വൈകിട്ട് നടക്കാനിറങ്ങിയതായിരുന്നു. പിന്നില്‍ നിന്ന് ഒരു വിളി.
‘ഹലോ? എങ്ങനെയുണ്ട്? സുഖം തന്നെ? ന്യൂ ഇയറൊക്കെ എങ്ങനെയുണ്ടായിരുന്നു?’ പഴയ സുഹൃത്ത് കണ്ണഞ്ചേരി ബാബുരാജനാണ്.
‘സുഖം തന്നെ.’
‘റെസിഡന്‍സ് അസോസിയേഷന്റെ വാര്‍ഷികം ഗംഭീരമായിരുന്നു എന്ന് കേട്ടു.
‘ങാ ..പക്ഷെ പണ്ടത്തെപ്പോലെയല്ല ഇപ്പോള്‍. ജനസംഖ്യാ അനുപാതത്തില്‍ വന്ന മാറ്റം സ്പഷ്ടം..’
‘എന്ന് വെച്ചാല്‍?’
‘എന്ന് വെച്ചാല്‍ ഹിന്ദു കുട്ടികള്‍ ഇല്ല. അതിനാല്‍ ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം, മലയാള ഗാനങ്ങള്‍, കവിതകള്‍ എണ്ണത്തില്‍ കുറവ്. പകരം അമ്മമാരുടെ ഒരു കൈകൊട്ടിക്കളി മാത്രം. ബാക്കി എല്ലാം ഹിന്ദുസ്ഥാനി പാട്ടുകള്‍, യുവാക്കളുടെ ലുങ്കി ഡാന്‍സ്, ഒപ്പന, പിന്നെ പുതുതായ ഒരിനം പര്‍ദ്ദ ഡാന്‍സ്..’
‘ഹ.ഹ.ഹ..ഞങ്ങളുടെ റെസിഡെന്‍സിലും ഏറെക്കുറെ അങ്ങനെ തന്നെ. ഉള്ള കുട്ടികള്‍ പങ്കെടുക്കാനും വരില്ല.’
‘അതെന്താ? പങ്കെടുക്കാന്‍ കുപ്പായം ഊരുകയും മറ്റും വേണ്ടല്ലോ? ഹ.ഹ.ഹ.’
‘കുപ്പായം ഊരാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് പലരും അമ്പലത്തിലേയ്ക്ക് വരാത്തത് എന്ന ന്യായം ഞാന്‍ എവിടേയോ വായിച്ചു. അതൊക്കെ വെറുതെ. കളി കൂടുമ്പോള്‍ ബീച്ചിലും കോളേജ് ക്യാംപസിലും ഒക്കെ കുപ്പായം ഊരി വീശുന്നത് കാണാം. പൂണൂല്‍ കാണാന്‍ എന്ന ന്യായവും വായിച്ചു. പണ്ട് ആര്‍ക്കാ കുപ്പായമുണ്ടായിരുന്നത്. ഒരു രണ്ടാം മുണ്ടോ തോര്‍ത്തോ പുതയ്ക്കും. ലോഗന്റെ മലബാര്‍ മാന്വലില്‍ മലയാളിയുടെ ഈ വസ്ത്രധാരണ രീതിയെ കുറിച്ച് വിശദമായി പറയുന്നുണ്ട്.’
ബാബുരാജിന്റെ അഭിപ്രായത്തോട് ഞാന്‍ യോജിച്ചു.
‘എന്റെ കുട്ടിക്കാലത്ത് സന്ധ്യയ്ക്ക് നാമജപത്തിന് ശേഷം ഒരു സദാചാരപദ്യം വല്ല്യമ്മാവന്‍ ചൊല്ലിച്ചിരുന്നു. അതിലുള്ള വരികളാണ്
‘കുപ്പായവും പാപ്പാസുമിട്ട് ചെന്നാല്‍ സല്‍പ്പൂരുഷന്മാര്‍ വക വെയ്ക്കയില്ല’
എന്നത്. പണ്ട് അത് ‘അബ്‌നോര്‍മല്‍ ബിഹേവിയര്‍’ ആയിരുന്നു. ഫാഷന്‍ പൊങ്ങച്ചം കാട്ടുക. വലിയവരുടെ മുമ്പില്‍ തലേക്കെട്ടഴിച്ചും രണ്ടാം മുണ്ട് അരയില്‍ കെട്ടിയും ഭവ്യതയോടെ ഓച്ഛാനിച്ച് നില്‍ക്കുക എന്നത് സര്‍വ്വ സാധാരണയായിരുന്നു. രാജസദസ്സിലും ക്ഷേത്രങ്ങളിലും ആളുകള്‍ അങ്ങനെ ചെയ്തു വന്നു. തിരുവിതാംകൂര്‍ രാജ്യം ശ്രീപത്മനാഭന് തൃപ്പടിദാനം ചെയ്ത രാജാവും അങ്ങനെ ചെയ്തു. അതിലൊക്കെ ജാതീയത കണ്ടെത്തുന്നത് അയാള്‍ ചന്ദനം കയ്യിലേയ്‌ക്കെറിഞ്ഞ് തന്ന് എന്നെ അപമാനിച്ചു എന്ന് പറഞ്ഞ് ശാന്തിക്കാരനെ കുറ്റപ്പെടുത്തുന്ന പോലെയാണ്.’
‘ഹ.ഹ.ഹ.’ ബാബുരാജ് ചിരിച്ചു.
‘പഴയ മാമൂലുകളും അനാചാരങ്ങളും അതാത് ക്ഷേത്രഭാരവാഹികള്‍ തന്നെ വേണോ വേണ്ടയോ എന്ന് തീരുമാനിച്ച് മാറ്റം വരുത്തേണ്ടതാണ്. ഇലക്ട്രിസിറ്റി വന്നപ്പോള്‍ അമ്പലത്തില്‍ ഫാനും ട്യൂബ് ലൈറ്റും വന്നു. ഇപ്പോള്‍ ഇന്റര്‍നെറ്റ് സൗകര്യം വന്നപ്പോള്‍ പണം ക്യ.ആര്‍. കോഡ് വഴി സ്‌കാന്‍ ചെയ്ത് അയക്കാമെന്നായി. അതുപോലെ പരിഷ്‌കാരം വരുത്തണം’
ബാബുരാജ് അതിനെ പിന്തുണച്ചു.
‘ശരിയാണ്.. പരിഷ്‌ക്കാരം വേണം. ഗുരുവായുരിലേയും ശബരിമലയിലേയും തിരക്ക് കാണുമ്പോള്‍ വല്ലാത്ത വിമ്മിഷ്ടം തോന്നാറുണ്ട്. തിരക്ക് കുറയ്ക്കാന്‍ ഒരു ‘വാക്കിങ് എസ്‌കലേറ്റര്‍’ അത്യാവശ്യമാണ്. അല്ലാതെ ‘മാറൂ മാറൂ’ എന്ന് പറഞ്ഞ് ഭക്തരെ തള്ളുന്നത് ശരിയല്ല. ആട്ടെ ഇതിപ്പോ ഈ ഷര്‍ട്ടൂരല്‍ ആഗോളമായി ഹിന്ദുമതത്തിലെ ഒരു ജീര്‍ണ്ണത കൂടി എന്ന കണക്കിലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അല്ലേ?’
‘അതെ. അതിന് നിരന്തരം ശ്രമിക്കുന്ന ആഴരാജ്യ(ഡീപ് സ്റ്റേറ്റ്) ഏജന്റര്‍മാരുണ്ട്. ഭാരതത്തെ ശിഥിലമാക്കുക എന്നത് വ്രതമായി സ്വീകരിച്ചവര്‍. ജാതിവഴക്ക് അവരുടെ വജ്രായുധമാണ്. അതിനുള്ള കുത്തിത്തിരുപ്പിന്റെ ഭാഗമാണ് പലതും.’
‘എനിക്ക് തോന്നുന്നത് തമിഴ് നാട്ടിലെ സനാതനധര്‍മ്മ വിരോധികള്‍ അതിന് കൊണ്ട് പിടിച്ച് ശ്രമിക്കുന്നുണ്ട് എന്നാണ്. ഈയിടെ ഉദ്ഘാടനം ചെയ്ത് കന്യാകുമാരിയിലെ കണ്ണാടിപ്പാലവും അതിന് ശേഷം വന്ന സംവാദങ്ങളും ടി.വി.ഡിബേററുകളും അതാണ് കാണിക്കുന്നത്.’
‘മൂര്‍ഖര്‍. ഇവിടെ ശ്രീനാരായണഗുരുവിനെ അടര്‍ത്തിയെടുത്ത് സനാതന വിരോധിയാക്കുമ്പോലെ അവിടെ തിരുവള്ളുവരെ അടര്‍ത്തി മാറ്റി ഹിന്ദുത്വവിരോധിയാക്കുക. ചിലര്‍ അദ്ദേഹത്തെ ബുദ്ധനും ജൈനനും ആക്കുന്നു. ചിലര്‍ അദ്ദേഹം ജീവിച്ച കാലഘട്ടം പോലും മറന്ന് അദ്ദേഹത്തെ ക്രിസ്ത്യാനിയാക്കുന്നു. ഹാ കഷ്ടം.!’
‘ഞാന്‍ സ്റ്റാലിന്‍ ഷെയര്‍ ചെയ്ത വീഡിയോ കണ്ടു. അതില്‍ തിരുവള്ളുവരുടെ ചിത്രം കാട്ടി അതിന് മുന്നില്‍ സ്റ്റാലിന്റെ ഫോട്ടോ കാട്ടി അത് സാവധാനം തിരുവള്ളുവരില്‍ അലിഞ്ഞ് പോകുന്നതായി കാട്ടുന്നു. എന്തെല്ലാം കോമാളിത്തങ്ങള്‍.’
‘വിവേകാനന്ദപ്പാറയില്‍ കണ്ണാടിപ്പാലം ഒരു സന്ദര്‍ശക ആകര്‍ഷണമായിരിക്കാം പക്ഷേ വിവേകാനന്ദന്റേയും തിരുവള്ളുവരുടേയും സന്ദേശത്തേക്കാളേറെ ആളുകള്‍ക്ക് ഒരു തമാശ കളിക്കാനുള്ള സ്ഥലമായി അത് മാറില്ലേ?’
‘അത് തന്നെയാണ് സനാതനധര്‍മ്മം കീടബാധയാണെന്ന് പറയുന്ന ഇക്കൂട്ടരുടെ ഉദ്ദേശ്യം.
മകന്‍ ഉതയ നിതിയും (അങ്ങനെതന്നെ പറയണം സംസ്‌കൃതവിരോധികളുടെ നാമം നാമെന്തിന് മാറ്റണം?) അച്ഛന്റൊപ്പം അവിടെ ഉണ്ടായിരുന്നു.
‘പുലാല്‍ മറുത്തല്‍’ മാംസം വര്‍ജ്ജിക്കണമെന്നാണ് തിരുക്കുറല്‍ പറയുന്നത്. അതിന് ഒരദ്ധ്യായം നീക്കിവെച്ച സന്യാസിശ്രേഷ്ഠനായ തിരുവള്ളുവര്‍ കടുത്ത മാംസ ഭക്ഷണ വിരോധിയായിരുന്നു. എങ്കിലും ഈ പ്രഭൃതര്‍ ബീഫ് തീറ്റയ്ക്കായുള്ള ഭക്ഷണസ്വാതന്ത്ര്യസമരത്തില്‍ മുന്നിലുണ്ടായിരുന്നു. അപ്പോള്‍ തിരുവള്ളവരേയും മാനിക്കില്ല, സ്വാമി വിവേകാനന്ദനേയും ഗൗനിക്കില്ല. ഒരുതരം ‘അയഞ്ഞാംകൊയഞ്ഞ’ രാഷ്ട്രീയം.’
‘ഹ.ഹ.ഹ..’ ബാബുരാജ് ചിരിച്ചിട്ട് പറഞ്ഞു.
‘വാസ്തവത്തില്‍ ഇവിടേയും അത് തന്നെയല്ലേ സ്ഥിതി? സനാതനം അശ്ലീലം എന്ന് വരെ പറഞ്ഞ് വെച്ചില്ലേ? ആട്ടിയാലും തുപ്പിയാലും പാര്‍ട്ടി അടിമകളായ ഹൈന്ദവര്‍ വോട്ട് ചെയ്യും എന്ന ഉറച്ച വിശ്വാസമാണ് ഇവരെ നയിക്കുന്നത്.’
‘ശരിയാണ് മൂര്‍ഖരുടെ മനം മാറ്റം ദുഷ്‌ക്കരമാണ്. ഭര്‍തൃഹരി നീതിശതകത്തില്‍ പറയുന്നു.
പ്രയാസപ്പെട്ടാല്‍ ഒരുപക്ഷേ മണലില്‍ നിന്ന് അത് ഇടിച്ച് പിഴിഞ്ഞാല്‍ എണ്ണ ലഭിച്ചേയ്ക്കാം. മൃഗതൃഷ്ണയില്‍ നിന്ന് വെള്ളവും ലഭിച്ചേയ്ക്കാം. സൂക്ഷിച്ച് നോക്കിയാല്‍ മുയലിന് കൊമ്പുകള്‍ കണ്ടെത്തി എന്നും വരാം. പക്ഷെ മൂര്‍ഖരുടെ മനം മാറ്റം അത് അസാധ്യമാണ്.’
കണ്ണഞ്ചേരി റോഡിലേയ്ക്ക് എത്തിയപ്പോള്‍ ബാബു പറഞ്ഞു. ‘എന്നാല്‍ നോക്കിക്കോളൂ.. മാറ്റം അനിവാര്യമാണ്.’
അത് പറഞ്ഞ് ബൈ പറഞ്ഞ് ബാബു പോയി.
ഞാന്‍ ഭര്‍തൃഹരിയുടെ ശ്ലോകം ഓര്‍ത്തെടുത്തു.
ലഭേത് സികതാസു തൈലമപി യത്‌നതഃ പീഡയന്‍
പിബേച്ച മൃഗതൃഷ്ണികാസു സലിലം പിപാസാര്‍ദിതഃ ്യു
കദാചിദപി പര്‍യടന്‍ ശശവിഷാണമാസാദയേത്
ന തു പ്രതിനിവിഷ്ടമൂര്‍ഖചിത്തമാരാധയേത്.