ശ്രീനാരായണഗുരു സനാതന ധര്‍മ്മത്തിന്റെ ഭാഗമായ സന്യാസിയല്ല എന്ന തരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശിവഗിരിയില്‍ നടത്തിയ പ്രസംഗം ഏറെ വിവാദമായിരുന്നുവല്ലോ.പിണറായി വിജയന്റെ ശിവഗിരി പ്രസംഗത്തിന്റെ തുടക്കത്തിലെ ഈ ഭാഗം ഒന്ന് ശ്രദ്ധിക്കൂ. ‘മനുഷ്യര്‍ക്ക് വംശീയമായ വിദ്വേഷത്തിന്റെ തീജ്വാലകളില്‍ നിന്നു രക്ഷപ്പെടാന്‍ കൂട്ടപ്പലായനം ചെയ്യേണ്ടി വരുന്നുണ്ട്. എല്ലായിടത്തും ചോര്‍ന്നു പോകുന്നതു മനുഷ്യത്വമാണ്. അത് പലസ്തീനിലായാലും അഫ്ഗാനിസ്ഥാനിലായാലും മണിപ്പൂരിലായാലും മറ്റെവിടെയായാലും ശരി ഓരോ വംശീയ സംഘര്‍ഷവും മുറിവേല്‍പ്പിക്കുന്നത് മനുഷ്യത്വത്തെയാണ്.’
പല രാജ്യങ്ങളെ ഉദാഹരിക്കുന്ന കൂട്ടത്തില്‍ ബംഗ്ലാദേശിലെ ഹിന്ദു കൂട്ടക്കൊലയെക്കുറിച്ച് ഒരു വാക്കു പോലും പറയാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. പത്രം വായിക്കാത്തത് കൊണ്ട് ആ വാര്‍ത്ത അറിഞ്ഞിട്ടില്ല എന്ന് തല്‍ക്കാലം സമാധാനിക്കാം.
‘തുടക്കം കാണുമ്പോള്‍ ഒടുക്കമറിയാം’ എന്ന് പഴമക്കാര്‍ പറയാറുണ്ട്. പ്രസംഗത്തിലെ ആദ്യ ഭാഗം കേള്‍ക്കുമ്പോള്‍ തന്നെ ഇത് എവിടെ ചെന്ന് നില്‍ക്കും എന്നതിനെപ്പറ്റി ഒരു ഊഹം ഉണ്ടായിരുന്നു. മാലോകര്‍ പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. ഹൈന്ദവ സമൂഹത്തെ വിമര്‍ശിച്ചാല്‍ ആരാണ് സന്തോഷിക്കുക, ആരെ കൂട്ടുപിടിച്ചാണ് അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത് എന്നതിനെപ്പറ്റിയൊക്കെ ഇവിടത്തെ സാധാരണ ജനങ്ങള്‍ക്ക് സുവ്യക്തബോധ്യമുണ്ട്.
എങ്കിലും അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റുകാരന് വര്‍ഗ്ഗസംഘട്ടനം ഉണ്ടാക്കാതെ നിലനില്‍ക്കാന്‍ കഴിയില്ല. തങ്ങളുടെ എതിര്‍ഭാഗം സംഘടിതമാണ് എങ്കില്‍, അവിടേയ്ക്ക് വിഭാഗീയതയും അന്തച്ഛിദ്രവും കൊണ്ടുവരാന്‍ എന്താണ് മാര്‍ഗ്ഗം എന്ന് ചിന്തിക്കുന്ന ശൈലി കമ്മ്യൂണിസ്റ്റുകാരന്റെ ജനുസ്സില്‍ തന്നെയുള്ളതാണ്.
‘സനാതനധര്‍മ്മത്തിന്റെ വക്താവും പ്രയോക്താവുമായി ശ്രീനാരായണ ഗുരുവിനെ സ്ഥാപിക്കാനുള്ള സംഘടിതമായ ശ്രമം ഇപ്പോള്‍ നടക്കുന്നുണ്ട്. ശ്രീനാരായണ ഗുരു സനാതന ധര്‍മ്മത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല, മറിച്ച്, ആ ധര്‍മ്മത്തെ ഉടച്ചുവാര്‍ത്ത് പുതിയ കാലത്തിനായുള്ള ഒരു നവയുഗധര്‍മ്മത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നു.’ പിണറായി വിജയന്‍ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.
ശ്രീനാരായണ ഗുരുദേവന്‍ ഹിന്ദു സന്ന്യാസിയല്ലെന്ന് കമ്മ്യൂണിസ്റ്റുകാര്‍ പറയാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ശ്രീനാരായണ ഗുരുദേവന്‍ ജന്മം കൊണ്ട് ഏതു സമുദായത്തിന്റെ ഭാഗമായിരുന്നുവോ, അവരില്‍ അപകര്‍ഷതാബോധം വളര്‍ത്തി തങ്ങള്‍ ഹിന്ദുക്കളില്‍ പെടുന്നവരല്ല എന്ന ചിന്ത നിലനിര്‍ത്തിയാല്‍ മാത്രമേ തങ്ങളുടെ പാര്‍ട്ടിയോട് അവര്‍ യോജിച്ചു നില്‍ക്കൂ എന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍.
ഹിന്ദു സമൂഹത്തില്‍ വിഭജനം ഉണ്ടാക്കാന്‍ സാധിക്കുന്ന ഏക തന്ത്രം ജാതിയാണ്. കമ്മ്യൂണിസ്റ്റുകാരനെ പോലെ ഏറ്റവും ഭംഗിയായി അത് പ്രയോഗിച്ചിട്ടുള്ളവര്‍ മറ്റാരുമില്ല.
പില്‍ക്കാലത്ത് ഇത്തരത്തിലുള്ള ജല്പനങ്ങള്‍ ഉണ്ടാകുമെന്ന് ബോദ്ധ്യമുള്ളതുകൊണ്ടായിരിക്കണം ഗുരുദേവന്‍ ‘ശങ്കരന്റെ മതം തന്നെയാണ് എന്റെ മതം’എന്ന് ഉദ്‌ഘോഷിച്ചത്.
ശങ്കരാചാര്യരുടെ അദ്വൈത ദര്‍ശനം തന്നെയാണ് നാരായണഗുരുദേവന്റെ ദൈവദശകത്തിലും നമുക്ക് കാണാന്‍ സാധിക്കുക. ആചാര്യ സ്വാമികള്‍ അദ്വൈത വേദാന്ത ദര്‍ശനം സംസ്‌കൃതത്തില്‍ രചിച്ചു എങ്കില്‍, ഗുരുദേവന്‍ അത് പച്ചമലയാളത്തിലാണ് എഴുതിവെച്ചത്.
നാരായണ ഗുരുദേവന്‍ ഹിന്ദു സന്യാസി അല്ലായിരുന്നു എന്നും തികഞ്ഞ മതേതരവാദിയായ കമ്മ്യൂണിസ്റ്റുകാരനായിരുന്നു എന്നുമുള്ള വാദം സമ്മതിച്ചു തരാം. ഒറ്റ ചോദ്യത്തിന് മാത്രം ഉത്തരം നല്‍കിയാല്‍ മതി. അദ്വൈതം എന്ന പദം തന്നെ സനാതനധര്‍മ്മത്തിന്റേത് മാത്രമാണ് എന്നിരിക്കെ, ശ്രീനാരായണ ഗുരുദേവന്‍ മതേതര ആശ്രമങ്ങള്‍ സ്ഥാപിക്കാതെ അദ്വൈതാശ്രമങ്ങള്‍ സ്ഥാപിച്ചത് എന്തുകൊണ്ടായിരിക്കും?
ശ്രീനാരായണ ഗുരുദേവനെ സനാതനധര്‍മ്മത്തിന് പുറത്ത് നിര്‍ത്തിക്കൊണ്ട് തങ്ങളുടെ ഉപകരണമാക്കി മാറ്റാനുള്ള ശ്രമം ഇടതുപക്ഷക്കാര്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി എങ്കിലും, അതിന് പിന്നിലെ ഗൂഢാലോചനകള്‍ അധികമാര്‍ക്കും അറിയില്ല. ഗുരുദേവന്‍ രചിച്ച പല കൃതികളെയും തമസ്സിലേക്ക് മറച്ചു കൊണ്ടാണ് ആ ഗൂഢാലോചന അവര്‍ നിറവേറ്റിയത്.
ശ്രീനാരായണ ഗുരുദേവന്‍ രചിച്ച ‘ശ്രീനാരായണ ധര്‍മ്മം അഥവാ ശ്രീനാരായണ സ്മൃതി’ അത്തരത്തില്‍ ഒന്നാണ്. 1965 ല്‍ ശിവഗിരി മഠത്തില്‍ നിന്നും പ്രസിദ്ധപ്പെടുത്തിയ ആ പുസ്തകത്തിന് വ്യാഖ്യാനം ചമച്ചത് ശ്രീനാരായണ തീര്‍ത്ഥ സ്വാമികളാണ്. ക്ഷേത്രപ്രതിഷ്ഠകളും ആചാരപരിഷ്‌കരണങ്ങളും മാത്രമല്ല ഗുരുദേവന്‍ ചെയ്തത്. സകല മതങ്ങളിലും ജാതികളിലുംപെട്ട മനുഷ്യര്‍ക്ക് ഒന്നായി ജീവിക്കാനും സനാതനധര്‍മ്മ മൂല്യങ്ങള്‍ അവരുടെ ജീവിതത്തില്‍ സാക്ഷാത്കരിക്കാനും ഉതകും വിധത്തില്‍ ഒരു ധര്‍മസംഹിതാ ഗ്രന്ഥം കൂടി അദ്ദേഹം രചിച്ചു വച്ചു. നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഏകദൈവവിചാരം മുതല്‍ പഞ്ചമഹായജ്ഞങ്ങള്‍ വരെയുള്ള സനാതനധര്‍മ പദ്ധതിയെ മഹര്‍ഷി ദയാനന്ദന്‍ ഉപദേശിച്ചതു പോലെ ക്രമനിബദ്ധമായാണ് ഗുരുദേവന്‍ ആ ഗ്രന്ഥത്തില്‍ പറഞ്ഞു വെച്ചിട്ടുള്ളത്. 1924ല്‍ ഉപദേശിക്കപ്പെട്ട ഈ കൃതിയുടെ പതിപ്പുകള്‍ ശിവഗിരി മഠം 1957 ലും 1965 ലും പുറത്തിറക്കിയിരുന്നു. ഇതിന്റെ പ്രസിദ്ധീകരണം ശിവഗിരി മഠം ഇപ്പോഴും തുടരുന്നുണ്ടെന്നു വിശ്വസിക്കുന്നു. മറ്റു ഗുരുദേവ കൃതികളെ ഒക്കെ മാറ്റിവച്ച്, ആ ഒരൊറ്റ പുസ്തകത്തെ അടിസ്ഥാനമാക്കി ചിന്തിച്ചാല്‍ പോലും ഗുരുദേവന്‍ സനാതനധര്‍മ്മത്തിന്റെ ഏറ്റവും ഉറച്ച വക്താവായിരുന്നു എന്ന് ബോധ്യപ്പെടും. ആഴത്തില്‍ പഠിച്ചാല്‍ ഗുരുദേവനോളം സമ്പൂര്‍ണ്ണ വൈദിക വിജ്ഞാനം നേടിയ ഒരു സന്യാസി കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടെ കേരളത്തില്‍ ജനിച്ചിട്ടില്ല എന്ന് തന്നെ പറയേണ്ടിയും വരും. പിന്നീട് മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെയാണ്. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നുദ്‌ഘോഷിച്ച ഗുരു എങ്ങനെ ഒരു മതത്തിന്റെ പരിമിതിക്കുള്ളില്‍ രൂപപ്പെട്ടുവന്ന സനാതന ധര്‍മ്മത്തിന്റെ വക്താവാകും? വര്‍ണവ്യവസ്ഥയ്ക്ക് എതിരായ ധര്‍മ്മമാണ് ഗുരു ഉയര്‍ത്തിപ്പിടിച്ചത്.’
ഗുരുദേവന്‍ എങ്ങനെ സനാതനധര്‍മ്മത്തിന്റെ വക്താവാകും എന്ന നിരന്തരമായ കമ്മ്യൂണിസ്റ്റ് ചോദ്യം യഥാര്‍ത്ഥത്തില്‍ ഗുരുദേവനെ സമ്പൂര്‍ണ്ണമായും അപമാനിക്കുന്ന ഒന്നാണ്. കാരണം ഗുരുദേവനോളം വൈദിക ധര്‍മ്മത്തെ സമ്പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട മറ്റൊരു സന്യാസി ശ്രേഷ്ഠനും കേരളത്തില്‍ ഇല്ല തന്നെ. സനാതനധര്‍മ്മത്തിന്റെ അടിസ്ഥാനം തന്നെ വേദമാണല്ലോ. ആ വേദം നിലനില്‍ക്കുന്നത് പാരമ്പര്യ ഉപദേശക്രമങ്ങളിലൂടെയും യജ്ഞങ്ങളിലൂടെയും ആണല്ലോ.
എന്താണ് ഗുരുദേവന്‍ ചെയ്തുവന്നിരുന്നത്? അരുവിപ്പുറത്തും ശിവഗിരിയിലും അടക്കം ഗുരുദേവന്റെ പരമ്പരയില്‍ പെട്ടവരോട് എന്ത് ചെയ്യാനാണ് അദ്ദേഹം ഉപദേശിച്ചത്. ശ്രീനാരായണഗുരു കേവലം ഒരു സന്യാസി മാത്രമല്ല, വൈദികനും താന്ത്രികനും കൂടി ആയിരുന്നു. അദ്ദേഹം ഒരു അഗ്‌നിഹോത്രിയും കൂടി ആയിരുന്നു എന്നത് പലര്‍ക്കും അറിവുള്ള കാര്യമല്ല. ബ്രഹ്മത്തെ അഗ്‌നി എന്ന ഉപാധിയില്‍ മൂര്‍ത്തിവത്ക്കരിച്ച അപൂര്‍വ്വം സന്യാസിമാരില്‍ ഒരാളാണ് ശ്രീനാരായണ ഗുരു.
സാധാരണഗതിയില്‍ സന്യാസിമാര്‍ സര്‍വ്വ പ്രപഞ്ചത്തിലും സ്വഹൃദയത്തിലും പരമാത്മാവിനെ കാണുന്ന സമ്പ്രദായക്കാരാണ് എങ്കില്‍, ശ്രീനാരായണഗുരു അവിടെ വൈദികത്തെയും താന്ത്രികത്തെയും ഉള്‍ക്കൊണ്ടു. ഉള്‍ക്കൊണ്ടു എന്ന് മാത്രമല്ല അത് പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവരികയും മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തു. അരുവിപ്പുറത്തും ശിവഗിരിയിലും അടക്കം ഗുരുദേവ പരമ്പരയില്‍ പെട്ട സ്ഥാനങ്ങളിലൊക്കെ നിത്യാഗ്‌നിഹോത്രം ചെയ്യാനുള്ള ഏര്‍പ്പാട് അദ്ദേഹം ഉണ്ടാക്കിവെച്ചു. അഗ്‌നിയുടെ ഉപാസന സമ്പൂര്‍ണ്ണമായും വൈദികമാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. കേവലം ആഗ്‌നേയാരാധന അനുഷ്ഠിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. വിശേഷപ്പെട്ട ഒരു ഹോമ മന്ത്രം അദ്ദേഹം ഉപദേശിക്കുക കൂടി ചെയ്തു. ആ മന്ത്രത്തിന്റെ ദ്രഷ്ടാവ് സ്വയം ഗുരു തന്നെയാണ്. ഈ മന്ത്രം 1925-26 ല്‍ അദ്ദേഹം ആദ്യം എഴുതിക്കൊടുത്തത് ആര്യസമാജ പ്രവര്‍ത്തകര്‍ക്കാണ്.
അഗ്‌നേ തവ യത്തേജസ്തദ് ബ്രാഹ്മം
അതസ്ത്വം പ്രത്യക്ഷം ബ്രഹ്മാസി
ത്വദീയാ ഇന്ദ്രിയാണി മനോ ബുദ്ധിരിതി സപ്തജിഹ്വാഃ
ത്വയി വിഷയാ ഇതി സമിധോ ജുഹോമി
അഹമിത്യാജ്യം ജുഹോമി
ത്വം ന പ്രസീദ പ്രസീദ
ശ്രേയശ്ച പ്രേയശ്ച പ്രയച്ഛ സ്വാഹാ
മേല്‍ മന്ത്രത്തിന്റെ അര്‍ത്ഥം പരിശോധിച്ചാല്‍, അഗ്‌നിയെ പ്രത്യക്ഷ ബ്രഹ്മമായി പറഞ്ഞുകൊണ്ട്, തന്നെത്തന്നെ, തന്റെ അഹം ബോധത്തെ തന്നെ അതിലേക്ക് ആജ്യമായി (നെയ്യായി) സമര്‍പ്പിച്ചു കൊണ്ട് അഗ്‌നിയുടെ പ്രസാദത്തിനായി പ്രാര്‍ത്ഥിക്കുന്ന ഒരു വൈദിക ശ്രേഷ്ഠനെയാണ് നമുക്ക് ഗുരുവില്‍ കാണാന്‍ സാധിക്കുക. ആ ഗുരുവിനെയാണ് സനാതനധര്‍മ്മത്തിന്റെ ഭാഗമല്ല എന്ന് ഇവര്‍ പറഞ്ഞു പരത്തുന്നത്. വര്‍ണ്ണാശ്രമങ്ങളും ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയും ഒക്കെ വേദത്തിന്റെ ഭാഗമാണ് എന്നത് ഓര്‍മ്മിക്കുക. അതേ വൈദികചര്യയാണ് ഗുരുദേവന്‍ പിന്തുടര്‍ന്നതും. അതൊക്കെ അനാചാരങ്ങളാണ് എങ്കില്‍ അദ്ദേഹം അങ്ങനെ ചെയ്യില്ല. പില്‍ക്കാലത്ത് വന്ന പലരും അദ്ദേഹം വിവിധ സാഹചര്യങ്ങളില്‍ പ്രസ്താവിച്ചിട്ടുള്ളതിനെയൊക്കെ സാഹചര്യം മാറ്റി സ്വന്തം ഇഷ്ടപ്രകാരം വികല വ്യാഖ്യാനങ്ങള്‍ കൊടുത്ത് നശിപ്പിക്കുന്ന, സത്തയെ തന്നെ കളയുന്ന ദൗര്‍ഭാഗ്യകരമായ ദൃശ്യങ്ങളാണ് കാണാന്‍ സാധിക്കുന്നത്. ഗണേശ അഥര്‍വ്വ ശീര്‍ഷം അടക്കം 12 വൈദിക മന്ത്രങ്ങള്‍ ചേര്‍ത്ത ശാന്തി പാഠം ഗുരുദേവന്‍ സ്വന്തം പരമ്പരയ്ക്ക് ഉപദേശിച്ചിട്ടുണ്ട് (അരുവിപ്പുറത്ത് ഇത് ചൊല്ലുന്നത് ലേഖകന്‍ കേട്ടിട്ടുമുണ്ട്).
ഒരാള്‍ സനാതനധര്‍മ്മി അല്ലാതാകണമെങ്കില്‍, അയാള്‍ ആദ്യം തള്ളിപ്പറയേണ്ടത് സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ വേദത്തെയാണ്. കേരളത്തിലെ വിവിധ സന്യാസിമാരെയും ആചാര്യന്മാരെയും എടുത്തു പരിശോധിക്കുമ്പോള്‍, വൈദികത്തെ ഏറ്റവുമധികം ഹൃദയത്തിലേക്ക് ആവാഹിച്ചത് ശ്രീനാരായണഗുരു ആണെന്ന് നിസ്തര്‍ക്കം പറയാനും തെളിയിക്കാനും സാധിക്കും. പിന്നീട് അദ്ദേഹത്തിന്റെ പരമ്പരയില്‍ പെട്ട പലരും, ഗുരുദേവന്‍ വൈദിക സമ്പ്രദായത്തെ ആചരിച്ചിരുന്നില്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടതും നമ്മള്‍ കണ്ടതാണ്.
ശ്രുതി, സ്മൃതി, പുരാണങ്ങളെ അടിസ്ഥാനമാക്കി, അദ്ദേഹം മാനവരാശിക്ക് ഉപദേശിച്ച ജീവിതപദ്ധതിയാണ് ‘ശ്രീനാരായണ സ്മൃതി അഥവാ ശ്രീനാരായണ ധര്‍മം’ എന്ന ഗ്രന്ഥം. വേദത്തിന്റെ സനാതന തത്വത്തെ പ്രമാണമാക്കി, കാലത്തിനനുസരിച്ച് നമുക്കുവേണ്ടി അദ്ദേഹം തയ്യാറാക്കിയതാണ് ഈ ധര്‍മശാസ്ത്ര ഗ്രന്ഥം. തന്റെ അവസാനകാലത്ത് തയ്യാറാക്കിയ ഈ ‘സ്മൃതി’ അദ്ദേഹം ഉപദേശിക്കുന്നത് സര്‍വ ധര്‍മ്മങ്ങളിലും പെട്ട മനുഷ്യര്‍ക്ക് വേണ്ടിയാണ്.
‘ഒരു ജാതി, ഒരു മതം’ എന്ന് ഗുരു അരുളിച്ചെയ്തപ്പോള്‍, അവര്‍ ഏതാചാരമാണ് അനുഷ്ഠിക്കേണ്ടത് എന്ന കാതലായ ചോദ്യം ഉണ്ടാകും. അതിനുള്ള മറുപടി ആയിട്ടാണ് ‘ശ്രീനാരായണ ധര്‍മ്മം’ അവതരിപ്പിക്കപ്പെടുന്നത്. ഭഗവദ്ഗീതയുടെ മാതൃകയില്‍, ഗുരുശിഷ്യ സംവാദമായാണ് ഈ കൃതിയെ അവതരിപ്പിച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ വിശ്വം മുഴുവനും സനാതനധര്‍മ്മം വ്യാപിപ്പിക്കാന്‍ ഉതകും വിധമാണ് അദ്ദേഹം ആ ഗ്രന്ഥം രചിച്ചിട്ടുള്ളത്. മാത്രമല്ല, എല്ലാവരും സനാതനധര്‍മ്മത്തിന്റെ ഭാഗഭാക്കാകണം എന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു.
പിണറായി വിജയന്‍ പ്രസംഗിച്ചതിലെ ഒരു ഭാഗം കൂടി ശ്രദ്ധിക്കാം. ‘സനാതന ധര്‍മ്മം എന്നതുകൊണ്ടു വിവക്ഷിക്കുന്നതെന്താണ്? അത് വര്‍ണാശ്രമ ധര്‍മ്മമല്ലാതെ മറ്റൊന്നുമല്ല. ആ വര്‍ണാശ്രമ ധര്‍മ്മത്തെ വെല്ലുവിളിച്ചുകൊണ്ടും മറികടന്നുകൊണ്ടും കാലത്തിനൊത്തു നിലനില്‍ക്കുന്നതാണ് ഗുരുവിന്റെ നവയുഗ മാനവിക ധര്‍മ്മം. മതങ്ങള്‍ നിര്‍വചിച്ചുവെച്ചതേയല്ല ഗുരുവിന്റെ ഈ നവയുഗ ധര്‍മ്മം. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് അതുവരെ ഏതെങ്കിലും മതം പറഞ്ഞിരുന്നോ? ഇല്ല. സര്‍വമതങ്ങളുടെയും സാരം ഏകമാണ് എന്ന് അതുവരെ ഏതെങ്കിലും മതം പറഞ്ഞിരുന്നോ? ഇല്ല. അപ്പോള്‍ വ്യക്തമാവുന്നതെന്താണ്? മതാതീതമായ മാനുഷ്യകത്തിന്റെ സത്തയെ ഉള്‍ക്കൊള്ളുന്ന മനുഷ്യത്വപരമായ വിശ്വദര്‍ശനമാണ് ഗുരു ഉയര്‍ത്തിപ്പിടിച്ചത് എന്നാണ്. അതിനെ സനാതന തത്വത്തിന്റെ ചട്ടക്കൂടിനുള്ളിലാക്കാന്‍ നിന്നാല്‍ അതു ഗുരുവിനോടു ചെയ്യുന്ന വലിയ നിന്ദയാവും. സനാതനധര്‍മ്മത്തിന്റെ പര്യായമോ അവിഭാജ്യ ഘടകമോ ആണ് വര്‍ണാശ്രമധര്‍മ്മം. ചാതുര്‍വര്‍ണ്യ പ്രകാരമുള്ള വര്‍ണാശ്രമധര്‍മ്മം. അത് ഉയര്‍ത്തിപ്പിടിച്ചതെന്താണ്? കുലത്തൊഴിലിനെയാണ്. ശ്രീനാരായണ ഗുരു ചെയ്തതോ കുലത്തൊഴിലിനെ ധിക്കരിക്കാന്‍ ആഹ്വാനം ചെയ്യലാണ്. അപ്പോള്‍ പിന്നെ ഗുരു എങ്ങനെ സനാതന ധര്‍മ്മത്തിന്റെ വക്താവാകും? ചാതുര്‍വര്‍ണ്യ വ്യവസ്ഥ ഉടനീളം ചോദ്യം ചെയ്യുന്നതും ധിക്കരിക്കുന്നതുമായിരുന്നു ഗുരുവിന്റെ സന്യാസ ജീവിതം. ‘
ഇതിനുള്ള മറുപടി ഗുരുദേവ കൃതികളിലുണ്ട്. ഗുരുദേവനില്‍ ചില അല്പമാത്ര ബുദ്ധികള്‍ ആരോപിക്കുന്ന സനാതന വിരുദ്ധതയെ പൂര്‍ണമായി നിരാകരിക്കുന്ന കൃതിയാണ് ശ്രീനാരായണ സ്മൃതി. ഗുരുദേവന്‍ വേദങ്ങളുടെ പ്രാമാണ്യത്തെ എത്രകണ്ട് അംഗീകരിക്കുന്നു? ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നുപദേശിച്ചതില്‍ നിന്ന് അദ്ദേഹം എന്താണ് അര്‍ത്ഥമാക്കിയത്? അദ്ദേഹം കര്‍മസിദ്ധാന്തത്തെ പിന്തുണയ്ക്കുന്നുണ്ടോ? ഷോഡശസംസ്‌കാര കര്‍മങ്ങളെ അംഗീകരിക്കുന്നുണ്ടോ? സ്മൃതികളെ പൂര്‍ണമായി നിഷേധിക്കുന്നുണ്ടോ? വര്‍ണത്തേയും ജാതിയെയും ഒന്നായാണോ അദ്ദേഹം കണ്ടത്? വൈദിക യജ്ഞങ്ങളെയും പൂര്‍വ്വമീമാംസയെയും എതിര്‍ത്തിരുന്നോ തുടങ്ങിയ എല്ലാ സനാതന വിരുദ്ധ സംശയങ്ങള്‍ക്കും 296 സംസ്‌കൃത ശ്ലോകങ്ങളിലൂടെ ഗുരുദേവന്‍ തന്നെ കൃത്യമായ മറുപടി നല്‍കുന്ന ആ ഗ്രന്ഥം വായിച്ചാല്‍ തന്നെ ഇന്ന് കമ്മ്യൂണിസ്റ്റുകാര്‍ ഉയര്‍ത്തുന്ന സകല ആരോപണങ്ങളും അവിടെ ഭസ്മമാകും.
മേല്‍പ്പറഞ്ഞ ഗുരുദേവകൃതിയുടെ പ്രതിപാദ്യവിഷയങ്ങള്‍ ചുരുക്കിപ്പറയാം. ഒന്നാം സര്‍ഗ്ഗത്തില്‍, സ്ഥലവര്‍ണനം, ശിവഗിരിവര്‍ണനം, ആചാര്യ സമര്‍ത്ഥനം. രണ്ടാം സര്‍ഗ്ഗത്തില്‍ ധര്‍മ്മാധര്‍മ്മ വിവേചനം, ജാതിമത ദൈവവിചാരം, ജാതി, ഏകദൈവവിചാരം. മൂന്നാം സര്‍ഗ്ഗത്തില്‍, സാമാന്യ ധര്‍മ്മം, ശുദ്ധിപഞ്ചകം. നാലില്‍, സൂതകം, ബാലോപചരണം, വിദ്യാരംഭം. അഞ്ച്, ആശ്രമധര്‍മ്മം. ആറില്‍, ബ്രഹ്മചര്യം. ഏഴില്‍, ഗാര്‍ഹസ്ഥ്യധര്‍മ്മം. എട്ടാം സര്‍ഗ്ഗത്തില്‍ പഞ്ചമഹായജ്ഞം. ഒന്‍പതില്‍, അപരക്രിയ. പത്താം സര്‍ഗത്തില്‍, സന്യാസം! വിസ്തൃതമായ ഘടനയുള്ള ആ മഹാഗ്രന്ഥത്തിന്റെ വിശദവിവരങ്ങള്‍ ഒരു ലേഖനത്തിലേക്ക് ചുരുക്കാന്‍ സാദ്ധ്യമല്ലാത്തത് കൊണ്ട് മാത്രം അതിലേക്ക് മുതിരുന്നില്ല. എങ്കിലും അതിലെ ഒരു ഭാഗം പറയാതിരിക്കാന്‍ വയ്യ.
പിണറായി വിജയന്‍ പറഞ്ഞത് പ്രകാരം ആണെങ്കില്‍ ഗുരുദേവന്‍ വര്‍ണ്ണ വ്യവസ്ഥയ്ക്ക് എതിരായിരുന്നു. പക്ഷേ അവിടെയാണ് മുഖ്യമന്ത്രിയ്ക്ക് പ്രസംഗം എഴുതിക്കൊടുത്ത പണ്ഡിതന് പിഴച്ചത്. ഗുരുദേവന് ജാതിവ്യവസ്ഥയോട് ആയിരുന്നു എതിര്‍പ്പ്. വര്‍ണ്ണ്യ വ്യവസ്ഥയോടല്ല.
നിരുക്തപ്രകാരം, ബ്രാഹ്മണാദി വര്‍ണങ്ങള്‍ക്ക് ജാതി എന്നര്‍ത്ഥമില്ലെന്ന് അദ്ദേഹം തന്റെ ഗ്രന്ഥത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. മനുഷ്യന്‍ ഒരു ജാതി, അവന്റെ ജാതി മനുഷ്യത്വം എന്നാണ് ഗുരു പറഞ്ഞു വയ്ക്കുന്നത്. ദയാനന്ദ സരസ്വതി അടക്കമുള്ള ഋഷി ശ്രേഷ്ഠര്‍ ജാതി വേദ വിരുദ്ധമാണെന്ന് ശക്തിയുക്തം വാദിക്കുകയും വേദപ്രമാണങ്ങളുദ്ധരിച്ച് അതിനെ പാടെ തിരസ്‌കരിക്കുകയും ചെയ്തിട്ടുള്ളതാണല്ലോ. അപ്രകാരം, ഗുരുദേവന്‍ തന്റെ തനതായ ശൈലിയില്‍ യുക്തികൊണ്ടും ശ്രുതിപ്രമാണങ്ങള്‍ കൊണ്ടും ജാതിഭേദങ്ങളെ പൂര്‍ണമായും നിഷേധിക്കുന്നുണ്ട്.
മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ ഗോത്വം ഗവാം യഥാ
നൈവ സാ ബ്രാഹ്മണത്വാദിര്‍
യൗഗികത്വാദ്വിമൃശ്യതാം (35)
അര്‍ത്ഥം: പശുക്കള്‍ക്ക് ‘ഗോത്വം’ എപ്രകാരം ജാതിയാകുന്നുവോ അപ്രകാരമാണ് മനുഷ്യര്‍ക്ക് ‘മനുഷ്യത്വം’. യൗഗികാര്‍ത്ഥപ്രകാരം, ബ്രാഹ്മണാദി വര്‍ണ്ണങ്ങള്‍ ജാതിയല്ല എന്ന് ചിന്തിച്ചാലും.
ഇപ്രകാരം പറഞ്ഞുവച്ച ഗുരുദേവനെ, അദ്ദേഹം ബ്രാഹ്മണ വര്‍ണ്ണ്യത്തിന് എതിരായിരുന്നു എന്ന് സ്ഥാപിച്ചെടുക്കുകയും, ബ്രാഹ്മണര്‍ക്ക് അദ്ദേഹത്തോട് വിരോധമുണ്ടാക്കിത്തീര്‍ക്കുകയും, ജാതിയുടെ പേരില്‍ ഹിന്ദുക്കള്‍ തമ്മിലുള്ള അകലം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്ന ത്രിവിധമായ ദുഷ്പ്രവൃത്തിയാണ് കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി ഇടതുപക്ഷം ചെയ്തു വരുന്നത്.
ഏതുവിധേനയും ഹിന്ദു ഐക്യം ഉണ്ടാകുന്നത് തടയാനും, കാലാകാലങ്ങളായി രൂപപ്പെട്ടു വരുന്ന ഐക്യത്തെ ഇല്ലാതാക്കിത്തീര്‍ക്കാനുമാണ് അവര്‍ ഗുരുദേവനെ ഇങ്ങനെ ഇടയ്ക്കിടെ കരുവാക്കുന്നത്. ചാതുര്‍വര്‍ണ്ണ്യം ഏതെങ്കിലും തരത്തില്‍ ജാതിസമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ബോധ്യപ്പെട്ടാല്‍ വേദമെന്നല്ല, സനാതനധര്‍മം പോലും ഗുരുദേവന്‍ ഉപേക്ഷിക്കുമായിരുന്നു എന്നത് അദ്ദേഹത്തെപ്പറ്റി പഠിച്ചവര്‍ക്ക് ബോദ്ധ്യമുണ്ടായിരിക്കും.
സിമന്റ് നാണുവെന്ന് വിളിച്ച് ഗുരുദേവനെ അതിനികൃഷ്ടമാംവിധം അവഹേളിച്ച കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ ഗുരുദേവ ഭജന പാടുന്നതിന്റെ ഉദ്ദേശ്യം മറ്റൊന്നാണ്. വെറും രാഷ്ട്രീയമാണത്. ഈഴവ സമുദായം സംഘപരിവാറിനോട് അടുക്കുന്നതിലുള്ള അവരുടെ ആശങ്കയാണ് ഇടയ്ക്കിടെ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍. ഈഴവ സമുദായത്തോട് നിങ്ങള്‍ ഹിന്ദുക്കളല്ല എന്ന് പറയാതെ പറയുകയാണ് ഇടതുപക്ഷം. മുഖ്യമന്ത്രിയുടെ ശിവഗിരി പ്രസംഗം ഉപയോഗപ്പെടുത്തിക്കൊണ്ട്, കേരളത്തിലെ ഹിന്ദു ജനവിഭാഗത്തിലെ രണ്ട് പ്രബല സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയുണ്ടാക്കാനും ഇതിനിടയില്‍ അവര്‍ ശ്രമിക്കുന്നുമുണ്ട്.
വാല്‍ക്കഷ്ണം : ‘മദ്യം നിര്‍മ്മിക്കരുത്, വില്‍ക്കരുത്, കുടിക്കരുത്’ എന്ന ഗുരുദേവചനം കൃത്യമായി പിന്തുടരുന്ന വ്യക്തിയാണ് പിണറായി വിജയന്‍ എന്നതാണ് ഏക ആശ്വാസം. കേരളത്തിലെ മദ്യപാനികള്‍ നാല് മാസം മദ്യപാനം നിര്‍ത്തിയാല്‍ തകരാവുന്ന സാമ്പത്തിക സ്ഥിതിയേ കേരളത്തിനുള്ളൂ എന്നത് ആര്‍ക്കും അറിയാത്ത രഹസ്യമാണല്ലോ. മദ്യത്താല്‍ പടുത്തുയര്‍ത്തിയ സാമ്രാജ്യങ്ങളിലെ കിരീടം വയ്ക്കാത്ത പല രാജാക്കന്മാരും ആവശ്യത്തിനും അനാവശ്യത്തിനും ഗുരുദേവനാമം എടുത്തു പ്രയോഗിക്കുന്നത് കാണുമ്പോള്‍ മുഴുവന്‍ ഹിന്ദു ജനതയ്ക്കും മനോവേദന ഉണ്ടാകുന്നുണ്ട്.
പഠനത്തിനു ആശ്രയിച്ച ഗ്രന്ഥങ്ങള്‍ക്ക് കടപ്പാട്: ശ്രേയസ് & ഭാവവൃത്തം