ഇന്ത്യ നശിച്ചാലും വേണ്ടില്ല ബിജെപിയുടെയും, ആര്‍എസ്എസ്സിന്റെയും കണ്ണീരു കാണണം എന്നുള്ള ചിന്താഗതിയോടെ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അധഃപതിച്ചതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇക്കഴിഞ്ഞ ജനുവരി 15 ന് കോണ്‍ഗ്രസ്സിന്റെ പുതിയ ആസ്ഥാന മന്ദിരം ദല്‍ഹി കോട്‌ല റോഡില്‍ ഉദ്ഘാടനം ചെയ്യവേ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം.
സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് എതിരെയുള്ള ചൂടന്‍ പോരാട്ടങ്ങളെ തളര്‍ത്തി ഇന്ത്യയുടെ ഉയര്‍ച്ചയെ തകര്‍ക്കാനുള്ള ഒരു സേഫ്റ്റി വാല്‍വ് എന്ന നിലയില്‍ ബ്രിട്ടീഷുകാരനായ അലന്‍ ഒക്ടേവിയന്‍ ഹ്യൂം ആരംഭിച്ച പ്രസ്ഥാനം അതിന്റെ കര്‍ത്തവ്യം ഇപ്പോഴും കൃത്യമായി നിര്‍വ്വഹിക്കുന്നു എന്ന ത് ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധി അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം പറഞ്ഞ ‘the BJP and RSS have captured every single institution, and we are now fighting the BJP, the RSS, and the Indian State itself’ എന്ന വാക്കുകള്‍. കഴിഞ്ഞ പത്തു വര്‍ഷമായി ബിജെപി അധികാരത്തിലേറിയതു മുതല്‍ കോണ്‍ഗ്രസ്സ് രാജ്യത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നു എന്നത് പരസ്യമായി അംഗീകരിക്കുന്നതാണ് രാഹുലിന്റെ പ്രസ്താവന.
രാജ്യം ഭരിക്കുന്ന ബിജെപിയോടും, ഹിന്ദുത്വ ആശയത്തോടുമുള്ള വിരോധം മൂത്ത് അത് രാജ്യത്തിനെതിരെയുള്ള വിരോധമായി മാറിയതാണ് രാഹുല്‍ ഗാന്ധിയുടെ വാക്കുകളിലൂടെ പ്രകടമായത്. കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത നയമാണ് ബിജെപിക്കും, ആര്‍എസ്എസിനുമെതിരെ പോരാടുക എന്നത്. അതിനു രാഹുല്‍ ഗാന്ധി നല്‍കുന്ന നിര്‍വചനം ബിജെപിയെയും ആര്‍എസ്എസ്സിനെയും തോല്‍പ്പിക്കാന്‍ രാജ്യത്തിനെതിരെയും പോരാടണം എന്നാണ്. സ്ഥാപിച്ച് 140 വര്‍ഷത്തിനു ശേഷം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടി എന്നവകാശപ്പെടുന്ന ഒരു പ്രസ്ഥാനം തുറന്ന യുദ്ധ പ്രഖ്യാപനം നടത്തി ഇന്ത്യക്കെതിരെ പോരാടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
പ്രസംഗ പരാമര്‍ശത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കെതിരെ ആസ്സാമിലെ ഗുവാഹത്തി പാന്‍ബസാര്‍ പോലീസ് സ്റ്റേഷനില്‍ മന്‍ജിത് ചെതിയ എന്നയാള്‍ നല്‍കിയ പരാതിയിന്മേല്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഭാരതീയ ന്യായ സംഹിതയിലെ ജാമ്യം കിട്ടാത്ത ഗുരുതരമായ 152, 197(1)(d) വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 152-ാം വകുപ്പ് പ്രകാരം ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്ന പ്രവൃത്തി ശിക്ഷാര്‍ഹമായ കുറ്റമാണ്. മനപ്പൂര്‍വ്വം അല്ലെങ്കില്‍ എഴുത്തിലൂടെയോ വാക്കുകളിലൂടെയോ അടയാളങ്ങളിലൂടെയോ ദൃശ്യമായ പ്രാതിനിധ്യത്തിലൂടെയോ ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെയോ സാമ്പത്തിക മാര്‍ഗ്ഗങ്ങളിലൂടെയോ അല്ലാതെയോ വിഘടനവാദത്തെയോ സായുധകലാപത്തെയോ അട്ടിമറി പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയോ ഉത്തേജിപ്പിക്കാന്‍ ശ്രമിക്കുകയോ അഥവാ വിഘടനവാദപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയോ ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയും അസ്ഥിരപ്പെടുത്തുകയോ ചെയ്താല്‍ അയാള്‍ക്ക് ജീവപര്യന്തം തടവിനോ ഏഴ് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന തടവിനോ കൂടാതെ പിഴയ്‌ക്കോ വിധിക്കപ്പെടാം. ബിഎന്‍എസ് 197(1)(D)ാം വകുപ്പ് പ്രകാരം ദേശീയോദ്ഗ്രഥനത്തിന് ഭംഗം വരുത്തുന്ന ദോഷാരോപണങ്ങളും, ദൃഢാഖ്യാനങ്ങളും പറയുകയോ എഴുതുകയോ ചെയ്യുന്ന ആംഗ്യങ്ങളാലോ ദൃശ്യമായ പ്രതിരൂപണങ്ങളാലോ ഇലക്ട്രോണിക് ആശയവിനിമയം വഴിയോ അല്ലെങ്കില്‍ മറ്റു പ്രകാരത്തിലോ ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും, അഖണ്ഡതയെയും, സുരക്ഷിതത്വത്തെയും അപകടത്തിലാക്കുന്ന തെറ്റായ അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ഉണ്ടാക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താല്‍ അയാള്‍ മൂന്നു വര്‍ഷത്തേക്ക് തടവിനും പിഴയ്ക്കും അല്ലെങ്കില്‍ രണ്ടിനും കൂടിയോ ശിക്ഷാര്‍ഹന്‍ ആകുന്നതാണ്. കൃത്യമായ തെളിവുകളോട് കൂടിയ ഈ കേസില്‍ രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെടും എന്നുള്ളതില്‍ യാതൊരു സംശയവുമില്ല. രാഹുല്‍ ഗാന്ധി തന്റെ പ്രസ്താവന ഇതുവരെ നിഷേധിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ തീഹാര്‍ ജയിലില്‍ സ്ഥിരം അന്തേവാസിയായി രാഹുല്‍ ഗാന്ധി മാറാന്‍ അധികം താമസമില്ല. രാഹുല്‍ ഗാന്ധി വെറുമൊരു രാഷ്ട്രീയക്കാരന്‍ മാത്രമല്ല, തിരഞ്ഞെടുക്കപ്പെട്ട ഒരു പാര്‍ലമെന്റ് അംഗവും, പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവും കൂടിയാണ്. അങ്ങനെയിരിക്കെ രാജ്യത്തിനെതിരെ പോരാടുന്ന രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെട്ടാല്‍ പാര്‍ലമെന്റ് എംപി സ്ഥാനവും, പ്രതിപക്ഷ നേതാവ് സ്ഥാനവും നഷ്ടപ്പെടും.
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഉയര്‍ന്നുവന്ന ശക്തമായ ദേശീയവികാരവും, സ്വത്വബോധവും ഇന്ന് ലോകത്തിനു മുന്നില്‍ ഭാരതത്തെ ഒരു വന്‍ശക്തി രാഷ്ട്രമാക്കി മാറ്റിയിരിയ്ക്കുന്നു. ഈയൊരു സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന പ്രതിലോമശക്തികള്‍ ആര് തന്നെയായാലും ആ രാജ്യദ്രോഹികളെ കണ്ടെത്തി കല്‍ത്തുറുങ്കില്‍ അടച്ചില്ലെങ്കില്‍ രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ തടസ്സങ്ങളുണ്ടാവും. അതുകൊണ്ടുതന്നെ രാഷ്ട്രീയം മാറ്റിവെച്ചുകൊണ്ടു രാഹുല്‍ ഗാന്ധിയ്ക്കും, കോണ്‍ഗ്രസ്സിനുമെതിരെ രാജ്യത്ത് ശക്തമായ ജനവികാരം ഉണര്‍ന്നു വരേണ്ടിയിരിക്കുന്നു. അതിനായുള്ള ജനജാഗരണം ദേശസ്‌നേഹികളായ ഓരോ പൗരന്റെയും, കടമയാണ്. അത് നിര്‍വ്വഹിക്കാന്‍ ഓരോ പൗരനും തയ്യാറാവുന്നിടത്താണ് നമ്മുടെ രാജ്യത്തിന്റെ ഐക്യവും, അഖണ്ഡതയും, പരമാധികാരവും, സ്വാഭിമാനവും സംരക്ഷിക്കപ്പെടുന്നത്.
(ബജരംഗ്ദള്‍ സംസ്ഥാന വിധി പ്രഘോഷ്ഠ് പ്രമുഖാണ് ലേഖകന്‍)