2023 സപ്തംബറിലാണ് സനാതനധര്‍മത്തെക്കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം വന്‍ വാര്‍ത്താപ്രാധാന്യം നേടിയത്. രണ്ടു വര്‍ഷത്തിന് ശേഷം ഉദയനിധി സ്റ്റാലിന്റെ ആ പരാമര്‍ശം അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയില്‍ ഏതുവിധം ഗുണകരമായി ഭവിച്ചു എന്ന് കൃത്യമായി നിരീക്ഷിക്കാനാകും. ദ്രാവിഡവാദത്തിലും തമിഴ് ദേശീയതയിലും തഴച്ചുവളര്‍ന്ന ഡിഎംകെയുടെ പ്രധാന വോട്ടിംഗ് അടിത്തറ പരിപാലിച്ചുകൊണ്ട് പെരിയാര്‍ പാരമ്പര്യത്തിന് താന്‍ ഏറ്റവും അനുയോജ്യനാണെന്നു തെളിയിക്കുകയാണ് ഉദയനിധി സ്റ്റാലിന്‍ അന്ന് ചെയ്തത്.
ആ വിവാദത്തിനു തിരികൊളുത്താന്‍ ഉദയനിധി തെരഞ്ഞെടുത്ത സമയമാണ് ശ്രദ്ധിക്കേണ്ടത്. കരുണാനിധിയുടെ മകളും എം.കെ.സ്റ്റാലിന്റെ സഹോദരിയുമായ കനിമൊഴി ജനശ്രദ്ധ ആകര്‍ഷിച്ച് പാര്‍ട്ടിയില്‍ ശ്രദ്ധേയയായി മാറിയ കാലമായിരുന്നു അത്. ആ ശ്രമത്തിന്റെ ഭാഗമായി, ജാതി വിവേചനം നേരിടുന്ന സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ വിമുഖത കാണിച്ച ഒരു സംഭവത്തില്‍, കനിമൊഴി ഇടപെടുകയും അതേ സ്ത്രീ പാചകം ചെയ്ത പ്രഭാതഭക്ഷണം കുട്ടികള്‍ക്കൊപ്പം നിലത്തിരുന്നു കഴിക്കുകയും ചെയ്തു. വാര്‍ത്താപ്രാധാന്യം നേടിയ സംഭവമായിരുന്നു അത്.
അങ്ങനെ, കനിമൊഴി ഡിഎംകെയില്‍ കൂടുതല്‍ സ്വീകാര്യത നേടാന്‍ ശ്രമിച്ച കാലത്താണ് ഉദയനിധിയുടെ സനാതന വിരുദ്ധ പരാമര്‍ശമുണ്ടായത്. ആ വിവാദം, ഉദയനിധിയെ പ്രതിരോധത്തിലാക്കുന്നതിനു പകരം, കരുണാനിധിയുടെ പാരമ്പര്യത്തിന്റെ യഥാര്‍ത്ഥ അവകാശി താനാണെന്ന് തെളിയിക്കുന്നതിനു സഹായിക്കുകയാണ് ചെയ്തത്. ‘മാറ്റം മാത്രമാണ് സ്ഥിരമായത്, ആളുകള്‍ പ്രതീക്ഷിക്കുന്നത് ഉടന്‍ സംഭവിക്കും’ എന്ന ആമുഖത്തോടെ ഉദയനിധിയെ ഉപമുഖ്യമന്ത്രിയായി സ്റ്റാലിന്‍ പ്രഖ്യാപിച്ചത് അതിനുശേഷമാണ്. അതേസമയം കനിമൊഴിയെ ലീഡറായി നിയമിച്ച് ന്യൂദല്‍ഹിയിലേക്കയക്കുകയും ചെയ്തു. ഡിഎംകെയുടെ ശക്തികേന്ദ്രമായ ചെന്നൈയില്‍ ഉദയനിധിയെ നിലനിര്‍ത്തുകയും കനിമൊഴിയെ ദല്‍ഹിയിലേക്കയച്ച് ഉദയനിധിയുടെ ഭാവി സുരക്ഷിതമാക്കുകയും ചെയ്യുക എന്നതായിരുന്നു സ്റ്റാലിന്റെ ലക്ഷ്യം. സത്യത്തില്‍ പിന്തുടര്‍ച്ചാവകാശ പോരാട്ടത്തിനിടെ നേതൃനിരയിലേക്കുയരാന്‍ ഉദയനിധി ഉപയോഗിച്ച ഊന്നുവടി മാത്രമായിരുന്നു സനാതനധര്‍മ്മ വിരുദ്ധ പരാമര്‍ശം.
രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു സനാതനവിരുദ്ധ പരാമര്‍ശം കേരളത്തില്‍ ചൂടുപിടിക്കുമ്പോള്‍ അതിനെ ചൂഴ്ന്നു നില്‍ക്കുന്ന മറ്റൊരു രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിക്കേണ്ടതുണ്ട്. ഈയിടെ ആദ്യം വിവാദമായത് മുഖ്യമന്ത്രിയുടെ സനാതനധര്‍മ പരാമര്‍ശങ്ങളായിരുന്നു. എന്നാല്‍ വലിയൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് കൂടി അദ്ദേഹം ശിവഗിരിയില്‍ വെച്ച് നടത്തി. ശിവഗിരിയിലെ യോഗത്തില്‍ ആദ്യം സംസാരിച്ച ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ ചില ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിന് ഷര്‍ട്ട് ഊരണം എന്ന ആചാരത്തെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി ഇതിനെ അനുകൂലിക്കുകയും ഇത്തരം ആചാരങ്ങള്‍ മാറണം എന്ന് പ്രസ്താവിക്കുകയും ചെയ്തു. സനാതനവിഷയത്തിലെന്ന പോലെ ഈ വിഷയത്തിലും വിരുദ്ധാഭിപ്രായങ്ങള്‍ രംഗം പിടിച്ചെടുക്കുന്നതാണ് പിന്നീട് കണ്ടത്. ആചാരവിഷയത്തില്‍ ഹിന്ദുസമൂഹത്തിലെ അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്നു. അതോടെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള പദ്ധതിയുടെ വിജയകരമായ ആരംഭവും കുറിക്കപ്പെട്ടു.
ജാതിയുടെ ഉച്ചനീചത്വങ്ങളെ ആദ്യം കൈവെടിഞ്ഞത് കേരളത്തിലെ ഹിന്ദു സമുദായമായിരുന്നിട്ടും ഇക്കാര്യത്തില്‍ ഇപ്പോഴും അവര്‍ പഴി കേള്‍ക്കുന്നതിന്റെ കാരണമെന്താവും? ജാതിക്രമത്തെയും സാമൂഹികമായ അസമത്വങ്ങളെയും അധികാരപൂര്‍ത്തിക്കായി ഉപയോഗിക്കുന്ന രാഷ്ട്രീയ കൗശലം മാത്രമാണത്. അതാണ് ഉദയനിധിയുടെ കാര്യത്തില്‍ നമ്മള്‍ കണ്ടത്. ഇപ്പോള്‍ കേരളത്തില്‍ കാണുന്നതും.
കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവാന്‍ രണ്ടു കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടിവരും. അതിലൊന്ന് പ്രളയത്തിനും കോവിഡ് മഹാമാരിക്കും ശേഷം നടന്ന 2021-ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ 67 സീറ്റിന്റെ വമ്പന്‍ ജയം നേടിയ ശേഷം സിപിഎം നടത്തിയ വിശകലനത്തിലെ ഒരു ഭാഗമാണ്. അതിങ്ങനെയായിരുന്നു. ”നമ്മുടെ സ്വാധീന മേഖലയിലേക്കും പരമ്പരാഗത വോട്ടിലേയ്ക്കും ബി.ജെ.പി സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് നാം കണ്ടതും പരിശോധിച്ചതുമാണ്. യു.ഡി.എഫ് സ്വാധീന മേഖലയില്‍ ബി.ജെ.പി സ്വാധീനമുറപ്പിക്കുന്നത് തടയാനാകണം. യു.ഡി.എഫിനും ബി.ജെ.പിയ്ക്കും പിന്നില്‍ അണിനിരന്ന സാധാരണ ജനങ്ങളെ നമ്മളിലേക്ക് അടുപ്പിയ്ക്കാനും നമ്മുടെ ബഹുജന സ്വാധീനം വര്‍ദ്ധിപ്പിക്കാനും ശ്രമിക്കണം.” ആ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് തുടര്‍ഭരണം നേടിയത്. 2016-ന് ശേഷം ഏതാണ്ട് 15 ശതമാനം വോട്ട് നേടിവന്നിരുന്ന ബിജെപി അന്ന് 12.47 ശതമാനത്തിലേക്ക് ചുരുങ്ങുകയും ചെയ്തിരുന്നു.
പക്ഷേ, മൂന്നുവര്‍ഷം കഴിയുമ്പോള്‍ ചിത്രം മാറിയിരിക്കുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനുണ്ടായ കനത്ത തോല്‍വിയെക്കുറിച്ച് അഞ്ചുദിവസം പാര്‍ട്ടി ചര്‍ച്ചചെയ്തു, കാരണങ്ങള്‍ കണ്ടെത്തി. ഇടതുമുന്നണിയുടെ തോല്‍വിയുടെ മുഖ്യകാരണങ്ങളിലൊന്ന് ഈഴവ വോട്ടുകളിലെ ചോര്‍ച്ചയാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു.
ഇനി പരിഗണിക്കേണ്ട രണ്ടാമത്തെ കാര്യം ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെമ്പാടും കാര്യമായ മുന്നേറ്റം നടത്താന്‍ ബിജെപിക്ക് കഴിഞ്ഞതിന്റെ പ്രധാന കാരണങ്ങളിലൊന്നായ ഈഴവ വോട്ടുകളിലെ ചോര്‍ച്ചയാണ്. സിപിഎമ്മിന്റെ ഉരുക്കു കോട്ടയായ കണ്ണൂരില്‍ പോലും പലയിടത്തും ബിജെപി ശക്തി തെളിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയോടെയാണ് സിപിഎം ഇതില്‍ ഇടപെടാന്‍ ശ്രമം തുടങ്ങിയത്. അതിനുള്ള അവസരമാണ് ശിവഗിരിയില്‍ ലഭിച്ചതും മുഖ്യമന്ത്രി ഉപയോഗിച്ചതും.
ചുരുക്കിപ്പറഞ്ഞാല്‍ 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കൈവരിച്ച മുന്നേറ്റം തങ്ങളുടെ ഹിന്ദു വോട്ടുബാങ്കില്‍ കാര്യമായ ചോര്‍ച്ചയുണ്ടാക്കിയിട്ടുണ്ടെന്ന തിരിച്ചറിവാണ് ഇപ്പോള്‍ സനാതനവിഷയം ഉയര്‍ത്തിക്കൊണ്ടുവരാനും അതുവഴി ഹിന്ദുവോട്ട് ബാങ്കിനെ പിളര്‍ത്താനുള്ള നിലമൊരുക്കാനും സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്.
പരമ്പരാഗതമായി സി.പി.എമ്മിനു വോട്ടുചെയ്യുന്നവരാണ് ഈഴവര്‍ (മലബാറില്‍ തീയര്‍). എണ്ണംകൊണ്ട് കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു വിഭാഗമാണ് അവര്‍. ഇത് ജനസംഖ്യയുടെ ഏതാണ്ട് 23 ശതമാനം വരും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗണ്യമായ ഈഴവ സാന്നിദ്ധ്യമുള്ള മിക്കവാറും മണ്ഡലങ്ങളില്‍ എന്‍ഡിഎ മുന്നണിക്ക് വോട്ടു കൂടിയിട്ടുണ്ട്. 20 ശതമാനത്തിനടുത്ത് വോട്ട് വിഹിതം ഉയര്‍ത്തിയ ബി.ജെ.പിക്ക് ലഭിച്ച ഈഴവ സമുദായത്തിന്റെ വന്‍പിന്തുണയാണ് തൃശ്ശൂരില്‍ വിജയിച്ചതിന് പുറമെ ആലപ്പുഴ, ആലത്തൂര്‍, ആറ്റിങ്ങല്‍, കോട്ടയം എന്നിവിടങ്ങളില്‍ വലിയ നേട്ടമുണ്ടാക്കാന്‍ അവരെ സഹായിച്ചത്.
വടക്കന്‍ കേരളത്തിലെ അഞ്ച് മണ്ഡലങ്ങളില്‍ – കാസര്‍കോട്, കണ്ണൂര്‍, വയനാട്, വടകര, കോഴിക്കോട് – എന്‍ഡിഎ വോട്ട് വിഹിതം 2% മുതല്‍ 6% വരെ വര്‍ദ്ധിച്ചു. 11% മുന്നേറിയ ആലപ്പുഴയിലും 9% നേടിയ തൃശ്ശൂരിലും 10% കൂടുതല്‍ വോട്ട് നേടിയ ആലത്തൂരിലുമാണ് അതിന്റെ ഏറ്റവും വലിയ നേട്ടം കണ്ടത്. കൊല്ലത്തും ആറ്റിങ്ങലിലും എന്‍ഡിഎ വോട്ടുകളില്‍ 7% വര്‍ദ്ധനയുണ്ടായി. തൃശ്ശൂര്‍, ആറ്റിങ്ങല്‍ തുടങ്ങിയ മണ്ഡലങ്ങളിലെ പ്രകടനത്തില്‍ എന്‍ഡിഎക്കു നേട്ടമായത് ഈഴവ സമുദായത്തില്‍ നിന്നുണ്ടായ ഇടതുവോട്ടുകളുടെ ചോര്‍ച്ചയാണ്.
2004-ല്‍ ബിജെപിക്ക് 10 ശതമാനത്തിലധികം വോട്ട് വിഹിതം ഉണ്ടായിരുന്നെങ്കിലും ഒരു മുന്നണിയായി കണക്കാക്കാനുള്ള ശക്തിയായി അന്ന് ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം, 140 നിയമസഭാ മണ്ഡലങ്ങളില്‍ 11 എണ്ണത്തിലും എതിരാളികളെക്കാള്‍ വോട്ടുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ട് എന്‍ഡിഎ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ച് ഇരുമുന്നണികള്‍ക്കും വന്‍ വെല്ലുവിളി ഉയര്‍ത്തി എന്നത് വസ്തുതയാണ്. അതിന്റെ പാര്‍ശ്വഫലമാണ് സനാതനവിരുദ്ധ പ്രസ്താവനയും, ക്ഷേത്രത്തിലെ ഷര്‍ട്ട് ധരിക്കല്‍ വിവാദവും ഒക്കെയായി ഇപ്പോള്‍ പുറത്തുവരുന്നത്. ആ രാഷ്ട്രീയതന്ത്രത്തെ യുക്തമായി പ്രതിരോധിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. ഒപ്പം തങ്ങള്‍ പ്രതിരോധത്തിലാകുമ്പോള്‍ രക്ഷയ്ക്കായി മതവിശ്വാസങ്ങളെ മുന്‍നിര്‍ത്തി സമൂഹത്തെ വിഭജിക്കുന്ന കക്ഷിരാഷ്ട്രീയ നിലപാടുകള്‍ തിരിച്ചറിയുകയും വേണം.
ഈ വിവാദത്തെ കുടത്തില്‍ നിന്ന് തുറന്നുവിട്ടവരുടെ നിലപാടുകള്‍ പരിശോധിക്കുന്നത് രസാവഹമാണ്. സനാതനധര്‍മം ഉന്മൂലനം ചെയ്യപ്പെടേണ്ടതാണ് എന്നതായിരുന്നു മുന്‍പ് ഉദയനിധി പറഞ്ഞത്. രാജ്യത്തെങ്ങുനിന്നും അതിനെതിരെ പ്രതിഷേധമുയരുകയും സനാതനമെന്നത് വള്ളലാരും ശ്രീനാരായണഗുരുവുമെല്ലാം പ്രതിനിധാനം ചെയ്യുന്ന പാത തന്നെയാണ് എന്ന് വ്യക്തമാകുകയും ചെയ്തപ്പോള്‍, തങ്ങള്‍ എതിര്‍ത്തത് ചാതുര്‍വര്‍ണ്യമടങ്ങുന്ന സനാതനസംസ്‌കാരത്തെയാണ് എന്ന് മാറ്റിപ്പറയുകയാണ് ഉദയനിധി ചെയ്തത്.
എന്നാല്‍ സനാതനധര്‍മ്മം ലോകത്തിലെ ഏറ്റവും പഴക്കമേറിയതും ഇപ്പോഴും നിലനില്‍ക്കുന്നതുമായ ജീവിതശൈലിയാണ് എന്നതാണ് വസ്തുത. അതിലെ വര്‍ണ്ണസമ്പ്രദായത്തെ ജാതിവ്യവസ്ഥയായി കണക്കാക്കുന്നത് തെറ്റിദ്ധാരണകളാലാണ്. വര്‍ണസമ്പ്രദായത്തെ മധ്യകാലഘട്ടത്തിലും ബ്രിട്ടീഷ് കാലഘട്ടത്തിലും, വികലമാക്കുകയും, ജാതിവ്യവസ്ഥയുടെ രൂപം നല്‍കുകയും ചെയ്‌തെങ്കില്‍ തെറ്റ് ആ ധര്‍മത്തിന്റേതല്ല, ഭരണാധികാരികളുടേതാണ്. അതിന് രാഷ്ട്രീയ കാരണങ്ങളുമുണ്ട് എന്ന് മനസ്സിലാക്കുകയുമാണ് വേണ്ടത്. ചോളന്‍മാര്‍ മുതല്‍ ചാലൂക്യര്‍ വരെയുള്ള തെക്കന്‍ രാജവംശങ്ങളെല്ലാം സനാതനധര്‍മ്മത്തിന്റെ സംരക്ഷകരായിരുന്നു. അവര്‍ മാത്രമല്ല വാല്മീകി, വേദവ്യാസന്‍, കശ്യപന്‍, ചരകന്‍, ജൈമിനി, പാണിനി, നാഗാര്‍ജുനന്‍, പതഞ്ജലി, ഭാസ്‌കരാചാര്യന്‍, ചാണക്യന്‍, ശങ്കരാചാര്യര്‍, രാമാനുജാചാര്യര്‍, മധ്വാചാര്യര്‍, ചൈതന്യ മഹാപ്രഭു, സ്വാമി ഹരിദാപ്രഭു, ജ്ഞാനേശ്വര്‍, നാംദേവ്, കബീര്‍ദാസ്, ഗുരു നാനാക്ക്, ഗുരു അര്‍ജന്‍ ദേവ്, സൂര്‍ദാസ്, മീരാഭായ്, ഏകനാഥ്, തുക്കാറാം, ജയ്‌ദേവ്, സരളാദാസ്, ശങ്കര്‍ദേവ്, ദയാനന്ദ സരസ്വതി അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഒരു പരമ്പര തന്നെ സനാതനധര്‍മത്തിന്റേതായുണ്ട്. അവരെയെല്ലാം നിഷേധിക്കുന്നത് അസ്തിത്വത്തെ നിഷേധിക്കല്‍ തന്നെയാണ്.
എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ അഭിപ്രായത്തില്‍,സനാതനധര്‍മ്മമെന്നാല്‍ സത്യസന്ധത, ജീവജാലങ്ങളെ ഉപദ്രവിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കല്‍, വിശുദ്ധി, സൗമനസ്യം, കരുണ, ക്ഷമ, സഹിഷ്ണുത, ആത്മനിയന്ത്രണം, ഔദാര്യം, സന്യാസംതുടങ്ങിയഗുണങ്ങളുടെ സമ്മിശ്രണമാണ് .ഇവ പിന്തുടരുന്നത് ആത്മീയവിമോചനത്തിന്റെയും ആത്മജ്ഞാനത്തിന്റെയും പ്രബുദ്ധതയുടെയുംഅവസ്ഥയായ മോക്ഷത്തിലെത്താന്‍ ഒരാളെ അനുവദിക്കുന്നുവെന്നാണ് ആചാര്യന്മാര്‍ അഭിപ്രായപ്പെട്ടതും. പ്രപഞ്ചത്തില്‍ നിറഞ്ഞിരുന്ന് അതിനെ ഭരിക്കുന്ന ശക്തിയെയാണ് ഒരു വിശ്വാസി സനാതനം എന്ന് വിവക്ഷിക്കുന്നത്. അതിനെ പ്രാപിക്കാനുള്ള ആന്തരിക വളര്‍ച്ചക്കായി ഓരോരുത്തരും അവര്‍ക്കിഷ്ടമുള്ള വഴി സ്വീകരിച്ചു എന്ന് വരാം. എങ്കിലും അതൊരു മതമല്ല. അതെന്താണെന്നറിയാത്തവര്‍ അതിനു ചാര്‍ത്തിയ പേരാണ് ഹിന്ദു എന്നത്. ശ്രുതി പ്രധാനമാണത്. മറിച്ച് മനുഷ്യര്‍ എങ്ങനെയാണ് വ്യാവഹാരിക പ്രപഞ്ചത്തില്‍ പെരുമാറേണ്ടത് എന്ന് പറയുന്നത് സ്മൃതികളാണ്. അതിലാണ് പിന്നീട് ഉച്ചനീചത്വങ്ങളും അനാചാരങ്ങളും കടന്നുകൂടിയത്. രണ്ടും ഒന്നല്ല എന്ന് മനസ്സിലാക്കുകയാണ് പ്രധാനമായും വേണ്ടത്.
തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തില്‍ വര്‍ണ്ണസമ്പ്രദായത്തെ ജാതിവ്യവസ്ഥ എന്നു വിളിക്കുന്നതും, ജന്മാധിഷ്ഠിതമായ പാരമ്പര്യമായി അതിനെ കണക്കാക്കുന്നതും ആക്രമത്തെക്കുറിച്ചുള്ള അജ്ഞതയാല്‍ മാത്രമാണ് എന്നേ കരുതാനാകൂ. ചിന്തിക്കുന്നവര്‍, സംരക്ഷിക്കുന്നവര്‍, പണംസമ്പാദിക്കുകയും സമൂഹത്തിന്റെ മുഴുവന്‍ സംവിധാനങ്ങളും പരിപാലിക്കുകയും ചെയ്യുന്നവര്‍, പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയ നാല് വിഭാഗത്തില്‍ ഉള്‍പ്പെടാത്ത ഒരുസമൂഹവും ലോകത്തിലില്ല. ഇതാണ് ജാതിവ്യവസ്ഥ. ഇത് ജന്മസിദ്ധമല്ല. ഈ വര്‍ണ്ണ സമ്പ്രദായം സനാതനധര്‍മ്മത്തില്‍ അന്യായവുമല്ല. എന്നാല്‍ പതിനൊന്ന്, പന്ത്രണ്ട്നൂറ്റാണ്ടുകള്‍ക്ക്ശേഷം മധ്യകാലഘട്ടത്തിലും ആധുനിക ബ്രിട്ടീഷ് കാലഘട്ടത്തിലും, രാഷ്ട്രീയ കാരണങ്ങളാല്‍, അത് വികലമാക്കുകയും ജാതി വ്യവസ്ഥയുടെ രൂപംകൈവരിക്കുകയും ചെയ്‌തെങ്കില്‍ ആ ചട്ടക്കൂടിനുള്ളില്‍നിന്ന്അതിനെ മോചിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. അതാണ്നാരായണഗുരുചെയ്തതും. ആ പ്രവൃത്തിയെ രാഷ്ട്രീയായുധമായി കാണുന്നവര്‍ക്ക് അതിന്റെ മഹിമയെ കുറിച്ച്ധാരണയുണ്ടാകില്ല എന്നേ വരൂ. ആ പ്രവൃത്തിയുടെ മഹിമയെ കുറിച്ച്ധാരണയുള്ളവര്‍ അതിനെ കേവലമൊരു രാഷ്ട്രീയായുധമായി കാണുകയുമില്ല.
ഭദ്രകാളി അഷ്ടകവും വിനായകാഷ്ടകവും മുതല്‍ ഹോമമന്ത്രംവരെ രചിക്കുകയും ഈശാവാസ്യോപനിഷത്ത് മലയാളത്തിലേക്ക് തര്‍ജമചെയ്യുകയും ചെയ്ത ശ്രീനാരായണഗുരുവിനെയാണ് ഇപ്പോള്‍ ചിലര്‍ സനാതനവിരുദ്ധനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. ഹോമമന്ത്രങ്ങളും ഉപനിഷത്തുക്കളുമെല്ലാം സനാതനധര്‍മത്തിന്റെ തന്നെ ഭാഗമാണെന്നിരിക്കെ, അവയുടെ സര്‍ഗ്ഗാത്മക പുനരാഖ്യാനത്തിനു സംഭാവന നല്‍കിയഗുരു,സനാതനവിരുദ്ധനാകുന്നതില്‍പരം വൈചിത്ര്യമുണ്ടോ?
തമിഴ്‌നാട്ടിലെ പ്രശസ്ത കലാവിമര്‍ശകനായിരുന്ന വെങ്കട്ട് സ്വാമിനാഥന്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഉയര്‍ച്ചയ്ക്ക് ശേഷമുള്ള തമിഴ് സാംസ്‌കാരിക ചുറ്റുപാടിനെ മരുഭൂമിയോടാണ് ഉപമിച്ചത്. തമിഴകത്തിന്റെ സര്‍ഗ്ഗാത്മകവും ആത്മീയവുമായ നീരുറവ അപ്രത്യക്ഷമാവുകയും സാംസ്‌കാരിക ഭൂമി തരിശായിത്തീരുകയും ചെയ്തതിന്റെ പ്രധാന കാരണം, ദ്രാവിഡ രാഷ്ട്രീയമാണ് എന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. ദ്രാവിഡരാഷ്ട്രീയത്തിന്റെ ചുവടുപിടിച്ച് കേരളത്തിലും ചിലര്‍ പരീക്ഷിക്കാന്‍ വെമ്പല്‍ കൊള്ളുന്ന വിഭജനരാഷ്ട്രീയം കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയെ മലിനമാക്കും മുന്‍പ് രണ്ടു കയ്യും ഉയര്‍ത്തി പ്രതിരോധിക്കേണ്ട ബാധ്യതയാണ് ജനാധിപത്യ വിശ്വാസികള്‍ക്കുള്ളത്.