണം ചെയ്യുന്നുണ്ട്. ഇതോടൊപ്പം വിവിധ വിഭാഗങ്ങള്‍ക്കുള്ള വ്യത്യസ്തങ്ങളായ സാമൂഹ്യ സുരക്ഷാ പദ്ധതികളിലൂടെ കോടിക്കണക്കിന് പാവപ്പെട്ടവര്‍ക്കും, ചെറുകിടകര്‍ഷകര്‍ക്കും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും, സ്ത്രീകള്‍ക്കും, വനവാസികള്‍ക്കുമെല്ലാം സാമ്പത്തിക ശാക്തീകരണം ഉറപ്പാക്കുകയുണ്ടായി.
മുന്‍വര്‍ഷങ്ങളിലെ ബജറ്റുകളില്‍ പ്രഖ്യാപിച്ചിരുന്ന പ്രധാന പദ്ധതികളായ സ്വച്ഛ്ഭാരത് അഭിയാന്‍, ജല്‍ജീവന്‍മിഷന്‍, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, ദീന്‍ദയാല്‍ അന്ത്യോദയ യോജന, അമൃത്പദ്ധതി, പി.എം.കിസാന്‍സമ്മാന്‍നിധി, യൂറിയ സബ്‌സിഡി, പി.എം. അന്നദാതാസംരക്ഷണ യോജന, പി.എം. വനബന്ധു കല്യാണ്‍യോജന, വിള ഇന്‍ഷുറന്‍സ്, പി.എം. ഗരീബ് കല്യാണ്‍ യോജന സാക്ഷം- അംഗന്‍വാടി-പോഷണ്‍ 2 പദ്ധതി തുടങ്ങിയ എല്ലാ പദ്ധതികളും 2025-26 ലും തുടരുന്നതിന്റെ ഭാഗമായി ഇവയ്‌ക്കെല്ലാം ബജറ്റില്‍ പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്. ഗരീബ് കല്യാണ്‍യോജനക്ക് 1.97 ലക്ഷം കോടിയാണ് വകയിരുത്തിയിട്ടുള്ളത്. പ്രതിരോധമേഖലക്ക് 4.91 ലക്ഷം കോടി രൂപയും ഗ്രാമവികസനത്തിന് 2.67 ലക്ഷം കോടിയും റെയില്‍വെക്ക് 2.5 ലക്ഷം കോടിയും വിദ്യാഭ്യാസത്തിന് 1.29 ലക്ഷം കോടിയും ആരോഗ്യമേഖലക്ക് 0.98 ലക്ഷം കോടിയും വകയിരുത്തിയിട്ടുണ്ട്.
വരവും ചിലവും
2025-26 വര്‍ഷം മൊത്തം 34.20 ലക്ഷം കോടി രൂപയുടെ റവന്യു വരുമാനവും 50.65 ലക്ഷം കോടിയുടെ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിട്ടുള്ളത്. 2024-25ലെ പുതുക്കിയ കണക്കുകളനുസരിച്ച് റവന്യു വരുമാനം 30.87 ലക്ഷം കോടിയും ചിലവ് 47.17 ലക്ഷം കോടിയുമാണ്. 2025-26ലെ റവന്യു കമ്മി 5.24 ലക്ഷം കോടിയും ധനക്കമ്മി 15.69 ലക്ഷം കോടിയുമായിരിക്കും. ഇത് യഥാക്രമം ദേശീയവരുമാനത്തിന്റെ 1.5 ശതമാനവും 4.4 ശതമാനവുമായി കുറയുന്നതാണ്. 2024-25ല്‍ റവന്യുകമ്മി 1.9 ശതമാനവും ധനക്കമ്മി 4.8 ശതമാനവുമായിരിക്കുമെന്ന് പുതുക്കിയ ബജറ്റ് കണക്കുകള്‍ സൂചിപ്പിക്കുന്നു. റവന്യുകമ്മിയും ധനക്കമ്മിയും കുറയ്ക്കാന്‍ കഴിഞ്ഞത് സ്വാഗതാര്‍ഹമാണ്.
ബജറ്റില്‍ ഓരോ മേഖലകളില്‍ നിന്നും പ്രതീക്ഷിക്കുന്ന വരുമാനവും ഓരോ മേഖലയില്‍ പ്രതീക്ഷിക്കുന്ന ചിലവുകളും ചാര്‍ട്ട് ഒന്നില്‍ നിന്നും രണ്ടില്‍ നിന്നും കാണാവുന്നതാണ്.
കാര്‍ഷികമേഖലയും കാര്‍ഷികസമൃദ്ധിയും
കഴിഞ്ഞ ബജറ്റില്‍ കാര്‍ഷിക മേഖലക്ക് 1.51ലക്ഷം കോടി രൂപ വകയിരുത്തിയിരുന്നത് 2025-26 ലേക്ക് 1.71 ലക്ഷം കോടിയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ നിലവിലുള്ള എല്ലാപദ്ധതികളും തുടരുന്നതിന്റെ ഭാഗമായി അവയ്‌ക്കെല്ലാം പ്രത്യേകം അടങ്കല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാനപദ്ധതികള്‍ 6 എണ്ണമാണ്. പി.എം.ധനധാന്യയോജന, 5 വര്‍ഷ പരുത്തി മിഷന്‍, 6 വര്‍ഷ പയര്‍ വര്‍ഗ്ഗ സ്വാശ്രയമിഷന്‍, ഹോര്‍ട്ടികള്‍ച്ചറല്‍ വികസനം, മത്സ്യോല്പാദനം വര്‍ദ്ധിപ്പിയ്ക്കാനുള്ള പ്രത്യേക പദ്ധതി, 12.7 ലക്ഷം ടണ്‍ ഉല്പാദനശേഷിയുള്ള യൂറിയപ്ലാന്റ് എന്നിവയാണ്.
രാജ്യത്തെ 1.7 കോടി കര്‍ഷകര്‍ക്ക് സഹായമാകുന്ന പ്രധാന്‍മന്ത്രി ധനധാന്യയോജന ഉല്പാദനശേഷി കുറഞ്ഞ 100 ജില്ലകളെ കേന്ദ്രീകരിച്ച് നടപ്പാക്കും. ഇതിന്റെ ഭാഗമായി വിള വൈവിധ്യവല്‍ക്കരണം, സുസ്ഥിരകൃഷിരീതികള്‍, പ്രാദേശിക സംഭരണസംവിധാനങ്ങള്‍, മെച്ചപ്പെട്ട ജലസേചന സൗകര്യങ്ങള്‍, ഉയര്‍ന്ന ഉല്പാദനശേഷിയുള്ള വിത്തിനങ്ങള്‍ കൂടുതല്‍ ദീര്‍ഘകാല-ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ എന്നിവയിലൂടെ കാര്‍ഷിക ഉല്പാദനക്ഷമതയും ഉല്പാദനവും വര്‍ദ്ധിപ്പിച്ച് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗുണനിലവാരമുള്ള പരുത്തിയുടെ സ്വാശ്രയത്തിനുള്ള പഞ്ചവത്സര ദേശീയപരുത്തിമിഷന്‍ 500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഹോര്‍ട്ടികള്‍ച്ചറല്‍ വികസനത്തിനുള്ള ദേശീയ മിഷനും 500 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. ദേശീയ പള്‍സസ് മിഷന് 100 കോടി രൂപയും ബിഹാറില്‍ മഖാന (ആമ്പല്‍ പോലുള്ള നീര്‍ച്ചെടിയുടെ കുരുക്കള്‍) വിളയുടെ വികസനത്തിനായി സ്ഥാപിക്കുന്ന മഖാന ബോര്‍ഡിന് 100 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
അസമിലെ നാമ്‌രൂപില്‍ 12.7 ലക്ഷം മെട്രിക് ടണ്‍ ഉല്പാദനത്തിനുള്ള യൂറിയ പ്ലാന്റ് സ്ഥാപിച്ച് യൂറിയ ഇറക്കുമതി ഗണ്യമായി കുറയ്ക്കാനുള്ള നിര്‍ദ്ദേശവുമുണ്ട്. മത്സ്യകയറ്റുമതിയില്‍ നിന്നുള്ള വരുമാനം 60,000 കോടി രൂപയില്‍ നിന്ന് വര്‍ദ്ധിപ്പിക്കാനായി ചില നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുള്ളത് ശ്രദ്ധേയമാണ്. ഇതിന്റെ ഭാഗമായി ആന്തമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് മേഖലകളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ സാധ്യതകളാണ് തുറന്നുകിട്ടുക. കയറ്റുമതി വര്‍ദ്ധനയ്ക്കുള്ള സമഗ്രപദ്ധതിയായാണ് ഇതിനെ നടപ്പാക്കുക.
കിസാന്‍ ക്രഡിറ്റ് കാര്‍ഡുകള്‍ വഴി കുറഞ്ഞപലിശക്കുള്ള കാര്‍ഷിക വായ്പകളുടെ പരിധി 3 ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തുക വഴി 7.7 കോടി കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശക്ക് കൂടുതല്‍ വായ്പാ സൗകര്യം ലഭ്യമാക്കാനും അതിലൂടെ കാര്‍ഷികോല്പാദനവും കാര്‍ഷിക വരുമാനവും വര്‍ദ്ധിപ്പിക്കാനും അവസരമുണ്ടാകും. കിസാന്‍ ക്രഡിറ്റ് കാര്‍ഡിന്റെ വായ്പാ പരിധി വര്‍ദ്ധിപ്പിച്ചതിന്റെ പ്രയോജനം ക്ഷീരകര്‍ഷകര്‍ക്കും മത്സ്യബന്ധനമേഖലയിലുള്ളവര്‍ക്കുംകൂടി ലഭ്യമാണ്.
ബജറ്റില്‍ രാഷ്ട്രീയ കൃഷി വികാസ് യോജനക്ക് 8500 കോടിയും കൃഷി ഉന്നതിയോജനക്ക് 8000 കോടിയും ഭക്ഷ്യസംസ്‌കരണത്തിന് 4364 കോടിയും പ്രധാനമന്ത്രി മത്സ്യസമ്പദ്‌യോജനക്ക് 2465 കോടിയും ചെറുകിട ഭക്ഷ്യസംസ്‌കരണ കേന്ദ്രങ്ങള്‍ക്ക് 2000 കോടിയും കന്നുകാലി വളര്‍ത്തലിനും ക്ഷീരവികസനത്തിനും 1050 കോടിയും, നമോ ഡ്രോണ്‍ ദീദി പദ്ധതിക്ക് 676.85 കോടിയും നാഷണല്‍ മിഷന്‍ ഫോര്‍ നാച്വറല്‍ ഫാമിങ്ങിന് 616 കോടിരൂപയും വകയിരുത്തിയിട്ടുണ്ട്.
വ്യവസായ മേഖലയില്‍ ആത്മനിര്‍ഭരത
കേന്ദ്രസര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ, മെയ്ക്ക് ഫോര്‍ ദി വേള്‍ഡ് എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാനുള്ള നിര്‍ദ്ദേശങ്ങളാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. വ്യാവസായിക മേഖലയില്‍ ആത്മനിര്‍ഭരത കൈവരിക്കാനുള്ള പശ്ചാത്തലം സൃഷ്ടിക്കുന്നതിനാവശ്യമായ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. വ്യാവസായിക വികസനത്തില്‍ തൊഴിലധിഷ്ഠിതവ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനായി ചെറുകിട-ഇടത്തരം വ്യവസായങ്ങളെ ശക്തിപ്പെടുത്താനുള്ള തന്ത്രമാണ് സ്വീകരിച്ചിട്ടുള്ളത്. 7.5 കോടി പേര്‍ തൊഴിലെടുക്കുന്നതും വ്യാവസായിക ഉല്പാദനത്തിന്റെ 36 ശതമാനം സംഭാവന ചെയ്യുന്നതും കയറ്റുമതിയുടെ 45 ശതമാനം സംഭാവനചെയ്യുന്നതുമായ ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ (എം.എസ്.എം.ഇ) ശക്തമായ വളര്‍ച്ചക്ക് നിരവധി പ്രോത്സാഹനങ്ങള്‍ ബജറ്റില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനമായത് ഒരു നാഷണല്‍ മാനുഫാക്ചറിങ്ങ് മിഷന്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനമാണ്. ക്ലീന്‍ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുക, ആഭ്യന്തരമായി സോളാര്‍ സെല്ലുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ക്കുളള ബാറ്ററികള്‍, ഹൈ വോള്‍ട്ടേജ് ട്രാന്‍സ്മിഷന്‍ ഉപകരണങ്ങള്‍ എന്നിവ ഉല്‍പാദിപ്പിക്കാനുളള പശ്ചാത്തലമൊരുക്കുക എന്നതാണ് ഈ മിഷന്റെ ദൗത്യം. അതിനനുബന്ധമായി എം.എസ്.എം.ഇകള്‍ക്കും, സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും പ്രോത്സാഹനജനകമായ ചില നിര്‍ദ്ദേശങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ വായ്പാ പരിധി 20 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഇവയുടെ മൂലധന-ടേണ്‍ ഓവര്‍ പരിധികള്‍ യഥാക്രമം 2.5 മടങ്ങും 2 മടങ്ങും വര്‍ദ്ധിപ്പിച്ച് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. മൈക്രോ എന്റര്‍പ്രൈസസ്സിന്റെ മൂലധനപരിധി 2.5 കോടി രൂപയായും വ്യാപാര ടേണ്‍ ഓവര്‍ പരിധി 10 കോടിയായും വര്‍ദ്ധിപ്പിച്ചത് അവയുടെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ സഹായകമാണ്. ഇതോടൊപ്പം ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ മൂലധനപരിധി 25 മുതല്‍ 125 കോടിയായും വിറ്റുവരവ് 500 കോടിയായും ഉയര്‍ത്തിയിട്ടുണ്ട്.
ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത മൈക്രോ എന്റര്‍പ്രൈസസ്സുകള്‍ക്ക് 5 ലക്ഷം രൂപയുടെ കസ്റ്റമൈസ് ചെയ്ത ക്രഡിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത് സ്വാഗതാര്‍ഹമാണ്. 10 ലക്ഷം കാര്‍ഡുകളാണ് 2025-26ല്‍ ലഭ്യമാക്കുക. എം.എസ്.എം.ഇകള്‍ക്കുള്ള ക്രഡിറ്റ് ഗാരണ്ടി 10 ലക്ഷം രൂപയായി ഉയര്‍ത്തിയതും അടുത്ത 5 വര്‍ഷത്തേക്ക് ഇതിനായി 1.5 ലക്ഷം കോടി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതും ചെറുകിട വ്യവസായങ്ങള്‍ക്ക് സഹായകമാണ്.
1.59 ലക്ഷം സ്റ്റാര്‍ട്ട് അപ്പുകളുള്ള ഭാരതം സ്റ്റാര്‍ട്ട് അപ്പുകളുടെ കാര്യത്തില്‍ 3-ാം സ്ഥാനത്താണ്. 17 ലക്ഷത്തിലധികം തൊഴിലാണ് ഇവ മുഖേന സൃഷ്ടിക്കാനായത്. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നിലവിലുള്ള ചില പരാധീനതകള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളും ബജറ്റിലുണ്ട്. ഡീപ്‌ടെക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി 10000 കോടിരൂപയുടെ ഫണ്ട് ഓഫ് ഫണ്ട്‌സ് സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡവലപ്പ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിലൂടെ ലഭ്യമാകുന്നതു മൂലം പ്രവര്‍ത്തനമൂലധനത്തിന്റെ പോരായ്മ പരിഹരിക്കപ്പെടും. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുള്ള നികുതി ഇളവ് 5 വര്‍ഷത്തെക്കുകൂടി ദീര്‍ഘിപ്പിച്ചു. 2030 മാര്‍ച്ച് 31 വരെ രൂപീകരിക്കപ്പെടുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഈ ഇളവ് ലഭ്യമാണ്. അതോടൊപ്പം 27 മേഖലകളിലുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് 10 മുതല്‍ 20 കോടി രൂപ വരെയുള്ള ക്രഡിറ്റ് ഗാരന്റി പുതിയ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനമാകും.
ഭാരതത്തെ കളിപ്പാട്ട നിര്‍മ്മാണത്തിന്റെ ആഗോള ഹബ്ബായി മാറ്റാനുള്ള പ്രത്യേക പദ്ധതിയും ബജറ്റിലുണ്ട്. ചെരിപ്പ് നിര്‍മ്മാണം, തുകല്‍ ഉല്പന്ന വ്യവസായങ്ങള്‍ എന്നിവയുടെ സമഗ്രവികസനത്തിനായി പ്രത്യേക പദ്ധതി രൂപീകരിച്ച് 22 ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. പട്ടികജാതി-പട്ടികവര്‍ഗ്ഗവിഭാഗത്തില്‍ നിന്നുള്ള പുതുസംരംഭകരായ 5 ലക്ഷം വനിതകള്‍ക്ക് 2 കോടി രൂപവരെ തവണ വ്യവസ്ഥയിലുള്ള വായ്പ 5 വര്‍ഷത്തേയ്ക്ക് അനുവദിച്ച് പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. നിലവിലുള്ള സ്റ്റാന്റ് അപ്പ് പദ്ധതിയുടെ പരിഷ്‌കരിച്ച മാതൃകയിലായിരിക്കും ഇതു നടപ്പാക്കുക.
ഷിപ്പ് ബില്‍ഡിങ്ങ് മേഖലക്കും ഷിപ്പുകള്‍ പൊളിക്കുന്ന സ്ഥാപനങ്ങള്‍ക്കും ചില ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത് ഈ മേഖലക്ക് ഗുണകരമാകും. മാരിടൈം ഡവലപ്‌മെന്റ് ഫണ്ട് സ്ഥാപിക്കുന്നതിന്റെ ഭാഗമായി കോര്‍പ്പസ് ഫണ്ടിലേയ്ക്ക് 25000 കോടി വകയിരുത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്.
ഇലക്ട്രിക് വാഹന-മൊബൈല്‍ ബാറ്ററി ഉല്പാദനം
ബജറ്റിലെ നിര്‍ദ്ദേശങ്ങളുടെ ഫലമായി ഇലക്ട്രിക് വാഹനങ്ങളുടേയും മൊബൈല്‍ ഫോണുകളുടേയും വിലകുറയും. ഇവയുടെ ഉല്പാദനത്തില്‍ ഏറ്റവും പ്രധാനഘടകം ബാറ്ററികളാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മ്മാണത്തിനാവശ്യമായ 35 ഉല്പാദക സാധനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. അതോടൊപ്പം മൊബൈല്‍ ഫോണ്‍ ഉല്പാദനത്തിനുള്ള 28 മൂലധന ഉല്പന്നങ്ങളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും ഒഴിവാക്കി. ഇലക്‌ട്രോണിക് മേഖലയിലെ ചില ഘടകങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടിയും വെട്ടിക്കുറച്ചിട്ടുണ്ട്. ഇന്‍ടറാക്ടീവ് ഫ്‌ളാറ്റ് പാനല്‍ ഡിസ്‌പ്ലേയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തില്‍ നിന്ന് 20% ആക്കി ആഭ്യന്തര ഉല്പാദനത്തിന് ഊന്നല്‍ കൊടുത്തിട്ടുണ്ട്. അതേസമയം ഓപ്പന്‍ സെല്ലിന്റെ കസ്റ്റംസ് നികുതി 5 ശതമാനത്തില്‍ നിന്ന് രണ്ടര ശതമാനമാക്കി കുറച്ചു.
ടൂറിസം വികസനം
രാജ്യത്തെ ടൂറിസം വികസനത്തിന് ഉത്തേജനം നല്‍കാനുള്ള ചില ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധേയമാണ്. 50 വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങള്‍ കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ വികസിപ്പിക്കും. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ മെഡിക്കല്‍ ടൂറിസവും ഹീല്‍ ഇന്‍ ഇന്ത്യാ ടൂറിസവും നടപ്പാക്കും. ഇത് കേരളത്തിലെ ആയുര്‍വ്വേദ-യോഗമേഖലകള്‍ക്ക് വലിയ അവസരമാണ് ഒരുക്കുന്നത്. ഹോം സ്റ്റേകള്‍ക്ക് മുദ്രാലോണ്‍ ലഭ്യമാക്കാനുള്ള തീരുമാനം, ഹോം സ്റ്റേകളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ ടൂറിസ്റ്റുകള്‍ക്ക് കുറഞ്ഞ ചിലവില്‍ സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കാനും സഹായകമാകും.
അതോടൊപ്പം വിനോദസഞ്ചാരമേഖലകളിലേക്കുള്ള കണക്ടി ഉറപ്പാക്കുകയും ഇ-വിസ സൗകര്യം ലളിതമാക്കുക കൂടി ചെയ്യുന്നുണ്ട്. നിലവിലുള്ള ഉഡാന്‍ പദ്ധതി വിപുലീകരിച്ച് 10 വര്‍ഷം കൊണ്ട് 120 പ്രാദേശിക വിമാനത്താവളങ്ങള്‍ കൂടി സ്ഥാപിതമാകുന്നതോടെ ടൂറിസം മേഖലക്ക് വലിയ കുതിച്ചുചാട്ടത്തിനുള്ള അവസരമാണ് സൃഷ്ടിക്കപ്പെടുന്നത് ഇത് സാധാരണക്കാരായ വ്യോമയാത്രക്കാര്‍ക്കും പ്രോത്സാഹനമായി മാറും.
റെയില്‍വെ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കുന്ന പാതപരിഷ്‌കരണവും പുതുതലമുറ കോച്ചുകളും പുതിയ നിരവധി ട്രെയിനുകളും ആഭ്യന്തര ടൂറിസത്തിന് കൂടുതല്‍ കരുത്തേകും. 2025-26 വര്‍ഷം 200 വന്ദേഭാരത് ട്രെയിനുകളും 100 അമൃത്ഭാരത് ട്രെയിനുകളും പുതുതായി ട്രാക്കിലിറക്കുന്നതോടൊപ്പം 17500 ജനറല്‍ കോച്ചുകള്‍ പുതുതായി കുട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യും. 2025-27 കാലത്ത് 50 വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളും അധികമായി ഓടിത്തുടങ്ങും. 50 നമോ ഭാരത് ട്രെയിനുകളും ആരംഭിക്കും. അതോടൊപ്പം ആയിരക്കണക്കിന് റെയില്‍ക്രോസ്സിങ്ങുകള്‍ ഒഴിവാക്കി യാത്രാസമയം കുറയ്ക്കാനുമാകും. രാജ്യത്തെ 750 ഓളം പരിഷ്‌കരിച്ച റെയില്‍വേ സ്റ്റേഷനുകളും ഈ കാലത്ത് യാത്രക്കാര്‍ക്ക് തുറന്നുകിട്ടും. ചുരുക്കത്തില്‍ റെയില്‍വെയുടെ മെച്ചപ്പെട്ട സൗകര്യങ്ങളും കൂടുതല്‍ പ്രദേശങ്ങളിലേക്കുമുള്ള പുതിയ 300ലധികം ട്രെയിനുകളും ടൂറിസം മേഖലക്ക് വന്‍കുതിപ്പിനുള്ള സാഹചര്യമാണ് ഒരുക്കുന്നത്.
വിദ്യാഭ്യാസ-ഗവേഷണ മേഖലകള്‍
വിദ്യാഭ്യാസഗവേഷണ മേഖലകളില്‍ ദീര്‍ഘവീക്ഷണത്തോടെ നിരവധി നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയത് നൈപുണ്യ വികസനത്തിനും, ഗവേഷണത്തിനും, ഇന്നൊവേഷനും വലിയ പ്രോത്സാഹനമാകും. മെയ്ക്ക് ഇന്‍ ഇന്ത്യ-മെയ്ക്ക് ഫോര്‍ ദി വേള്‍ഡ് എന്ന പദ്ധതിയുടെ വിജയത്തിനാവശ്യമായ ലോകോത്തര സാങ്കേതിക വിദ്യയും വൈദഗ്ദ്ധ്യവും വികസിപ്പിക്കുന്നതിനായി 4 സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സ് സ്ഥാപിക്കും. വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ പ്രാവീണ്യം നേടാന്‍ യുവജനതയെ പ്രാപ്തരാക്കാനുള്ള പദ്ധതിയ്ക്ക് 500 കോടി രൂപ മാറ്റി വെച്ചിട്ടുള്ളത് ശ്രദ്ധേയമാണ്.
വിദ്യാഭ്യാസരംഗത്ത് നിര്‍മ്മിതബുദ്ധിയുടെ മികവിന്റെ കേന്ദ്രം സ്ഥാപിക്കാനായി 500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട സ്വദേശിമോഡലുകളുടെ വികസനത്തിലൂടെ ചൈനീസ് ഉല്പന്നങ്ങളെ ഒഴിവാക്കുകയാണ് ലക്ഷ്യം. നിര്‍മ്മിത ബുദ്ധിയുടെ മുഴുവന്‍ സാദ്ധ്യതകളും പ്രയോജനപ്പെടുത്താന്‍ ഈ മികവിന്റെ കേന്ദ്രങ്ങള്‍ വേണ്ടവിധം വികസിപ്പിക്കും. സ്വകാര്യമേഖലയില്‍ ഗവേഷണത്തിനായി 20,000 കോടി വകയിരുത്തിയത് ശാസ്ത്ര-സാങ്കേതിക കുതിപ്പിന് സഹായകമാകും. സ്വകാര്യ മേഖലയില്‍ ഗവേഷണം, ഉല്പന്ന വികസനം, ഇന്നൊവേഷന്‍ എന്നിവയ്ക്കാണ് തുക വകയിരുത്തിയിട്ടുള്ളത്.
അടിസ്ഥാന ഗവേഷണം, പ്രോട്ടോടൈപ്പുകളുടെ വികസനം എന്നിവ ലക്ഷ്യമിട്ട് അനുസന്ധാന്‍ നാഷനല്‍ റിസര്‍ച്ച് ഫണ്ടിനായി 20000 കോടി വകയിരുത്തിയത് സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ 1 ലക്ഷം കോടി രൂപ കണ്ടെത്തുമെന്ന നേരത്തെയുള്ള പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണ്. നഗരങ്ങളെ വളര്‍ച്ചാ കേന്ദ്രങ്ങളാക്കി രൂപാന്തരപ്പെടുത്താന്‍ ലക്ഷ്യമിട്ട് 1 ലക്ഷം കോടിയുടെ നഗരചാലഞ്ച് ഫണ്ട് രൂപീകരിക്കും. നഗരവികസനപദ്ധതികളുടെ ചിലവില്‍ 25 ശതമാനവും ഈ ഫണ്ടില്‍ നിന്നും 50 ശതമാനം ബോണ്ടുകള്‍, ബാങ്ക് വായ്പകള്‍, പി.പി.പികള്‍ എന്നിവയിലൂടെയും സമാഹരിക്കാനാണ് നിര്‍ദ്ദേശം. 25-26 ലെ ബജറ്റില്‍ 10,000 കോടി ഇതിനായി വകയിരുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ റിസര്‍ച്ച് ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി അടുത്ത 5 വര്‍ഷം 10,000 റിസര്‍ച്ച് ഫെല്ലോഷിപ്പുകള്‍ ലഭ്യമാക്കും. പ്രതിമാസം 70000 – 80000 രൂപയുടെ ഫെല്ലോഷിപ്പും 2 ലക്ഷം രൂപയുടെ റിസര്‍ച്ച് ഗ്രാന്റും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ലഭിക്കും. ഐ.ഐ.ടികള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഐസര്‍ എന്നീ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നല്‍കുന്ന പദ്ധതിയാണിത്. സാങ്കേതിക വിദ്യാവികസനത്തിനും ഇന്നൊവേഷനും പ്രോത്സാഹനമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
10 ലക്ഷം ജെം പ്ലാസം ഉള്‍പ്പെടുന്ന ജീന്‍ ബാങ്ക് സ്ഥാപിക്കും. വിത്തുകള്‍, സസ്യങ്ങളുടെ ടിഷ്യുകള്‍ എന്‍.ഡി.വി. എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് ജീന്‍ ബാങ്ക് സ്ഥാപിക്കുക.
വിദ്യാഭ്യാസമേഖലയില്‍ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി ചില നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുള്ളത് സ്വാഗതാര്‍ഹമാണ്. 5 വര്‍ഷത്തിനകം സര്‍ക്കാര്‍ സ്‌കൂളുകളില്‍ 50000 അടല്‍ടിങ്കറിങ് ലാബുകള്‍ സ്ഥാപിക്കും. എല്ലാ സെക്കണ്ടറി സ്‌കൂളുകളിലും പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും ബ്രോഡ് ബ്രാന്റ് ഇന്റര്‍നൈറ്റ് സൗകര്യം ലഭ്യമാക്കും. രാഷ്ട്രീയ ഭാഷാ പുസ്തക സ്‌കീമിന്റെ ഭാഗമായി പ്രാദേശിക ഭാഷയിലുള്ള പാഠപുസ്തകങ്ങള്‍ ലഭ്യമാക്കും. ഇവ ഡിജിറ്റല്‍ ഫോമിലാണ് ലഭ്യമാക്കുക. പാലക്കാട്ടെ ഐ.ഐ.ടി അടക്കമുള്ള 2014നുശേഷം നിലവില്‍ വന്ന 5 ഐ.ഐ.ടികളില്‍ 6500 സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് കൂടുതല്‍ പേര്‍ക്ക് മെച്ചപ്പെട്ട സാങ്കേതിക വിദ്യാഭ്യാസം ഉറപ്പാക്കും. അടുത്ത 5 വര്‍ഷത്തോടെ മെഡിക്കല്‍ കോളേജുകളില്‍ 75000 സീറ്റുകള്‍ കൂടി വര്‍ദ്ധിപ്പിച്ച് കൂടുതല്‍ പേര്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കും.
മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍
ആദായനികുതി ഇളവ് 12 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ച് 1 ലക്ഷം കോടി രൂപ മദ്ധ്യവര്‍ഗ്ഗത്തിന് അധിക ഉപഭോഗത്തിന് നല്‍കി ഉപഭോക്തൃമേഖലകളെ ഉത്തേജിപ്പിക്കാനുള്ള തീരുമാനം ചരിത്രപരമാണ്. സമഗ്രനികുതി പരിഷ്‌കരണത്തിനുള്ള പദ്ധതി ഈ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ആദായനികുതി ഇളവുകള്‍ സ്ഥിരവരുമാനക്കാരായ മദ്ധ്യവര്‍ഗ്ഗത്തിനു മുഴുവന്‍ ആശ്വാസം പകരുന്ന നടപടിയാണ്. അതോടൊപ്പം ടി.ഡി.എസ്സിന്റെ നിരക്കില്‍ ഇളവുകളും പരിധിയില്‍ വര്‍ദ്ധനയും വരുത്തിയത് ആദായനികുതിദായകര്‍ക്ക് വലിയ ആശ്വാസം പകരും. തിരുത്തിയതോ, പുതുക്കിയതോ ആയ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി 2 വര്‍ഷത്തില്‍ നിന്ന് 4 വര്‍ഷമായി വര്‍ദ്ധിപ്പിച്ചതും ആദായനികുതിദായകര്‍ക്ക് പ്രയോജനകരമാണ്.
ചരക്ക് ഗതാഗതം ഉള്‍പ്പെടെ രാജ്യത്ത് എല്ലാതരം വിനിമയത്തിനും കഴിവുള്ള കൂറ്റന്‍ സ്ഥാപനമായി ഇന്ത്യ പോസ്റ്റിനെ മാറ്റുമെന്ന പ്രഖ്യാപനം തപാല്‍ വകുപ്പിന്റെ മുഖച്ഛായ മാറ്റുന്ന തീരുമാനമാണ്. ഒന്നര ലക്ഷം ഗ്രാമീണ പോസ്റ്റോഫീസുകള്‍, 24 ലക്ഷം തപാല്‍ സേവാകേന്ദ്രങ്ങള്‍, ഇന്ത്യാപോസ്റ്റ് പെയ്‌മെന്റ് ബാങ്ക് എന്നിവയെ സംയോജിപ്പിച്ച് പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള മാസ്റ്റര്‍ പ്ലാനാണത്. ഇത് ഗ്രാമീണ മേഖലയിലുള്ള ചെറുകിട സംരംഭങ്ങള്‍ക്കും, വനിതാസ്വയം തൊഴില്‍ സ്ഥാപനങ്ങള്‍ക്കും കര്‍ഷകര്‍ക്കുമെല്ലാം വലിയ സഹായമായി മാറും.
മറ്റൊരു പ്രധാന പ്രഖ്യാപനം ഇന്‍ഷുറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപം നൂറ് ശതമാനമാക്കുമെന്നതാണ്. ഇത് തീര്‍ച്ചയായും ഇന്‍ഷുറന്‍സ് രംഗത്ത് മാത്സര്യം വര്‍ദ്ധിപ്പിക്കുകയും കുറഞ്ഞ പ്രീമിയത്തിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നതിന് സഹായകമാകുകയും ചെയ്യും. എന്നാല്‍ ഇതു നടപ്പാക്കുമ്പോള്‍ വേണ്ടത്ര മുന്‍കരുതലുകള്‍ ആവശ്യമാണ്.
കാന്‍സര്‍ അടക്കമുള്ള ഗുരുതരരോഗങ്ങള്‍ക്കുള്ള 36 മരുന്നുകളുടെ കസ്റ്റംസ് തീരുവ പൂര്‍ണ്ണമായും ഒഴിവാക്കുകയും ആറ് ജീവന്‍ രക്ഷാമരുന്നുകളെ 5 ശതമാനം കസ്റ്റംസ് തീരുവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുള്ളത് കാന്‍സര്‍ രോഗികളടക്കമുള്ള ഗുരുതരരോഗം ബാധിച്ചവര്‍ക്ക് ആശ്വാസകരമാണ്. ഫാര്‍മസി കമ്പനികളുടെ രോഗി സഹായപദ്ധതിക്കുകീഴിലുള്ള മരുന്നുകളുടെ തീരുവ ഒഴിവാക്കിയതു വഴി സൗജന്യമായി മരുന്നു ലഭിക്കാന്‍ രോഗികള്‍ക്ക് അവസരമൊരുക്കിയിരിക്കുകയാണ്.13 പുതിയ രോഗിസഹായപദ്ധതികളിലൂടെ 37 മരുന്നുകള്‍ക്കു കൂടി ഈ പ്രയോജനം ലഭിക്കും. 3 വര്‍ഷത്തിനകം 759 ജില്ലാ ആശുപത്രികളിലുംകാന്‍സര്‍ രോഗികള്‍ക്കുവേണ്ടി ഡേ കെയര്‍ സെന്ററുകള്‍ സ്ഥാപിച്ച് മെച്ചപ്പെട്ട ചികിത്സയും സാന്ത്വന ചികിത്സയും ഉറപ്പുവരുത്തുകവഴി 2 കോടിയോളം വരുന്ന കാന്‍സര്‍ രോഗികള്‍ക്ക് വലിയ ആശ്വാസമായി മാറും. 2025-26ല്‍ 200 കാന്‍സര്‍ സെന്ററുകള്‍ വിവിധ സംസ്ഥാനങ്ങളിലായി ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
തെരുവ് കച്ചവടക്കാര്‍ക്ക് നേരത്തെ പ്രഖ്യാപിച്ച സ്വനിധി പദ്ധതിയുടെ പ്രയോജനം 68 ലക്ഷം പേര്‍ക്ക് ലഭിച്ചതായി ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പദ്ധതിയില്‍ അംഗമായവര്‍ക്ക് ക്രഡിറ്റ് കാര്‍ഡുകളുടെ പരിധി 30,000 രൂപയായി വര്‍ദ്ധിപ്പിച്ചത് അവരുടെ കച്ചവടം വിപുലീകരിക്കാനും വരുമാനം വര്‍ദ്ധിപ്പിക്കാനും സഹായകമാണ്.
ആണവോര്‍ജ്ജ ഉല്പാദനത്തിന് ചെറുകിട മോഡുലര്‍ റിയാക്ടറുകള്‍ സ്ഥാപിക്കാനായി ന്യൂക്ലിയര്‍ മിഷന്‍ സ്ഥാപിക്കും. ഇതിനായി 20,000 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. 2033 ഓടെ ഇത്തരം 5 റിയാക്ടറുകള്‍ സ്ഥാപിക്കും. 2047 ഓടെ 100 മെഗാവാട്ട് ആണവോര്‍ജ്ജം ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണിത്.
കേന്ദ്രബജറ്റും കേരളവും
കേരളത്തിലെ വികലമായ സാമ്പത്തിക മാനേജ്‌മെന്റിന്റെ ഫലമായി കുന്നുകൂടിയ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാന്‍ 24000 കോടി രൂപയുടെ സ്‌പെഷ്യല്‍ പാക്കേജ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് രേഖാമൂലം സമര്‍പ്പിച്ചിരുന്നു. ഇതില്‍ പലതും ബജറ്റുമായി ബന്ധമില്ലാത്തതിനാല്‍ ബജറ്റില്‍ വ്യക്തമായ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. അതേസമയം ബജറ്റില്‍ കേരളത്തിന് ഗുണകരമായ പല നിര്‍ദ്ദേശങ്ങളും അടങ്ങിയിട്ടുണ്ട്. കൂടുതല്‍ കടമെടുക്കാന്‍ അനുമതി തേടിയ സംസ്ഥാനത്തിന് കേന്ദ്രം പ്രഖ്യാപിച്ച 50 വര്‍ഷത്തെ പലിശരഹിത വായ്പയായ ഒന്നരലക്ഷം കോടി രൂപയില്‍ നിന്ന് നല്ല പ്രോജക്ടുകള്‍ സമര്‍പ്പിച്ചാല്‍ 5 ശതമാനമെങ്കിലും നേടിയെടുക്കാനാകും. ഇതുവഴി ഏറ്റവും ചുരുങ്ങിയത് 75000 കോടിയെങ്കിലും നേടിയെടുക്കാനാകും. കേന്ദ്രത്തിന്റെ നികുതിവരുമാനം 2024-25 ലെ പുതുക്കിയ മതിപ്പ് 25.57 ലക്ഷം കോടിയില്‍ നിന്നും 2025-26ല്‍ 28.37 കോടിയായി ഉയരുമ്പോള്‍ സംസ്ഥാനത്തിന് കേന്ദ്ര നികുതി വിഹിതമായി 5390 കോടി രൂപ അധികമായി ലഭിക്കും. ജി.എസ്.ടി വരുമാനം 2025 ജനുവരിയില്‍ 1.96 ലക്ഷം കോടിയായിരുന്നത് ഒരു ലക്ഷം കോടി രൂപയുടെ ആദായനികുതി ഇളവുകളും എം.എസ്.എം.ഇ. പട്ടിക ജാതി-പട്ടികവര്‍ഗ്ഗ വനിതകള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നിവയ്‌ക്കെല്ലാം നല്‍കിയ ഇളവുകളുടെ പശ്ചാത്തലത്തില്‍ 2 ലക്ഷം കോടിയിലധികമായി തുടര്‍ച്ചയായ വര്‍ദ്ധന രേഖപ്പെടുത്തുമ്പോള്‍ കേരളത്തിന് വരുന്ന വര്‍ഷം 3000 മുതല്‍ 5000 കോടി രൂപയുടെ ജി.എസ്.ടി. വരുമാന വര്‍ദ്ധനവ് പ്രതീക്ഷിക്കാവുന്നതാണ്. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് സംരംഭകര്‍ക്ക് ബജറ്റില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ആശ്വാസത്തോടൊപ്പം പ്രോത്സാഹനവുമാണ്. കിസാന്‍ ക്രഡിറ്റ് കാര്‍ഡിന്റെ വായ്പാപരിധി ഉയര്‍ത്തിയത് 30 ലക്ഷത്തോളം കര്‍ഷകര്‍ക്ക് പ്രയോജനകരമാണ്. ഇതില്‍ ഒരു ലക്ഷത്തോളം പേര്‍ മൃഗസംരക്ഷണമേഖലയിലും 20000ത്തോളം പേര്‍ മത്സ്യബന്ധനമേഖലയിലുള്ളവരുമാണ്. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്കും വനിതാ സ്റ്റാന്റ് അപ്പുകള്‍ക്കും നല്‍കിയ ഇളവുകളും പ്രോത്സാഹനങ്ങളും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും വ്യാപാരം വര്‍ദ്ധിപ്പിക്കാനും സംസ്ഥാനത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനും സഹായകമാകും.
റെയില്‍വെ വികസനത്തിന് കേരളത്തിന് 3042 കോടിയാണ് ലഭിക്കുക. യു.പി.എ ഭരണകാലത്ത് ഒരോ വര്‍ഷവും ശരാശരി 372 കോടി മാത്രമാണ് കിട്ടിക്കൊണ്ടിരുന്നത്. ഇപ്പോഴത് എട്ട് മടങ്ങായി വര്‍ദ്ധിച്ചിട്ടുള്ളത് സംസ്ഥാനത്തിന്റെ റെയില്‍വെയുടെ വികസനത്തിന് ശക്തിപകരും. 35 സ്റ്റേഷനുകളെ അമൃത് സ്റ്റേഷനുകളായി പരിഷ്‌കരിക്കുന്നുണ്ട്. മൊത്തം 15742 കോടി രൂപയുടെ റെയില്‍വെ വികസനമാണ് കേരളത്തില്‍ നടക്കുന്നതെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് വെളിപ്പെടുത്തുകയുണ്ടായി. ഷിപ്പ് ബില്‍ഡിങ്ങിനുള്ള ക്ലസ്റ്റര്‍ രൂപീകരണവും കപ്പല്‍ നിര്‍മ്മാണത്തിനുള്ള സാമഗ്രികളുടെ ഇറക്കുമതിത്തീരുവ വെട്ടിക്കുറച്ചതും കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് വലിയ ഉത്തേജകമാകും. മത്സ്യമേഖലയുടെ വികസനവും കയറ്റുമതിക്കുള്ള ഊന്നലുമെല്ലാം കൊച്ചിന്‍ പോര്‍ട്ടുകള്‍ക്കും വിഴിഞ്ഞം തുറമുഖത്തിനും വലിയ വികസനത്തിന് സാദ്ധ്യതകള്‍ തുറക്കും. 50 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പശ്ചാത്തല വികസനവും ഹോം സ്റ്റേകള്‍ക്കുള്ള മുദ്രലോണുമെല്ലാം കേരളത്തിലെ വിനോദസഞ്ചാരമേഖലക്ക് വലിയപ്രോത്സാഹനമാണ് ലഭിക്കുക. 50 കേന്ദ്രങ്ങളില്‍ അഞ്ചോ, ആറോ കേന്ദ്രങ്ങളെങ്കിലും തുടക്കത്തില്‍ കേരളത്തിന് ലഭിച്ചേക്കും. സര്‍ക്കാരിന് നേരിട്ട് സാമ്പത്തികാശ്വാസം നല്‍കിയിട്ടില്ലെങ്കിലും കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് സഹായകമായ നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുള്ളത് സ്വാഗതാര്‍ഹമാണ്.
ചുരുക്കത്തില്‍, സമഗ്രമായ വികസനത്തിനാവശ്യമായ ഇക്കോസിസ്റ്റം സൃഷ്ടിക്കുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റിന്റെ പ്രത്യേകതയാണ്. വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിനുള്ള വ്യക്തമായ റോഡ് മാപ്പാണ് ഈ ബജറ്റ്. ആത്മനിര്‍ഭരതയില്‍ ഊന്നിയ കാര്‍ഷിക വ്യാവസായിക വികസനത്തോടൊപ്പം, ഭാവിയിലേക്കുള്ള മാനവശേഷി വികാസം, സാമൂഹ്യനീതി, ഇന്നൊവേഷന്‍, ഇന്‍വെസ്റ്റ്‌മെന്റ് എന്നിവയെയെല്ലാം സമഗ്രമായി സംയോജിപ്പിച്ചുകൊണ്ടുള്ള വികസന ബജറ്റാണിത്. ഇതിലൂടെ ഉല്പാദന മേഖലകളുടെ സമഗ്രമായ വളര്‍ച്ചയും സാമൂഹ്യനീതിയിലധിഷ്ഠിതമായ മാനവശേഷിവികസനവും കൈവരിക്കാനാകും.