ആദിശങ്കരന്‍ എട്ടാം നൂറ്റാണ്ടില്‍ സമാരംഭിച്ചതാണ് ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന പ്രയാഗിലെ കുംഭമേളയെന്നതാണ് പരമ്പരാഗതമായ വിശ്വാസം. പന്ത്രണ്ട് വര്‍ഷങ്ങളിലൊരിക്കല്‍ കുംഭമേള; പന്ത്രണ്ട് കുംഭമേളകള്‍ (144 വര്‍ഷങ്ങള്‍) പൂര്‍ണ്ണമാകുമ്പോള്‍ മഹാകുംഭമേളയും. അത്തരത്തിലുള്ള ഒരു മഹാകുംഭമേള 2025 ജനുവരി 13ന് തുടങ്ങി ഫെബ്രുവരി 25 വരെ പ്രയാഗ് രാജില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ധാര്‍മ്മികതയുടെയും ശ്രേഷ്ഠ സാംസ്‌കാരികതയുടെയും സ്വത്വത്തില്‍ അഭിമാനം പൂണ്ട് തല ഉയര്‍ത്തി നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നാല്‍പ്പത്തിയഞ്ച് കോടിയോളം തീര്‍ത്ഥാടകരെ പ്രതീക്ഷിക്കുന്ന മേളയുടെ സുഗമവും ഭവ്യവുമായ നടത്തിപ്പിന് വേണ്ടതെല്ലാം ചെയ്യുന്നു. ഹൈന്ദവദേശീയതയുടെ രാഷ്ട്രീയ ശക്തികളുടെ നേതൃത്വത്തില്‍ വികസിത ഭാരതത്തിലേക്കുള്ള ചിട്ടയായ മുന്നേറ്റത്തിന് മേല്‍ സകാരാത്മകമായ സ്വാധീനത്തിനുള്ള സാദ്ധ്യതകളും കൂടിയാണ് ആധുനിക കാലം അവിടെ കാണുന്നത്. അതേ സന്ദര്‍ഭത്തില്‍ തന്നെയാണ് ഹിന്ദുവിരുദ്ധ വര്‍ഗീയതയും ദേശവിരുദ്ധ രാഷ്ട്രീയവും മുഖ്യ അജണ്ടകളായി ഏറ്റെടുത്തിട്ടുള്ള നകാരാത്മക കൂട്ടായ്മയുടെ നെടുനായകനായ രാഹുല്‍ഗാന്ധി ഭാരതം എന്ന രാഷ്ട്രത്തിനെതിരെയാണ് എന്റെ പോരാട്ടം എന്ന അപകടകരമായ പ്രസ്താവന നടത്തിയിരിക്കുന്നതും. പ്രയാഗ്‌രാജില്‍ (അധിനിവേശ ശക്തികളുടെ കാലത്തെ ‘അലഹബാദ്’) വേരുകളുണ്ടെങ്കിലും അഫ്ഗാനിസ്ഥാനത്തിലെ ബാബറിന്റെ ഖബറിടത്തിലേക്ക് വീഴ്ച വരുത്താതെ തീര്‍ത്ഥാടനങ്ങള്‍ നടത്തുന്ന നെഹ്രു കുടുംബപാരമ്പര്യം പിന്തുടരുന്ന രാഹുല്‍, കുംഭമേളയുടെ സന്ദര്‍ഭത്തില്‍ നടത്തിയ ആ പ്രസ്താവന ചരിത്രത്തിലേക്കൊരു തിരിഞ്ഞു നോട്ടം അനിവാര്യമാക്കി മാറ്റുന്നു.

തീര്‍ത്ഥസ്‌നാനം നടത്തുന്നു
രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സ്വതന്ത്രമാകുവാനുള്ള നിര്‍ണ്ണായക പോരാട്ടങ്ങളിലേക്ക് കുതിച്ചുയരുകയായിരുന്ന ഭാരതത്തില്‍ 1942ലെ കുംഭമേളയില്‍ ജനങ്ങളൊന്നിച്ച് എത്തിച്ചേരുന്നതിനെ ഭയപ്പെട്ട്, തടസ്സങ്ങളുയര്‍ത്തുവാന്‍ കുതന്ത്രങ്ങളിറക്കിയ ഇംഗ്ലീഷുകാരോടൊപ്പമായിരുന്നു രാഹുലിന്റെ മുതുമുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്രു എന്നതാണ് സത്യസന്ധമായ ചരിത്രം. മൗലാനാ അബ്ദുള്‍ കലാം ആസാദിന്റെ ആത്മകഥയായ ഇന്ത്യാ വിന്‍സ് ഫ്രീഡം(India Wins Freedom), , 1942ല്‍ മഹാത്മജി ക്വിറ്റിന്ത്യാ പ്രസ്ഥാനത്തിന്റെ ആശയം മുന്നോട്ടുവെച്ചപ്പോള്‍ ജവഹര്‍ലാല്‍ നെഹ്രു അതിനെതിരായിരുന്നുവെന്ന് വെളിപ്പെടുത്തുമ്പോള്‍ മറ്റെന്താണ് മനസ്സിലാക്കേണ്ടത്? നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മി ബ്രിട്ടീഷ് ഇന്ത്യയിലേക്ക് കടന്നുകയറുന്നതില്‍ വിജയിച്ചാല്‍ അവര്‍ക്കെതിരെ തോക്കെടുത്തു പോരാടുന്നതിന് താന്‍ മുന്നണിയിലുണ്ടാകുമെന്ന് നെഹ്രു ബ്രിട്ടീഷുകാര്‍ക്ക് നല്‍കിയിരുന്ന വാഗ്ദാനവും ഇതോടൊപ്പം കൂട്ടിവായിക്കേണ്ട വസ്തുതയാണ്.
ക്വിറ്റിന്ത്യാ പ്രക്ഷോഭത്തിന്റെ കാര്യത്തിലും നേതാജിക്കെതിരെ പടപൊരുതുന്ന കാര്യത്തിലും പാശ്ചാത്യശക്തികള്‍ക്കൊപ്പമായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ നിലപാടുകള്‍ തന്നെയാണ് കമ്യൂണിസ്റ്റുകളും സ്വീകരിച്ചിരുന്നത്. അതേ കമ്യൂണിസ്റ്റുകള്‍ ഭാരതത്തെ വിഭജിക്കുകയെന്ന ലക്ഷ്യത്തിന് മുഹമ്മദാലി ജിന്നയ്ക്കും മുസ്ലീംലീഗിനും ഒപ്പമായിരുന്നുവെന്നും ഓര്‍ക്കുക. ആ കൂട്ടായ്മയിലെ ഘടകങ്ങളുടെ വൈദേശിക യജമാനന്മാര്‍ തമ്മില്‍ തമ്മില്‍ ഉയര്‍ന്ന താത്പര്യവൈരുദ്ധ്യങ്ങള്‍ സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ അമ്പതു വര്‍ഷങ്ങളില്‍ (1947-1996) അവരുടെ ‘ഐക്യമുന്നണിയ്ക്ക്’ തടസ്സമായിയെന്നതും വസ്തുതയാണ്. പക്ഷേ 1996ല്‍ അടല്‍ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ഭാരതീയ ദേശീയ ശക്തികള്‍ അധികാരത്തിലെത്തിയതോടെ, ആംഗ്ലോ ക്രിസ്ത്യന്‍ അധിനിവേശ ശക്തികളും നെഹ്രുപക്ഷവും കമ്യൂണിസ്റ്റുകളും മുസ്ലീം വര്‍ഗീയവാദികളും 1940കളില്‍ ജന്മംനല്‍കിയ രാഷ്ട്രീയ കൂട്ടായ്മ വീണ്ടും പുനര്‍ജനിക്കുകയായിരുന്നു. വാജ്‌പേയിയില്‍ നിന്ന് ഭാരതത്തെ തിരിച്ചു പിടിച്ച് ചൈനയ്ക്കും പാകിസ്ഥാനും പാശ്ചാത്യശക്തികള്‍ക്കും അടിയറവെക്കുവാനുള്ള വേല ചെയ്ത് കൂലി വാങ്ങുന്നതില്‍ തത്കാലം വിജയിച്ച സോണിയയുടെ നേതൃത്വത്തിലുള്ള ആ കൂട്ടായ്മ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതീയ ദേശീയശക്തികളുയര്‍ത്തിയ പ്രതിരോധത്തിന്റെ മുമ്പില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് 2014ല്‍ പ്രകടമായത്. 2014 മുതല്‍ 2024 വരെ അവരുടെ കുതന്ത്രങ്ങളെ അതിജീവിച്ച ഭാരതജനത മഹാകുംഭമേളയ്ക്ക് പ്രയാഗ് രാജില്‍ ഒത്തുചേരുമ്പോള്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ മാഘമേളകളും കുംഭമേളകളും നല്‍കിയ സംഭാവനകളിലേക്കും പഠനാന്വേഷണങ്ങള്‍ നടത്തുന്നത് ഭാവിഭാരതത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് തീര്‍ച്ചയായും ഉപയോഗപ്രദമാകും.
വീരവിനായക ദാമോദര്‍ സാവര്‍ക്കര്‍ ചരിത്രരചനയിലൂടെ വിപ്ലവത്തിന് അഗ്‌നിപകരുവാന്‍ ഭാരതത്തിലെ യുവവിപ്ലകാരികള്‍ക്ക് സംഭാവന ചെയ്ത ‘ദി വാര്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് 1857 (The Indian War of Independence of 1857)’- ആണ് റാണി ലക്ഷ്മി ഭായ് ഉള്‍പ്പടെ നടത്തിയ 1857ലെ ധീര പോരാട്ടത്തിനെ സ്വാതന്ത്ര്യ സമരമായിത്തന്നെ വിലയിരുത്തിയത്. അന്ന് പോര്‍ക്കളത്തിലേക്ക് ഓടിയടുക്കുന്നതിനുള്ള രണതന്ത്രമൊരുക്കുന്നതിന് കുംഭമേളയിലെ ഒത്തുചേരലാണ് വേദിയൊരുക്കിയതെന്നാണ് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നത്. കുംഭമേളകളിയില്‍ ഇന്നും പങ്കെടുക്കാറുള്ള നാഗസന്യാസിമാര്‍ റാണിക്ക് പിന്തുണനല്‍കുകയും ഇംഗ്ലീഷുകാരോട് പ്രത്യാക്രമണം നടത്തിയതുമൊക്കെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ നാടന്‍പാട്ടുകളിലൂടെ ഇന്നും പാടിക്കേള്‍ക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തി ഭാരത സ്വാതന്ത്ര്യ സമരഭൂവിലേക്ക് ഇറങ്ങും മുമ്പ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി 1915ല്‍ ഹരിദ്വാറിലും 1918ല്‍ പ്രയാഗിലും എത്തി കുംഭമേളകളില്‍ പങ്കെടുത്തതും ചരിത്രമാണ്. കുംഭമേളയുടെ പേരില്‍ ഒന്നിച്ചു കൂടുന്ന ജനകോടികള്‍ തങ്ങള്‍ക്കെതിരെ തിരിയാനുള്ള സാദ്ധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ ക്വിറ്റിന്ത്യാ സമരത്തിന്റെ പശാചാത്തലത്തില്‍ 1942 ലെ കുംഭമേള തടയാന്‍ ശ്രമിച്ചതെന്നും ചരിത്രത്തില്‍ നിന്നും വായിച്ചെടുക്കാവുന്നതാണ്. അത്തരം വസ്തുതകളുടെ പശ്ചാത്തലത്തില്‍ വേണം ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ കടന്നുവരവു മുതല്‍ ഇംഗ്ലീഷൂകാരുടെ കഴുകന്‍ കണ്ണുകള്‍ കുംഭമേളകളുടെ മേല്‍ പതിഞ്ഞതിന്റെ ചരിത്രം പഠിക്കേണ്ടത്.
ട്രീറ്റി ഓഫ് അലഹാബാദ്
1765 ല്‍ മുഗള്‍ ചക്രവര്‍ത്തി ഷാ അലാം രണ്ടാമനും റോബര്‍ട്ട് ക്ലൈവും തമ്മില്‍ ഉണ്ടായ അലഹബാദ് ഉടമ്പടിയനുസരിച്ചാണ് (Treaty of Alla habad) പ്രയാഗ് രാജ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൈകളിലെത്തുന്നത്. അതോടെയാണ്, ആംഗ്ലോ ക്രിസ്ത്യന്‍ അധിനിവേശശക്തികളെ പ്രതിനിധാനം ചെയ്ത് ഭാരതത്തിലെത്തിയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അക്കാലത്ത് പ്രയാഗ് രാജില്‍ പതിവായിരുന്ന മാഘമേളകള്‍ ഭാരതീയരെ കൊള്ളയടിക്കാനും മതപരിവര്‍ത്തനത്തിനുമുള്ള ഉപാധിയായി മാറ്റിയെടുക്കുന്നതിനുമായി ആദ്യം നോട്ടം ഇട്ടത്. അതിനൊക്കെ തെളിവുകള്‍ അക്കാലത്തെ ബ്രിട്ടീഷ് രേഖകളില്‍ നിന്നു തന്നെ ലഭ്യമാണ്. അന്ന് ഹരിദ്വാര്‍ കുംഭമേളയെ കുറിച്ച് പരാമര്‍ശങ്ങളുണ്ടെങ്കിലും പ്രയാഗ്‌രാജിലെ വര്‍ഷംതോറും നടക്കാറുള്ള മാഘമേളകളെ കുറിച്ചാണ് കൂടുതലായി പരാമര്‍ശിച്ചിട്ടുള്ളതെന്നുമാത്രം.
ഹൈന്ദവമേളകള്‍ സാമ്പത്തിക കൊള്ളയടിക്കും മതപരിവര്‍ത്തനത്തിനും വേദിയായപ്പോള്‍
1801ല്‍ ക്രിസ്ത്യാനികളുടേതല്ലാത്ത മതാചാരം എന്ന ശ്രേണിയില്‍ പെടുത്തി ഹൈന്ദവ മേളകളില്‍ നിന്ന് ഈസ്റ്റിന്ത്യാ കമ്പനി നികുതി പിരിച്ചിട്ടുള്ളതായി കാണാം. നികുതി പിരിവ് അതിനായി നിയോഗിക്കപ്പെട്ട ഏജന്റുമാരിലൂടെ നടത്തി തങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം കൗശലപൂര്‍വ്വം മറച്ചുവെച്ചുവെന്നുമാത്രം. 1806ല്‍ ഒരു രൂപയാണ് പ്രയാഗില്‍ പുണ്യസ്‌നാനം ചെയ്ത്, മുങ്ങി ഉയരുന്ന ഓരോ തീര്‍ത്ഥാടകനോടും ബ്രിട്ടീഷ് കമ്പനി പിരിച്ചെടുത്തത്. വെല്‍ഷ് സഞ്ചാര സാഹിത്യകാരന്‍ ഫാന്നി പാര്‍ക്കസ്സ് (Fanny Parkes) രേഖപ്പെടുത്തിയിട്ടുള്ളത് അതൊരു വലിയ തുകയായിരുന്നെന്നും അക്കാലത്ത് ഒരു വ്യക്തിക്ക് ഒരു മാസം തൃപ്തനായി കഴിഞ്ഞുകൂടുവാന്‍ ഒരു രൂപ മതിയായിരുന്നെന്നുമാണ്. 1808ല്‍ പട്ടാളക്കാരെ ആ നികുതിയില്‍ നിന്നൊഴിവാക്കി അവരെ കൂടെനിര്‍ത്താന്‍ ശ്രമിച്ചതായി കാണാം. 1812ലാണെങ്കില്‍ അതിന് മുമ്പുള്ള ഇരുപത്തിയെട്ട് വര്‍ഷങ്ങളില്‍ നടന്നതിലും കൂടുതല്‍ ആളുകളെ ആകര്‍ഷിച്ച് തങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ശ്രമിച്ചിരിക്കുന്നു. 1833ല്‍ റേവയിലെ രാജാവ് താന്‍ തീര്‍ത്ഥ സ്‌നാനം ചെയ്തില്ലെന്നു പറഞ്ഞ് നികുതി കൊടുക്കാന്‍ വിസ്സമ്മതിച്ചു. എന്നാല്‍ അദ്ദേഹം പ്രയാഗ്‌വെല്‍ ബ്രാഹ്മണരുടെ സേവനം സ്വീകരിച്ചെന്നും അദ്ദേഹത്തിന്റെ കൂടെവന്നവര്‍ അവരുടെ തലമുണ്ഡനം ചെയ്യിച്ചുവെന്നും പറഞ്ഞ് 5490 രൂപ പിടിച്ചെടുക്കാനുള്ള നടപടിയാണ് സ്വീകരിച്ചത്. അത്തരത്തില്‍ വളരെ വലിയ തോതില്‍ നികുതി ചുമത്തിയത് പ്രയാഗ്‌വെല്‍ ജനസമൂഹത്തെ ബ്രിട്ടീഷുകാരുമായി സംഘര്‍ഷത്തിലാക്കി. 1840ല്‍ ബ്രിട്ടീഷുകാര്‍ പുതിയ തന്ത്രം ഇറക്കി. തീര്‍ത്ഥാടകരുടെ മേലുള്ള നികുതി ഒഴിവാക്കി കൊണ്ട് പൊതുസമ്മതി വര്‍ദ്ധിപ്പിക്കുന്നതിനുള്ള തന്ത്രമാണവര്‍ അന്നിറക്കിയത്. പക്ഷേ അതിനുശേഷവും തലമുണ്ഡനം ചെയ്യുന്നവരുടെയും മറ്റ് സേവനദാതാക്കളുടെയും വ്യാപാരികളുടെയും പക്കല്‍ നിന്നും അന്യായവും അമിതവുമായ നികുതി പിരിവ് തുടര്‍ന്നു. പ്രയാഗ്‌വെല്‍ സമൂഹത്തിന് മാഘമേളകള്‍ ഒരു പ്രധാന വരുമാനസ്രോതസ്സായിരുന്നു. അതിന്മേല്‍ നികുതി ചുമത്തിയും മറ്റും കയ്യിട്ടുവാരാന്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി കാണിച്ച ആര്‍ത്തി, തദ്ദേശീയരായ ആ ഹൈന്ദവ ജനസമൂഹത്തില്‍ അസ്വസ്ഥതയും എതിര്‍പ്പും വളരുന്നതിന് കാരണമായി.
ക്രിസ്ത്യന്‍ മതപരിവര്‍ത്തന കടന്നാക്രമങ്ങള്‍
ഹൈന്ദവമേളകളുടെ മേല്‍ അന്യായവും അമിതവുമായ നികുതി ചുമത്തുവാന്‍ ബ്രിട്ടീഷ് അധിനിവേശശക്തികളിലെ ഭരണപക്ഷം ശ്രമിച്ചപ്പോള്‍ അവര്‍ വെട്ടിപ്പിടിക്കുന്നിടത്തൊക്കെ ക്രിസ്ത്യന്‍ മതപരിവര്‍ത്തനത്തിന് അവസരം തേടി കളത്തിലിറങ്ങിയവരും മേളകളില്‍ അധാര്‍മ്മികവും അസ്വീകാര്യവുമായ ഇടപെടലുകള്‍ക്ക് പഴുതുകള്‍ തേടി. ഈസ്റ്റിന്ത്യാ കമ്പനിയുടെ രക്ഷാകര്‍തൃത്വത്തില്‍ മേളകളില്‍ കടന്നുകയറിയ ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം പോലും ദേശീയ ജനതയ്ക്ക് സ്വാഭാവികമായും അരോചകമായി മാറി. മേളകളിലെത്തുന്ന ഹൈന്ദവ തീര്‍ത്ഥാടകരെ നിരക്ഷരരായി(ignorant co-religionists) കുറ്റപ്പെടുത്തിക്കൊണ്ട് വ്യാപകമായ മതപരിവര്‍ത്തന വേട്ടയ്ക്കാണ് ശ്രമിച്ചു നോക്കിയത്. അവര്‍ പ്രയാഗില്‍ ഒത്തു ചേര്‍ന്ന തീര്‍ത്ഥാടകരുടെയിടയില്‍ വിവിധ ഭാരതീയ ഭാഷകളില്‍ അടിച്ചിറക്കിയ ലഘുലേഖകള്‍ വിതരണം ചെയ്തു. അത്തരം ലഘുലേഖകള്‍ ഹിന്ദുവിന്റെ വിശ്വാസങ്ങളെയും ആരാധനാ രീതികളെയും രാമനും ലക്ഷ്മണനും കൃഷ്ണനുമൊക്കെ ഉള്‍പ്പെടുന്ന അവതാരപുരുഷന്മാരെ ഒക്കെയും നിന്ദ്യമായ ശൈലിയില്‍ അവഹേളിക്കുന്നവയായിരുന്നു. ചില ലഘുലേഖകള്‍ പ്രയാഗ് തീര്‍ത്ഥാടനത്തെ തന്നെ വെറും അന്ധ വിശ്വാസമായി അപഹസിക്കുന്നതായിരുന്നു. ഇതൊക്കെ അക്കാലത്ത് സംഭവിച്ചതാണോ അതോ ശബരിമലയിലേക്ക് ദര്‍ശനത്തിന് പോകുന്നവരുടെയിടയില്‍ ‘സുവിശേഷം’ പ്രചരിപ്പിക്കുന്നതും കണ്ടിട്ട് പത്തൊമ്പതാം നൂറ്റാണ്ടിലും അങ്ങനെ സംഭവിച്ചിട്ടുണ്ടാകാമെന്ന് ഊഹിച്ചിട്ടാണോ ഇങ്ങനെയൊക്കെ എഴുതുന്നത് എന്ന് ആരെങ്കിലും കുറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ അവര്‍ക്കുള്ള മറുപടി, കാമാ മാക്ലീന്‍ (Kama Maclean)എന്ന ചരിത്രകാരിയുടെ പില്‍ഗ്രിമേജ് ആന്‍ഡ് പവര്‍ (Pilgrimage and Power) എന്ന ഗ്രന്ഥമാണ്.
പ്രയാഗ് രാജിലെ ഹൈന്ദവ സമൂഹത്തില്‍ നിന്ന് പ്രതിഷേധം ഉയരുന്നു
പ്രയാഗ് രാജിലെ ഹൈന്ദവ സമൂഹം തങ്ങളുടെ പ്രതിഷേധം ശക്തമായി തന്നെ ഉയര്‍ത്തി. തങ്ങളുടെ ഇടങ്ങളില്‍കയറി തങ്ങളെ അധിക്ഷേപിക്കുന്ന ക്രിസ്ത്യന്‍ മതപരിവര്‍ത്തകരുടെയോ പരിവര്‍ത്തനം ചെയ്യപ്പെട്ടവരുടെ ആരാധനയിടങ്ങളിലോ കൂട്ടായ്മകളിലോ ഹിന്ദുക്കള്‍ക്ക് അനുവാദം നല്‍കാത്തതുപോലെ ഹൈന്ദവരുടെ പവിത്രമായ ഇടങ്ങളില്‍ കൃസ്ത്യന്‍ പക്ഷത്തെയും അനുവദിക്കരുതെന്ന് അവര്‍ ശക്തമായി വാദിച്ചു. അത്തരത്തില്‍ മാഘമേളകളിലും കുംഭമേളകളിലുമൊക്കെ ബ്രിട്ടീഷ് അധിനിവേശ ശക്തികളുടെ സംരക്ഷണത്തോടെ ഇടിച്ചു കയറി, ഹിന്ദു ജനതയെ ഒന്നാകെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തം ചെയ്യാന്‍ നടത്തിയ പരിശ്രമങ്ങളുടെ വിജയം വളരെ പരിമിതമായിരുന്നുവെന്നാണ് കാമാ മാക്ലീന്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കാരണം, പ്രാഗ്വലിലെ ഹൈന്ദവ സമൂഹം ഉയര്‍ത്തിയ പ്രതിരോധം ശക്തമായിരുന്നുവെന്നതാണ്. അവിടെ ഹിന്ദുക്കള്‍ അച്ചടിശാലകള്‍ സ്ഥാപിച്ച് ആംഗ്ലോ-ക്രിസ്ത്യന്‍ കുതന്ത്രങ്ങള്‍ക്ക് മറുപടികൊടുക്കുവാന്‍ കുംഭമേളയെയും ഹിന്ദുമതത്തെയും വിശദീകരിച്ച് വ്യക്തമാക്കുന്ന ലഘുലേഖകളും മറ്റും വ്യാപകമായി വിതരണം ചെയ്യുന്ന ആവേശകരമായ നടപടികള്‍ക്കു വരെ ചരിത്രം സാക്ഷിയായി. അതൊക്കെയാണെങ്കിലും ഹൈന്ദവ സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങളെപോലും ഈസ്റ്റിന്ത്യാ കമ്പനി അധികൃതര്‍ അംഗീകരിക്കാതിരുന്നതിനു കാരണം മാക്ലീന്‍ ഇങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്: “The Government ignored these petitions perhaps recognising that once missionaries had been excised from the (kumbh) mela government would be the next.’ അതെ, ആദ്യം മതപരിവര്‍ത്തനത്തിനു നടക്കുന്ന സുവിശേഷ വേലക്കാരെ ഒഴിച്ചുകൊടുത്താല്‍ അടുത്തതായി ബ്രിട്ടീഷ് സര്‍ക്കാര്‍ തന്നെ അവര്‍ ആവശ്യപ്പെട്ടേക്കാമെന്നായിരുന്നു ഇംഗ്ലീഷുകാരുടെ ഭയം എന്ന്.
കുംഭമേള 1857വിപ്ലവത്തിന് കളമൊരുക്കുന്നു
ബ്രിട്ടീഷ് ആര്‍ക്കൈവ്‌സില്‍ ലഭ്യമായ ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നത് കുംഭമേളയുമായി ബന്ധപ്പെട്ട പ്രയാഗിലെ സമൂഹമാണ് 1857ലെ കൊളോണിയല്‍ ഭരണത്തിനെതിരെയുള്ള യുദ്ധത്തിന്റെ വിത്തുപാകുകയും വീര്യം നിലനിര്‍ത്തുകയും ചെയ്ത സമൂഹങ്ങളിലൊന്നെന്നാണ്. പ്രയാഗിലെ ജനങ്ങള്‍, അവരെയും തീര്‍ത്ഥാടകരെയും ‘വിവരമില്ലാത്ത മതക്കൂട്ടായ്മയെന്ന്’ കണക്കാക്കി ചവിട്ടിത്താഴ്ത്തുവാനും തീര്‍ത്ഥാടകരെ ഒരു ക്രിസ്ത്യന്‍ അവാന്തരവിഭാഗമായി മതപരിവര്‍ത്തനം ചെയ്യുവാനും, ബ്രിട്ടീഷ് കൊളോണിയല്‍ സര്‍ക്കാരിന്റെ ഒത്താശയോടെ, ഇറങ്ങിത്തിരിച്ച ഉദ്യോഗസ്ഥന്മാരെയും മിഷനറിമാരെയും എതിര്‍ക്കുകയും അവര്‍ക്കെതിരെ വ്യാപകമായ പ്രചരണം അഴിച്ചുവിടുകയും ചെയ്തു. ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കും കൊളോണിയല്‍ ഭരണാധികാരികള്‍ക്കും എതിരെയുള്ള പോരാട്ടങ്ങള്‍ക്ക് പ്രാഗ്വല്‍ സമൂഹം നല്‍കിയ സംഭാവനകള്‍ നിര്‍ണ്ണായകമായിരുന്നു. അതിനോടുള്ള പ്രതികാരമായി 1857ലെ യുദ്ധത്തിനിടയില്‍ കേണല്‍ നീല്‍, പ്രയാഗ് സമൂഹം ജീവിച്ചിരുന്ന കുംഭമേളസ്ഥാനത്തെ ലക്ഷ്യം വെക്കുകയും അവിടേക്ക് ഷെല്ലുകള്‍ പായിച്ച് അവിടം തകര്‍ക്കുകയും ചെയ്തു. ‘അപകീര്‍ത്തികരമായതരത്തില്‍ ക്രൂരമായി അലഹബാദിനെ നിശ്ശബ്ദമാക്കിയതായിട്ടാണ്'(“notoriously brutal pacification of Allahabad”) കാമാ മാക്ലീന്‍ അവിടെ നടന്ന ഇംഗ്ലീഷ് ക്രൂരതയെ വിശദീകരിച്ചിട്ടുള്ളത്.
ബ്രിട്ടീഷ് പക്ഷം നിയന്ത്രണം തിരിച്ചുപിടിച്ചശേഷം പ്രയാഗ്‌വെല്‍ ഹൈന്ദവസമൂഹത്തിനുമേല്‍ നരനായാട്ടാണ് നടത്തിയത്. അവസാനം കൊളോണിയല്‍ ശക്തികളുടെ കോടതികള്‍ വ്യാപകമായ തൂക്കിക്കൊലകള്‍ വരെ നടപ്പിലാക്കി. മേളകളുടെ പവിത്ര സ്ഥാനങ്ങളായ ഗംഗാ-യമുനാ സംഗമസ്ഥാനങ്ങള്‍ നെടുനീളം കൊളോണിയല്‍ ശക്തികള്‍ ബലമായി കണ്ടുകെട്ടി ബ്രിട്ടീഷ് പട്ടാളക്യാമ്പുകളാക്കി മാറ്റി. 1857ലെ ബ്രിട്ടീഷ് കൊളോണിയല്‍ ക്രൂരതകള്‍ക്കു ശേഷം നടന്ന കുംഭമേളകളില്‍ തീര്‍ത്ഥാടകര്‍ 1857ലെ വിപ്ലവത്തെയും അതിനു ബദലായി ആംഗ്ലോ ക്രിസ്ത്യന്‍ അധിനിവേശശക്തികള്‍ പ്രകടമാക്കിയ വര്‍ണ്ണവെറിയെയും നടത്തിയ ഹിന്ദുവേട്ടയെയും സൂചിപ്പിക്കുന്ന കൊടികളും ബാനറുകളും പ്രദര്‍ശിപ്പിക്കുന്നതു പതിവായിരുന്നെന്ന് അക്കാലത്തെ ബ്രിട്ടീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നതായി കാമാ മാക്ലീന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വര്‍ത്തമാനകാല ഭാരതത്തിലെ പ്രസിദ്ധ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ ജെ. നന്ദകുമാര്‍ എഴുതിയ സ്ട്രഗിള്‍ ഫോര്‍ നാഷണല്‍ സെല്‍ഫ്ഹുഡ്: പാസ്റ്റ്, പ്രസന്റ് ആന്‍ഡ് ഫ്യൂച്ചര്‍ (Struggle for National Selfhood: Past, Present and Future) എന്ന ശ്രദ്ധേയമായ പുസ്തകം മുകളില്‍ വിവരിച്ച കാര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചശേഷം കുംഭമേളയുടെ വേദിയില്‍ നിന്ന് എങ്ങനെയാണ് 1857ലെ വിപ്ലവത്തിന്റെ ആശയവും രണതന്ത്രവും രൂപപ്പെട്ടത് എന്നതിന്റെ സൂചനകള്‍ നല്‍കുന്നു. ‘1855-ല്‍ ഹരിദ്വാറില്‍ നടന്ന കുംഭമേളയില്‍ ഓമാനന്ദജിയും (ആര്യസമാജ സ്ഥാപകനായ സ്വാമി ദയാനന്ദ സരസ്വതിയുടെ ഗുരു) അദ്ദേഹത്തിന്റെ ഗുരു പൂര്‍ണാനന്ദജിയും ചേര്‍ന്ന് ബ്രിട്ടീഷ് ഭരണാധികാരികളില്‍ നിന്ന് ഭാരത സ്വാതന്ത്ര്യം നേടിയെടുക്കാന്‍ പദ്ധതിയിട്ട ്1857ലെ യുദ്ധത്തിന് വേണ്ടിയുള്ള ഒരു രൂപരേഖ തയ്യാറാക്കി. അവര്‍, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും കുംഭമേളയില്‍ ഒത്തുകൂടിയ സന്യാസിമാര്‍ മുഖേന ആ രൂപരേഖ ഭാരതമാകെ എത്തിച്ചു”. 1857ലെ പോരാട്ടങ്ങള്‍ ബ്രിട്ടീഷുകാരാല്‍ അടിച്ചമര്‍ത്തപ്പെട്ട പശ്ചാത്തലത്തില്‍ 1858ല്‍ പ്രയാഗ് കൂംഭമേളയില്‍ നടത്തിയ ഒരു സത്യപ്രതിജ്ഞയെ കുറിച്ച് ജെ.നന്ദകുമാര്‍ജി തന്റെ രചനയില്‍ സൂചിപ്പിട്ടുള്ളതും ആവേശം ഉണര്‍ത്തുന്ന സ്മരണകളിലേക്ക് വിരല്‍ ചൂണ്ടുന്നു. ‘1858ല്‍ പ്രയാഗില്‍ കുംഭമേള നടന്നപ്പോള്‍ നാനാസാഹേബ് ദുന്ധു-പന്ത്, ബാലാസാഹേബ് പേഷ്വ, താത്യാ തോപ്പെ, അജ്മുല്ലാ ഖാന്‍, ജഗദീഷ്പൂര്‍ രാജാവ് കുന്‍വര്‍ സിങ് എന്നിവര്‍, ദശനാമി സന്യാസിമാരുടെ താത്കാലിക വാസ സ്ഥലത്ത് ‘ദസ്ത്’ ബാബയുടെ സാന്നിദ്ധ്യത്തില്‍ ബ്രിട്ടീഷുകാരെ ഭാരതത്തില്‍ നിന്ന് പുറത്താക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തു. നൂറുകണക്കിന് ബ്രഹ്മചാരിമാരും സന്യാസിമാരും സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷികളായി” എന്നാണദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്. അജ്മുല്ലാ ഖാനെ പോലുള്ള ഒരു ഭരണാധികാരിയും അതില്‍ പങ്കെടുത്തുവെന്ന് കാണുമ്പോള്‍ കുംഭമേളയുടെ അന്തരീക്ഷം മതപരിമിതികളെയും മറികടന്ന് ഭാരതീയ ദേശീയതയുടെ ഏകശബ്ദമുയരുന്നതിന് അവസരമൊരുക്കിയെന്നതും വ്യക്തമാകുന്നു.
നേരിട്ട് ഭരണം ഏറ്റെടുത്ത ബ്രിട്ടീഷ് സര്‍ക്കാര്‍ ഹിന്ദുമേളകളിലെ കടന്നാക്രമങ്ങള്‍ തുടര്‍ന്നു
1857 ലെ ഐതിഹാസികമായ പോരാട്ടത്തെ അടിച്ചമര്‍ത്തിയശേഷം ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഭാരതത്തിന്റെ ഭരണം നേരിട്ടേറ്റെടുത്തു. ആ സന്ദര്‍ഭത്തില്‍ ഭാരതീയരുടെ മതപരമായ വിശ്വാസ വിഷയങ്ങളില്‍ കൈകടത്തില്ലെന്നൊക്കെ പരസ്യമായി നിലപാടെടുത്തെങ്കിലും പിന്നീട് നടന്ന കുംഭമേളകളില്‍ ഹിന്ദുവിനെതിരെയുള്ള രഹസ്യ അജണ്ട കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത് പൂര്‍വ്വാധികം ശക്തമായി തുടരുന്നതാണ് കണ്ടത്. 1860കള്‍ മുതല്‍ മേളകളില്‍ നിന്ന് നികുതി പിരിക്കുന്നതിലും മേളകളുടെ നടത്തിപ്പുകളില്‍ ഇടപെടുന്നതിലും കൂടി ബ്രിട്ടീഷ് ഭരണകൂടം തങ്ങളുടെ അജണ്ട നടപ്പിലാക്കി. അവരും ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് മേളകളില്‍ ക്യാമ്പുകള്‍ ഒരുക്കാനും അവരുടെ ലഘുലേഖകള്‍ വിതരണം ചെയ്യാനും സൗകര്യങ്ങള്‍ നല്‍കി. മുസ്ലീം ഉദ്യോഗസ്ഥന്മാരെ മേളകളുടെ നടത്തിപ്പിന് ചുമതലപ്പെടുത്തി. അവര്‍ ഹിന്ദുവിന്റെ വിശ്വാസപ്രമാണങ്ങളെ മാനിക്കാത്തവരും ഹിന്ദുവിന്റെ സന്യാസി ശ്രേഷ്ഠന്മാരെയും ആരാധ്യപുരുഷന്മാരെയും അവഗണിക്കുന്നവരും അവഹേളിക്കുന്നവരുമായിരുന്നുയെന്നതാണ് അവരെ അങ്ങനെ നിയോഗിച്ചതിന്റെ പിന്നിലെ പ്രകടമായ കാരണം (2013 കുംഭമേളയുടെ ചുമതല അന്നത്തെ ഉത്തരപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, മന്ത്രി അസംഖാനെ ഏല്‍പ്പിച്ചതു പോലെ!). 1882 ലെ കുംഭമേളയുടെ മാനേജരായി ഇംഗ്ലീഷ് ഭരണകൂടം ഹുസൈയ്ന്‍ എന്നയാളെ നിയോഗിച്ചതും അയാള്‍ യൂറോപ്യന്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അടിച്ചുപൊളിക്കാന്‍ വേണ്ടി അലങ്കരിച്ച ബോട്ടുകളൊരുക്കിയതും അവര്‍ക്കുവേണ്ടി നര്‍ത്തകികളെ അണിനിരത്തിയതും മദ്യവും ഗോമാംസവും കഴിച്ചുകൊണ്ട് തീര്‍ഥാടകര്‍ പുണ്യസ്‌നാനം ചെയ്യുന്നത് നോക്കി നില്‍ക്കാന്‍ അവസരമൊരുക്കിയതുമൊക്കെ അക്കാലത്തെ മാധ്യമങ്ങള്‍ വാര്‍ത്തകളാക്കിയിട്ടുണ്ട്. അതൊക്കെ ചൂണ്ടിക്കാണിക്കുന്നത് കുംഭമേളകള്‍ പോലുള്ള ഹിന്ദുവിന്റെ പവിത്രമായ ആചാരങ്ങളെ ഇസ്ലാമിക ഉദ്യോഗസ്ഥന്മാരെക്കൊണ്ട് അവഹേളിച്ചും അലങ്കോലപ്പെടുത്തിയും ഭിന്നിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷ് കുതന്ത്രത്തിന്റെ ചരിത്ര രേഖകളെയാണ്.
മേളകളുടെ സന്ദര്‍ഭങ്ങളില്‍ ബ്രിട്ടീഷ് ഭരണകൂടം ചൂതുകളിക്ക് ലൈസന്‍സ് നല്‍കുകയെന്ന കുതന്ത്രം വരെ അവലംബിച്ചതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അത്തരം കുത്സിത നീക്കങ്ങളോടും ലൈസന്‍സുകള്‍ വഴിയുള്ള ഇടപെടലുകളോടും ഹിന്ദുക്കള്‍ തങ്ങളുടെ സമയാസമയങ്ങളില്‍ പ്രതിഷേധങ്ങളുമായി മുന്നോട്ടു വരികയും ചെയ്തു. മേളകളുടെ നടത്തിപ്പിന് മുസ്ലീം ഉദ്യോഗസ്ഥന്മാരെ നിയോഗിക്കുന്നതില്‍ ശക്തമായ എതിര്‍പ്പുകളും പകരം ഹിന്ദു ഉദ്യോഗസ്ഥന്മാരെ നിയോഗിക്കുന്നതിനുള്ള ആവശ്യങ്ങളും ഉയര്‍ന്നു. അതിന്റെയൊക്കെ തുടര്‍ച്ചയായി മേളകള്‍ ഹൈന്ദവ വികാരം പ്രകടിപ്പിക്കുന്നതിനുള്ള ഫലപ്രദമായ വേദികളായി മാറിയെന്നും(“Ideal place to articulate and promote Hindu interests’) കാമാ മാക്ലീന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയൊക്കെ ആയിരുന്നെങ്കിലും മേളകളില്‍ ശാന്തിയും സമാധാനവും പുലര്‍ന്നെന്നും ഹിന്ദു-മുസ്ലീം സംഘര്‍ഷ വേദിയായി മാറിയില്ലെന്ന് മാക്ലീന്‍ രേഖപ്പെടുത്തിയിട്ടുള്ളതും സവിശേഷശ്രദ്ധ അര്‍ഹിക്കുന്നു.
ഗാന്ധിജിയും കുംഭമേളകളിലേക്ക് എത്തുന്നു
ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഭാരതത്തിലേക്ക് മടങ്ങിയെത്തിയ ഗാന്ധിജി 1915ല്‍ ഹരിദ്വാര്‍ കുംഭമേളയിലെത്തിയതിനെ കുറിച്ച് അദ്ദേഹം (മൈ എക്‌സ്‌പെരിമെന്റ്‌സ് വിത്ത് ട്രൂത്ത് (“My Experiments with Truth’) എന്ന തന്റെ ആത്മകഥയുടെ 323-324 പുറങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. വിവേകാനന്ദനോ ശ്രീ അരബിന്ദോയ്‌ക്കോ ബാലഗംഗാധരതിലകനോ വീരവിനായക ദാമോദര്‍ സാവര്‍ക്കര്‍ക്കോ നല്‍കാതിരുന്ന സവിശേഷ പരിഗണന തനിക്കു നല്‍കിയ ആംഗ്ലോ കൃസ്ത്യന്‍ അധിനിവേശ ശക്തികള്‍ക്കും താന്‍ തന്നിലേക്ക് ആകര്‍ഷിക്കാന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറായി കാത്തുനില്‍ക്കുന്ന ഇസ്ലാമിക വര്‍ഗീയ പക്ഷത്തിനും ഒരു തരത്തിലും തന്നെ കുറിച്ച് താത്പര്യക്കുറവ് തോന്നാതിരിക്കാനുള്ള മുന്‍കരുതല്‍ ആ വിവരണത്തില്‍ ഗാന്ധിജി എടുത്തിട്ടുണ്ട്. ”ഈ വര്‍ഷം 1915, എല്ലാ പന്ത്രണ്ട് വര്‍ഷങ്ങളിലും ഹരിദ്വാറില്‍ നടക്കാറുള്ള കുംഭമേളയുടെ വര്‍ഷമായിരുന്നു. ഞാന്‍ ഒരു തരത്തിലും ആ മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ആളായിരുന്നില്ല. പക്ഷെ ഞാന്‍ അദ്ദേഹത്തിന്റെ ഗുരുകുലത്തിലായിരുന്ന മഹാത്മാ മുന്‍ഷിറാമിനെ കാണാന്‍ വളരെയേറെ ആഗ്രഹിച്ചിരുന്നു”””This year–1915 was the year of Kumbha fair held at Hardvar once every twelve years. I was by no means eager to attend the fair, but was anxious to meet Mahatma Munshiji who was in his Gurukul”).- അത്തരത്തില്‍ താന്‍ അവിടെ എത്തിയതിന്റെ പിന്നില്‍ തീര്‍ത്ഥ സ്‌നാനം ഒരു ലക്ഷ്യമേ ആയിരുന്നില്ലെന്ന് ഏറ്റു പറഞ്ഞിട്ടുണ്ട്. അദ്ദേഹം അവിടെ സ്‌നാനം ചെയ്തതായി രേഖപ്പെടുത്തിയിട്ടുമില്ല. കുംഭമേളയ്ക്ക് എത്തിയതും അവിടെ കഴിഞ്ഞതുമായ വിവരണം അടങ്ങിയ ആത്മകഥയുടെ രണ്ടു പേജുകളില്‍ ഹിന്ദുവിമര്‍ശനത്തിന് കിട്ടിയ സന്ദര്‍ഭങ്ങള്‍ ഒന്നും നഷ്ടപ്പെടുത്തിയിട്ടില്ലെന്നത് സവിശേഷ ശ്രദ്ധയോടെ വിശകലനം ചെയ്യേണ്ടതുണ്ട്. ഗാന്ധിജിയുടെ അങ്ങോട്ടുള്ള യാത്ര ഗോപാലകൃഷ്ണ ഗോഖലയുടെ സവിശേഷ നിര്‍ദ്ദേശം അനുസരിച്ചായിരുന്നുവെന്നും പറയപ്പെടുന്നു. ഗാന്ധിജിയുടെ വിവരണത്തില്‍ തന്നെ ഗോഖലെയുടെ സൊസൈറ്റി മേളയില്‍ സേവനങ്ങള്‍ക്കായി കുറെയധികം സന്നദ്ധസേവകരെ അയച്ചിരുന്നതായും അവരെ സഹായിക്കാന്‍ വേണ്ടി ഗാന്ധിജിയുടെ ഫോണിക്‌സ് പാര്‍ട്ടിയോട് (Phoenix Party) പ്രവര്‍ത്തകരെ അയക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. ആംഗ്ലോ ക്രിസ്ത്യന്‍ അധിനിവേശശക്തികള്‍ ഇസ്ലാമിക വിഭാഗത്തെയും കൂടി ഉപയോഗപ്പെടുത്തിക്കൊണ്ട് കുംഭമേളയുടെ ശോഭയും തീര്‍ത്ഥാടകരുടെ സംഖ്യയും കുറയ്ക്കാന്‍ അതിന് മുമ്പ് നടത്തിയ പരിശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ വേണം മേളയുടെ വേളയില്‍ ഹരിദ്വാറിലെത്തിയ ഗാന്ധിജി താന്‍ അവിടെ പോകാന്‍ താത്പര്യമുള്ള ആളായിരുന്നില്ലെന്നും ആ പ്രദേശത്ത് പോയത് മറ്റെന്തോ കാര്യത്തിനു വേണ്ടിയാണെന്നുമൊക്കെ വിശദീകരിച്ചതിന്റെ പിന്നിലെ രാഷ്ട്രീയ കൗശലം തിരിച്ചറിയേണ്ടത്.
പക്ഷേ കേവലം മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞ് 1918 ആയപ്പോള്‍ ഗാന്ധിജിയുടെ സമീപനത്തിലും ചില ശ്രദ്ധേയമായ വ്യതിയാനങ്ങള്‍ സംഭവിച്ചതായി കാണാം. അതിനകം ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ അലകളുയരാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഗാന്ധിജിയാണെങ്കില്‍ വിവിധയിടങ്ങളില്‍ റാലികളില്‍ പങ്കെടുക്കുന്ന തിരക്കിലും. അതിനിടയിലാണ് 1918 പ്രയാഗ് കുഭമേളയുടെ സന്ദര്‍ഭമെത്തിയത്. 1915ലെ ഹരിദ്വാര്‍ മേളയില്‍ പരസ്യമായിത്തന്നെ എത്തിയെങ്കിലും തീര്‍ത്ഥസ്‌നാനത്തിലും മറ്റും പങ്കെടുത്തതായൊന്നും പറയാതെ തന്റെ അങ്ങോട്ടുള്ള യാത്രയുടെ ലക്ഷ്യം മറ്റു ചിലതൊക്കെ ആയിരുന്നു എന്ന് പറഞ്ഞ മഹാത്മാ 1918 ലെ പ്രയാഗ് കുംഭമേളയിലെത്തി ചടങ്ങുകളില്‍ പങ്കെടുത്തതും അവിടെയുള്ളവരുമായി ആശയവിനിമയം നടത്തിയതുമൊക്കെ രഹസ്യമായിട്ടായിരുന്നു. ഗാന്ധിജി കുംഭമേളയില്‍ പങ്കെടുക്കാനുള്ള രഹസ്യ പദ്ധതി ആസൂത്രണം ചെയ്ത് ആരും അറിയാതെ പ്രയാഗിലെത്തി; സംഗമ സ്ഥാനത്തിനടുത്തുള്ള ഒരു ചെറുകുടിരത്തില്‍ താമസിച്ചു; കുംഭമേളയില്‍ സ്‌നാനവും ചെയ്തു. ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ എന്ന ഗാന്ധിജിയുടെ ആത്മകഥയില്‍ 1921 വരെയുള്ള സംഭവങ്ങളെ വിശദീകരിച്ചിട്ടും 1918ല്‍ നടന്ന പ്രയാഗ് കുംഭമേളയെ കുറിച്ച് പരാമര്‍ശിച്ചിതായി കാണുന്നേയില്ല. പക്ഷേ, കൊളോണിയല്‍ രഹസ്യാന്വേഷണവിഭാഗം അതൊക്കെ കണ്ടെത്തുകയും അത് സംബന്ധിച്ച രേഖകള്‍ ബ്രിട്ടീഷ് ആര്‍ക്കെയ്‌വ്‌സില്‍ സൂക്ഷിച്ചിട്ടുമുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ മഹാത്മാ ഗാന്ധി തന്നെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും ഖിലാഫത്തിന്റെയും പശ്ചാത്തലത്തില്‍ 1921 ഫെബ്രുവരി 10ന് ഫൈസാബാദില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവേ താന്‍ അതിനു മുമ്പ് അയോദ്ധ്യയില്‍ തീര്‍ത്ഥാടനത്തിനെത്താന്‍ ആഗ്രഹിച്ചിരുന്നുയെന്നും എന്നാല്‍ പ്രയാഗ് കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയതുകൊണ്ടാണ് അതിനു സാധിക്കാതെ പോയതെന്നും വിശദീകരിച്ചിട്ടുണ്ട്. ഭാരതീയ ജനതയോട് ഹൃദയബന്ധം സ്ഥാപിച്ചെടുക്കുന്നതില്‍ അയോദ്ധ്യയും കുംഭമേളയുമൊക്കെ നല്‍കുന്ന സാദ്ധ്യതകള്‍ ഗാന്ധിജി തിരിച്ചറിഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തുന്ന മാറ്റങ്ങളാണ് അവിടെ പ്രകടമായത്.
സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ട 1942ലെ കുംഭമേളയോട് ബ്രിട്ടീഷ് സമീപനം
1942ലെ കുംഭമേളയോടുള്ള ബ്രിട്ടീഷ് സര്‍ക്കാര്‍ സമീപനം, എങ്ങനെയും അത് നടക്കാതിരിക്കുകയോ നടക്കുകയാണെങ്കില്‍ തന്നെ നാമമാത്രമായി ഒതുക്കണം എന്ന ലക്ഷ്യത്തോടെയോ ആയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ജപ്പാന്റെ ആക്രമണ സാദ്ധ്യത എന്നൊരു വ്യാജ പ്രചരണം അഴിച്ചുവിട്ടുകൊണ്ടാണ് അതിനവര്‍ ന്യായം പറഞ്ഞത്. പക്ഷേ, എവിടെയാണെങ്കിലും ഭാരതീയര്‍, അതിലും സവിശേഷമായി ഹിന്ദുക്കള്‍, ഒന്നിച്ചു കൂടുന്നതും ആശയവിനിമയം നടത്തുന്നതും ഭാരത സ്വാതന്ത്ര്യത്തിനുള്ള സമര പരിശ്രമങ്ങളുടെ ശക്തിയും വേഗതയും വര്‍ദ്ധിപ്പിക്കുമെന്നും അത് തങ്ങളുടെ താത്പര്യങ്ങളെ തകിടം മറിക്കുമെന്ന ഇംഗ്ലീഷുകാരുടെ ഭയം തന്നെയായിരുന്നു യഥാര്‍ത്ഥ കാരണം. ഭാരതത്തിന്റെ വിവിധ ഭൂപ്രദേശങ്ങളില്‍ നിന്നും ജനകോടികള്‍ ഒഴുകിയെത്തുന്ന കുംഭമേളകള്‍ അവരെ പണ്ടേ അസ്വസ്ഥരാക്കിയിരുന്നു. 1942 ലെ കുംഭമേള തകര്‍ക്കാന്‍ അവര്‍ മൂമ്പ് പയറ്റി പരിചയിച്ചവയോടോപ്പം പുതിയ കുതന്ത്രങ്ങളും ഇറക്കി. മേളയിലെ ആള്‍വരവ് കുറയ്ക്കുവാന്‍ ബ്രിട്ടീഷ് ഭരണകൂടം ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്തു. ട്രെയിന്‍ ടിക്കറ്റുകളുടെ എണ്ണം കുറയ്ക്കുക; ട്രെയിനുകളുടെ തന്നെ എണ്ണം കുറയ്ക്കുക; ദീര്‍ഘദൂര ട്രെയിനുകളുടെ യാത്രകള്‍ ഇടയ്ക്കുവെച്ച് റദ്ദു ചെയ്യുക തുടങ്ങിയ കുത്സിത നടപടികള്‍ വരെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായതിന് ചരിത്രം സാക്ഷിയാണ്. 1942 ജനുവരി 4 മുതല്‍ ഫെബ്രുവരി 4 വരെ പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനുകള്‍ക്കായുള്ള ടിക്കറ്റു വില്‍പ്പന 1941ല്‍ തന്നെ നിരോധിച്ചു. ജപ്പാന്‍ പ്രയാഗ് രാജില്‍ ബോംബിടാന്‍ പോകുന്നുവെന്ന വ്യാജ പ്രചാരണം നടത്തി. അങ്ങനെ കുംഭമേളകള്‍ കൊളോണിയല്‍ ഭരണാധികാരികള്‍ തങ്ങള്‍ക്കെതിരെയുള്ള ജനകീയ മുന്നേറ്റത്തിന്റെ പ്രഭവകേന്ദ്രങ്ങളാകാനുള്ള സാദ്ധ്യതകള്‍ തിരിച്ചറിഞ്ഞ് പ്രതിരോധം തീര്‍ത്തതിന്റെ സ്വാതന്ത്ര്യ സമരകാലത്തെ ഏറ്റവും പ്രകടമായ സംഭവങ്ങള്‍ക്ക് 1942 സാക്ഷ്യം വഹിച്ചു.
അതിനോടൊപ്പം 1941ല്‍ തന്നെ മഹാനിര്‍വ്വാണി അഘാഡാ അഹിന്ദുക്കളുടെ (മുസ്ലീം പോലീസുകാരുടെയും ക്രിസ്ത്യന്‍ മിഷനറിമാരുടെയും) മേളയിലെ സാന്നിദ്ധ്യത്തെയും അവിടെ ചൂതുകളിക്ക് ലൈസന്‍സ് നല്‍കുന്നതിനെയുമൊക്കെ എതിര്‍ത്തതായും രേഖകളുണ്ട്. എന്തായാലും ചരിത്രത്താളുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ 1947 വരെയും സ്വാതന്ത്ര്യസമരത്തില്‍, കുംഭമേള, ദേശീയജനസമൂഹങ്ങളും രാഷ്ട്രീയപ്രവര്‍ത്തകരും ഇടയ്ക്കിടെ വലിയ സംഖ്യയില്‍ ഒത്തുകൂടുന്ന ഒരു സന്ദര്‍ഭം എന്ന നിലയില്‍, ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നതായി കാണാം.
നെഹ്രു കുടുംബാധിപത്യ കാലത്തെ കുംഭമേള
1947 ല്‍ രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയ ഭാരതം പിന്നീട് പൊതുവെ നെഹ്രു കുടുംബാധിപത്യത്തിലേക്ക് മാറിയ കാലത്തെ കുംഭമേളകളുടെ ചരിത്രവും പഠനവിധേയമാക്കേണ്ടതുണ്ട്. ഇസ്ലാമിക അധിനിവേശ ശക്തികള്‍ തകര്‍ത്തു തരിപ്പണമാക്കിയ സോമനാഥക്ഷേത്രത്തിന്റെയോ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെയോ പുനര്‍നിര്‍മാണത്തിനാണെങ്കിലും ഹൈന്ദവ സമൂഹത്തിന് സ്വതന്ത്രഭാരതത്തില്‍ അര്‍ഹിക്കുന്ന സ്ഥാനം നല്‍കുന്നതിലാണെങ്കിലും തീര്‍ത്തും ഹിന്ദുവിരുദ്ധ നിലപാടുകളെടുത്ത ആദ്യ പ്രധാനമന്ത്രിയുടെ ഭരണകാലത്ത് 1954ല്‍ പ്രയാഗ് രാജില്‍ നടന്ന കുംഭമേള ചരിത്രത്തില്‍ ചോര വീണ ഒരദ്ധ്യായമാണ് ബാക്കിവെച്ചത്. തീര്‍ത്ഥ സ്‌നാനത്തിനെത്തിയവരില്‍ ആയിരത്തിലധികം ഹിന്ദുഭക്തര്‍ക്കാണ്, 954 ഫെബ്രുവരി 3ന്, പെട്ടെന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടപ്പെട്ടത്. സാധാരണക്കാരായ ജനലക്ഷങ്ങള്‍ക്കുള്ള വ്യവസ്ഥകള്‍ ഒരുക്കുന്നതിനേക്കാള്‍ വിഐപി സന്ദര്‍ശകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കുന്നതിന് ക്രമസമാധാനപാലകരും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും മുന്‍ഗണനകൊടുത്തതാണ് അപകടത്തിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളും മറ്റു രേഖകളും ചൂണ്ടിക്കാണിക്കുന്നത്.
അവിടെയെത്തിയ വിഐപികളില്‍ രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദും പ്രധാനമന്ത്രി നെഹ്രുവുമായിരുന്നു ഏറ്റവും പ്രധാനികള്‍. രാഷ്ട്രപതി രാജേന്ദ്രപ്രസാദും മറ്റ് വിഐപികളും അവിടെയത്തിയത് പ്രയാഗില്‍ തീര്‍ത്ഥസ്‌നാനം ചെയ്യാനായിരുന്നു. അവര്‍ ആ ചടങ്ങില്‍ ജനലക്ഷങ്ങളോടൊപ്പം പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ നെഹ്രു അവിടെയെത്തിയതിന് അങ്ങനെയൊരു ഉദ്ദേശ്യമേയില്ലായിരുന്നു. മാത്രമല്ല ലാല്‍ ബഹദൂര്‍ ശാസ്ത്രി നിര്‍ദ്ദേശിച്ചിട്ടു പോലും ഗംഗയിലൊന്നു മുങ്ങാനോ ഒരു തുള്ളി ഗംഗാജലം തന്റെ ദേഹത്ത് തളിക്കുവാനോ പോലും തയ്യാറാകാതെ തന്റെ വേറിട്ട ശൈലി പ്രദര്‍ശിപ്പിച്ച് ഹിന്ദുവിരുദ്ധ സമൂഹത്തിലേക്ക് കൂടുതല്‍ അടുക്കുവാന്‍ വഴിയൊരുക്കുകയായിരുന്നു അദ്ദേഹം.
1952 മുതല്‍ 1958 വരെ പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആര്‍.എഫ്. റസ്റ്റംജി അദ്ദേഹത്തിന്റെ I was in Nehru’s shadow എന്ന പുസ്തകത്തില്‍ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്In early 1954, Lal Bahadur Shastri, then Railways Minister, made efforts to persuade JN to have a bath in the Ganga on the occasion of Kumbh Mela. Shastri argued: ‘It is a custom followed by millions of people. You should do it, if only out of respect for this faith and love of Ganga. The PM replied: ‘It is true, the Ganga means much to me. I see on its waters the story of India… the Ganga is part of my life, and the lives of millions of people of India…To me it is the river of history… I enjoy bathing in it otherwise- but not during the Kumbh.’ ഗംഗ എന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന നെഹ്രുവിന് അതില്‍ മുങ്ങിക്കുളിക്കുന്നതിഷ്ടമാണു പോലും. പക്ഷേ കുംഭമേളയുടെ സന്ദര്‍ഭത്തില്‍ ഗംഗയില്‍ മുങ്ങില്ലത്രേ. അത്തരത്തില്‍ ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസങ്ങളോട് അകലം പാലിക്കുകയെന്ന നിലപാടെടുക്കുന്നതിന് നെഹ്രുവിന് തീര്‍ച്ചയായും സ്വാതന്ത്ര്യമുണ്ടായിരുന്നു.
പക്ഷേ അവിടെ നടക്കുന്ന ഭവ്യമായ ചടങ്ങുകളോട് താത്പര്യം ഇല്ലാത്തൊരാള്‍ അവിടെ പോകേണ്ട കാര്യമെന്തായിരുന്നുവെന്ന ചോദ്യവും അതോടൊപ്പം പ്രസക്തമാണ്. ശ്രീ ശബരീശ്വര ശ്രീകോവിലിനു മുമ്പില്‍ തൊഴാതെ കയ്യും കെട്ടി നിന്ന് ആരുടെയൊക്കയോ പ്രീതി തേടുന്ന കേരളത്തിലെ ഇന്നത്തെ ദേവസ്വം ബോര്‍ഡ് മന്ത്രിയെ പോലെ അന്ന് അവിടെയെത്തി നാടകം കളിക്കാന്‍ ജവഹര്‍ലാല്‍ നെഹ്രു പോയില്ലായിരുന്നെങ്കില്‍ കുംഭമേളകളിലെ ഏറ്റവും വലിയ ജീവഹാനി അന്നവിടെ സംഭവിക്കുമായിരുന്നോ എന്നൊരു ചോദ്യവും ഉയരും. പക്ഷേ ഈശ്വരവിശ്വാസികള്‍ വരാനുള്ളത് വഴിയില്‍ തങ്ങില്ലായെന്ന് വിശ്വസിക്കുന്നവരായതുകൊണ്ട് അത്തരം അപകടങ്ങള്‍ക്കൊന്നും ആരെയും കുറ്റപ്പെടുത്താന്‍ പോകില്ലെന്നു മാത്രം. ഹജ്ജിനാണെങ്കിലും ശബരീശ്വരദര്‍ശനത്തിനാണെങ്കിലും ജനങ്ങള്‍ വലിയ സംഖ്യയില്‍ ഒന്നിച്ചു കൂടുമ്പോള്‍ അപകടങ്ങള്‍ പലപ്പോഴും സംഭവിച്ചു പോകാറുണ്ടെന്നതും വസ്തുതയാണ്.
അതൊക്കെ അംഗീകരിക്കുമ്പോഴും അവിടെ മരിച്ചുവീണ ആയിരത്തിലധികം ഹതഭാഗ്യരുടെ മൃതദേഹങ്ങളോട് പ്രധാനമന്ത്രി നെഹ്രുവിന്റെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഗോവിന്ദ വല്ലഭ് പന്തിന്റെയും കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ കാട്ടിയ ധിക്കാരം ഇസ്ലാമിക/ഇംഗ്ലീഷ് അധിനിവേശ ശക്തികളുടെ കാലത്തുപോലും സംഭവിക്കില്ലായിരുന്നുവെന്നത് കാണാതിരിക്കാനാകില്ല. മൃതശരീരങ്ങള്‍ സംഭവസ്ഥലത്തു നിന്നും വലിച്ചുവാരി മാറ്റി കൂട്ടിയിട്ട് പെട്രോളൊഴിച്ച് തീവെക്കുവാനാണ് നെഹ്രു-പന്ത് നിയന്ത്രണത്തിലുള്ള ഭരണകൂടം വഴിയന്വേഷിച്ചത്. ആ അഗ്‌നികുണ്ഡത്തിനടുത്തെങ്ങും എത്താന്‍ മാധ്യമ പ്രവര്‍ത്തകരെ അനുവദിച്ചതുമില്ല. ഏതാനും യാചകന്മാര്‍ മാത്രമേ മരിച്ചുള്ളൂവെന്നാണ് ഭരണകൂടം പുറത്തുവിട്ട ആദ്യ അറിയിപ്പുകളില്‍ പറഞ്ഞത്. എന്നാല്‍ രാജ്ഭവനിലെ വിഐപി പാര്‍ട്ടിയുടെ ചിത്രങ്ങള്‍ക്കൊപ്പം അപകടമരണങ്ങളുടെ ചിത്രവും പിറ്റേ ദിവസത്തെ പത്രത്തിന്റെ ഒന്നാം പേജില്‍കൊടുത്തതിന് അമൃത ബസാര്‍ പത്രിക അധികൃതരുടെ അസഭ്യവര്‍ഷങ്ങള്‍ക്കിരയായി. മരണസംഖ്യ തെറ്റാണെന്നും ഏതാനും യാചകര്‍ മാത്രമേ മരിച്ചിട്ടുള്ളുവെന്നും അതുകൊണ്ട് തങ്ങള്‍ കൊടുത്ത വാര്‍ത്ത വ്യാജമാണെന്ന് പ്രസിദ്ധീകരിക്കണമെന്നുമായി പത്രക്കാരോടുള്ള കോണ്‍ഗ്രസ്സ് ഭരണകൂടത്തിന്റെ തിട്ടൂരം. എന്നാല്‍ സത്യം പുറത്തുകൊണ്ടുവരുന്നതിന്റെ ഉത്തരവാദിത്തം എന്‍.എന്‍. മുഖര്‍ജിയെന്ന മാധ്യമപ്രവര്‍ത്തകന്‍ ഒരു വെല്ലുവിളിയായി സ്വയം ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്. കീറിപ്പറിഞ്ഞ വേഷവും ധരിച്ച് അതിനുള്ളില്‍ ക്യാമറയും ഒളിപ്പിച്ച് ഒരു യാചകന്റെ രൂപത്തില്‍ മൃതദേഹങ്ങള്‍ അഗ്‌നിയിലേക്കെറിയുന്ന പണിയേല്‍പ്പെട്ടിരുന്നവരെ കണ്ട് അദ്ദേഹം കരഞ്ഞുപറഞ്ഞു, എന്റെ അമ്മൂമ്മയുടെ ശവവും ആ കൂട്ടത്തിലുണ്ടാകാമെന്നും ഒരു നോക്കുകാണുവാന്‍ തന്നെ അനുവദിക്കണമെന്നും. അവര്‍ മനസ്സലിഞ്ഞ് അതിന് അനുവദിച്ചതോടെ മുഖര്‍ജി കത്തിയെരിയുന്ന ശവകൂമ്പാരങ്ങള്‍ക്കിടയിലേക്ക് കടന്നു കയറി രഹസ്യമായി ചിത്രങ്ങളെടുത്ത് പിറ്റേ ദിവസത്തെ പത്രത്തില്‍ നല്‍കി, തലേ ദിവസത്തെ ചിത്രവും വാര്‍ത്തയും സത്യമാണെന്ന് തെളിയിക്കുകയായിരുന്നു.
അതോടെ ജവഹര്‍ലാല്‍ നെഹ്രുവിന് കുംഭമേളയില്‍ നടന്ന കാര്യങ്ങളുടെ ഏകദേശ ചിത്രം പാര്‍ലമെന്റില്‍ പ്രസ്താവനയായി സമര്‍പ്പിക്കേണ്ടതായി വന്നു. അതിനുശേഷം ജസ്റ്റിസ് കമലാ കാന്ത് വര്‍മ്മയെ അന്വേഷണ കമ്മീഷനായി നിയോഗിച്ചു. ഭരണകൂടത്തിന് സൗകര്യപ്രദമായ ഒരു റിപ്പോര്‍ട്ടു സമര്‍പ്പിച്ചതിന്റെ മറവിലാകും, അവിടെ മരിച്ചുവീണ ആയിരത്തോളം ഹൈന്ദവ സഹോദരങ്ങള്‍ക്ക് ഒരു രൂപ പോലും നഷ്ടപരിഹാരം നല്‍കാന്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ സര്‍ക്കാര്‍ സന്മനസ്സ് കാട്ടിയതേയില്ല. അതൊക്കെ എന്തു തന്നെയായാലും സത്യം പുറത്തുകൊണ്ടുവരുവാന്‍ മുന്നിട്ടിറങ്ങിയതിലൂടെ മാധ്യമപ്രവര്‍ത്തനത്തിന്റെ ഗതകാലഗരിമയുടെ ഭാഗമായി മാറിയ എന്‍.എന്‍. മുഖര്‍ജിയുടെ സ്മരണകള്‍ക്കു മുമ്പില്‍ കൂപ്പുകൈകള്‍ അര്‍പ്പിക്കാതെ കുംഭമേളയുടെ ചരിത്രത്തെ ആര്‍ക്കും തന്നെ സ്മരിക്കാനാകില്ല.
അങ്ങനെ കഴിഞ്ഞ കാലത്തേക്ക് കണ്ണോടിച്ചാല്‍ കുംഭമേളകള്‍ അധിനിവേശ ശക്തികളില്‍ നിന്ന് മുക്തി നേടുവാനുള്ള ഭാരതീയ ജനതയുടെ പോരാട്ട പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജ്ജവും ആവേശവും പകര്‍ന്ന വേദികളായിരുന്നെന്ന് കാണാം. അതുകൊണ്ടുതന്നെ, അവ, ആംഗ്ലോ ക്രിസ്ത്യന്‍ അധിനിവേശ ശക്തികളുടെ കണ്ണിലെ കരടായിരുന്നെന്നും കാണാം. കൊളോണിയല്‍ വിധേയത്വം സ്വാതന്ത്ര്യത്തിനു ശേഷവും പിന്തുടര്‍ന്ന നെഹ്രുപക്ഷ ഭരണപക്ഷം കുംഭമേളകളോടും ഭാരതത്തിന്റെ തനത് സംസ്‌കൃതിയുടെ പുനരുജ്ജീവനത്തോടുമൊക്കെ അവഗണനയുടെയും നിസ്സംഗതയുടെയും സമീപനമാണ് സ്വീകരിച്ചതെന്നും കാണാം. എന്തായാലും നമ്മുടെ മഹത്തായ സംസ്‌കൃതിയുടെ കുംഭമേളകള്‍ പോലുള്ള പാരമ്പര്യങ്ങളും പവിത്രസ്ഥാനങ്ങളും നഷ്ടപ്രതാപങ്ങളും വീണ്ടെടുത്താലേ വികസിത ഭാരതം വിശ്വവിജയിയായി വളര്‍ന്നുയരൂവെന്നത് ജനാധിപത്യ ഭാരതം ഓര്‍ക്കണം.
കേരളത്തില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ നേത്രചികിത്സയ്ക്കായി കുംഭമേളയില്‍
പ്രയാഗരാജ്: സക്ഷമയുടെ നേതൃത്വത്തില്‍ കുംഭമേള സമയത്ത് നടത്തുന്ന നേത്രകുംഭ എന്ന ഏറ്റവും വലിയ നേത്രചികിത്സ സേവനത്തിനായി കേരളത്തില്‍ നിന്നും അമൃത ഹോസ്പിറ്റലിലെ നേത്രരോഗ വിഭാഗം മേധാവി ഡോ. ഗോപാല്‍ എസ് പിള്ളയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം പ്രയാഗരാജില്‍ പ്രവര്‍ത്തിക്കും. 45 ദിവസം നീണ്ടുനില്‍ക്കുന്ന കുംഭമേളയില്‍ ”നേത്രകുംഭ”എന്ന പേരില്‍ 5 ലക്ഷം തീര്‍ത്ഥാടകരുടെ കണ്ണുകള്‍ പരിശോധിക്കുകയും അവര്‍ക്ക് സൗജന്യമായി കണ്ണടകള്‍ വിതരണം ചെയ്യുകയും തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിന് സൗകര്യമൊരുക്കുകയും ചെയ്യും. പ്രയാഗരാജില്‍ ജനുവരി 16 മുതല്‍ നേത്രകുംഭ ആരംഭിച്ചു. ഇതിനോടകം ലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെ കണ്ണുകള്‍ പരിശോധിക്കുകയും ആവശ്യമുള്ളവര്‍ക്ക് കണ്ണടകള്‍ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു. ഭാരതത്തിലെ എല്ലാ സംസ്ഥാനത്തും ഡോക്ടര്‍മാരുടെ സംഘം ഈ സേവനത്തിനായി ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്.വിവേചനരഹിത സമാജത്തിനായി പ്രവര്‍ത്തിക്കണം: മഹാകുംഭമേളയില്‍ സന്ന്യാസി സംഗമം
പ്രയാഗ്‌രാജ്: ഹിന്ദുക്കളില്‍ പതിതരില്ല എന്ന സന്ദേശമുയര്‍ത്തി മഹാകുംഭമേളയില്‍ സന്ന്യാസി സംഗമം. രാജ്യത്തുടനീളമുള്ള വിവിധ വിഭാഗങ്ങളില്‍ നിന്നും സമ്പ്രദായങ്ങളില്‍ നിന്നുമുള്ള സന്ന്യാസിമാരാണ് രണ്ട് ദിവസം ഒത്തുചേര്‍ന്ന് സാമാജിക സമരസതയെക്കുറിച്ച് ചര്‍ച്ച ചെയ്തത്. സമത്വവും സൗഹാര്‍ദവും പുലരുന്ന വിവേചന രഹിത സമാജമാണ് ലക്ഷ്യമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ പറഞ്ഞു. മഹാകുംഭമേള ലോകമെമ്പാടും ആത്മീയതയുടെ സന്ദേശമാണ് നല്‍കുന്നത്. ഭാരതം പ്രയാഗയില്‍ ഒത്തുചേര്‍ന്നിരിക്കുന്നു. രാജ്യത്തെ മുഴുവന്‍ ഒരുമയുടെ നൂലില്‍ ബന്ധിക്കുവാനുള്ള ശക്തി കുംഭമേളയ്ക്കുണ്ട്. പണക്കാരനും പാവപ്പെട്ടവനുമെന്നില്ലാതെ, ജാതിഭേദമില്ലാതെ എല്ലാവരും പവിത്ര ഗംഗയില്‍ സ്‌നാനം ചെയ്യുന്നു. അസമത്വം ഇല്ലാതാക്കാനുള്ള കരുത്ത് ഗംഗാപ്രവാഹത്തിനുണ്ട്, അദ്ദേഹം പറഞ്ഞു. സര്‍വേ ഭവന്തു സുഖിനഃ, വസുധൈവ കുടുംബകം തുടങ്ങി ലോകക്ഷേമത്തിന്റെ ദര്‍ശനമാണ് ഹിന്ദുത്വമെന്നും ഇതുതന്നെയാണ്് സനാതനമെന്നും ആര്‍എസ്എസ് അഖില ഭാരതീയ സമ്പര്‍ക്ക പ്രമുഖ് രാംലാല്‍ പറഞ്ഞു. പുരാതനകാലം മുതല്‍ക്കേ ഇന്ത്യ ശാശ്വത രാഷ്ട്രമാണ്. വരാനിരിക്കുന്നത് ഭാരതത്തിന്റെ കാലമാണ്. ഭാരതം വിശ്വത്തെ നയിക്കുമെന്ന് ലോകമാകെ പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ഭാരതത്തെ ദുര്‍ബലപ്പെടുത്താന്‍ പലരും ആഗ്രഹിക്കുന്നു. എല്ലാ കുറവുകളും പരിഹരിച്ച് പത്ത് വര്‍ഷത്തിനുള്ളില്‍ ലോകത്തിന് നേതൃത്വം നല്‍കാന്‍ ഭാരതത്തെ പ്രാപ്തമാക്കേണ്ടതുണ്ടെന്ന് രാംലാല്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക്, സ്വാമി ജിതേന്ദ്രാനന്ദ് സരസ്വതി, സാധ്വി ഊര്‍മ്മിള, മഹന്ത് വികാസ് ദാസ്, സമാജിക സമരസത ദേശീയ സംയോജക് ശ്യാം പ്രസാദ്, സഹസംയോജക് രവീന്ദ്ര കിര്‍ക്കോള്‍, വിശ്വഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി ദേവ്ജി ഭായ് റാവത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.