പൂങ്കുയില്‍ ശ്രുതി താഴ്ത്തി,ശാരദ നിലാവ് തിരിതാഴ്ത്തി,ഭാവഗായകന്‍ ഉറക്കമായി. സ്മൃതിതന്‍ ചിറകിലേറി സ്വന്തം ഗ്രാമഭൂവില്‍ അണയും ഭാവചന്ദ്രനായിരുന്നു മലയാളികള്‍ക്ക് പി.ജയചന്ദ്രന്‍. മലയാളത്തിന്റെ ആ ഗാനയൗവനം മറഞ്ഞുപോയി. വര്‍ത്തമാനത്തിന്റെ സൂര്യശോഭ ഏറ്റുവാങ്ങിയ ഹരിതവര്‍ണ്ണമായി വിരാജിച്ച ഗാനങ്ങളായിരുന്നു പി. ജയചന്ദ്രന്റേത്. ‘കുഞ്ഞാലിമരയ്ക്കാര്‍’ എന്ന സിനിമയ്ക്കുവേണ്ടിയാണ് ആദ്യമായി അദ്ദേഹം പാട്ട് റിക്കോഡ് ചെയ്തത്. എങ്കിലും 1966ലെ കളിത്തോഴന്‍ എന്ന ചിത്രത്തിലെ ”മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമാണ് ജയചന്ദ്രനെ ശ്രദ്ധേയനാക്കുന്നത്. പി. ഭാസ്‌കരന്‍ – ദേവരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാനം. യേശുദാസിലൂടെയും ജയചന്ദ്രനിലൂടെയുമാണ് മലയാളസിനിമയുടെ പിന്നണി ഗാനലോകത്ത് താരോദയത്തിന് തുടക്കം കുറിച്ചത്. പദവൈഡൂര്യങ്ങളെ ആശയപ്രപഞ്ചത്തിന്റെ ചിപ്പികളാക്കിയ രചയിതാക്കളും താളം ചോരാതെ അവ ഈണങ്ങളിലേറ്റിയ അദ്വിതീയ സംഗീതസംവിധായകരും നിരന്ന അണിയിലേക്ക് ഇളനിലാവ് പോലെ കടന്നുവരാന്‍ കഴിഞ്ഞതാണ് ജയചന്ദ്രന് തെളിച്ചവും വെളിച്ചവുമായത്. അദ്ദേഹത്തിന്റെ പാട്ടുകള്‍ കൊണ്ടായിരുന്നു സംഗീത അക്കാദമി അനശ്വര ഗായകന് യാത്രയയപ്പ് നല്‍കിയത്. ജയചന്ദ്രന്റെ ഭൗതികശരീരം അക്കാദമിയുടെ പടികടന്നെത്തുമ്പോള്‍, ”തിരുവാഭരണം ചാര്‍ത്തി വിടര്‍ന്നു തിരുവാതിര നക്ഷത്രം” എന്ന ഗാനമായിരുന്നു മുഴങ്ങിയത് എന്നത് യാദൃച്ഛികമാകാം. ‘പ്രണയവും വിരഹവും വിഷാദവും ഭക്തിയും’ തുടങ്ങിയ ഭാവങ്ങളിലൂടെ ശ്രോതാക്കളില്‍ വികാരങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച അനശ്വരഗായകന്‍ അനക്കമറ്റുകിടന്നപ്പോള്‍, അവസാനമായി അദ്ദേഹത്തെ കാണാനെത്തിയവര്‍ ഉള്ളില്‍പാടി… ‘മൗനം പോലും മധുരം…’ മര്‍ത്യഭാഷ കേള്‍ക്കാത്ത ദേവദൂതികയും ആ പാട്ട് നുകര്‍ന്നു. മലയാളഭാഷതന്‍ മാദകഭംഗി പകര്‍ന്ന ഈ ഗായകന്റെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞതേ മലയാളിക്ക് അഭിമാനം.
കൊച്ചി കോവിലകത്തെ രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രകുഞ്ഞമ്മയുടെയും മകനായി 1944 മാര്‍ച്ച് മൂന്നിന് രവിപുരം ഭദ്രാലയം വീട്ടിലായിരുന്നു ജനനമെങ്കിലും ജയന്‍ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഇരിങ്ങാലക്കുടയിലേക്ക് താമസം മാറിയിരുന്നു. അവിടെ നിന്നാണ് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഗായകനിലേക്കുള്ള വളര്‍ച്ച. 1958ല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ലളിത സംഗീതത്തില്‍ യേശുദാസ് ഒന്നാം സ്ഥാനം നേടിയപ്പോള്‍ മൃദംഗ വായനയില്‍ ഒന്നാമനായി ജയചന്ദ്രനുമുണ്ടായിരുന്നു. അന്ന് മൃദംഗമല്ല പാട്ടാണ് നിന്റെ വഴിയെന്ന് ചൂണ്ടിക്കാട്ടിയ ഇരിങ്ങാലക്കുടക്കാരന്‍ കെ.വി.രാമനാഥന്‍ മാസ്റ്ററോട് മലയാളം എന്നും കടപ്പെട്ടിരിക്കുന്നു. ഏറെ ഗുരുനാഥന്മാരുടെ തലോടല്‍ ഏറ്റുവാങ്ങി ജയ ചന്ദ്രന്‍. മലയാളിയുടെ പുരുഷസങ്കല്‍പങ്ങള്‍ക്ക് ഇണങ്ങുന്ന ശബ്ദം എന്ന് വിശേഷിപ്പിച്ചത് സാക്ഷാല്‍ ദേവരാജന്‍മാസ്റ്റര്‍ ആയിരുന്നു. അദ്ദേഹം തന്നെയാണ് ആ അനശ്വരനാദം മലയാളിക്ക് പരിചയപ്പെടുത്തിയതും തുടര്‍ച്ചയായി പാടിച്ചതും. അനുരാഗഗാനംപോലെ… അഴകിന്റെ അലപോലെ എന്ന ഗാനം പാടാന്‍ മറ്റൊരാള്‍ ഇല്ലെന്ന് പറഞ്ഞത് എം.എസ്. ബാബുരാജ് ആണ്. മലയാളത്തിലെ ‘എവര്‍ഗ്രീന്‍’ പാട്ടെഴുത്തുകാരായ വയലാര്‍, പി.ഭാസ്‌കരന്‍, ഒഎന്‍വി, ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി, സംഗീത സംവിധായകരായ ദേവരാജന്‍, ബാബുക്ക, കെ.രാഘവന്‍, ദക്ഷിണാമൂര്‍ത്തി തുടങ്ങിയവരുടെ എത്രയോ ഗാനങ്ങള്‍, എം.എസ്.വിശ്വനാഥന്‍, എം.കെ.അര്‍ജുനന്‍, ഇളയരാജ, ശ്യാം, എ.ആര്‍.റഹ്മാന്‍, കീരവാണി തുടങ്ങി പ്രഗല്‍ഭമതികളുടെ പാട്ടുകളും അവിസ്മരണീയമാക്കി.

മലയാള സംസ്‌കൃതിയില്‍ അടയാളപ്പെടുത്തിയ നിരവധി ഗാനങ്ങള്‍ പൂവും പ്രസാദവും, മധുചന്ദ്രികയുടെ മായാത്തളികയില്‍, രാജീവ നയനേ നീയുറങ്ങ്… നിന്‍മണിയറയിലെ നിര്‍മ്മല ശയ്യയിലെ, ഹര്‍ഷബാഷ്പം തൂകി, ഏകാന്തപഥികന്‍ ഞാന്‍… നീലകണ്ണുകളോ…. ഉപാസന… ഉപാസന… തൊട്ടേനേ ഞാന്‍.., റംസാനിലെ ചന്ദ്രികയോ… സുപ്രഭാതം… സുപ്രഭാതം തുടങ്ങി എണ്ണമറ്റ ഗാനങ്ങള്‍ മലയാളക്കര ഏറ്റുപാടി… ജയചന്ദ്രന്റെ സംഗീതത്തില്‍ എന്നും കേരളീയമായ ഒരു ജീവിതസംസ്‌കാരത്തിന്റെ മുദ്രപതിഞ്ഞിരുന്നു. കേരളത്തനിമയുടെ ഗാനരുചമായ സോപാനസംഗീതത്തിന്റെ ആര്‍ദ്രത നമുക്കതില്‍ ദര്‍ശിക്കാനാവും. എം.ടിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ബന്ധനത്തിലെ ഓഎന്‍വി, എം.ബി.ശ്രീനിവാസന്‍ എന്നിവര്‍ ഒരുക്കിയ അവാര്‍ഡ് ഗാനം പാടിയത്. ശ്രീരാഗത്തില്‍ തുടങ്ങി ഹംസധ്വനിയിലൂടെ വസന്തരാഗത്തിലൂടെ മലയമാരുതത്തിലൂടെ ഒഴുകിപ്പോകുന്ന രാഗമാലിക ജയചന്ദ്രന്റെ ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ ശാസ്ത്രീയസംഗീത വിശാരദനല്ലാത്ത ഒരാള്‍ പാടിയതാണെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഓഎന്‍വിയുടെ വരികളില്‍ സ്വയം മറന്ന് അലിഞ്ഞൊഴുകിയാണ് ഗായകന്‍ ‘മധുകര മധുരശ്രുതിയില്‍ ഹൃദയസരോവരമുണരും. രാഗം, തുടുതുടെ വിടരും പൂവിന്‍ കവിളില്‍ പടരും നിര്‍വൃതിരാഗം…’ കാസറ്റ് വില്‍പ്പനയില്‍ ചരിത്രം സൃഷ്ടിച്ച കേശവന്‍ നമ്പൂതിരിയുടെ പുഷ്പാഞ്ജലി ഭക്തിഗാന ആല്‍ബം (1981) രചന എസ്. രമേശന്‍ നായരും വിഘ്‌നേശ്വരാ ജന്മ, വടക്കുംനാഥന്…, ഗുരുവായൂരമ്പലം ശ്രീവൈകുണ്ഡം, മൂകാംബികേ, നെയ്യാറ്റിന്‍കരവാഴും, പാറമേക്കാവില്‍ കുടികൊള്ളും ഇതില്‍ ഏതുപാട്ടാണ് നമുക്ക് മറക്കാന്‍ ആവുക. ദക്ഷിണാമൂര്‍ത്തിയുടെ ക്ലാസിക്കല്‍ ശൈലിയായാലും രാഘവന്‍മാഷിന്റെ ഫോക് രീതി ആയാലും പഠിപ്പിച്ച് തരുന്നത് അതേപടി പാടുകയാണ് അദ്ദേഹം. ഉദാ: കാവ്യപുസ്തകമല്ലോ ജീവിതം (സ്വാമി) നീലമലപ്പൂങ്കുയിലേ… (രാഘവന്‍ മാഷ്).

ഇരയിമ്മന്‍ തമ്പി ശ്രീരാഗത്തില്‍ ഒരുക്കിയ കരുണ ചെയ്‌വാനെന്തു താമസം… മുഖാരിരാഗത്തിലെ ‘അടിമലരിണ തന്നെ’ ദര്‍ബരി കാനഡയിലെ ജയദേവകൃതിയായ രാധികാകൃഷ്ണാരാധികാ…’, ‘മാനസസഞ്ചരരേ..’, ‘പാഹിപര്‍വതനന്ദിനി’, ‘പരമപുരുഷ ജഗദീശ്വര…’, ‘ഓമനതിങ്കള്‍ക്കിടാവോ…’ അങ്ങനെ ഏറെയാണ് ജയചന്ദ്രനാദത്തിന്റെ വശ്യതയില്‍ നാം കേട്ടത്. തമിഴിലും ഏറെ ഗാനങ്ങള്‍ അദ്ദേഹം പാടി. ജയചന്ദ്രനും വാണിജയറാമും ചേര്‍ന്ന് ആലപിച്ച യുഗ്മഗാനങ്ങള്‍ പലതും തമിഴില്‍ ഹിറ്റായവയാണ്. ഇളയരാജ തിളങ്ങിയ കാലത്ത് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഗാനങ്ങള്‍ ആലപിച്ചു. രാസാത്തി ഉന്നൈ… (വൈദേഹി കാത്തിരുന്നാള്‍). പുതുതലമുറ സംഗീതസംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു. യേശുദാസും ജയചന്ദ്രനും പാടിയ യുഗ്മഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ടു സഹോദരങ്ങള്‍ ആത്മാര്‍ത്ഥസുഹൃത്തുക്കള്‍ ഒരൊറ്റ ആത്മാവായി പാടുന്നു. ‘ആടാം പാടാം ആരോമല്‍ ചേകവര്‍ പണ്ടങ്കംവെട്ടിയ (ആരോമലുണ്ണി), പൊന്നിന്‍കട്ടയാണെന്നാലും… കണ്ണില്‍ കൊണ്ടാല്‍ (കണ്ണപ്പനുണ്ണി) സമയഥങ്ങളില്‍ നമ്മള്‍… (ചിരിയോ ചിരി). ഗായകര്‍ ഒരുമിച്ചു നിന്ന് പാടുമ്പോഴാണ് ഗാനത്തിന് പൂര്‍ണത കൈവരുക. വ്യക്തിത്വമുള്ള രണ്ടു സംഗീതധാരകള്‍; വിഭിന്നങ്ങളായ ആലാപനശൈലികള്‍. ഹൃദയസരസിലെ പ്രണയപുഷ്പം പകര്‍ന്നു തന്ന ശ്രീകുമാരന്‍ തമ്പിയുടെ 250ല്‍പരം ഗാനങ്ങള്‍ മധുരസംഗീതം നല്‍കി ജയചന്ദ്രന്‍ പാടി; എല്ലാം ഹിറ്റുകള്‍… സ്വര്‍ണ്ണഗോപുര… നര്‍ത്തകീ…, സന്ധ്യയ്‌ക്കെതിന് സിന്ദൂരം…, യദുകുല രതി ദേവനെവിടെ?, ഹൃദയേശ്വരീ നിന്‍ നെടുവീര്‍പ്പില്‍…

പോയകാലത്തിന്റെ വാസന്ത സ്മൃതിയിലേക്ക് ഏതൊരു മലയാളിയെയും കുട്ടിക്കൊണ്ടുപോകുന്ന മാസ്മരഭാവങ്ങള്‍ ചേര്‍ത്തുവച്ച ആലാപനശൈലിയാണ് ജയചന്ദ്രന്റേത്. എല്ലാ മണ്ഡലമാസക്കാലത്തും ഭക്തിനിറച്ചു കേട്ട ഗാനം… ‘ജടമുടിചൂടിയ കരിമല കാട്ടില്‍ തപസ്സിരിക്കുന്നു…. എന്ന വരികളില്‍ ജയചന്ദ്രന്റെ ഭാവം കൂടിച്ചേരുമ്പോള്‍ ശബരീശ സന്നിധിയിലേക്കുള്ള തീര്‍ത്ഥയാത്ര നടത്തുകയാണ് ഓരോ കേള്‍വിക്കാരനും. ഭക്തി ഗാനം ആലപിക്കുമ്പോഴും അതിലെ സാഹിത്യശുദ്ധിയും ഭാവങ്ങളും പ്രതിഫലിപ്പിക്കാന്‍ സവിശേഷ ശ്രദ്ധയേറെയുണ്ട്. സിനിമാഗാനങ്ങള്‍ക്കുപുറമേ സിനിമേതര ഗാനങ്ങളിലും മികച്ച റെക്കാഡാണ്. ലളിതഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍ അങ്ങനെ നിരവധി. അന്ന് ആകാശവാണിയില്‍ ലളിതഗാനങ്ങളുടെ സുവര്‍ണ്ണകാലഘട്ടത്തിനും സാക്ഷ്യം വഹിച്ചു. മലയാളത്തിന്റെ കാമുക ശബ്ദവും മലയാളഭാഷയുടെ മാദകഭംഗിയും പങ്കുവച്ച ഏകാന്തപഥികനായിരുന്നു ജയചന്ദ്രന്‍…
മികച്ച ഗായകനുള്ള ആദ്യ സംസ്ഥാന പുരസ്‌കാരം 1972ല്‍ പണിതീരാത്ത വീട്ടിലെ സുപ്രഭാതം (എം.എസ്.വിശ്വനാഥന്‍), 1985ല്‍ ദേശീയ പുരസ്‌കാരം ശ്രീനാരായണഗുരുവിലെ ശ്രീശങ്കരസര്‍വശരണ്യവിഭോ എന്ന ഗുരുസ്തുതിയുടെ ആലാപനം (ജി.ദേവരാജന്‍), ഏറെ വര്‍ഷങ്ങള്‍ക്കുശേഷം 1999ല്‍ നിറം സിനിമയിലെ ‘പ്രായം തമ്മില്‍ മോഹം’, തിളക്കത്തില്‍ ”നീയൊരു പുഴയായ്…, ശാരാദാബരം അങ്ങനെ ഏറെ പുരസ്‌കാരം പിന്നെയും. തമിഴ് സിനിമാസംഗീതത്തിന് നല്‍കിയ 30 വര്‍ഷത്തെ സംഭാവന പരിഗണച്ച് തമിഴ്‌നാട് സര്‍ക്കാര്‍ 1997ല്‍ കലൈമാമണി പുരസ്‌കാരം നല്‍കി ആദരിച്ചു. 2021ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉന്നതപുരസ്‌കാരമായ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചു. ഹൃദയസരോവരവും പത്മരാഗത്തിളക്കവും ഉപവനങ്ങളുടെ സുഗന്ധവും റംസാന്‍ ചന്ദ്രികയും തിരികെച്ചേരുന്ന ഓര്‍മ്മകളും പാട്ടിലൂടെ പകര്‍ന്നു തന്ന സ്വപ്‌നഗായകന്‍. പാട്ടിന്റെ വരികള്‍ പോലെ, അനുരാഗഗാനം പോലെ കടന്നുപോയി കരയില്‍ നാം മാത്രമായി…!