അമേരിക്കയിലെ അധികാരമാറ്റം ലോകത്തെ ബാധിക്കുക പലതരത്തിലാണ്. പ്രവചനാതീത സ്വഭാവ സവിശേഷതകളുള്ള ട്രംപിന്റെ അധികാര സോപാനത്തിലേക്കുള്ള രണ്ടാമൂഴത്തെ ലോക രാഷ്ട്രീയ നിരീക്ഷകരില്‍ പലരും ആശങ്കയോടെയാണ് കാണുന്നത്. ആഗോളതലത്തില്‍ പ്രബല സൈനിക-സാമ്പത്തിക ശക്തിയായ അമേരിക്കയുടെ ഏത് നിലപാടും വലിയ തുടര്‍ചലനങ്ങള്‍ ഉണ്ടാക്കാന്‍ പോന്നതാണ്. ട്രംപിന്റെ ആദ്യ ഊഴത്തില്‍ തന്നെ കടുത്ത ദേശീയവാദത്തിന്റെ വക്താവായി അറിയപ്പെട്ട അദ്ദേഹം രണ്ടാമൂഴത്തില്‍ താന്‍ കുറച്ചുകൂടി മെച്ചപ്പെട്ട ദേശീയവാദിയാണെന്ന് തെളിയിക്കാനാണ് സാധ്യത. യൂറോപ്യന്‍ ലിബറല്‍ ചിന്തയില്‍ ദേശീയവാദം അപരിഷ്‌കൃതമെന്നു വാദിച്ചു തുടങ്ങിയിടത്തുനിന്ന് യൂറോപ്പാകെ ദേശീയ ചിന്തകളിലേക്ക് മടങ്ങാനുള്ള സാധ്യതയാണ് ട്രംപിന്റെ നിലപാടിലൂടെ പുറത്തു വരുന്നത്. രണ്ടാമൂഴത്തില്‍ ട്രംപിനു ലഭിച്ച മെച്ചപ്പെട്ട ഭൂരിപക്ഷം ഏത് കടുത്ത നിലപാടും എടുക്കാന്‍ അദ്ദേഹത്തിന് ധൈര്യം പകരുന്നു. മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്തെ 78 എക്‌സിക്യൂട്ടീവ് നടപടികള്‍ ഭരണമേറ്റെടുത്ത ഒന്നാം ദിവസം തന്നെ റദ്ദുചെയ്ത ട്രംപ് താന്‍ കരുത്തനും ഏതറ്റംവരെ പോകുന്നവനുമാണെന്ന് അമേരിക്കയിലെ പ്രതിപക്ഷത്തിനും ലോകത്തെ ഇതര ശക്തികള്‍ക്കും സൂചന നല്‍കികഴിഞ്ഞിരിക്കുകയാണ്.
‘അമേരിക്ക ആദ്യം’– എന്നതാണ് ട്രംപിന്റെ എല്ലാ നിലപാടുകളുടേയും അടിസ്ഥാനം. അതിന് അദ്ദേഹത്തെ കുറ്റംപറയാനാവില്ല. അമേരിക്കന്‍ജനതയോടും അവരുടെ രാജ്യത്തോടുമുള്ള കടമയും കടപ്പാടും മറന്ന് ഒരു വിശ്വപൗരനായി അറിയപ്പെടാന്‍ ട്രംപ് ആഗ്രഹിക്കുന്നില്ല എന്നത് ഒരു വലിയ അപരാധമൊന്നുമല്ല. എന്നാല്‍ തന്റെ നയങ്ങളും നിലപാടുകളും ഇതര രാജ്യങ്ങളുടെ നിലനില്‍പ്പിനേയും ജനങ്ങളുടെ സമാധാനപൂര്‍ണ്ണമായ ജീവിതത്തേയും ബാധിക്കാതിരിക്കാന്‍ നോക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്തം അമേരിക്കന്‍ പ്രസിഡന്റിനുണ്ട്. ലോകാരോഗ്യ സംഘടനയില്‍ നിന്നും പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നുമുള്ള അമേരിക്കയുടെ പിന്‍മാറ്റം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. കോവിഡ്മാരി പടര്‍ന്നുപിടിച്ചപ്പോള്‍ ലോകാരോഗ്യ സംഘടന വേണ്ടവിധം ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ല എന്ന ട്രം പ് ഉന്നയിക്കുന്ന ആരോപണത്തില്‍ അടിസ്ഥാനമില്ലാതില്ല. അവികസിത-പിന്നാക്ക രാജ്യങ്ങളിലെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തില്‍ വികസിത രാജ്യങ്ങള്‍ വേണ്ട ശ്രദ്ധകൊടുക്കുന്നില്ലെങ്കില്‍ അത് ഒരിനം മാനവനീതി ലംഘനമാണ്. അമേരിക്കന്‍ വ്യവസായ താത്പര്യം സംരക്ഷിക്കുക എന്ന അങ്ങേയറ്റം സ്വാര്‍ത്ഥ പൂര്‍ണ്ണമായ നിലപാടില്‍നിന്നുണ്ടായ തീരുമാനമാണ് പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍നിന്നുള്ള പിന്‍മാറ്റം. ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം പരമാവധി കുറച്ചില്ലെങ്കില്‍ ഭൂമിയിലെ ആവാസവ്യവസ്ഥ സമ്പൂര്‍ണ്ണമായി തകരുമെന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്‍മാരുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പില്‍ നിന്നാണ് പാരീസ് കാലാവസ്ഥാ ഉച്ചകോടി ഉണ്ടാകുന്നത്. അമേരിക്കയും ചൈനയുമൊക്കെയാണ് ലോകത്തേറ്റവും കൂടുതല്‍ ഹരിത ഗൃഹ വാതകങ്ങള്‍ പുറത്തുവിടുന്നത്. ഫോസില്‍ ഇന്ധനങ്ങളുടെ ഘനനവും ഉപഭോഗവും കുറയ്ക്കുക എന്നതാണ് പാരീസ് കാലാവസ്ഥാ ഉടമ്പടിയുടെ കാതല്‍. ചൈന അനതിവിദൂര ഭാവിയില്‍ സാമ്പത്തിക വികസനത്തില്‍ അമേരിക്കയെ പിന്‍തള്ളുമോ എന്ന ഭയമാണ് ട്രംപിന്റെ പരിസ്ഥിതി വിരുദ്ധനിലപാടിന് കാരണം. ഏത് രാജ്യം പുറത്തുവിടുന്ന മാലിന്യവും ഭൂമിയെ മുഴുവന്‍ ബാധിക്കും എന്നിടത്താണ് അമേരിക്കന്‍ നിലപാട് ലോകത്തെ മുഴുവന്‍ അപകടപ്പെടുത്തുന്ന ഒന്നാകുന്നത്.
അറേബ്യന്‍ മത സാമ്രാജ്യത്വ അധിനിവേശം യൂറോപ്പിന്റെ ആകെ ഉയര്‍ന്ന ജനാധിപത്യ മാനവിക മൂല്യങ്ങളെ അട്ടിമറിച്ചു തുടങ്ങിയിരിക്കുന്നു എന്ന തിരിച്ചറിവാണ് കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുവാന്‍ ട്രംപിനെ പ്രേരിപ്പിക്കുന്നത്. അമേരിക്കയില്‍ ജനിക്കുന്ന ആര്‍ക്കും സ്വാഭാവികമായി പൗരത്വം ലഭിക്കുന്ന ജന്മാവകാശ പൗരത്വം ട്രംപ് എടുത്തുകളഞ്ഞിരിക്കുകയാണ്. അനധികൃത കുടിയേറ്റക്കാര്‍ പെരുകി അമേരിക്കയുടെ സംസ്‌കാരവും പാരമ്പര്യവും വരെ അപകടത്തിലായേക്കാം എന്ന തിരിച്ചറിവില്‍ നിന്നാണ് ട്രംപ് ഇത്തരമൊരു നിലപാടെടുക്കാന്‍ നിര്‍ബന്ധിതനായത്. ഇംഗ്ലണ്ടും ഫ്രാന്‍സുമൊക്കെ ഇന്ന് അനധികൃത കുടിയേറ്റക്കാരുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍കൊണ്ട് പൊറുതിമുട്ടി തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ട്രംപിന്റെ നിലപാടിനെ കുറ്റപ്പെടുത്താനാവില്ല. എങ്കിലും യുഎസ് ഭരണഘടന വാഗ്ദാനം ചെയ്യുന്ന ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കണമെങ്കില്‍ ഭരണഘടനാ ഭേദഗതി കൂടി വേണ്ടിവരും.
നല്ലൊരു കച്ചവടക്കാരനും വിലപേശല്‍ വിദഗ്ദ്ധനുമായ ട്രംപ് ഭാരതവുമായി നല്ല ബന്ധം സൂക്ഷിക്കാനാണ് സാധ്യത. ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം നല്ല വ്യക്തിബന്ധം സൂക്ഷിക്കുന്നു എന്നതു മാത്രമല്ല ഇതിനു കാരണം. ലോകത്തിലെ ഏറ്റവും വലുതും ക്രയശേഷി കൂടിയതുമായ മാര്‍ക്കറ്റാണ് ഭാരതത്തിന്റേത് എന്ന കാര്യം മറ്റാരേക്കാളും നന്നായി ട്രംപിനറിയാം. എന്നുമാത്രമല്ല, ഭാവിയില്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഇടയുള്ള ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഭാരതത്തെ കൂടെ നിര്‍ത്തേണ്ടത് അമേരിക്കയുടെ ആവശ്യമാണ്. എന്നു മാത്രമല്ല, സൈനികമായും സാമ്പത്തികമായും സുസ്ഥിരമായ വളര്‍ച്ച ഉള്ളതും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായ ഭാരതത്തിന്റെ സൗഹൃദം അമേരിക്കക്ക് അനിവാര്യമാണ്.
കരപ്രമാണി ചമയാനായി അമേരിക്ക ഏറ്റെടുത്ത പല യുദ്ധങ്ങളും അമേരിക്കന്‍ സാമ്പത്തിക അടിത്തറയെ ദുര്‍ബലപ്പെടുത്തിയിരുന്നു എന്ന പരോക്ഷ സമ്മതം കൂടിയാണ് ട്രംപിന്റെ നിലപാടില്‍ നിഴലിച്ചു നില്‍ക്കുന്നത്. ഇനി വരാന്‍ പോകുന്നത് വ്യാപാര മേല്‍ക്കൈക്കുള്ള പോരാട്ടത്തിന്റെ നാളുകളാണ് എന്ന സൂചനയും പുതിയ അമേരിക്കന്‍ പ്രസിഡന്റിന്റെ നിലപാടുകളില്‍ നിഴലിക്കുന്നുണ്ട്. അവിടെ ശീതയുദ്ധകാലത്തെ റഷ്യയെക്കാളും അമേരിക്ക ഭയക്കുന്നത് ചൈനയേയും ഭാരതത്തേയുമാണ്. ജനാധിപത്യ രാജ്യമായ ഭാരതത്തെ കൂടെ നിര്‍ത്തി ചൈനീസ് വ്യാളിയെ നേരിടാനായിരിക്കും ഇനിയുള്ള കാലം അമേരിക്ക ശ്രമിക്കുക. അതായത് ട്രംപിന്റെ രണ്ടാമൂഴം ഭാരതത്തിന് പല സാധ്യതകളും തുറന്നിടുന്നുണ്ട് എന്നു വേണം അനുമാനിക്കാന്‍.