കുറച്ച് നാളുകള്‍ക്ക് മുന്നേ പത്രങ്ങളില്‍ വന്ന വാര്‍ത്തയാണ് ഈ ലേഖനത്തിന് പ്രചോദനമായത്. ‘മഹാരാഷ്ട്രയില്‍ അമ്മമാരുടെ പേരിന് മുന്‍ഗണന’ എന്നായിരുന്നു വാര്‍ത്ത. അതില്‍ ആ സംസ്ഥാനത്തെ അന്നത്തെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും, മന്ത്രിസഭയിലെ അംഗങ്ങളും പേരിന്റെ കൂടെ അമ്മമാരുടെ പേരുകള്‍ ചേര്‍ത്തു. മുഖ്യമന്ത്രി ഏകനാഥ ഷിന്‍ഡേ ഏകനാഥ് സംഭാജി ഷിന്‍ഡേ എന്നതില്‍ അച്ഛന്റെ പേരായ സംഭാജി മാറ്റി ഏകനാഥ് ഗംഗുഭായ് ഷിന്‍ഡേ എന്നാക്കി. ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, ദേവേന്ദ്ര സരിതാ ഫഡ്‌നാവിസ് എന്നും, അജിത് പവാര്‍ അജിത് അഷ്തായ് പവാര്‍ എന്നും ആക്കി മാറ്റി. കൂടാതെ 2024 മെയ് 1-ാം തീയതി മുതല്‍ ജനിക്കുന്ന കുട്ടികള്‍ക്ക് അമ്മമാരുടെ പേരുകള്‍ സര്‍ക്കാര്‍ രേഖകളില്‍ ചേര്‍ക്കണമെന്ന നിയമം വന്നു.
ഇത് വായിക്കുന്നവര്‍ ചോദിക്കും ”പേരിന്റെ കൂടെ അച്ഛന്റെയോ, അമ്മയുടെയോ, അല്ലെങ്കില്‍ കുടുംബപ്പേരോ ജനനസ്ഥലത്തിന്റെ പേരോ ചേര്‍ക്കട്ടെ, അതില്‍ ഇത്ര വെപ്രാളപ്പെടുന്നതിന്റെ കാര്യമെന്താണെന്ന്?” അതിനുള്ള മറുപടി ”ഭാരതീയ ചിന്തകളില്‍ മാതാവിന്റെ സ്ഥാനം ഏറ്റവും മഹത്തരമാണ്. മാതാ, പിതാ, ഗുരു, ദൈവം എന്നാണ് മഹത്തായ ആപ്തവാക്യം. ദൈവത്തിന് സ്ഥാനം ഏറ്റവും ഒടുവിലാണ്. മാതാവും, പിതാവും, ഗുരുവും അനുഗ്രഹിക്കാത്തവര്‍ക്ക് ദൈവീകമായ അനുഗ്രഹവും ലഭിക്കുകയില്ല. സ്ത്രീക്ക് ശക്തി എന്നും അര്‍ത്ഥമുണ്ട്. പ്രപഞ്ചശക്തിയെയാണ് ഇവിടെ ശക്തിയായി കാണുന്നത്. പ്രപഞ്ചത്തിന്റെ കണ്ണാടിയാണ് പ്രകൃതി. പ്രകൃതി, പുരുഷ സമ്മേളനമാണ് പ്രപഞ്ചത്തില്‍ ജീവന്‍ നിലനിര്‍ത്തുന്നത്. പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ചത് യഹോവയോ, അള്ളാഹുവോ ആണെന്ന് അവകാശപ്പെട്ട് അനേകം രക്തരൂക്ഷിതമായ യുദ്ധങ്ങള്‍ നടത്തിയ എബ്രഹാം മതങ്ങളില്‍ നിന്നും ഭാരതീയ ചിന്തയെ മാറ്റി നിര്‍ത്തുന്നതും പ്രപഞ്ചശക്തിയുടെ മാതൃഭാവമാണ്.”
ഭാരതത്തിന്റെ പുരാതന ചരിത്രത്തില്‍ സ്ഥാനം നേടിയ സിന്ധു നദീതട സംസ്‌കാരകാലത്ത് സ്ത്രീകള്‍ക്കായിരുന്നു സമൂഹത്തില്‍ ഏറ്റവും മഹത്തായ സ്ഥാനം. ഇന്നും തായ്കുലം എന്ന് ഏറ്റവും ആദരപൂര്‍വ്വം തമിഴ്‌നാട്ടില്‍ സംബോധന ചെയ്യുന്നത് സ്ത്രീകളെയാണ്. ഭാരതീയ സംസ്‌കാരത്തിന്റെ ദര്‍ശനങ്ങളാണ് ലോകമെമ്പാടുമുള്ള അതിപുരാതനങ്ങളായ ഈജിപ്ഷ്യന്‍ സംസ്‌കാരം, ഫെലിസ്ത്യന്‍ സംസ്‌കാരം എന്നിവയ്ക്കും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ മയാ, ഇന്‍ങ്കാ, ആഷ്‌ട്രേക്ക് സംസ്‌കാരങ്ങള്‍ക്കും ഗ്രീക്ക്, റോമന്‍ സംസ്‌കാരങ്ങള്‍ക്കും പ്രചോദനമേകിയത്. ഇവിടെയും നമുക്ക് സ്ത്രീകളുടെ പ്രാധാന്യം അറിയാന്‍ കഴിയും.
മാര്‍ക്‌സിന്റെ അടുത്ത അനുയായിയും പ്രസിദ്ധ ചിന്തകനുമായ ഫ്രഡറിക് എംഗല്‍സ് തന്റെ കുടുംബം എന്ന ഗ്രന്ഥത്തില്‍ ആദിമ കമ്മ്യൂണിസത്തില്‍ സ്ത്രീകള്‍ക്കായിരുന്നു സമൂഹത്തില്‍ പ്രഥമ സ്ഥാനം എന്നും, പിന്നീട് ജന്മിത്വം, നാടുവാഴിത്തം, മുതലാളിത്തം എന്നീ ഘട്ടങ്ങളില്‍ കൂടി സാമൂഹ്യവ്യവസ്ഥിതിയില്‍ മാറ്റങ്ങള്‍ ഉണ്ടായപ്പോള്‍ പുരുഷമേധാവിത്തം അതിന്റെ പരമകാഷ്ഠയിലെത്തി എന്നും വ്യക്തമാക്കുന്നുണ്ട്.
ഭാരതത്തില്‍ വൈദേശിക മേധാവിത്തം ശക്തമായപ്പോള്‍ മാതൃദായ നിയമം (മാടിയാര്‍ക്കല്‍) വ്യവസ്ഥ ദുര്‍ബ്ബലമാവുകയും, പാട്രിയാര്‍ക്കല്‍ (പിതൃദായ നിയമം) അതീവ ശക്തമാവുകയും ചെയ്തു. മലയാളക്കരയില്‍ ഒന്നേകാല്‍ നൂറ്റാണ്ടിനു മുമ്പുവരെ നായര്‍ തറവാടുകളിലും മലബാറിലെ പുരാതന മുസ്ലിം തറവാടുകളിലും നിലനിന്ന കൂട്ടുകുടുംബ വ്യവസ്ഥയില്‍ സ്ത്രീകള്‍ക്ക് ശക്തമായ സ്വാധീനം ഉണ്ടായിരുന്നു. പിന്നീട് നായര്‍ തറവാടുകളില്‍ സ്ത്രീകള്‍ക്ക് സ്വാധീനമുള്ള മാതൃദായ നിയമത്തില്‍ വെള്ളം ചേര്‍ത്ത് മരുമക്കത്തായ സമ്പ്രദായം നിലവില്‍ വന്നപ്പോള്‍ കുടുംബനാഥന്റെ സ്ഥാനപ്പേര് കാരണവര്‍ എന്നായി മാറുകയും അമ്മാവന്മാരുടെ ഭരണം തറവാടുകളില്‍ ആരംഭിക്കുകയും ചെയ്തു. സ്ത്രീകള്‍ വീടിന്റെ അകത്തളങ്ങളിലേക്ക് തള്ളപ്പെട്ടു. ഈ നില അമ്മാവന്മാരായ കാരണവന്മാരും, അനന്തിരവന്മാരും തമ്മിലുള്ള നിരന്തരമായ കലഹങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും വഴിവച്ചു. ശാസ്ത്രസാഹിത്യകാരനായ കേശവദേവിന്റെ ത്യാഗിയായ ദ്രോഹി എന്ന നോവലിന്റെ പശ്ചാത്തലവും അദ്ദേഹത്തിന്റെ തറവാട്ടിലെ കാരണവര്‍ – അനന്തിരവന്‍ സംഘട്ടനമാണ്.
ലോകത്തിലെ ഏതൊരു സാമൂഹിക മാറ്റത്തിനും 100% പരിപൂര്‍ണ്ണത ലഭിക്കുകയില്ല. അതില്‍ ഏതാണോ ഏറ്റവും യോഗ്യം അതാണ് കാലത്തിനനുസരിച്ച് സ്വീകരിക്കേണ്ടത്. പിതൃദായക്രമം (പാട്രിയാര്‍ക്കല്‍ നിയമം) പിതാക്കന്മാരുടെ കുടുംബങ്ങളിലെ സര്‍വ്വാധിപത്യം വിദേശാക്രമണങ്ങളിലൂടെയാണ് ഭാരതത്തിലെത്തിയത്. പാശ്ചാത്യ മതമായ ക്രിസ്തുമതവും അറേബ്യന്‍ രാജ്യങ്ങളിലുള്ള ഇസ്ലാം നിയമവും സ്ത്രീ സ്വാതന്ത്ര്യത്തിന് വിലക്കുള്ളതും പുരുഷാധിപത്യത്തിന്റെ അധീശത്വം ഉറപ്പിക്കുന്നതുമാണ്. കേരളത്തില്‍ പിതൃദായ ക്രമം നിയമമായി മാറുകയും മരുമക്കത്തായം നിയമമല്ലാതായി തീരുകയും ചെയ്തത് 1976 ലാണ്. കുടുംബത്തിലെ സ്ത്രീകളുടെ ആധിപത്യത്തിനെ തന്ത്രപൂര്‍വ്വം തട്ടിയെടുത്താണ് മരുമക്കത്തായമെന്ന അമ്മാവന്‍ ഏകാധിപത്യം നിലവില്‍ വന്നതെങ്കിലും പഴയകാലത്തെ ചില നന്മകള്‍ നിലനിന്നിരുന്നു. അതില്‍ പ്രധാനമാണ് കൂട്ടുകുടുംബ വ്യവസ്ഥ. ഭാരതം കണ്ട പ്രസിദ്ധ രാഷ്ട്രീയ സാമൂഹ്യതത്വചിന്തകനും വിശ്വമാനവ വിപ്ലവകാരിയും ആയിരുന്ന ‘ഡോക്ടര്‍ റാം മനോഹര്‍ ലോഹ്യ’ ഒരിക്കല്‍ അഭിപ്രായപ്പെട്ടു ”സ്വാതന്ത്ര്യത്തിനു ശേഷം ദല്‍ഹിയിലെ ഭരണസിരാകേന്ദ്രങ്ങളിലെല്ലാം കേരളത്തിലെ മേനോന്മാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ദല്‍ഹിയില്‍ മേനോന്‍ മെനഞ്ചറ്റിസ് പടര്‍ന്നു പിടിക്കുന്നു” എന്ന്. ഇതിനെ പറ്റി പഠിച്ചപ്പോള്‍ തനിക്ക് മനസ്സിലായത് കേരളത്തിലെ നായര്‍ തറവാടുകളില്‍ നിലനിന്ന മാതൃദായക്രമത്തിന്റെ ഫലമായി അവര്‍ക്ക് ലഭിച്ച സാമൂഹ്യബോധവും കൂട്ടായ്മയും പകര്‍ന്നു നല്‍കിയ ആത്മവിശ്വാസവും ഊര്‍ജസ്വലതയും ആയിരുന്നു എന്നാണ്.
ലോകചരിത്ര പഠനങ്ങളില്‍ രണ്ടുതരത്തിലുള്ള പഠനങ്ങളാണുള്ളത്. ഒന്ന് പഴയ മാര്‍ക്‌സിയന്‍ ചരിത്രപഠനം, രണ്ടാമത്തേത് ചരിത്രത്തിന്റെ ചാക്രിക ചലനത്തിനെ പറ്റിയുള്ള പഠനങ്ങള്‍. ജര്‍മ്മന്‍ ചരിത്രപണ്ഡിതനായ ഓസ്വാള്‍ഡ് സ്പന്‍ഗ്ലര്‍, പ്രമുഖ ഭാരതീയ ചരിത്ര പണ്ഡിതന്മാര്‍ ആയിരുന്ന ജദുനാഥ സര്‍ക്കാര്‍, ആര്‍.സി. മജ്ജുംദാര്‍, നീലകണ്ഠശാസ്ത്രികള്‍, മലയാളികളായ ശ്രീധരമേനോന്‍, ഇപ്പോഴും ചരിത്രപഠനങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്ന വേലായുധന്‍ പണിക്കശ്ശേരി, എം.ജി.എസ്. നാരായണന്‍, കൂടാതെ അന്തരിച്ച ഡോ. അംബേദ്കര്‍, ഡോ.ലോഹ്യ, വീര സവര്‍ക്കര്‍ എന്നിവരെല്ലാം ചരിത്രത്തിന്റെ ചാക്രികചലന സിദ്ധാന്തം അംഗീകരിച്ചവരാണ്.
മാര്‍ക്‌സിയന്‍ കാഴ്ചപ്പാടില്‍ ഭാരതത്തിന് ചരിത്രമില്ല. ഭാരതം വളരെ പ്രാചീനമായ അനാചാരങ്ങള്‍ ഉള്‍ക്കൊണ്ട, ചാരം ദേഹത്ത് പൂശി നടക്കുന്ന, നഗ്ന സന്ന്യാസിമാരുടെയും ഭാവി പ്രവചിക്കുന്ന ജോത്സ്യന്മാരുടെയും, പാമ്പാട്ടികളുടെയും ഭിക്ഷക്കാരുടെയും രാജ്യമാണ്. ഇന്ത്യയിലെ മാര്‍ക്‌സിയന്‍ ചരിത്രപണ്ഡിതന്മാരായ ഇര്‍ഫാന്‍ ഹബീബ്, ആര്‍.എസ്.ശര്‍മ്മ, റോമിലാ ഥാപ്പര്‍, മലയാളിയായ കടുത്ത മാര്‍ക്‌സിസ്റ്റ് വാദിയായ പ്രൊഫ. കാര്‍ത്തികേയന്‍ നായര്‍, കേശവന്‍ വെളുത്താട്ട് എന്നിവര്‍ ഇന്നും വികലമായ മാര്‍ക്‌സിയന്‍ കാഴ്ചപ്പാടുകളില്‍ അഭിരമിക്കുന്നവരാണ്.
മാര്‍ക്‌സിയന്‍ ചരിത്രകാരന്മാരില്‍ ഭാരതത്തിലെ പ്രമുഖനായി അവര്‍ വാഴ്ത്തുന്ന ഡി.ഡി. കോസാംബി തന്നെ, അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ ഇവിടത്തെ മാര്‍ക്‌സിസ്റ്റുകളെ കണക്കറ്റു പരിഹസിക്കുന്നുണ്ട്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെ അദ്ദേഹം പലതായി തരംതിരിക്കുന്നു. 1. ഓഫീഷ്യല്‍ മാര്‍ക്‌സിസ്റ്റ്, 2. ഈസി ചെയര്‍ മാര്‍ക്‌സിസ്റ്റ്, 3. വള്‍ഗര്‍ മാര്‍ക്‌സിസ്റ്റ്. ഇതില്‍ ഒന്നാമത്തെ വിഭാഗമായ ഓഫീഷ്യല്‍ മാര്‍ക്‌സിസ്റ്റുകള്‍ തികച്ചും യാന്ത്രികമായി മാത്രം തങ്ങള്‍ മാര്‍ക്‌സിസ്റ്റുകള്‍ ആണെന്ന് അവകാശപ്പെടുകയും എന്നാല്‍ നാടുവാഴിത്ത മനോഭാവം സിരകളില്‍ ആവാഹിച്ചവരുമാണ്. രണ്ടാമത്തെ വിഭാഗമായ ഈസി ചെയര്‍ മാര്‍ക്‌സിസ്റ്റുകള്‍ തങ്ങള്‍ പണ്ഡിതന്മാര്‍ ആണെന്ന് സ്വയം നടിച്ച്, അടിമത്ത മനോഭാവത്തോടെ സ്വയം എല്ലാത്തിനും വിശേഷണം കണ്ടുപിടിക്കുന്നവരാണ്. അവര്‍ പുരാതന വേദങ്ങള്‍, ഇതിഹാസങ്ങള്‍, സ്മൃതികള്‍ ഇതില്‍ നിന്നെല്ലാം ചില വാക്കുകള്‍ കടമെടുക്കും. ഭാരതീയദര്‍ശനങ്ങളെ വികലമാക്കി വളച്ചൊടിക്കും. ഉദാഹരണത്തിന് എഴുത്തച്ഛന്റെ രാമായണത്തില്‍ ‘ചെങ്കൊടിക്കൂറകള്‍ കൊണ്ടങ്കിത ധ്വജങ്ങളും’ എന്ന വാചകത്തിനെ അവര്‍ ഉപയോഗിക്കുന്നത് ‘അന്നും ചെങ്കൊടിക്ക് പ്രമുഖ സ്ഥാനം ഉണ്ടെന്ന്’ സ്ഥാപിക്കാനാണ്. മഹാഭാരതയുദ്ധത്തിനെ വര്‍ഗ്ഗസമരമാക്കി കാണിക്കുന്നവരുമുണ്ട്. മൂന്നാമത്തെ വിഭാഗമായ വള്‍ഗര്‍ മാര്‍ക്‌സിസ്റ്റുകള്‍ തങ്ങളുടെ എതിരാളികളെ നുണപ്രചരണം നടത്തി തേജോവധം ചെയ്യാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ നിരന്തരം ശ്രമിക്കുന്നവരാണ്. ഇതു തുറന്നു കാട്ടിയ മഹാനായ കോസാംബിയെ യാഥാര്‍ത്ഥ്യം മുമ്പില്‍ കണ്ട ചരിത്രകാരനായി മാത്രമേ നമ്മള്‍ കാണേണ്ടതുള്ളൂ.
ചരിത്രകാരന്മാരെപ്പറ്റി വിവരിക്കാന്‍ കാരണം ഭാരതത്തിന്റെ 18000 വര്‍ഷത്തെ ചരിത്രത്തില്‍ വേദകാലം മുതലുള്ള കാലഘട്ടത്തില്‍ അതീവ ആത്മീയ പ്രഭാവം ഉള്‍ക്കൊണ്ട ഗാര്‍ഗി, മൈത്രേയി, അരുന്ധതി എന്നീ മഹാ വിദുഷികളും പണ്ഡിതകളുമായ സ്ത്രീരത്‌നങ്ങള്‍ ഭാരതീയ ചരിത്രത്തില്‍ ഇടം പിടിച്ച ആ ഭാസുരമായ കാലഘട്ടത്തെ സ്മരിക്കാന്‍ പോലും മാര്‍ക്‌സിസ്റ്റു ചരിത്രകാരന്മാര്‍ക്ക് കഴിയില്ല. അതിനെപ്പറ്റി പറഞ്ഞാല്‍ അവര്‍ മനുസ്മൃതി, സതി, വേദം കേള്‍ക്കുന്ന അധഃകൃതന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കല്‍, സവര്‍ണ്ണ മേധാവിത്തം, ബ്രാഹ്മണിക്കല്‍ ഹെജിമണി എന്നീ പ്രചരണങ്ങളുമായി രംഗത്തിറങ്ങും. ഭാരതചരിത്രത്തില്‍ ഇരുണ്ട കാലഘട്ടം ഉണ്ടായത് സുല്‍ത്താനേറ്റ്, മുഗള്‍, ബ്രിട്ടീഷ് കോളോണിയല്‍ കാലഘട്ടങ്ങളിലാണ്. ആ അവസരങ്ങളില്‍ ഇവിടെ നിലനിന്ന മാതൃദായക്രമം ഇല്ലാതാക്കി, പുരുഷമേല്‍കോയ്മയുടെ പിതൃദായക്രമം ഭാരതത്തില്‍ ശക്തമായി.
ഇപ്പോള്‍ നമുക്കാവശ്യം പഴയ വൈദേശികാക്രമണങ്ങളുടെ പരിക്കുകളില്‍ നിന്നും കോളോണിയല്‍ അടിമത്തത്തില്‍ നിന്നും പൂര്‍ണ്ണമായി മോചിപ്പിക്കപ്പെട്ട സ്ത്രീ-പുരുഷ സമത്വത്തില്‍ അധിഷ്ഠിതമായ ഒരു നൂതന നിയമ വ്യവസ്ഥയാണ്. അത് നൂതനമായ ഭാരതത്തിന്റെ ആവശ്യമാണ്. ആളെ കൊല്ലുന്ന മുറി വൈദ്യന്മാരുടെ താല്‍ക്കാലിക ചികിത്സയല്ല വേണ്ടത്. പുരാതന മാതൃദായക്രമവും, പിന്നീട് അതില്‍ കൂടി കടന്നുവന്ന മരുമക്കത്തായവും അതിന്റെ ദുഷ്യവശങ്ങള്‍ കാണിച്ച് കടന്നുവന്ന മക്കത്തായവും പിതൃദായക്രമവും എല്ലാം സമൂലം പരിശോധിച്ച്, ദുഷ്യവശങ്ങള്‍ ഇല്ലായ്മ ചെയ്ത് ഒരു ജീവിതക്രമം ഇവിടെ ഉണ്ടാവണം. മരുമക്കത്തായ നിയമം 1976ല്‍ ഉപേക്ഷിച്ചു. ഇപ്പോള്‍ പിതൃദായകക്രമം (മക്കത്തായം) ആണ് പ്രാബല്യത്തിലുള്ളത്. ഇതിന് കേരളത്തില്‍ കെട്ടിപുലച്ച ന്യായം എന്നും പേരുണ്ട്. നായര്‍ സമുദായവും (കൊച്ചിയിലെയും മലബാറിലെയും) മലബാറിലെ കോഴിക്കോട് ഭാഗത്തെ പഴയ മുസ്ലിം തറവാടുകളും (അറക്കല്‍ രാജവംശം ഇപ്പോഴും തുടരുന്നുണ്ട്) ഒഴിച്ച് തിരുവിതാംകൂറിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളില്‍ എല്ലാവിഭാഗങ്ങളും മുസ്ലിങ്ങളിലെ വിവിധ വിഭാഗങ്ങളും തമിഴ്, തുളു ബ്രാഹ്മണരും കൊങ്കിണികളും നമ്പൂതിരി വിഭാഗത്തിലെ മലയാള ബ്രാഹ്മണരും ഇപ്പോള്‍ പിന്തുടരുന്നത് പാരമ്പര്യമായ മക്കത്തായമെന്ന (കെട്ടിപ്പുലച്ച) നിയമമാണ്. വിവാഹത്തിന് കെട്ടിച്ചു വിടുക എന്നാണ് ക്രിസ്ത്യാനികളിലെ എല്ലാ വിഭാഗക്കാരും പറയുന്ന പേര്. സ്ത്രീധനമടക്കം എല്ലാ അവകാശവും കൊടുത്ത് പെണ്‍കുട്ടിയെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് വിട്ടുകഴിഞ്ഞാല്‍ പിന്നെ ആ പെണ്‍കുട്ടിക്ക് തന്റെ വീട്ടില്‍ അച്ഛനമ്മമാരെ കാണാന്‍ പോലും ഭര്‍ത്താവിന്റെയോ, ഭര്‍ത്താവിന്റെ മാതാപിതാക്കളുടെയോ അനുവാദം ആവശ്യമാണ്. ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളിലും ഈ നിയമമാണ് പ്രാബല്യത്തില്‍. വടക്കേ ഇന്ത്യയില്‍ ആത്മഹത്യകളും ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുള്ള മരണങ്ങളും സര്‍വ്വസാധാരണമാണ്. ഭര്‍തൃഗൃഹത്തിലെ തടങ്കല്‍ പാളയത്തിലകപ്പെട്ട നിരവധി യുവതികളുടെ ദാരുണകഥകള്‍ ഇപ്പോള്‍ കേരളത്തിലും വ്യാപകമാണ്. സ്ത്രീധന സമ്പ്രദായം നിയമം മൂലം നിരോധിക്കപ്പെട്ടുവെങ്കിലും ഇന്നും അത് സമൂഹത്തിനെ ബാധിച്ച മാറാരോഗമാണ്. ഇതിന്റെ ദാരുണ കഥകള്‍ പത്രത്താളുകളില്‍ നിറയുന്നുണ്ട്.
വിവാഹം കഴിഞ്ഞാല്‍ ഭര്‍തൃഗൃഹത്തില്‍ നിന്നും ഭര്‍ത്താവ് ഭാര്യാഗൃഹത്തിലെത്തി താമസിക്കുന്നത് അന്തസ്സിന് കുറച്ചിലായി കാണുന്നവരാണ് ക്രിസ്ത്യന്‍, മുസ്ലിം, ബ്രാഹ്മണ വിഭാഗങ്ങളില്‍ പെട്ട പുരുഷന്മാരില്‍ ഭൂരിഭാഗവും. മുമ്പ് നായര്‍ തറവാടുകളില്‍ സംബന്ധം ചെയ്യുന്ന പുരുഷന്മാര്‍ ഭാര്യാഗൃഹങ്ങളില്‍ ആയിരുന്നു താമസിച്ചിരുന്നത്. കെട്ടിപുലച്ച ന്യായം അവിടെ ബാധകമായിരുന്നില്ല. ഇപ്പോള്‍ കാലം മാറിയപ്പോള്‍ അവര്‍ പലരും, പുതിയ വീടുകള്‍ വച്ച് താമസിച്ചു തുടങ്ങി. ഇതിന് അണുകുടുംബ വ്യവസ്ഥിതി എന്ന പേരും വന്നു. എന്നാല്‍ മലബാറില്‍ മുസ്ലിങ്ങളില്‍ ഇന്നും കൂട്ടുകുടുംബമായി കഴിയുന്നവരുണ്ട്. അറവക്കല്‍ എന്നാണ് ഇതിന് പറയുന്നത്. നിക്കാഹ് കഴിഞ്ഞ് പുതിയാപ്ലക്കായി തറവാട്ടില്‍ തന്നെ എല്ലാ സൗകര്യങ്ങളും ഉള്ള മുറിയൊരുക്കും. നൂറ്റിയമ്പതോളം ആളുകള്‍ കൂട്ടമായി ജീവിക്കുന്ന കൂട്ടുകുടുംബങ്ങള്‍ ഇപ്പോഴും മലബാറിലുണ്ട്. വളരെ സന്തോഷം നിറഞ്ഞ, സുരക്ഷിതമായ ജീവിതമാണ് തങ്ങളുടേത് എന്നാണ് അവരുടെ അഭിപ്രായം. അവിടെ നാത്തൂന്‍ പോരിനോ, അമ്മായിയമ്മപ്പോരിനോ, ഉച്ചനീചത്വങ്ങള്‍ക്കോ സ്ഥാനമില്ല.
മാര്‍ക്‌സിയന്‍ ചിന്തകനായ ഫ്രഡറിക് എംഗല്‍സ് ആദിമ കമ്മ്യൂണിസ്റ്റ് കാലത്തെ സമൂഹത്തിലെ സ്ത്രീകളുടെ അധികാരത്തിനെ പറ്റിയെല്ലാം എഴുതിയെങ്കിലും ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അതിനെയെല്ലാം പാടെ അവഗണിച്ച് പുരുഷമേധാവിത്തത്തിനെ എതിര്‍ക്കാന്‍ തയ്യാറാകാറില്ല. ചരിത്രത്തില്‍ ആദ്യമായി അടുത്ത കാലത്താണ് കമ്മ്യൂണിസ്റ്റ് ഉന്നതാധികാര സമിതിയായ പോളിറ്റ് ബ്യൂറോയില്‍ സ്ത്രീസാന്നിധ്യം ഉറപ്പാക്കാന്‍ കഴിഞ്ഞത്. മുത്തലാക്ക് നിയമം, മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തല്‍ ഇതിനെയെല്ലാം അനുകൂലിച്ചവര്‍ ഇപ്പോള്‍ രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ട് അതിനെ വിമര്‍ശിക്കുകയാണ്. അടുത്തകാലത്ത് പാര്‍ലമെന്റില്‍ പാസ്സാക്കിയ സ്ത്രീ സംവരണ നിയമത്തിനെ തന്നെ അനുകൂലിക്കാനും കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കാനും കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ മടി കാണിക്കുകയാണ്. ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാതൃരാജ്യം ഇല്ല. അവര്‍ക്ക് സോവിയറ്റ് യൂണിയന്‍ പിതൃരാജ്യമാണ്. അവര്‍ ഭാരതത്തെ മദര്‍ലാന്‍ഡ് എന്ന് പറയാറില്ല. എന്നാല്‍ സോവിയറ്റ് യൂണിയന്‍ അവര്‍ക്ക് ഫാദര്‍ലാന്‍ഡ് ആയിരുന്നു. ഇതില്‍ നിന്നു തന്നെ അവരുടെ സ്ത്രീവിരുദ്ധ നിലപാട് സ്പഷ്ടമാണ്.
കത്തോലിക്കാസഭയിലെ കാനോന്‍ നിയമത്തില്‍ പെണ്‍കുട്ടികളെ കെട്ടിച്ചു വിട്ടാല്‍ അവരുടെ അവകാശം പണമായോ, ഭൂമിയായോ നല്‍കും. പിന്നെ കുടുംബസ്വത്തില്‍ യാതൊരു അവകാശങ്ങളുമില്ല. ഈ നിയമത്തിനെതിരെ സുപ്രിം കോടതിവരെ പോയി ശക്തമായ നിയമപോരാട്ടം നടത്തിയ ധീരവനിതയാണ് മേരി റോയ്. സാമൂഹ്യ നീതിക്കായി നടത്തിയ പോരാട്ടത്തിന്റെ പേരില്‍ ഇന്നും അവര്‍ ഓര്‍ക്കപ്പെടുന്നു. അവര്‍ ആ നിയമപോരാട്ടത്തില്‍ വിജയശ്രീലാളിതയായി.
മഹാരാഷ്ട്രയിലെ ഭരണകൂടത്തിന്റെ അന്നത്തെ മുഖ്യമന്ത്രി ഏകനാഥ് ഗംഗുഭായ് ഷിന്‍ഡേയും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര സരിതാ ഫഡ്‌നാവിസും, അജിത് അഷ്തായ് പവാറും പേരിന്റെ കൂടെ അമ്മമാരുടെ പേരുകള്‍ ചേര്‍ത്തതിലൂടെ വിപ്ലവകരമായ ഒരു സാമൂഹ്യ മാറ്റത്തിന് വഴി തെളിച്ചു. അവര്‍ മഹത്തായ മാതൃകയാണ് രാഷ്ട്രത്തിന് സംഭാവന ചെയ്തത്. ഇത് ഭാവിയിലേക്കുള്ള ഒരു ദിശാസൂചികയാണ്. അന്ധവിശ്വാസ നിരോധനനിയമം ആദ്യമായി നടപ്പിലാക്കിയതും മഹാരാഷ്ട്രയിലാണ്. കേരളത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ഈ ബില്ല് സഭയില്‍ അവതരിപ്പിച്ചു, എന്നാല്‍ നിയമമാക്കിയില്ല. മണിക്കൂറില്‍ നാല്പതുവട്ടം സമത്വവും സോഷ്യലിസവും വിപ്ലവവും മാത്രം പറയുന്ന ഇപ്പോഴത്തെ എല്‍.ഡി.എഫ് ഭരണകൂടം, അന്ധവിശ്വാസ നിരോധന നിയമം അവരുടെ ചുവപ്പുനാടയില്‍ കെട്ടിവച്ചിരിക്കുകയാണ്. കേരളം അന്ധവിശ്വാസികളുടെയും അനാചാരങ്ങള്‍ ജീവിതചര്യയാക്കി മാറ്റിയവരുടെയും നാടാണ്. നരബലിയും ചെകുത്താന്‍ പൂജയും അന്യഗ്രഹങ്ങളിലേക്ക് പോകാനുള്ള ആഭിചാരകര്‍മ്മങ്ങളും നടക്കുന്ന നാടാണ് കേരളം. എന്നാലും നോട്ടം വടക്കെ ഇന്ത്യയിലേക്കാണ്. അവിടെ ആരെയെങ്കിലും ഉറുമ്പു കടിച്ചാല്‍ ഇവിടെ ഉടുമുണ്ട് അഴിച്ചു കുടയുന്നവരാണ് ഇവിടുത്തെ സാംസ്‌കാരിക നായക വേഷം കെട്ടിയ ഉദരംഭരികള്‍. ഭാരതത്തിന്റെ മുഖമുദ്ര മാതൃഭാവമാണ്. അത് വരും നാളുകളില്‍ കൂടുതല്‍ പ്രകടമാകും.