ലോകം ഇരുപത്തൊന്നാം നൂറ്റാണ്ടിലൂടെ കുതിക്കുമ്പോഴും പെണ്‍കുട്ടികള്‍ സ്റ്റേജില്‍ കയറരുതെന്നും സ്ത്രീകള്‍ പുരുഷന്മാര്‍ക്കൊപ്പം വ്യായാമം ചെയ്യരുതെന്നും പരസ്യനിലപാടെടുക്കുന്നവരാണ് കേരളത്തില്‍ ഇസ്ലാം മതത്തിന്റെ തലപ്പത്തിരിക്കുന്നത്. ഈ പിന്തിരിപ്പന്‍ നിലപാടിനോട് പ്രതികരിക്കാന്‍ കൂട്ടാക്കാതെ ഭരണപ്രതിപക്ഷ കക്ഷികള്‍ ഭയന്നു മാറിനില്‍ക്കുന്നു. മദ്രസ പഠനമാണ് ഇത്തരത്തില്‍ മുസ്ലിം സമുദായത്തെ പിന്തിരിപ്പനും സ്ത്രീവിരുദ്ധവുമാക്കി മാറ്റുന്നത് എന്ന ശക്തമായ അഭിപ്രായമുള്ളയാളാണ് ജാമിദ ടീച്ചര്‍. മദ്രസയിലൂടെ മതപഠനം നടത്തി അഫ്‌സല്‍ ഉലമ കോഴ്‌സ് പൂര്‍ത്തിയാക്കി ഖുറാന്‍ ക്ലാസ്സുകളും മദ്രസാക്ലാസുകളും നടത്തി ഇസ്ലാമിനെ ആഴത്തില്‍ പഠിച്ച ടീച്ചര്‍ അവിടെ കണ്ട അനീതിയേയും അശാസ്ത്രീയതയേയും ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ മതമൗലികവാദികളുടെ കണ്ണിലെ കരടായി. ഇസ്ലാമിനെ ഉപേക്ഷിച്ച അവര്‍ കടുത്ത എതിര്‍പ്പിനെ നേരിട്ടുകൊണ്ട് ഇസ്ലാമിക മതമൗലികവാദത്തിനെതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. ‘കേസരി’ക്കു നല്‍കിയ അഭിമുഖത്തില്‍ അവര്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നു.
മദ്രസാപഠനത്തെക്കുറിച്ച് ചില ആക്ഷേപങ്ങള്‍ കേള്‍ക്കുന്നുണ്ട്. മുസ്ലീംസംഘടനകളുടെ ഭാഗത്തു നിന്ന് മദ്രസാപഠനത്തെ ന്യായീകരിക്കുന്നതും കാണുന്നു. എന്താണ് മദ്രസാപഠനം സംബന്ധിച്ച് താങ്കള്‍ക്കു പറയാനുള്ളത്? ടീച്ചര്‍ മതപഠനം നടത്തിയത് എവിടെയൊക്കെയാണ്.
♠ഞാന്‍ പഠിച്ചത്, മലപ്പുറം ജില്ലയിലെ മഞ്ചേരിക്ക് അടുത്ത് എടവണ്ണ അറബിക് കോളേജിലാണ്. ജാമിയ നദവിയ അറബിക് കോളേജ്. 10-ാം ക്ലാസ് കഴിഞ്ഞതോടെ അറബിക് കോളേജില്‍ ചേര്‍ന്നു. അഫ്‌സലുല്‍ ഉലമ എന്ന കോഴ്‌സാണ് പഠിച്ചത്. എല്‍.പി.സ്‌കൂളിലും, യു.പി.സ്‌കൂളിലുമുള്ള കുട്ടികള്‍ക്ക് അറബിക് പഠിപ്പിക്കാനുള്ള യോഗ്യതയാണ് ഈ കോഴ്‌സ്. പിന്നീട്, തിരുവനന്തപുരം ജില്ലയിലെ ഊറ്റുകുഴി സലഫി സെന്ററിലെ അദ്ധ്യാപികയായി. ഒരുപാട് സലഫി അതായത്, മുജാഹിദിന്റെ മദ്രസകളില്‍, സുന്നി മദ്രസകളില്‍, ജമാ-അത്തെ ഇസ്ലാമികളുടെ മദ്രസകളില്‍ പിന്നെ തബ്‌ലിഗ് ജമാ അത്തിന്റെ മദ്രസകളിലൊക്കെ പഠിപ്പിച്ചിട്ടുണ്ട്. ഒരുപാട് ഖുര്‍-ആന്‍ ക്ലാസ്സുകള്‍ കണ്ടക്ട് ചെയ്തിട്ടുണ്ട്. വീടുകള്‍, മദ്രസകള്‍, നഴ്‌സറി സ്‌കൂളുകള്‍ ഒക്കെ കേന്ദ്രീകരിച്ച് മതപഠന ക്ലാസുകള്‍ നടത്തി. ആ ഭാഗത്തെ സ്ത്രീകളും, പെണ്‍കുട്ടികളും, ചിലപ്പോള്‍ ആണുങ്ങളുമൊക്കെ പങ്കെടുത്ത ക്ലാസില്‍ ഖുര്‍-ആനും, ഹദീസും, മറ്റ് ഇസ്ലാമികപാഠങ്ങളും, മതപരമായ വിഷയങ്ങളുമൊക്കെ പഠിപ്പിച്ചിരുന്നു. അങ്ങനെയാണ് ടീച്ചര്‍ എന്ന പേര് വന്നത്.
എന്തൊക്കെയാണ് മദ്രസയില്‍ പഠിപ്പിക്കുന്നത് ?
♠മുസ്ലിം മാതാപിതാക്കളുടെ മക്കളായി ജനിച്ചുകഴിഞ്ഞാല്‍ അവര്‍ നിര്‍ബന്ധമായും മദ്രസയില്‍ പോയി മതപഠനം പരിശീലിക്കണം. അത് മൂന്നുമൂന്നര വയസ്സു മുതലാണ് തുടങ്ങുന്നത്. അത് പിന്നീട് അണ്‍ലിമിറ്റഡ് ആണ്. മദ്രസ, 12, 13 ക്ലാസ്സുകള്‍ അങ്ങനെ ദീര്‍ഘിച്ചുപോകും. എത്രവേണമെങ്കിലും പഠിക്കാം. അതുകഴിഞ്ഞിട്ടും പഠിക്കണമെന്നുള്ളവര്‍ക്ക് ദര്‍സ്സുകളിലും മതവിഷയങ്ങള്‍ തന്നെ പഠിക്കാം. അവിടെ പഠിപ്പിക്കുന്നത് പ്രധാനമായും അല്ലാഹുവിനെ എങ്ങനെ വിശ്വസിക്കണം. എന്തുകൊണ്ട് വിശ്വസിക്കണം തുടങ്ങിയ കാര്യങ്ങളാണ്. മറ്റൊന്ന് കര്‍മ്മശാസ്ത്രം ആണ്. അതായത്, ഖുര്‍-ആനിലും, ഹദീസ്സിലും ഇല്ലാത്ത വിഷയങ്ങള്‍ കര്‍മ്മശാസ്ത്രത്തിലാണ് ഉള്ളത്. നമസ്‌കാരം, സക്കാത്ത്, നോമ്പ് ഇതൊക്കെ കര്‍മ്മശാസ്ത്രവുമായിബന്ധപ്പെട്ടവ വിധിവിലക്കുകളാണ്. അപ്പോള്‍, വിശ്വാസം, കര്‍മ്മം, പ്രവാചകന്റെ സ്വഭാവം എങ്ങനെയായിരുന്നു, ഇത്തരത്തിലുള്ളവ. ഇനിയുമൊന്നുള്ളത് ചരിത്രം. പ്രവാചകന്റെ ജീവിതം എങ്ങനെയായിരുന്നു എന്നതാണ് ചരിത്രങ്ങളിലൂടെ പഠിപ്പിക്കുന്നത്. പിന്നെ ഖുര്‍-ആന്‍. അത് ഓതാന്‍ മാത്രമേ പഠിപ്പിക്കൂ. അതിന്റെ അര്‍ത്ഥം പഠിക്കല്‍ ഹറാമായിരുന്നു, ഒരു കാലത്ത്. ഇന്നത്തെ കാലത്ത് അതും പഠിപ്പിക്കുന്നുണ്ട്.
മറ്റൊന്നാണ് ഹദീസ്. പ്രവാചകന്‍ പറഞ്ഞതും, ചെയ്തതും, നമുക്ക് ചെയ്യാന്‍ അനുമതി തന്നിട്ടുള്ളതുമായ കാര്യങ്ങള്‍ ആണ് ഹദീസ്. ഇങ്ങനെ വിശ്വാസം, കര്‍മ്മം, സ്വഭാവം, ചരിത്രം, ഖുര്‍-ആന്‍, ഹദീസ് – ഇനി ഒരെണ്ണം കൂടിയുണ്ട്, തജ്‌വിദ്. ഖുര്‍-ആന്‍ മനഃപാഠമാക്കും. അതിനുമുമ്പ് ഖുര്‍-ആന്‍ എങ്ങനെയാണ് നമ്മള്‍ വായിക്കേണ്ടത്, അറബി എങ്ങനെ ഉച്ചരിക്കണം എന്നീ കാര്യങ്ങള്‍ പഠിപ്പിക്കും. ഇതിനൊക്കെ പുറമെ, ബാഹ്യമായിട്ടുള്ള ചില രീതികള്‍, ചില സംസ്‌കാരങ്ങള്‍ നമ്മളെ പഠിപ്പിക്കും; അമുസ്ലിങ്ങള്‍- മാലിന്യമാണ്, അവരുമായിട്ട് ഉറ്റമിത്രമാകാന്‍ പാടില്ല, അവര്‍ നരകത്തിന്റെ വിറകുകൊള്ളികളാണ്. അല്ലാഹു അവരെ പരാജിതരാക്കിയിരിക്കുകയാണ്. അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്. അല്ലാഹു അവരെ വഴിപിഴപ്പിച്ചിട്ടുണ്ട്, അതുകൊണ്ട് നമ്മള്‍ അവരുമായിട്ട് സൗഹൃദം ഉണ്ടാക്കാന്‍ പാടില്ല തുടങ്ങി അന്യമതവിരോധങ്ങളെമ്പാടും പഠിപ്പിക്കുന്നു. അതുപോലെ അമുസ്ലിങ്ങളുടെ ആരാധനകളെ അവഹേളിക്കുന്നു. ഇങ്ങനെ അന്യമതവിരോധം എമ്പാടും ചെറിയപ്രായത്തില്‍ തന്നെ മനുഷ്യ മനസ്സുകളിലേക്ക് കുത്തിവെക്കപ്പെടുന്നത് മദ്രസാതലങ്ങള്‍ മുതലാണ്.
അന്യമതവിദ്വേഷം ചെറുപ്രായത്തില്‍ തന്നെ കുട്ടികളുടെ മസ്തിഷ്‌കത്തില്‍ ഉറപ്പിക്കുന്നതാണ് മദ്രസ വിദ്യാഭ്യാസം എന്നാണ് ടീച്ചര്‍ പറയുന്നത്. നമ്മുടെ മതേതരസമൂഹത്തിന് ഇതു യോജിച്ചതാണോ?
♠ എന്റെ വീഡിയോ ക്ലിപ്പിങ്ങിനു താഴെ വന്നു തെറി വിളിക്കുന്നവര്‍ മദ്രസ ഉല്പന്നങ്ങളാണ്. അവര്‍ക്ക് തെറിവിളിക്കാന്‍ മാത്രമേ അറിയൂ. ഖുന്‍-ആനിലെന്തു പറയുന്നു, ഹദീസിലെന്തു പറയുന്നു എന്ന് അവര്‍ക്കറിയില്ല. അവര്‍ക്ക് അതറിയുകയും വേണ്ട. മദ്രസകളില്‍ അവര്‍ പഠിച്ചിട്ടുള്ള അന്യമതവിരോധമാണ് അവരെ നിയന്ത്രിക്കുന്നത്. ഇപ്പോള്‍ ഹമാസ്, ഐ.എസ്.ഐ.എസ്, ലഷ്‌കര്‍-ഇ-തോയ്ബ, അല്‍-ഖ്വയ്ദ ഭീകരര്‍ക്കൊന്നും മത ഗ്രന്ഥങ്ങള്‍ മറിച്ചുനോക്കിയുള്ള വിജ്ഞാനമോ, പഠനമോ ഇല്ല. മദ്രസകളില്‍ നിന്ന് എന്താണോ ലഭിക്കുന്നത് അതാണ് അവരെ ഭീകരന്മാരായി മാറ്റുന്നത്. അന്യമതസ്ഥരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമ്പോഴും വ്യഭിചരിക്കുമ്പോഴും, ചെറിയ കുട്ടികളുടെ തലവെട്ടുമ്പോഴും ഇവരുടെ മനസ്സില്‍ മനുഷ്യത്വം വരാത്തതിനു കാരണം അവര്‍ അത്രമാത്രം മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യപ്പെട്ടു എന്നതാണ്.
കേരളത്തില്‍ എത്രയോ മദ്രസകള്‍ ഉണ്ടല്ലോ? അവിടെ പഠിച്ച കുട്ടികളൊന്നും ഹമാസ് തീവ്രവാദികളാകുന്നില്ലല്ലോ.
♠ നമ്മുടെ നാടിന്റെ പശ്ചാത്തലമല്ല, പുറംനാടുകളില്‍. നമ്മുടെ നാട്ടില്‍ അങ്ങനെയാകണം എന്നവര്‍ വിചാരിച്ചാല്‍ പോലും ക്രമേണ ക്രമേണ സ്‌കൂളുകളില്‍ എല്ലാ ജാതിമതസ്ഥരുമായിട്ടും ഇടകലര്‍ന്ന് ജീവിക്കുന്നതിനാല്‍ അതു അസാധ്യമാകുന്നു. അവര്‍ പോകുന്ന തൊഴിലിടങ്ങള്‍, അവര്‍ താമസിക്കുന്ന സാഹചര്യങ്ങള്‍ എന്നിവ ആ ചിന്ത സാധ്യമല്ലാതാക്കുന്നു. ക്രമേണ അന്യമതവിരോധം സൗഹൃദവലയങ്ങളില്‍ അകപ്പെട്ടുപോകുന്നതോടുകൂടിത്തന്നെ പോകും, ചിലര്‍ക്കാണെങ്കില്‍, അതു മനസ്സില്‍ത്തന്നെ കിടക്കും; കുറച്ചുകൂടി വലുതാകുമ്പോള്‍ അവര്‍ ഭീകരന്മാരായി മാറും.
കേരളത്തില്‍ ഇരുപതിനായിരത്തിലധികം മദ്രസകളുണ്ടെന്നുകേട്ടിട്ടുണ്ട്. ജനാധിപത്യ-മതേതരസമൂഹമായ കേരളത്തില്‍ ഇത്രയേറെ ആളുകള്‍ മതപഠനം തൊഴിലാക്കി ജീവിക്കുന്നു എന്നുള്ളത് ഒരു വിചിത്രമായ കാര്യമായി തോന്നുന്നില്ലേ?
♠മറ്റെങ്ങും കാണാത്ത ഒരു പ്രത്യേകതയാണിത്. പൗരന്മാര്‍ കൊടുക്കുന്ന നികുതി പണത്തില്‍ നിന്നാണ് ഈ ഉസ്താദുമാര്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുക്കുന്നത്. പലവിധത്തിലുള്ള ക്ഷേമപെന്‍ഷന്‍ ഉണ്ട്്. ഒരു പ്രത്യേക മതം പഠിപ്പിക്കാന്‍ അനുവദിക്കുക എന്നതുതന്നെ ജനാധിപത്യബഹുസ്വരസമൂഹത്തിന് ഭീഷണിയാണ്. ഒരിക്കലും ഭൂഷണമല്ലാത്തതാണ്. എല്ലാ മതത്തിനെയും ഒരുപോലെ കാണുന്ന ജനാധിപത്യവ്യവസ്ഥിതിയില്‍ എങ്ങനെയാണ്, ഇങ്ങനെ ഇത് അനുവദിക്കുന്നത്. മറ്റാരുമിവിടെ വേണ്ട, ഞങ്ങള്‍ മാത്രമാണ് ശരി എന്നുപറയുന്ന ഒരു മതം ആണിവിടെ പഠിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതും ഇത്തരം മദ്രസകളിലാണ്. ‘പീഡനം’ എന്ന വാക്ക് ഗൂഗിള്‍ സര്‍ച്ച് വഴി പരതിയാല്‍ കാണുന്നതെല്ലാം ഉസ്താദുമാരുടെ ചിത്രങ്ങളും, ഉസ്താദുമാരുടെ പീഡനത്തിന്റെ വാര്‍ത്തകളുമാണ്.
ഏതാനും മാസം മുമ്പ് കേന്ദ്ര ബാലാവകാശകമ്മീഷന്‍ മദ്രസ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. കേരളത്തില്‍ അതു നടപ്പാക്കില്ല എന്നാണ് ഇടത് സര്‍ക്കാര്‍ നിലപാടെടുത്തത്.
♠കേന്ദ്ര ബാലാവകാശകമ്മീഷന്‍ പറഞ്ഞത് പൊതുഖജനാവില്‍ നിന്ന് പണമെടുത്തു ഒരു മതവും പഠിപ്പിക്കേണ്ട എന്നാണ്. മദ്രസകള്‍ അടച്ചുപൂട്ടണമെന്നായിരുന്നു പറയേണ്ടിയിരുന്നത്. അപ്പോള്‍ കേന്ദ്ര ബാലാവകാശകമ്മീഷന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ കുട്ടികളെ രാജ്യവുമായി ബന്ധപ്പെടുത്തണം എന്നാണ്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസത്തിന് വേണ്ടത്ര സ്‌കൂളുകളില്ല. അവിടെ മദ്രസകളാണ് പ്രധാനമായിട്ടുള്ളത്. അതുകൊണ്ടാണവിടെ ശാസ്ത്രം പഠിപ്പിക്കണം എന്നു പറയുന്നത്. സര്‍ക്കാരിന്റെ ഫണ്ട് കൊണ്ടാണ് അവിടുത്തെ മദ്രസകള്‍ പ്രവര്‍ത്തിക്കുന്നത്.
കേരളത്തില്‍ സ്‌കൂളുമുണ്ട്, മദ്രസയുമുണ്ട്. സ്‌കൂളില്‍ കുട്ടികള്‍ക്കു പൊതുവിദ്യാഭ്യാസം കിട്ടുമ്പോള്‍ മദ്രസകളിലൂടെ മതം പഠിപ്പിക്കുന്നു. മര്‍ക്കസ് പുറത്തിറക്കിയ ഒരു മതപുസ്തകം ഉണ്ട്. അതിനകത്ത്, രണ്ടു കുട്ടികളെ താരതമ്യം ചെയ്തുപഠിപ്പിക്കുന്നതെങ്ങനെയാണെന്നു നോക്കുക: ഒരു മുസ്ലിം കുട്ടി ആദില്‍, അവന്‍ വൃത്തിയുള്ളവനാണ്, അഞ്ചുനേരം നിസ്‌കരിക്കുന്നു, അവന്‍ ബാത്‌റൂമില്‍ പോകുമ്പോള്‍ ചെരുപ്പ് ഉപയോഗിക്കുന്നു, പക്ഷേ, മറ്റൊരു കുട്ടിയുണ്ട്, അശ്വിന്‍. അവന്‍ ഹിന്ദുകുട്ടിയാണ്, കാഫിറാണ്, അവന്‍ സംസാരിച്ചാല്‍ നാറ്റമാണ്, കുളിക്കില്ല, പല്ലുതേക്കില്ല, അവന്‍ ബാത്‌റൂമില്‍ പോകുമ്പോള്‍ ചെരുപ്പ് ഉപയോഗിക്കാറില്ല.
അപ്പോള്‍ ഈ മദ്രസകളിലൂടെ മുസ്ലിം കുട്ടികള്‍ക്കു ലഭിക്കുന്നത് നമ്മള്‍ മാത്രമാണ് സമൂഹത്തില്‍ ഏറ്റവും മെച്ചപ്പെട്ടവര്‍, മറ്റുള്ളവരൊക്കെ മ്ലേച്ഛരാണ് എന്ന ചിന്തയാണ്. അതുപോലെ എം.എം.അക്ബറിന്റെ പീസ് സ്‌കൂളില്‍ പഠിപ്പിക്കുന്ന ഒരു പുസ്തകത്തില്‍ രണ്ടാംക്ലാസ്സിലോ മൂന്നാംക്ലാസ്സിലോ പഠിക്കുന്ന ഏഴോ എട്ടോ വയസ്സ് പ്രായമായ ഒരു കുട്ടിയെ പഠിപ്പിക്കുന്നത് എങ്ങനെ തന്റെ സഹപാഠിയായ അമുസ്ലീമിനെ മതംമാറ്റണം എന്നാണ്. അവന്റെ അമുസ്ലിമായ കൂട്ടുകാരന്റെ കഴുത്തില്‍നിന്നും മാലയോ, കൊന്തയോ പോലുള്ള മതചിഹ്നങ്ങള്‍ ഒക്കെ എങ്ങനെ അഴിച്ചുമാറ്റണം എന്നും അമുസ്ലിം കുട്ടികളെ ഹലാല്‍ ഫുഡ് കഴിപ്പിക്കണം എന്നും സത്യസാക്ഷിയായ വാക്യം ചൊല്ലണമെന്നും പേര് മാറ്റണമെന്നും, അവരുടെ മാതാപിതാക്കളില്‍ നിന്നും ഓടി അവര്‍ രക്ഷപ്പെടണം എന്നൊക്കെയാണ് പഠിപ്പിക്കുന്നത്.

ഇതൊന്നും സര്‍ക്കാര്‍ അറിയുന്നില്ലേ? ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചതായി കാണുന്നില്ല.
♠മദ്രസകള്‍ക്കുപുറമെ ഇസ്ലാമിക സ്‌കൂളുകളിലും ഈ രൂപത്തിലാണ് പഠിച്ചുവരുന്നത്. ഇവര്‍ പറയുന്നത് കേരളത്തെ ഇത് ബാധിക്കില്ല എന്നാണ്. പക്ഷേ, കേരളത്തിലും ബാധിക്കുന്നുണ്ട്. കെ.ടി.ജലീല്‍ അവതരിപ്പിച്ച ബില്ലിലായാലും മദ്രസാബോര്‍ഡിന്റെ ചെയര്‍മാന്‍ അബ്ദുള്‍ ഗഫൂര്‍ അവതരിപ്പിച്ച ബില്ലിലായാലും കേരള സര്‍ക്കാര്‍ നല്ല തോതില്‍ മതം പഠിപ്പിക്കുന്നു. ഫണ്ട് മദ്രസാ ബോര്‍ഡിനുവേണ്ടി നല്കുന്നുണ്ട്. ഒന്‍പതു വയസ്സുകാരനായ ഒരു കുട്ടി മദ്രസാവിദ്യാര്‍ത്ഥി മുദ്രാവാക്യം വിളിച്ചിരുന്ന കാര്യം നമ്മളാരും മറന്നിട്ടില്ല. അവലും മലരും കുന്തിരിക്കവും ഒക്കെ വാങ്ങിവെച്ച് വീട്ടില്‍ കാത്തിരുന്നോ, നിങ്ങളുടെ കാലന്മാരായ ഞങ്ങള്‍ വരുന്നുണ്ട് എന്നാണാ മുദ്രാവാക്യം. ആ ഒന്‍പതു വയസ്സുകാരന്‍ മദ്രസകളില്‍ നിന്നു പഠിക്കുന്നത് ഇത്തരം ‘വിജ്ഞാന’മാണ്. ആറാം നൂറ്റാണ്ടിലുള്ള മതപുസ്തകങ്ങളില്‍ ആധുനിക ശാസ്ത്രം തിരയുന്നതില്‍ അര്‍ത്ഥമില്ല, കാരണം മതവും ശാസ്ത്രവും തമ്മില്‍ ഒരുപാട് വൈരുദ്ധ്യങ്ങളുണ്ട്. അപ്പോള്‍ മദ്രസയില്‍ പഠിക്കുന്ന ഒരു കുട്ടി ഒരിക്കലും ഗവേഷണതാല്പര്യമോ, അന്വേഷണത്വരയോ ഉള്ളവരായി മുന്നോട്ടുപോകില്ല.
മദ്രസപഠനം അശാസ്ത്രീയമാണെന്നും അവിടെ നടക്കുന്നത് പീഡനം പോലുള്ള മനുഷ്യാവകാശ ലംഘനമാണെന്നും താങ്കള്‍ ആവര്‍ത്തിച്ചു പറയുന്നു. എന്തുകൊണ്ട് ഇവയൊന്നും സമൂഹ മാധ്യമങ്ങളില്‍ പോലും ചര്‍ച്ചയാവുന്നില്ല.
♠ഒന്നാമത്തെ കാര്യം, നമ്മുടെ നാട്ടില്‍ നടക്കുന്നത്, പല രാഷ്ട്രീയക്കാരുടെയും മതപ്രീണനമാണ്. മുസ്ലിംമതമൗലികവാദികളാണ് വേട്ടക്കാരെങ്കില്‍ താരതമ്യേന അതിനോടുള്ള രാഷ്ട്രീയക്കാരുടെ പ്രതികരണത്തിന്റെ തീവ്രത കുറഞ്ഞിരിക്കും. അറിയപ്പെടുന്ന ഒരു ഉസ്താദ് പത്തനാപുരത്ത് അദ്ദേഹത്തിന്റെ തന്നെ സുഹൃത്തായ പോപ്പുലര്‍ ഫ്രണ്ടുകാരന്റെ 9-ാം ക്ലാസ്സില്‍ പഠിക്കുന്ന മകളെ കാറില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായ വാര്‍ത്ത ഓര്‍മ്മയുണ്ടോ? തൊഴിലുറപ്പുകാര്‍ സംശയം തോന്നി നോക്കിയപ്പോള്‍ പര്‍ദ്ദയ്ക്കുള്ളില്‍ അവിടത്തെ സ്‌കൂളിന്റെ യൂണിഫോം കണ്ടു. ഇതോടെ വലിയ ഒച്ചപ്പാടായി. എന്നാല്‍ സ്വന്തം മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഉസ്താദിന്റെ ജാമ്യത്തിനുവേണ്ടി കോടതിയില്‍ വന്നത് പെണ്‍കുട്ടിയുടെ ഉമ്മയാണ്. എങ്ങനെ നമ്മുടെ സമൂഹം രക്ഷപ്പെടും? എങ്ങനെ നമ്മുടെ നാട് നന്നാവും?
സൗദിയില്‍ ഹമാസ് ഭീകരരുടെ പ്രശ്‌നം വന്നപ്പോള്‍ അവരെ തള്ളിപ്പറയാന്‍ പ്രവാചകന്‍ ജനിച്ച മണ്ണായ മക്കയിലേയും മരിച്ച മണ്ണായ മദീനയിലേയും മുസ്ലിങ്ങള്‍ വരെ തയ്യാറായിരുന്നില്ലേ.
♠ഹമാസ് ഭീകരരെ കേരള മുസ്ലീം നേതൃത്വം നെഞ്ചിലേറ്റുകയാണ് ചെയ്തത്. ലോകചരിത്രത്തില്‍ ഇന്നേവരെ ഒരിടത്തും ഹമാസ് നേതാക്കളെ നേരിട്ടുകൊണ്ടുവന്ന് ഒരു വേദി കൊടുത്തിട്ടില്ല, പക്ഷേ, കേരളം കൊടുത്തു. അമിഷേല്‍ എന്നുപറയുന്ന ഹമാസിന്റെ തീവ്രവാദി നേതാവിന് ഓണ്‍ലൈന്‍ വഴി സംസാരിക്കാന്‍ അവസരം കൊടുത്തിട്ട് ആവേശഭരിതരായി കേട്ട് നില്‍ക്കുന്ന ജനക്കൂട്ടത്തെയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. ഹമാസിനു വേണ്ടുന്ന രൂപത്തില്‍ ഒരു സ്‌പേസ് കേരളത്തിലുണ്ട് എന്ന് കാണിച്ചുകൊടുക്കുകയായിരുന്നു. എന്തിന്? ഈ നാട്ടിലെ മുസ്ലിംമതമൗലികവാദികളുടെ വോട്ടുബാങ്കിനുവേണ്ടി, അവരുടെ പിന്തുണയ്ക്കുവേണ്ടി, അവരെ പ്രീണിപ്പിക്കുന്നതിനുവേണ്ടി. ഇതാണ് നമ്മുടെ നാട്ടില്‍ കണ്ടുവരുന്നത്. പിന്നെ, എങ്ങനെ അവര്‍ മദ്രസാപീഡനത്തെ അപലപിക്കും? വിമര്‍ശിക്കും?
ടീച്ചര്‍ പറയുന്നതില്‍ നിന്ന് വ്യക്തമാകുന്നത് ഒരു സമുദായത്തെ മുഴുവന്‍ മതത്തിന്റെ പേരില്‍ വരിഞ്ഞുമുറുക്കിയ മതമൗലികവാദത്തെക്കുറിച്ചാണ്. എന്തുകൊണ്ട് ഇതിനുനേരെ ഒരു നവോത്ഥാന നീക്കം ആ സമുദായത്തില്‍ നിന്ന് ഉണ്ടാവുന്നില്ല?
♠ അതിന് ഇസ്ലാം മതത്തില്‍ നവോത്ഥാനമില്ല. 6-ാം നൂറ്റാണ്ടിലെ പുസ്തകമാണ് അവരുടെ അടിസ്ഥാനപ്രമാണം. ആ പുസ്തകത്തിനകത്ത് എന്താണോ എഴുതി വെച്ചത് അതിനങ്ങോട്ടോ, ഇങ്ങോട്ടോ ചലിക്കാന്‍ ആ സമുദായത്തിന് അനുമതിയില്ല. നാലുഭാര്യമാരെ ഒരു പുരുഷനു വെക്കാം. ഒരു കാരണവുമില്ലാതെ ഏതുഭാര്യയെ വേണമെങ്കിലും ഒഴിവാക്കാം. താല്കാലികവിവാഹം നടത്താം. അതിലുണ്ടാകുന്ന കുട്ടിയുടെ ബാധ്യത പോലും ഏറ്റെടുക്കേണ്ട. ആ രൂപത്തിലുള്ള വിവാഹവുമുണ്ട്. അത്തരം നിയമങ്ങള്‍ക്കു വേണ്ടി ശഠിക്കുന്ന ഒരു പുരുഷാധിപത്യസമൂഹത്തിലാണ് അവര്‍ ജീവിക്കുന്നത്.
ആറാം നൂറ്റാണ്ടിലെ മതനിയമമനുസരിച്ച് പെണ്ണിന് ആണിന്റെ പകുതി സമ്പത്ത് മാത്രമേയുള്ളു. ഇങ്ങനെ ഒരുപാട് വിവേചനം ഇസ്ലാമില്‍ കിടപ്പുണ്ട്. ഹിന്ദുക്കള്‍ക്കാണെങ്കില്‍ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ പാടില്ലാത്ത ഒരു കാലഘട്ടം ഉണ്ടായിരുന്നു. അതുമാറി. അതുപോലെ സതി സമ്പ്രദായം. അങ്ങനെ ഒരുപാടൊരുപാട് മാറ്റങ്ങള്‍ക്ക് ഹിന്ദുക്കള്‍ തയ്യാറായി വന്നപ്പോള്‍, ക്രിസ്ത്യാനികള്‍ മാറ്റങ്ങള്‍ക്ക് വിധേയരായപ്പോള്‍ മുസ്ലിങ്ങള്‍ ഇപ്പോഴും 6-ാം നൂറ്റാണ്ടിന്റെ അപ്പിക്കുപ്പായത്തിലേക്ക് തിരിഞ്ഞോണ്ടിരിക്കുകയാണ്. അവര്‍ പറയുന്നത്, മുസ്ലിം നിയമങ്ങള്‍ മാറ്റാന്‍ പറ്റില്ല എന്നാണ്. എന്നാലോ നവോത്ഥാനം ഞങ്ങളുടെ വിരല്‍ത്തുമ്പിലൂടെയാണ് ഓടുന്നത് എന്നാണ് അവകാശവാദം. ഷാബാനു കേസിനെ തുടര്‍ന്ന് 1985-ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ പാസ്സാക്കിയ നിയമപ്രകാരം മൊഴിചൊല്ലിയ ആള്‍ ജീവനാംശം നല്‍കണ്ട.
നരേന്ദ്രമോദി സര്‍ക്കാര്‍ മുത്തലാഖ് നിയമം റദ്ദാക്കിയപ്പോള്‍ അതിന് എതിരെ നിന്നതാരാണ്? – മുസ്ലിങ്ങള്‍ തന്നെ. അവര്‍ പലവിഷയങ്ങളിലും അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കും. മതമൗലികവാദികള്‍ക്ക് പെണ്ണിനെ വെറുമൊരു പേറുയന്ത്രം മാത്രമാക്കി മാറ്റണം. എങ്കിലേ അവര്‍ക്ക് മുസ്ലിം സമുദായത്തിന്റെ നവോത്ഥാനം വെറും മരീചിക മാത്രമാക്കി നിലനിര്‍ത്താനാകൂ.
വളരെ പ്രബുദ്ധരാണ് എന്നവകാശപ്പെടുന്ന കേരളത്തിലെ ഭരണാധികാരികള്‍ ഈ മത മൗലികവാദത്തിനൊപ്പമാണല്ലോ.
♠ പാണക്കാട് പോലെ, എ.പി.കാന്തപുരം പോലെയുള്ള മുസ്ലിം സമുദായ നേതാക്കള്‍ ഏതു നിലപാടാണോ എടുക്കുന്നത് അതേ നിലപാടു തന്നെയാണ് സംസ്ഥാനസര്‍ക്കാരും എടുത്തിരിക്കുന്നത്. മുത്തലാഖിന്റെ വിഷയം വന്നപ്പോള്‍ ഇതാണ് കണ്ടത്. ചേകന്നൂര്‍ മൗലവി ഇസ്ലാമിലെ നവോത്ഥാനത്തിനു ശ്രമിച്ചു. അതാണ് അദ്ദേഹം ചെയ്ത തെറ്റ്. പെണ്ണിനും ആണിനും ഒരേ സ്വത്തവകാശം കൊടുക്കണമെന്ന് ചേകന്നൂര്‍ മൗലവി പറഞ്ഞു. അദ്ദേഹത്തെ കൊന്നു. അതായത്, ഇസ്ലാമില്‍ നവോത്ഥാനത്തിനു വേണ്ടിയോ, പുരോഗതിക്കുവേണ്ടിയോ മാറ്റത്തിനുവേണ്ടിയോ ആര് ശ്രമിച്ചാലും അതിന്റെ ഫലം ഇതു തന്നെയായിരിക്കും എന്ന മുന്നറിയിപ്പ്.

ഇസ്ലാമിക സാഹോദര്യത്തെക്കുറിച്ച് ഈ മതനേതാക്കള്‍ വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ടീച്ചര്‍ ശ്രദ്ധിച്ചിട്ടുണ്ടോ?
♠ഇസ്ലാം മതനേതൃത്വം ഒരിക്കലും അന്യമതങ്ങളെ അംഗീകരിക്കുന്നില്ല. മുസ്ലിങ്ങളെ മാത്രമേ അംഗീകരിക്കുന്നുള്ളൂ. ഇസ്ലാം എന്ന മതത്തെ ഉള്‍ക്കൊള്ളുന്ന വരെ മാത്രം മനുഷ്യരായി കാണുകയും മറ്റെല്ലാ മനുഷ്യരെയും, അമുസ്ലിങ്ങളാകട്ടെ, മതമില്ലാത്തവരാകട്ടെ, മനുഷ്യരായി പോലും അംഗീകരിക്കുന്നില്ല. മതേതരത്വം, ദേശീയത, ജനാധിപത്യം, സമത്വം ഇതൊന്നും ഇവരുടെ ഇസ്ലാമിലില്ല. മതത്തില്‍ നിന്ന് വിഭിന്നമായ ഒന്നിനേയും അവരുടെ ഇസ്ലാം അനുകൂലിക്കുന്നില്ല, അംഗീകരിക്കുന്നില്ല. മുസ്ലിം പുരുഷന്‍ നിയന്ത്രിക്കുന്ന ലോകം, മുസ്ലിം പുരുഷന്‍ നിയന്ത്രിക്കുന്ന രാഷ്ട്രം, മുസ്ലിം പുരുഷന്‍ നിയന്ത്രിക്കുന്ന സമുദായം അങ്ങനെ എല്ലാറ്റിനും മുസ്ലിം പുരുഷന് പ്രാധാന്യം നല്‍കുന്ന ഒരു രീതിയാണ് ഇസ്ലാമിലുള്ളത്. അതുകൊണ്ട്, ഇസ്ലാം സാഹോദര്യത്തിന്റെ മതമാണ് എന്ന് ഈ മതത്തെ മനസ്സിലാക്കിയവര്‍ക്ക് പറയാന്‍ കഴിയില്ല.
സ്വര്‍ണ്ണക്കള്ളക്കടത്ത്, ഇസ്ലാമികവിരുദ്ധമാണെന്ന് പാണക്കാട് തങ്ങള്‍ ഫത്വയിറക്കണമെന്ന് ഇയ്യിടെ കെ.ടി. ജലീല്‍ ആവശ്യപ്പെട്ടതായി കണ്ടു. കുറ്റകൃത്യങ്ങളില്‍, പ്രത്യേകിച്ച് സ്വര്‍ണ്ണക്കടത്തും, മയക്കുമരുന്നും മറ്റുമായി ബന്ധപ്പെട്ടവയില്‍ ഒരു മത വിഭാഗക്കാര്‍ വളരെ കൂടുതലാണ് എന്ന ധാരണ നിലനില്‍ക്കേ ജലീലിന്റെ ആവശ്യത്തെ ടീച്ചര്‍ എങ്ങനെ കാണുന്നു.
♠കുറ്റകൃത്യങ്ങള്‍ക്ക് മതം നോക്കേണ്ടതില്ല എന്നത് ശരിയാണ്. ഇസ്ലാം മതവിശ്വാസികളില്‍ കുറ്റകൃത്യങ്ങള്‍ താരതമ്യേന കുറവാണ് എന്നാണ് പൊതുവെ ആ മതത്തിലെ വിശ്വാസികള്‍ പറയാറുള്ളത്. സത്യത്തില്‍ അതല്ല. കള്ളക്കടത്താകട്ടെ, കൊലയാകട്ടെ, കൊള്ളയാകട്ടെ, ബലാത്കാരമാകട്ടെ, തട്ടിപ്പറിക്കലാകട്ടെ, കബളിപ്പിക്കലാകട്ടെ, സ്വര്‍ണ്ണക്കടത്ത് ആകട്ടെ, മയക്കുമരുന്നാകട്ടെ, ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്നവര്‍ മുസ്ലിങ്ങളാകുന്നതെന്തുകൊണ്ടാണ്? സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് കെ.ടി.ജലീല്‍ പറഞ്ഞത് ശരിയത്ത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ പാണക്കാട് തങ്ങള്‍ ഒരു മതവിധി പുറപ്പെടുവിക്കണമെന്നാണല്ലോ. ഇങ്ങനെ പറയുന്നത് ഭരണഘടനയ്ക്കുപകരം ശരീയത്താണ് അനുസരിക്കുന്നത് എന്നതു കൊണ്ടാണല്ലോ ഈ സ്വര്‍ണ്ണക്കടത്ത് വില്പനയും മയക്കുമരുന്ന് വില്പനയും നടക്കുന്നത്. അത് മതപരമായി തെറ്റല്ല എന്നാണ് അവരുടെ പക്ഷം.
നമുക്കറിയാം, ജോസഫ്മാഷിന്റെ കൈവെട്ടിയത് മതനിയമം അനുസരിച്ചിട്ടാണ്. എം.എല്‍.എ അന്‍വര്‍ പറഞ്ഞതും അതുതന്നെയാണ്. കുറ്റവാളികളില്‍ ഏറ്റവും കൂടുതല്‍ മുസ്ലിംസമുദായത്തില്‍പ്പെട്ടവരായി മാറുന്നതെന്തുകൊണ്ടാണ്? സ്വര്‍ണ്ണക്കടത്ത് മതനിയമ പ്രകാരം തെറ്റാണ് എന്നു പാണക്കാട് തങ്ങള്‍ പറഞ്ഞാലേ അവര്‍ അത് ചെയ്യാതിരിക്കൂ. ഇന്നല്ലെങ്കില്‍ നാളെ ഒരു മതരാജ്യം വരും എന്നതിനുമുന്നോടിയായി ഒരു മതനിയമം ഉണ്ടാക്കാന്‍ ഉള്ള കെ.ടി.ജലീലിന്റെ ശ്രമമാണോ ഇതെന്ന് നമ്മള്‍ സംശയിക്കേണ്ടിയിരിക്കുന്നു.
ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് ഉന്നതമായ സ്ഥാനം കൊടുക്കുന്നുണ്ട് എന്ന് എ.എന്‍.ഷംസീര്‍ മുമ്പ് മനോരമയുടെ ഒരു ചര്‍ച്ചയില്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ഈ പ്രസ്താവനയോട് ടീച്ചര്‍ യോജിക്കുന്നുണ്ടോ?
♠ഇസ്ലാം സ്ത്രീകള്‍ക്കു സ്വാതന്ത്ര്യം നല്കുന്നു എന്നു പറയുന്നത് വെറുമൊരു മരീചിക മാത്രമാണ്. ഒരു കാര്യം മാത്രം ചോദിക്കട്ടെ, വിധവാവിവാഹത്തെ പ്രോത്സാഹിപ്പിക്കാനാണ് വിധവയായ ഖദീജയെ നബി വിവാ ഹം ചെയ്തത് എന്ന് പറയുന്നുണ്ട്. മുഹമ്മദ് മരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ ആയിഷയ്ക്ക് 16 വയസ്സാണ്. മുഹമ്മദിനു ശേഷം മുഹമ്മദിന്റെ ഭാര്യമാരെ ആരും വിവാഹം കഴിക്കരുത് എന്ന ഖുര്‍-ആനില്‍ ആയത്ത് ഉണ്ടാക്കി. അപ്പോള്‍ മുഹമ്മദിന്റെ ഭാര്യമാര്‍ക്ക് വിധവാവിവാഹം പാടില്ലെന്നാണോ? സ്ത്രീകള്‍ക്ക് ഒരു തരത്തിലുമുള്ള സ്വാതന്ത്ര്യവും കൊടുക്കാത്ത തളച്ചിടലല്ലേ ഇത്.
മുജാഹിദ്, ജമാ അത്തെ ഇസ്ലാമി, സുന്നികള്‍, ഇങ്ങനെ വിഭാഗങ്ങളായി പരസ്പരം കലഹിക്കുന്നതാണ് ഇസ്ലാമിലെ അവസ്ഥ. ഈ ഓരോ വിഭാഗത്തിലും തമ്മില്‍ കണ്ടാല്‍ കലിതുള്ളുന്ന ഉള്‍പ്പിരിവുകള്‍ ഉണ്ട്. മുജാഹിദിന്റെ പള്ളിയില്‍ സുന്നികള്‍ക്ക് പോകാന്‍ പാടില്ല. ഏതാനും മാസങ്ങള്‍ക്കു മുമ്പ് കോഴിക്കോട് പട്ടാളപ്പള്ളിയില്‍ ഒരു മുജാഹിദുകാരന്‍ നമസ്‌കരിച്ചതിന്റെ പേരില്‍ സുന്നികള്‍ മര്‍ദ്ദിച്ചിരുന്നു എന്ന് വാര്‍ത്ത കണ്ടിരുന്നു. മുജാഹിദിന്റെ മയ്യത്തിനോട് ഒരു തരത്തിലുമുള്ള ആദരവും നിങ്ങള്‍ കാണിക്കണ്ട എന്ന് ഒരു സുന്നി പണ്ഡിതന്‍ പ്രസംഗിച്ചത് കേട്ടിട്ടുണ്ട്. ജാതീയത കഠിനമാണ് ഈ മതത്തില്‍.
അള്ളാഹുവിനെയല്ലാതെ മറ്റാരെയും ആരാധിക്കരുത് എന്നാണല്ലോ ഇസ്ലാമിലെ വിശ്വാസം. എന്നാല്‍ പലരേയും പുണ്യപുരുഷന്മാരായി ആരാധിക്കുന്നതും അവരുടെ പേരില്‍ നേര്‍ച്ച പോലുള്ള ഉത്സവങ്ങള്‍ നടത്തുന്നതും കാണുന്നു. ഇതില്‍ വൈരുദ്ധ്യമുള്ളതായി തോന്നുന്നുണ്ടോ.
♠ ഏറ്റവും കൂടുതല്‍ മനുഷ്യനെ ആരാധിക്കുന്ന ആളുകള്‍ ഇസ്ലാമിലാണുള്ളത്. അറേബ്യയില്‍ മഹാന്മാരുടെ രൂപത്തില്‍ കല്ലിലും മണ്ണിലും മരത്തിലുമൊക്കെ കൊത്തിയ പ്രതിമകളുണ്ടാക്കി ആരാധിക്കുന്ന ഒരു വിഭാഗം മുമ്പുണ്ടായിരുന്നു. അത്തരം പ്രതിമകളെയൊക്കെ അടിച്ചുപൊട്ടിച്ചിട്ടാണ് പ്രവാചകന്‍ ഏകദൈവസിദ്ധാന്തത്തെ കൊണ്ടുവന്നത്. ഇപ്പോള്‍ ഇസ്ലാമിലെ ഏറ്റവും വലിയ വിഗ്രഹം മുഹമ്മദ് ആണ്. മുഹമ്മദ് നബിയെ പറഞ്ഞാല്‍ ഇവര്‍ വല്ലാതെ പ്രകോപിതരാകും. കാരണം, മുഹമ്മദ് നബി വിശ്വാസികളുടെ മനസ്സിലുള്ള വിഗ്രഹമാണ്. അത് വീണുടഞ്ഞുപോകും. പല പള്ളികളും മരിച്ചുപോയ മഹാന്മാരുടെ പേരുകളിലാണ് ഉള്ളത്. അവിടെ പോയി പ്രാര്‍ത്ഥിച്ചാല്‍ അവരുടെ ആഗ്രഹപൂര്‍ത്തീകരണം നടക്കുമെന്നും എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍ അതൊക്കെ ദൂരീകരിച്ചുകിട്ടുമെന്നും വിശ്വസിച്ചുവരുന്നത്. ഏര്‍വാടി, മമ്പറം പോലുള്ള പള്ളികളില്‍, മരത്തില്‍ ഒരു തൊട്ടില്‍ കെട്ടിയിട്ടാല്‍ മതി അവര്‍ക്ക് കുട്ടികളുണ്ടാകും എന്നു വിശ്വസിക്കുന്ന ആളുകളുണ്ട്. ഇത്തരം അന്ധവിശ്വാസത്തിന്റെ ഒരു കൊടുമുടി തന്നെയാണ് വിഗ്രഹാരാധനയേയും ആള്‍ദൈവത്തെയും എതിര്‍ക്കുന്നു എന്നു പറയുന്ന ഈ മതം.
നന്നേ ചെറുപ്പം മുതല്‍ മദ്രസകളിലൂടെയും ഇസ്ലാമിക കോളേജുകളിലൂടെയും ഇസ്ലാംമതം പഠിക്കുകയും മതാധ്യാപികയും മതപ്രചാരകയുമായി ജീവിതം നയിച്ചുവരികയും ചെയ്ത ഒരാളായിരുന്നല്ലോ ടീച്ചര്‍. അങ്ങനെയുള്ള ഒരാള്‍ ഇസ്ലാം മതം ഉപേക്ഷിച്ചു എന്നു മാത്രമല്ല അതിനെതിരെ വ്യാപകമായ രീതിയില്‍ വിമര്‍ശനം നടത്തുന്ന ഒരാളായി മാറി എന്നത് വളരെ അവിശ്വസനീയമായ കാര്യമായി തോന്നുന്നു. എന്താണ് ഇത്തരമൊരു മാറ്റത്തിനുള്ള കാരണം.
♠ഞാന്‍ വളരെ ചെറുപ്പത്തിലെ മതസാഹചര്യത്തില്‍ തന്നെയാണ് വളര്‍ന്നത്. ബാപ്പച്ചിയും ഉമ്മച്ചിയും മതവിശ്വാസികളായിരുന്നു. സുന്നിവിശ്വാസമാണ് ഉണ്ടായിരുന്നത്. ഒരുപാട് അന്ധവിശ്വാസങ്ങളിലും അബദ്ധങ്ങളിലും ഒക്കെത്തന്നെയായിരുന്നു ഞങ്ങളുടെയും ജീവിതം. രാവിലെ എഴുന്നേറ്റാല്‍ കണികാണുന്നതിനെവരെ വിശ്വസിച്ചിരുന്നു. ഒരിടത്തേക്കു പോകുമ്പോള്‍ എതിരെ വരുന്ന ആളുകളെ കണ്ട് പോകുന്ന കാര്യം നടക്കുമോ എന്ന് തീരുമാനിച്ചിരുന്നു. മരിച്ചുകഴിഞ്ഞാലും മൗലൂദുകള്‍, മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍, അവര്‍ക്കിഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങി യാസീന്‍ ഓതിയവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക, ഉസ്താദുമാരെ വിളിച്ചുകൊണ്ടുവന്ന് പ്രാര്‍ത്ഥിക്കുക, പിന്നെ അവരുടെ വാര്‍ഷികം, ഇങ്ങനെ കുറേ കാര്യങ്ങള്‍. ഇതൊക്കെ ആചരിക്കുകയും ആഘോഷിക്കുകയും നബിദിനത്തിന് ഘോഷയാത്ര പോകുകയും ഒക്കെ ചെയ്തിരുന്ന ഒരു സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ആ സുന്നി അന്തരീക്ഷത്തില്‍ നിന്നും മാറി മൂത്ത സഹോദരി ജമാ-അത്തെ ഇസ്ലാമിയായി മാറിയപ്പോള്‍ ഞങ്ങളെയും ആ ആശയത്തിലേക്കു കൊണ്ടുപോയി. പിന്നെ അവര്‍ക്കു മുജാഹിദിന്റെ ആശയം കിട്ടിയപ്പോള്‍ അതിലേക്കു പോയി. ഞാന്‍ അറബിക് കോളജില്‍ പഠിച്ചത് മലപ്പുറം ജില്ലയിലെ എടവണ്ണയിലുള്ള അറബിക് കോളജിലാണ്. പിന്നീട് മദ്രസകളിലും അറബിക് കോളജിലും മതം പഠിപ്പിച്ചു. അതുപോലെ ആളുകള്‍ക്ക് ഖുര്‍-ആന്‍ ക്ലാസ്സെടുത്തു. അങ്ങനെയൊക്കെ മുന്നോട്ടുപോകുന്നതിനിടയിലാണ് ചില ഹദീസുകളും ഖുര്‍-ആനും തമ്മില്‍ ഒരുപാട് പൊരുത്തക്കേടുകള്‍ ഉള്ളതുപോലെ എനിക്കു തോന്നിയത്.
പ്രവാചകന് മരണം സംഭവിക്കില്ല, മരണം സംഭവിച്ചു എന്നു പറയുന്നവന്‍ വിശ്വാസിയല്ല എന്നാണ് ഖുര്‍-ആന്‍ പറയുന്നത്. ഹദീസുകള്‍ നോക്കുമ്പോള്‍ പ്രവാചകന് മരണം സംഭവിച്ചിട്ടുണ്ട്. ഹദീസുകളില്‍ ഏഴു മഹാപാപങ്ങളില്‍ രണ്ടാമത്തെതായിട്ടുള്ളതാണ് മരണം. കൂടോത്രം, ആഭിചാരം എന്നൊക്കെ പോലെ. പ്രവാചകന് മര്‍വാന്‍ എന്നുപറയുന്ന ഒരു കിണറ്റില്‍ നിന്ന് മുട്ടയും മുടിയും ലഭിച്ചിട്ടുണ്ടെന്നും അങ്ങനെ പ്രവാചകന് മാരണം ബാധിച്ചുവെന്നും ആ മാരണം ബാധിച്ച സമയത്താണ് ഖുര്‍-ആന്‍ പ്രവാചകന്‍ ഇങ്ങനെ ഓതിക്കൊണ്ടിരുന്നതെന്നുംപറയുന്ന ധാരാളം ചരിത്രങ്ങളും ഹദീസുകളും ഒക്കെ ഞാന്‍ വായിക്കാനിടയായി. പല ഹദീസുകളും ഖുര്‍-ആനിന് വിരുദ്ധമായതാണെന്നു കണ്ടപ്പോള്‍ ഖുര്‍-ആന്‍ മാറ്റിവെച്ചിട്ട് ഹദീസുകള്‍ പഠിക്കാന്‍ തുടങ്ങി. അപ്പോഴാണ് പ്രവാചകന്‍ ഹദീസുകള്‍ കണ്ടിട്ടില്ല എന്നു മനസ്സിലായത്. പ്രവാചകന്‍ മരണപ്പെട്ട് ഇരുന്നൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞ് റഷ്യയിലെ ബുഖാരി എന്നു പറയുന്ന അന്ധനായ ഒരു മനുഷ്യന്‍ – രണ്ടോ മൂന്നോ വര്‍ഷം മെക്കയിലും മദീനയിലും താമസിച്ച് അറബി പഠിച്ചിട്ടാണ് പ്രവാചകന്‍ എന്തൊക്കെയാണ് ചെയ്തത് എന്തൊക്കെയാണ് അനുവാദം നല്കിയത് എന്നൊക്കെയുള്ള ഹദീസ് എഴുതി തയ്യാറാക്കിയത്. പലസ്ഥലത്തുനിന്നും കേട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രവാചകചര്യയും വിധി വിലക്കുകളും എഴുതുകയായിരുന്നു. പ്രവാചകന്‍ കണ്ടിട്ടില്ലാത്ത ഹദീസുകള്‍ എങ്ങനെ വിശ്വാസയോഗ്യമാകും? ഈ സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഹദീസിനെ തള്ളിക്കളഞ്ഞു. പിന്നീടാണ് ഖുര്‍-ആനിലേക്കു വരുന്നത്.
ഞാന്‍ അന്ന് നിരന്തരം ഫേസ്ബുക്കിലൊക്കെ എഴുതുമായിരുന്നു. ഹദീസ് തള്ളിക്കഴിഞ്ഞതോടെ ആ സൈറ്റൊക്കെ എനിക്കു നഷ്ടപ്പെട്ടു. അതൊക്കെ ആരൊക്കെയോ പൂട്ടിച്ചു. പിന്നീടാണ് ഖുര്‍-ആന്‍ സുന്നത്ത് സൊസൈറ്റിയുമായി ബന്ധപ്പെടുന്നത്. അവര്‍ ഇതേ ആശയക്കാര്‍ തന്നെയാണ്. ഖുര്‍-ആന്‍ മാത്രമാണ് പ്രമാണം എന്നു വിശ്വസിക്കുന്നവര്‍. അവര്‍ കോഴിക്കോടു വെച്ചു നടന്ന ചേകന്നൂര്‍ മൗലവിയുടെ അനുസ്മരണത്തില്‍ പങ്കെടുക്കുവാന്‍ എന്നെ ക്ഷണിച്ചു. പിന്നീട് ഖുര്‍-ആന്‍ സുന്നത്ത് സൊസൈറ്റിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു തുടങ്ങി. ആ സമയത്താണ് ഖുറാനിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഖുര്‍-ആന്‍ ഇറങ്ങിയ പശ്ചാത്തലത്തെക്കുറിച്ച് പഠിച്ചപ്പോഴാണ് പ്രവാചകന്‍ മരണപ്പെട്ടതിനുശേഷം എത്രയോ കാലങ്ങള്‍ക്കു ശേഷമാണ് അത് രചിക്കപ്പെട്ടത് എന്നു മനസ്സിലായത്. അങ്ങനെ നോക്കുമ്പോള്‍ അതിനു വിശ്വാസ്യത ഇല്ലെന്നു ബോദ്ധ്യപ്പെട്ടു. ഖുര്‍-ആന്‍ ആരെങ്കിലും പ്രവാചകന് നേരത്തെ വായിച്ചു കൊടുത്തോ? ഇല്ല. പ്രവാചകന് അക്ഷരാഭ്യാസം ഉണ്ടായിരുന്നോ. ഇല്ല. കേട്ടിട്ടുണ്ടെങ്കില്‍ തന്നെ എഴുതിയതും വായിച്ചുകേട്ടതും ഒന്നുതന്നെയാണ് എന്ന് പ്രവാചകന്‍ എങ്ങനെയാണ് ഉറപ്പിച്ചത്? കാരണം, പ്രവാചകന് അത് മനഃപാഠമായിരുന്നു. ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ കൊണ്ടാണ് ഖുര്‍-ആന്‍ ഇറങ്ങുന്നത്. ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറങ്ങിയത് ഇതുതന്നെയാണ് എന്ന് എങ്ങനെയാണ് ഉറപ്പിക്കുക? ഇതാരാണ് എഴുതിയത്? തന്നെയുമല്ല, അന്നത്തെക്കാലത്തെ അറബിഭാഷയ്ക്ക് വള്ളിയും പുള്ളിയും ഒന്നുമില്ല. വള്ളിയും പുള്ളിയും ഒക്കെ മാറിയാല്‍ ഒരുപാട് അര്‍ത്ഥവ്യത്യാസങ്ങളുണ്ടാകും. ആ, ഇ, ഉ ഈ മൂന്നു ചിഹ്നങ്ങള്‍ മാറിയാല്‍ത്തന്നെ ഒരുപാട് അര്‍ത്ഥവ്യത്യാസങ്ങള്‍ ഉണ്ടാകും. ഉദാഹരണത്തിന്, ബര്‍റ് എന്നു പറഞ്ഞാല്‍ കര, ബിര്‍റ് എന്നു പറഞ്ഞാല്‍ പുണ്യം. ബുര്‍റ് എന്നു പറഞ്ഞാല്‍ ഗോതമ്പുപൊടി. അക്രമകാരിയായ ഭരണാധികാരി എന്നറിയപ്പെട്ട അബു സഫിയാന്റെ പേരക്കുട്ടിയാണ് ഖുര്‍-ആനിലെ ഈ ചിഹ്നങ്ങള്‍ ഇട്ടത്. ഈ ഖുര്‍-ആന്‍ അത്ര വിശ്വാസയോഗ്യതയൊന്നുമില്ല എന്ന് എനിക്കു ബോദ്ധ്യപ്പെട്ടു. ഖുര്‍ആന്‍ ഇസ്ലാമിന്റെ പ്രമാണമാണ് എന്നു വിശ്വസിക്കുന്ന ഒരുപാട് ആളുകളുണ്ട്. അവരെ ബോധവത്കരിക്കണം എന്നു തീരുമാനിച്ചു. ശരിക്കു പറഞ്ഞാല്‍ വിമര്‍ശനമല്ല. എന്റെ സമൂഹത്തെ എന്റെ മാതാപിതാക്കളടങ്ങുന്ന, എന്റെ സഹോദരങ്ങളുമടങ്ങുന്ന സമുദായത്തെ രക്ഷപ്പെടുത്താനും തിരുത്താനുമാണ് ഞാന്‍ ശ്രമിക്കുന്നത്. ഒരിക്കലും ഇതൊരു ഇസ്ലാമികവിമര്‍ശനമല്ല. ഈ മതത്തില്‍ നവോത്ഥാനം അനിവാര്യമാണ്. ഇതിന് ഒരു മാറ്റം വന്നേ പറ്റൂ. ആരെങ്കിലും പറഞ്ഞത് കേട്ടിട്ടോ ഏതെങ്കിലും മലയാളം പരിഭാഷ വായിച്ചിട്ടോ ആരെങ്കിലും എഴുതിയത് കണ്ടിട്ടോ ഇസ്ലാം മതം ഉപേക്ഷിച്ച ആളല്ല ഞാന്‍. അടിസ്ഥാനപ്രമാണങ്ങള്‍ ഇഴകീറി പരിശോധിച്ച് ഇതിന്റെ തെറ്റും ശരിയും വിവേചനം ചെയ്ത് മതം ഉപേക്ഷിച്ച ആളാണ് ഞാന്‍.
ഇസ്ലാംമതത്തില്‍ ജനിച്ച ഒരാള്‍ ആ മതത്തെ വിമര്‍ശിക്കാനോ ഉപേക്ഷിച്ചു പുറത്തുപോകാനോ തയ്യാറാവുന്നത് വളരെ അപൂര്‍വ്വമാണ്. അത്തരമൊരാള്‍ക്ക് വളരെയേറെ ഭീഷണിയെ നേരിടേണ്ടിവരും. എന്താണ് ടീച്ചറുടെ അനുഭവം.
♠ഒരു പ്രധാനപ്പെട്ട മതത്തെയാണ് വിമര്‍ശിക്കുന്നത്. അതും വളരെ വൈകാരികമായി പ്രതികരിക്കുന്ന മതവിഭാഗത്തെ, സ്വാഭാവികമായും നമുക്കു നിലനില്‍പ്പുണ്ടാവില്ല. ആദ്യം അവര്‍ കുടുംബത്തിന്റെ കെട്ടുറപ്പ് തകര്‍ക്കാന്‍ നോക്കി. അതിലവര്‍ വിജയിച്ചു. എന്റെ സഹോദരങ്ങളെ ഭിന്നിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഏറ്റവും ഒടുവില്‍ എന്റെ ഉമ്മയെവരെ എന്നില്‍ നിന്നും അടര്‍ത്തിക്കൊണ്ടുപോകാന്‍ അവര്‍ക്കു കഴിഞ്ഞു. മരിച്ചാല്‍ പള്ളിയിലടക്കണം എന്നൊരു കാര്യമാണ് അവര്‍ അതിന് പറഞ്ഞത്. ഒരുപാട് എതിര്‍പ്പുകള്‍ ഉണ്ട്. പല ബിസിനസ്സുകളും തുടങ്ങി ജീവിക്കാന്‍. അതിലൊക്കെ ഒരുപാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഉണ്ടായി. ജുമാ അക്ക് വെള്ളിയാഴ്ച പള്ളിയില്‍ നിന്ന് വിളിച്ചു പറഞ്ഞു, നമ്മുടെ പള്ളിക്കുമുമ്പില്‍ ജാമിദയുടെ ഒരു ടെക്‌സ്‌റ്റൈല്‍സ് ഉണ്ട്. അവിടുന്ന് സാധനങ്ങള്‍ വാങ്ങരുത്. അങ്ങനെ അതിനെ വിലക്കി, അതുപോലെ എനിക്കു വീടു വാടകയ്ക്ക് തരുന്നത് വിലക്കി. ഒരുദിവസം കൊണ്ടൊക്കെ എനിക്കു വീടു മാറേണ്ടി വന്നിട്ടുണ്ട്. മക്കള്‍ പഠിക്കാന്‍ പോയ സ്ഥലത്ത് ഒരുപാട് ഉപദ്രവിക്കപ്പെട്ടു. നല്ല കലാവാസന ഉള്ള കുട്ടി കഥാപ്രസംഗത്തിന് ജില്ലാ തലത്തിലെത്തി. ജില്ലയില്‍ നിന്ന് സംസ്ഥാനത്തിലേക്ക് പോകേണ്ടുന്നതിന് ആ കുട്ടിക്ക് അവസരം കൊടുത്തില്ല. കാരണം, ആ മൂന്നു ജഡ്ജിമാരും ഇത് ജാമിദയുടെ മകളാണെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എനിക്കുണ്ടായിട്ടുണ്ട്.
മക്കള്‍ പഠിച്ചത്, ഗവണ്‍മെന്റ് സ്‌കൂളിലായിരുന്നു. അവിടത്തെ അറബി-മുസ്ലിം അദ്ധ്യാപകരുടെ തന്നെ മക്കള്‍ എന്റെ മക്കളെ കൂട്ടമായി അക്രമിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പാതിരാത്രിയൊക്കെ ഞാനെന്റെ മോളെയും കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ വരാന്തയില്‍ ഒറ്റയ്ക്കിരുന്ന് കരഞ്ഞിട്ടുണ്ട്. ഇങ്ങനെയൊക്കെയുള്ള നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും നിരവധി പ്രതിസന്ധിയിലൂടെയും പ്രശ്‌നങ്ങളിലൂടെയും തന്നെയാണ് കഴിഞ്ഞുപോകുന്നത്. ഭര്‍ത്താവ് ഗള്‍ഫില്‍ ഇരുപത് വര്‍ഷമായിട്ട് ജോലി ചെയ്യുന്ന ആളാണ്. അവിടെ അദ്ദേഹത്തിനും ഒരുപാട് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. അവിടെ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യം വന്നപ്പോള്‍ എത്രയും പെട്ടെന്ന് ആ ജോലി ഉപേക്ഷിച്ച് നാട്ടിലേക്കു വന്നതാണ്. പിന്നീട് ഒരുപാട് പട്ടിണിയും പരിവട്ടവും, ജീവിക്കാന്‍ പറ്റാത്ത പ്രയാസവും ഉണ്ടായി, ഇന്നും സ്വതന്ത്രമായി മക്കളുമൊത്ത് പുറത്തുപോകാനോ ബീച്ചിലേക്കു പോകാനോ യാത്ര ചെയ്യാനോ മക്കളുടെ സ്‌കൂളിലെ രക്ഷാകര്‍ത്തൃയോഗത്തിന് പോകാനോ പോലും പറ്റില്ല. സാമൂഹ്യമാധ്യമം വഴിയും ഭീഷണികളും കൊലവിളികളും എമ്പാടും വരുന്നുണ്ട്. അവര്‍ ഇങ്ങനെ പ്രതികരിക്കുന്നതില്‍ അതിശയം തോന്നുന്നില്ല. അവര്‍ വികാരജീവികളാണ്. മദ്രസതലം മുതല്‍ അവര്‍ പഠിക്കുന്നതും, പരിശീലിക്കുന്നതും തങ്ങളുടെ മതം മാത്രമാണ് ശരിയെന്നാണ്. ഇതിനകത്ത് എന്തെങ്കിലും തെറ്റുണ്ട് എന്നു ഖുര്‍-ആനിലൂടെയും ഹദീസിലൂടെയും ബോദ്ധ്യപ്പെടുത്തിക്കൊടുത്താല്‍ പോലും അവര്‍ക്കത് മനസ്സിലാകില്ല, അവരത് ഉള്‍ക്കൊള്ളില്ല. കാരണം, ഈ മതം അങ്ങനെയാണ്, അത് തലച്ചോറിനെയാണ് ബാധിക്കുന്നത്.