കൊളോണിയല്‍ ഭരണകാലത്ത്, ഭാരതീയരായ വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട ഉപരിപഠന കേന്ദ്രമായിരുന്നു ലണ്ടന്‍. മഹാത്മജിയും, ബോസും, അംബേദ്ക്കറും, നെഹ്‌റുവുമൊക്കെ ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസം ലഭിച്ചവരാണ്. 1906 ജൂലൈയിലാണ് സാവര്‍ക്കര്‍ ബാരിസ്റ്റര്‍ പഠനത്തിനായി ലണ്ടനില്‍ എത്തുന്നത്.
1890 കളോടെ ബ്രിട്ടനില്‍ ഏതാണ്ട് ഇരുന്നൂറോളം ഭാരതീയ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. പുതിയതായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുവാന്‍ ചില പ്രാദേശിക ഇന്ത്യന്‍ അസോസിയേഷനുകളും അവിടെ പ്രവര്‍ത്തിച്ചിരുന്നു. അത്തരത്തിലൊരു സംരംഭമായിരുന്നു, ശ്യാംജി കൃഷ്ണ വര്‍മ എന്ന ദേശീയവാദി, വടക്കന്‍ ലണ്ടനില്‍ ആരംഭിച്ച’ഇന്ത്യാഹൗസ്'(India House) എന്ന ഹോസ്റ്റല്‍ (Hostel). ഇതു പിന്നീട് ദേശീയ പ്രവര്‍ത്തനങ്ങളുടെ, വിദേശത്തെ പ്രധാന കേന്ദ്രമായി മാറി.
സ്വാമി ദയാനന്ദ സരസ്വതിയില്‍ നിന്നും, ആര്യസമാജത്തിലേക്ക്, ആദ്യമായി ഔപചാരികമായി ദീക്ഷ സ്വീകരിച്ചവരില്‍ ഒരാളായിരുന്നു ശ്യാംജികൃഷ്ണ വര്‍മ. പിന്നീടദേഹം, ലോകമാന്യ തിലകന്റെ ദേശീയതയില്‍ പ്രചോദിതനായി പ്രവര്‍ത്തനം തുടര്‍ന്നു. 1897 ലാണ് ശ്യാംജി, ഭാരതംവിട്ട് ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കുന്നത്. ഇംഗ്ലണ്ടിലെത്തി കുറെ വര്‍ഷക്കാലം കാര്യമായ പൊതു പ്രവര്‍ത്തനങ്ങളിലൊന്നും ശ്യാംജി ഇടപെട്ടിരുന്നില്ല. 1905 ലെ ബംഗാള്‍ വിഭജനത്തോടെയാണ് അദ്ദേഹം രാഷ്ട്രീയ സാഹചര്യങ്ങളില്‍ വീണ്ടും സജീവമാകുന്നത്.
1905 ജൂലൈ 1 നാണ് ‘ഇന്ത്യാ ഹൗസ്’ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഏതാണ്ട് 50 വിദ്യാര്‍ഥികള്‍ക്കു വേണ്ട താമസ സൗകര്യങ്ങള്‍ ഈ ഹോസ്റ്റലില്‍ ഉണ്ടായിരുന്നു. കൂടാതെ ഒരു ലക്ചര്‍ ഹാള്‍ (Lecture Hall), വായനാമുറി (Reading Room), ടെന്നീസ് കോര്‍ട്ട് (Tennis Court), ജിംനാസ്റ്റിക്‌സ് തുടങ്ങിയ സൗകര്യങ്ങളും ഉണ്ടായിരുന്നു.
ഭാരതത്തിലെയും, ബ്രിട്ടനിലെയും പല പ്രമുഖ വ്യക്തിത്വങ്ങള്‍ ‘ഇന്ത്യാ ഹൗസി’ന്റെ ഉദ്ഘാടന വേളയില്‍ സന്നിഹിതരായിരുന്നു. ഇംഗ്ലണ്ടിലെ സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി (Social Democratic party) നേതാവ് ഹെന്ററിമേയേഴ്‌സ്, ദാദാഭായ് നവറോജി, ലാലാ ലജ്പത് റായ്, ബിക്കാജി കാമ, കൂടാതെ ഇംഗ്ലണ്ടിലെ ചില മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും ചടങ്ങിന്റെ ഭാഗമായിരുന്നു.
ഭാരതത്തിന്റെ സ്വയംഭരണം എന്ന ആവശ്യം, ബ്രിട്ടനിലെ പൊതുസമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കുവാന്‍ ‘ഇന്ത്യന്‍ സോഷ്യോളജിസ്റ്റ്’ (Indian Sociologist) എന്ന ഒരു മാസികയും, ‘ഇന്ത്യന്‍ ഹോംറൂള്‍ സൊസൈറ്റി’ (Indian Home Rule Society)എന്നൊരു സംഘടനയും ശ്യാംജി ആരംഭിച്ചു. 1905 ജനുവരി ഒന്നിനാണ് ‘ഇന്ത്യന്‍ സോഷ്യോളജിസ്റ്റ്’ ലണ്ടനില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിക്കുന്നത്. ഈ മാസിക, ബ്രിട്ടനിലും, ഭാരതത്തിലും, അമേരിക്കയിലും വ്യാപകമായി പ്രചരിച്ചിരുന്നു. 1907 മുതല്‍, ഈ മാസിക ബ്രിട്ടനില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്കു കയറ്റി അയക്കുന്നത് നിരോധിച്ചിരുന്നു.
ശ്യാംജി കൃഷ്ണ വര്‍മയുമായി ചേര്‍ന്ന് ‘ഇന്ത്യാഹൗസ്’ സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മറ്റൊരു പ്രമുഖ വ്യക്തിയായിരുന്നു എസ്.ആര്‍.റാണ.(സര്‍ദാര്‍ സിന്‍ഹ്ജി റാവജി റാണ). ഭാരതത്തില്‍ നിന്നും ഉപരിപഠനത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി, രണ്ടായിരം രൂപ വീതമുള്ള മൂന്നു സ്‌കോളര്‍ഷിപ്പുകള്‍ (Scholarship) റാണാ പ്രഖ്യാപിച്ചു. മഹാരാജാ റാണാപ്രതാപ്, ഛത്രപതി ശിവജി, മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ എന്നിവരുടെ സ്മരണക്കു വേണ്ടി ആയിരുന്നു ഈ സ്‌കോളര്‍ഷിപ്പുകള്‍. സ്‌കോളര്‍ഷിപ്പു ലഭിക്കുന്ന യുവ വിദ്യാര്‍ഥികള്‍, ബ്രിട്ടനിലോ, ഭാരതത്തിലോ, ബ്രിട്ടീഷ് സര്‍ ക്കാര്‍ ജോലികളില്‍ പ്രവേശിക്കില്ലെന്നു കരാര്‍ ഒപ്പിടണമായിരുന്നു.
1905 ഡിസംബറിലെ ‘ഇന്ത്യന്‍ സോഷ്യോളജിസ്റ്റി’ ന്റെ ലക്കത്തില്‍ നിന്നാണ്, ഇപ്രകാരമൊരു സ്‌കോളര്‍ഷിപ്പിനെക്കുറിച്ച്, സാവര്‍ക്കര്‍ അറിയുന്നതും, അപേക്ഷിക്കുന്നതും. 153 അപേക്ഷകളാണ് ശ്യാംജിക്കു ലഭിച്ചത്. എന്നാല്‍ സാവര്‍ക്കറുടെ അപേക്ഷക്കൊപ്പമുണ്ടായിരുന്ന ലോകമാന്യ തിലകന്റെ ശുപാര്‍ശ കത്ത്, ശ്യാംജിയുടെ പ്രത്യേക ശ്രദ്ധയില്‍പ്പെട്ടു. ഇതാണ് തിലകന്റെ ശുപാര്‍ശ കത്തില്‍ പറയുന്നത്
‘ഇത്രയും തിരക്കുള്ളപ്പോള്‍, പ്രത്യേകിച്ച് നിങ്ങളുടെ ശ്രദ്ധയില്‍പ്പെടാന്‍ ആരെയും ശുപാര്‍ശ ചെയ്തിട്ട് കാര്യമില്ല. എന്നിരുന്നാലും, അപേക്ഷകരില്‍, ബോംബെയില്‍ നിന്നുള്ള ഒരു മിസ്റ്റര്‍ സാവര്‍ക്കര്‍ ഉെണ്ടന്ന് പറയുവാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ വര്‍ഷം ബിരുദം നേടിയ അദ്ദേഹം, ആത്മാഭിമാനമുള്ള ഒരു ചെറുപ്പക്കാരനാണെന്ന് എനിക്കറിയാം. സ്വദേശി പ്രവര്‍ത്തനങ്ങളില്‍ അത്യധികം ഉത്സാഹിയായ അദ്ദേഹം, അതേ കാരണം കൊണ്ടുതന്നെ ഫെര്‍ഗൂസണ്‍ കോളേജ് അധികൃതരുടെ അത്യപ്തിക്കും പാത്രമായി. അദ്ദേഹത്തിന് ഒരിക്കലും സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുവാന്‍ താല്‍പ്പര്യമില്ല. അദ്ദേഹത്തിന്റെ ധാര്‍മിക സ്വഭാവം മികച്ചതാണ്’ (Savarkar: Echoes from a forgotten past, page 87).
1906 മെയ് മാസത്തില്‍, ശിവജിയുടെ പേരിലുള്ള സ്‌കോളര്‍ഷിപ്പ് സാവര്‍ക്കറിനു ലഭിച്ചു. അതേ തുടര്‍ന്ന്, സാവര്‍ക്കര്‍, കരാര്‍ വ്യവസ്ഥകള്‍ ഒപ്പിട്ട് തിലകനു കൈമാറി. സ്‌കോളര്‍ഷിപ്പിന്റെ ആദ്യഗഡുവായ 400 രൂപ തിലകനില്‍ നിന്നും കൈപ്പറ്റുകയും ചെയ്തു.
ബാരിസ്റ്റര്‍ ആവുക എന്നതു മാത്രമായിരുന്നില്ല സാവര്‍ക്കറുടെ ഇംഗ്ലണ്ടിലേക്കുള്ള യാത്രയുടെ പ്രചോദനം. ഇംഗ്ലണ്ടിലെ പൊതു പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ തോതില്‍ പ്രചാരണം നടത്തി, ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ട അനുകൂല അന്തരീക്ഷം ഉണ്ടാക്കിയെടുക്കുക എന്നതു കൂടിയായിരുന്നു അദ്ദേഹത്തിന്റെ യാത്രയുടെ ഉദ്ദേശ്യം. വിലകുറഞ്ഞതും, ഫലപ്രദവുമായ ബോംബുകള്‍ എങ്ങിനെ നിര്‍മ്മിക്കാമെന്ന് പഠിക്കുവാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. യൂറോപ്പിലെങ്ങുമുള്ള, ബ്രിട്ടീഷ് വിരുദ്ധ വിപ്ലവ പ്രസ്ഥാനങ്ങളുടെ ഒരു അന്താരാഷ്ട്ര ശൃംഖല കെട്ടിപ്പടുത്ത്, സംയുക്തമായി ഭാരതത്തില്‍ കലാപക്കൊടി ഉയര്‍ത്തുക എന്നതും അദ്ദേഹത്തിന്റെ യാത്രാലക്ഷ്യങ്ങളുടെ ഭാഗമായിരുന്നു.
1906 ജൂണ്‍ 9നാണ് സാവര്‍ക്കര്‍ ഇംഗ്ലണ്ടിലേക്കു കപ്പല്‍ കയറിയത്. അദ്ദേഹത്തിന്റെ ഭാര്യ യമുനയും, അവരുടെ പതിനെട്ടുമാസം പ്രായമുള്ള മകന്‍ പ്രഭാകറും, ജ്യേഷ്ഠന്‍ ഗണേശ് സാവര്‍ക്കറും (ബാബാറാവു), അദ്ദേഹത്തെ യാത്രയയക്കുവാന്‍ എത്തിയിരുന്നു. സാവര്‍ക്കര്‍ തന്റെ മകനെ പിന്നീടൊരിക്കലും കണ്ടിട്ടില്ല (1909 ല്‍, നാലാം വയസില്‍ പ്രഭാകര്‍ മരണപ്പെട്ടു). എസ്.എസ്.പേര്‍ഷ്യ (S.S Persia) എന്ന കപ്പലില്‍ ആയിരുന്നു ബോംബെയില്‍ നിന്നും, സാവര്‍ക്കര്‍ യാത്ര തിരിച്ചത്. പത്തോളം വിദ്യാര്‍ത്ഥികളും, ചില വ്യവസായികളും ഉള്‍പ്പെടെ, ഭാരതീയരുടെ ഒരു ചെറു സംഘം, യാത്രക്കാരായി കപ്പലില്‍ ഉണ്ടായിരുന്നു. അവര്‍ക്കിടയില്‍, ഭാരതത്തിലെ രാഷ്ട്രീയ, സാംസ്‌കാരിക സാഹചര്യങ്ങളെക്കുറിച്ചും, അവളുടെ മോചനത്തിന്റെ ആവശ്യകതയെ ചുറ്റിപ്പറ്റിയും, നിരവധി ചര്‍ച്ചകള്‍ യാത്രയിലുടനീളം സാവര്‍ക്കര്‍ നടത്തി. മൂന്നാഴ്ചത്തെ യാത്രക്കൊടുവില്‍, അവരില്‍ പലരും, പ്രതിജ്ഞ എടുത്ത് ‘അഭിനവ് ഭാരതി’ല്‍ (സാവര്‍ക്കറുടെ വിപ്ലവ സംഘടന) അംഗങ്ങളായി. ലണ്ടനിലെ പില്‍ക്കാല പ്രവര്‍ത്തനങ്ങളില്‍ അവരില്‍ പലരില്‍ നിന്നും സാവര്‍ക്കര്‍ക്ക് ധാരാളം സഹായം ലഭിച്ചിരുന്നു. സ്‌ഫോടനാത്മകമായ പല സാവര്‍ക്കര്‍ രചനകളുടേയും, കൈയെഴുത്തു പ്രതികള്‍ ഭാരതത്തിലേക്ക് ഒളിച്ചു കടത്തിയത്, അവരില്‍ ചിലരായിരുന്നു.
ഇറ്റാലിയന്‍ ദേശീയവാദി ഗൂസെപ്പെ മസ്സിനിയുടെ (Giuseppe Mazzini) ജീവിതവും, ചിന്തകളും, സാവര്‍ക്കറെ ഏറെ സ്വാധിനിച്ചിരുന്നു. ഭാരതത്തെപ്പോലെ, നിരവധി ചെറുരാജ്യങ്ങളായി നിലനിന്ന ഇറ്റലിയെ, സ്വതന്ത്രവും, ഏകീകൃതവുമായ വ്യവസ്ഥയിലേക്കു കൊണ്ടുവന്നത് മസ്സിനി ആയിരുന്നു. ഇറ്റലിയില്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ മസ്സിനി കുറച്ചുനാള്‍ ഫ്രാന്‍സിലെ ‘മാര്‍സെ’യില്‍ (Marseilles) അഭയം തേടിയിരുന്നു. കപ്പല്‍ ‘മാര്‍സെ’യില്‍ എത്തിയപ്പോള്‍, സാവര്‍ക്കര്‍ അവിടെയിറങ്ങി. ഒരു ട്രാവല്‍ ഗൈഡിന്റെ സഹായത്തോടെ, തന്റെ വിപ്ലവ നായകന്‍ ഒളിവില്‍ താമസിച്ചിരുന്ന സ്ഥലംകണ്ടുപിടിക്കുവാന്‍ കുറെയധികം ശ്രമിച്ചു എങ്കിലും സാധിച്ചില്ല. അവിടെ ആര്‍ക്കും മസ്സിനിയുടെ ഒളിവു ജീവിതത്തെക്കുറിച്ച് യാതൊരറിവും ഉണ്ടായിരുന്നില്ല. മാര്‍സെയില്‍ നിന്നും, സാവര്‍ക്കര്‍ ട്രെയിന്‍ മാര്‍ഗം കലൈസ് (Calais) എന്ന ഫ്രഞ്ചു പട്ടണത്തില്‍ എത്തി. ഇംഗ്ലണ്ടിനോട് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ഫ്രഞ്ചു പട്ടണമാണ് കലൈസ്, അവിടെനിന്നും ബോട്ടുമാര്‍ഗം ഇംഗ്ലീഷ് ചാനല്‍ കടന്ന്, ഇംഗ്ലണ്ടിലെ ഡോവര്‍ (Dover) എന്ന പട്ടണത്തില്‍ എത്തി. അവിടെ നിന്നും, ട്രെയിന്‍ മാര്‍ഗം, 1906 ജൂലൈ 3 ന് ലണ്ടനിലെ ചാരിംഗ് ക്രോസ് (Charing Cross) റെയില്‍വേ സ്റ്റേഷനില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു. ഇന്ത്യാ ഹൗസിലെ ചില അന്തേവാസികള്‍, സാവര്‍ക്കറെ സ്വീകരിക്കുവാന്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്നിരുന്നു.
ഇംഗ്ലണ്ടിലേക്കു യാത്രചെയ്യുമ്പോഴും, ഭാരതത്തിലേയും, ഇംഗ്ലണ്ടിലെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെ സൂക്ഷ്മ നിരീഷണത്തിലായിരുന്നു സാവര്‍ക്കര്‍. അദ്ദേഹം ഇംഗ്ലണ്ടില്‍ എത്തുന്നതിനു മുന്‍പ് തന്നെ, അദ്ദേഹത്തിന്റെ ഇംഗ്ലണ്ടിലേക്കുള്ള വരവിനെക്കുറിച്ച് പൂനയിലെ സ്‌പെഷ്യല്‍ ക്രൈം ബ്രാഞ്ച് (Special Crime Branch) ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി, ഇംഗ്ലണ്ടിലേക്കയച്ചിരുന്നു.
ഇംഗ്ലണ്ടിലെത്തിയ സാവര്‍ക്കര്‍ പ്രശസ്തമായ ഗാരേസ് ഇന്‍ സൊസൈറ്റിയില്‍ (Gary’s Inn Society)) ല്‍ നിയമ പഠനത്തിനു ചേര്‍ന്നു. ഇംഗ്ലണ്ടിലായിരുന്ന കാലമത്രയും, ‘ഇന്ത്യാ ഹൗസി’ല്‍ ആയിരുന്നു സാവര്‍ക്കറുടെ താമസം. സാവര്‍ക്കറുടെ ‘ഇന്ത്യാഹൗസിലെ’ ബന്ധങ്ങളെക്കുറിച്ച് സാവര്‍ക്കര്‍ ജീവചരിത്രകാരന്‍ ഡോ.വിക്രം സമ്പത്ത് പറയുന്നതിതാണ്. ‘ഇന്ത്യാ ഹൗസിലും, ലണ്ടനിലും താമസിക്കുമ്പോള്‍, വിനായക് സാവര്‍ക്കര്‍ കണ്ടുമുട്ടിയ മഹാന്മാരായ അസംഖ്യം ആളുകള്‍ ഉണ്ടായിരുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ അറിയപ്പെടുന്നവരും, അല്ലാത്തവരുമായ ഈ നായകന്മാര്‍, വിനായക് സാവര്‍ക്കറിന്റെ ജീവിതത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. അവരില്‍ ലാലാ ഹര്‍ദയാല്‍, വീരേന്ദ്രനാഥ് ചതോപാദ്ധ്യായ, സേനാപതി ബാപത്, വി.വി.എസ് അയ്യര്‍, എം.പി.ടി.ആചാര്യ, ജെ.സി.മുഖര്‍ജി, മദന്‍ലാല്‍ ധിംഗ്ര, ഗ്യാന്‍ചന്ദ്‌വര്‍മ, ഭായ് പരമാനന്ദ്, സര്‍ദാര്‍ സിംഗ് റാണ, മാഡം ബിക്കാജി കാമ തുടങ്ങി അസംഖ്യം വിപ്ലവകാരികള്‍ ഉണ്ടായിരുന്നു. അവര്‍ക്കെല്ലാം പോരാട്ടങ്ങളുടെയും, കഷ്ടപ്പാടുകളുടെയും കഥകള്‍ ഉണ്ടായിരുന്നു. വിധി അവരെ ലണ്ടനില്‍ ഒരുമിച്ചു കൂട്ടുന്നതിനു മുന്‍പ്, വ്യത്യസ്തങ്ങളായ യാത്രകള്‍ നടത്തിയവരായിരുന്നു അവര്‍. അവരുടെ കഥകളും, വിധികളും വരും വര്‍ഷങ്ങളില്‍ വിനായകനുമായി ആഴത്തില്‍ ഇഴചേര്‍ന്നു.’