ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം (1952) എന്ന ഒറ്റകൃതി മതി മലയാള കവിതാസാഹിത്യലോകത്ത് അക്കിത്തത്തെ അടയാളപ്പെടുത്താന്‍. സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം കാവ്യമേഖലയിലുണ്ടായ മാറ്റങ്ങളില്‍, ആര്‍ഷസംസ്‌കാരത്തിന്റെ ഔഷധവേരുകളില്‍ നിന്നും ഊര്‍ജ്ജം സ്വീകരിച്ച് മുന്നേറാനാണ് ഈ കവി ശ്രമിച്ചത്. മനുഷ്യനെയും പ്രകൃതിയെയും ഒരേ മനസ്സോടെ നോക്കിക്കാണുന്നവയാണ് അക്കിത്തത്തിന്റെ കവിതകള്‍. നന്മയെതിന്നുതീര്‍ക്കാന്‍ ശ്രമിക്കുന്ന തിന്മയെക്കുറിച്ചോര്‍ത്ത് കവി വ്യാകുലനാകുന്നു. മാനുഷികബന്ധങ്ങളില്‍ സംഭവിച്ച വിള്ളലുകള്‍ കവിതകളില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ”പ്രകടമായ അലങ്കാരങ്ങളോ മോടിപിടിപ്പിക്കലോ പുറമേയ്ക്ക് കേള്‍ക്കുന്ന സംഗീതമോ ഇല്ല. അമൂര്‍ത്തവും മായികവുമായ അന്തരീക്ഷവുമില്ല. വിദൂരമായവയെക്കുറിച്ചുള്ള ഭാവനാചിത്രങ്ങളില്ല, ഏറ്റവും അടുത്തുള്ളവയെ തെളിച്ചുപറയുന്ന രീതിയാണ് അക്കിത്തത്തിന്റെ കവിതകള്‍ക്ക്.”1 ”സ്വന്തം ദു:ഖങ്ങളെ ആത്മീയ കാഴ്ചപ്പാടില്‍ വ്യാഖ്യാനിക്കാന്‍ കവി തയ്യാറാകുന്നു. സംസ്‌കൃതഭാഷയിലൂടെ കൈവന്ന ഭാരതീയ സംസ്‌കാരത്തിന്റെ പൈതൃകം തന്റെ കവിതയുടെ അന്തര്‍ഭാവമാക്കാനും കവി ശ്രമിക്കുന്നു.”2
”നിരത്തില്‍ കാക്കകൊത്തുന്നു
ചത്തപെണ്ണിന്റെ കണ്ണുകള്‍,
മുലചപ്പിവലിക്കുന്നൂ
നരവര്‍ഗ്ഗനവാതിഥി”3
ഭീതി ജനിപ്പിക്കുന്നതാണ് ഈ ദൃശ്യബിംബം. പട്ടിണിയുടെ തീവ്രത വ്യക്തമാക്കുന്നുണ്ട് ഈ വരികള്‍. മാത്രമല്ല നഗരത്തിന്റെ പൊള്ളലും തീവ്രതയും കാട്ടിത്തരുന്നു.
”അരിവെപ്പോന്റെ തീയില്‍ ചെ-
ന്നീയാമ്പാറ്റ പതിക്കയാല്‍
പിറ്റേന്നിടവഴിക്കുണ്ടില്‍
കാണ്‍മൂ ശിശുശവങ്ങളെ
കരഞ്ഞുചൊന്നേന്‍ ഞാനന്നു
ഭാവിപൗരനോടിങ്ങനെ
‘വെളിച്ചം ദു:ഖമാണുണ്ണി
തമസ്സല്ലോ സുഖപ്രദം!”4
ക്രൂരതകള്‍ നിറഞ്ഞതാണ് ലോകം. ക്രൂരഭാവമാണ് ഇവിടുത്തെ യഥാര്‍ത്ഥ ശക്തി. ജീവിതത്തിന്റെ എല്ലാതുറകളിലും ക്രൂരഭാവത്താലാണ് മേലാളിത്തം ആധിപത്യം സ്ഥാപിക്കുന്നത്. ഈ തിരിച്ചറിവുകളില്‍നിന്നാണ് വെളിച്ചം ദു:ഖമാണെന്നും ഇരുട്ടാണ് സുഖപ്രദമെന്നും കവിക്ക് പറയേണ്ടിവന്നത്. ആത്മാന്വേഷണത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ലൗകിക ജീവിതത്തില്‍ ഉണ്ടെന്ന് കരുതുന്ന വെളിച്ചം വെളിച്ചമല്ല. ആത്മാന്വേഷണത്തിലൂടെയേ അനശ്വരമായ പ്രകാശത്തിലേക്ക് എത്താന്‍ കഴിയൂ എന്ന കാവ്യവീക്ഷണം ആര്‍ഷസംസ്‌കൃതിയുടെ അന്തര്‍ധാരയാണ്. ആത്മീയതയെ പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിക്കാന്‍ ഭൗതികവാദികള്‍ നീക്കം നടത്തിയ കാലഘട്ടത്തിലാണ് അക്കിത്തത്തിന് ഇങ്ങനെ കവിതയിലൂടെ പ്രതികരിക്കേണ്ടി വന്നത്.
‘ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസ’ത്തിന്റെ അവതാരികയില്‍ എന്‍.പി.മുഹമ്മദ് ഇങ്ങനെ വിവരിക്കുന്നു. ”കൊളോണിയലിസത്തിന്റെ വേട്ടമൃഗമായിരുന്ന ഒരു ദരിദ്രരാജ്യത്തിലെ ദേശീയ വിമോചന പ്രസ്ഥാനം ജനത്തില്‍ ഊട്ടിയെടുത്ത അമിതമോഹങ്ങളും അവയുടെ കാലാന്തരത്തിലുള്ള തകര്‍ച്ചയും പരിമിതമായ ജനാധിപത്യ സ്ഥാപനങ്ങളുടെ മന്ദഗതിയിലുള്ള നിര്‍വ്വഹണം ഉളവാക്കുന്ന സഹികേടും നിത്യദാരിദ്ര്യവും അതോടനുബന്ധപ്പെട്ട അനേകായിരം മാനുഷിക പ്രശ്‌നങ്ങളും രാഷ്ട്രീയ സംഘടനകളുടെ വൈരാഗ്യബുദ്ധിയും അവയുണ്ടാക്കുന്ന പ്രചാരവേലകളുടെ സ്വാധീനവും ജാതിവഴക്കുകളും ധര്‍മ്മഭ്രംശവും പൊതുവിലുള്ള നമ്മുടെ സമൂഹത്തിന്റെ ജീര്‍ണതയും ചിന്തിക്കുന്ന ഒരാളെ വിഷണ്ണനാക്കുന്നു. 5 ഈ ദു:ഖസ്ഥിതിയെ അക്കിത്തം മറികടക്കുന്നത് സനാതന സങ്കല്‍പ്പത്തിലുള്ള അടിയുറച്ച വിശ്വാസത്തിലൂടെയാണ്.
എല്ലാം ഉണ്ടായിട്ടും ത്യജിക്കാന്‍ തയ്യാറായവരാണ് ഭാരതീയ പിതാമഹര്‍. തപസ്സിദ്ധിപോലും നന്മവരുത്തുന്നതിന് വേണ്ടിയാണ് വിനിയോഗിക്കപ്പെട്ടത്.
‘ഒരു കണ്ണീര്‍ക്കണം മറ്റു-
ള്ളവര്‍ക്കായി ഞാന്‍ പൊഴിക്കവെ
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം’.
ഈ വരികളില്‍ ത്യാഗത്തിലൂന്നിയ ആത്മസാക്ഷാത്ക്കാരത്തിന്റെ തുടിപ്പുകളുണ്ട്.
അക്കിത്തത്തെക്കുറിച്ച് സുകുമാര്‍ അഴീക്കോട് പറഞ്ഞതും ഇവിടെ പരാമര്‍ശിച്ചുപോകുന്നു. ‘ഏറ്റവും ശാന്താത്മാവായ കവിയാണ് അക്കിത്തം. അദ്ദേഹത്തെപ്പോലെ സ്ഥിരധീരനായ ഒരു കവിക്കല്ലാതെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം പോലെ ഒരു കൃതി എഴുതാന്‍ കഴിയില്ല. എല്ലാനൂറ്റാണ്ടുകള്‍ക്കും വെളിയില്‍ നില്‍ക്കാവുന്ന വിശ്വതോന്മുഖത്വം അനുഗ്രഹരൂപേണ ലഭിച്ചിരിക്കുന്നു. സഹജമായ വികാരമുക്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഇവയായിരുന്നു അക്കിത്തത്തിന്റെ മുഖശ്രീയും അദ്ദേഹത്തിന്റെ കവിതകളുടെ ആത്മധ്വനിയും’.
പൊള്ളോ പൊരുളോ പറഞ്ഞു ഞാനെന്ന
ഭള്ളെനിക്കിപ്പൊളുമില്ലൊരു ലേശവും
(പണ്ടത്തെ മേല്‍ശാന്തി)
‘കോഴിമുട്ടകണക്കെന്റെ കൈവെള്ളയിലടക്കിടാം
ഈ മഹാബ്രഹ്മഗോളത്തെയെന്ന് തെറ്റിദ്ധരിച്ചുഞാന്‍’
(ഭൂമി)
ഭൂമിയും പ്രകൃതിശക്തികളും മനുഷ്യന് ഉപഭോഗത്തിന് വേണ്ടിയാണ് എന്ന പാശ്ചാത്യ-മാര്‍ക്‌സിയന്‍ വീക്ഷണത്തെ പരിഹസിക്കുന്നതാണ് മേല്‍സൂചിപ്പിച്ച വരികള്‍. മനുഷ്യനാണ് പ്രപഞ്ചത്തിലെ ഏറ്റവും ശക്തന്‍ എന്ന പ്രചാരണത്തെ ഖണ്ഡിക്കാന്‍ ഈ വരികള്‍ ധാരാളം.
‘എനിക്ക് മാനഹാനിക്കായ് ഇല്ലകാരണമൊന്നുമേ
ക്ഷമയാചിക്കുന്നത് എന്നെപ്പെറ്റഭൂമിയോടല്ലിഞാന്‍’
(ഭൂമി)
രാജ്യത്ത് മിക്ക നിയമങ്ങളും രൂപപ്പെടുത്തുന്നത് മനുഷ്യനെ കേന്ദ്രീകരിച്ചാണ്. ഭൂമിയെ കേന്ദ്രീകരിച്ചും മനുഷ്യനെ അതില്‍ ഒരു ഘടകം മാത്രമായിക്കണ്ടുകൊണ്ടും നിയമം വരേണ്ടതുണ്ട്. ഭൂമി മാത്രമാണ് സത്യം. ആസന്നമരണക്കിടക്കയിലാണെങ്കിലും ക്ഷമ യാചിക്കാന്‍ ഭൂമി മാത്രമാണുള്ളത്. ക്ഷമിക്കാന്‍ കഴിയുന്ന അമ്മ ഭൂമിതന്നെയാണ്. ആ ഭൂമി ഭാരതമാതാവാണെന്ന് വ്യാഖ്യാനിച്ചാലും തെറ്റില്ലെന്ന് ഭൂമിയെന്ന കവിത വിളിച്ചുപറയുന്നു. അത്യാഗ്രഹങ്ങള്‍ ഒഴിവാക്കിയാല്‍ എല്ലാ നൈരാശ്യങ്ങളുടെയും അപ്പുറത്ത് മനുഷ്യന്‍ ഈശ്വരനാകും എന്ന ഉറച്ചവിശ്വാസമാണ് അക്കിത്തത്തിനുള്ളത്.
‘എന്റെയല്ലെന്റെയല്ലീ കൊമ്പനാനകള്‍
എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ’
(പണ്ടത്തെ മേല്‍ശാന്തി)
എന്ന കാഴ്ചപ്പാട് അക്കിത്തത്തിന്റെ കവിതകളുടെ ആത്മീയ ചൈതന്യമാണ്. ഭൂമി പകുത്തു പകുത്ത് എന്റേതെന്നും നിന്റേതെന്നും പറഞ്ഞ് വീതം വയ്ക്കുന്ന കാലത്താണ് എല്ലാം നമ്മുടേതാണ് എന്ന ധ്വനി പ്രവഹിക്കുന്നത്. ബോധമനസ്സിലും അബോധനമസ്സിലും ഈ കവി കവിതയെഴുതിയിട്ടുണ്ട്. ‘കാശിക്കുപോയൊരു പൂശാരി രാമനെ’… എന്നു തുടങ്ങുന്ന കവിത അബോധമായ മനസ്സില്‍ കിളിര്‍ത്തതാണെന്ന് കവി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഋഷിയാണ് കവി എന്ന ഭാരതീയ തത്വചിന്തയുടെ ജീവിത സാക്ഷ്യമാണ് മഹാകവി അക്കിത്തം.
കവിതയും കവിയും രണ്ട് വഴിക്ക് നടക്കുന്ന സമകാലിക സാഹചര്യത്തെയാണ് നാം ശീലിക്കുന്നത്. ഈ ശീലങ്ങളെ ഉടച്ചുകളയുന്നു അക്കിത്തവും അദ്ദേഹത്തിന്റെ കവിതകളും. കവിയാകണമെങ്കില്‍ കവിയാകണമെന്ന് മോഹിക്കാതിരിക്കുക, കാവ്യക്രിയ ശുദ്ധമായി നടത്തുക, ഫലത്തില്‍ ആഗ്രഹം പ്രകടിപ്പിക്കാതെ കര്‍മ്മം ചെയ്യുക എന്നീ തത്വങ്ങളാണ് അക്കിത്തം എന്ന ഋഷികവി പുലര്‍ത്തിപ്പോരുന്നത്.
കുറിപ്പുകള്‍
1. എന്‍. അജയകുമാര്‍, കവിതയുടെ വഴികള്‍, പുറം. 97.
2 എരുമേലി പരമേശ്വരന്‍ പിള്ള, മലയാള സാഹിത്യ ചരിത്രം കാലഘട്ടങ്ങളിലൂടെ, പുറം 236
3. അക്കിത്തം, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം. പുറം. 29.
4. ടി. പു. 33.
5. അക്കിത്തം, ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം, അവതാരിക.