കൃഷ്ണ ബേക്കറിയുടെ മുമ്പില്‍ വെച്ചാണ് ചന്ദ്രനുണ്ണിയെ കണ്ടത്. എന്തൊക്കെയുണ്ട് വിശേഷം? എന്ന് ചോദിച്ചപ്പോള്‍ ‘സമാധി വിശേഷം’ എന്ന് പുള്ളി.
‘ഹ ഹ ഹ ‘
ഞാന്‍ ചിരിച്ചപ്പോള്‍ പുള്ളി പറഞ്ഞു ‘ആറാലും മൂട് ഗോപനെ സംസ്‌കരിച്ചു’ എന്ന് ദേശാഭിമാനി വാര്‍ത്ത.
‘ശരിയാണ് ഗോപന്‍ സ്വാമി പെട്ടെന്ന് മാധ്യമങ്ങള്‍ക്ക് നെയ്യാറ്റിന്‍കര ഗോപനായി.
സമാധി എന്ന ‘അധമകാര്യ’ത്തെക്കുറിച്ച് മാധ്യമങ്ങളും ട്രോളന്മാരും ഗംഭീരമായി വാചാലരായിരുന്നു.
സമാതി. സമാദി, സമാഥി എന്നൊക്കെ എന്തൊക്കെയാണ് എഴുതിയതും പറഞ്ഞതും. ഹിന്ദുക്കളിലെ അന്ധവിശ്വാസം മഹാമോശം, നികൃഷ്ടം, വെറുക്കപ്പെടേണ്ടത് എന്നൊക്കെയായി.
സകലരും വെളിച്ചപ്പാടന്മാരായി.
എല്ലാ മരണങ്ങളും ഒരു ഡോക്ടറെക്കൊണ്ട് പരിശോധിപ്പിച്ച് സ്ഥിരീകരിക്കുകയും തദ്ദേശ സ്ഥാപനത്തില്‍ റജിസ്റ്റര്‍ ചെയ്യുകയും വേണം. ഇതൊന്നുമറിയാത്ത അജ്ഞരായ മക്കളുടെ അറിവില്ലായ്മ മുതലെടുത്ത് ഓരോ പത്രവും ആ പാവത്താനെക്കുറിച്ച് അവനവന്റെ മത-രാഷ്ട്രീയ നിലപാട് അനുസരിച്ച് പുണ്യത്വം കൂട്ടിയും കുറച്ചും അധമത്വം പൊലിപ്പിച്ച് കാട്ടിയും എഴുതി.’
‘മാധ്യമങ്ങള്‍ അങ്ങനെയാണ്. ഇതിലൊരു അറുകൊല വാര്‍ത്ത കിട്ടാത്ത നിരാശയിലാണ് അവര്‍.’
‘ഒരു ഇസ്ലാമോ-ലെഫ്റ്റിസ്റ്റ് കൂട്ടായ്മ (മുസ്ലീം മന്ത്രവാദിയും മാര്‍ക്‌സിസ്റ്റുകാരനും) രണ്ടു സ്ത്രീകളെ നിഷ്‌ക്കരുണം കൊന്ന കേസില്‍ ഇത്ര വലിയ അന്ധവിശ്വാസം ചര്‍ച്ച ചെയ്തു കണ്ടില്ല.’
‘അത് പോട്ടെ. പിന്നെ ഇക്കാലത്ത് മുന്‍കൂട്ടി പറഞ്ഞുള്ള സമാധി നടക്കില്ല എന്ന് ഉറപ്പിച്ച് ചിലര്‍.’
‘ഞാന്‍ കേട്ടു. ഒരു മുന്‍ ജഡ്ജ് പറയുന്നു ‘ആരെങ്കിലും വിശ്വസിക്കുമോ ഇക്കാലത്ത് ഒരാള്‍ക്ക് മരണം മുന്‍കൂട്ടി പറയാന്‍ പറ്റുമെന്ന്!’
ഭാരതത്തില്‍ ജനിച്ച് ജീവിച്ച് ഭാരതത്തിലെ പല കാര്യങ്ങളും അറിയാവാത്തവരാണ് ബഹു ഭൂരിപക്ഷവും.’
‘ഇനി അറിഞ്ഞാലും സ്വന്തം മത സ്പിരിറ്റ് ഉള്ളില്‍ നിറച്ചു കൊണ്ട് അത് വിശ്വസിക്കുകയില്ല എന്ന് മാത്രമല്ല, ഇതര വിശ്വാസത്തെ അവഹേളിക്കുകയും ചെയ്യും.’
‘കുറച്ചു കാലം മുമ്പ് ദൂരദര്‍ശനില്‍ ദയാവധത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ച ഞാന്‍ കണ്ടു. അതില്‍ മുംബൈയിലുള്ള ഒരു ഡോക്ടര്‍ അയാളുടെ അച്ഛന്റെ കഥ പറഞ്ഞു. പൂനെയില്‍ താമസിച്ചിരുന്ന ജൈന മതവിശ്വാസിയായ അച്ഛന്‍ പരിപൂര്‍ണ്ണ സാത്വികനും ചിട്ടയോടെ യോഗ, ധ്യാനം എന്നിവ ചെയ്യുന്ന ആളുമായിരുന്നു. വയസ്സായപ്പോള്‍ അച്ഛന്‍ മക്കള്‍ക്കെല്ലാം എഴുതി ഞാന്‍ ഇന്ന മാസം, ഇന്ന തീയതി, ഇന്ന ദിവസം, ഇന്ന സമയത്ത് മരിക്കുമെന്നും എല്ലാവരും എത്തണം എന്നും. അച്ഛന്റെ കാര്യം ശരിക്കും അറിയാവുന്ന മക്കളില്‍ ഒരാള്‍ പോലും അച്ഛന്‍ പറഞ്ഞത് അവിശ്വസിച്ചില്ല. സമയത്തിനു മുന്നേ തന്നെ എല്ലാവരും എത്തി. അച്ഛന്‍ കട്ടിലില്‍ ഇരുന്നു എല്ലാവരോടും പറയേണ്ട കാര്യങ്ങളെല്ലാം പറഞ്ഞു. അതിനുശേഷം നിലത്ത് പായ വിരിക്കാന്‍ പറഞ്ഞ്, എല്ലാവരോടും യാത്ര പറഞ്ഞ് അതില്‍ കിടന്നു മരിച്ചു. സമീപത്തെ ഒരു ഡോക്ടര്‍ പരിശോധിച്ച് സ്വാഭാവിക മരണം സ്ഥിരീകരിച്ചു. ഞങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കും അസ്വാഭാവികമായി ഒന്നും തോന്നിയില്ല. എത്രയോ ജൈന സന്യാസിമാരും ബുദ്ധഭിക്ഷുക്കളും അങ്ങനെ സമാധിയടയുന്നു.
ഇവിടെ അവതാരക ചോദിക്കുന്നുണ്ട് ‘ഹിപ്പോക്രറ്റീസ് ഓത്ത് എടുത്ത അങ്ങ് എന്തുകൊണ്ടു തടഞ്ഞില്ല?’
അതിനുത്തരം ധാര്‍മ്മികവും ആത്മീയവുമായ കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. അത് പലര്‍ക്കും പല മാതിരിയാണ്. അനേകം ജൈന മുനിമാരും ഗൃഹസ്ഥരും ഇന്നും അങ്ങനെ മുന്‍കൂട്ടി പറഞ്ഞ് മൃത്യു വരിക്കാറുണ്ട്. എല്ലാം നിയമപ്രകാരം പ്രഖ്യാപിച്ച് തന്നെ. സല്ലേഖന, സന്‍ഥാര എന്ന സ്വമേധയാ നടത്തുന്ന സമാധിമരണം ഭക്ഷണം, വെള്ളം എന്നിവ പിന്‍വലിച്ചാണ് സാധ്യമാക്കുന്നത്.’
ഒരു വര്‍ഷം 240 ഓളം ജിനന്മാര്‍ അങ്ങനെ മൃത്യു വരിക്കുന്നു എന്ന് കണക്കുകള്‍ കാണിക്കുന്നു. അവരുടെ ഗ്രന്ഥങ്ങളില്‍ പറഞ്ഞ പ്രകാരമുള്ള അതിപുരാതന ആചാരമാണത്. ഒരിക്കല്‍ ആത്മഹത്യാശ്രമം എന്ന് പറഞ്ഞ് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ഒരു കേസു വന്നു. സല്ലേഖന നിരോധിച്ചെങ്കിലും സുപ്രീം കോടതി അതനുവദിക്കുകയുണ്ടായി.
‘ബുദ്ധ ഭിക്ഷുക്കള്‍ക്കിടയിലും ഹിന്ദു സന്യാസിമാരിലും സമാധി സാധാരണയാണ്. ഉത്തരാഖണ്ഡ് ജലസമാധിയ്ക്ക് പ്രശസ്തമാണ്. രുദ്രപ്രയാഗ്, ദേവ പ്രയാഗ് എന്നിവിടങ്ങളിലെ സംഗമങ്ങളില്‍ സന്യാസിമാര്‍ വെള്ളത്തില്‍ ചാടി ശരീരം ത്യജിക്കാറുണ്ട്. അല്ലാതെ സ്വയം ധ്യാനത്തില്‍ ഇരുന്ന് സമാധിയടയുന്നവരെ പദ്മാസനത്തില്‍ ഇരുത്തി നദിയില്‍ ഒഴുക്കാറുമുണ്ട്.’
ചന്ദ്രനുണ്ണിയും ഞാനും നടക്കലേയ്ക്ക് നടന്നു.
ചന്ദ്രനുണ്ണി പറഞ്ഞു.
‘ശരിയാണ് ഇതുപോലെ സമാധിയാകുന്ന ഒരു ശ്രീലങ്കന്‍ ബുദ്ധഭിക്ഷുവിന്റെ വിഡീയോ ഞാന്‍ കണ്ടിട്ടുണ്ട്.’
‘ഇക്കാര്യങ്ങളോ ഭാരതത്തിന്റെ സംസ്‌കാര പാരമ്പര്യങ്ങളോ ഒന്നുമറിയാത്ത ആളുകളാണ് ഇന്ന് കേരളത്തിന്റെ മന:സാക്ഷി സൂക്ഷിപ്പുകാര്‍. ചാനല്‍ ആങ്കര്‍മാരെ തിരഞ്ഞെടുക്കുന്നത് അവരുടെ വാചകക്കസര്‍ത്ത് നോക്കിയാണ്. വിവരവും വിവേകവും നോക്കിയല്ല. ഒരിക്കല്‍ നമ്മുടെ കാ.ഭാ.ജി ആണെന്ന് തോന്നുന്നു മന്‍മോഹന്‍ സിംഗ് രാഷ്ട്രത്തിന്റെ വിഭവങ്ങളില്‍ മുസ്ലിങ്ങള്‍ക്ക് ആദ്യാവകാശം വേണം എന്ന് പറഞ്ഞത് ചൂണ്ടിക്കാണിച്ചപ്പോള്‍ ആങ്കര്‍ അലറി വിഡ്ഢിത്തരം പറയരുത്, എന്തബദ്ധമാണ് താങ്കള്‍ പറയുന്നത് എന്നൊക്കെ.. ഇടയ്ക്ക് ആരോ അത് ശരിയാണെന്നു പറഞ്ഞപ്പോള്‍ വേഗം പരസ്യത്തിന് ബ്രെയ്ക്ക് ഇട്ട് വിഷയം മാറ്റി. അത് പോലെയാണ് ഭാഷാപിതാവിനെ അപലപിച്ച് മണ്ണാങ്കട്ട എന്ന് പറഞ്ഞതും. കലശലായ വിവരമില്ലായ്മ.’
‘പലരും ഹിന്ദുവിരോധികളായ വെളിച്ചപ്പാടന്മാര്‍ തന്നെ.’
‘ശരിയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ സമാധി പുതിയ വാക്കൊന്നുമല്ല. ഐതിഹ്യമാലയില്‍ കൈപ്പുഴ തമ്പാനെപ്പറ്റി പറയുന്നുണ്ട്. ജ്യോത്സ്യന്‍, മന്ത്രവാദി, വൈദ്യന്‍, ഇന്ദ്രജാലക്കാരന്‍ എന്നീ നിലയ്‌ക്കൊക്കെ ഏറെ പ്രശസ്തന്‍. ഒരിക്കല്‍ തമ്പാന്‍ തിരുവനന്തപുരത്ത് പോയി വലിയ തമ്പുരാനെ മുഖം കാണിച്ചു. തമ്പുരാന്‍ പറഞ്ഞു ‘തമ്പാന്‍ വലിയ ജ്യോതിഷി ആണെന്നാണല്ലോ ജനം പറയുന്നത്. അതിനാല്‍ ഒരു കാര്യം ചെയ്യൂ’ ഞാന്‍ എന്ന് എപ്പോള്‍ മരിക്കും എന്ന് പ്രവചിയ്ക്കൂ, എഴുതി തരൂ’. തമ്പാന്‍ അതിനു മറുപടിയായി: ‘സ്വന്തം മരണ ദിവസം അറിഞ്ഞാല്‍ ആര്‍ക്കും വലിയ വ്യസനവും പരിഭ്രമവുമൊക്കെ ഉണ്ടാവും. അതിനാല്‍ അത് അറിയാതിരിക്കുകയാണ് നല്ലത് എന്ന് പറഞ്ഞു. എന്നാല്‍ തമ്പുരാന്‍ വാശി പിടിച്ചു അവസാനം എഴുതി കൊടുത്തു. അപ്പോള്‍ തന്റെ മരണമോ? എന്നായി തമ്പുരാന്‍. അത് തമ്പുരാന്‍ മരിക്കുന്നതിന് രണ്ടു വര്‍ഷം മുമ്പ് സംഭവിക്കും എന്ന് പറഞ്ഞു. തമ്പുരാന്‍ അതും കൃത്യമായി എഴുതി വാങ്ങി. അങ്ങനെ കാലം കഴിഞ്ഞു തമ്പാന്‍ മരിക്കേണ്ട ദിവസം സമാഗതമായി. വലിയ തമ്പുരാന്‍ രഹസ്യമായി തന്റെ ആശ്രിതരെ വിളിച്ച് ചന്ദനം, സുഗന്ധദ്രവ്യങ്ങള്‍, ശവദാഹത്തിനുള്ള പണം എന്നിവയുമായി തമ്പാന്റെ കോവിലകത്തിന് സമീപം പോയി രഹസ്യമായി താമസിച്ച് തമ്പാന്‍ മരിച്ചാല്‍ സാമഗ്രികള്‍ അനന്തരവനെ ഏല്‍പ്പിച്ച് മടങ്ങിവന്ന് വിവരം പറയുക അല്ലെങ്കില്‍ മരിച്ചില്ലെങ്കില്‍ ആ വിവരം ഉടന്‍ അറിയിക്കുക എന്നും പറഞ്ഞു ശട്ടം കെട്ടി. മുന്‍കൂട്ടി പറഞ്ഞ പോലെ കൃത്യസമയത്ത് തമ്പാന്‍ മരിച്ചു. ആശ്രിതര്‍ അനന്തിരവനെ സാമഗ്രികള്‍ ഏല്‍പ്പിച്ചു. ആ വിവരം തമ്പുരാനെ ധരിപ്പിച്ചു. വലിയ തമ്പുരാന്‍ അന്തം വിട്ടു. അന്യന്റെ മാത്രമല്ല സ്വന്തം മരണവും മുന്‍കൂട്ടി അറിയാനുള്ള അപാരമായ കഴിവിനെ പ്രകീര്‍ത്തിച്ചു. പക്ഷെ കൃത്യം രണ്ടു വര്‍ഷം മാത്രമേ തനിക്ക് ഇനി ആയുസ്സ് ഉള്ളു എന്നത് തമ്പുരാനെ വലിയ ഭീതിയിലും വ്യസനത്തിലുമാക്കി. തമ്പാന്‍ പറഞ്ഞപോലെ പിന്നീട് നാട് നീങ്ങുന്നത് വരെയുള്ള രണ്ടു വര്‍ഷം വലിയ തമ്പുരാന്‍ ബുദ്ധിസ്ഥിരതയില്ലാതെയാണ് കഴിഞ്ഞതത്രെ. തമ്പാന്‍ കുറിച്ച് കൊടുത്ത പോലെ കൃത്യസമയത്ത് നാട് നീങ്ങുകയും ചെയ്തു.
‘അപ്പോള്‍ ലോകത്ത് എവിടെയുമില്ലാത്തത് ഭാരതത്തില്‍ നടക്കും അല്ലെ? വിദേശ ചിന്താഗതിയുമായി നടക്കുന്നവര്‍ക്ക് അത് മനസ്സിലാക്കാന്‍ സാധിക്കില്ല എന്നേയുള്ളൂ.’
‘അതെ. വെറുതെ വിദ്വേഷവും സ്പര്‍ദ്ധയും സൃഷ്ടിക്കുന്ന ജോലിയാണ് നമ്മുടെ മാധ്യമങ്ങള്‍ക്ക്. ഇനി കുംഭമേള കഴിയുന്നതുവരെ അതിന്റെ നെഗറ്റീവ്‌സ് കണ്ടുപിടിക്കാന്‍ നടക്കും.’
ചന്ദ്രനുണ്ണി യാത്ര പറഞ്ഞു പിരിയുമ്പോള്‍ കണ്ണിറുക്കി പറഞ്ഞു.
‘ശരിയാണ്. തുറന്നിട്ട ജാലകത്തിലൂടെ അതിനെതിരെ വാളെടുത്ത് വീശാന്‍ നമ്മേയും അത് പ്രേരിപ്പിക്കും. അല്ലെ? ഹ..ഹ.ഹ.’
അതിനു പ്രതികരണമായി ഞാന്‍ കുമാരനാശാന്റെ വരികള്‍ ചൊല്ലി:
‘നിത്യസ്പര്‍ദ്ധി മനുഷ്യവര്‍ഗ്ഗമിവിടെ-
ക്കഷ്ടം ഗുണദ്വേഷിയായ്
പ്രത്യക്ഷത്തിലധ:പതിച്ചു സുരരേ!
ഹാ! നിങ്ങള്‍ താങ്ങീടുവിന്‍’.