സംഘപഥത്തില്‍ പതിറ്റാണ്ടുകളായി അനുയാത്ര ചെയ്യുന്നവരുടെ കൂട്ടായ്മയായ ‘മാധവ സ്മൃതി സേവാ ട്രസ്റ്റ്’ കഴിഞ്ഞ ഡിസംബര്‍ 8 ന് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമം നിശ്ശബ്ദ സേവനത്തിന്റെ ഉണര്‍ത്തുപാട്ടായി. വാര്‍ദ്ധക്യവും അനാരോഗ്യവും മറന്നു ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്നും ആവേശപൂര്‍വ്വം എത്തിച്ചേര്‍ന്ന അറുനൂറോളം വരുന്ന പ്രൗഢ സ്വയംസേവകരും അമ്മമാരുമൊക്കെ കാലത്ത് 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ ഗതകാലസ്മൃതികളയവിറക്കി സംഗമത്തില്‍ പങ്കെടുത്തത് പുതുതലമുറയിലും സംഘദര്‍ശനത്തിന്റെ ഊര്‍ജ്ജം പകര്‍ന്നു.

ജില്ലയിലെ ആദ്യ സ്വയംസേവകരിലൊരാളും മുന്‍വിഭാഗ് സംഘചാലകനും ട്രസ്റ്റിന്റെ പ്രസിഡന്റുമായ സി. ചന്ദ്രശേഖരന്റെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച സംഗമം പ്രശസ്ത സിനിമാ സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ രാമസിംഹന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘാദ്ധ്യക്ഷന്‍ പത്മശ്രീ നാരായണ പെരുവണ്ണാന്‍ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സഭയില്‍ രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര കേരള പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ‘സംഘ ചരിത്രം കണ്ണൂരില്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ചടങ്ങില്‍ പത്മശ്രീ നാരായണ പെരുവണ്ണാനെ സി.ചന്ദ്രശേഖരന്‍ പൊന്നാടയും നടരാജ വിഗ്രഹവും നല്‍കി ആദരിച്ചു. രണ്ടാം കാലാംശത്തില്‍ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ‘ആര്‍.എസ്.എസ്. വിഷന്‍ 2025’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.


മൂന്നാം കാലാംശത്തില്‍ മുതിര്‍ന്ന പ്രചാരകന്‍ എ.സി. ഗോപിനാഥ് കുടുംബ പ്രബോധന്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

തുടര്‍ന്ന് ഭാരതീയ വിദ്യാനികേതന്‍ വിദ്യാലയങ്ങളിലെ പഠനത്തില്‍ മികവ് തെളിയിച്ച 50 ഓളം വിദ്യാര്‍ത്ഥികളെ എന്‍ഡോവ്‌മെന്റുകളും ഉപഹാരങ്ങളും നല്‍കി അനുമോദിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം നടന്ന ആദരണ സഭയില്‍ അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂര്‍ നഗരത്തില്‍ കൈക്കുഞ്ഞുങ്ങളുമായെത്തി സത്യഗ്രഹം നടത്തി ജയില്‍ വാസമനുഷ്ഠിച്ച അമ്മമാരെ ട്രസ്റ്റ് പ്രസിഡന്റ് സി. ചന്ദ്രശേഖരന്‍ ഫലകവും പൊന്നാടയും ഉപഹാരങ്ങളും നല്‍കി ആദരിച്ചു. ടി.പി.മാധവി അമ്മ, പി.ലക്ഷ്മി അമ്മ, എം.ശ്യാമള, ടി.പി. ചന്ദ്രമതി എന്നിവരാണ് ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ ആദരവ് ഏറ്റുവാങ്ങിയത്.
സമാപന സഭയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി ‘ഹിന്ദു സമൂഹം നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ചടങ്ങില്‍ കണ്ണൂര്‍ അമൃതാനന്ദമയി മഠത്തിലെ സംപൂജ്യ സ്വാമി അമൃത കൃപാനന്ദപുരി അനുഗ്രഹഭാഷണം നടത്തി.


ബംഗ്ലാദേശില്‍ ഹൈന്ദവ മതന്യൂനപക്ഷങ്ങള്‍ക്കുനേരെ നടക്കുന്ന ക്രൂരമായ അതിക്രമങ്ങള്‍ക്കെതിരെ ലോകമനഃസാക്ഷി ഉണരണം, രാജ്യത്തിന്റെ സമാധാന അന്തരീക്ഷത്തിനു ഭീഷണിയായ വഖഫ് ഭീകരതയെ ചെറുക്കണം, അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കണം എന്നിങ്ങനെ മൂന്നു പ്രമേയങ്ങള്‍ അവതരിപ്പിച്ചു
.
വിവിധ കാലാംശങ്ങളില്‍ ട്രസ്റ്റ് ഭാരവാഹികളായ എം.പി. ബാലന്‍ മാസ്റ്റര്‍, പി.സി.ദിനേശന്‍, രവീന്ദ്രനാഥ് ചേലേരി, ടി.രാജശേഖരന്‍, എ. ദാമോദരന്‍, കെ.വി. ജഗദീശന്‍, കെ. കുഞ്ഞനന്തന്‍, എന്‍.ജയറാം, കെ.ലക്ഷ്മണന്‍, സി.മാധവന്‍ മാസ്റ്റര്‍, അഡ്വ. സി.കെ. അംബികാസുതന്‍ എന്നിവരും സംസാരിച്ചു.

മാധവസ്മൃതി സേവാട്രസ്റ്റ് സാന്ത്വന സാമീപ്യം
പതിറ്റാണ്ടുകളായി സംഘപഥത്തില്‍ അനുയാത്ര ചെയ്യുന്നവരുടെ പലപ്പോഴായുള്ള അനൗപചാരികമായ ചര്‍ച്ചകളാണ് ‘മാധവസ്മൃതി സേവാട്രസ്റ്റ്’ എന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ രൂപീകരണത്തിനു നിമിത്തമായത്.
2007 ഡിസംബര്‍ 9 ന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അന്നത്തെ വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ സമാനമനസ്‌ക്കരുടെ യോഗം ചേര്‍ന്നാണ് ട്രസ്റ്റിന്റെ ഔപചാരികമായ രൂപരേഖ തയ്യാറാക്കിയത്. രാഷ്ട്രപരിവര്‍ത്തനത്തിന്റെ ശില്പിയും ദ്വിതീയ സര്‍സംഘചാലകനുമായ സ്വര്‍ഗ്ഗീയ ഗുരുജിയുടെയും കേരളത്തില്‍ ആദ്ധ്യാത്മിക രംഗത്ത് പരിവര്‍ത്തനത്തിന്റെ ശംഖനാദം മുഴക്കിയ സ്വര്‍ഗ്ഗീയ മാധവ്ജിയുടെയും ഓര്‍മ്മകള്‍ അന്വര്‍ത്ഥമാക്കുന്നതിനായി ‘മാധവസ്മൃതി സേവാട്രസ്റ്റ്’ എന്ന പേര് നല്‍കാനും തീരുമാനിച്ചു. തുടര്‍ന്ന് വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനും എല്ലാ വര്‍ഷവും പ്രൗഢസംഗമങ്ങള്‍ നടത്താനും ധാരണയായി. പ്രൗഢസംഗമങ്ങളില്‍ സംഘത്തിന്റെ കാര്യകര്‍ത്താക്കളായ എസ്. സേതുമാധവന്‍, കുമ്മനം രാജശേഖരന്‍, എ.എം.കൃഷ്ണന്‍, എ.സി. ഗോപിനാഥ്, സംപൂജ്യ ചിദാനന്ദപുരി സ്വാമികള്‍, സാധു വിനോദ്ജി തുടങ്ങിയവര്‍ വിവിധ വര്‍ഷങ്ങളില്‍ പങ്കെടുത്തു.

ട്രസ്റ്റിന്റെ വിവിധങ്ങളായ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിദ്യാനികേതന്‍ വിദ്യാലയങ്ങളിലെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ഡോവ്‌മെന്റ് നല്‍കാന്‍ തീരുമാനിച്ചു. സംഘ കുടുംബങ്ങളിലെ സ്വര്‍ഗ്ഗീയരായ വ്യക്തികളുടെ നാമധേയത്തില്‍ സമാഹരിച്ച തുക ബാങ്കുകളില്‍ നിക്ഷേപിച്ചു അതില്‍ നിന്നും ലഭ്യമാകുന്ന പലിശ ഇതിനുള്ള തുകയായി ഉപയോഗിച്ചു വരുന്നു.
അതോടൊപ്പം ജില്ലയുടെ വിവിധ മേഖലകളില്‍ യാത്ര ചെയ്ത് പ്രൗഢ സ്വയംസേവകരുടെ കുടുംബങ്ങള്‍ സന്ദര്‍ശിച്ചു അവരുമായി ഓര്‍മ്മകള്‍ പങ്കിടുകയും സാമ്പത്തികമായും ആരോഗ്യപരമായും പ്രയാസങ്ങളനുഭവിക്കുന്നവര്‍ക്ക് ചെറിയ ചെറിയ സാമ്പത്തിക സഹായങ്ങളും നല്‍കി വരുന്നു. വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ സ്വര്‍ഗ്ഗീയ ഗുരുജിയുടെ ലാമിനേറ്റ് ചെയ്ത ഒരു ഫോട്ടോയും കുടുംബങ്ങളിലെ കുട്ടികള്‍ക്കായി മധുര പലഹാര കിറ്റും ഒരു വേഷ്ടിയും യാത്രാംഗങ്ങള്‍ കരുതാറുണ്ട്. ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും ഗൃഹങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയാത്തവര്‍ക്കും മറ്റും സാധിക്കാവുന്ന സഹായങ്ങളും അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് നല്‍കി വരുന്നു. ഇതിനുള്ള സാമ്പത്തികം സുമനസ്സുകളില്‍ നിന്നും ട്രസ്റ്റ് അംഗങ്ങളില്‍ നിന്നു മാസവരിയായുമൊക്കെ സമാഹരിക്കുന്നു. ട്രസ്റ്റിനു മുന്നില്‍ പ്രാവര്‍ത്തികമാക്കാന്‍ ഇനിയുമൊരുപാട് ലക്ഷ്യങ്ങളുണ്ട്.