‘കുറിഞ്ജി’ രാഗത്തില്‍ ജയചന്ദ്രകണ്ഠം ജനരഞ്ജകമാക്കിയ, ജനകീയമാക്കിയ ഒരു ഗുരുവായൂരപ്പ ഗാനമുണ്ട് –
”ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം
അവിടത്തെ ശംഖമാണെന്റെ കണ്ഠം
കാളിന്ദിപോലെ ജനപ്രവാഹം,
തൃക്കാല്‍ക്കലേക്കോ, വാകച്ചാര്‍ത്തിലേക്കോ?
വിഷ്ണുപദംപൂകിയ മലയാളമഹാകവി എസ്. രമേശന്‍നായരുടെ ഭദ്രഭാവനത്തിന്റെ പവിത്രപല്ലവിയാണിത്. ദ്വിതീയപാദത്തിലെ ശംഖോപമാനമാണ് ജയചന്ദ്രനെന്ന പാലിയം പാട്ടുകുയില്‍. ശംഖു കടഞ്ഞ കഴുത്തഴകും എന്ന വടക്കന്‍പാട്ട് വര്‍ണനയുടെ ഭൗതികഭാവനയല്ലിത്. ഈ ‘കല്‍ക്കണ്ടകണ്ഠം’ ആലാപനത്തിന്റെ ആത്മീയാനുഗൃഹീതകണ്ഠമാണ്, പാട്ടിന്റെ പാഞ്ചജന്യശംഖമാണ്!
~ഒരു അനുഭവം പറയാം. 2022 ആഗസ്റ്റ് 16 ചൊവ്വാഴ്ച (രേവതിനാള്‍) ഗുരുവായൂര്‍ ക്ഷേത്രനട. അന്നെന്റെ 69-ാം പിറന്നാള്‍ ആയിരുന്നു. തൊഴലും പ്രസാദ ഊട്ടും കഴിഞ്ഞ് ഞാന്‍ കിഴക്കേ ഗോപുരനടയില്‍ നില്‍ക്കുമ്പോള്‍ ഉരുണ്ടുരുണ്ട് ‘കുറിഞ്ജി’ രാഗം പോലെ കുറിഞ്ഞന്‍ സാക്ഷാല്‍ ‘ഗാനജയേന്ദ്രന്‍’ ദ്രുതതാളനായി നടയില്‍ എത്തി, സഹചാരിയായി ബാബു അണ്ടത്തോടുമുണ്ടായിരുന്നു. പിറന്നാള്‍ ആണെന്നറിഞ്ഞപ്പോള്‍ ആശംസിച്ച്, പൊന്നാടയണിയിച്ചാദരിക്കാന്‍ ആ പാട്ടുപാലിയത്തച്ചന്, വെച്ചുകെട്ടില്ലാത്ത ആ പച്ചമനുഷ്യന് മടിയുണ്ടായില്ല, മനഃസംശയമുണ്ടായില്ല. രണ്ടു ദിവസം കഴിഞ്ഞ് രാത്രി 9 മണിയായിക്കാണും. ജയേട്ടന്റെ ഫോണ്‍. കുറേ പഴയകാലം, പാട്ടുകാലം പൗര്‍ണമിക്കാലം വിസ്തരിച്ചു. ‘ഒരൂസം താന്‍ തൃശ്ശൂര്‍ക്ക് വരാ. നമുക്കിവിടെക്കൂടാം.’ അവസാനമായി ഇതും കൂടി – ഉറക്കം വരുണൂ…. ഞാനേ, ഇപ്പോ ഉറങ്ങാന്‍ കിടക്കുമ്പൊ ഗുരുവായൂരപ്പനോട് പറയും, ഇതാ ഈ നാദം ആ പാദത്തില്‍ സമര്‍പ്പിക്കുകയാണ്. നാളെ ഉണര്‍ന്നാല്‍ തിരിച്ചെടുത്തോളാം. ഇല്ല്യാച്ചാ അത് ഭഗവാനില്‍ ലയിച്ചോട്ടെ’ ഈ പ്രാര്‍ത്ഥന തന്നെയാണ് പി.കെ. കേശവന്‍നമ്പൂതിരിയുടെ സംഗീതത്തില്‍ ഗാനപുഷ്്പാഞ്ജലിയിലൂടെ (1981) ജയേട്ടന്റെ ജന്മം നിര്‍വ്വഹിച്ചത്. എന്നാല്‍, ജയന്‍കുട്ടന്റെ കുട്ടിക്കാലത്തേ അദ്ദേഹം അയ്യപ്പഭക്തനായിരുന്നു. പനിക്കിടക്കയില്‍ കിടന്ന കുട്ടന്‍ ‘സ്വാമിയേ ശരണം അയ്യപ്പാ’ എന്ന് വിളിക്കുമായിരുന്നുവത്രെ. ആധാരശക്തിയായും, ആധാര ശ്രുതിയായും അയ്യപ്പസ്വാമിയെ ആരാധിച്ചിരുന്ന ജയചന്ദ്രന്‍ ആദ്യമായി അമ്മാവന്‍ ജയതിലകനൊപ്പം മലചവുട്ടിയ ചരിത്രം ഓര്‍മ്മകളുടെ ശിരസ്സിലെ ഇരുമുടിയിലുണ്ട്. അതിനാലായിരിക്കാം 60കളുടെ ഉത്തരാര്‍ദ്ധത്തില്‍, എച്ച്.എം.വിയിലൂടെ ജയനാദത്തില്‍ പുറത്തിറങ്ങിയ ‘ശ്രീശബരീശാ ദീനദയാലാ…’ (രചന-സംഗീതം: ജയവിജയ) എന്ന ശരണാര്‍ത്ഥനാഗാനം ആദ്യഗാനമായി ജയചന്ദ്രന്‍ തന്റെ ഗാനമേളകളില്‍ പാടിയിരുന്നത്. അയ്യപ്പചൈതന്യമോ, ഗുരുവായൂരപ്പചൈതന്യമോ അതെന്തുമാകട്ടെ ജയചന്ദ്രനെന്ന നാദശരീരന്‍ ആത്മീയ ചൈതന്യത്തിന്റെ കണ്ഠാഭരണങ്ങള്‍ അണിഞ്ഞിരുന്നുവെന്നത് സംഗീതസത്യം. അല്ലെങ്കില്‍, ശാസ്ത്രീയ ശിക്ഷണസാധകസമ്പന്നതയില്ലാതെ അദ്ദേഹം പാട്ടിലെ പരാജയചന്ദ്രനാകുമായിരുന്നു. 1966ല്‍ മലയാളത്തിലെ 118-ാമത് ചലച്ചിത്ര ഗായകനായി പിന്നണിയിലെത്തുമ്പോഴും (ചിത്രം കുഞ്ഞാലി മരയ്ക്കാര്‍ – ഗാനം ഒരു മുല്ലപ്പൂമാലയുമായ്… രചന – പി.ഭാസ്‌കരന്‍, സംഗീതം-ദേവരാജന്‍) ജയചന്ദ്രനില്‍ പരദേവതാനുഗ്രഹത്തിന്റെ ‘സ്വയംഭൂസ്വരജന്മ’ത്തെ ദര്‍ശിക്കാനാവും.

പാലിയത്ത് കുടുംബാംഗമാണ് ഈ ജയചന്ദ്രനച്ചന്‍. ചേന്ദമംഗലം പാലിയത്ത് പരദേവതാ ക്ഷേത്രമുണ്ട്, തറവാട്ടുവളപ്പില്‍. 17-ാം നൂറ്റാണ്ടില്‍ പണിത തറവാടിനോടു ചേര്‍ന്നാണ് ഭഗവതിത്തറയുള്ളത്. ഭരദേവതയുടെ അനുഗ്രഹാര്‍ത്ഥം പാലിയം തറവാട്ടുകാര്‍ നടത്തുന്ന പ്രത്യേകമായ ഐതിഹ്യപ്പെരുമയുള്ള വഴിപാടാണ് ‘കൊട്ടുംചിരിയും. കൈകൊട്ടി, ഉറക്കെച്ചിരിച്ച് നാമജപത്തോടെ വലം വെച്ചാല്‍ ആഗ്രഹാനുഗ്രഹസാഫല്യം നിശ്ചയമത്രേ. ‘കൊട്ടും ചിരിയും ഭഗവതിയുടെ അനുഗ്രഹാശിസ്സുകളുടെ ആലാപവിജയവിഗ്രഹനാണ് ജയചന്ദ്രന്‍. ഗാനഗന്ധര്‍വ്വനെന്ന് മഹാകവി ജി.വാഴ്ത്തിയ സക്ഷാല്‍ യേശുദാസിന്റെ സമകാലികനായി സാധകബലമില്ലാത്ത ജയേട്ടന്‍ വാണത് കുടുംബപരദേവതയുടെ വരലബ്ധിയാലാവില്ലെ? കുട്ടന്‍, പാട്ടിനും മുമ്പേ കൊട്ടുകാരനായിരുന്നുവെന്നോര്‍ക്കുക. 1958ല്‍ ആദ്യ സ്‌കൂള്‍ യുവജനോത്സവത്തില്‍ യേശുദാസ് വായ്പ്പാട്ടു പാടി വിജയിയായപ്പോള്‍ പക്കം ജയചന്ദ്രനെന്ന മൃദംഗമായിരുന്നു. ‘ആനന്ദഭൈരവി’യേക്കാള്‍ മുമ്പേ അദ്ദേഹം ആദിതാളമായിരുന്നുവെന്ന് ഞാന്‍ പറയും. അച്ഛന്‍ രവിവര്‍മ കൊച്ചനിയന്‍ തമ്പുരാന്റെ തൃപ്പൂണിത്തുറയിലും (പൂര്‍ണത്രയീശ ക്ഷേത്രം) അമ്മ പാലിയത്ത് സുഭദ്രകുഞ്ഞമ്മയുടെ ചേന്ദമംഗലത്തുള്ള (പുതിയ തൃക്കോവില്‍) കുടിയേറിപ്പാര്‍ത്ത ഇരിങ്ങാലക്കുടയിലും (കൂടല്‍ മാണിക്യക്ഷേത്രം) പ്യാരി ആന്‍ഡ് കമ്പനി ഉദ്യോഗസ്ഥനായിരുന്നപ്പോള്‍ അന്നത്തെ മദിരാശിയിലും (മഹാലിംഗപുരം അയ്യപ്പക്ഷേത്രം) ചെണ്ടയില്‍ പാണ്ടിയും പഞ്ചാരിയും കൊട്ടിക്കേറുന്ന ഒരു കുട്ടന്‍ (ജയചന്ദ്രന്‍) ഉണ്ടായിരുന്നു. ഭരദേവതയില്‍ നിന്നും ആവാഹിച്ചെടുത്ത താളം ഭാവഗായകന് ഒരിക്കലും പിഴച്ചില്ല. കൊട്ടുകഴിഞ്ഞാല്‍ പിന്നെ ചിരി (നര്‍മ) യായിരുന്നു ജയചന്ദ്രന്‍. കുഞ്ചന്‍നമ്പ്യാരും സഞ്ജയനും വി.കെ.എന്നും മിശ്രണം ചെയ്ത മിശ്രചാപ്പുതാളം തന്നെ ഈ കുട്ടനച്ചന്‍. നന്നായി പാടുമായിരുന്ന ചേട്ടന്‍ സുധാകരനിലൂടെയായിരുന്നു പാട്ടുപരിവേഷമണിഞ്ഞത്. മദിരാശിയില്‍ ജോലിയുണ്ടായിരുന്ന ഡോ.സുധാകരന്‍, യേശുദാസിന്റെ സുഹൃത്തായിരുന്നു. നിത്യവും സുധാകരന്റെ വാസസ്ഥലത്തെത്തുമായിരുന്ന യേശുദാസുമായി, ജയചന്ദ്രനും നല്ല സുഹൃദ്ബന്ധമായി; പാട്ടുവഴികളിലെ കൂട്ടുകാരായി. യേശുദാസ്, ഗാനഗന്ധര്‍വ്വനായി. ഭദ്രാലയത്തിലെ (രവിപുരം, എറണാകുളം) ജയചന്ദ്രന്‍ ഭാവഗായകനുമായി.
ജയചന്ദ്രന്‍ ഭാവഗായകന്‍. എങ്കില്‍, യേശുദാസിന്റെ ഗാനത്തില്‍ ഭാവമില്ലേ? പലര്‍ക്കും സന്ദേഹം. ‘ഭാവം’ ഉള്‍ക്കൊള്ളാത്ത ആള്‍ നല്ലഗായകനാവില്ല. യേശുദാസിന്റെ ഗാനത്തിലും ‘ഭാവം’ താരസ്ഥായിയിലുണ്ട്. രസനിഷ്യന്ദിയായ രാഗത്തിന്റെ, സ്വരസംഘാതത്തിന്റെ വ്യാകരണത്തില്‍ നിന്ന് സൃഷ്ടിയെടുക്കുന്ന വികാരഭാവമാണത്. ‘പഠിച്ചെടുത്ത് പാടുന്ന’ ഗായകന്‍ യേശുദാസ്. ജയചന്ദ്രനിലെ ഗായകന്റെ ഭാവം ആവിഷ്‌കൃതമാവുന്നത് ഇതരരൂപത്തിലാണ്. ‘പിടിച്ചെടുത്ത് പാടുന്ന’ ഗായകന്‍ – ജയചന്ദ്രന്‍! ആസ്വാദനത്തിലൂടെയും ജന്മവാസനയിലൂടെയുമാണ് ജയചന്ദ്രഭാവനയും ഭാവവും വളര്‍ന്നത്. തൃപ്പൂണിത്തുറയിലും ചേന്ദമംഗലത്തും ഇരിങ്ങാലക്കുടയിലും ഉത്സവപ്പറമ്പുകളില്‍ പുലരുവോളം നീളുന്ന കഥകളിരാവുകളില്‍ നിന്ന് നവരസങ്ങളും പാട്ടിലേക്കു പകര്‍ത്തിയെടുത്തു ഈ പാലിയത്തച്ചന്‍. കൂടിയാട്ടം, കൂത്ത്, പാഠകം തുടങ്ങി ക്ഷേത്രകലകളെല്ലാം തന്നെ പാട്ടിലാക്കാനും ജയചന്ദ്രജന്മവാസനക്ക് സാധിച്ചു. ഇതാണ് സ്വയംഭൂവിഗ്രഹനായ സംഗീതജ്ഞന്‍. മഹാസംഗീതവിദ്വന്മാരുടെ ഗുരുത്വത്തില്‍, ശാസ്ത്രീയാഭ്യസനം നേടാതിരുന്നിട്ടും 2021ല്‍ കീര്‍ത്തനസമാഹാരങ്ങളുടെ ഒരു ആല്‍ബം തന്നെ ജയചന്ദ്രനാദത്തില്‍ പുറത്തിറങ്ങി. കരുണ ചെയ്‌വാന്‍… (ശ്രീ) അടിമലരിണ.. (മുഖാരി), മാനസ സഞ്ചരരേ… (ശാമ) രാധികാകൃഷ്ണാ… (ദര്‍ബാരി കാനഡ) മഹാഗണപതിം… (നാട്ട) പാഹി പര്‍വതനന്ദിനി… (ആരഭി) ശ്രീപൂര്‍ണത്രയീശനേ… (ശഹാന) കാന്തനോട്… (നീലാംബരി) പരമപുരുഷ… (വസന്ത) മുരളീധരാ… (മാണ്ഡ്) ഓമനത്തിങ്കള്‍ക്കിടാവോ… (നീലാംബരി) എന്നീ പതിനൊന്ന് ഗീതകങ്ങള്‍ അടങ്ങുന്ന അതിശയ ശ്രുതിശില്പമായിരുന്നു അത്. ഭാരതത്തില്‍, ഒരു ലളിത സംഗീതജ്ഞനും ഇങ്ങനെ ഒരു ശാസ്ത്രീയ സംഗീതറെക്കാര്‍ഡ് ഉള്ളതായി അറിവില്ല.

എന്റെ 120 ഓളം ഭക്തിഗാനങ്ങളും അഞ്ച് ചലച്ചിത്രഗാനങ്ങളും ജയചന്ദ്രന്‍ പാടിപ്പതിപ്പിച്ചിട്ടുണ്ട്. ആദ്യമായി ജയചന്ദ്രന്‍ പാടിയ ഭക്തിഗാനം ശ്രീവാഴും പഴവങ്ങാടിയിലെ ഗണപതി ഭഗവാനേ…. (1980 ഹരിഃശ്രീ പ്രസാദം, സംഗീതം – ടി.എസ്. രാധാകൃഷ്ണന്‍) എന്റെ രചനയാണെന്നത് കവിജന്മസുകൃതമായി ഞാന്‍ കരുതുന്നു.
ഇതുമാത്രമല്ല, ‘ജയചന്ദ്രന്‍’ എന്നാരംഭിക്കുന്ന ‘ഏക അയ്യപ്പഗാന’വും എന്റേതായിട്ടുണ്ട്. 1994ല്‍ ‘അയ്യപ്പജയന്തി’ ആല്‍ബത്തിന് വേണ്ടി ഞാന്‍ എഴുതി ടി.എസ്. രാധാകൃഷ്ണന്‍ സംഗീതം ചെയ്ത് ‘ജോണി സാഗരിക’ പുറത്തിറക്കിയ ഭക്തിഗാനസമാഹാരത്തിലാണിത്.
ഗാനം
ജയചന്ദ്രനുദിക്കുന്ന രാവില്‍
ജമന്തിപ്പൂചൂടുന്ന രാവില്‍
ജനിനയനങ്ങളില്‍ ദര്‍ശനവിസ്മയം
ജതിസ്വരമാടും പൂജ,
പതിനെട്ടാം പടിപൂജ. (ജയചന്ദ്രന്‍…)
മഞ്ഞുലാവും പടിപ്പടവുകളില്‍
മംഗളദീപപ്രഭയില്‍
‘ഛാന്ദോഗ്യ’ത്തിന്‍ തത്ത്വമസീസുമ-
ചന്തം വിരിയുകയല്ലോ, അഷ്ട-
ഗന്ധം പുകയുകയല്ലോ. (ജയചന്ദ്രന്‍…)
പുണ്യജന്മം പൂണൂലിട്ടൊരു
പൂജകനായ നിമിഷം
‘ഭൂതനാഥസര്‍വ്വസ്വ’സാരമെന്‍
ചേതസ്സറിയുന്നുവല്ലോ, ദുഃഖ-
മേദസ്സൊഴിയുന്നുവല്ലോ. (ജയചന്ദ്രന്‍…)
നീലാംബരിരാഗരാത്രിയാമങ്ങളിലെ
പടിപൂജ പാടിയനുഭവിപ്പിച്ച ജയചന്ദ്രന് എന്നിലും മന്നിലും മരണമില്ല!

‘രാസാത്തി ഉന്നൈ കാണാതെ നെഞ്ചം…’ എന്ന രാജാഗാനത്തിലൂടെ (ഇളയരാജ) തമിഴകതൈപ്പൊങ്കല്‍മനം കീഴടക്കിയ ഈ മലയാളമകന് ഗുരുവായൂരപ്പനെ കൂടാതെ മറ്റ് അഞ്ച് ദൈവങ്ങള്‍ കൂടിയുണ്ട്, നാമംചൊല്ലി നമിക്കുവാന്‍- എം.എസ്.വിശ്വനാഥന്‍, ദേവരാജന്‍, പി.ഭാസ്‌കരന്‍, മുഹമ്മദ് റഫി, പി.സുശീല എന്നിവരാണവര്‍. ഈ ദൈവദര്‍ശനങ്ങള്‍ ജയചന്ദ്രനെന്ന കുട്ടിക്കുട്ടന് നല്‍കിയതാകട്ടെ ‘ഇരിങ്ങാലക്കുട ചൂടിയ’ ഗുരുനാഥന്‍ രാമനാഥന്‍ മാഷും.
സാഹിത്യകാരന്‍ അഷ്ടമൂര്‍ത്തി എഴുതി കഥയായതുപോലെ (കഥ:യേശുദാസും ജയചന്ദ്രനും- മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2020 ജൂണ്‍ 28) കഥാവശേഷനായെങ്കിലും ഈ പാലിയംപാട്ടുകുയില്‍ – പി.ജയചന്ദ്രന്‍- മലയാളിയുടെ മാനസഗ്രാമവൃക്ഷക്കുയിലായി, നിലയ്ക്കാതെ ആലാപലീലയാടും, അനന്തവസന്തര്‍ത്തുക്കളില്‍!