ജലം അരൂപിയാണെങ്കിലും
എന്റെ ദാഹം ശമിപ്പിക്കുന്നുണ്ട്
ജലം വര്‍ണരഹിതമാണെങ്കിലും
ഇലകളില്‍ പച്ചയായി കിളിര്‍ക്കുന്നുണ്ട്.
സമുദ്രങ്ങളില്‍ നീലയായി ഇളകുന്നുണ്ട്.
മരണത്തിന്റെ മഹാഗുഹയിലേയ്ക്കു പോകുന്ന
ആത്മാവുകളുടെ
കണ്ഠനാളത്തെ കുളിര്‍പ്പിക്കുന്നുണ്ട്.
മഹാവനങ്ങളുടെ ഹൃദയതാളമായി
തുള്ളുന്നുണ്ട്.
മരുഭൂമികളില്‍ പ്രതീക്ഷയുടെ മരീചികയില്‍ നിന്നും
താഴേയ്ക്കു തുളുമ്പുന്നുണ്ട്.
ഗോളാന്തരങ്ങളില്‍
ജീവന്റെ പൊടിപ്പുകാത്ത്
കണ്ണുനീര്‍പോലെ തിളങ്ങുന്നുണ്ട്.
കാരണജലമായി പ്രപഞ്ചാധാരമായി
തത്വചിന്തയില്‍ വിശ്രമിക്കുന്നുണ്ട്.
സ്മൃതിയുടെ ജലം എന്റെ മനസ്സിന്റെ
തടാകങ്ങളെ നിറയ്ക്കുന്നുണ്ട്.
പ്രണയവും ജലം പോലെ
അരൂപിയെങ്കിലും
ഹൃദയങ്ങളില്‍ അമൃതായി തൂവുന്നുണ്ട്.