ഭാരതത്തിന്റെ ബഹിരാകാശ യാത്ര ബഹുദൂരം മുന്നേറുകയാണ്. ഒരു പുതിയ നാഴികക്കല്ല് കൂടി പിന്നിട്ടുകൊണ്ട് ഭാരതം അതിന്റെ ആകാശദൗത്യം അഭംഗുരം തുടരുന്നു. രണ്ടു സ്വതന്ത്രപേടകങ്ങളെ ബഹിരാകാശത്ത് വെച്ച് ഡോക്ക് ചെയ്ത് ഒന്നാക്കുക എന്ന അത്യന്തം സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഭാരതം മാറിയിരിക്കുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബഹിരാകാശ സാങ്കേതികതയില്‍ ഭാരതം നേടുന്ന മഹാവിജയങ്ങളുടെ പരമ്പരയിലെ ഒരു സുപ്രധാന ഏടാണ് ഇത്.
ബഹിരാകാശഗവേഷണത്തില്‍ ഭാരതം ഒരു നിര്‍ണ്ണായക ഘട്ടത്തിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. ചന്ദ്രനിലും ചൊവ്വയിലും വരെ പേടകങ്ങള്‍ എത്തിക്കുകയും സൂര്യനെ നിരീക്ഷിക്കാന്‍ വേണ്ടി പതിനഞ്ചുലക്ഷം കിലോമീറ്റര്‍ അകലെ ആദിത്യ എന്ന പേടകത്തെ വിജയകരമായി എത്തിച്ച് നിലനിര്‍ത്തുകയും ചെയ്തത് അഭിമാനാര്‍ഹമായ നേട്ടങ്ങളാണ്. പിഎസ്എല്‍വി, എല്‍വിഎം 3 എന്നിവ ലോകത്തിലെ ഏറ്റവും വിശ്വസ്തമായ വിക്ഷേപണവാഹനങ്ങളുടെ നിരയിലായിക്കഴിഞ്ഞു. ഇനി ചന്ദ്രനില്‍ നിന്നും സാമ്പിളുകള്‍ ഭൂമിയിലെത്തിക്കുന്ന ചാന്ദ്രയാന്‍ 4, മനുഷ്യരെ ബഹിരാകശത്തെത്തിച്ച് മടക്കിക്കൊണ്ടുവരുന്ന ഗഗന്‍യാന്‍, സ്ഥിരമായ ബഹിരാകാശ സ്റ്റേഷന്‍ തുടങ്ങിയ സ്വപ്‌നങ്ങളെല്ലാം വരുംവര്‍ഷങ്ങളില്‍ സാക്ഷാത്കരിക്കപ്പെടാന്‍ പോവുകയാണ്. ഈ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ അനിവാര്യമായ ഒരു സാങ്കേതികവിദ്യയാണ് പേടകങ്ങള്‍ ബഹിരാകാശത്തുവെച്ച് സംയോജിപ്പിക്കുന്ന ഡോക്കിങ് സംവിധാനം. മേല്‍പ്പറഞ്ഞ പദ്ധതികള്‍ തുടങ്ങുമ്പോഴേക്കും ഈ സാങ്കേതികവിദ്യയില്‍ രാജ്യത്തിന് വൈദഗ്ധ്യം നേടേണ്ടതുണ്ട്. അതിന്റെ മുന്നൊരുക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
അറുപതുകളില്‍ യുഗപ്രഭാവനായ വിക്രം സാരാഭായ് ആണ് ഭാരതത്തിന്റെ ബഹിരാകാശ പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. ആരോടും മത്സരിക്കാനോ ആരെയും മറികടക്കാനോ അല്ല നാം ബഹിരാകാശപരീക്ഷണങ്ങളും പദ്ധതികളും ആവിഷ്‌കരിക്കുന്നത് എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. അതുകൊണ്ടുതന്നെ യാതൊരു സമ്മര്‍ദ്ദവുമില്ലാതെ ബഹിരാകാശപദ്ധതികള്‍ ജനങ്ങള്‍ക്ക് വേണ്ടി എന്ന നയം ഹൃദയത്തോട് ചേര്‍ത്താണ് ഐഎസ്ആര്‍ഒ ഓരോ പദ്ധതിയും നടപ്പാക്കുന്നത്.
ചന്ദ്രനിലും ചൊവ്വയിലുമൊക്കെ പേടകങ്ങള്‍ അയക്കുന്നതിന്റെയും ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്നതിന്റെയുമൊക്കെ പ്രയോജനം സാധാരണക്കാരുടെ ജീവിതത്തില്‍ വരെ പ്രതിഫലനമുണ്ടാക്കും. ബഹിരാകാശഗവേഷണത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ ടെക്‌നോളജികളാണ് പിന്നീട് സാധാരണക്കാരുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായത്. മൊബൈല്‍ ഫോണ്‍, ഉപഗ്രഹവാര്‍ത്താവിനിമയം, ടെലിവിഷന്‍ തുടങ്ങി ബഹിരാകാശത്തിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി വളര്‍ന്ന സാങ്കേതികവിദ്യകള്‍ എണ്ണിയാലൊടുങ്ങില്ല.
ഇന്ന് ലോകത്തില്‍ ഏറ്റവും ചിലവുകുറഞ്ഞതും വിശ്വാസ്യതയുള്ളതുമായ റോക്കറ്റുകളും സാങ്കേതികവിദ്യകളുമാണ് ഐഎസ്ആര്‍ഒയ്ക്കുള്ളത്. അതുകൊണ്ടുതന്നെയാണ് വണ്‍ വെബ് അടക്കമുള്ള വിദേശ കമ്പനികള്‍ അവരുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഭാരതത്തെ സമീപിക്കുന്നത്. ഈ വിശ്വാസ്യതയ്ക്ക് കൂടുതല്‍ ബലം നല്‍കാനും അതുവഴി ഉപഗ്രഹവിക്ഷേപണം എന്ന ലാഭകരമായ വാണിജ്യത്തിലൂടെ കൂടുതല്‍ തൊഴിലവസരങ്ങളും വരുമാനവും വര്‍ദ്ധിപ്പിക്കാനും ഇതുപോലുള്ള പരീക്ഷണങ്ങള്‍ സഹായിക്കും. നമ്മുടെ ചൊവ്വ പദ്ധതിയായ മംഗള്‍യാന്റെ വിജയത്തിന് ശേഷം പിഎസ്എല്‍വിയിലെ വിക്ഷേപണത്തിനുള്ള ആവശ്യം മൂന്ന് മടങ്ങാണ് വര്‍ധിച്ചത്. ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തിന് ശേഷമാണു വണ്‍ വെബ് കമ്പനി അവരുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഭാരതത്തെ സമീപിച്ചത്.
വ്യാവസായിക അടിസ്ഥാനത്തില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്റെ ചില കണക്കുകള്‍ ആവേശകരമായ ചിത്രമാണ് നല്‍കുന്നത്. 2013-2015 കാലത്ത് ഐഎസ്ആര്‍ഒ വിക്ഷേപിച്ചത് 28 വിദേശ ഉപഗ്രഹങ്ങളാണ്. എന്നാല്‍ 2016-2019 കാലത്ത് വിക്ഷേപിച്ചത് 239 വിദേശ ഉപഗ്രഹങ്ങളും. ഇതിലൂടെ നേടിയത് 6300 കോടി രൂപയുടെ വരുമാനമാണ്. കുറഞ്ഞ ചെലവ്, കൃത്യത എന്നിവയാണ് ഐഎസ്ആര്‍ഒയുടെ മുഖമുദ്ര. 2014 ല്‍ എട്ട് മാസത്തെ ആയുസ്സുമായി വിക്ഷേപിച്ച മംഗള്‍യാന്‍ പ്രവര്‍ത്തിച്ചത് എട്ട് വര്‍ഷമാണ്. ആറു മാസത്തെ ആയുസ്സ് കല്‍പ്പിക്കപ്പെട്ട്, 2019ല്‍ വിക്ഷേപിച്ച ചാന്ദ്രയാന്‍ 2 ന്റെ ഓര്‍ബിറ്റര്‍ ഇന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. വിക്ഷേപണത്തിലെ സൂക്ഷ്മതയും കൃത്യതയും കാരണം പേടകത്തില്‍ കരുതിയിരിക്കുന്ന ഇന്ധനം പൂര്‍ണ്ണമായി പ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ കഴിയുന്നത് കൊണ്ടാണ് ഇത്തരത്തില്‍ ഉപഗ്രഹങ്ങളുടെ ആയുസ്സ് നീട്ടിക്കിട്ടുന്നത്.
ഇപ്പോള്‍ രണ്ട് ബഹിരാകാശ നിലയങ്ങളാണ് ഭൂമിയെ ചുറ്റുന്നത്. അമേരിക്ക, റഷ്യ, യൂറോപ്യന്‍ രാജ്യങ്ങള്‍, കാനഡ, ജപ്പാന്‍ എന്നിവര്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം, പിന്നെ ചൈനയുടെ ടിയാന്‍ഗോങ് അന്താരാഷ്ട്രബഹിരാകാശനിലയം എന്നിവ 2030ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. 2035ഓടെ സ്വന്തമായി ഒരു ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഭാരതം തുടങ്ങിയിരിക്കുകയാണ്. പല മോഡ്യൂളുകളായി വിക്ഷേപിച്ച് ബഹിരകാശത്തു വെച്ച് സംയോജിപ്പിക്കുന്ന രീതിയിലാണ് ബഹിരാകാശ നിലയങ്ങള്‍ രൂപകല്പന ചെയ്യുന്നത്. ഭാരതത്തിന്റെ സ്വന്തം നിലയത്തിന്റെ ആദ്യ മോഡ്യൂള്‍ 2028 ല്‍ വിക്ഷേപിക്കും. പിന്നെ പല വിക്ഷേപണങ്ങളിലൂടെ നിലയത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ബഹിരകാശത്ത് എത്തിച്ച് ഡോക്ക് ചെയ്ത് ഒന്നാക്കി മാറ്റും. അപ്പോഴേക്കും ഡോക്കിങ് സാങ്കേതികതയില്‍ പൂര്‍ണ്ണ വൈദഗ്ധ്യം നേടേണ്ടത് അത്യാവശ്യമാണ്.
ഇങ്ങനെ ഇപ്പോള്‍ വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ പരിഗണിച്ച് ശ്രീഹരിക്കോട്ടയില്‍ മൂന്നാമതൊരു വിക്ഷേപണത്തറ കൂടി ഒരുക്കുകയാണ്. കൂടാതെ തമിഴ്‌നാട്ടിലെ കുലശേഖര പട്ടണത്തില്‍ രാജ്യത്തിന്റെ രണ്ടാമത്തെ വിക്ഷേപണകേന്ദ്രം തയ്യാറാകുന്നു. ഇതെല്ലം സൂചിപ്പിക്കുന്നത് ഭാരതത്തിന്റെ ബഹിരാകാശഭാവി ശോഭനമാണെന്നാണ്. ആ ഭാവിയിലേക്കുള്ള വലിയ ഒരു കരുതലും മുതല്‍ക്കൂട്ടുമാണ് ഇപ്പോള്‍ നടന്ന ഡോക്കിങ്ങ് പരീക്ഷണത്തിന്റെ വിജയം.