‘1969ല്‍ ഉഡുപ്പിയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ധര്‍മ്മാചാര്യന്മാര്‍ പങ്കെടുത്ത സമ്മേളനത്തില്‍ വെച്ചാണ്. ”ഹിന്ദവ: സോദരാ: സര്‍വേ” (എല്ലാ ഹിന്ദുക്കളും സഹോദരന്മാരാണ്) എന്ന പ്രഖ്യാപനം നടന്നത്. ‘അസ്പൃശ്യതയെ ഹിന്ദുധര്‍മ്മം അംഗീകരിക്കുന്നില്ല’ എന്ന പ്രഖ്യാപനവും അതേ യോഗത്തില്‍ നടന്നു. സമ്മേളനത്തില്‍ ശൈവ, വീരശൈവ, മധ്വ, വൈഷ്ണവ, ജൈന, ബൗദ്ധ എന്നിങ്ങനെ എല്ലാ ഹിന്ദു സമ്പ്രദായങ്ങളുടെയും പ്രാതിനിധ്യം ഉണ്ടായിരുന്നു. ഈ പ്രഖ്യാപനങ്ങള്‍ നടന്ന സത്രത്തില്‍ റിട്ടയേര്‍ഡ് ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ആര്‍. ഭരണയ്യയായിരുന്നു അദ്ധ്യക്ഷന്‍! സത്രത്തിന്റെ സമാപനത്തിനുശേഷം വേദിയില്‍ നിന്ന് ഇറങ്ങി വന്ന അദ്ദേഹം പരംപൂജനീയ ശ്രീ ഗുരുജിയെ ദൃഢമായി ആലിംഗനം ചെയ്ത് പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു. ”അങ്ങ് ഞങ്ങളുടെ സഹായത്തിനായി ഓടിയെത്തി. ഉദാത്തമായ ഈ കാര്യം സ്വയം ഏറ്റെടുത്ത് അങ്ങ് ഞങ്ങളോടൊപ്പം നിലകൊണ്ടത് അങ്ങയുടെ മഹത്വത്തെയാണ് കാണിക്കുന്നത്!”
ശ്രീ ഗുരുജിയുടെ ഏറ്റവും വലിയ വൈശിഷ്ട്യം അദ്ദേഹത്തിന്റെ ചിന്തക്കും വാക്കിനും പ്രവര്‍ത്തനത്തിനുമിടയില്‍ അണുവിടപോലും അന്തരം ഉണ്ടായിരുന്നില്ല എന്നതാണ്. ”മനസ്യേകം വചസ്യേകം കര്‍മണ്യേകം മഹാത്മനാം’ എന്നാണല്ലോ പ്രമാണം.
ഒരിക്കല്‍ ബീഹാറില്‍ അധഃസ്ഥിതരുടേതെന്ന് പറയപ്പെടുന്ന ഒരു ബസ്തിയില്‍ ശ്രീ ഗുരുജി സന്ദര്‍ശനം നടത്തി. ബസ്തിയിലെ ജനങ്ങള്‍ അദ്ദേഹത്തെ ഹാര്‍ദ്ദമായി സ്വീകരിച്ചു. കുശലാന്വേഷണത്തിന് ശേഷം ചായയും കഴിച്ച് അദ്ദേഹം കാറില്‍ കയറി യാത്ര തുടര്‍ന്നു. അധികസമയം കഴിയുന്നതിന് മുമ്പ്, മനംപിരട്ടല്‍ അനുഭവപ്പെട്ട ഡ്രൈവര്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി ഛര്‍ദ്ദിച്ചു. തുടര്‍ന്ന്, കാറിലുണ്ടായിരുന്ന മറ്റ് നാലുപേരും ഇതാവര്‍ത്തിച്ചു. ചായകുടിച്ചതിനെക്കുറിച്ച് പറഞ്ഞ് അവരെല്ലാം ശ്രീ ഗുരുജിയുടെ ‘ഊഴം’ കാത്തിരുന്നു. ശ്രീ ഗുരുജിക്ക് ഒരു പ്രശ്‌നവും ഉണ്ടായില്ല. ഇതിനെക്കുറിച്ച് അവര്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ”നിങ്ങളുടെയെല്ലാം ശ്രദ്ധ പതിഞ്ഞത് ആ ബസ്തിയിലെ അഴുക്കിലും വൃത്തികേടുകളിലുമാണ്. അതിനുപകരം അവരുടെ കൃത്രിമമല്ലാത്ത സ്‌നേഹം, വാത്സല്യം എന്നിവയിലാണ് നിങ്ങളുടെ ശ്രദ്ധ പതിഞ്ഞിരുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഇത് സംഭവിക്കില്ലായിരുന്നു. ഞാനാകട്ടെ, അവിടത്തെ വൃത്തികേടിനെക്കുറിച്ച് ചിന്തിച്ചതേയില്ല. മറിച്ച്, അവരുടെ കലവറയില്ലാത്ത സ്‌നേഹം, വാത്സല്യം എന്നിവയെക്കുറിച്ചു മാത്രമാണ് ചിന്തിച്ചത്. ആ അമൃതിനെ ആശ്രയിച്ചാണ് ഞാന്‍ ജീവിക്കുന്നത്! അതാണ് എനിക്ക് പോഷണം നല്‍കുന്നത്! ഇത്തരം സ്‌നേഹം അനുഭവിക്കുമ്പോള്‍ മനംപിരട്ടലും ഛര്‍ദ്ദിയും എങ്ങനെയുണ്ടാകും?