ഭാരതത്തിന്റെ ഭരണഘടനയില്‍ അധികമാരും ശ്രദ്ധിക്കാത്ത ഒരു വകുപ്പുണ്ട്. ആര്‍ട്ടിക്കിള്‍ 394. ഭരണഘടനയുടെ അവസാന വകുപ്പുകളിലൊന്ന്. 1950 ജനുവരി 26 നു നമ്മുടെ ഭരണഘടന പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ്, 1949 നവംബര്‍ 26 നു പ്രാബല്യത്തില്‍ വന്ന 16 വകുപ്പുകള്‍ ഏതൊക്കെയാണെന്ന് പരാമര്‍ശിച്ചിരിക്കുന്നത് ഈ വകുപ്പിലാണ്. ഇതു പ്രകാരം നിര്‍ണ്ണയിക്കപ്പെട്ട പതിനാറില്‍ നാലു വകുപ്പുകള്‍ ഇപ്പോഴില്ല (379,380,388,391). രണ്ടു വകുപ്പുകള്‍ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞയും പ്രത്യേക അധികാരവും സൂചിപ്പിക്കുന്നതാണ് (60,392). പിന്നെ മൂന്നു വകുപ്പുകള്‍ ഭരണഘടനയുടെ പേരും (393) പ്രയോഗങ്ങളുടെ നിര്‍വചനവും വിശദീകരണവും (366,367) നല്‍കുമ്പോള്‍ ഒരു വകുപ്പ് ഇതിനെയെല്ലാം അധികാരപ്പെടുത്തുന്ന 394 തന്നെയാണ്. എന്നാല്‍ ശ്രദ്ധിക്കേണ്ട വസ്തുത, ശേഷിക്കുന്ന അഞ്ചു വകുപ്പുകളും സ്വതന്ത്രഭാരതത്തിലെ പൗരന്മാരെ സംബന്ധിക്കുന്നവയാണ്. ഭരണഘടന നിലവില്‍ വരുന്നതിലും മുമ്പ് തന്നെ, അതിന്റെ ശില്‍പ്പികള്‍ പ്രാബല്യം നല്‍കിയ സങ്കല്‍പ്പമാണ് പൗരത്വം, എന്നു ചുരുക്കം. അത്ര കണ്ടു പ്രാധാന്യമര്‍ഹിക്കുന്ന ഈ വിഷയം നമ്മുടെ ഭരണഘടനാശില്‍പികള്‍ എത്ര കരുതലോടെയാണ് കൈകാര്യം ചെയ്തതെന്നു കാണുമ്പോള്‍ പൗരത്വവും പൗരാവകാശവും തമ്മിലുള്ള നേര്‍ത്ത വിടവ് എളുപ്പം ദൃശ്യമാവും. ഭാരതത്തെയും ഭരണത്തെയും ഭരണഘടനയേയും നില നിര്‍ത്തുന്നതില്‍ ഈ വകുപ്പുകളുടെ പ്രാധാന്യം മനസ്സിലാക്കി കഴിഞ്ഞാല്‍ , രാഷ്ട്ര താത്പര്യത്തിനു വില കല്‍പ്പിക്കുന്ന ഏതൊരു പൗരനും മോദി സര്‍ക്കാര്‍ ഈ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിയുടെ ഗുണവശങ്ങള്‍ എളുപ്പം മനസ്സിലാവും.
പൗരത്വ സംബന്ധിയായ വകുപ്പുകള്‍
വകുപ്പ് 5 ല്‍ ജന്മം കൊണ്ടും താമസം കൊണ്ടും ഈ രാഷ്ട്രാതിര്‍ത്തിയില്‍ സ്വാതന്ത്ര്യ ലബ്ധിക്കാലത്ത് താമസിച്ചിരുന്ന സ്വാഭാവിക പൗരന്മാരെ നിര്‍വ്വചിക്കുന്നു. വകുപ്പ് 6, 7 എന്നിവ വിഭജനസമയത്ത് പാകിസ്ഥാനില്‍ നിന്നും വന്നവരുടെയും പാകിസ്ഥാനിലേക്ക് പോയി, തിരിച്ചു വന്നവരുടെയും പൗരത്വത്തെ നിര്‍വ്വചിക്കുന്നു. വകുപ്പ് 8 അക്കാലത്തു വിദേശത്ത് താമസിച്ചിരുന്ന അംഗീകൃത ഭാരതീയരുടെ പൗരത്വത്തെ നിര്‍വ്വചിക്കുന്നു. വകുപ്പ് 9 ഇരട്ട പൗരത്വത്തെ നിഷേധിക്കുകയും ചെയ്യുന്നു. വകുപ്പ് 10 പ്രകാരം മേല്‍പ്പറഞ്ഞവരുടെ പൗരത്വം ഇടതടവില്ലാതെ തുടരുമെന്നും പറയുന്നു.
അതായത് ഭാരതം റിപ്പബ്ലിക് ആവുന്നതിനു മുമ്പുള്ള പൗരന്മാരുടെ കാര്യത്തില്‍ മാത്രമാണ് ഭരണഘടനയില്‍ നിയമങ്ങള്‍ ഉള്ളത് (റിപ്പബ്ലിക് ആവുന്ന തിയ്യതിയില്‍ ആണ് ഈ പൗരത്വം ആരംഭിച്ചതെന്ന പൊതു നിഗമനം തെറ്റാണ്. ഭരണഘടന നല്‍കിയ പൗരത്വം ആരംഭിക്കുന്നത് 1949 നവംബര്‍ 26 നാണ്). അതിന് ശേഷം ഇവിടുത്തെ പൗരന്മാരെ നിര്‍ണ്ണയിക്കാനുള്ള പൂര്‍ണ്ണ അവകാശം ഭരണഘടന പാര്‍ലമെന്റിന് നല്‍കി. ”പൗരത്വാരംഭത്തിനും അപഹരണത്തിനും അതു സംബന്ധിയായ മറ്റു വിഷയങ്ങള്‍ക്കും വേണ്ടി നിയമങ്ങള്‍ ഉണ്ടാക്കാനുള്ള പാര്‍ലമെന്റിന്റെ അധികാരത്തെ തടയാന്‍ മേല്‍പ്പറഞ്ഞ വകുപ്പുകള്‍ക്കു സാധ്യമല്ല” എന്നാണു ഭരണഘടനയുടെ വകുപ്പ് 11 ല്‍ പറയുന്നത്. നമ്മുടെ ഭരണഘടനയില്‍ അങ്ങോളമിങ്ങോളം പാര്‍ലമെന്റിന്റെയും സുപ്രീംകോടതിയുടെയും രാഷ്ട്രപതിയുടെയും അധികാരപരിധികളില്‍ സഭ്യവും സ്വീകാര്യവുമായ അതിര്‍വരമ്പുകള്‍ അതിസുന്ദരമായ രീതിയില്‍ ആവിഷ്‌കരിച്ച നമ്മുടെ പൂര്‍വ്വികര്‍ പാര്‍ലമെന്റിന് എവിടെയെങ്കിലും ഒരു പരമാധികാരം നല്‍കിയിട്ടുണ്ടെങ്കില്‍ അതു ഇപ്പറഞ്ഞ വകുപ്പ് 11 ല്‍ മാത്രമാണ്. അതായത് ഭാവിയുടെ പ്രയാണത്തില്‍ ഭാരതത്തിന്റെ പൗരന്മാരാവാനുള്ള യോഗ്യതയും ബാധ്യതയും നിര്‍ണ്ണയിക്കാനുള്ള പരമാധികാരം ഇവിടുത്തെ പാര്‍ലമെന്റിനാണ്. അതുപ്രകാരം പാര്‍ലമെന്റ 1955-ല്‍ പാസാക്കിയ നിയമമാണ് പൗരത്വനിയമം. ഇപ്പോഴത്തെ പാര്‍ലമെന്റ്, ഭരണഘടന നല്‍കിയ അതേ പരമാധികാരം ഉപയോഗിച്ചുകൊണ്ട് രാജ്യതാത്പര്യം മുന്‍നിര്‍ത്തി ആ നിയമം ഭേദഗതി ചെയ്തുവെന്ന് മാത്രം. ഭരണഘടനയുടെ അന്തസ്സാര തത്വങ്ങളെ (Basic Structure Doctrines) ഹനിക്കാത്ത പക്ഷം ഈ നിയമം ഇല്ലായ്മ ചെയ്യാന്‍ സുപ്രീംകോടതിക്ക് പോലും സാധ്യമല്ല. അപ്പോള്‍ പിന്നെ മമതാ-വിജയന്മാരുടെ കാര്യം അതിലും വിദൂരം.
എന്താണ് പുതിയ ഭേദഗതി
1955 ലെ പൗരത്വ നിയമവും 1920 ലെ പാസ്‌പോര്‍ട്ട് നിയമവും 1946 ലെ വിദേശപൗര നിയമവുമാണ് ഇപ്പോള്‍ ഭേദഗതി ചെയ്യപ്പെട്ടത്. 1955 ലെ പൗരത്വ നിയമത്തിലെ നാല് ഭാഗങ്ങളാണ് ഭേദഗതിക്ക് വിധേയമായത് (വകുപ്പ് -2, വകുപ്പ്-6 , വകുപ്പ്-7, പട്ടിക-3 എന്നിവ.). നമ്മുടെ അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ പീഡിപ്പിക്കപ്പെട്ട് നിഷ്‌കാസിതരായി ഭാരതത്തിലഭയം തേടിയ അവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ഭാരതീയ പൗരത്വം നല്‍കുന്നതാണ് ഈ ഭേദഗതി. അവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ വേണ്ടി മാത്രം ഉദ്ദേശിച്ചുള്ള ഈ ഭേദഗതികള്‍ സ്വാഭാവികമായും അവരെക്കുറിച്ചു മാത്രമേ പ്രതിപാദിക്കുകയുള്ളൂ. ഇവിടുത്തെയോ ലോകത്തിലെ മറ്റേതെങ്കിലും രാഷ്ട്രത്തിലേയോ ന്യൂനപക്ഷങ്ങളെക്കുറിച്ച് ഈ നിയമത്തിനു തത്കാലം പരാമര്‍ശിക്കേണ്ട ആവശ്യമില്ല. അതുപ്രകാരം ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാര്‍സി, ബുദ്ധ, ജൈന വിഭാഗങ്ങളില്‍പ്പെട്ട ലക്ഷക്കണക്കിനു വരുന്ന ഇത്തരക്കാരുടെ നരകതുല്യമായ ജീവിതത്തിനറുതി വരുത്തി അവരെയും മുഖ്യധാരാ രാഷ്ട്രജീവിതത്തില്‍ എത്തിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. നിലവില്‍ നിയമവിരുദ്ധ കുടിയേറ്റക്കാരായി നടപടികള്‍ നേരിടുന്നവരും, നിയമപ്രകാരം പൗരത്വത്തിനു അപേക്ഷിച്ച് കാത്തു നില്‍ക്കുന്നവരുമാണ് ഇവരില്‍ ഭൂരിഭാഗം പേരും. 2014 ഡിസംബര്‍ 31 നു മുമ്പ് ഭാരതത്തില്‍ കുടിയേറിയ ഇത്തരക്കാര്‍ക്കെല്ലാം പൗരത്വവും പൗരാവകാശങ്ങളും നല്‍കാനാണ് ഈ ഭേദഗതി. ആര്‍ട്ടിക്കിള്‍ 370 പോലെയും ദേശീയ പൗരത്വ പട്ടിക പോലെയും അരനൂറ്റാണ്ടു കാലമായി രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലായ്മയൊന്നുകൊണ്ടു മാത്രം ഒരു സര്‍ക്കാരിനാലും അഭിമുഖീകരിക്കാന്‍ വയ്യാതിരുന്ന വിഷയം. വിവാദമാകുമെന്നറിഞ്ഞിട്ടും അതു വകവെക്കാതെ രാഷ്ട്രതാത്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ എന്ന നിലയ്ക്ക് മോദിസര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ് ഈ നിയമഭേദഗതിയും.
ഈ നിയമം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രമല്ല ബാധകമാവുന്നത്. മുഴുവന്‍ ഭാരതത്തിനും ഒരുപോലെ ബാധകമാണ്. അതേ സമയം തന്നെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന എല്ലാ അവകാശങ്ങളും പരിരക്ഷിച്ചു കൊണ്ടാണ് പുതിയ ഭേദഗതി. ഭരണഘടനയുടെ ആറാം പട്ടികയില്‍ പറഞ്ഞതുപ്രകാരമുള്ള അസം, മേഘാലയ, ത്രിപുര, മിസോറം സംസ്ഥാനങ്ങളിലെ പട്ടിക വര്‍ഗ്ഗ പ്രദേശങ്ങളെ ഇതു ബാധിക്കുകയില്ല. അതോടൊപ്പം തന്നെ 1873 ലെ പൂര്‍വ്വ ബംഗാള്‍ അതിര്‍ത്തി നിയമപ്രകാരമുള്ള അന്തര്‍ യാത്രാ അനുമതി (ഐ.എല്‍.പി) ആവശ്യമുള്ള അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറം എന്നീ സംസ്ഥാനങ്ങളെയും ഈ നിയമം ദോഷകരമായി ബാധിക്കില്ല. കൂടാതെ മണിപ്പൂരിനെയും ഈ പരിധിയില്‍ പെടുത്താന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുമുണ്ട്. ചുരുക്കത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിലവിലെ പൗരന്മാര്‍ക്കോ തദ്ദേശീയ വിഭാഗങ്ങള്‍ക്കൊ യാതൊരു കോട്ടവും ഉണ്ടാവാത്ത രീതിയിലാണ് ഈ നിയമ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. ഇതിനായി അവിടങ്ങളിലെ 140 സംഘടനകളുമായി 129 മണിക്കൂര്‍ നേരിട്ട് ചര്‍ച്ച നടത്തി അവര്‍ക്കും അവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും അത്തരം ഉറപ്പു നല്‍കിയതിനു ശേഷമാണ് അമിത് ഷാ ഈ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
നമ്മുടെ അയല്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ചും പാകിസ്ഥാനില്‍ നടക്കുന്ന വംശഹത്യകളെ കണ്ണും കൈയും കെട്ടി നോക്കി നില്‍ക്കുന്ന ഒരു സര്‍ക്കാരല്ല തങ്ങളുടേത് എന്നാണു അദ്ദേഹം ലോകസഭയില്‍ ഈ ബില്ലിന് ആമുഖമായി പറഞ്ഞത്. ആഭ്യന്തരവും അന്തര്‍ദേശീയവുമായ തലങ്ങളില്‍ ഭാരതത്തിന്റെ നിലയ്ക്കും വിലയ്ക്കുമനുസരിച്ച് ചില തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കുകയാണ് ഈ സര്‍ക്കാര്‍ തുടര്‍ന്നും ചെയ്യുന്നത്.
ഭേദഗതിയുടെ ഭരണഘടനാപരമായ സാധുത
പാര്‍ലമെന്റ്് നടത്തുന്ന നിയമനിര്‍മ്മാണം ഭരണഘടനയുടെ അന്തസ്സാര തത്വങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ ആ നിയമം റദ്ദു ചെയ്യാനുള്ള അധികാരം ഭരണഘടനയുടെ വകുപ്പ് 13 പ്രകാരം സുപ്രീം കോടതിയില്‍ നിക്ഷിപ്തമാണ്. ഈ ഭേദഗതിയുടെ സാധുത ചോദ്യം ചെയ്യുന്നത് ഭരണഘടനയുടെ പതിനാലാം വകുപ്പ് പ്രകാരമാണ്. എന്നാല്‍ ഈ നിയമം വകുപ്പ് 14 നെ ഒരു തരത്തിലും ലംഘിക്കുന്നില്ലെന്നാണ് ഒട്ടുമിക്ക ഭരണഘടനാ വിദഗ്ധരും അഭിപ്രായപ്പെടുന്നത്. വകുപ്പ് 14 ല്‍ നല്‍കുന്ന സമത്വം എകപക്ഷീയവും അക്ഷരാര്‍ത്ഥത്തില്‍ ഉള്ളതുമായ സമത്വമല്ല. ഇത് അടിസ്ഥാനപരമായി രണ്ടു തത്വങ്ങളില്‍ അധിഷ്ഠിതമാണ്. ഒന്ന് നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണ് എന്നതാണ്. രണ്ടാമത്തേത് എല്ലാവര്‍ക്കും സമമായ നിയമ പരിരക്ഷ എന്നതാണ്. ഇതുപ്രകാരം തുല്യ ശക്തികളെ സമമായി പരിഗണിക്കുമ്പോള്‍ തുല്യ ശക്തികള്‍ അല്ലാത്തവര്‍ക്ക് സമമായ പരിഗണന നല്‍കേണ്ടതില്ല എന്നതാണ് തത്വം. അതായത്, ഒന്നു ക്രിയാത്മകമായ സമത്വം വിളംബരം ചെയ്യുമ്പോള്‍ മറ്റൊന്ന് നിഷേധാത്മകമായ സമത്വമാണ് വിളംബരം ചെയ്യുന്നത്. അതുകൊണ്ട് ഭരണഘടനയുടെ പതിനാലാം വകുപ്പ് നിഷേധാത്മക സമത്വം എന്ന തത്വത്തെക്കൂടി പ്രതിനിധാനം ചെയ്യുന്നു. ഇതിനെ വിവേചിക്കാനും വേര്‍തിരിക്കാനും ഉള്ള അധികാരം പാര്‍ലമെന്റിനും കോടതിക്കും ഉണ്ട്. സമര്‍ത്ഥ വിവേചനം എന്നും ന്യായമായ വിവേചനം എന്നുമാണ് സുപ്രീം കോടതി ഇവയെ നിരീക്ഷിച്ചത് (Intelligible Differentia and reasonable Differentia). 1950 ലെ അന്‍വര്‍ അലി സര്‍ക്കാര്‍ കേസിലും, 1988 ലെ ആന്തുലെ കേസിലും, 1990 ലെ പാരിസോണ്‍സ് ആഗ്രോടെക് കേസിലും 2018 ലെ നവതേജ് സിംഗ് ജോഹര്‍ കേസിലും സുപ്രീം കോടതി പതിനാലാം വകുപ്പ് സംബന്ധിച്ച് വിവേചനത്തെ കൃത്യമായ ചട്ടക്കൂടില്‍ കൊണ്ടുവന്നെത്തിച്ചിട്ടുണ്ട്. ഇതു പ്രകാരം രാഷ്ട്രത്തിനു ഹാനിയുണ്ടാക്കുന്ന വിദേശവൈരികളെ കണ്ടെത്തി ആവശ്യമായ നിയമ നിര്‍മ്മാണം നടത്താനുള്ള പാര്‍ലമെന്റിന്റെ അധികാരത്തിനു തടസമാകാന്‍ പതിനാലാം വകുപ്പിന് സാധിക്കുകയില്ല. ഇതുമുഖേന 2019ലെ പൗരത്വ നിയമ ഭേദഗതി വിദേശ ന്യൂനപക്ഷങ്ങളുടെ ക്രിയാത്മകായ സമത്വം അംഗീകരിക്കുകയും വിദേശ വൈരികളുടെ (enemy aliens, Article-22) സമത്വാവകാശത്തെ നിരാകരിക്കുകയുമാണ് ചെയ്യുന്നത്.
ഭേദഗതിയുടെ രാഷ്ട്രീയ സാധുത
2014ലും 2019ലും ബിജെപിയുടെ പ്രകടന പത്രികയില്‍ വ്യക്തമായി സൂചിപ്പിച്ച വിഷയമാണ് പൗരത്വ നിയമ ഭേദഗതി. രണ്ടു തവണയും ജനസമക്ഷം അവതരിപ്പിച്ച് ജന പിന്തുണ നേടിയെടുത്ത ഒരു പാര്‍ട്ടിയുടെ നയപരിപാടിയാണിത്. ജനങ്ങള്‍ നല്ല ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാരിനു അവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റാനുള്ള ബാധ്യതയുണ്ട്. ജനാധിപത്യത്തിന്റെ കോടതിയില്‍ അഗ്‌നിപരീക്ഷ കഴിഞ്ഞ് വന്ന ഒരു സര്‍ക്കാര്‍ തന്റെ നയങ്ങള്‍ നടപ്പിലാക്കുന്നത് ജനാധിപത്യ ധ്വംസനമാകുന്നതെങ്ങനെയാണ്? 1985ല്‍ അസം ഉടമ്പടി പ്രകാരം നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ച കോണ്‍ഗ്രസ് രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്റെ ഭൂരിപക്ഷത്തെ അവമതിച്ചു കൊണ്ട് ജനാധിപത്യത്തെ കളങ്കപ്പെടുത്തുകയാണ് ചെയ്യുന്നത്. ഭാരതത്തില്‍ നിലവിലുള്ള മുസ്ലീങ്ങളുടെ പൗരത്വാവകാശത്തെ ഈ നിയമം ഒരു തരത്തിലും നിരാകരിക്കുന്നില്ല. നിയമം അനുശാസിക്കുന്ന രീതിയില്‍ വിദേശ പൗരന്മാര്‍ക്ക് പൗരത്വം നേടാവുന്നതാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മാത്രം 589 വിദേശ മുസ്ലീങ്ങള്‍ക്ക് ഇപ്രകാരം പൗരത്വം നല്‍കിയിട്ടുമുണ്ട്. അതോടൊപ്പം തന്നെ , പൗരത്വം നേടിയെടുക്കാനായി ഏതെങ്കിലും ഒരു പ്രത്യേക മതത്തിലേക്ക് , ഉദാഹരണം ഹിന്ദു, എല്ലാവരും മതം മാറണം എന്നൊന്നും ഈ നിയമം നിഷ്‌കര്‍ഷിക്കുന്നുമില്ല. പോരാത്തതിനു വകുപ്പ് 11 പ്രകാരമുള്ള പാര്‍ലമെന്റിന്റെ പരമാധികാരം നിയമരൂപേണ നിശ്ചിത ഭൂരിപക്ഷത്തില്‍ ഉപയോഗിച്ചുകൊണ്ടാണ് ഈ ഭേദഗതി. ലോകസഭയില്‍ 80 നെതിരെ 311 വോട്ടുകള്‍ നേടിയും രാജ്യസഭയില്‍ 105നെതിരെ 125 വോട്ടുകള്‍ നേടിയുമാണ് ബില്‍ പാസായത്. അതിനുശേഷം പാര്‍ലമെന്റിന്റെ അധികാരത്തെ മാനിക്കാതെ അക്രമം അഴിച്ചുവിടുകയെന്ന പദ്ധതിയാണ് പ്രതിപക്ഷം പിന്തുടര്‍ന്നത്.
കോണ്‍ഗ്രസ്-ഇടത് ഇരട്ടത്താപ്പ്
1947 നവംബര്‍ മാസം 25നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ കമ്മിറ്റി ഒരു പ്രമേയം പാസാക്കി. പാകിസ്ഥാനില്‍ നിന്നും മതപരമായ ഭീഷണികള്‍ നേരിട്ട് ഭാരതത്തില്‍ അഭയം പ്രാപിച്ചവര്‍ക്ക് ഇവിടെ പൗരത്വം അനുവദിക്കണം എന്നായിരുന്നു ആവശ്യം. 2003 ല്‍ രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവായ മന്‍മോഹന്‍ സിംഗ് ഇതേ ആവശ്യം ബംഗ്ലാദേശില്‍ നിന്നുള്ളവരെ ഉദ്ധരിച്ചുകൊണ്ട് ഉന്നയിക്കുകയുണ്ടായി. അസമിലെ കോണ്‍ഗ്രസ് ഘടകം ഇക്കാര്യത്തില്‍ ഇപ്പോഴും രണ്ടു തട്ടിലാണ്. ബ്രഹ്മപുത്ര താഴ്‌വരയിലെ കോണ്‍ഗ്രസ്സുകാര്‍ ഇതിനെ അഭയാര്‍ത്ഥികളെ എതിര്‍ക്കുമ്പോള്‍ ബറാക് താഴവരയിലെ കോണ്‍ഗ്രസ്സുകാര്‍ അഭയാര്‍ത്ഥികളുടെ പൗരത്വാവകാശത്തെ അനുകൂലിക്കുന്നു. ഈ ആശങ്കയുടെ പരിണത ഫലമെന്നോണം 2012 ഏപ്രില്‍ 20 നു കോണ്‍ഗ്രസ് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് ബംഗാളി ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മാത്രമല്ല ഗോഹട്ടി ഹൈക്കോടതിയില്‍ ഇക്കാര്യം സംബന്ധിച്ച് സത്യവാങ്മൂലം നല്‍കാനും അദ്ദേഹം മടി കാണിച്ചില്ല. ദേശീയ വിഷയങ്ങളില്‍ എന്നും കോണ്‍ഗ്രസ്സിന്റെ ബി-ടീമാകാന്‍ മാത്രം വിധിക്കപ്പെട്ട മാര്‍ക്‌സിസ്റ്റുകാരുടെ നിലപാടും വ്യത്യസ്തമല്ല. 2012 ല്‍ പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ടും ഇതേ ആവശ്യമാണ് ഉന്നയിച്ചത് (പീപ്പിള്‍ ഡെമോക്രസി ലേഖനം, 03 ജൂണ്‍ 2012).
ആഭ്യന്തര സുരക്ഷയെ അപായപ്പെടുത്തുന്നവര്‍
ഒരു വശത്ത് നിയമം ഭരണഘടനാ വിരുദ്ധമാണെന്നു പ്രചരിപ്പിക്കുമ്പോഴും നിയമം അനുശാസിക്കുന്ന വഴികളിലൂടെ സഞ്ചരികാനുള്ള ആര്‍ജ്ജവവും ക്ഷമയും അന്തസ്സും കാണിക്കാതെ അക്രമം അഴിച്ചു വിട്ടു സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് ശ്രമം നടക്കുന്നത്. തങ്ങളുടെ ആശയത്തിനും താത്പര്യത്തിനും എതിരെ വരുമ്പോള്‍ കോടതിയെപ്പോലും സംഘപരിവാര്‍ കോടതികള്‍ എന്നു വിളിക്കുന്ന തരത്തില്‍ അന്തസ്സും അഭിമാനവും നഷ്ടപ്പെട്ട രീതിയിലാണ് സര്‍ക്കാര്‍ വിരുദ്ധരുടെ ഇപ്പോഴത്തെ സ്ഥിരനിലപാടുകള്‍. സമ്മര്‍ദ്ദവും ഭയപ്പെടുത്തലും കൊണ്ട് കാര്യം സാധിക്കാമെന്ന് അവര്‍ കരുതുന്നതായി തോന്നുന്നു. എന്നാല്‍ സ്ഥിതി വ്യത്യസ്തമാണ്. ദശകങ്ങളായി ഭാരതത്തെ അലട്ടിയ കാശ്മീര്‍ പ്രശ്‌നവും അയോദ്ധ്യാപ്രശ്‌നവും നാഗാലാന്‍ഡ് പ്രശ്‌നവും പരിഹരിക്കാനും നോട്ടു നിരോധനവും ജി.എസ്.ടിയും വരെ നടപ്പിലാക്കാനും ആര്‍ജ്ജവം കാണിച്ച ഒരു സര്‍ക്കാറിനോടാണ് തങ്ങളുടെ വെല്ലുവിളി എന്നത് പ്രതിപക്ഷം മറന്നു പോയിരിക്കുന്നു. ഒരുപക്ഷെ ഇത്തരം തിരിച്ചടികളില്‍ നിന്നും ഉണ്ടായ അസ്വസ്ഥതകളും മഹാരാഷ്ട്രാ അട്ടിമറിയില്‍ നേടിയ താല്‍കാലിക ആശ്വാസവും കൂടി ചേര്‍ന്ന് ഒരഹങ്കാരമായി മാറിയതിന്റെ ലക്ഷണമായും ഈ തീ കൊളുത്തലുകളെ വിലയിരുത്താം. ഇതിനിടയില്‍ അവസരം മുതലെടുക്കുന്ന ഇസ്ലാമിക തീവ്രവാദികളും കൂടി ചേര്‍ന്ന് വിദേശികളുടെ ഒത്താശയോടെ നടത്തുന്ന ഞാണിന്മേല്‍ കളി മാത്രമാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ കാണുന്നത്.
പൗരത്വ നിയമ ഭേദഗതി ദേശീയ പൗരത്വ രജിസ്റ്റരിന്റെ മുന്നോടി തന്നെയാണ്. രണ്ടും കൈ കോര്‍ത്ത് പിടിച്ചു കൊണ്ട് ഒരേ ലക്ഷ്യത്തിനായി ആവിഷ്‌കരിച്ചതാണ്. ബി.ജെ.പി ഉണ്ടാകുന്നതിലും മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ രണ്ടു സങ്കല്‍പ്പങ്ങളും ഭാരതത്തില്‍ നിലവിലുണ്ട്. ഇന്നത്തെ പരിതസ്ഥിതിയില്‍ രാഷ്ട്രസുരക്ഷയ്ക്ക് അവ അത്യാവശ്യമെന്നു കണ്ടാല്‍ അതു രണ്ടും അങ്ങിനെ തന്നെ നടപ്പിലാക്കാനുള്ള ഭൂരിപക്ഷം ജനങ്ങളും അവകാശം ഭരണഘടനയും മോദിക്ക് നല്‍കിയിട്ടുണ്ട്. സമയമാകുമ്പോള്‍ സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ ഓരോന്നോരോന്നായി പ്രാവര്‍ത്തികമാവുക തന്നെ ചെയ്യും.