ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നിയമസഭയില്‍ സമര്‍പ്പിക്കപ്പെട്ട സിഎജി റിപ്പോര്‍ട്ടും സഭയില്‍ എത്താതെ തന്നെ മന്ത്രിസഭാ തീരുമാനത്തിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പാലക്കാട് എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണശാലയും കേരളത്തിന്റെ പൊതുജീവിതത്തെ തകിടം മറിക്കും എന്ന കാര്യത്തില്‍ സംശയമില്ല. രാഷ്ട്രീയത്തിനതീതമായി ഈ പ്രശ്‌നത്തെ സമീപിക്കുന്നതിന് പകരം സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളെയും കണ്ണുംപൂട്ടി അന്ധമായി അംഗീകരിക്കാനും സംരക്ഷിക്കാനുമുള്ള ബാധ്യത കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പാര്‍ട്ടി അനുഭാവികള്‍ക്കും ഉണ്ടാകുന്നു എന്നത് ആപത്താണ്.
മദ്യനിര്‍മ്മാണശാലയെക്കുറിച്ച് ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ ഗുരുതരമാണ്. പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇക്കാര്യം ചര്‍ച്ചയില്‍ ഉണ്ടാവുകയും നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് ഫയല്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത് ആസൂത്രിതമല്ലെന്നും കരുതാനാവില്ല. സംസ്ഥാനത്ത് ഇനി പുതിയതായി മദ്യനിര്‍മ്മാണശാലകള്‍ വേണ്ടെന്ന് തീരുമാനിച്ചത് 1999ല്‍ ഇടതുമുന്നണി നേതൃത്വത്തിലുള്ള ഇ.കെ.നായനാര്‍ സര്‍ക്കാര്‍ തന്നെയാണ്. ഇടതുമുന്നണിയുടെ ഈ തീരുമാനം ഇപ്പോള്‍ മാറ്റിയത് കേരളത്തില്‍ മദ്യക്ഷാമം ഉണ്ടായിട്ടാണോ? കേരളത്തിന് സ്വന്തമായി മദ്യനിര്‍മ്മാണശാലകള്‍ വേണമെന്ന് തീരുമാനിക്കാന്‍ കാരണം എന്തെങ്കിലും പഠനത്തിന്റെയോ സര്‍വേ റിപ്പോര്‍ട്ടിന്റെയോ അടിസ്ഥാനത്തിലാണോ? ഇങ്ങനെയൊരു തീരുമാനം എടുക്കുമ്പോള്‍ അത് ഭരണമുന്നണിയോ, ഇടതുമുന്നണിയോ, ഭരണകക്ഷിയോ ചര്‍ച്ച ചെയ്തിട്ടുണ്ടോ?
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും മൂന്ന് ഡിസ്റ്റിലറികള്‍ ഇതേ മാതൃകയില്‍ത്തന്നെ അനുവദിച്ച് ഉത്തരവിറക്കിയതാണ്. അന്നും അടുപ്പക്കാരായ ചില കമ്പനികള്‍ക്കാണ് മദ്യനിര്‍മ്മാണശാലകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയതെന്ന് ആരോപണമുണ്ടായിരുന്നു. സംസ്ഥാനത്തുടനീളം ഉയര്‍ന്ന വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് മദ്യനിര്‍മ്മാണശാലക്കുള്ള അനുമതി പിന്‍വലിക്കുകയായിരുന്നു. ഇപ്പോള്‍ കുടിവെള്ളക്ഷാമം രൂക്ഷമായ പാലക്കാട് എലപ്പുള്ളിയില്‍ പഞ്ചായത്തോ ജില്ലാഭരണകൂടമോ അറിയാതെ, ഇടതുമുന്നണിയില്‍ ചര്‍ച്ചചെയ്യാതെ, നിയമസഭയില്‍ പരിഗണനക്കു കപോലും കൊണ്ടുവരാതെ കോളേജ് ആരംഭിക്കാന്‍ എന്ന പേരില്‍ സ്ഥലം ഏറ്റെടുത്ത് മദ്യനിര്‍മ്മാണശാല ആരംഭിക്കാനുള്ള എന്ത് അടിയന്തര ആവശ്യമാണ് കേരളത്തിലുള്ളതെന്ന് ബോധ്യപ്പെടുത്താനുള്ള ബാധ്യത എക്‌സൈസ് മന്ത്രി എം.ബി. രാജേഷിനും മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ട്. കേരളത്തിലെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം മദ്യം നിര്‍മ്മിക്കാനുള്ള ബ്രൂവറികള്‍ ഇല്ലാത്തതാണോ?
ഇതോടൊപ്പം കേരളത്തിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളിലടക്കം വിനോദസഞ്ചാരത്തിന്റെ പേരില്‍ 99 ബിയര്‍ പാര്‍ലറുകള്‍ തുറക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്താണ് ഇത്രയധികം ബിയര്‍ പാര്‍ലറുകളുടെയും മദ്യശാലകളുടെയും മദ്യനിര്‍മ്മാണ ഫാക്ടറികളുടെയും ആവശ്യം? ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പുതിയ മദ്യനയത്തിന്റെ പേരില്‍ പിന്‍വലിച്ച എല്ലാ ബാറുകളും തുടങ്ങുക മാത്രമല്ല, കൂടുതല്‍ ബാറുകള്‍ അനുവദിക്കുകയും ചെയ്തു. മദ്യ കമ്പനികള്‍ നല്‍കുന്ന വന്‍ സാമ്പത്തികസഹായം ബംഗാളിലും ത്രിപുരയിലും അടക്കം ഭരണം പോയി പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത രീതിയില്‍ തകര്‍ന്നടിഞ്ഞു കഴിഞ്ഞ സിപി എമ്മിന്റെ രാഷ്ട്രീയപരമായ നിലനില്‍പ്പിന് അനിവാര്യമായിരിക്കും. പക്ഷേ, സാക്ഷരതയും സ്ത്രീസാക്ഷരതയും ഏറ്റവും കൂടുതലുള്ള, സാമൂഹിക വിദ്യാഭ്യാസ സാംസ്‌കാരിക മാനദണ്ഡങ്ങളില്‍ ഒന്നാംസ്ഥാനത്തായിരുന്ന കേരളത്തെ മരുമകന്റെ വിനോദസഞ്ചാരവും പാര്‍ട്ടിയുടെ ഫണ്ട് സംഭരണവും കാരണം മദ്യത്തില്‍ മുക്കിക്കൊല്ലുന്നത് കേരളത്തിനു ഗുണം ചെയ്യുമോ എന്നത് മുഖ്യമന്ത്രി മാത്രമല്ല കേരളത്തിലെ പൊതുസമൂഹം കൂടി വിലയിരുത്തേണ്ടതുണ്ട്. കേരളത്തില്‍ ഇത്രയധികം ബിയര്‍പാര്‍ലറുകളും ബാറുകളും മദ്യശാലകളും ആരംഭിക്കേണ്ട സാഹചര്യം അല്ലെങ്കില്‍ ആവശ്യകത മനസ്സിലാകുന്നില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം വരുന്ന രണ്ടു മേഖലകള്‍ മദ്യവും ലോട്ടറിയുമാണ്. അതിന്റെ പേരില്‍ കൂടുതല്‍ മദ്യശാലകള്‍ ആരംഭിക്കുക എന്ന നയം സംസ്ഥാന സര്‍ക്കാര്‍ എന്ത് അടിസ്ഥാനത്തിലാണ് സ്വീകരിച്ചിട്ടുള്ളത്. ഘട്ടംഘട്ടമായി മദ്യനിരോധനം കൊണ്ടുവരികയും അതിലുവേണ്ടി സംസ്ഥാനത്ത് വ്യാപകമായി പ്രചാരണം നടത്തുകയും ചെയ്യുമെന്ന് മദ്യനയത്തില്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ ആ നയം മാറ്റി വിവരം നിയമസഭയിലോ പൊതുവേദികളിലോ ചര്‍ച്ചാവിഷയമാക്കിയിട്ടുണ്ടോ. കേരളത്തില്‍ പുതിയതായി മദ്യനിര്‍മ്മാണശാലകള്‍ വേണ്ട എന്ന തീരുമാനം മാറ്റാന്‍ ഉണ്ടായ സാഹചര്യം എന്താണ്?
സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കേരളത്തില്‍ മദ്യപ്പുഴ ഒഴുക്കുമ്പോള്‍ നിയമസഭാ സമ്മേളനം തുടങ്ങിയ ദിവസം കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നിയമസഭയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് കൂടി കൂട്ടിവായിക്കണം. ഒരുകാലത്ത് ഭാരതത്തിനു മുഴുവന്‍ മാതൃകയായിരുന്ന കേരളത്തിന്റെ ലോകനിലവാരമുള്ള ആരോഗ്യപരിരക്ഷാ സംവിധാനം പൂര്‍ണമായും തകര്‍ന്നടിഞ്ഞു കഴിഞ്ഞുവെന്ന് സി.എ.ജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2016 മുതല്‍ 2022 വരെയുള്ള കാലഘട്ടത്തിലെ ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളുമാണ് സിഎജി പഠനവിഷയമാക്കിയത്. ആരോഗ്യ മേഖലയിലുള്ള ആളോഹരിച്ചെലവ്, ആത്മഹത്യാനിരക്ക്, റോഡപകടങ്ങള്‍ മൂലമുള്ള മരണം തുടങ്ങിയ സൂചകങ്ങളിലൂടെ കേരളം ഒന്നാം സ്ഥാനത്തുനിന്ന് പന്ത്രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നുവെന്ന് സി.എ.ജി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കേരളത്തിലെ ആത്മഹത്യാനിരക്കും റോഡപകടങ്ങളുടെ മരണവും ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. ഭാരതത്തിലെ പൊതുജനാരോഗ്യ മാനദണ്ഡം നിര്‍ദ്ദേശിക്കുന്ന ഏറ്റവും കുറഞ്ഞ അവശ്യസേവനങ്ങള്‍ പോലും കേരളത്തിലെ ആശുപത്രികളില്‍ ഇല്ല. ഡോക്ടര്‍മാര്‍, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവര്‍ ആവശ്യത്തിനില്ല. 13 ജില്ലകളില്‍ ആശാവര്‍ക്കര്‍മാരുടെ എണ്ണം ആവശ്യമുള്ളതിന്റെ മൂന്നിലൊന്ന് കുറവാണ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ എണ്ണവും കേരളത്തിലെ ജനസംഖ്യ അനുസരിച്ച് വേണ്ടതിനേക്കാള്‍ മൂന്നിലൊന്ന് കുറവാണ്. ആരോഗ്യമേഖലയില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ് തൃപ്തികരമല്ല. ജനനീ സുരക്ഷാ പദ്ധതിയില്‍ ഗര്‍ഭിണികള്‍ക്ക് യാത്രയ്ക്കായി നല്‍കേണ്ട 11.8 കോടി രൂപ വിതരണം ചെയ്തിട്ടില്ല. ദേശീയ വയോജന ആരോഗ്യ പരിചരണ പദ്ധതി, പുകയില നിയന്ത്രണ പരിപാടി, ദേശീയ അന്ധത നിവാരണ പരിപാടി, പ്രധാനമന്ത്രി ജന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് യോജന തുടങ്ങിയ എല്ലാ കേന്ദ്രപദ്ധതികളിലും സംസ്ഥാന സര്‍ക്കാര്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ല എന്ന് സി.എ.ജി കണ്ടെത്തി.
കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം ദേശീയ മാനദണ്ഡത്തെക്കാള്‍ ഉയര്‍ന്നതും അന്താരാഷ്ട്ര മാനദണ്ഡത്തോട് കിടപിടിക്കുന്നതുമായിരുന്നു. അതിനെ തകര്‍ത്തെറിഞ്ഞതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് പിണറായി സര്‍ക്കാരിന് മാറിനില്‍ക്കാന്‍ കഴിയുമോ? കോവിഡ് കാലത്ത് പി.പി.ഇ.കിറ്റ് വാങ്ങിയതിലെ വമ്പന്‍ കൊള്ളയുടെ വിശദാംശങ്ങളും പുറത്തുവന്നു കഴിഞ്ഞു. 550 രൂപയ്ക്ക് പി.പി.ഇ.കിറ്റ് ലഭ്യമായിരുന്നപ്പോള്‍ 1550 രൂപയ്ക്ക് അതായത് മൂന്നിരട്ടി വില കൊടുത്ത് അത് വാങ്ങിയതിന് കൈക്കൂലി അല്ലാതെ മറ്റെന്തെങ്കിലും കാരണമുണ്ടെന്ന് പറയാന്‍ ഇനിയും കഴിയുമോ. മാര്‍ച്ച് 28ന് 550 രൂപയ്ക്ക് വാങ്ങിയ അതേ സാധനം മാര്‍ച്ച് 30 ന് മറ്റൊരു കമ്പനിയില്‍നിന്ന് 1550 രൂപയ്ക്ക് വാങ്ങുമ്പോള്‍ ആദ്യ കമ്പനിയില്‍നിന്ന് വാങ്ങാന്‍ കരാര്‍ കൊടുത്ത മൊത്തം എണ്ണം പോലും വാങ്ങിയിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ അനുമോദിക്കപ്പെട്ട ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും പറഞ്ഞിട്ടാണ് ഈ ഇടപാട് വളരെ വ്യക്തമായിക്കഴിഞ്ഞു. അതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. കോവിഡ് കാലത്തെ പി.പി.ഇ.കിറ്റിനും മരുന്നു വാങ്ങുന്നതിനുള്ള കരാറുകളില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നുവെന്ന് സി.എ.ജി കൂടി കണ്ടെത്തിയ സാഹചര്യത്തില്‍ ഇതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകുമോ? നേരത്തെ സി.എ.ജി റിപ്പോര്‍ട്ടിന്റെ പേരിലാണ് പാമോയില്‍ വിവാദം നിയമസഭയിലും പുറത്തും ഉന്നയിക്കുകയും ഇടതുമുന്നണി വ്യാപകമായി പ്രക്ഷോഭം നടത്തുകയും കെ.കരുണാകരനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത്. അതുകൊണ്ടുതന്നെ സി.എ.ജി റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതമാണെന്നോ കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പി ആയതുകൊണ്ട് സി.എ.ജി.ബി.ജെ.പിക്കാരന്‍ ആണെന്നോ പറഞ്ഞ് രക്ഷപ്പെടാന്‍ കഴിയില്ല. സി.എ.ജി.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികളുടെ യോ സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയുടെയോ നേതൃത്വത്തിലുള്ള അന്വേഷണം അനിവാര്യമാണ്. കേരളം മഹാമാരിയിലൂടെ കടന്നുപോകുമ്പോള്‍, ജനജീവിതം പൂര്‍ണമായും സ്തംഭിച്ച് നിസ്സഹായരായിരിക്കുമ്പോള്‍ സര്‍ക്കാര്‍ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരി പണമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് പുറത്തുവരേണ്ടതല്ലേ?
ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുന്ന ഓരോ നടപടികളും, എടുക്കുന്ന ഓരോ തീരുമാനങ്ങളും കേരളത്തിലെ ജനങ്ങളെ നന്നാക്കാനോ അവരുടെ ക്ഷേമം ഉറപ്പുവരുത്താനോ പട്ടിണി മാറ്റാനോ ക്ഷേമരാഷ്ട്രം സൃഷ്ടിക്കാനോ ഒന്നുമല്ല. പാര്‍ട്ടി ഫണ്ടിനും ഭരണനേതൃത്വത്തിന്റെ ആമാശയപൂരണത്തിനും മാത്രമുള്ള തീരുമാനങ്ങളും നടപടികളുമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. എലപ്പുള്ളിയിലെ ഗുരുതരമായ കുടിവെള്ളക്ഷാമം കാരണമാണ് കോളാ ഫാക്ടറികള്‍ പൂട്ടിയത്. ഏതാണ്ട് അത്രതന്നെ വെള്ളം ആവശ്യമുള്ള മദ്യനിര്‍മ്മാണശാല ഉണ്ടാകുമ്പോള്‍ അവിടുത്തെ കുടിവെള്ളക്ഷാമം പരിഹരിച്ചിട്ടാണോ അതിന് അനുമതി നല്‍കുന്നത് എന്ന് വ്യക്തമാക്കാനുള്ള ധാര്‍മികബാധ്യത പിണറായി വിജയനും കോളസമരം നയിച്ചവരില്‍ ഒരാളായ മന്ത്രി എം ബി.രാജേഷിനും ഉണ്ട്. പഴയ ആദര്‍ശരാഷ്ട്രീയത്തിന്റെ കാലം പോയി ആമാശയ രാഷ്ട്രീയമാണ് നടക്കുന്നതെന്ന് അറിയാം. അതിന്റെ തിരിച്ചടി ഇടതുമുന്നണിക്ക് ജനങ്ങളുടെ കോടതി വരുന്ന തിരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും നല്‍കും.